കേരളീയരുടെ മാതൃഭാഷയ്ക്ക് തെക്കു നിന്ന് വടക്കു വരെ വ്യത്യസ്തഭാവങ്ങൾ.
ഞാൻ ‘തിരോന്തര’ത്ത് പഠിക്കുമ്പോൾ, ഹോസ്റ്റലിനടുത്ത് ഒരു സ്കൂളുണ്ട്. രാവിലെ കോളേജിലേക്ക് പോകുമ്പോൾ അവിടുന്നൊരു കോറസ്സ് “ചാ …..ച്ചി”. എന്താണ് സംഭവം? അവരെന്നെ ചേച്ചിയെന്നു വിളിച്ചതാണ്. സമയമെത്രയായി എന്നറിയാനാണ്. സമയം പറഞ്ഞതോടെ “വോ തന്നെ തന്നെ“ എന്ന് പറഞ്ഞ് അവരോടിപ്പോയി. അതെ, ഞാൻ ‘തനിയെ’ കോളേജിൽ പോകുന്നതിനവർക്കെന്താ? “തന്നെ” എന്നാൽ “അതെ” എന്നാണെന്നു മനസ്സിലായത് പിന്നീടാണ്.
കോട്ടയംകാരിയായ ഞാൻ അവിടെ കേൾക്കുന്നത് “കൊച്ചെ അവിടെ നിന്നേ”. തിരിച്ച് “എന്നാ ചേടത്തീ, എന്നത്തിനാ വിളിച്ചേ?”
ഇനി “മ്മ്ക്കൊരോ നാരങ്ങാവെള്ളം കാച്ചിയാലോ” എന്ന് ജയകൃഷ്ണന്മാരും “ഈ ക്ടാവിന്റെ പേരെന്തൂട്ടാ ” എന്ന് പ്രാഞ്ചിയേട്ടന്മാരും ചോദിക്കുന്ന തൃശൂർ.
“ഈടെ ഇറങ്ങിക്കോളി” എന്ന് കോഴിക്കോട്.
കണ്ണൂരെത്തിയാലോ. ഈണത്തിൽ ചോദിക്കും “ഓള് ഏട്യാ പോയ്ന്, ഉമ്പം താപ്പ”. വെള്ളം വേണമെന്നാണെന്ന് ആരെങ്കിലും പറഞ്ഞു മനസ്സിലാക്കണം.
വളച്ചൊടിച്ചാലും വലിച്ചു നീട്ടിയാലും കാച്ചിക്കുറുക്കിയാലും ഇതെല്ലാം ഒന്നുതന്നെ. നമ്മുടെ മാതൃഭാഷ. നമ്മുടെ മലയാളം.