തിരയെണ്ണാൻ
കടലോരത്ത് ചെന്നപ്പോൾ,
എന്റെ നോവുകൾ
കടലമ്മ കടം ചോദിച്ചു.
നുരയിട്ട തിരകളെ
കരയിലേക്കയച്ച്,
എന്റെ കാലിൽ തൊട്ട്
കടൽ കേണപേക്ഷിച്ചു.
ഉപ്പുകാറ്റ്
കള്ളനെപ്പോൽ
എന്നെ വട്ടംചുറ്റി.
കടൽപ്പക്ഷികൾ
ചിറകടിച്ചാർത്ത്
മാടിവിളിച്ചു.
ചക്രവാളത്തിൽ
ചോരച്ചുവപ്പു പടർത്തി
അസ്തമയസൂര്യൻ,
വേണ്ടെന്ന മട്ടിൽ
ഇടയ്ക്കിടെ
കണ്ണിറുക്കിക്കാണിച്ചു.
നെഞ്ചിലെ നോവുകൾ
കടലിനു നൽകാതെ
ഞാൻ തിരിഞ്ഞുനടന്നു.
പിന്നിൽ,
തിരകൾ തീർത്ത
നനവാർന്ന മണൽപ്പുറത്ത്
എന്റെ കാൽപ്പാടുകൾ മായുമ്പോൾ—
മൺതരികൾ
ഉള്ളിൽ
പതിയെ ചിരിച്ചു…
!!! കെ. ആർ. സി. !!!
