മെയ്മാസത്തിലെ പകലിൻ്റെ യൗവ്വനത്തിലും നാട്ടുപാത തണൽമൂടിക്കിടന്നു. അയൽപക്കക്കാർ കാവിൻ്റെ കയ്യേറിയതെന്നു പറഞ്ഞുപോരുന്ന പറമ്പിലെ റബ്ബർമരങ്ങൾക്കും സർപ്പകാവിനുമിടയിൽ, കരിയില പുതഞ്ഞ നാട്ടുപാത പുഴയിലേക്കു നീണ്ടുകിടന്നു.
പരസ്പരം ഒന്നായിരുന്നവർ വീണ്ടുമൊന്നിക്കാൻ ശ്രമിക്കുന്നതുപോലെ കാവിലെ കാട്ടുമരങ്ങളിൽ നിന്ന് വള്ളിപ്പടർപ്പുകൾ മൺപാതക്കു മുകളിലൂടെ റബ്ബർമരത്തിൻ്റെ ശിഖരങ്ങളിലേക്കു നീളുവാൻ ശ്രമിച്ചുകൊണ്ടേയിരുന്നു.
കാറ്റ് വീശിയപ്പോൾ തവിട്ടുനിറമുള്ള മണ്ണിൽ, കാവിൽ നിന്നും പടർപ്പ് തേടി പുറത്തിറങ്ങിയ കാട്ടുചെടികൾക്കിടയിലൂടെ സൂര്യകിരണങ്ങൾ നൃത്തമാടുവാൻ വെറുതെ ശ്രമിച്ച് പിൻവലിഞ്ഞു. നാട്ടുപാതയും കാവും അതിർത്തി പങ്കിടുന്ന, പകുതിയോളം പൊളിഞ്ഞു വീണ കയ്യാലക്കല്ലുകൾക്കിടയിൽ ചെറിയ ഇഴജന്തുക്കൾ ഉണ്ടായിരിക്കണം.
കാവിനുള്ളിലെ ചെറിയ കോവിലുകൾ അടഞ്ഞുകിടന്നു. പണ്ടെപ്പോഴോ അഗ്നിക്കിരയായ മഹാക്ഷേത്രമാണിതെന്നു വല്യപ്പമ്മാർ പറഞ്ഞവൻ കേട്ടിട്ടുണ്ട്. കാവിനു താഴെ ഒഴുകുന്ന പുഴയിൽ നിന്നും കിട്ടിയ നാഗയക്ഷിവിഗ്രഹങ്ങൾ അവർ തെളിവായി കാട്ടിയതും ഓർമ്മയിലുണ്ട്.
വെള്ളിയാഴ്ചകളിലും സംക്രാന്തിക്കും കാവിലെ പ്രഭാതപൂജയ്ക്ക് അക്കരെ നിന്നും ഒരു നമ്പൂരി വരും. ആ ദിവസങ്ങളിൽ കാവിലെ തൊഴൽ അവൻ മുടക്കാറില്ല. ദേവദാസ് – ആയില്ല്യം —സ്വന്തം പേരും നാളും പറഞ്ഞു ഒരു പുഷ്പാജ്ഞലിയും പതിവുണ്ട്. വിപ്ലവചിന്തകൾ മുളച്ചുതുടങ്ങിയ തലച്ചോറിന് മനസ്സിലാക്കാൻ കഴിയാത്ത എന്തോ ഒന്നിൽ അവനും വിശ്വസിച്ചിരുന്നു. വിശ്വസിപ്പിക്കപ്പെട്ടിരുന്നു എന്നു പറയണം. പതിന്നാലുകാരൻ്റെ ചിന്തകളിൽ വേരുപടർത്താൻ വിശ്വാസവും വിപ്ലവവും മത്സരിച്ചു. ബുദ്ധി ഉറയ്ക്കും മുൻപേയല്ലേ ഭൂരിഭാഗം വിശ്വാസങ്ങളും നമ്മളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നത്? ഒരിക്കൽ വേരുകളാഴ്ത്തിക്കഴിഞ്ഞാൽ പിന്നെയതിനെ പറിച്ചെറിയാൻ ആർക്കും ധൈര്യമില്ലാത്ത പോലെ; അതോ താല്പര്യമില്ലാത്തതോ?
കാവിൻ്റെയും പുഴയുടെയും ഓരോ ഭാഗവും അവന് കൈവെള്ളയിലെ രേഖകൾപോലെ പരിചിതമാണ്. അവൻ്റെ തേക്കാത്ത മൺചുവരുകളുള്ള, ഓടിട്ട , ചിതലിച്ച മരത്തൂണുകളുള്ള വീടിൻ്റെ ഇറയത്തു നിന്നാൽ കാവും കാവിനപ്പുറം ഒഴുകുന്ന പുഴയും അവ്യക്തമായി കാണാം.
പുഴ കലങ്ങിയൊഴുകുമ്പോൾ ചൂണ്ടയും ഒടക്കുവലയുമായി പുഴയുടെ ചാലുകളിൽ അവനുണ്ടാകും. വേനൽ കടുക്കുമ്പോൾ തോട്ടയുമായി മീൻ പിടിക്കാനിറങ്ങും. മീനുകൾക്ക് കൈയുണ്ടായിരുന്നെങ്കിൽ അവൻ്റെ കറുത്തു മെലിഞ്ഞ കഴുത്തിൽ രാവിലെയോ വൈകിട്ടോ പുഴയിൽ കുളിക്കാനിറങ്ങുമ്പോളവ പിടിമുറുക്കിയേനെ.
തെക്കേലെ നായരുടെ റബ്ബർതോട്ടത്തിൽ ക്രിക്കറ്റ് കളിക്കുന്നതിടയിലാണ് തോട്ട പൊട്ടിയതിൻ്റെ ശബ്ദം കേട്ടത്. ക്രിക്കറ്റ് കളി വേനലവധിക്കാലത്തു പതിവുള്ളതാണ്.കൂട്ടുകാരവനെ അർത്ഥം വച്ചു നോക്കിച്ചിരിച്ചു. അവർക്കവൻ്റെ മീൻഭ്രാന്ത് നന്നായറിയാം. ദാസത് കാര്യമാക്കിയില്ല. ഏകദേശം കാവിൻ്റെ താഴെയാണത് പൊട്ടിയതെന്നവൻ ശബ്ദത്തിൻ്റെ തോതിൽ നിന്നും മനസ്സിലാക്കിയെടുത്തു. കളി കഴിഞ്ഞ് ഒന്നു പോയി മുങ്ങിത്തപ്പണം . അത് പതിവുള്ളതാണ്. തോട്ടയിട്ടവർ മുങ്ങിത്തപ്പിയിട്ട് കാണാതെ പോയതവൻ കണ്ടെത്തും. മിക്കപ്പോഴുമതൊരു പാഴ്ശ്രമമാകാറില്ല.
ഇന്ന് വെള്ളിയാഴ്ചയായതുകൊണ്ട് ഉച്ചക്ക് ജുമാ നിസ്കരിക്കാൻ മുസ്ലിം കൂട്ടുകാർ പള്ളിയിൽ പോകാൻ കളി വേഗം നിർത്തിയത് അവനു ബോധിച്ചു. ചോറുണ്ണാൻ പോലും നിൽക്കാതെ കിട്ടിയ തോർത്തുമുണ്ടും എടുത്തു നാട്ടുപാതയിലൂടെ പുഴയിലേക്ക് പായുമ്പോൾ കാവും മണ്ണിട്ട പാതയും തണൽമൂടിക്കിടന്നു.രാവിലെ കാവിൽ നിന്നും ചാർത്തിയ ചന്ദനക്കുറി കളിയുടെ ഇടക്കെപ്പോഴോ മാഞ്ഞിരിക്കുന്നു.
ഇടിഞ്ഞുവീണു തുടങ്ങിയ പുഴയോരത്തിലൂടെ മരോട്ടിച്ചുവട്ടിലേക്കു നടക്കുമ്പോൾ കണ്ണുകൾ ഒഴുക്കു കുറഞ്ഞ ജലോപരിതലത്തിലെ ഓരോ ഇഞ്ചും അളന്നു കഴിഞ്ഞിരുന്നു. രണ്ടുമൂന്നു ചത്തുമലച്ച ഉണ്ടപ്പരലുകൾ അവൻ്റെ ഊഹത്തെ സാധൂകരിച്ചു. അതെ, ഇവിടെ തന്നെയാണ്, അവർ തോട്ട പൊട്ടിച്ചു മീൻ വാരിപ്പോയത്. നന്നായി മീൻ കിട്ടിയുണ്ടാകണം. ചെളിപുതഞ്ഞ നിലത്തെ കാൽപാദങ്ങളുടെ എണ്ണത്തിൽ നിന്നും ചവിട്ടിമെതിക്കപ്പെട്ട കുറ്റിച്ചെടികളിൽ നിന്നുമവൻ മനസ്സിലാക്കിക്കഴിഞ്ഞിരുന്നു.
കാവിമുണ്ടു മാറ്റി തോർത്തുടുത്ത് അവൻ ആദ്യം ചെയ്തത് പൊങ്ങിക്കിടന്ന ഉണ്ടപ്പരലുകളെ പെറുക്കി കരയിലേക്കെറിയുക എന്നതാണ്.
കരയോടു ചേർന്ന് പൊങ്ങിക്കിടന്ന ചെറിയ പള്ളത്തികളെയും കരിമീൻ കുഞ്ഞിനെയും പെറുക്കിയെടുത്തു.
നാളുകളായി കരയാൻ കാത്തുനിന്ന ഇടവം ഇന്നു പൊട്ടിക്കരയുമെന്നു തോന്നുന്നു. മണി രണ്ടു കഴിയുന്നതേയുള്ളൂ. ആകാശമിരുണ്ടുകയറിയത് പെട്ടെന്നാണ്. മരോട്ടിച്ചുവടിൻ്റെ സ്വതവേയുള്ള ഇരുട്ടിലേക്ക് ആകാശത്തിൻ്റെ ഇരുളിമ കുറച്ചുകൂടി കറുപ്പ് വാരിയെറിഞ്ഞു.
മുങ്ങി നിവരുമ്പോൾ രണ്ടു ചെറിയ കൂരൽമീൻ കയ്യിലുണ്ടായിരുന്നു. കരയിലേക്കവയെ നീട്ടിയെറിഞ്ഞ് വീണ്ടും പുഴയുടെ അടിത്തട്ടിലേക്കവൻ ഊളിയിട്ടു. തേങ്ങാക്കൊത്തുപോലെ അടിയിൽ ചിതറിക്കിടന്ന നടുവിരലോളം പോന്ന ഉളിയാൻ പരലുകളെ വേണ്ടെന്നു വച്ചു. പുഴയുടെ ആഴമേറിയ ഭാഗമാണത്. ഇരുണ്ട അന്തരീക്ഷമുള്ളതുകൊണ്ടും കൂടിയാകണം, ആരുമവിടെ തോട്ടയിടാൻ മുതിരാറില്ല.
അടിത്തട്ടിൽ ക്ഷയിച്ചു തുടങ്ങിയ മരവേരുകൾക്കിടയിലൂടെ നൂണ്ടിറങ്ങിയവൻ പരലുകളെയും കൊന്തനെയും പെറുക്കിയെടുത്തു. തോട്ടയിട്ടവന്മാർ മടുത്തു കയറിപ്പോയതാകണം;മീനുകൾ അടിയിലവിടവിടെ കിടപ്പുണ്ട്.
ഒരു കൊന്തനെ കരയിലേക്കെറിയുവാൻ ഉയർന്നു പൊങ്ങുമ്പോൾ ഒരു ഇടിമിന്നലിൻ്റെ വെള്ളിവെളിച്ചം അവനെ കടന്നുപോയി.
ചെളി പുതഞ്ഞ വേരുകൾക്കിടയിലൂടെ ശ്വാസം പിടിച്ചവൻ വീണ്ടും ഊളിയിട്ടു. കരണം വേദനയെടുത്തു തുടങ്ങിയിരിക്കുന്നു. അതങ്ങനെയാണ്, പുഴയുടെ ആഴത്തിലേക്കു പോകുന്തോറും കരണം തുള്ളിത്തുടങ്ങും.
വെളുത്ത വലിയ മീനെപ്പോലെ തോന്നിച്ച വസ്തുവിനെ കടന്നുപോകുമ്പോൾ, അത് മീനല്ലെന്നു ഉറപ്പുണ്ടായിരുന്നിട്ടും, അവൻ്റെ കൈ അതിനെ ഒന്നുയർത്തി നോക്കാതിരുന്നില്ല. തലച്ചോറിലേക്ക് അതൊരു അസ്ഥികൂടമാണെന്ന ചിന്തയെത്തിയപ്പോൾ അവനൊന്നു വിറച്ചു. മുങ്ങിനിൽക്കാൻ ശ്വാസമുണ്ടായിരുന്നിട്ടും ഉയർന്നു പൊങ്ങുവാൻ കൊതിച്ചു. അവൻ്റെ തള്ളിയ കണ്ണുകൾക്കപ്പുറം, തിളങ്ങുന്ന സ്വർണനിറമുള്ള തലക്കെട്ടോടു കൂടിയ ശിലാരൂപത്തെ, അസ്ഥികൂടത്തിൻ്റെ നീളൻ കൈകൾ പുണർന്നിരുന്നതായി തോന്നി.മുൻപൊരിക്കലുമില്ലാത്ത വിധം അവൻ്റെ കാലുകൾക്ക് ഭാരം വച്ചു.
കിതച്ചുകൊണ്ട് പുഴക്കരയിലേക്ക് നൂണ്ടുകയറുമ്പോഴും ദാസിൻ്റെ കണ്ണുകൾ മിഴിച്ചു നിന്നു. ഒരു മിന്നൽ അവനെ കടന്ന് മരോട്ടിയുടെ ഇരുണ്ടുമൂടിയ വേരുകൾക്കടിയിലേക്ക് വരെ എത്തിനോക്കിയിട്ടു പോയി. വെളിച്ചത്തിനു പിന്നാലെ മുഴക്കവും മഴയും ഒരുമിച്ചു വന്നു.
മീനുകളെയും ഉപേക്ഷിച്ചു മുണ്ടും കൈയിലെടുത്ത് തോർത്തു മാത്രമുടുത്ത് കാവിൻ്റെ ഓരത്തൂടെയുള്ള മൺപാതയിലൂടെ ഓടുമ്പോഴും അവൻ്റെ നെഞ്ചിടിപ്പ് ക്രമാതീതമായി ഉയർന്നുതന്നെ നിന്നു.
തിരിമുറിയാതെ കരയുന്ന ഇടവപ്പാതിയിലേക്കു കണ്ണുനട്ടിരിക്കുമ്പോഴും ദാസിൻ്റെ ചിന്തകൾ കണ്ടതെന്താണെന്നു സ്ഥിരീകരിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. അതൊരു ശിലാരൂപമായിരിക്കുമെന്നും സ്വർണനിറമുള്ള വസ്തു തോന്നലാകുമെന്നുമവൻ വിശ്വസിക്കാൻ വൃഥാ ശ്രമിച്ചു. പക്ഷേ, താൻ എടുത്തുയർത്തിയത് ഒരു മനുഷ്യജീവിതത്തിൻ്റെ ബാക്കിപത്രമാണെന്നതിൽ അവന് സംശയമേതുമുണ്ടായില്ല. എന്തിനായിരിക്കും അവ കെട്ടിപ്പുണർന്ന് കിടന്നത്? അതൊരു വിഗ്രഹമായിരുന്നോ? സ്വർണവർണ്ണമാർന്നു കണ്ടത് കിരീടമായിരുന്നോ? എല്ലാമൊരു തോന്നലായിരുന്നോ? ഇനി ആരെങ്കിലും വിഗ്രഹം എടുക്കാൻ ശ്രമിച്ചു തിരിച്ചു കയറാൻ പറ്റാതെ മരിച്ചതാണോ?
ദാസിനതിനെക്കുറിച്ചൊന്നു സംസാരിക്കാൻ തോന്നിയത് അച്ഛയോടു മാത്രമാണ്. അമ്മച്ചിയോടു പറഞ്ഞാൽ വെള്ളിയാഴ്ച ഉച്ചക്ക് പുഴയിൽ മുങ്ങാൻ പോയതിന് പള്ളു പറയും.കാവിലെ പ്രധാന കോവിലിലെ വിഗ്രഹം വാങ്ങി നൽകിയതും പുതുക്കി പണിയാൻ മുന്നിട്ടു നിന്നതും അച്ഛയാണെന്ന് പറഞ്ഞതവനോർമ്മയുണ്ട്. അച്ഛയെന്തെങ്കിലും പറയാതിരിക്കില്ല.എന്നാൽ തുള്ളിക്കൊരു കുടം പെയ്യുന്ന മഴയത്ത് നാലുകാലിൽ വന്നു കയറി ചാണകം മെഴുകിയ തറയിൽ ഉടുതുണി സ്ഥാനം തെറ്റി കിടന്ന അച്ഛനോടെന്ത് ചോദിക്കാനാണ്!
കഴിഞ്ഞ മഴക്കാലത്തോ മറ്റോ ആണ് അക്കരെയുള്ള മീൻകാരൻ്റെ ഭാര്യ പുഴയിൽ ഒഴുക്കിൽപെട്ടത്. ഇനി അവരുടേതാണോ താൻ കണ്ട അസ്ഥികൂടം? പക്ഷേയവർ പുഴയുടെ അങ്ങേ വശത്തല്ലേ വീണത് ?എന്നാലും എങ്ങനെയാണ് വിഗ്രഹത്തിൻ്റെ അടിയിലതിൻ്റെ രണ്ടു കൈയും കൊരുത്തുപോയത് ? ആർത്തലച്ചു പെയ്യുന്നമഴ അവൻ്റെ നിശബ്ദമായ ചോദ്യങ്ങൾ കേട്ടുമടുത്തിരിക്കണം.തലേന്നു വായിച്ചുതീർത്ത ലൈബ്രറിപുസ്തകത്തിൻ്റെ മുകളിൽ കരിന്തിരി കത്തുവാൻ മണ്ണെണ്ണവിളക്ക് വെമ്പൽ കൊണ്ടുനിന്നു.
അവൻ്റെ ചിന്തകൾ ചിതറിചിതറി എങ്ങോട്ടൊക്കെയോ നടന്നും കിടന്നും ഇഴഞ്ഞും മുന്നോട്ടു പോയി. ചിന്തകളുടെ അവസാനം രാവിലെ പോയൊന്നുകൂടി മുങ്ങാൻ അവനുറച്ചു. രാത്രിയുടെ മൂന്നാം യാമത്തിലെപ്പോഴോ തഴപ്പായയുടെ തണുപ്പിലവൻ ഉറക്കത്തിലേക്കു വീണു. മൺഭിത്തികൾക്കപ്പുറം ഇടവം പെയ്തു തിമർത്തു.
രാവിലെ ഉറക്കമുണരുമ്പോഴും മഴ തുടർന്നു. ഒരു മടുപ്പുമില്ലാതെ പെയ്യുന്ന മഴയെ വാതിലിൻ്റെ ചിതലരിച്ച വിടവിലൂടെയവൻ നിസംഗതയോടെ നോക്കി. ഇന്നലെ കണ്ട കാഴ്ചയുടെ പൊരുളറിയണം. അതിനുള്ള ധൈര്യം നിദ്രമാറി നിന്ന രാത്രിയിൽ ആർജിച്ചെടുത്തിരുന്നു.
കണ്ണുംതിരുമ്മി ഇറയത്തേക്കിറങ്ങുമ്പോൾ മേലേപ്പറമ്പിൽ നിന്ന് കളിക്കൂട്ടുകാരൻ നൊച്ചിയുടെ വിളി തേടിയെത്തി.
“ദാസേ, വെള്ളപ്പൊക്കം കാണാ ഇറങ്ങ്… വെള്ളം കേറ്റാന്നാ പറഞ്ഞെ…”
വിശ്വാസം വരാതെ അവനെ നോക്കുമ്പോൾ, അത് കണ്ടറിഞ്ഞിട്ടാകണം നൊച്ചി തുടർന്നു:
“കിഴക്കെങ്ങാണ്ട് കാട്ടില് ഉരുൾപൊട്ടീന്ന്… പിന്നെ ന്യൂനമർദ്ദാന്നൊക്കെ പറേണു…..പോകാ?”
ഉറക്കച്ചടവു നിവർന്ന അവൻ്റെ കണ്ണുകൾ കാവും കടന്ന് മുന്നോട്ടു പോയി. ചന്ദനനിറമുള്ള തുണിപോലെ പടർന്നുകിടന്ന കലങ്ങിയ പുഴവെള്ളത്തിലേക്ക് നോക്കി കുറച്ചുനേരം സ്തബ്ധനായി നിന്നു.
പിഞ്ഞിത്തുടങ്ങിയ ബനിയനിട്ട് നൊച്ചിയുടെ കുടക്കീഴിൽ പുഴയിലേക്ക് നടക്കുമ്പോൾ ദാസിൻ്റെ നിശ്വാസത്തിന് ചൂടും വേഗവുമുണ്ടായിരുന്നു. കരകവിഞ്ഞൊഴുകുന്ന പുഴയിൽ ചകിരിത്തൊണ്ടുകളും മരക്കഷണങ്ങളും ഒഴുകിപ്പോകുന്നത് അവൻ വെറുതേ നോക്കി നിന്നു. കുടയുണ്ടായിരുന്നിട്ടും ഇടത്തേത്തോളും തുടയും നനവറിഞ്ഞു.
വെള്ളം കുറഞ്ഞിട്ട് മുങ്ങിത്തപ്പുവാൻ , അക്ഷമനായി , കലങ്ങിയൊഴുകുന്ന പുഴയെ —തുടർന്നുള്ള പ്രഭാതങ്ങളിൽ ദേഷ്യത്തോടെയവൻ നോക്കിക്കൊണ്ടിരുന്നു.
കാവിലെ കയ്യാലകൾ പാതയിലെ കരിയിലകൾക്കു മീതേ ഇരിപ്പുറച്ചിരിക്കുന്നു. വെളിച്ചം കാണാതെ കയ്യാലകല്ലുകൾക്കപ്പുറം കാലങ്ങളോളം കിടന്ന മണ്ണിന് ചുവപ്പു കലർന്ന കറുപ്പുനിറം തോന്നിച്ചു.
വെള്ളമിറങ്ങിപ്പോയപ്പോൾ ചെളിപുതഞ്ഞ കാട്ടുചെടികളുടെ ഇലകൾ തങ്ങളുടെ പച്ചപ്പവിടെയെന്നു പരിഭവിച്ചു.
ഓരോ ദിവസവും കരയിൽ നിന്നും പുഴയിലേക്കു ഇറങ്ങിയിറങ്ങിപ്പോവുന്ന വെള്ളത്തിലേക്കു നോക്കിയവൻ കാത്തുനിന്നു മടുത്തുവെന്ന് പതം പറഞ്ഞു.
നാലാംപക്കം വെയിൽ തെളിഞ്ഞ സംക്രാന്തിനാൾ പുലർച്ചെ , താൻ കണ്ട രഹസ്യത്തെത്തേടിയെത്തിയ ദാസിനു കാണാനായത് മരോട്ടിമരത്തെയും അതിൻ്റെ ചുവട്ടിൽ നിന്നും മാറി ഉയർന്നു പൊങ്ങിയ മൺതിട്ടകളെയുമായിരുന്നു. ദിവസങ്ങൾക്കു മുൻപ് ചവിട്ടിക്കടന്നുപോയ ഇടിഞ്ഞുതുടങ്ങിയിരുന്ന പുഴഞ്ചാലുകൾ ഓർമ്മയായിരിക്കുന്നു.ആ വടവൃക്ഷത്തിൻ്റെ ഇരുപുറങ്ങളിലുമായി പുഴ പിരിയാനൊരുങ്ങിയിരിക്കുന്ന കമിതാക്കളെപ്പോലെ വഴിതെറ്റിയോടിത്തുടങ്ങിയിരിക്കുന്നു.പല നിറങ്ങളിലുള്ള പ്ലാസ്റ്റിക്ക് കഷണങ്ങളും ചെളിപുതഞ്ഞ മരക്കമ്പുകളും മരത്തിൻ്റെ ചില്ലകളെ പൊതിഞ്ഞുനിന്നു.
വഴിപിരിഞ്ഞൊഴുകിയ വെള്ളത്തിൻ്റെ വികൃതികളിൽ താൻ കണ്ട രഹസ്യം എന്നെന്നേക്കുമായി മൺമറഞ്ഞുപോയതറിഞ്ഞ് അവൻ്റെ മനസ്സൊന്നു പിടഞ്ഞു. കൈകൾ തരിച്ചു. നിരാശയോടെയും ദേഷ്യത്തോടെയും അവൻ്റെ കണ്ണുകൾ പുഴയോട് കയർത്തു. ആകാശം ഇരുണ്ടുതന്നെ കിടന്നു.
കാവിൽ നമ്പൂരി ആരതിയുഴിയുമ്പോൾ ഉയർത്തിയ മണിനാദം ദേവദാസിൻ്റെ കാതുകളെ തേടിയെത്തി, ദിവസങ്ങൾക്കു മുൻപ് ആഴത്തിലേക്കു മുങ്ങിയപ്പോൾ കരണം തുള്ളിയതുപോലെ .
അവനെ നോക്കുകുത്തിയാക്കി , ചുറ്റിലും കറങ്ങിനിൽക്കുന്ന പഞ്ചഭൂതങ്ങളോട് പ്രകൃതിയെന്തോ രഹസ്യം പറഞ്ഞുകൊണ്ടിരുന്നു.
ചന്ദനത്തിരിയുടെ നേർത്ത ഗന്ധം തന്നെ വലയം ചെയ്യുന്നതായി ദേവദാസിനു തോന്നി.
#എൻെരചന ബ്ലോഗ് മത്സരം
(കഥ പറയുന്നൊരാൾ)
വിഷ്ണു കെ.കെ

