“ഇതെന്നാ ജീവിതമാടാ ഉവ്വേ? അവള് കാലത്തെഴുന്നേറ്റ് ചമഞ്ഞ് കെട്ടിയൊരുങ്ങി ഒരു പോക്ക്.. നീ കൊച്ചുങ്ങളെ ഒരുക്കി സ്കൂളിലും വിട്ട് അടുക്കളപ്പണികളും ചെയ്തീ വീട്ടിൽ!
നാട്ടുകാരറിഞ്ഞാ എന്നാ നാണക്കേടാ.”
ഞാൻ മറുപടി ഒന്നും പറയാതെ തൻ്റെ ജോലികളിൽ വ്യാപൃതനായി. ലിസ നഴ്സാണ്.
ആദ്യമാദ്യം അല്ലറ ചില്ലറ ജോലികളൊക്കെ ഞാനും ചെയ്തു കൊണ്ടിരുന്നതായിരുന്നു. പിന്നെ ഇവിടെ മക്കളെ നോക്കാൻ ആയക്ക് കൊടുക്കുന്ന തുക പോലും എനിക്ക് കിട്ടുന്നില്ലെന്ന് കണ്ടപ്പോൾ ഞങ്ങൾ പരസ്പരം സംസാരിച്ചെടുത്തൊരു തീരുമാനമാണിത്. സ്വസ്ഥമായി പോയി കൊണ്ടിരുന്ന കുടുംബ ജീവിതമായിരുന്നു. അമേരിക്ക കാണാൻ അമ്മച്ചി നാട്ടിൽ നിന്നും വന്നതോടെ ഉള്ള സ്വസ്ഥത പോയി കിട്ടി.
അമ്മച്ചി വീണ്ടും ചെവിട്ടിൽ കടുകിട്ട നായടെ പോലെ എന്തൊക്കെയോ പറഞ്ഞു തുടങ്ങി.
“നിനക്കെന്നതാ ജോലിയെന്ന് നാട്ടുകാര് ചോദിച്ചാ ഞാനെന്നാ പറയുമെടാ ജോസേ നിനക്കിവിടെ ഭർത്താവുദ്യോഗമാണെന്നോ?”
“അമ്മച്ചി സന്തോഷമായിട്ട് പറഞ്ഞോ, ഞാനിത് ഏറെ ഇഷ്ടത്തോടെ ചെയ്യുന്നതാ. ഇതെൻ്റെ കുടുംബമല്ലേ അമ്മച്ചീ.” അമ്മച്ചി എൻ്റെ മറുപടി കേട്ട് വായും പൊളിച്ച് നിൽപ്പുണ്ടായിരുന്നു.