എന്തേ ഇത്ര നേരത്തെയുണർന്നതെന്ന് മുറിയിലെ വിളക്ക് തെളിയിച്ചു ചുമരിലെ ക്ലോക്കിലേയ്ക്ക് നോക്കിയപ്പോൾ അയാൾ സ്വയം ചോദിച്ചു. സമയം നാലാകുന്നതേയുള്ളൂ. ഉണർന്നാൽ പിന്നെ ഉറങ്ങാനാകില്ല.
കുറച്ചു ദിവസമായി മനസ്സ് അസ്വസ്ഥമാണ്. ഒന്നും ശരിയല്ല.
ജീവിതത്തിൽ പരാജയങ്ങൾ ഭക്ഷിച്ചാണ് താനിപ്പോൾ ദിവസങ്ങൾ തീർക്കുന്നത്. എവിടെയാണ് താൻ തോൽക്കുന്നത്? എന്തുകൊണ്ടാണ് തനിക്ക് നിരന്തരം തെറ്റുകൾ സംഭവിക്കുന്നത്? എന്തുകൊണ്ടാണ് അസ്വസ്ഥതകളുടെ ചങ്ങലപ്പൂട്ടുകളിൽ താൻ തളയ്ക്കപ്പെടുന്നത്?
ജീവിതനേട്ടങ്ങൾക്ക് ഒരു നിർവ്വചനം കണ്ടെത്താനാവുന്നില്ല എന്നതായിരിക്കാം തന്റെ കുഴപ്പം. ഇന്നലെ രാത്രി വിഴുങ്ങിയ മരുന്നുകൾ തന്നെ വേഗം ഉറക്കിയിരിക്കണം, ഇടയ്ക്ക് ഉണർന്നതേയില്ല. സ്വപ്നങ്ങൾക്ക് ഇന്നലെ രാത്രി അവധിയായിരുന്നു. വല്ലപ്പോഴുമൊക്കെ സ്വപ്നത്തിൽ വന്നു തന്റെ മുഖം കൈത്തലംകൊണ്ട് തഴുകിപ്പോകുന്ന വ്യക്തമല്ലാത്ത ആ രൂപവും ഇന്നലെ സ്വപ്നത്തിൽ വന്നില്ല.
എന്തോ പെട്ടെന്ന് പല്ലുതേക്കാനും ഷേവ് ചെയ്യാനും തോന്നി. പഞ്ചസാരയെയും രക്തസമ്മർദ്ദത്തെയും അകറ്റിനിർത്താനുള്ള ഡോക്ടർ പറഞ്ഞ ദ്രുതവ്യായാമം ഇന്ന് ചെയ്യണം, തനിക്ക് മടിയില്ലെന്ന് സ്വയം ബോധിപ്പിയ്ക്കണമല്ലോ!
ജീവിതം ബോറടിപ്പിച്ചു തുടങ്ങിയോ എന്ന ഒരു സംശയം അടുത്തിടെയായി പലപ്പോഴും ഓർമ്മിപ്പിക്കുന്നുണ്ട്. മാറ്റമില്ലാത്ത ജീവിതത്തിന്റെ, എന്നും തുടരുന്ന മനസ്സിന് ആവേശം, വെല്ലുവിളി ഒന്നും തരാൻ ഒന്നുമില്ലാത്ത ജോലിയാണോ പ്രശ്നം. ഏയ്, തനിക്കതിനെയൊക്കെ മറികടക്കാൻ കഴിയാറുണ്ടല്ലോ. ജീവിതത്തിലെ ഓരോ
നിമിഷവും കൃത്യമായി ഉപയോഗിക്കുന്നു എന്നുറപ്പുവരുത്തുന്ന ഒരാളല്ലേ താൻ.
അങ്ങനെ പറയാം. ചിലപ്പോൾ മറ്റുള്ളവരിൽ നിന്ന് ഉത്തരങ്ങൾ കിട്ടാതെ നിങ്ങളുടെ ജോലി പൂർത്തീകരിക്കാൻ കഴിയാത്തതിന്റെ വികാരവായ്പായിക്കൂടെ?
ഒരാൾക്കും തനിയെ ഈ ലോകം മുന്നോട്ട് കൊണ്ടുപോകാനാവില്ല. ചിലപ്പോഴെങ്കിലും നിന്റെ വേഗത നീ കുറയ്ക്കണം, മറ്റുള്ളവരും നിന്നോടൊപ്പം ജീവിതത്തിൽ ഓടിക്കൊണ്ടിരിക്കുന്നു എന്ന് മറക്കരുത് , അവർ നിങ്ങളെപ്പോലെ തീവ്രമായി ജോലി തീരണമെന്ന് ആഗ്രഹിക്കുന്നവർ ആകണമെന്നില്ല.
ക്ഷമ സ്വയം വളർത്തിയെടുക്കേണ്ട ഒരു നെടുംതൂണാണ്, നിങ്ങളുടെ ജീവിതം കെട്ടിപ്പടുക്കുന്നത് ആ തൂണിലാണ്.
ആർക്കും ആരെയും ശ്രദ്ധിക്കാനോ സഹതാപം അറിയിക്കാനോ ഒന്നും ഈ ലോകത്തിനിപ്പോൾ സമയമില്ല. നിങ്ങളായി നിങ്ങളുടെ പാടായി, ഇങ്ങനെയാണ് ഓരോ മനുഷ്യരും ഞാനടക്കം ചിന്തിക്കുന്നത്.
ജീവിതത്തിന്റെ വലിയ ബഹളങ്ങൾക്കിടയിൽ ഒറ്റപ്പെട്ടുപോയ മനുഷ്യർ തന്നെയാണ് നമ്മൾ ഓരോരുത്തരും. ഒറ്റത്തുരുത്തുകൾ!
നമ്മുടെ അത്തരം തുരുത്തുകളിൽനിന്ന് നാം അലമുറയിടുകയാണ്, എന്നെയാരും സഹായിക്കുന്നില്ല, ഞാൻ ഒറ്റപ്പെട്ടിരിക്കുന്നു. സ്വയം ഒറ്റപ്പെടുത്തിയവരുടെ വിലാപങ്ങളാണ് നമ്മുടെയെല്ലാം ഉള്ളിൽ ഉയർന്നു കേൾക്കുന്നത്. അതിനെ തുറന്നു വിടാൻ മരുഭൂമികൾ അന്വേഷിച്ചു നടക്കുന്ന നിസ്സഹായരാണ് നമ്മൾ ഓരോരുത്തരും.
പെട്ടെന്നാണ് ഫോണടിക്കുന്നത് കേട്ടത്. എന്തേ ഇന്ന് ജോലിക്കൊന്നും പോകുന്നില്ലേ? ഞങ്ങൾ കുറച്ചുനേരമായി പുറത്ത് കാത്തുനിൽക്കുന്നു.
മറ്റു തിരക്കുകളിൽ പെട്ടുപോയി, ക്ഷമിക്കൂ ഉടനെയെത്താം. മുറിയിൽ നിന്ന് പുറത്തേക്കിറങ്ങുമ്പോൾ ഇരുൾ മാറിയിട്ടില്ല. ഇതാണല്ലോ പതിവ്, വെളിച്ചം വരുന്നതും കാത്ത് അയാൾ ഇരുളിലേയ്ക്ക് ഇറങ്ങി നടന്നു.
@ കാവല്ലൂർ മുരളീധരൻ

