അയാൾ അങ്ങനെയാണ്. നാട്ടിൽ പോകുമ്പോൾ പെട്ടിയെല്ലാം പാക്ക് ചെയ്തു, രാവിലെ ഓഫീസിലേയ്ക്ക് പോകുമ്പോൾത്തന്നെ കൊണ്ടുപോകും. പെട്ടികൾ അവിടെ വെച്ച് ജോലിയെല്ലാം കഴിഞ്ഞു വൈകീട്ട് ഏഴ് മണിയോടെ ഓഫീസിന് അടുത്തുള്ള എയർപോർട്ടിലേയ്ക്ക് പുറപ്പെടും. തിരക്കിലൂടെ മുറിയിലേയ്ക്കും വീണ്ടും തിരിച്ചു എയർപോർട്ടിലേയ്ക്കും പോകുമ്പോൾ ട്രാഫിക് ബ്ലോക്കിൽ പെട്ടേക്കാം, അതൊഴിവാക്കാനാണ്. രാത്രി പത്തിന് പുറപ്പെടുന്ന വിമാനത്തിൽ കയറിയാൽ, ചെറിയ ഒരു ഉറക്കം കഴിയുമ്പോൾ അതിരാവിലെ നാട്ടിൽ ചെന്നിറങ്ങാം. ലീവിൽ ഒരു ദിവസം ലാഭം. സത്യത്തിൽ ലാഭമൊന്നും ഉണ്ടാകാറില്ല, ഉറക്കക്ഷീണം ആ ദിവസം കൊണ്ടുപോകും.
സാങ്കേതികവിദഗ്ധനായ അയാൾ പലപ്പോഴും മരുഭൂമിയുടെ നടുവിലുള്ള വലിയ പദ്ധതികളിലേയ്ക്ക് പെട്ടെന്ന് യാത്ര ചെയ്യേണ്ടിവരാറുണ്ട്. അയാൾ മുമ്പേ മാനേജരോട് പറഞ്ഞു വെച്ചിരുന്നു, ഇന്ന് രാത്രി താൻ നാട്ടിലേയ്ക്ക് പോവുകയാണ്, അത്തരം ജോലികൾക്കൊന്നും തന്റെ പേരിടരുത്. നാട്ടിൽ അച്ഛന് സുഖമില്ല, ഇന്നത്തെ വിമാനത്തിൽതന്നെ പുറപ്പെടണം. മരുഭൂമിയിലേയ്ക്ക് പോയാൽ എപ്പോഴാണ് തിരിച്ചെത്തുക എന്നറിയില്ല. ചിലപ്പോൾ പണി വേഗം തീരാം, ചിലപ്പോൾ രാത്രിയാകാം, ചിലപ്പോൾ പാർട്സ് വരാൻ കാത്തു നിൽക്കേണ്ടി വരും. മരുഭൂമിയിലേയ്ക്ക് യാത്ര പുറപ്പെട്ടാൽ തിരിച്ചെത്തുക എപ്പോഴാണ് എന്ന് പറയാൻ കഴിയില്ല.
താൻ നാട്ടിലേയ്ക്ക് പോകുമ്പോൾ ഉള്ള മീറ്റിങ്ങുകൾ മറ്റൊരാൾക്ക് കൈമാറി അയാൾ ഇരിക്കുകയായിരുന്നു. അപ്പോഴാണ് മാനേജരുടെ ഫോൺ വന്നത്.
‘എനിക്കറിയാം നീ ഇന്ന് രാത്രി അവധിയ്ക്ക് പോവുകയാണെന്ന്, നിനക്ക് ഒരു ജോലിയും ഞാൻ ചാർട്ട് ചെയ്തിരുന്നില്ല, എന്നാൽ നമ്മുടെ ഏറ്റവും കൂടുതൽ കച്ചവടം തരുന്ന കമ്പനിയിൽ ഒരു പ്രശ്നമുണ്ടായിരിക്കുന്നു. നമുക്കവരെ സഹായിച്ചേ മതിയാകൂ. പണി തീർന്നാലും ഇല്ലെങ്കിലും നിന്നെ ഞാൻ ആറ് മണിയ്ക്കകം തിരിച്ചെത്തിച്ചിരിക്കും, ഇതെന്റെ വാക്കാണ്. നീയെന്റെ, നമ്മുടെ സ്ഥാപനത്തിന്റെ അഭിമാനം കാക്കണം.’
അയാളുടെ മുഖം വിവർണ്ണമായി. അയാൾ അപ്പോൾ ഫോണിൽ വന്ന അമ്മയുടെ സന്ദേശം വായിച്ചു, ‘നീ ഇന്ന് രാത്രി തിരിക്കില്ലേ, അച്ഛന്റെ ആരോഗ്യം കുറച്ചു മോശമാണ്.’
എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ എങ്ങനെയാണ് എനിക്കാവില്ല എന്ന് പറയുക. മാത്രമല്ല, തിരിച്ചു വന്നാൽ ഇവിടെത്തന്നെയാണ് പണിയെടുക്കേണ്ടത്. സ്ഥാപനത്തിലെ എല്ലാ മുതിർന്ന മാനേജർമാർക്കിടയിലും അയാളെക്കുറിച്ച് വലിയ മതിപ്പാണ്, ഒരു വാക്ക് മതി, അതെല്ലാം ഇല്ലാതാകാൻ.
അയാൾ അതിവേഗം തയ്യാറായി, വണ്ടിയിൽ നിന്ന് ഇറക്കി വെച്ചിരുന്ന ടൂൾസ് (ഉപകരണങ്ങൾ) വേഗം വണ്ടിയിൽ കയറ്റി, അയാളിലെ യോദ്ധാവ് ഉണർന്നു. തനിയെ വേണ്ട എന്ന് കരുതി ഡ്രൈവറെക്കൂടി കൂടെക്കൂട്ടി.
‘വണ്ടി പറപ്പിച്ചു വിടൂ, നമുക്ക് പണികൾ തീർത്ത് എത്രയും വേഗം തിരിച്ചെത്തണം. ഏഴു മണിയ്ക്ക് എനിയ്ക്ക് എയർപോർട്ടിൽ എത്തണം.’
‘റോഡിൽ നിറയെ വേഗത അളക്കാനുള്ള ക്യാമറ ഉള്ളത് നിങ്ങൾ മറന്നുപോയോ?’ ഡ്രൈവർ പറഞ്ഞു.
‘ശരിയാണ്, വേഗം കൂടിയാൽ പെനാൽറ്റി ഉറപ്പാണ്.’
ഉം എന്ന് അയാൾ നീട്ടി മൂളി.
എങ്കിലും കാർ അനുവദനീയമായ വേഗത്തിൽ ചീറിപ്പാഞ്ഞു. രണ്ടു മണിക്കൂർ അങ്ങോട്ട്, രണ്ടു മണിക്കൂർ തിരിച്ചും. ഏറിയാൽ രണ്ടു മണിക്കൂർ ജോലി, ഇപ്പോൾ പത്തു മണി, എന്തായാലും നാല്-അഞ്ചു മണിയോടെ തനിക്കു തിരിച്ചെത്താനാകും.
മരുഭൂമിയിലേയ്ക്ക് കടക്കുമ്പോൾ ഫോണിന്റെ സിഗ്നൽ ഇല്ലാതെയാകും. നാട്ടിൽ നിന്നുള്ള സന്ദേശങ്ങൾ ഒന്നും ഇനി കാണില്ല. അയാൾ ഒന്നുകൂടി അമ്മയുടെ അവസാന സന്ദേശം വായിച്ചു.
‘സമാധാനമായിരിക്കൂ സർ, എല്ലാം ശരിയാകും.’ അയാളുടെ ആവലാതി മുഖത്തുനിന്ന് വായിച്ചെടുത്ത് ഡ്രൈവർ പറഞ്ഞു.
‘ദൈവം എപ്പോഴും കൂടെയുണ്ട്, ധൈര്യമായിരിക്കൂ’, ഡ്രൈവർ തുടർന്നു.
തുടർന്ന് ഒരു കുപ്പി വെള്ളമെടുത്തു അയാൾക്ക് നേരെ നീട്ടി. കുറച്ചു വെള്ളം കുടിച്ചപ്പോൾ അയാൾക്ക് സമാധാനമായി.
പന്ത്രണ്ട് മണിയ്ക്ക്തന്നെ പദ്ധതിയിൽ എത്തിച്ചേർന്നു. അയാൾ അതിവേഗം വണ്ടിയിൽ നിന്ന് ചാടിയിറങ്ങി എന്താണ് സാങ്കേതിക തകരാർ എന്ന് കണ്ടുപിടിക്കാൻ ശ്രമിച്ചു. ഒറ്റനോട്ടത്തിൽ എന്താണ് തകരാർ എന്നയാൾക്ക് കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. ആ വലിയ മെഷീന്റെ പലപല ഭാഗങ്ങൾ അയാൾ അഴിച്ചു പുറത്തു വെച്ചു. ഏതാണ്ട് രണ്ട് മണിക്കൂർ ശ്രമിച്ചിട്ടും അയാൾക്ക് തകരാർ കണ്ടെത്താനായില്ല.
അയാൾ പുറത്തേയ്ക്ക് നടന്നു.
കൂടെ വന്ന ഡ്രൈവർ പറഞ്ഞു, ‘നമുക്കൊരു ചായ കുടിക്കാം, ഉച്ചഭക്ഷണമൊന്നും കഴിച്ചില്ലല്ലോ, ഒരു ചായ കുടിച്ചാൽ നിങ്ങൾ കുറച്ചു ശാന്തനാകും, അപ്പോൾ പെട്ടെന്ന് തകരാർ കണ്ടെത്താനാകും. നിങ്ങളുടെ ചിന്തകൾ മുഴുവൻ രാത്രിയിലെ യാത്രയെക്കുറിച്ചാണ്, അതാണ് നിങ്ങളുടെ സ്വതസിദ്ധമായ ശ്രദ്ധയും ഏകാഗ്രതയും കൈവരിക്കാൻ സാധിക്കാത്തത്.’
അത് ശരിയാണെന്ന് അയാൾക്ക് തോന്നി.
സമയം നാലുമണിയാകുന്നു. കൂടെയുള്ള പദ്ധതിയിലെ എഞ്ചിനീയർമാരും നിരാശ നിറഞ്ഞ മുഖത്തോടെ അയാളെത്തന്നെ നോക്കി നിൽക്കുന്നു.
‘എന്താണ് സർ, ഇത്തവണ ഇത്രയധികം സമയമെടുക്കുന്നത്, സാധാരണ എന്ത് തകരാറും നിങ്ങൾ അതിവേഗം കണ്ടുപിടിക്കുന്നതാണല്ലോ?’
അയാളതിന് മറുപടി പറഞ്ഞില്ല, പോകാൻ അവരെക്കാൾ തിരക്ക് അയാൾക്കാണെന്ന് അവർക്കറിയില്ലല്ലോ. അയാൾ തന്റെ ഉള്ളിൽ നിറയുന്ന ഈർഷ്യയും വെറുപ്പും ദേഷ്യവും കടിച്ചിറക്കി.
സമയം അഞ്ച്. ഇന്നിനിയി യാത്ര നടക്കില്ല, അയാൾ ഉറപ്പിച്ചു. അഴിച്ചിട്ട ഉപകരണങ്ങൾ തിരിച്ചു ഘടിപ്പിക്കാൻ ഒരുമണിക്കൂർ എടുക്കും. എന്തോ അയാൾക്ക് അതെല്ലാം പെട്ടെന്ന് തിരിച്ചു ഘടിപ്പിക്കാൻ തോന്നി. ആറുമണിക്കകം മെഷീൻ തിരിച്ചു ഘടിപ്പിച്ചു. അയാൾ സ്വിച്ചിൽ വിരലമർത്തി. ഭാഗ്യം മെഷീൻ പ്രവർത്തിക്കാൻ തുടങ്ങി. അയാളുടെ മുഖത്ത് ആശ്വാസം. തന്റെ ടൂളുകൾ വേഗം പെട്ടിയിലാക്കി അയാൾ കാറിലേക്ക് ഓടി. ഡ്രൈവറോട് പറഞ്ഞു, ‘വേഗം, ഇപ്പോൾ ആറര, രണ്ടു മണിക്കൂർ, എട്ടരയോടെ എയർപോർട്ടിൽ എത്തിയാൽ ഇന്നുതന്നെ പോകാം.’
ഡ്രൈവർ അതിവേഗം കാർ തിരിച്ചോടിച്ചു. സിഗ്നൽ ഉള്ള സ്ഥലത്തെത്തിയപ്പോൾ അയാൾ അമ്മയുടെ പുതിയ സന്ദേശം കണ്ടു, ‘മോനെ, അച്ഛന്റെ നില വഷളായി, നിന്നെ കാത്ത് നിൽക്കുന്നില്ല, ആശുപത്രിയിലേയ്ക്ക് മാറ്റുകയാണ്.’
അയാളുടെ കണ്ണുകൾ നിറഞ്ഞു. ഡ്രൈവർ അയാളുടെ ചുമലിൽ തഴുകി.
പെട്ടെന്നാണ് മാനേജരുടെ ഫോൺ വന്നത്, ‘എന്തുപറ്റി എന്താണ് ഇത്രയും വൈകിയത്?’
‘അങ്ങനെ സംഭവിച്ചു സർ, തകരാർ കണ്ടെത്താൻ വളരെ വൈകി.’
‘ഒരു കാര്യം ചെയ്യൂ, നിങ്ങൾ നേരെ എയർ പോർട്ടിലേയ്ക്ക് പോകൂ, നിന്റെ പെട്ടികൾ ഞാൻ അവിടെ എത്തിക്കാം. രണ്ടു പെട്ടികൾ അല്ലെ?’
‘അതെ സർ’ അയാൾ പറഞ്ഞു.
‘പാസ്സ്പോർട്ടും ടിക്കറ്റും കൈവശമുണ്ടല്ലോ?’
‘ഉണ്ട് സർ.’
അയാൾ ഇടയ്ക്കിടെ അമ്മയുടെ സന്ദേശം വായിക്കും, വാച്ചിൽ നോക്കും, പിന്നെ പുറത്തേയ്ക്ക് നോക്കും. എന്തൊരു ജീവിതമാണ് തന്റേത്, വേണ്ട സമയത്ത് നാട്ടിൽ എത്തി അമ്മയെയും അച്ഛനെയും സഹായിക്കാനാവാത്ത ഒരു മകന്റെ നിസ്സഹായാവസ്ഥ ആർക്കറിയാനാണ്. നാട്ടിൽ എല്ലാവരും തന്നെ കുറ്റപ്പെടുത്തുകയാകും. വയസ്സായ അമ്മ, അച്ഛനെ തനിയെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകേണ്ടി വരുന്നു. ബന്ധുക്കാരോ, സുഹൃത്തുക്കളോ കൂടെക്കാണും, എന്നാൽ ഒറ്റമകനായ താനില്ലല്ലോ!
നഗരത്തിനോട് അടുക്കുംതോറും റോഡിൽ തിരക്ക് കൂടിക്കൂടി വരുന്നു. വണ്ടിയുടെ വേഗത കുറഞ്ഞു, അയാൾ ആശങ്കയോടെ വാച്ചിൽ നോക്കി. മുന്നിൽ വാഹനങ്ങളുടെ വലിയ നിര, തിരക്കൊഴിയാൻ ഇനി എത്ര നേരം വേണമെന്നറിയില്ല.
ഡ്രൈവർ അയാളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. ‘എന്തായാലും ഞാൻ താങ്കളെ ഒമ്പത് മണിയ്ക്ക് മുമ്പ് എയർപോർട്ടിൽ എത്തിച്ചിരിക്കും. ഒരു മണിക്കൂർ മുമ്പല്ലേ അവർ കൌണ്ടർ അടയ്ക്കൂ, പെട്ടികളുമായി നമ്മുടെ ഡ്രൈവർ അവിടെ കാത്ത് നിൽക്കുന്നുണ്ടാകും.’
എന്തോ, ഈ മഹാനഗരത്തിന്റെ തിരക്കുകൾ നന്നായറിയുന്ന അയാൾ ഒരു പ്രതീക്ഷയും വെച്ചുപുലർത്താൻ ശ്രമിക്കാത്തപോലെ മുഖം വിവർണ്ണമായി. വിധി, ഇതിനെയാണ് വിധിയൊന്നെക്കെ പറയുക, അയാൾ മനസ്സിൽ പറഞ്ഞു.
തിരക്കുകൾക്കിടയിലൂടെ ഡ്രൈവർ കാർ എങ്ങനെയൊക്കെയോ കുത്തിക്കയറ്റി വണ്ടി എയർപോർട്ടിൽ എത്തിച്ചു. അയാൾ വണ്ടിയിൽ നിന്ന് ചാടിയിറങ്ങി. മുന്നിൽ ഒരു പെട്ടിയുമായി ഡ്രൈവർ.
‘രണ്ടാമത്തെ പെട്ടിയെവിടെ?’
‘ഞാൻ ഒരു പെട്ടിയെ കണ്ടുള്ളൂ.’
അയാളുടെ മുഖം ചുവന്നു. ദേഷ്യം ഇരച്ചു കയറിയെങ്കിലും അയാൾ സ്വയം നിയന്ത്രിച്ചു.
‘രണ്ടാമത്തെ പെട്ടി അവിടെത്തന്നെയുണ്ട്, നാളെ കാർഗോ അയക്കാൻ പറയൂ.’
കിട്ടിയ പെട്ടിയുമായി അയാൾ അകത്തേയ്ക്ക് പാഞ്ഞു. തന്റെ വിമാനത്തിന്റെ കൗണ്ടർ തിരഞ്ഞു. ഏറ്റവും അവസാനം ആ പേരുകൾ തെളിഞ്ഞു കണ്ടു. അയാൾ ഓടി അവിടേക്കെത്തി. അയാൾ എത്തുമ്പോഴേയ്ക്ക് വിമാനത്തിന്റെ പേരുകൾ കാണിക്കുന്ന വെളിച്ചം അണഞ്ഞു. അവർ കൗണ്ടർ അടച്ചുവോ, ഞാൻ കൂടിയുണ്ട്. അയാൾ ഓടി കൗണ്ടറിൽ എത്തി.
‘കൗണ്ടർ അടച്ചു സർ’, അവർ വാച്ചിലേക്ക് വിരൽചൂണ്ടി.
‘എനിയ്ക്ക് പോകണം, പോയെ മതിയാകൂ. എന്റെ അച്ഛൻ ആശുപത്രിയിൽ ആണ്.’
കൗണ്ടറിൽ നിന്ന് നടന്നു നീങ്ങുന്ന വിമാനജീവനക്കാരൻ ദയനീയമായി അയാളെ നോക്കി.
‘എനിക്ക് പോകണം, എന്റെ അച്ഛൻ ആശുപത്രിയിൽ ആണ്’ – അയാൾ ഉറക്കെ അലറി.
‘എന്തുപറ്റിയെടാ’ എന്നു പറഞ്ഞു സുഹൃത്ത് കുലുക്കി വിളിച്ചപ്പോഴാണ് അയാൾ കണ്ണുകൾ തുറന്നത്. അയാൾ വിയർത്തൊഴുകുകയായിരുന്നു.
‘നീയെന്തോ ദുഃസ്വപ്നം കണ്ടെന്ന് തോന്നുന്നു.’ സുഹൃത്ത് പറഞ്ഞു.
അയാൾ എഴുന്നേറ്റ് വെള്ളം കുടിച്ചു. മുറിയിൽ ഓടിക്കൊണ്ടിരിക്കുന്ന ടിവിയിലേയ്ക്ക് നോക്കി, താഴെ ഓടിക്കൊണ്ടിരിക്കുന്ന വാക്കുകൾ വായിച്ചു, എയർപോർട്ട് താത്കാലികമായി അടച്ചിരിക്കുന്നു.
@കാവല്ലൂർ മുരളീധരൻ

