2002 ഓണം, പ്രവാസജീവിതത്തിലെ ആദ്യ ഓണം, തിരുഗേഹങ്ങളുടെ നാടായ സൗദി അറേബിയയിൽ. കമ്പനിയിൽ ജോയിൻ ചെയ്തിട്ട് മൂന്ന് മാസമേ ആയിട്ടുള്ളു. സ്പോൺസർഷിപ് പോലും മാറിയിട്ടില്ല. വെക്കേഷനെ കുറിച്ച് ആലോചിക്കാൻ പോലും സമയമായിട്ടില്ല.
പൂരാട ദിവസം അളിയനും പെങ്ങളും അക്കൊല്ലം ഓണത്തിന് നാട്ടിൽ പോയത് കൊണ്ട് അവർ വരുന്നവരെ, അളിയന്റെ കൂട്ടുകാരൻ അശോകേട്ടന്റെ കൂടെയാണ് താമസം.
അന്ന് വർക്കിംഗ് ഡേ ആയിരുന്നു. ഞാൻ കൂടെ ഉള്ളത് കൊണ്ടു അശോകേട്ടൻ രാവിലെ നേരത്തെ എണീറ്റ് ചോറും സാമ്പാറും അവിയലും ഒരു ഉപ്പേരിയും ഉണ്ടാക്കി എനിക്കുള്ള സദ്യ പൊതിച്ചോറാക്കി വെച്ച് ജോലിക്ക് പോയി.
എനിക്ക് ഇറങ്ങാനുള്ള സമയം ആയപ്പോൾ ആ പൊതിച്ചോറും എടുത്ത് ഞാനും ഇറങ്ങി.
ഉച്ചയായപ്പോൾ ഓഫീസിൽ ഒപ്പം ജോലി ചെയ്യുന്ന മലയാളികൾ എല്ലാം ഉച്ചക്കുണ്ണാൻ അവരുടെ ഫ്ളാറ്റുകളിലേക്കോ കൂട്ടുകാരുടെ ഫ്ളാറ്റിലേക്കോ പോയി.
വിശപ്പ് തോന്നാത്തത് ലഞ്ച് ബ്രെക്കിന് മെസ്സ് ഹാളിൽ കുറച്ചു വൈകിയിട്ടാണ് എൻ്റെ പൊതിച്ചോറുമായി ചെന്നത്. അവിടെ ഭക്ഷണം കഴിക്കാൻ ആരുമില്ല.
എനിക്ക് മാത്രം പോകാൻ ഓണസദ്യയുമായി കാത്തിരിക്കുന്ന ഒരു വീടോ സ്വന്തക്കാരോ ഇല്ല.
ഒറ്റപ്പെടലിന്റെ വേദനയുടെ തീവ്രതയുണ്ടല്ലോ…. അസഹനീയമാണെന്ന് ഞാൻ അറിഞ്ഞു.
കൂട്ടുകാരുമായി സംസാരിച്ചു ഇരിക്കാറുള്ളത്…..
കൂട്ടുകാരുടെ അടുത്ത് പോയി ഊണ് കഴിക്കാൻ വരാൻ വൈകിയതിന് അച്ഛയുടെ കൈയ്യിൽ നിന്ന് ചീത്തകേട്ട് ഓണസദ്യയുടെ മുന്നിൽ ഇരിക്കണത്…
നിനക്ക് നേരത്തെ വരായിരുന്നില്ല്യേ, ന്നാ ഓണായിട്ട് ചീത്ത കേൾക്കണമായിരുന്നോ എന്ന് അമ്മയുടെ സമാധാനിപ്പിക്കൽ….
ഇതൊക്കെ ചേട്ടന് എന്ത് എന്ന ഭാവത്തിൽ ഉള്ള പെങ്ങളുടെ ചിരി….
വീട്ടിൽ അച്ഛന്റെയും അമ്മയുടെയും പെങ്ങളുടെയും കൂടെ ഓണസദ്യ ഉണ്ണാറുള്ളത്.
എല്ലാം മനസ്സിൽ തെളിഞ്ഞു…
എനിക്ക് കരച്ചിൽ അടക്കാനായില്ല. അശോകേട്ടൻ പൊതിഞ്ഞു തന്ന പൊതിച്ചോർ തുറന്നു വെച്ചു ഞാൻ കുറെ കരഞ്ഞു. ഒരുരുള പോലും തിന്നാൻ ആവുന്നില്ല.
കരച്ചിൽ ഒന്ന് ഒതുങ്ങിയപ്പോൾ, വീട്ടിലേക്ക് ഫോൺ ചെയ്തു. തമ്പിയെയും വിളിച്ചു.
അശോകേട്ടൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയതായതുകൊണ്ട് ഒരു വിധം കുറച്ചു എൻ്റെ കണ്ണീരിൽ കുതിർന്ന ചോറ് ഉണ്ടെന്നു വരുത്തി.
അതിനു ശേഷമുള്ള എല്ലാ ഓണത്തിനും ഉച്ചക്ക് സദ്യയുണ്ണുമ്പോൾ കണ്ണീർ വീണു നനഞ്ഞ ഒരു പൊതിച്ചോറ് മനസ്സിൽ തെളിയും.
അന്യനാട്ടിൽ, വിഭവസമൃദ്ധമായ ഓണസദ്യ ഒറ്റക്ക് കഴിക്കുന്നതിനേക്കാൾ നൂറിരട്ടി സന്തോഷകമായിരിക്കും നമ്മുടെ പ്രിയപ്പെട്ടവർക്കൊപ്പം കഞ്ഞിയും ചമ്മന്തിയും കഴിക്കണത്…
2 Comments
👌👌
ചില ഓർമ്മകൾ അങ്ങനെയാണ് പിന്തുടർന്നുകൊണ്ടിരിക്കും.
നന്നായി എഴുതി 👍