Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  •    🌊 ലയനം 🌊
  • “എന്നെ തിരയാൻ ഞാനെത്ര വൈകിയെന്നോ!”
  • കത്ത്
  • ഐസ്ക്രീം..
  • സാറെ.. ഇവൻ പിള്ളാരെ പിടുത്തക്കാരനാ
  • ആരതിമാർ ഇനിയും ആവർത്തിക്കപ്പെടാതിരിക്കാൻ…
  • ബ്യൂട്ടിവ്ലോഗ്ഗിങ്ങിനു പിന്നിലെ ചതികൾ…
  • ബാലന്റെ അമ്മ ടോക്സിക് അല്ല!
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, July 2
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » “എന്നെ തിരയാൻ ഞാനെത്ര വൈകിയെന്നോ!”
ആരോഗ്യം പ്രസവം ബന്ധങ്ങൾ മാനസികാരോഗ്യം വിവാഹം

“എന്നെ തിരയാൻ ഞാനെത്ര വൈകിയെന്നോ!”

By Anju RanjimaJuly 2, 2026Updated:July 2, 2026No Comments9 Mins Read13 Views
Bookmark Now
Please login to bookmark Close

No account yet? Register

“എനിക്ക് മനസിന് നല്ല സുഖമില്ല… എൻ്റെടുത്തൊന്ന് ഇരിക്കോ കിച്ചേട്ടാ…. എൻ്റെ നെറ്റിയിൽ…നെറ്റിയിലൊരുമ്മ തരോ?” മടിയോടെയാണ് ദേവി അവൻ്റെ മുഖത്ത് നോക്കി ചോദിച്ചത്.

കെഞ്ചുന്നത് പോലെയുള്ള ആ മുഖഭാവം കണ്ടിട്ടും ദയയില്ലാതെ അവൻ പറഞ്ഞു.

” നിനക്ക് എന്തിൻ്റെ സൂക്കേടാണ് ദേവി.. ഇത്രയും പ്രായമായില്ലേ.. ഒരു കുഞ്ഞിനെ പ്രസവിച്ചിട്ട് അധികമായിട്ടുമില്ല. അതിൻ്റെ കാര്യമൊന്നും നോക്കാതെ നിനക്ക് ഈ ഒരു ചിന്തയേ ഉള്ളോ.. മനസിന് സുഖമില്ലെങ്കിൽ ഭ്രാന്തിൻ്റെ ഡോക്ടറിനെ കാണണം.. എൻ്റെ മേത്തോട്ട് കേറുവല്ല വേണ്ടത്…”

ദേവി സ്തബ്ധയായി. ഇത്രയും നീചമായ വാക്കുകൾ അവൾ അവനിൽ നിന്ന് പ്രതീക്ഷിച്ചിരുന്നില്ല.

ദേവിയുടെ വിരലുകൾ പതിയെ മടിയിലേക്ക് ചുരുണ്ടു.

ഒരു നിമിഷം മുമ്പ് വരെ അവന്റെ നെഞ്ചിൽ തലചായ്ച്ച് ഒരു നിമിഷത്തെ ആശ്വാസം തേടിയിരുന്ന മനസ്സ്, ആ വാക്കുകളുടെ ഭാരം താങ്ങാനാകാതെ തകർന്നുവീണു.

അവൾ ഒന്നും പറഞ്ഞില്ല.

പക്ഷേ, കണ്ണുകൾ നിറഞ്ഞു.

വിശ്വസിച്ച ഒരാളിൽ നിന്ന് കിട്ടിയ ഏറ്റവും വലിയ അപമാനത്തിന്റെ നിശ്ശബ്ദമായ സാക്ഷ്യം മാത്രമായിരുന്നു ആ കണ്ണീർ.

“ശരിയാണ്…” വളരെ പതിഞ്ഞ ശബ്ദത്തിൽ അവൾ പറഞ്ഞു.

“എനിക്ക് ഡോക്ടറെ കാണേണ്ടി വരുമായിരിക്കും… പക്ഷേ, മനസ്സിന്റെ രോഗം തുടങ്ങിയത് ഇന്നല്ല, കിച്ചേട്ടാ… ഞാൻ സ്നേഹിച്ച മനുഷ്യൻ എനിക്ക് അന്യനായ ദിവസം മുതലാണ്.”

അവൻ മുഖം തിരിച്ചു.

അവളുടെ കണ്ണുകളിലേക്ക് നോക്കാൻ പോലും അവന് കഴിഞ്ഞില്ല.

ദേവി പതിയെ എഴുന്നേറ്റു.

“ഞാൻ ചോദിച്ചത് വലിയ വലിയ സമ്മാനങ്ങൾ ഒന്നുമല്ലായിരുന്നു… ഒരല്പം സമയം… നെറ്റിയിൽ ഒരു ഉമ്മ… നിങ്ങളുടെ ഒരു ചേർത്ത് പിടിക്കൽ.. പക്ഷേ, അത് പോലും കൊടുക്കാൻ കഴിയാത്തത്ര ദരിദ്രനാണ് നിങ്ങള് .”

ഒരു കുഞ്ഞിനെ പ്രസവിച്ചിട്ട് മൂന്ന് മാസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. അമ്മയായ ശരീരം ഇപ്പോഴും വേദനകളിൽ നിന്ന് പൂർണമായി മുക്തമായിരുന്നില്ല. രാത്രികൾ ഉറക്കമില്ലാതെ കുഞ്ഞിനൊപ്പം ഉണർന്നിരിക്കേണ്ടി വന്നതിന്റെ ക്ഷീണം കണ്ണുകൾക്ക് ചുറ്റും കറുത്ത വളയങ്ങളായി കിടന്നു. പ്രസവശേഷം മനസ്സിലുണ്ടാകുന്ന മാറ്റങ്ങളും ഏകാന്തതയും അവളെ ഉള്ളിൽ നിന്ന് പതിയെ തളർത്തിക്കൊണ്ടിരുന്നു. അമ്പത്തിയാറ് ദിവസം പോലും തികയുന്നതിന് മുമ്പ് തന്നെ കിച്ചൻ അവളെ സ്വന്തം വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്നു.

ആദ്യത്തെ പതിനഞ്ച് ദിവസം അമ്മായിയമ്മയും വീട്ടിലുള്ളവരും അവളെ നോക്കി. ഭക്ഷണം വിളമ്പിക്കൊടുത്തു. കുഞ്ഞിനെ കുറച്ച് നേരം എടുത്തുനടന്നു. അതോടെ അവരുടെ കടമ കഴിഞ്ഞതുപോലെ എല്ലാം അവസാനിച്ചു.

അതിനുശേഷം…

തിരിച്ച് ഫ്ലാറ്റിലേക്ക് പോയ ദിവസം മുതൽ ദേവി വീണ്ടും ഒറ്റയ്ക്കായി.

പ്രസവശേഷം ഒരു പെൺകുട്ടിക്ക് ഏറ്റവും കൂടുതൽ വേണ്ടത് മരുന്നുകളല്ല.. സ്നേഹത്തോടെ നെറ്റിയിൽ കൈവെച്ച് “ക്ഷീണമുണ്ടോ?” എന്ന് ചോദിക്കുന്ന ഭർത്താവിനെയാണ്.

കുഞ്ഞിനെ ഒരു മണിക്കൂറെങ്കിലും എടുത്തുവെച്ച്, “നീ കുറച്ചുനേരം ഉറങ്ങിക്കോ” എന്ന് പറയുന്ന ഒരാളെയാണ്.

പക്ഷേ, ദേവിക്ക് അങ്ങനെയൊരു ശബ്ദം കേൾക്കാൻ കഴിഞ്ഞില്ല.

സ്വന്തം അമ്മയുടെ മടിയിൽ  കിട്ടേണ്ട വാത്സല്യം… കുഞ്ഞിനെപ്പോലെ തലോടിക്കൊണ്ടുള്ള പരിഗണന… “ഭക്ഷണം കഴിച്ചോ?” എന്നൊരു ചോദ്യം…

ഒന്നും അവൾക്ക് ലഭിച്ചില്ല.

കൈകളിലൊരു കുഞ്ഞും, നെഞ്ചിനുള്ളിൽ പറയാൻ കഴിയാത്ത ഒരായിരം വേദനകളും മാത്രം.

ആ വേദനകളുടെ നടുവിൽ ഒരുദിവസം അവൾ കിച്ചേട്ടനോട് വളരെ ചെറുതായൊരു ആഗ്രഹം മാത്രമാണ് പറഞ്ഞത്.

അവൾ ചോദിച്ചത് ഒരിറ്റ് സ്നേഹമായിരുന്നു.

പക്ഷേ, മറുപടിയായി കിട്ടിയത് അവളുടെ ഹൃദയത്തെ തകർത്തുകളഞ്ഞ വാക്കുകളായിരുന്നു.

പെട്ടെന്ന് ദേവിയുടെ മുഖം വിളറി.

അടിവയറ്റിൽ ആരോ ഇരുമ്പുകമ്പി കുത്തിയിറക്കുന്നതുപോലെ ഒരു വേദന.

ഞരമ്പുകൾ വലിഞ്ഞുപൊട്ടുന്നതുപോലെ തോന്നി.

നെഞ്ചിനുള്ളിൽ ഹൃദയം നിയന്ത്രണം വിട്ട് ഇടിച്ചു. ശ്വാസം വേഗത്തിലായി. ശരീരമാകെ വിറയ്ക്കാൻ തുടങ്ങി. പ്രസവശേഷം ശരീരം പൂർണമായി പഴയ നിലയിലേക്ക് മടങ്ങിയെത്തിയിരുന്നില്ല. അതിന്റെ ക്ഷീണത്തിനൊപ്പം മാനസിക സമ്മർദ്ദവും ചേർന്നപ്പോൾ അവളുടെ അവസ്ഥ അതിവേഗം മോശമാകുകയായിരുന്നു.

അവൾ ഒരു കൈ അടിവയറ്റിൽ അമർത്തിപ്പിടിച്ചു.

മറ്റേ കൈ കട്ടിലിന്റെ വക്കിൽ മുറുകെ പിടിച്ചു.

വേദനകൊണ്ട് അവളുടെ ശരീരം ചുരുണ്ടു.

“കിച്ചേട്ടാ…” ശബ്ദം വിറച്ചിരുന്നു.

“എന്നെ… ഒന്ന് ആശുപത്രിയിൽ കൊണ്ടുപോ… വയ്യെനിക്ക്…”

 കണ്ണാടിയുടെ മുന്നിൽ നിന്ന് ഷർട്ടിന്റെ കോളർ ശരിയാക്കുകയായിരുന്നു കിച്ചൻ.

അവന്റെ ബോസിന്റെ മകളുടെ അഞ്ചാം പിറന്നാൾ ആഘോഷത്തിന് പോകാൻ ഒരുങ്ങുകയായിരുന്നു.

മേശപ്പുറത്ത് മനോഹരമായി പൊതിഞ്ഞ വലിയൊരു സമ്മാനപ്പൊതി കിടപ്പുണ്ടായിരുന്നു.

ആ ഗിഫ്റ്റ് വഴി ബോസിൻ്റെ പ്രീതിയും പ്രമോഷനും ആണവന്റെ ലക്ഷ്യം.

ദേവിയുടെ ഞരക്കശബ്ദം കേട്ടപ്പോൾ അവൻ അസഹിഷ്ണുതയോടെ തിരിഞ്ഞുനോക്കി.

“നാടകം കളിക്കല്ലേ, ദേവീ.” അവന്റെ ശബ്ദത്തിൽ ദയയുടെ ഒരു തുള്ളിപോലുമുണ്ടായിരുന്നില്ല.

“ഇപ്പോഴല്ലേ ഉമ്മയും ചോദിച്ച് ഇരുന്നത്? പെട്ടെന്ന് എങ്ങനെയാണ് ഇത്ര വയ്യാതെ വന്നത്?”

ദേവിയുടെ കണ്ണുനീർ കവിളിലൂടെ ഒഴുകി.

“കിച്ചേട്ടാ… എനിക്ക് പോസ്റ്റ്‌പാർട്ടം ഡിപ്രഷൻ ഉണ്ട്…  ഒരുപാട് കോംപ്ലിക്കേഷനുകൾ  ഉണ്ടായ ഡെലിവറി ആയിരുന്നില്ലേ എൻ്റേത്. അതിന്റെ ആഫ്റ്റർ എഫക്റ്റ്സ് ഉണ്ടാകാമെന്ന് അപ്പോഴേ ഡോക്ടർ പറഞ്ഞിരുന്നില്ലേ… അതൊക്കെ നിങ്ങളോടും വിശദമായി പറഞ്ഞതല്ലേ…”

കിച്ചൻ പുച്ഛത്തോടെ ചിരിച്ചു.

“ഡോക്ടർമാർ അങ്ങനെ പലതും പറയും. കൂടുതൽ ടെസ്റ്റും മരുന്നും എഴുതി കാശുണ്ടാക്കാനുള്ള അവരുടെ തന്ത്രങ്ങളാണ് അതൊക്കെ.” അവൻ സ്ലീവ്  നേരെയാക്കിക്കൊണ്ട് തുടർന്നു.

“വെൽ എഡ്യൂക്കേറ്റഡ് ആയ എന്നെ അങ്ങനൊക്കെ പറഞ്ഞ് പറ്റിക്കാമെന്ന് കരുതിയ അവർ തന്നെയാണ് മണ്ടന്മാർ.”

തൊട്ടിലിൽ ശാന്തമായി ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ അടുത്തേക്ക് അവൻ നടന്നു. കുനിഞ്ഞ് ആ കുഞ്ഞിന്റെ കവിളിൽ തലോടി.

ചുണ്ടിൽ ഒരു പുഞ്ചിരിയും വിരിഞ്ഞു.

“അച്ഛൻ വേഗം വരാം, മോളേ…” അവൻ പതിയെ പറഞ്ഞു.

ആ പുഞ്ചിരി ദേവിയുടെ നെഞ്ചിൽ മറ്റൊരു മുറിവായി പതിഞ്ഞു.

സ്വന്തം കുഞ്ഞിനോട് ഇത്രയും വാത്സല്യം കാണിക്കുന്ന മനുഷ്യന്…

ആ കുഞ്ഞിനെ പ്രസവിച്ച് മരണവേദന സഹിച്ച അമ്മയുടെ മുഖത്ത് നോക്കാൻ പോലും മനസ്സില്ല.

വാതിലിന്റെ പിടിയിൽ കൈവെച്ചുകൊണ്ട് അവൻ അവസാനമായി തിരിഞ്ഞുനോക്കി.

നിലത്ത് ചാരിയിരുന്ന് വേദനകൊണ്ട് വിറയ്ക്കുന്ന ദേവിയെ കണ്ടിട്ടും അവന്റെ മുഖഭാവത്തിൽ ഒരു മാറ്റവുമുണ്ടായില്ല.

“അഭിനയം കഴിഞ്ഞെങ്കിൽ കുഞ്ഞിനെ നോക്കിയിരുന്നോ.” പുച്ഛം കലർന്ന ശബ്ദമായിരുന്നു.

“ഞാൻ വരുമ്പോൾ വൈകും.” അതും പറഞ്ഞ് അവൻ വാതിൽ വലിച്ചടച്ച് പുറത്തേക്കിറങ്ങി.

വാതിലടയുന്ന ശബ്ദം വീട്ടിലാകെ മുഴങ്ങി.

അവൾ അടിവയറ്റിൽ കൈ അമർത്തിപ്പിടിച്ച് പതിയെ തറയിലേക്ക് വീണു.

വേദനകൊണ്ട് ശ്വാസം മുട്ടുകയായിരുന്നു.

അപ്പോഴാണ്…

തൊട്ടിലിൽ കിടന്ന കുഞ്ഞ് വിശന്ന് കരയാൻ തുടങ്ങിയത്.

ഒരു വശത്ത് ജീവനെടുക്കുന്ന വേദന…

മറുവശത്ത് അമ്മയുടെ അമ്മിഞ്ഞ തേടുന്ന സ്വന്തം കുഞ്ഞിന്റെ കരച്ചിൽ…

 

അവൾ ഒരു കൈ കൊണ്ട് വയർ അമർത്തിപ്പിടിച്ചു.

മറ്റേ കൈ കൊണ്ട് നിലത്ത് ഊന്നി…

പതിയെ…

തൊട്ടിലിനടുത്തേക്ക് ഇഴഞ്ഞുനീങ്ങി.

കണ്ണുകൾ ചുവന്നിരുന്നു.

അവയിൽ നിന്ന് ഒഴുകിയത് കണ്ണീരാണോ, പൊട്ടിയ രക്തക്കുഴലുകളുടെ ചുവപ്പോ എന്ന് പോലും തിരിച്ചറിയാനാകാത്ത അവസ്ഥ.

കാഴ്ച മങ്ങിക്കൊണ്ടിരുന്നു.

ചുറ്റുമുള്ളതെല്ലാം പതിയെ മഞ്ഞുമൂടുന്നതുപോലെ.

പക്ഷേ…

ശരീരത്തിലെ അവസാനത്തെ ശക്തിയും സമാഹരിച്ച് അവൾ കുഞ്ഞിനെ നെഞ്ചോട് ചേർത്തെടുത്തു.

വേദനയിൽ വിറയ്ക്കുന്ന കൈകളായിരുന്നെങ്കിലും…

ആ കൈകളിൽ കുഞ്ഞിന് ഒരു പോറൽപോലും ഏൽക്കാതിരിക്കാൻ അവൾ ശ്രദ്ധിച്ചു.

“കരയല്ലേ.. പൊന്നെ… അമ്മയുണ്ടല്ലോ…”

 

അവൾ ചുമരിൽ ചാരിയിരുന്നു.

വിശന്ന് കരയുന്ന കുഞ്ഞിനെ പതിയെ മാറോടു ചേർത്തു.

പാലൂട്ടാൻ തുടങ്ങിയ നിമിഷം തന്നെ അവളുടെ ശരീരമാകെ വീണ്ടും വേദനയുടെ ഒരു തിരമാല പാഞ്ഞുകയറി.

മുലക്കണ്ണുകളിൽ ഉണ്ടായിരുന്ന മുറിവുകൾ വീണ്ടും വലിഞ്ഞു.

ഓരോ നുണയലിലും അവിടെ നീറുന്ന വേദന.

പ്രസവത്തിന്റെ ക്ഷീണം ഇനിയും വിട്ടുമാറാത്ത ശരീരം വീണ്ടും വീണ്ടും പ്രതിഷേധിച്ചു.

എന്നിട്ടും…

അവൾ കുഞ്ഞിനെ അടർത്തിമാറ്റിയില്ല.

സ്വന്തം പ്രാണൻ പിടയുന്ന വേദനയെക്കാൾ…

വിശന്ന് കരയുന്ന തന്റെ കുഞ്ഞിന്റെ വിശപ്പിനായിരുന്നു അവൾ കൂടുതൽ വില കൊടുത്തത്.

കണ്ണുനീർ തുടർച്ചയായി കുഞ്ഞിന്റെ നെറ്റിയിലേക്ക് വീണുകൊണ്ടിരുന്നു.

 

കാഴ്ച മങ്ങിത്തുടങ്ങി. ബോധം നഷ്ടമാകുമെന്ന തോന്നലിൽ ദേവി വിറയ്ക്കുന്ന കൈകളോടെ ഫോൺ എടുത്തു.

ആദ്യം വിളിച്ചത് കിച്ചനെയായിരുന്നു.

ഒരുവട്ടമല്ല…

പലതവണ.

പക്ഷേ, അവൻ ഫോൺ എടുത്തില്ല.

“കിച്ചേട്ടാ… വയ്യ… ഒന്ന് വാ…”

“എനിക്ക് പേടിയാകുന്നു…”

എന്ന് തുടരെ സന്ദേശങ്ങളയച്ചു.

എല്ലാം Delivered.

പക്ഷേ, അവൻ ഒന്നും കണ്ടില്ല.

എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ… എന്റെ കുഞ്ഞ് തനിച്ചാകുമല്ലോ എന്ന ചിന്തയിൽ അവൾ പരിഭ്രാന്തയായി.

വിറയ്ക്കുന്ന വിരലുകൾ കൊണ്ട് അവൾ കോൺടാക്ട്സിൽ ‘അമ്മ ‘ എന്ന് സേവ് ചെയ്ത നമ്പറിലേക്ക് ഡയൽ ചെയ്തു.

 

രാത്രി ഏറെ വൈകിയാണ് കിച്ചൻ വീട്ടിലെത്തിയത്.

വീടിന്റെ മുന്നിൽ എത്തിയപ്പോൾ തന്നെ എന്തോ ഒരു  അസ്വാഭാവികത അവനെ അസ്വസ്ഥനാക്കി.

സാധാരണ ഈ സമയത്ത് കത്തിക്കിടക്കുന്ന ലൈറ്റുകളൊന്നും ഉണ്ടായിരുന്നില്ല.

വീട് മുഴുവൻ ഇരുട്ടിൽ മുങ്ങിക്കിടക്കുകയായിരുന്നു.

വിറയ്ക്കുന്ന കൈകളോടെ കിച്ചൻ വാതിൽ തുറന്ന് അകത്തേക്ക് കയറി.

“ദേവീ…!”

അവൻ ഉറക്കെ വിളിച്ചു.

മറുപടിയില്ല.

വീട് ശൂന്യമായിരുന്നു.

ദേവിയെയും കുഞ്ഞിനെയും എവിടെയും കാണാനില്ല.

പരിഭ്രാന്തിയോടെ അവൻ ഓരോ മുറിയും തുറന്ന് പരിശോധിച്ചു.

എവിടെയും ആരുമുണ്ടായിരുന്നില്ല.

അപ്പോഴാണ് അവന്റെ ഫോൺ റിങ് ചെയ്തത്.

സ്ക്രീനിൽ തെളിഞ്ഞ പേര് കണ്ടതും കിച്ചന്റെ ഹൃദയം ഒന്ന് പിടഞ്ഞു.

‘ദേവിയുടെ അച്ഛൻ.’

ഒരു നിമിഷം മടിച്ച് നിന്ന ശേഷം അവൻ കോൾ അറ്റൻഡ് ചെയ്തു.

 

“കിച്ചൻ… ഉടനെ ആർ.ആർ.എം. ഹോസ്പിറ്റലിലേക്ക് വരൂ. ദേവി ഇവിടെയുണ്ട്.”

 

ദേവിയുടെ അച്ഛന്റെ ശബ്ദം പതിവിലേതുപോലെ ആയിരുന്നില്ല.

ഗൗരവം നിറഞ്ഞ ശബ്ദം.

അതും പറഞ്ഞ് അദ്ദേഹം കോൾ അവസാനിപ്പിച്ചു.

ഒരു നിമിഷം കിച്ചൻ നിശ്ചലനായി നിന്നു.

പിന്നെ പരിഭ്രാന്തിയോടെ കാറിൽ കയറി ആശുപത്രിയിലേക്ക് പാഞ്ഞു.

ദേവിയുടെ അവസ്ഥയെക്കാൾ അവനെ ഭയപ്പെടുത്തിയത് അവളുടെ അച്ഛന്റെ ശബ്ദത്തിലുണ്ടായിരുന്ന ആ  മാറ്റമായിരുന്നു.

 

ആശുപത്രിയുടെ മുന്നിൽ കാർ നിർത്തിയതും കിച്ചൻ ഓടിക്കയറി.

എമർജൻസി വാർഡിന് മുന്നിൽ ദേവിയുടെ അച്ഛൻ നിൽപ്പുണ്ടായിരുന്നു.

 

“അച്ഛാ… ദേവി… എവിടെയാ?” വിറയാർന്ന ശബ്ദത്തിൽ കിച്ചൻ ചോദിച്ചു.

അദ്ദേഹം ഒന്നും മിണ്ടിയില്ല.

ഒരു നിമിഷം അവനെ നോക്കിനിന്ന ശേഷം ഐ.സി.യുവിന്റെ ഗ്ലാസ് വാതിലിലേക്ക് വിരൽ ചൂണ്ടി.

 

“നീ ഇന്ന് പോയതിന് ശേഷം എന്താണ് ഇവിടെ നടന്നതെന്ന് അറിയാമോ?”

കിച്ചൻ മറുപടി പറയാനാകാതെ നിന്നു.

 

“മരണവേദന സഹിച്ച് കുഞ്ഞിന് പാലൂട്ടിയ അവസ്ഥയിൽ… നിന്നെ എത്ര പ്രാവശ്യം വിളിച്ചെന്ന് അറിയാമോ? എത്ര മെസേജുകൾ അയച്ചെന്ന് അറിയാമോ?”

 

ഓരോ വാക്കും കിച്ചന്റെ നെഞ്ചിലേക്ക് കല്ലുപോലെ വീണു.

 

“അവസാനം… ബോധം പോകുന്നതിന് മുമ്പ് അവൾ എന്നെ വിളിച്ചു.” ദേവിയുടെ അച്ഛന്റെ ശബ്ദം ഒന്ന് ഇടറി.

 

“ഞങ്ങൾ എത്തിയപ്പോൾ… കുഞ്ഞിനെ നെഞ്ചോട് ചേർത്ത് നിലത്ത് കിടക്കുകയായിരുന്നു എന്റെ മകൾ…”

അദ്ദേഹം കിച്ചന്റെ കണ്ണുകളിലേക്ക് നോക്കി.

 

“നിനക്ക് ഭാര്യയെ വേണ്ടായിരുന്നേക്കാം…

പക്ഷേ, ഞങ്ങൾക്ക് ഞങ്ങളുടെ മകളെ വേണം.

നിനക്ക് പന്ത് തട്ടിക്കളിക്കാൻ ഇനി അവളെ വിട്ടു തരില്ല… നിന്റെ കുഞ്ഞിന്റെ അമ്മയെയാണ് നീ ‘അഭിനയിക്കുകയാണെന്ന്’ പറഞ്ഞ് ആക്ഷേപിച്ചത്.”

ദേവിയുടെ അച്ഛന്റെ ഓരോ വാക്കും കിച്ചന്റെ ഉള്ളിനെ കീറിമുറിച്ചു.

“ഒരൽപ്പം നേരം കൂടെ ഇരിക്കാമോ എന്ന് ചോദിച്ചതിന്…

നീ അവളെ അവഹേളിച്ചു.”

കിച്ചന്റെ കണ്ണുകൾ അറിയാതെ താഴ്ന്നു.

എല്ലാം…

ദേവി അവരോട് പറഞ്ഞിരിക്കുന്നുവെന്ന് അവന് മനസ്സിലായി.

ലജ്ജയും കുറ്റബോധവും ചേർന്ന് അവന്റെ ഉള്ളം ചുരുങ്ങി.

തല ഉയർത്തി അവരുടെ മുഖത്തേക്ക് നോക്കാനുള്ള ധൈര്യം പോലും അവനുണ്ടായിരുന്നില്ല.

 

“എനിക്ക്… അവളെയും കുഞ്ഞിനെയും കാണണം.”

കിച്ചന്റെ ശബ്ദം പതറിയിരുന്നു.

ദേവിയുടെ അച്ഛൻ അവനെ തണുത്ത കണ്ണുകളോടെ നോക്കി.

 

“കുറച്ച് കഴിഞ്ഞാൽ റൂമിലേക്ക് മാറ്റും.”

ഇപ്പോൾ ഒബ്സർവേഷനിലാണ്. കുഴപ്പമൊന്നുമില്ല… അപകടനില തരണം ചെയ്തു.”

 

അദ്ദേഹത്തിന്റെ ശബ്ദം കടുത്തു.

“സമയത്ത് ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞതുകൊണ്ടാണ്.”

ആ വാക്കുകളിൽ ആശ്വാസത്തേക്കാൾ കൂടുതൽ ദേഷ്യമായിരുന്നു.

“അല്ലായിരുന്നെങ്കിൽ… ഇന്ന് എന്റെ മകളെയും കൊച്ചുമോളെയും ഏത് അവസ്ഥയിൽ കാണേണ്ടി വന്നേനെയെന്ന് നിനക്ക് അറിയാമോ..?”

കിച്ചൻ തല താഴ്ത്തി.

 

ദേവിയെ റൂമിലേക്ക് മാറ്റിയിരുന്നു.

കൈയിൽ ഡ്രിപ്പ് കയറ്റുന്നു.

മരുന്നുകളുടെ ക്ഷീണത്തിൽ അവൾ കണ്ണുകളടച്ച് കിടക്കുകയായിരുന്നു.

അരികിലെ ബൈസ്റ്റാൻഡർ ബെഡിൽ ഇരിക്കുന്ന ദേവിയുടെ അമ്മയുടെ നെഞ്ചിൽ ചേർന്ന് കുഞ്ഞ് ശാന്തമായി ഉറങ്ങുന്നുണ്ടായിരുന്നു.

കിച്ചൻ അകത്തേക്ക് കയറിയതും അവർ അവനെ ഒന്ന് വെറുപ്പോടെ നോക്കി.

അവൻ പതിയെ ദേവിയുടെ കട്ടിലിനരികിൽ ചെന്നിരുന്നു.

അവന്റെ സാമീപ്യം അറിഞ്ഞതുപോലെ ദേവി പതുക്കെ കണ്ണുകൾ തുറന്നു.

ഒരു നിമിഷം അവനെ നോക്കി.

ആ നോട്ടത്തിൽ സ്നേഹമില്ല…

പരിഭവമില്ല…

കണ്ണീരുപോലുമില്ല.

വളരെ പതിഞ്ഞ ശബ്ദത്തിൽ അവൾ പറഞ്ഞു.

“എനിക്ക്… ഡിവോഴ്‌സ് വേണം.”

ആ നിമിഷം കിച്ചൻ ഞെട്ടിപ്പോയി.

 

“ദേവി… എന്താണ് നീയീ പറയുന്നത്?”

അവന്റെ ശബ്ദം അറിയാതെ വിറച്ചു.

അവൾ ശാന്തമായി അവനെ നോക്കി.

“ഇന്ന് ഞാൻ മരിച്ചിരുന്നെങ്കിൽ… നിങ്ങൾക്ക്  കുറ്റബോധം തോന്നിയേനെ. പക്ഷേ എനിക്ക് ജീവിക്കേണ്ടത് ആ കുറ്റബോധത്തിന്റെ ദാനത്തിൽ അല്ല.”

 

“ഒരു വട്ടം… തെറ്റ് പറ്റിപ്പോയി, ദേവി… നീ ക്ഷമിക്ക്.”

കിച്ചന്റെ ശബ്ദത്തിൽ പതർച്ചയുണ്ടായിരുന്നു.

ദേവി അവനെ നിർവികാരമായി നോക്കി.

“ഒരു വട്ടമോ…?”

അവളുടെ ചുണ്ടിൽ മങ്ങിയൊരു പുഞ്ചിരി വിരിഞ്ഞു.

“എത്ര വട്ടം ഞാൻ നിങ്ങളുടെ അവഗണന സഹിച്ചിട്ടുണ്ടെന്ന് അറിയാമോ?”

“കരഞ്ഞപ്പോൾ ഒരിക്കൽ പോലും നിങ്ങളെന്നെ ആശ്വസിപ്പിച്ചില്ല…

ഭയന്നപ്പോൾ കൂടെ നിന്നില്ല…

വേദനിച്ചപ്പോൾ വിശ്വസിച്ചില്ല…

ഒരൽപ്പം സ്നേഹം ചോദിച്ചപ്പോൾ പോലും എന്നെ അപമാനിച്ചു.”

അവൾ ഒരു നിമിഷം നിർത്തി.

“ഇന്നത്തെ സംഭവം ഒറ്റ ദിവസം കൊണ്ട് ഉണ്ടായതല്ല, കിച്ചേട്ടാ… ഓരോ അവഗണനയും ചേർന്നാണ് ഇന്നിവിടെ ഞാൻ കിടക്കുന്നത്. “

കിച്ചൻ അവളുടെ മുഖത്തേക്ക് നോക്കി.

“എനിക്ക് ഇങ്ങനെ വയ്യ.

എന്റെ ഒരു മെഡിക്കൽ ചെക്കപ്പിന് പോലും നിങ്ങൾ എന്റെ കൂടെ വന്നിട്ടില്ല.

പ്രസവിച്ച് കിടന്ന ദിവസം മുതൽ ഞാൻ തിരിച്ച് നിങ്ങളുടെ വീട്ടിലെത്തുന്നതുവരെ എന്റെ എല്ലാ കാര്യങ്ങളും നോക്കിയത് എന്റെ വീട്ടുകാരാണ്.

എനിക്ക് വേദനയുണ്ടോ, മരുന്ന് കഴിച്ചോ, ഭക്ഷണം കഴിച്ചോ എന്ന് ഒരിക്കൽ പോലും നിങ്ങൾ ചോദിച്ചിട്ടില്ല.

കുഞ്ഞിന് വേണ്ടി നിങ്ങൾ പലതും വാങ്ങിയിട്ടുണ്ടാകും…

പക്ഷേ, ആ കുഞ്ഞിനെ പ്രസവിച്ച എനിക്ക് വേണ്ടി ഒരു നാരങ്ങാമിഠായി പോലും നിങ്ങൾ കൊണ്ടുവന്നിട്ടില്ല.

ഞാൻ സ്നേഹം ചോദിച്ചപ്പോൾ അവഹേളനമാണ് കിട്ടിയത്…

സഹായം ചോദിച്ചപ്പോൾ അഭിനയമെന്ന് പറഞ്ഞു…

വേദന പറഞ്ഞപ്പോൾ വിശ്വസിച്ചില്ല…

ഇനി എനിക്ക് ഇങ്ങനെ ജീവിക്കാൻ വയ്യ.”

അവൾ ശ്വാസമെടുത്ത് കൊണ്ട് തുടർന്നു.

 

“നിങ്ങളോ… നിങ്ങളുടെ വീട്ടുകാരോ… എന്നെ നിങ്ങളിൽ ഒരാളായി ഒരിക്കലും കണ്ടിട്ടില്ല.

ഞാൻ മാത്രമാണ് നിങ്ങളെയെല്ലാം എന്റെ സ്വന്തം കുടുംബമായി കണ്ടത്.

നിങ്ങളുടെ സന്തോഷം എന്റെ സന്തോഷമാണെന്ന് കരുതി…

നിങ്ങളുടെ വിഷമം എന്റെ വിഷമമാണെന്ന് കരുതി…

പക്ഷേ, ഞാൻ മാത്രം എന്നും പുറത്തുനിന്നൊരാളായിരുന്നു.

ആ വീട്ടിൽ എനിക്ക് ഒരു സ്ഥാനവും ഉണ്ടായിരുന്നില്ല.

നിങ്ങളുടെ കുഞ്ഞിനെ പ്രസവിക്കാനും… വളർത്താനുമുള്ള ഒരാൾ എന്നതിലപ്പുറം എനിക്ക് ഒരു വിലയും നിങ്ങൾ നൽകിയില്ല.

ഭാര്യയായി എന്നെ ചേർത്തുപിടിച്ചിട്ടില്ല…

ഒരു മനുഷ്യസ്ത്രീയായി പോലും എന്നെ മനസ്സിലാക്കാൻ ശ്രമിച്ചിട്ടില്ല.

ഇനി ആ വീട്ടിലേക്ക് തിരികെ വരാൻ എനിക്ക് കഴിയില്ല..അതെൻ്റെ വീടല്ല.”

കിച്ചൻ്റെ ശബ്ദം കനത്തു.

” ഡിവോഴ്സ് എന്നൊക്കെ പറഞ്ഞാല് എളുപ്പം ആണെന്നാണോ നീ കരുതുന്നത്. അത് കഴിഞ്ഞ് നിൻ്റെയും കുഞ്ഞിൻ്റെയും ജീവിതം എന്താകുമെന്ന് നീ ആലോചിച്ചു നോക്കിയോ ? “

 

അവൾ പുഞ്ചിരിച്ചു.

 

“എനിക്കും… എന്റെ കുഞ്ഞിനും ഒരു ഐഡന്റിറ്റിയുണ്ട്, കിച്ചേട്ടാ.

അത് അങ്ങനെ തന്നെ നിലനിൽക്കുകയും വേണം.

‘നിങ്ങളുടെ ഭാര്യ’ എന്ന ലേബൽ മാത്രം ചുമന്ന് ജീവിക്കാൻ എനിക്ക് ഇനി താൽപര്യമില്ല.

എന്റെ മാതാപിതാക്കൾ എനിക്ക് നല്ല വിദ്യാഭ്യാസം തന്നിട്ടുണ്ട്.

എനിക്ക് ജോലി ചെയ്യാൻ കഴിയും.

സ്വന്തം കാലിൽ നിൽക്കാൻ കഴിയും.

എന്നെയും എന്റെ കുഞ്ഞിനെയും അന്തസ്സോടെ വളർത്താൻ എനിക്ക് ആത്മവിശ്വാസമുണ്ട്.

ആരുടെയും കരുണയിൽ ജീവിക്കേണ്ട ആവശ്യമില്ല…

ആരുടെയും അടിമയായി ജീവിക്കേണ്ട ആവശ്യവുമില്ല.

സ്നേഹവും ബഹുമാനവും ഇല്ലാത്ത ഒരു ബന്ധത്തേക്കാൾ, ആത്മാഭിമാനമുള്ള ഒരു ജീവിതമാണ് ഞാൻ തിരഞ്ഞെടുക്കുന്നത്.”

 

കിച്ചൻ അവളെ നോക്കി ഇരുന്നു.

 

“ഈ കുഞ്ഞ് നിങ്ങളുടെ കുഞ്ഞ് കൂടിയാണ്.

അവളെ കാണാൻ നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും വരാം. അതിന് ഞാൻ ഒരിക്കലും തടസ്സം നിൽക്കില്ല.

നാളെ അവൾക്ക് ബുദ്ധിയും പ്രായവും ആകുമ്പോൾ, അവൾ എടുക്കുന്ന ഏത് തീരുമാനമായാലും ഞാൻ അതിനെ ബഹുമാനിക്കും. അവൾക്ക് അച്ഛന്റെ കൂടെ ജീവിക്കാനാണ് ആഗ്രഹമെങ്കിൽ പോലും, ഞാൻ അവളുടെ ഇഷ്ടത്തിന് എതിര് നിൽക്കില്ല.

പക്ഷേ ഇപ്പോൾ…

അവൾക്ക് ഏറ്റവും കൂടുതൽ വേണ്ടത് എന്നെയാണ്.

ഒരിക്കലും എന്റെ കുഞ്ഞ് ഒന്നിനും ബുദ്ധിമുട്ടേണ്ടി വരില്ലെന്ന് നിങ്ങൾക്കറിയാം.

എന്റെ അച്ഛനും അമ്മയും അത് അനുവദിക്കില്ല.

അതിനുള്ള സ്നേഹവും കരുതലും സാമ്പത്തിക ശേഷിയും അവർക്ക് ഉണ്ട്.

അതുകൊണ്ട് എന്റെ കുഞ്ഞിന്റെ ഭാവിയെക്കുറിച്ച് നിങ്ങൾ വിഷമിക്കേണ്ട.

ഇനി എനിക്ക് വേണ്ടത്…

എന്റേതായ ഒരു ജീവിതമാണ്.

അവിടെ എന്റെ ആത്മാഭിമാനത്തിന് വിലയുണ്ടാകണം…

എന്റെ കണ്ണീരിന് അർത്ഥമുണ്ടാകണം…

എനിക്ക് കൂടി അഭിമാനമുള്ള ജീവിതമായിരിക്കണം എൻ്റേത്.”

 

കിച്ചൻ അവളുടെ അച്ഛനമ്മമാരുടെ മുഖത്തേക്ക് നോക്കി. ദേവിയെ അനുകൂലിക്കുന്ന ഭാവമായിരുന്നു അവരുടേത്.

തൻ്റെ അനാസ്ഥ മൂലം നഷ്ടപ്പെടുത്തി കളഞ്ഞത് തൻ്റെ കൂടി ജീവിതമാണെന്ന തിരിച്ചറിവിൽ അവൻ്റെ ഹൃദയം നൊന്ത് നീറി.

 

കിച്ചൻ വിറയ്ക്കുന്ന ശബ്ദത്തിൽ ചോദിച്ചു.

 

“ഞാൻ… കുഞ്ഞിനെ ഒന്ന് എടുത്തോട്ടെ…?”

 

ദേവി മറുപടി പറയുന്നതിന് മുമ്പ് അവളുടെ അമ്മ അവളെ ഒന്ന് നോക്കി.

ദേവി പതിയെ തലയാട്ടി.

 

“എടുക്കാം…

അവൾ നിങ്ങളുടെ കുഞ്ഞുകൂടിയാണ്.”

 

കിച്ചൻ പതിയെ കുഞ്ഞിനെ കൈകളിലെടുത്തു.

കുറച്ചുനേരം അവളുടെ മുഖത്തേക്ക് നോക്കിനിന്ന ശേഷം, കുഞ്ഞിനെയും ചേർത്തുപിടിച്ച് ദേവിയുടെ കട്ടിലരികിലേക്ക് നടന്നു.

ഒന്നും പറയാതെ…

വളരെ പതിയെ അവൻ ദേവിയുടെ മൂർദ്ധാവിൽ ചുണ്ടുകൾ ചേർത്തു.

ആ സ്പർശനം അറിഞ്ഞ നിമിഷം ദേവി ഞെട്ടി അവന്റെ മുഖത്തേക്ക് നോക്കി.

അവളുടെ അച്ഛനും അമ്മയും പരസ്പരം ഒന്ന് നോക്കി.

പിന്നെ പതിയെ മുറിക്ക് പുറത്തേക്ക് ഇറങ്ങി.

ഒരിക്കൽ..

അവൾ ജീവനേക്കാൾ കൂടുതൽ ആഗ്രഹിച്ചിരുന്ന ഒരു ചുംബനമായിരുന്നു അത്.

“എന്റെടുത്തൊന്ന് ഇരിക്കോ… എന്റെ നെറ്റിയിൽ ഒരുമ്മ തരോ?” എന്ന് കെഞ്ചിയപ്പോൾ പോലും നിഷേധിക്കപ്പെട്ടത്.

ഇന്ന്…

എല്ലാം അവസാനിപ്പിക്കാമെന്ന് തീരുമാനിച്ച നിമിഷത്തിൽ അത് അവളെ തേടിയെത്തി.

അവളുടെ ഹൃദയം വല്ലാതെ തേങ്ങി.

ഇത്രയും നേരം കല്ലുപോലെ ഉറച്ചുനിന്ന നെഞ്ച് ഒരു നിമിഷത്തേക്ക് ഉരുകിപ്പോയി.

കണ്ണുകൾ നിറഞ്ഞു.

എങ്കിലും…

ഒരു തുള്ളി കണ്ണുനീർ പോലും പുറത്തേക്ക് വീഴാൻ അവൾ അനുവദിച്ചില്ല.

കാരണം, സ്നേഹം ഇപ്പോഴും എവിടെയോ ഉള്ളിലുണ്ടായിരുന്നെങ്കിലും…

തൻ്റെ ആത്മാഭിമാനം അതിനേക്കാൾ ഉയർന്ന് നിൽക്കണമെന്ന് അവൾ പഠിച്ചുകഴിഞ്ഞിരുന്നു.

കിച്ചൻ കുഞ്ഞിനെ നെഞ്ചോട് ചേർത്തുപിടിച്ചുകൊണ്ട് ദേവിയെ നോക്കി നിന്നു.

ദേവി നിശബ്ദയായി അതേ പോലെ ഇരുന്നു.

ആ മുറിയിൽ വാക്കുകളേക്കാൾ കൂടുതൽ സംസാരിച്ചത് അവരുടെ മൗനമായിരുന്നു.

ആ ഒരു ചുംബനം…

വൈകിപ്പോയ ഒരു പ്രണയമായിരുന്നോ…അതോ പുതിയൊരു തുടക്കത്തിന്റെ ആദ്യ നാമ്പ് തളിർത്തതാണോ..?

ആ ചോദ്യത്തിനുള്ള ഉത്തരം അവർക്ക് രണ്ടുപേർക്കും മാത്രമേ അറിയൂ.

അവരുടെ ജീവിതം ഒടുവിൽ ഏത് വഴിയിലൂടെയാണ് സഞ്ചരിച്ചതെന്ന് കാലം പറഞ്ഞിട്ടുണ്ടാകും.

പക്ഷേ, ആ കഥയുടെ അവസാന താൾ…

നമുക്ക് വായനക്കാരുടെ ഹൃദയത്തിലേക്ക് തുറന്നു വെയ്ക്കാം….!!

 

തീരുമാനങ്ങൾ അവരവരുടേത് മാത്രമാകട്ടെ…!

Post Views: 8
1
Anju Ranjima

കഥയില്ലാത്തവൾ..ഇരുട്ടിന് കൂട്ടിരിക്കുമ്പോൾ കാണുന്ന സ്വപ്നങ്ങളിൽ ജീവിതം തിരയുന്ന കിറുക്കുള്ളവൾ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.