ഒരു പത്തിരുപത്തിയഞ്ച് കൊല്ലം മുമ്പുള്ള കഥയാണേ. നമ്മുടെ കൃഷ്ണേട്ടന്റെ കല്യാണാലോചന നടക്കുവാ കേട്ടോ.
പുള്ളിക്ക് ജോലി ആകുന്നതിനു മുമ്പുള്ള പരിപാടി എന്ന് പറഞ്ഞാല് പണ്ടേതോ നമ്പ്യാര് പറഞ്ഞ പോലെ
“എട്ടര മണിയായപ്പോൾ ഞാനാ
പട്ടു കിടക്കയിൽ നിന്നുമെണീറ്റു
തലമുടി ചീകി, പൗഡറ് പൂശി,
കരികൊണ്ടല്പം മീശ വരച്ചു,
പത്തര മണിയായപ്പോൾ ഞാനാ
പഞ്ചായത്തിൻ ബസ്സ്റ്റോപ്പിൽ…….. ”
എന്നച്ചാ എഴുന്നേൽക്കുക, കഴിക്കുക, വായിനോക്കുക വീണ്ടും കഴിക്കുക, ഉറങ്ങുക.. ഇദന്നെ പണി. വീട്ടുകാര് എവിടേലും ജോലി മേടിച്ചു കൊടുക്കും, പൂച്ചെ കൊണ്ടാേയി കളഞ്ഞിട്ട് നമ്മൾ തിരിച്ചു വരുമ്പോ നമുക്ക് മുന്നേ പൂച്ച വീട്ടില് വരുന്നപോലെ, വീട്ടുകാര് തിരിച്ചു വരുന്നതിനുമുമ്പ് അണ്ണൻ വീട്ടിലുണ്ടാവും.
ഒടുവില് ഇടുക്കിയിലെ ഒരു കുഗ്രാമത്തിലെ പ്രൈവറ്റ് കമ്പനിയിൽ ഒരു പണി ശരിയാക്കി അണ്ണനെ വീട്ടുകാർ അങ്ങോട്ട് തട്ടി. അണ്ണന്റെ കണ്ണ് കെട്ടി വണ്ടീടെ ഡിക്കീലിട്ടിട്ടാണ് കൊണ്ടുപോയത്. എന്നാലും എല്ലാ ആഴ്‌ചേം നനക്കാനുള്ള തുണിയും കഴുകാനുള്ള പാത്രങ്ങളും എല്ലാം കൂടെ രണ്ടു ചാക്ക് സാധനോം ആയിട്ട് അണ്ണൻ വീട്ടിലേക്ക് ഒരു വരവ് വരും. താമസിക്കുന്ന വീട് എടുത്തോണ്ട് വരാൻ പറ്റുമായിരുന്നെങ്കിൽ അവൻ അതും കൂടെ കൊണ്ടുവന്ന് എന്നെക്കൊണ്ട് തൂത്തുവാരി വൃത്തിയാക്കിച്ചിട്ട് തിരിച്ചുകൊണ്ടുപോയേനെ എന്നാണ് കൃഷ്ണേട്ടന്റെ അമ്മ പറയുന്നുത്.
വീട്ടുകാർക്ക് ഇയാളെക്കൊണ്ടുള്ള ശല്യം ഒഴിവാക്കാൻ വേണ്ടീട്ടാ ഇപ്പോ കല്യാണം ആലോചിക്കുന്നത്. ഇൻട്രോ കഴിഞ്ഞ സ്ഥിതിക്ക് കഥേലേക്ക് വരാം.
“ഇത് നടന്നാ ഇവിടത്തെ പയ്യന്റെ ഭാഗ്യമാ കേട്ടോ.”
ആഹാ നല്ല ഫ്രഷ് ഡയലോഗ് എന്ന് വിചാരിച്ചപ്പോഴേ ബ്രോക്കറുടെ അടുത്ത തള്ളെത്തി.
“പണ്ട് തിരുവതാംകൂർ രാജാക്കന്മാര് പീരുമേട്ടില് വരുമ്പോ ദിവാൻ താമസിച്ചിരുന്നത് പെണ്ണിന്റെ വീട്ടിലാ”
“അതെന്നാ ദിവാൻ കൊട്ടാരത്തിൽ കേറ്റാൻ കൊള്ളാത്ത അത്രയും മോശക്കാരനായിരുന്നോ?”
കൃഷ്ണേട്ടൻ ചോദിച്ച് തീരും മുൻപേ അമ്മ അടുത്തിരുന്ന കിണ്ടിയെടുത്ത് അണ്ണന്റെ തലക്കിട്ട് ഒരടി. തലേല് ബോണ്ടേടെ വലുപ്പത്തില് ഒരു മുഴ. ഞാനൊരു തുണിയെടുത്ത് അണ്ണന്റെ തലേല് കെട്ടിയപ്പോഴാണ് ബ്രോക്കറ് അണ്ണനെ കാണുന്നത്.
“അയ്യോ ചേച്ചീടെ വീട്ടില് ദേ ക്രിക്കറ്റ് കളിക്കാരൻ മനീന്ദർ സിങ്ങ്” എന്നും പറഞ്ഞ് അയാളൊരു ചാട്ടം.
“തന്നേം ഞാൻ സിങ്ങാക്കിത്തരാം” എന്നും പറഞ്ഞ് പോരാളി കിണ്ടിയെടുത്തതും അടുത്തയാഴ്ച പെണ്ണ് കാണാൻ പോകാമെന്നും പറഞ്ഞ് അയാളെഴുനേറ്റു.
ഓടിയാൽ സിങ്ങല്ല സിക്കാവും എന്ന പോരാളിയുടെ ഭീഷണിക്ക് മുകളിൽ ബ്രോക്കർ അവിടെത്തന്നെയിരുന്നു.
“താൻ പെണ്ണിന്റെ വീട്ടുകാരെ കുറിച്ച് പറ”
“ചേച്ചീ ഒറ്റമോള്, മൂന്നേക്കർ ഏലത്തോട്ടം, കുറെ തേയില, എട്ടു പത്ത് പശുക്കള് ഇതെല്ലാം ഇവിടുത്തെ കൊച്ചിന് ഉള്ളതാന്നേ.”
“ഇവനവിടുത്തെ പശുവിനെയാണോ കെട്ടാൻ പോകുന്നത്? മര്യാദയ്ക്ക് പെണ്ണിനെ കുറിച്ച് പറ ബ്രോക്കറേ”
“ഈ പശുക്കളെയൊക്കെ കുളിപ്പിക്കുന്നതും തൊഴുത്ത് വൃത്തിയാക്കുന്നതും ഒക്കെ നമ്മടെ പെങ്കൊച്ചാന്നേ” പണ്ട് ഹിന്ദി പരീക്ഷയ്ക്ക് പശുവിനെ കുറിച്ച് 5 വാചകം എഴുതാൻ പറഞ്ഞപ്പോ പശൂനെ തെങ്ങിലാ കെട്ടുന്നേന്നും പറഞ്ഞ് രണ്ടു വാചകം തെങ്ങിനെക്കുറിച്ച് എഴുതിയ ആളാ ബ്രോക്കറെന്ന് തോന്നുന്നു.
“ചേച്ചിയേ, ആ ഭാഗത്ത് ഏറ്റവും കൂടുതൽ പഠിപ്പുള്ളത് ഈ കൊച്ചിനാ. പത്താം ക്ലാസില് ജസ്റ്റ് പാസാവാൻ 210 മാർക്ക് മതിയെന്നിരിക്കെ, ഒരു മാർക്ക് പോലും കളയാതെ കൃത്യം 210 മാർക് മേടിച്ചാ കൊച്ച് ജയിച്ചത്. കണക്കിന് ജയിക്കാൻ വേണ്ടി സ്കൂളിലെ ദേവിക്ക് പായസം വഴിപാട് കഴിച്ച കഥ അവിടെ നാട്ടുകാര് ഇപ്പോഴും പറയും!”
പുറത്തേക്ക് തള്ളിപ്പോയ രണ്ട് കണ്ണും തള്ളി അകത്തോട്ട് വെച്ചിട്ട് അമ്മ അണ്ണനോട് പറഞ്ഞു എന്തായാലും നീ പോയി പെണ്ണ് കണ്ടിട്ട് വാ. കൂടെ അവന്മാരേം വിളിച്ചോ. അവന്മാരെന്ന് വെച്ചാല് അണ്ണന്റെ രണ്ടു കൂട്ടുകാരാ.. പോളും സജിയും.
ആകാശത്തൂടെ പോകുന്ന വള്ളി ഫ്ലൈറ്റ് പിടിച്ച് ചെന്ന് കഴുത്തേൽ ചുറ്റുന്ന ടീമാ രണ്ടും. അവന്മാരുടെ കൂടെ പോയാ കല്യാണം നടക്കുന്നത് പോയിട്ട് ജീവനോടെ തിരിച്ചെത്തിയാ ഭാഗ്യം.
ഏതായാലും അങ്ങോട്ട് പോകുന്നതിനു മുമ്പ് പോളിനേയും സജിയേയും കുറിച്ച് രണ്ടു വാക്ക് പറയാം. പത്താം ക്ലാസ് കഴിഞ്ഞ് നിൽക്കുന്ന സമയം. ഞങ്ങളുടെ നാട്ടിലുള്ള ഒരു ചെറിയ ആറ്റിൽ കൂടെ അവര് മൂന്നുപേരും വള്ളത്തിൽ പോകുന്നു. വലിയ ആഴമൊന്നുമില്ല, പക്ഷേ അടിത്തട്ടില് ഞാനെഴുതി വിടുന്നതിലും കട്ട ചെളിയാണ്. കെട്ടുവള്ളം തുഴയുന്ന മോഡലില് കഴുക്കോല് കുത്തി വള്ളത്തിൻറെ ഒരറ്റത്ത് നിന്നും മറ്റേ അറ്റം വരെ നടന്നു തുഴയുകയാണ് നമ്മുടെ പോള്. ഒരു സ്ഥലത്ത് എത്തിയപ്പോ ദാണ്ടെടാ കഴുക്കോല് അങ്ങ് ചെളീല് താന്നുപോയി.🥺🥺
വലിച്ചെടുക്കാൻ നോക്കീട്ട് കഴുക്കോൽ ഊരി വരുന്നില്ല, വള്ളം മുന്നോട്ട് പോവുകേം ചെയ്തു. ഇവൻ കഴുക്കോലേന്ന് പിടിവിട്ടുമില്ല. പോൾവാട്ട് ചാടുന്നവൻ മോളില് ചെന്ന് താഴോട്ട് വരാതെ കുടുങ്ങിയത് പോലെ ലവൻ കഴുക്കോലിൻ്റെ അറ്റത്ത് വവ്വാല് കിടക്കുന്നപോലെ തൂങ്ങിക്കിടക്കുന്നു….
അവിടെയിരുന്നോണ്ട് രക്ഷിക്കണേ എന്നല്ല, ആറ്റുമീനെ ആറ്റുമീനെ എന്ന് വിളിച്ചു കൂവുന്നെടേ ഇവൻ.
അത് കേട്ട് അക്കരേന്ന് ഒരു ചേച്ചി എന്ത് മീനാ മോനേന്ന് വിളിച്ച് ചോദിക്കുന്നു.
“മത്തി…. നല്ല പെടക്കണ മത്തീ” ന്ന് കഴുക്കോലെ തൂങ്ങി കെടക്കുന്ന ഈ വവ്വാല്.
“ഓ ആറ്റിലെ മത്തിക്ക് രുചിയില്ലടേ” എന്നും പറഞ്ഞ് ചേച്ചി പോയി.
പിന്നെ സജി…. സൈക്കോ എന്ന വാക്ക് ഉണ്ടായത് തന്നെ ഇവന്റെ പേരീന്നാ. എലിക്കെണി വെച്ച് പിടിച്ച എലിയെ പച്ചേം നീലേം കളറടിച്ചു തിരിച്ച് വിടുക, ബാക്കി എലികൾ ഇവരെ കൂട്ടത്തിൽ കൂട്ടാതെ, ലൈൻ ഉള്ള എലിയായിരുന്നേൽ അതും പൊട്ടി ആ എലി ഡിപ്രഷനടിച്ചു തലതല്ലി ചാകുന്നത് കണ്ടു രസിക്കുക, എക്സ്പെയറി ഡേറ്റ് കഴിഞ്ഞ എലിവെഷം മേടിച്ച് എലിക്ക് കൊടുത്തിട്ട് അതിനെ വയറ്റിളക്കം പിടിപ്പിക്കുക, വളരെ അച്ചടക്കത്തോടെ വരിവരിയായി പോകുന്ന ഉറുമ്പുകളെ ഗൂഗിൾ മാപ്പ് ചെയ്യുന്ന പോലെ വഴിതെറ്റിച്ച് മറ്റൊരു വഴിയിലേക്ക് തിരിച്ചു വിടുക, ചുവന്ന ഉറുമ്പുകളെ പിടിച്ച് കറുത്ത ഉറുമ്പിന്റെ കൂട്ടിലും കറുത്ത ഉറുമ്പുകളെ പിടിച്ച് ചുവന്ന ഉറുമ്പുകളുടെ കൂട്ടിലുമിട്ടിട്ട് ഉറുമ്പുകൾക്ക് കൺഫ്യൂഷനുണ്ടാക്കുക, രാത്രിയിൽ ഉത്സവപ്പറമ്പിൽ കിടന്നുറങ്ങുന്ന ആളുകളുടെ മുണ്ടുകൾ തമ്മിൽ കൂട്ടിക്കെട്ടി ഇടുക, പട്ടീടെ വാല് നേരേയാക്കാൻ വാല് PVC പൈപ്പിലിട്ട് കോൺക്രീറ്റ് ചെയ്യുക തുടങ്ങിയ ചെറിയ ചെറിയ കലാപരിപാടികളാണ് സജീടെ ഹോബി.
അങ്ങനെ കൃഷ്ണേട്ടനും കൂട്ടാരും കൂടി പെണ്ണ് കാണാൻ യാത്രയാകുന്നു. കൂട്ടാരെന്നാ പോളും സജിയും പിന്നെ സജീടെ അനിയൻ സുനിക്കുട്ടനും……
“ദേ നോക്കിക്കേ അത് കണ്ടോ?” വഴിയരികിൽ ജീപ്പ് നിർത്തി ഇറങ്ങിയ ബ്രോക്കറു ചേട്ടൻ ഞങ്ങളെയെല്ലാം വിളിച്ച് റോഡ് സൈഡിലേക്ക് ഇറങ്ങി പറമ്പിലേക്ക് കൈ ചൂണ്ടി. അവാർഡ് പടത്തിന് തീയേറ്ററിൽ ആളിരിക്കുന്ന പോലെ അവിടേമിവിടേം കൊറേ ഏലച്ചെടികൾ വളർന്നിട്ടുണ്ട്.
“ഏലക്കാ ഒന്നും കാണുന്നില്ലല്ലോ?”
ജീവിതത്തിൽ ആദ്യമായി ഏലം കാണുന്ന പോള് ഏലത്തിന്റെ മണ്ടക്ക് നോക്കി ചോദിച്ചു.
“അതിന്റെ ചുവട്ടിലാടെ കാ ഉണ്ടാകുന്നത്” അണ്ണൻ വിജ്ഞാനം വിളമ്പി. ഒരു ഏലച്ചെടി മൂടോടെ പിഴുത് നോക്കിയിട്ട് നോക്കിയിട്ട് ലവൻ്റെ കമൻറ്
“ഇതിൻ്റെടീൽ ഒന്നുമില്ലല്ലോ”?
ചേനയോ ചെമ്പോ ഒക്കെ പോലെ കിഴങ്ങ് ആയിട്ടാണ് ഏലയ്ക്ക ഉണ്ടാകുന്നതെന്നാ ആ കെഴങ്ങൻ വിചാരിക്കുന്നത്. 😏😏….
പെണ്ണുകാണൽ വിശേഷങ്ങളുമായി നാളെ വരാം.

