വെള്ളിമേഘംപോൽ വെളുത്ത
പുടവയും ചുറ്റിയിരിക്കുന്നു മുത്തശ്ശി
മിന്നുന്ന വെള്ളിനൂൽ പോലെ
വെളുത്തതാം കൂന്തലുമായൊരു മുത്തശ്ശി
പല്ലില്ലാ മോണയും കാട്ടിച്ചിരിക്കുമ്പോൾ
ഒരു പിഞ്ചു പൈതലെപ്പോലല്ലോ
ഒരു കഥ ചൊല്ലുവാൻ,
ഒന്നു താലോലിക്കാൻ
പേരക്കിടാങ്ങളെ തേടുന്നൂ
മക്കളില്ലാ, പേരമക്കളില്ല
കൂടെ നിഴലായി ഭൂതകാലം മാത്രം
പോയകാലത്തെ നിറമുള്ള ഓർമ്മകൾ
താലോലിച്ചീടുന്നു മുത്തശ്ശി
ആരുടെയോ വിളി കേൾക്കുവാൻ
കാതോർത്ത് ഉമ്മറക്കോണിലിരിപ്പല്ലോ
ആ വെള്ള പുടവപോൽ
വർണ്ണങ്ങളില്ലാതവരുടെ ജീവിതവും
അവരറിയാതെയാ മേനിയാകെ
ചുക്കിച്ചുളിച്ചു കഴിഞ്ഞല്ലോ
കാലമേ, നീയാ ചുളിവിനോടൊപ്പം
ചുളിച്ചു കളഞ്ഞല്ലോ ജീവിതവും
