നൂറ് ശരികൾക്കും പ്രവർത്തികൾക്കും നന്മകൾക്കും മുന്നിൽ ഒരു തെറ്റ് സ്ഥാനം പിടിച്ചപ്പോൾ കൂടെ കൂടിയ മറവിയെക്കുറിച്ച് എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ?
ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്, ജീവിതത്തിലെ ഓരോ മനുഷ്യരിലൂടെ കടന്നു പോയപ്പോഴൊക്കെ എന്നെ ഈ ചിന്ത ഓർമപ്പെടുത്തിയിട്ടുണ്ട്.
തെറ്റുകൾ മനുഷ്യ സഹജമാണ് പക്ഷെ ആ വ്യക്തി അത് വരെ ചെയ്ത എല്ലാം ശരികളെയും നന്മകളും ഒരൊറ്റ നിമിഷം കൊണ്ട് മറന്നു അയാൾക്ക് എതിരായി ഉയർത്തുന്ന ശബ്ദത്തെയും ചുണ്ടുന്ന വിരലുകളുടെയും മുന്നിൽ നിസ്സഹനായി നിൽക്കേണ്ടി വന്ന ഒരാളെ കുറിച്ച് ചിന്തിക്കാൻ പറ്റുമോ? ക്ഷമിക്കാൻ പറ്റുന്ന തെറ്റുകൾ ആണെങ്കിൽ അതിനു അയാൾ അർഹൻ അല്ലേ? ഒന്ന് ഓർത്തൂടെ അയാൾ അത് വരെ നമുക്കിടയിൽ ആരായിരുന്നു എന്ന്? എല്ലാവരുടെ സന്തോഷത്തിലും സങ്കടങ്ങളിലും കൂടെ നിന്ന ഒരു മനുഷ്യനെ ഒരൊറ്റ നിമിഷം കൊണ്ട് മറന്നു കളയുന്നത് ന്യായമാണോ? അയാളുടെ മാനസിക അവസ്ഥ പിന്നീട് സഞ്ചാരിക്കുന്ന സഞ്ചാരം, ഒറ്റക്ക് ഉള്ള പാതയിലാണ് ഓർക്കാറുണ്ടോ? കൺമുന്നിൽ കണ്ടാലും ഒന്ന് തിരിഞ്ഞ് പോലും നോക്കാത്ത ആളുകളുടെ മുന്നിലൂടെ അയാൾ നടത്തുന്ന ഒരു ഒറ്റയാൾ പോരാട്ടം ഉണ്ട്.
അയാൾ പിന്നീട് ആ ആൾകൂട്ടത്തിൽ നിന്നും മാറി നടക്കും. നിശബ്ദനാവും. എത്രയൊക്കെ അയാൾക്ക് വേണ്ടി ഒപ്പം നിൽക്കുന്ന മനുഷ്യർ വന്നാൽ പോലും അവർക്ക് ഇടയിൽ പോലും വാക്കുകൾ വിഴുങ്ങാനും പ്രവർത്തികൾ ചുരുക്കാനും ശ്രദ്ധിച്ചു തുടങ്ങും.
ഒരു മുറിക്കുള്ളിൽ ഒറ്റക്ക് മണിക്കൂറുകൾ ചിലവഴിച്ചാലും പുറത്തേക്ക് ഇറങ്ങി മനുഷ്യരിലേക്ക് കൂടുതൽ അടുക്കാൻ അയാൾ ഭയപ്പെടും. പതിയ ആളുകൾ പറഞ്ഞു തുടങ്ങുന്നത് Introvert, Attitude Person എന്നൊക്കെയാവും.
എല്ലാവരുടെയും എല്ലാമായി തുടർന്ന ഒരാൾ ഒരൊറ്റ ദിവസം കൊണ്ട് ഒന്നുമല്ലാതായി തീരുന്ന നിമിഷം.
മറവിയുടെ ക്രൂരമായ മുഖം കാണണം എങ്കിൽ ഇതു പോലെ അനുഭവങ്ങളിലൂടെ കടന്നു പോയാൽ മതിയാവും. അവിടെ ആ നിമിഷം എല്ലാവരും എല്ലാം മറക്കും. ചെയ്ത തെറ്റ് മാത്രം ഓരോ തവണയും വാക്കുകളിലൂടെ ആവർത്തിക്കപെടും. ചോദ്യക്കൂട്ടിൽ വെച്ച് നിരന്തരമായി ചോദ്യം ചെയ്യപ്പെടും. പക്ഷെ ഇവരാരും തെറ്റുകൾ തിരുത്താനോ അത് മറവിക്ക് വിട്ടു കൊടുക്കനോ തയ്യാറാവില്ല.
അവിടെ മറവിയുടെ രണ്ടു രൂപങ്ങൾ തെളിയും. ആ വ്യക്തിയിലെ സ്നേഹവും നന്മയും ശരികളും എല്ലാം മറക്കപ്പെടും പക്ഷെ തെറ്റുകൾ ഓരോന്നും ഓർക്കപെടും. എന്നാൽ തെറ്റുകൾ മറക്കപ്പെടാൻ വേണ്ടി മനുഷ്യർക്ക് ഇടയിൽ ശ്രമങ്ങൾ ഇല്ലാതെയാവും.
ക്ഷമിക്കപ്പെടണം എന്ന് പറയുന്നതിൽ ഉപരി പരിഗണിക്കപ്പെടണം എന്ന് തോന്നാറില്ലേ ? ഒരു കൂട്ടം ആളുകൾക്ക് മറവി ബാധിക്കുമ്പോ ഓർക്കപ്പെടാൻ വേണ്ടിയെങ്കിലും, കുറച്ചു മനുഷ്യരെങ്കിലും ജീവിതത്തിൽ വേണം എന്ന ചിന്ത എന്നും അലട്ടാറുണ്ട്
പക്ഷെ ആര്? ചുറ്റിനും നോക്കുമ്പോ ആരെയും കാണാറില്ല. തോളിൽ കൈ വെച്ച് ചേർത്ത് പിടിച്ചു കൂടെ ഉണ്ട് എന്ന് അറിയുന്ന മനസ്സിലാക്കുന്ന മറവി ബാധിക്കാത്ത ഒരു മനുഷ്യൻ സ്നേഹത്തോടെ പറയുന്ന നിമിഷത്തിന് വേണ്ടി കൊതിച്ച നാളുകളും ഏറെയുണ്ട്.
എനിക്ക് മാത്രമല്ല ഈ അനുഭവങ്ങളിലൂടെ കടന്നു പോയ ഓരോത്തരുടെ ഉള്ളിലെ പ്രതീക്ഷകളാണ് അവ.
ഒരു തെറ്റിനെ 100 നന്മകൾക്ക് മുന്നിൽ ക്ഷമിക്കപെടാൻ വേണ്ടി കൊടുക്കാൻ പറ്റുന്ന ഒരു മനസ്സ് എല്ലാം മനുഷ്യർക്ക് വേണം. അവിടെ മറവി സ്ഥാനം പിടിക്കാതെ ഇരിക്കട്ടെ എന്ന് ആഗ്രഹിച്ചു പോവുന്നു….

