ശ്രീരാമൻ ജനിച്ചത് മേടമാസത്തിലെ മൂലം നക്ഷത്രത്തിൽ. അന്ന് ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ വലിയവിളക്കാണ്. കഥകളിയേക്കുറിച്ച് ഒന്നും അറിയില്ലെങ്കിലും പട്ടാഭിഷേകം കഥകളി കാണാൻ ആളുകൾ കൂട്ടത്തോടെ അമ്പലത്തിലേക്ക് എഴുന്നെള്ളും. അവിടെ കഥകളി നടക്കുന്ന വേദിയ്ക്ക് താഴെ പന്തലിൽ പോയി കിടക്കും ആളുകൾ. വെളുപ്പിന് പട്ടാഭിഷേകം തുടങ്ങുമ്പോൾ സദസ്സിലേയ്ക്ക് ഹനുമാനും മറ്റ് വാനരന്മാരുമൊക്കെ വന്ന് ആകെ ഒരു ബഹളമാകുമ്പോൾ ആണ് ആളുകൾ ഞെട്ടി ഉണർന്നു കഥകളി കാണുന്നത്. ആധുനിക ഗാനമേളയിൽ സദസ്സിലേയ്ക്ക് ഇറങ്ങിവന്നു പെർഫോം ചെയ്യുന്നവർ പണ്ടും ഉണ്ടായിരുന്നു ഇത് പോലെ.
അല്ലാ ഇതെന്തിനാ ഇവിടെ പറയുന്നത്, കഥാനായകൻ ജനിച്ചു എന്ന് പറഞ്ഞ ശേഷം ഈ കഥകളി പുരാണമൊക്കെ പറയുന്നത് എന്ന് ആലോചിച്ചിരിക്കും നിങ്ങൾ എന്ന് മനസ്സിലായി. പുള്ളിക്കാരൻ ജനിച്ച സമയത്ത് അച്ഛൻ ഗോവിന്ദൻ മാഷ് ഉൽസവം കാണാൻ എല്ലാവർഷവും എത്തും. വൈകിട്ട് ഉത്സവത്തിന് പോയാൽ വെളിച്ചമായിട്ടേ തിരിച്ചു വരൂ. അങ്ങനെ ശ്രീരാമ പട്ടാഭിഷേകം നടന്ന് കൊണ്ടിരിക്കുന്ന സമയത്താണ് മകൻ ഭൂജാതനായത്.
അപ്പോൾ തന്നെ പേരും തീരുമാനിച്ചു, ശ്രീരാമൻ!
ഗോവിന്ദൻ മാഷ് മകൻ ഉണ്ടായി എന്ന് വച്ച് ഉത്സവം ഒന്നും മുടക്കിയില്ല. എന്തായാലും പത്ത് ദിവസം പോയി. ആറാട്ടിന് ചാലക്കുടി കൂടപ്പുഴയിലും പോയി.
മകൻ ശ്രീരാമൻ ജനിച്ചതോടെ ഗോവിന്ദൻമാഷുടെ ഹോട്ടൽ ശ്രീരാമവിലാസം ഹോട്ടലായി. മാഷ് എന്ന് പറഞ്ഞത് കേട്ട് അമ്പരക്കണ്ട.. ഹോട്ടലിലെ ഓരോ ജോലിക്കും മാഷൻമാരാണ് ഉള്ളത്. ടീ മാസ്റ്റർ, പൊറോട്ട മാസ്റ്റർ, അങ്ങനെ ഷെഫുമാരെയൊക്കെ ഞങ്ങളുടെ ഭാഷയിൽ മാഷ് എന്നാണ് വിളിക്കുന്നത്.
ശ്രീരാമൻ്റെ ബാല്യകാലം വളരെ സംഭവബഹുലമായതായിരുന്നു. സ്വതവേ മടിയനാണെങ്കിലും അല്പം പേടി ഉള്ളവനാണെങ്കിലും എല്ലാവിധ കുഴപ്പങ്ങളിലും ചെന്ന് ചാടുന്നത് പതിവായിരുന്നു. കുറുമ്പ് കാട്ടിയാൽ അമ്മയിൽ നിന്നും അച്ഛനിൽ നിന്നും നല്ല അടിയും വാങ്ങി വീണ്ടും കുറുമ്പുകൾ തുടങ്ങും.
സ്കൂളിൽ പഠിക്കാൻ ഒന്നാം ക്ലാസിൽ കൊണ്ട് ചേർത്തു, ശ്രീരാമനെ.
സ്ളേറ്റും പുസ്തകവും പെൻസിലും എല്ലാം വാങ്ങി കൊടുത്തു. എന്ത് കാര്യം!
വൈകിട്ട് വീട്ടിൽ വരുമ്പോൾ സ്ളേറ്റിന്റെ ഒരു കഷണമേ കാണൂ. പെൻസിൽ ഒന്നും കാണില്ല. പുസ്തകത്തിന് ചട്ടയും പേജുമൊക്കെ കീറിയിരിക്കും.
മറ്റുള്ള പിള്ളേരുമായി അടി കൂടാൻ മിടുക്കനായത് കൊണ്ട്, ഇത് ശ്രീരാമനല്ല, രാവണനാണ് എന്നാണ് അവനെ പഠിപ്പിക്കുന്ന ടീച്ചർമാർ പറയുന്നത്.
ഇതൊക്കെ ആണെങ്കിലും ചിലർക്ക് അവനെ പേടിപ്പിക്കൽ കൂടുതലാണ്. സ്കൂളിൻ്റെ മുൻവശത്ത് തന്നെ താമസിക്കുന്ന നാരായണി അമ്മ ഒരു ഉച്ച നേരത്താണ് തലയിൽ എണ്ണ തേച്ച്, താളിയുമായി അമ്പലക്കുളത്തിലേക്ക് കുളിക്കാൻ പോകുന്നത്.
സ്കൂളിൽ ക്ളാസ് മുറിയിൽ ഇരിക്കുന്ന ശ്രീരാമന് നാരായണി അമ്മ റോഡിലൂടെ പോകുന്നത് കാണാം.
” അയ്യോ എന്റെ വീട്ടിലേക്ക് പോകല്ലേ.. എന്റെ അമ്മയെ കൊല്ലല്ലേ” എന്ന് വിളിച്ച് ക്ളാസിൽ നിന്നും ഇറങ്ങിയോടി, ശ്രീരാമൻ.
പിന്നാലെ ടീച്ചറും മറ്റ് കുട്ടികളും.
നാരായണി അമ്മയെ റോഡിൽ തടഞ്ഞു നിർത്തിയിരിക്കുകയാണ്.
പത്മിനി ടീച്ചർ ചോദിച്ചു നാരായണി അമ്മയോട് ” നാരായണി ചേച്ചി ഇവനെ വല്ലതും ചെയ്തോ! ഇവൻ ഇങ്ങനെ അലറി വിളിച്ചു കരയാൻ എന്താ കാര്യം?”
അപ്പോഴാണ് അവർ പണ്ട് എപ്പോഴോ ശ്രീരാമൻ്റെ വീട്ടിൽ പോയപ്പോൾ ഒരു തമാശയായി പറഞ്ഞതാണ്, കുറുമ്പ് കാട്ടിയാൽ അമ്മയെ പേനക്കത്തി കൊണ്ട് കുത്തിക്കൊല്ലും എന്ന്.
അത് ഇപ്പോഴും ഇവൻ ഓർത്തിരിക്കുകയാണ്…
” ഞാൻ വെറുതെ പറഞ്ഞതല്ലേ.. അമ്മയെ ഒന്നും തന്നെ ചെയ്യില്ല. മോൻ ക്ളാസിൽ പോയിരിക്ക്..
” കുട്ടികളെ പേടിപ്പിക്കാൻ അങ്ങനെയൊന്നും പറയാൻ പാടില്ല. ” ടീച്ചർ നാരായണി അമ്മയോട് പറഞ്ഞു.
എന്നിട്ടും അവന് അപ്പോൾ തന്നെ അമ്മയെ കാണണം. വീട്ടിൽ പോയി അമ്മയെ കണ്ടപ്പോഴേ അവന് സമാധാനമായുള്ളൂ.
ശ്രീരാമൻ്റെ ചെറിയ സ്കൂളിലെ പഠിപ്പ് കഴിഞ്ഞ് ഹൈസ്കൂൾ പഠനത്തിനായി ടൗണിൽ പോയി. അത് വരെ എല്ലാം കാര്യത്തിനും ആരെങ്കിലും കൂട്ട് വേണം എന്നത് മാറിക്കിട്ടി. ഓരോ കാര്യത്തിനും തന്നത്താൻ പ്രാപ്തി വന്നു.
വീട്ടിൽ അമ്മയെ എല്ലാ കാര്യത്തിലും സഹായിക്കുമായിരുന്നു ശ്രീരാമൻ. കടയിൽ നിന്നും സാധനങ്ങൾ വാങ്ങി കൊണ്ട് വരുക, റേഷൻ വാങ്ങാൻ പോകുക. വീട്ടിൽ പാചകത്തിന് കഷണം നുറുക്കി കൊടുക്കുക. അമ്മയ്ക്ക് അമ്പലത്തിലേക്ക് വേണ്ട പൂക്കൾ പറിച്ച് കൊണ്ട് കൊടുക്കുക.
അമ്മയോടൊപ്പം പറമ്പിൽ കൃഷി ചെയ്യുക. നനയ്ക്കുക, തുടങ്ങിയ ജോലികൾ ചെയ്തു.
പുരുഷനായതിന്റെ ആനുകൂല്യത്തെക്കുറിച്ചാണ് സമൂഹം എപ്പോഴും ഉയർത്തിക്കാട്ടിയിരുന്നത്. സ്വാതന്ത്ര്യം. ഏത് പാതിരയ്ക്കും എവിടേയും പോകാം. പൂരമോ, ഉത്സവമോ സിനിമയോ എവിടേയും ധൈര്യമായി പോകാം. രഹസ്യമായിട്ടെങ്കിലും മദ്യപിക്കാനും പുകവലിയ്ക്കാനും അനുമതി സമൂഹം പുരുഷന് നൽകിയിട്ടുണ്ട്. ഇന്ന് അതൊക്കെ രഹസ്യമേയല്ല പുതിയ തലമുറയ്ക്ക്. സ്ത്രീകൾക്ക് പണ്ടൊക്കെ പുറത്തിറങ്ങാൻ ആരുടെയൊക്കെ സഹായം വേണം. അച്ഛനോ അമ്മയോ സഹോദരനോ ഭർത്താവോ! ഇന്ന് ആ കടമ്പകളൊക്കെ ഇല്ലാതായി. ഇവിടെയല്ല മറ്റ് രാജ്യങ്ങളിൽ. ഇവിടെ എത്ര പുരോഗതി പ്രാപിച്ചു എന്ന് പറഞ്ഞാലും പുറത്തിറങ്ങാൻ ഭയക്കണം. അത് കൊണ്ടാണല്ലോ ഇടക്കിടെ ഓരോ വനിതകളുടെ രാത്രിയാത്രയൊക്കെ ആഹ്വാനം ചെയ്യുന്നത്!
ശ്രീരാമൻ്റെ ജീവിതം ആകെ മാറിമറിഞ്ഞത് സ്വതന്ത്ര ചിന്ത വന്നതോടെയാണ്. ലോകത്തെ, പ്രപഞ്ചത്തെ ജീവിതത്തെ സമൂഹത്തെ എല്ലാം പുതിയ വീക്ഷണകോണിലൂടെ നോക്കി കാണാൻ കഴിഞ്ഞു. പക്ഷെ അത് കൊണ്ട് നമ്മുടെ സമൂഹത്തിൽ എതിർപ്പുകൾ അല്ലാതെ ഒരു പോസിറ്റീവ് സമീപനം ഉണ്ടാകില്ലല്ലോ.
ജോലി കിട്ടാൻ വേണ്ടി യുള്ള ശ്രമമായിരുന്നു പിന്നീട്. മറ്റ് സംസ്ഥാനങ്ങളിൽ ജോലിക്കായി തെരഞ്ഞു. ചെറിയ ഒരു ജോലി ലഭിച്ചതോടെ
ജീവിതം ഇനി അവിടെ എന്ന് തീരുമാനിച്ചു. പക്ഷെ ദുരിതങ്ങൾ നിറഞ്ഞ അനുഭവങ്ങൾ ഏല്ക്കേണ്ടിവന്നതിനാൽ ആ ജോലി വരെ ഉപേക്ഷിച്ചു പോരേണ്ടി വന്നു ശ്രീരാമന്.
നാട്ടിൽ വന്നപ്പോൾ ആണ് ഒരു വിലയുമില്ല തനിക്ക് എന്ന് തിരിച്ചറിഞ്ഞത്. ജോലിയും വരുമാനവും ഇല്ലാത്ത ഒരാളെ ആർക്കു വേണം? വീട്ടിൽ വരെ മുഖം കറുത്തു എല്ലാവർക്കും. അമ്മയും സഹോദരിയും സഹോദരനുമൊക്കെ ശ്രീരാമനെ വില വച്ചില്ല.
അങ്ങനെയാണ് വീണ്ടും ജോലി തേടി അലഞ്ഞത്. പല ജോലികളും ചെയ്തു. കുട്ടികൾക്ക് ട്യൂഷൻ എടുക്കാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി. കാരണം പണ്ട് പഠിച്ച കാര്യങ്ങൾ വീണ്ടും പഠിക്കാനും അത് വഴി പരീക്ഷകൾ എഴുതാനുള്ള കഴിവ് വികസിപ്പിക്കാനുമൊക്കെ കഴിഞ്ഞു.
ഇൻഷുറൻസ് ഏജൻസി. ഒരു എഴുത്തുകാരന്റെ പകർപ്പ് എഴുത്തുകാരൻ, ഹോട്ടലിൽ തൊഴിലാളി. കാഷ്യർ. സാക്ഷരതാ ഇൻസ്ട്രക്ടർ, അങ്ങനെ എന്തെല്ലാം ജോലികൾ ചെയ്തു! അവസാനം ഒരു സർക്കാർ ജോലിയിൽ താല്ക്കാലിക ജോലിക്ക് പോയി. പിന്നീട് ആ ജോലിയിൽ ഏണിപ്പടികൾ കയറാൻ തുടങ്ങി.
വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച വിവാഹം. അതിൽ ശ്രീരാമന് ഒരു പ്രത്യേക താല്പര്യമൊന്നും ഉണ്ടായിരുന്നില്ല.
കഥകളിലും സിനിമകളിലും സീരിയലുകളിലും മാത്രമേ വിവാഹവും വിവാഹ ജീവിതവും ശ്രീരാമൻ കണ്ടിട്ടുള്ളൂ. യഥാർത്ഥത്തിൽ ഉള്ള ദാമ്പത്യ ജീവിതം എങ്ങനെയുള്ളതാണ് എന്ന് ശ്രീരാമന് എങ്ങനെ അറിയാൻ! കാരണം മറ്റ് പുരുഷൻമാരേപ്പോലെ യാതൊരു അനുഭവങ്ങളും ശ്രീരാമനില്ല. പ്രേമമോ, പ്രണയമോ, അവിഹിതമോ, ഒന്നും അയാളുടെ ജീവിതത്തിൽ ഉണ്ടായിട്ടില്ല എന്നത് ശ്രീരാമൻ്റെ കുറ്റമല്ലല്ലോ! മദ്യപിക്കാനോ പുക വലിക്കാനോ വരെ പോകാത്ത ശ്രീരാമനെ പച്ചവെള്ളം ചവച്ച് കുടിക്കുന്ന സന്യാസി എന്നാണ് കൂട്ടുകാർ പറയാറ്. ഇങ്ങനെയുള്ളയൊരാൾ വിവാഹം കഴിച്ചാൽ അത് എന്തായിത്തീരുമോ എന്നാണ് കൂട്ടുകാർ അന്യോന്യം പറഞ്ഞിരുന്നത്!
പലർക്കും പല അഭിപ്രായങ്ങളാണല്ലോ! ചിലർ പറയുന്നത് പോലെ അത്ര അറിവില്ലാത്തവനൊന്നുമായിരുന്നില്ല ശ്രീരാമൻ!
വിവാഹം കഴിഞ്ഞ് നല്ല രീതിയിൽ കുടുംബജീവിതം കൊണ്ട് നടക്കാനുള്ള ശ്രമത്തിലാണ് ശ്രീരാമൻ. ശ്രീദേവി ഒരു സാധാരണ കുടുംബത്തിൽ നിന്നും വന്ന പെൺകുട്ടി ആയത് കൊണ്ട് തന്നെ വലിയ വലിയ ആഗ്രഹങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.
ശ്രീരാമൻ്റെ വീട്ടിൽ എങ്ങനെയാണോ അങ്ങനെ തന്നെ ജീവിക്കാൻ ആണ് അവൾ ആഗ്രഹിച്ചത്. അത് കൊണ്ട് വലിയ ബുദ്ധിമുട്ടിലേയ്ക്ക് ശ്രീരാമന് പോകേണ്ടി വന്നില്ല. കുടുംബപ്രശ്നങ്ങൾ എന്നാലും വന്നുകൊണ്ടിരിയ്ക്കുമല്ലോ. അത് ഇവിടെയും സംഭവിച്ചു. നാം എത്ര തന്നെ സൂക്ഷിച്ചു ജീവിച്ചാലും, മറ്റുള്ളവരുടെ നിയന്ത്രിക്കാനൊന്നും നമുക്ക് ആവില്ല. അമ്മയും സഹോദരങ്ങളും വിവാഹത്തിന് മുൻപ് തന്നെ ശ്രീരാമനോട് പെരുമാറിയത് ഓർമ്മയുണ്ട്. വിവാഹം കഴിഞ്ഞ് കുറച്ചു കാലത്തേക്ക് വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല എങ്കിലും, സഹോദരന്റേയും സഹോദരിയുടെയും പഠിപ്പും വിവാഹങ്ങളുമൊക്കെ നടത്തേണ്ട ചുമതല ശ്രീരാമന്റെ ചുമലിലായിരുന്നു. അച്ഛൻ ഉണ്ടായിരുന്നു എങ്കിലും ഇല്ലാത്ത പോലെ. ശ്രീരാമന് ജോലിയും വരുമാനവും ഉണ്ടല്ലോ. അതെല്ലാം സ്വന്തം ചുമതലയായി കരുതി അയാൾ. ശ്രീദേവി അതിന് പൂർണമായും സമ്മതിച്ചിരുന്നു. അവൾക്ക് രണ്ട് എന്ന് ചിന്തയേ ഉണ്ടായിരുന്നില്ല.
എന്നാൽ സഹോദരൻ്റെ വിവാഹം കഴിഞ്ഞ് ഏതാനും ആഴ്ചകൾ ആയപ്പോഴേക്കും വീട്ടിൽ പ്രശ്നങ്ങൾ ഉടലെടുത്തു.
അല്പം ഹൈ ലെവലിലുള്ളവളായിരുന്നു സഹോദരന്റയ ഭാര്യ. അതനുസരിച്ച് പെരുമാറുകയും പ്രവർത്തിക്കുകയും ചെയ്യുന്നതിൽ ഒരു മടിയും കാണിക്കാത്തത് കൊണ്ട് തന്നെ, വീട്ടിൽ ഓരോന്നും പറഞ്ഞ് വഴക്കുകൾ പതിവായി. രണ്ട് അടുക്കളയായി. പുതുപ്പെണ്ണ് ഭക്ഷണം ഉണ്ടാക്കി ഭർത്താവുമായി സ്വന്തം മുറിയിൽ കയറും. അമ്മയ്ക്കും ഒരു ഓഹരി കിട്ടും. ശ്രീരാമനും ശ്രീദേവിയ്ക്കും കുഞ്ഞിനും വേണമെങ്കിൽ വേറെ വയ്ക്കണം. ഇതെല്ലാം കണ്ട് എത്രയും വേഗം ഇവിടെ നിന്നും പോകണം എന്ന ചിന്തയിലെത്തി, ശ്രീരാമൻ.
വേറെ ഒരു വീട് വാടകയ്ക്ക് എടുത്ത് മാറി, അവർ. പോകുമ്പോൾ അങ്ങോട്ട് യാത്ര പറഞ്ഞെങ്കിലും ഒന്നും മിണ്ടിയില്ല, അമ്മയും സഹോദരങ്ങളും.
വാടകവീട്ടിൽ വലിയ സൗകര്യങ്ങൾ ഒന്നും ഇല്ലെങ്കിലും സമാധാനം ഉണ്ടല്ലോ എന്ന് ശ്രീദേവി പറഞ്ഞു.
#കൂട്ടക്ഷരങ്ങൾ
#എന്റെരചനാമത്സരം
#ബ്ളോഗ്
#വിഷയം_വേരറുക്കപ്പെട്ടവർ
#കഥ_വിധിവിഹിതമേവനുംലംഘിച്ചുകൂടുമോ?!
#രചന_രാമചന്ദ്രൻടിവി


1 Comment
പണ്ടൊക്കെ പല കുടുംബങ്ങളിലും നടന്നിരുന്നത് ഇതു തന്നെയായിരുന്നു.
സ്വന്തം വേരുകൾ മുറിച്ചെറിയാൻ വിധിക്കപ്പെട്ടവർ
കഥ നന്നായിട്ടുണ്ട്👌🌹