കട്ടിലിൽ ചാരിയിരിക്കുമ്പോൾ മനസ്സ് ഉദ്വേഗത്താൽ പിടയുകയായിരുന്നു. ആ നിമിഷം എത്താറായി. പുറത്തു അനിയന്റെ ശബ്ദം കേട്ടു.
“അവരെത്താറായി ശ്യാമേ. ചേച്ചിക്ക് പ്രശ്നമൊന്നുമില്ലല്ലോ.”
“നല്ല ടെൻഷൻ ഉണ്ടെന്നു തോന്നുന്നു. ഇല്ലാതിരിക്കുമോ. വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷമുള്ള കണ്ടുമുട്ടലല്ലേ.” ശ്യാമയുടെ മറുപടിയും കേട്ടു.
അതെ, മനസ്സ് വർഷങ്ങൾ പിറകിലേക്ക് പോയി.
സർക്കാർ സർവീസിൽ ജോലിയുണ്ടായിരുന്ന അച്ഛൻ, കുടുംബത്തിലെ കർക്കശക്കാരനായ കാരണവരായിരുന്നു . മൂന്നു ചേച്ചിമാരുടെയും മൂന്നു ഏട്ടന്മാരുടെയും പുന്നാര അനിയത്തിയായിരുന്നു അജിത എന്ന ഞാൻ. പിന്നെ ഒരനിയന്റെ ചേച്ചിയും. എന്റെ ഡിഗ്രി പഠനം കഴിഞ്ഞപ്പോഴേക്കും ചേച്ചിമാരുടെ വിവാഹം നടത്തിയും ചിലരുമായുള്ള വ്യവഹാര തർക്കങ്ങളിൽ കോടതി കയറിയും അച്ഛന്റെ പേരിലുണ്ടായിരുന്ന രണ്ടു വസ്തുക്കളും വിറ്റു പോയിരുന്നു. അതുകൊണ്ട് എനിക്ക് കല്യാണപ്രായമായപ്പോൾ തറവാട് നിൽക്കുന്ന മുപ്പതു സെന്റ് സ്ഥലം മാത്രമായി ഞങ്ങളുടെ സമ്പാദ്യം. പല ആലോചനകളും സ്വത്തിന്റെയും പണത്തിന്റെയും പേരിൽ മാറിപ്പോയിക്കൊണ്ടിരിക്കുമ്പോഴാണ് പട്ടാളക്കാരനായ ശിവേട്ടന്റെ ആലോചന വരുന്നത്. അച്ഛനും അമ്മയും അനിയത്തിയും അനിയനുമുള്ള ഒരു പാവപ്പെട്ട കുടുംബം. മൂത്ത ചേച്ചി വിവാഹം കഴിഞ്ഞ് അടുത്ത് തന്നെ താമസിക്കുന്നു. അവർക്ക് ഒരു ചെറിയ പലചരക്കുകടയുണ്ട്. ജാതകപ്പൊരുത്തവും കൂടി ഒത്തു വന്നപ്പോൾ വിവാഹത്തിന് പിന്നെ തടസ്സങ്ങളൊന്നുമുണ്ടായില്ല.
വിവാഹം കഴിഞ്ഞ് രണ്ടാഴ്ച മാത്രമാണ് ഞാൻ ശിവേട്ടന്റെ വീട്ടിൽ നിന്നത്. മൂത്ത ചേച്ചി തന്റേടിയായ നാത്തൂനാണെന്ന് അതിനകം മനസ്സിലായി. അനിയത്തിയും മോശമായിരുന്നില്ല. അമ്മയും അനിയനും സൗമ്യരായിരുന്നു. എന്റെ വീട്ടിലെ പോലെ അച്ഛനായിരുന്നു ഭരണം. ശിവേട്ടൻ വളരെ സ്നേഹസമ്പന്നനായിരുന്നുവെങ്കിലും വീട്ടുകാർ പറയുന്നതിനപ്പുറം ഒരഭിപ്രായമില്ലായിരുന്നു. സ്വന്തം വീട്ടിലും അച്ഛന്റെ ഭരണത്തിന് കീഴിൽ കഴിഞ്ഞിരുന്ന എനിക്ക് അതൊരു വലിയ പ്രശ്നമായി തോന്നിയില്ല.
അങ്ങിനെ രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഞങ്ങൾ കാശ്മീരിലെത്തി. അവിടെയായിരുന്നു ശിവേട്ടന് അന്ന് ജോലി. ജീവിതത്തിൽ ഏറ്റവും സന്തോഷിച്ച ഒരു വർഷം. കാശ്മീരിന്റെ പ്രകൃതി ഭംഗിയിൽ ലയിച്ച് ശിവേട്ടന്റെ സ്നേഹത്തിൽ മുങ്ങി ജീവിച്ച ആ നാളുകൾ. ആരുടെ കൂടെയാണോ നിൽക്കുന്നത് അവർ പറയുന്നത് പൂർണ്ണമായും അംഗീകരിക്കുക എന്നതാണ് ശിവേട്ടന്റെ സ്വഭാവമെന്ന് അന്നാണ് ഞാൻ മനസ്സിലാക്കിയത്. കാരണം അപ്പോൾ എന്റെ ഇഷ്ടങ്ങൾപ്പുറം ഏട്ടന് ഇഷ്ടങ്ങൾ ഇല്ലായിരുന്നു.
ഈ ഒരു വർഷത്തിനിടയിൽ ഞങ്ങളെ ദുഖിപ്പിച്ച രണ്ടു അനുഭവങ്ങൾ ഉണ്ടായി. രണ്ടു പ്രാവശ്യം ഞാൻ പ്രെഗ്നന്റ് ആവുകയും ആദ്യ മാസത്തിൽ തന്നെ അബോർഷൻ ആവുകയും ചെയ്തു. ഇനി പ്രഗ്നൻറ് ആയാൽ കംപ്ലീറ്റ് ബെഡ് റസ്റ്റ് വേണ്ടി വരുമെന്ന് ഡോക്ടർ പറഞ്ഞതിനാൽ ഞങ്ങൾ നാട്ടിലേക്ക് വരാൻ തീരുമാനിച്ചു. ശിവേട്ടന് മിലിറ്ററിയിൽ നിന്ന് റിട്ടയർമെന്റ് വാങ്ങാനുള്ള സർവീസ് ആയതുകൊണ്ടും കൂടിയാണ് ആ തീരുമാനം എടുത്തത്. നാട്ടിലും അദ്ദേഹത്തിന് ജോലി ലഭിക്കുമല്ലോ. ആ തീരുമാനം ജീവിതത്തെ ഇത്ര മാറ്റി മറിക്കുമെന്ന് അന്ന് അറിഞ്ഞില്ല.
നാട്ടിൽ വന്ന് ഒരു മാസം കഴിഞ്ഞപ്പോൾ ഞാൻ വീണ്ടും ഗർഭിണി ആയി. ആദ്യമാസത്തിൽ തന്നെ ബെഡ് റസ്റ്റ് ഡോക്ടർ നിർദ്ദേശിച്ചതിനാൽ ഞാൻ എന്റെ വീട്ടിലേക്ക് താമസം മാറ്റി. അവിടെ അമ്മയുണ്ട്. പിന്നെ രണ്ടാമത്തെ ചേച്ചിയും കുടുംബവും അവിടെയായിരുന്നു താമസം. ശിവേട്ടൻ സ്വന്തം വീട്ടിൽ നിന്നു. ഇടക്കിടെ ഇവിടേക്കും എത്തും. അങ്ങിനെ സന്തോഷകരമായി ദിവസങ്ങൾ നീങ്ങുമ്പോഴാണ് ഒരു ദിവസം വന്നപ്പോൾ ശിവേട്ടൻ അത് ചോദിച്ചത്.
“അജിതേ, നിനക്ക് കല്യാണത്തിന് തന്ന സ്വർണ്ണത്തിൽ കുറവുണ്ടായിരുന്നോ.”
ഞാൻ അത്ഭുതപ്പെട്ടു പോയി.
“എന്താ ശിവേട്ടാ, ഇങ്ങിനെയൊരു ചോദ്യം. എത്ര സ്വർണ്ണമെന്ന് അച്ഛൻ പറഞ്ഞിട്ടുണ്ടായിരുന്നില്ലേ. ഞങ്ങളോട് അങ്ങിനെയുള്ള കാര്യങ്ങൾ അദ്ദേഹം പറയാറില്ല. അത് കൊണ്ട് എനിക്കറിയില്ല. മാത്രമല്ല നമ്മൾ കാശ്മീരിലേക്ക് പോകുമ്പോൾ നിങ്ങളുടെ ചേച്ചി എന്റെ സ്വർണ്ണമെല്ലാം അവരുടെ ലോക്കറിൽ വയ്ക്കാമെന്ന് പറഞ്ഞ് വാങ്ങിയത് ഏട്ടനും അറിയാമല്ലോ. താലിമാലയും രണ്ടു വളയുമൊഴിച്ച് ബാക്കി ഞാൻ ചേച്ചിയെ ഏൽപ്പിക്കുകയും ചെയ്തു. നമുക്കെന്തെങ്കിലും ആവശ്യം വരുമ്പോൾ ചോദിക്കാമെന്ന് കരുതി ഞാൻ സ്വർണ്ണത്തെക്കുറിച്ച് ചേച്ചിയോട് ഇപ്പോൾ ഒന്നും പറഞ്ഞുമില്ല. സ്വർണം കുറവായിരുന്നുവെന്ന് ആരാ ശിവേട്ടനോട് പറഞ്ഞത്.” ഞാൻ ചോദിച്ചു.
” ഞാൻ അതേക്കുറിച്ചൊന്നും ആലോചിച്ചിട്ടില്ല . അച്ഛനാണ് സ്വർണ്ണം കുറവുണ്ടെന്ന് പറഞ്ഞത്. നിന്നോട് സൂചിപ്പിക്കാനും പറഞ്ഞു. എനിക്ക് പൊന്നൊന്നും വേണ്ട. പക്ഷെ അച്ഛൻ അത് ഇവിടെ അവതരിപ്പിക്കുന്നതിനു മുൻപ് നീ തന്നെ പറഞ്ഞ് പരിഹാരമുണ്ടാക്കുന്നതാണ് നല്ലത്.” ശിവേട്ടന്റെ വാക്കുകളിൽ അപ്പോൾ സൗമ്യത ഇല്ലായിരുന്നു.
വീട്ടിൽ ഈ വിഷയം അവതരിപ്പിച്ചപ്പോൾ എന്റെ അച്ഛന്റെ പ്രതികരണം രൂക്ഷമായിരുന്നു.
” ആര് പറഞ്ഞു സ്വർണം കുറവാണെന്ന്. പറഞ്ഞതെല്ലാം കൊടുത്തിട്ടുണ്ട്. അതെങ്ങനാ, എല്ലാം ഊരി നാത്തൂനെ ഏൽപ്പിച്ചിട്ടല്ലേ ഇവൾ പോയത്. അവരെടുത്തു കാണും.”
പ്രശ്നം വലുതായി. അങ്ങോട്ടും ഇങ്ങോട്ടും സംസാരമായി. സ്വന്തം വീട്ടിൽ നിൽക്കുന്നത് കൊണ്ട് ശിവേട്ടനും അവിടത്തെ അഭിപ്രായങ്ങൾക്കൊപ്പം നിന്നു. എന്റെ ഗർഭകാല ദിനങ്ങൾ കണ്ണീരിന്റേതായി. ഞാനൊരു ഡിപ്രഷനിലേക്ക് പോകുന്നത് ആരും ശ്രദ്ധിച്ചില്ല.
ഈ കലഹങ്ങൾക്കിടയിലാണ് മോന്റെ ജനനം. ഇരുപത്തിയെട്ടു കെട്ടിന് വന്നപ്പോഴും വഴക്കുണ്ടായി. അൻപത്താറാം ദിവസം അവർ വന്ന് എന്നെയും മോനെയും കൂട്ടിക്കൊണ്ടു പോയി. അവിടെയും സ്വർണത്തിന്റെ പേരു പറഞ്ഞ് നാത്തൂന്മാർ എന്നെ പരിഹസിച്ചു. ശിവേട്ടനും അവരുടെ കൂടെയായി എന്നുള്ളതാണ് എന്നെ ഏറ്റവും നോവിച്ചത്. വീട്ടിലാണെങ്കിൽ മൂത്ത അണ്ണൻ അവർ ചോദിക്കുന്ന സ്വർണ്ണം കൊടുക്കാമെന്ന് പറഞ്ഞെങ്കിലും ഇനിയൊന്നുമില്ല എന്ന വാശിയിൽ അച്ഛൻ ഉറച്ചു നിന്നു.
ശിവേട്ടന്റെ വീട്ടിലെത്തി ഒരു മാസം കഴിഞ്ഞപ്പോൾ ഞാൻ കുഞ്ഞിനെ ലാളിക്കാൻ പോലും വയ്യാത്ത മനസികാവസ്ഥയിലായി. അന്നൊരു ദിവസം ശിവേട്ടൻ എന്നെയും കൊണ്ട് വീട്ടിലേക്ക് വന്നു.
“നിനക്ക് നല്ല സുഖമില്ലല്ലോ, നമുക്ക് ഡോക്ടറെ കാണാം, മോനെ ഹോസ്പിറ്റലിൽ കൊണ്ട് പോകേണ്ട” എന്ന് പറഞ്ഞ് കുഞ്ഞിനെയില്ലാതെയാണ് ഞങ്ങൾ വന്നത്. വീട്ടിലെത്തി കുറച്ചു കഴിഞ്ഞപ്പോൾ ഒരു കൂട്ടുകാരനെ കണ്ടിട്ട് ഉടനേ വരാമെന്നു പറഞ്ഞ് പുറത്തേക്കു പോയ ശിവേട്ടൻ പിന്നെ തിരിച്ചു വന്നില്ല. ഞാൻ ബഹളമുണ്ടാക്കാൻ തുടങ്ങി. പിറ്റേന്ന് സഹോദരന്മാർ ശിവേട്ടന്റെ വീട്ടിലെത്തി.
“അവൾക്ക് ഭ്രാന്താണ്. മാനസികരോഗം മറച്ചു വച്ചല്ലേ നിങ്ങൾ കല്യാണം നടത്തിയത്. ഈ ബന്ധം തുടരാൻ ഞങ്ങൾക്ക് താല്പര്യമില്ല. കുഞ്ഞിനെ ഇവിടെ വളർത്തും.” അച്ഛന്റെ അഭിപ്രായത്തെ ശിവേട്ടനും പിന്തുണച്ചു.
പിന്നെ കുറെ സന്ധി സംഭാഷണങ്ങൾ നടന്നു. പക്ഷെ രണ്ട് അച്ഛന്മാരുടെയും വാശിക്ക് മുന്നിൽ എന്റെ ജീവിതമാണ് തകർന്നത്. ഞാൻ ശരിക്കും ഒരു മാനസിക രോഗിയായി. പിന്നെ അതിനുള്ള ചികിത്സയ്ക്കായി ഒരു വർഷം കടന്നു പോയി. ശിവേട്ടൻ തിരിഞ്ഞു നോക്കിയില്ല.
നോർമലായിക്കഴിഞ്ഞപ്പോഴേക്കും എനിക്ക് ശിവേട്ടനോട് വെറുപ്പായിക്കഴിഞ്ഞിരുന്നു. കുഞ്ഞിനെ വീണ്ടെക്കാൻ ശ്രമിക്കണമെന്ന് പറഞ്ഞു നോക്കിയെങ്കിലും അച്ഛന്റെ കടുത്ത വാശിക്ക് മുൻപിൽ ഞാൻ നിശ്ശബ്ദയായി.
വർഷങ്ങൾ കടന്നു പോയി. ശിവേട്ടൻ എന്നെ ഡിവോഴ്സ് ചെയ്യാതെ മറ്റൊരു വിവാഹം കഴിച്ചുവെന്ന് അറിഞ്ഞു . അതിനെതിരെ കേസ് കൊടുക്കണമെന്ന് ആങ്ങളമാർ പറഞ്ഞെങ്കിലും എന്റെ കുഞ്ഞിന് ഒരമ്മയായല്ലോ എന്നു പറഞ്ഞ് ഞാനതിനെ എതിർത്തു. രണ്ടാനമ്മക്ക് മോനോട് നല്ല സ്നേഹമാണെന്ന് ഒരു ബന്ധു പറഞ്ഞ് അറിഞ്ഞിരുന്നു. മോനോട് അമ്മ മരിച്ചു പോയി എന്നാണ് പറഞ്ഞിരിക്കുന്നതെന്നും.
എന്നെങ്കിലും അവൻ സത്യമറിഞ്ഞ് തിരിച്ചു വരുമെന്ന വിശ്വാസത്തിൽ കുടുംബവീട്ടിൽ ചേച്ചിയുടെ കൊച്ചു മക്കളെ വളർത്തി ഞാൻ കാത്തിരുന്നു. നടക്കാത്ത കാര്യമെന്ന് എല്ലാവരും പറഞ്ഞെങ്കിലും ഞാൻ ആശയോടെ കാത്തിരുപ്പ് തുടർന്നു.
അന്നൊരു നാൾ എന്റെ സഹോദരന്റെ മകൻ രാജീവ് ഒരു ശുഭവാർത്തയുമായാണ് എത്തിയത്. എന്റെ കുഞ്ഞ് അവനെ വിളിച്ചിരിക്കുന്നു. ശിവേട്ടന്റെ വീട്ടിൽ ഒരുപാട് സംഭവങ്ങൾ നടന്നു. അദ്ദേഹത്തിന് എക്സ് സർവീസ്മാൻ എന്ന നിലയിൽ ബാങ്കിൽ ജോലി കിട്ടിയിരുന്നു. രണ്ടു വർഷം മുൻപ് ശിവേട്ടൻ കുഴഞ്ഞു വീണു മരിച്ചു. അങ്ങിനെ മോന് ജോലി ലഭിച്ചു. ഈയിടെ ഒരകന്ന ബന്ധു പറഞ്ഞാണ് അമ്മ ജീവിച്ചിരിക്കുന്നുവെന്ന് അവൻ അറിഞ്ഞത്. വീട്ടിൽ വന്ന് അച്ഛമ്മയോട് ചോദിച്ചപ്പോൾ ആ പാവം സ്ത്രീ അടക്കി വച്ചിരുന്നതെല്ലാം തുറന്നു പറഞ്ഞത്രേ. പിന്നെ അവൻ എങ്ങിനെയോ രാജീവിന്റെ നമ്പർ കണ്ടു പിടിച്ചു. അമ്മയെ കാണണമെന്ന് അവൻ വാശി പിടിക്കുന്നു. എന്ത് വേണമെന്നറിയാനാണ് രാജീവ് വന്നത്.
വീട്ടിൽ വലിയ ചർച്ച നടന്നു. അവനെ കാണുമ്പോൾ എന്റെ മാനസികനില തെറ്റുമോ എന്നായിരുന്നു അവരുടെ ഭയം. പക്ഷെ എനിക്ക് ഒന്നും ആലോചിക്കാനില്ലായിരുന്നു.
“ഇത്രയും നാൾ അച്ഛന്റെ വാശിക്ക് മുന്നിൽ ഞാൻ കീഴടങ്ങി നിന്നു. ഇപ്പോൾ അച്ഛനില്ല. ഇനി എനിക്കൊന്നും നോക്കാനില്ല. എല്ലാവരും വരില്ലെന്ന് പറഞ്ഞിട്ടും ഞാൻ എന്റെ ജീവിതത്തിന്റെ നല്ല ഭാഗവും ഈ മകനെ കാത്തിരിക്കുകയായിരുന്നു. രാജീവ് നീയവനെ കൂട്ടികൊണ്ടു വരില്ലേ.”
പിന്നെ ആരും ഒരെതിർപ്പും പറഞ്ഞില്ല. അതെ, ഇന്നവൻ വരുന്നു. കുഞ്ഞു പ്രായത്തിൽ അവനെ ഉപേക്ഷിച്ച അമ്മയെ എങ്ങിനെയായിരിക്കും അവൻ കാണുന്നത്.
“അവരെത്തിയല്ലോ, വരൂ മോനെ, അമ്മ ആ മുറിയിലുണ്ട്.” ആങ്ങള പറയുന്നത് കേട്ടു.
ഞാൻ ഭിത്തി ചാരി നിന്നു. മനസ്സ് പിടയാൻ തുടങ്ങി. അതാ, അവൻ കടന്നു വരുന്നു. മുഖത്ത് നോക്കാൻ ഭയം തോന്നി. ദേഷ്യമായിരിക്കുമോ .
“അമ്മേ” ആർദ്രമായ ആ വിളി കാതുകൾക്ക് കുളുർമ്മയായി.
മുഖം മെല്ലെ ഉയർത്തി. മനം മയക്കുന്ന ചിരിയുമായി അവൻ നിൽക്കുന്നു. വർഷങ്ങളായുള്ള കാത്തിരിപ്പ് അവസാനിച്ചിരിക്കുന്നു. എന്റെ വിടർത്തിയ കൈകളിലേക്ക് അവൻ കടന്നു വന്നു. പിന്നെ ആലിംഗനത്തിലമർന്ന് എന്റെ മാറിൽ ചാരി നിൽക്കുമ്പോൾ അവനെനിക്ക് മൂന്നു മാസം പ്രായമുള്ള കുഞ്ഞായിരുന്നു.
#എന്റെരചന ബ്ലോഗ് മത്സരം #കാത്തിരിപ്പ്


1 Comment
മകനുവേണ്ടിയുള്ള അമ്മയുടെ കാത്തിരിപ്പ് കണ്ണു നനയിച്ചു
നന്നായി എഴുതി മിനീ♥️👌🌹