വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ അവരെ ഒരുമിച്ച് കണ്ടാൽ ആരും അസൂയപ്പെടുമായിരുന്നു.
അവൾ ഉയർന്ന വിദ്യാഭ്യാസവും നല്ല ശമ്പളമുള്ള ജോലിയുമുള്ളവളാണ്. സമൂഹത്തിൽ ബഹുമാനിക്കപ്പെടുന്നവൾ. ഏതു വിഷയത്തെക്കുറിച്ചും സംസാരിക്കാനുള്ള അറിവും, സ്വന്തമായി തീരുമാനങ്ങളെടുക്കാനുള്ള ധൈര്യവും അവൾക്കുണ്ടായിരുന്നു. എന്നാൽ അവൻ പെരുമാറ്റത്തിൽ മാത്രമല്ല, ഹൃദയം കൊണ്ട് പോലും തികച്ചും ഒരു സാധാരണക്കാരനായിരുന്നു. വലിയ ഡിഗ്രികളോ ഉയർന്ന ശമ്പളമോ വലിയ സ്വപ്നങ്ങളോ ഒന്നും അവനുണ്ടായിരുന്നില്ല.
അവർ തമ്മിലുള്ള ഏറ്റവും വലിയ അന്തരവും അതുതന്നെയായിരുന്നു.
അവൾക്ക് ഇഷ്ടപ്പെട്ട ഭക്ഷണം ഏതാണെന്ന് അവൻ കൃത്യമായി അറിഞ്ഞിരുന്നു. അവൾക്ക് തലവേദനിച്ചാൽ, അവൾ പറയാതെ തന്നെ ആ മുഖം കണ്ട് അവൻ തിരിച്ചറിയുമായിരുന്നു. അവളുടെ മുഖമൊന്ന് വാടിയാൽ അവന്റെ മനസ്സ് അസ്വസ്ഥമാകും. അവൾ എപ്പോഴും സന്തോഷവതിയായിരിക്കാൻ മാത്രമേ അവൻ ആഗ്രഹിച്ചിട്ടുള്ളൂ.
വിവാഹത്തിന്റെ ആദ്യ മാസങ്ങളിൽ അവർക്കിടയിൽ നിറയെ സംസാരങ്ങളുണ്ടായിരുന്നു. ഒരുമിച്ച് ഭക്ഷണം കഴിക്കുമ്പോഴും, രാത്രി ഉറങ്ങാൻ കിടക്കുമ്പോഴും യാത്രകളിൽ ഉടനീളവും അവർ പരസ്പരം പറയുകയും കേൾക്കുകയും ചെയ്തുകൊണ്ടേയിരുന്നു.
എപ്പോഴോ ഒരിക്കൽ അവന്റെ തോളിൽ തലചായ്ച്ചിരുന്ന് അവൾ പതുക്കെ പറഞ്ഞു:
”എനിക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യമാണ് നീ.”
പക്ഷേ, ചില സ്നേഹങ്ങളും കരുതലുകളും കാലം കഴിയുമ്പോൾ മറ്റുള്ളവരുമായുള്ള താരതമ്യങ്ങളുടെ ചൂടിൽ ഉരുകിപ്പോകാറുണ്ട്. അവരുടെ ജീവിതത്തിലും സംഭവിച്ചത് അതുതന്നെയായിരുന്നു.
അവളുടെ ഓഫീസിലെ സുഹൃത്തുക്കൾ എപ്പോഴും തങ്ങളുടെ വലിയ ജോലിയുള്ള ഭർത്താക്കന്മാരെക്കുറിച്ചാണ് സംസാരിച്ചിരുന്നത്. വലിയ വീടുകൾ, ആഡംബര കാറുകൾ, വിദേശയാത്രകൾ… ആദ്യം ഇതൊക്കെ കേൾക്കുമ്പോൾ അവൾ വെറുതെ ചിരിച്ചു തള്ളുമായിരുന്നു. എന്നാൽ പിന്നീട്, അറിയാതെ തന്നെ അവൾ സ്വന്തം ജീവിതത്തെ അവരുമായി താരതമ്യം ചെയ്യാൻ തുടങ്ങി. അവൻ നൽകുന്ന ആത്മാർത്ഥമായ സ്നേഹത്തേക്കാൾ, അവളില്ലാത്ത, അവന് അപ്രാപ്യമായ ഭൗതികസാഹചര്യങ്ങളിലേക്ക് അവളുടെ കണ്ണ് നീണ്ടു.
ഒരു ദിവസം അവൾ അവനോട് ചോദിച്ചു:
“എന്നും ഇതേ ശമ്പളത്തിൽ ജീവിക്കാൻ പറ്റുമെന്ന് നിനക്ക് തോന്നുന്നുണ്ടോ? എന്തെങ്കിലും പ്രമോഷനോ, അല്ലെങ്കിൽ കുറച്ചുകൂടി സുരക്ഷിതമായ മറ്റൊരു ജോലിയോ നേടാൻ നീ ശ്രമിക്കുന്നുണ്ടോ?”
”ഉണ്ട്…” അവൻ വല്ലാത്തൊരു സങ്കടത്തോടെ അവളെ നോക്കി. “പക്ഷേ, എനിക്ക് കുറച്ചു സമയം കൂടി വേണം.”
”എത്ര സമയം?” അവൾ അക്ഷമയോടെ ശബ്ദമുയർത്തി. “എപ്പോഴും ഇതാണല്ലോ നിന്റെ മറുപടി!”
അവൻ ഒന്നും പറഞ്ഞില്ല. കാരണം, അവൾ പറയുന്നത് ശരിയാണെന്ന് ഒരർത്ഥത്തിൽ അവനും തോന്നിയിരുന്നു. അതിനായി അവൻ ആത്മാർത്ഥമായി പരിശ്രമിക്കുന്നുമുണ്ടായിരുന്നു.
എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ അവളുടെ ചോദ്യങ്ങൾ വെറും ചോദ്യങ്ങളല്ല, കുറ്റപ്പെടുത്തലുകളായി മാറാൻ അധികം സമയം വേണ്ടി വന്നില്ല.
”നിനക്ക് കുറച്ചുകൂടി ആഗ്രഹങ്ങളോ സ്വപ്നങ്ങളോ ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നു! മറ്റുള്ളവരുടെ മുന്നിൽ തലയുയർത്തി ജീവിക്കണമെന്ന് നിനക്കൊരു വിചാരവുമില്ലേ? എത്രപേരെ എതിർത്താണ് നമ്മൾ ഈ ജീവിതം തുടങ്ങിയതെന്ന് ഓർമ്മയുണ്ടോ? അവരുടെ പരിഹാസങ്ങൾക്കും കുറ്റപ്പെടുത്തലുകൾക്കും ഒരു മറുപടി കൊടുക്കണമെന്ന് നിനക്കൊരിക്കലും തോന്നിയിട്ടില്ലേ?”
അവളുടെ ഓരോ വാക്കുകളും അവന്റെ നെഞ്ചിൽ ആഴത്തിൽ തറയ്ക്കുന്നുണ്ടായിരുന്നു. എങ്കിലും അവൻ തിരിച്ചൊന്നും പറഞ്ഞില്ല. ജീവന് തുല്യം സ്നേഹിക്കുന്നവരുടെ ഒരു വലിയ ബലഹീനതയാണത്; സ്നേഹിക്കുന്നവർ എത്ര വേദനിപ്പിച്ചാലും അവരോട് തിരിച്ച് ദേഷ്യപ്പെടാൻ അവർക്ക് കഴിയില്ല.
ഒരു ദിവസം രാത്രി, ജോലി കഴിഞ്ഞുള്ള കഠിനമായ തളർച്ചയോടെ അവൻ വീട്ടിലെത്തി. അവൾ സോഫയിൽ ഇരിക്കുകയായിരുന്നു. ഭാവഭേദങ്ങളില്ലാത്ത അവളുടെ മുഖം കണ്ട് അവൻ അരികിലേക്ക് ചെന്നു.
”എന്താ പറ്റിയത്?”
”ഒന്നുമില്ല,” അവൾ മുഖം തിരിച്ചു.
”എന്തോ ഉണ്ട്. എന്താണെങ്കിലും എന്നോട് പറ…” അവൻ അവളുടെ കൈകളിൽ തൊടാൻ ആഞ്ഞു.
എന്നാൽ നീട്ടിയ കൈകൾ ക്രൂരമായി തട്ടിമാറ്റി അവൾ പെട്ടെന്ന് പൊട്ടിത്തെറിച്ചു:
“അതെ, ഉണ്ട്! എനിക്ക് വയ്യ… എനിക്കീ ജീവിതം മടുത്തു!”
”നീ എന്തൊക്കെയാ ഈ പറയുന്നത്? ഞാനെന്ത് പിഴച്ചു …?” നിരാശയും സങ്കടവും കൊണ്ട് അവന്റെ ഹൃദയം വിങ്ങി.
”അതുതന്നെയാണ് പ്രശ്നം! നീ ഒന്നും ചെയ്യുന്നില്ല! നിന്റെ കൂടെ ജീവിക്കുമ്പോൾ ഞാൻ എങ്ങും എത്താത്തതുപോലെയാണ് എനിക്ക് തോന്നുന്നത്. എല്ലാവരെയും വെറുപ്പിച്ചു നിന്റെ കൂടെ ഇറങ്ങി വന്നതോർക്കുമ്പോൾ ഇപ്പോൾ എനിക്ക് കുറ്റബോധം തോന്നുന്നുണ്ട്.”
ഒരു പഴയ മുറിവ് വീണ്ടും പഴുത്തു പൊട്ടിയതുപോലെ അവൻ നീറിപ്പുകഞ്ഞു. അവന്റെ സിരകളിലെ ചോര പോലും തണുത്തുറഞ്ഞുപോകുന്നതുപോലെ തോന്നി. അവൻ ചെയ്തതും ചെയ്യുന്നതുമായ ഓരോ കാര്യങ്ങളും അവൾക്ക് വേണ്ടി മാത്രമായിരുന്നു. അവൻ വെയിലിൽ ഉരുകിയതും വിയർത്തതുമെല്ലാം അവൾക്കൊരു നല്ല ജീവിതം കെട്ടിപ്പടുക്കാനായിരുന്നു. പക്ഷേ, അവൾ അതൊന്നും കണ്ടില്ല. അവളുടെ കണ്ണുകളിൽ അവൻ വെറുമൊരു പണമുണ്ടാക്കാൻ കഴിവില്ലാത്തവനായിരുന്നു. സഹപ്രവർത്തകരുടെ ഭർത്താക്കന്മാരുമായി അളന്നു തിട്ടപ്പെടുത്തിയപ്പോൾ അവന്റെ വില അവൾക്ക് തുച്ഛമായി തോന്നി.
അഹങ്കാരത്തിന്റെ മതിലുകൾ ഉയരുമ്പോൾ, അവർക്കിടയിലെ സ്നേഹം പൂർണ്ണമായും മണ്ണിലേക്ക് ആണ്ടുപോവുകയായിരുന്നു.
അന്ന് രാത്രി അവൻ ഉറങ്ങിയില്ല. ബാൽക്കണിയിലിരുന്ന് അവൻ പെയ്യുന്ന മഴയെ നോക്കിക്കണ്ടു. മഴത്തുള്ളികൾ നിലത്തേക്ക് പതിക്കുന്ന ശബ്ദം മാത്രം ആ രാത്രിയെ ഭരിച്ചു.
‘ഞാൻ ശരിക്കും ഒരു തോൽവിയാണോ? സ്നേഹമുണ്ടെങ്കിൽ മറ്റെല്ലാം പിന്നാലെ വരില്ലേ? കെട്ടിയുയർത്തിയ മണിമാളികകളിലും കാറുകളിലുമാണോ സ്നേഹത്തിന്റെ മാറ്റ് അളക്കേണ്ടത്? ഞാൻ… ഞാൻ അവൾക്ക് യോഗ്യനല്ലേ?’
ആ ചോദ്യങ്ങൾക്ക് ഉത്തരമുണ്ടായിരുന്നില്ല. അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. എങ്കിലും അവന് അവളെ ഒരുപാട് ഇഷ്ടമായിരുന്നു. തന്റെ ജീവിതത്തിലെ കരിനിഴലുകളിൽ വെളിച്ചത്തിന്റെ രശ്മികൾ വിതറിയവളാണവൾ. തളർന്നുപോയ നേരങ്ങളിലൊക്കെയും താങ്ങായി നിന്നവൾ. അവളെ നഷ്ടപ്പെടുത്താൻ അവന് കഴിയില്ലായിരുന്നു.
അടുത്ത ദിവസം മുതൽ അവൻ കൂടുതൽ അധ്വാനിക്കാൻ തുടങ്ങി. ഉറക്കമൊഴിച്ച് ജോലി ചെയ്തു. കൂടുതൽ പണം സമ്പാദിക്കാനായി അവൻ ഓരോ വഴികൾ തേടി. എല്ലാ ഉത്തരവാദിത്തങ്ങളും സ്വന്തം ചുമലിലേറ്റിയാണ് അവൻ മുന്നോട്ട് നടന്നത്. പക്ഷേ, ചിലപ്പോഴൊക്കെ എത്ര ശ്രമിച്ചാലും ചില കാര്യങ്ങൾ പാഴായിപ്പോകും. പ്രതീക്ഷകളുടെ അതിരുകൾ ഇല്ലാതിരുന്ന അവൾക്ക് അവന്റെ ഈ കഠിനശ്രമങ്ങൾ ഒന്നും ഒന്നുമായിരുന്നില്ല. അവന്റെ ആ നൊമ്പരങ്ങളെ കണക്കിലെടുക്കാതെ, അവൾ തന്റെ ഭാഗത്തെ ന്യായങ്ങൾ മാത്രം നിരത്തിക്കൊണ്ടേയിരുന്നു. സ്വന്തം തകർച്ചകളെയും നടക്കാത്ത സ്വപ്നങ്ങളെയും പറ്റി മാത്രം അവൾ വേവലാതിപ്പെട്ടു. അതിനിടയിൽ വറ്റി വരണ്ടുപോകുന്ന തങ്ങൾക്കിടയിലെ സ്നേഹത്തിന്റെ നീരുറവയെ അവരിരുവരും കണ്ടില്ല.
ഒരു വൈകുന്നേരം വീണ്ടും അവർ തമ്മിൽ വഴക്കായി. ഒരു ചെറിയ കാര്യത്തിൽ തുടങ്ങിയ തർക്കം വലിയൊരു കലഹമായി മാറി.
”എനിക്കിനി വയ്യ! നിന്നെപ്പോലെ ഒരുത്തനെ ചുമക്കേണ്ട ആവശ്യം എനിക്കില്ല. ഇതിലും ഭേദം ഞാൻ തെരുവിൽ ഭിക്ഷ യാചിച്ചു ജീവിക്കുന്നതാണ്!” രോഷത്തോടെ ശാപവാക്കുകൾ വിളിച്ചുപറഞ്ഞ് അവൾ മുറിയിൽ കയറി വാതിൽ കൊട്ടിയടച്ചു.
ആ നിമിഷം അവൻ പൂർണ്ണമായും നിശബ്ദനായി. തിരിച്ചൊന്നും പറഞ്ഞില്ല, ദേഷ്യപ്പെട്ടതുമില്ല. കുറേനേരം അവൻ ആ ഉമ്മറത്ത് അങ്ങനെതന്നെ നിന്നു. കണ്ണിൽ ഒരു കരട് പോയതുപോലെ അവന്റെ കണ്ണുകൾ പുകഞ്ഞു.
കുറച്ചു സമയം കഴിഞ്ഞ് അവൻ റൂം തുറന്ന് അവളുടെ മുന്നിൽ വന്നു നിന്നു. അവന്റെ കണ്ണുകൾ കരഞ്ഞു ചുവന്നിരുന്നു.
”ഞാൻ ഒരു കാര്യം പറയട്ടെ?”
അവൾ മറുപടിയൊന്നും നൽകാതെ ഇരുന്നു.
”നീ എന്നും പറയുന്നത് ഞാൻ നിനക്ക് പോരാ എന്നാണ്. പക്ഷേ… ഞാൻ ഒരിക്കൽപോലും നിന്നോട് പറഞ്ഞിട്ടില്ല, നിന്റെ സ്നേഹമോ നീയോ എനിക്ക് പോരാ എന്ന്.”
അവളുടെ കണ്ണുകൾ പതുക്കെ അവനിലേക്ക് ഉയർന്നു.
”നീ കാണുന്നത് ഒന്നിനും കൊള്ളാത്ത എന്നെയാണ്. അന്ന് നീ എന്നെ സ്നേഹിക്കുമ്പോൾ ഞാൻ എങ്ങനെയായിരുന്നോ, അതുപോലെ തന്നെയാണ് ഇപ്പോഴും. ഒരു ഇഞ്ച് പോലും ഞാൻ മാറിയിട്ടില്ല. ഒരിക്കലും നീ ഉദ്ദേശിച്ച നിലവാരത്തിലേക്ക് ഉയരാൻ കഴിയാത്ത ഒരു മനുഷ്യനായാണ് നീ ഇന്ന് എന്നെ കാണുന്നത്. പക്ഷേ, ഞാൻ സ്നേഹിച്ചത് നിന്നെ മാത്രമാണ്; നീ എങ്ങനെയായിരുന്നോ അങ്ങനെതന്നെ. നിന്റെ കുറവുകളെയും ഇല്ലായ്മകളെയും എല്ലാം ഒരുപോലെ അംഗീകരിച്ചാണ് ഞാൻ നിന്നെ എനിക്കൊപ്പം കൂട്ടിയത്. ഒരു നോക്കുകൊണ്ടോ വാക്കുകൊണ്ടോ നിന്നെ ഇതുവരെ വേദനിപ്പിക്കാൻ ഞാൻ ശ്രമിച്ചിട്ടില്ല. നിനക്ക് വേണ്ടത് ‘അപ്ഗ്രേഡ്’ ആയൊരു ഭർത്താവിനെയാണ്, അല്ലാതെ സ്നേഹവും കനിവുമുള്ള ഒരു മനുഷ്യനെയല്ല! ഞാൻ സ്നേഹിച്ചത് ‘നീ’ എന്ന മനുഷ്യനെയാണ്. എന്നാൽ നീ എന്നിൽ തേടുന്നത് ആഡംബരങ്ങൾ നൽകാൻ കഴിയുന്ന ഒരു ഉപകരണം മാത്രമാണ്…”
അവന്റെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു.
”ജീവിതത്തിലെ ഏറ്റവും വലിയ വേദന എന്താണെന്ന് നിനക്കറിയാമോ? നമ്മൾ ജീവന് തുല്യം സ്നേഹിക്കുന്ന ഒരാൾ നമ്മളെ ഹൃദയം കൊണ്ടല്ലാതെ, നമ്മുടെ നേട്ടങ്ങൾ കൊണ്ട് അളക്കുമ്പോഴാണ്… നമ്മളെ ഒന്നുമല്ലാത്തവനായി തള്ളിക്കളയുമ്പോഴാണ്…”
അവൾക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല.
”എനിക്ക് വലിയ വീട് തരാൻ കഴിഞ്ഞില്ലായിരിക്കാം, വലിയ കാർ വാങ്ങിത്തരാൻ കഴിഞ്ഞില്ലായിരിക്കാം. വിലകൂടിയ വസ്ത്രങ്ങളോ ആഭരണങ്ങളോ ഞാൻ നിനക്ക് തന്നിട്ടില്ല. പക്ഷേ… നിന്റെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണീർ വീണാൽ പോലും ഞാൻ ഉറങ്ങാതെ നിന്റെ കൂടെ ഇരുന്നിട്ടുണ്ട്. നിനക്ക് സുഖമില്ലാതെ കിടക്കുമ്പോൾ കൂടെ ഇരുന്ന് പരിചരിച്ചിട്ടുണ്ട്. നിനക്കൊന്നും സംഭവിക്കരുതേ എന്ന് നെഞ്ചുരുകി പ്രാർത്ഥിച്ചിട്ടുണ്ട്. നീ ചിരിക്കുമ്പോൾ ഞാൻ സന്തോഷിച്ചിട്ടുണ്ട്, നിന്റെ സങ്കടങ്ങളിൽ എന്റെ നെഞ്ച് തകർന്നിട്ടുണ്ട്.”
നിശബ്ദത തളംകെട്ടിയ ആ മുറിയിൽ ഫാനിന്റെ ശബ്ദം മാത്രമാണ് കേട്ടത്. അവൻ പതിയെ അലമാര തുറന്ന് ഒരു ബാഗെടുത്ത് അവന്റെ വസ്ത്രങ്ങളും സാധനങ്ങളും അതിലേക്ക് ഒതുക്കി വെച്ചു.
“നീ… നീ എങ്ങോട്ടാ ഈ പോകുന്നത്?”
അവൻ അവളുടെ മുഖത്തേക്ക് നോക്കി ഒരു ചെറിയ ചിരി ചിരിച്ചു.
“നിന്റെ സ്വപ്നങ്ങൾക്ക് ഞാൻ തടസ്സമാണെങ്കിൽ, ഞാൻ മാറിനിൽക്കാം. സ്നേഹം ഒരിക്കലും നിർബന്ധിച്ച് പിടിച്ച് വാങ്ങാൻ കഴിയില്ല. അതുപോലെ തന്നെയാണ് ആത്മാഭിമാനവും. ഒരാളുടെ മനസ്സിൽ നമ്മൾ ഒരു ‘ഭാരമായി’ മാറിയെന്ന് തോന്നിയാൽ, അവിടെനിന്ന് അന്തസ്സോടെ മാറിനിൽക്കുകയാണ് വേണ്ടത്. പിന്നെ ഒരു നിഴലായി പോലും നമ്മൾ അവർക്ക് ശല്യമാകരുത്.”
അവളുടെ കണ്ണുകളിൽ കണ്ണീർ നിറഞ്ഞു തുളുമ്പി.
“പോകരുത്…” അവൾ ആദ്യമായി അവനോട് യാചിച്ചു.
പക്ഷേ, അവൻ ദൃഢതയോടെ തല കുലുക്കി.
“ഞാൻ പോകുന്നത് ദേഷ്യം കൊണ്ടല്ല. എനിക്ക് നിന്നോടുള്ള സ്നേഹത്തിന്റെ അവസാന തുരുമ്പെങ്കിലും ബാക്കി വെക്കാനാണ്. എന്റെ ആത്മാഭിമാനത്തെ ബഹുമാനിക്കാനാണ്.”
വാതിൽ തുറക്കുന്നതിന് മുൻപ് അവൻ അവസാനമായി അവളെ തിരിഞ്ഞുനോക്കി പതുക്കെ പറഞ്ഞു:
”ഒരു ദിവസം നീ മനസ്സിലാക്കും… ജീവിതം മനോഹരമാക്കുന്നത് വലിയ നേട്ടങ്ങളോ, കാറോ, ബംഗ്ലാവോ, പണമോ ഒന്നുമല്ല. ഏത് വീഴ്ചയിലും കൂടെ നിൽക്കുന്ന, നമ്മളെ സ്നേഹിക്കാൻ യാതൊരു കാരണങ്ങളും തിരയാത്ത ചില മനുഷ്യരാണ്.”
അവൻ പടിയിറങ്ങി നടന്നുപോയി… പെയ്യുന്ന മഴയിലേക്ക്. ഒരിക്കലും തിരിഞ്ഞുനോക്കാതെ, വീണ്ടും വരാമെന്ന് ഒരു വാക്ക് പോലും പറയാതെ.
വർഷങ്ങൾക്ക് ശേഷം… അവൾക്ക് എല്ലാമുണ്ടായിരുന്നു. വലിയ വീട്, ആഡംബര കാർ, ഉയർന്ന പദവി, പണം, ഒരുപാട് കൂട്ടുകാർ, വലിയ വലിയ ബന്ധങ്ങൾ…
പക്ഷേ, രാത്രികളിൽ ജനലരികിൽ ഒറ്റയ്ക്കിരിക്കുമ്പോൾ അവളുടെ മനസ്സിലേക്ക് ഒരു മുഖം മാത്രം ഓടിയെത്തുമായിരുന്നു. തന്നെ ഒരിക്കലും അപമാനിക്കാത്ത, തന്നെ ഒരിക്കലും ഉപേക്ഷിക്കാത്ത, താൻ തന്നെ സ്വന്തം കൈകൊണ്ട് നഷ്ടപ്പെടുത്തിയ, പ്രണയത്തിന്റെ ആത്മാവ് നിറഞ്ഞ ആ പാവം മനുഷ്യന്റെ മുഖം!
അവൾ കണ്ണുകൾ മുറുക്കെയടച്ചു.
”അവൻ എനിക്ക് പോരാ എന്ന് ഞാൻ പറഞ്ഞു… പക്ഷേ യഥാർത്ഥത്തിൽ എന്റെ ജീവിതത്തിൽ ഒരു കുറവുമില്ലാത്ത ഒരേയൊരാൾ അവനായിരുന്നു. എന്റെ ജീവിതം ശൂന്യമായി തീർന്നത് അവൻ പടിയിറങ്ങിപ്പോയതിന് ശേഷമാണ്… വൈകിപ്പോയ ഈ വീണ്ടുവിചാരങ്ങൾക്ക് ഇനി എന്ത് വിലയാണുള്ളത്…?”
അടഞ്ഞ കൺപീലികൾക്ക് ഇടയിലൂടെ കണ്ണുനീർത്തുള്ളികൾ അവളുടെ കവിളിലൂടെ ചാലിട്ടൊഴുകിക്കൊണ്ടേയിരുന്നു.
Ajeesh Kavungal
“ചില മനുഷ്യർ നമ്മുടെ ജീവിതത്തിൽ നിന്ന് ഇറങ്ങിപ്പോകുന്നത് ദേഷ്യം കൊണ്ടല്ല. അവരുടെ സ്നേഹത്തിന് വിലയില്ലാത്തിടത്ത് നിൽക്കുന്നത് അവർക്ക് സഹിക്കാൻ കഴിയാത്തതുകൊണ്ടാണ്.”

