ഏതൊരു മലയാളിയേയും പോലെ എന്റെയുള്ളിലുമുണ്ട് ഓണമെന്നു കേൾക്കുമ്പോൾ തുടികൊട്ടി താളം പിടിയ്ക്കുന്ന മനസ്സ്.ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഓണത്തിന് വർണ്ണങ്ങൾ പലതായിരുന്നു.
ഓർമ്മകൾ ആരംഭിയ്ക്കുന്ന കാലത്ത് ഓണമെന്നാൽ അമ്മവീട്ടിലേയ്ക്കുള്ള യാത്രയുടെ ആഹ്ലാദമാണ്. നഗരപ്രാന്തത്തിലെ ഹൗസിങ് കോളനിയിലെ ചെറിയൊരു വീട്ടിൽ അണുകുടുംബത്തിൽ ജീവിച്ചിച്ചിരുന്ന എനിക്കും അനിയത്തിയ്ക്കും ഉൾനാടൻ ഗ്രാമത്തിലെ വിശാലമായ വയലേലകൾക്കും മരങ്ങൾ നിറഞ്ഞ തൊടിയ്ക്കും നടുവിലുള്ള അമ്മയുടെ തറവാട്ടിൽ പോകുന്നത് ഉത്സവം തന്നെയായിരുന്നു.അച്ഛനമ്മമാരുടെ ജോലിയും സ്കൂളുമായി ദ്രുതഗതിയിൽ ചലിച്ചു കൊണ്ടിരുന്ന ജീവിതശകടം അവിടെ എത്തുന്നതോടെ മന്ദഗതിയിലാകുന്നു. അവിടെ അമ്മമ്മയും മുത്തച്ഛനും ഓണഒരുക്കങ്ങൾ വളരെ മുൻപേ തുടങ്ങിയിട്ടുണ്ടാകും. കായവറുക്കലും ശർക്കരവരട്ടി ഉണ്ടാക്കുന്നതുമെല്ലാമായി അവിടെ ഓണമേളങ്ങൾ നിറയുന്നുണ്ടാകും .ചെറിയമ്മമാരും അമ്മാവന്മാരും അവരുടെ കുട്ടികളുമെല്ലാം ഒത്തുചേരുന്ന ഒരു കൂട്ടായ്മയുടെ ആഘോഷമായിരുന്നു ബാല്യത്തിലെ ഓണക്കാലങ്ങൾ.സ്കൂളിലെ പൂക്കളമത്സരവും വീട്ടിൽ എന്നുമൊരുക്കുന്ന നാടൻ പൂക്കളവും എന്നും മനസ്സിൽ തങ്ങിനിൽക്കുന്ന ഓണസ്മൃതികളാണ്.
ഓണക്കോടിയെ കുറിച്ചുള്ള സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് മറ്റൊന്ന്. ഇന്നത്തെ കുട്ടികളെ പോലെ സമൃദ്ധമായി എല്ലാം ലഭിച്ചിരുന്ന ബാല്യമല്ലല്ലോ നമ്മുടെ തലമുറയ്ക്ക്.
കൊല്ലത്തിൽ ഒരിക്കലാണ് മിക്കവർക്കും പുതുവസ്ത്രം കിട്ടുന്നത്.
ഞങ്ങൾക്ക് വസ്ത്രമെടുക്കാൻ പോകുന്നതിലുള്ള വലിയൊരു സന്തോഷം എല്ലാവരും കൂടിയുള്ള തൃശൂർ യാത്രയാണ്. വടക്കാഞ്ചേരി എന്ന ചെറുപട്ടണവും അമ്മവീട് സ്ഥിതി ചെയ്യുന്ന കുഗ്രാമവും മാത്രം കണ്ടു ശീലിച്ച എനിക്ക് തൃശൂർ പട്ടണം ഒരു അത്ഭുതലോകം തന്നെയായിരുന്നു.ശനിയാഴ്ച ഉച്ചക്ക് ശേഷമായിരിക്കും മിക്കവാറും യാത്ര. കാരണം അച്ഛനും അമ്മയ്ക്കും അന്ന് രണ്ട് മണി വരെയേ ബാങ്ക് ഉള്ളു. അധികം തിരക്കില്ലാത്ത ഒരു ബസ്സിൽ കയറി തൃശൂർക്ക് പോകും.
ഏതെങ്കിലും തുണിക്കടയിൽ, മിക്കവാറും കല്യാൺ ആണെന്നാണ് ഓർമ്മ, കയറി എല്ലാവർക്കുമുള്ള ഓണക്കോടി വാങ്ങുന്നു. അച്ഛന്റെയും അമ്മയുടെയും സഹോദരങ്ങളുടെ മക്കൾക്കും പിന്നെ അമ്മമ്മയ്ക്കും മുത്തശ്ശനുമെല്ലാം ഓണാക്കോടി തിരഞ്ഞെടുക്കുന്ന ജോലി അമ്മയുടേതാണ്. കുട്ടികൾക്ക് അന്ന് വലിയ അഭിപ്രായസ്വാതന്ത്ര്യം ഇല്ലല്ലോ. എങ്കിലും എനിക്കും അനിയത്തിയ്ക്കും മറ്റു കുട്ടികളിൽ നിന്നും വ്യത്യസ്തമായ ഭംഗിയുള്ള വസ്ത്രങ്ങൾ അമ്മ തെരെഞ്ഞെടുക്കും. അതുകൊണ്ട് ഞങ്ങൾക്കതിൽ പരാതിയുമില്ല. ചുരുങ്ങിയ വരുമാനത്തിൽ ഇതെല്ലാം ഒതുക്കിനിർത്തുകയും ചെയ്യുന്ന മികച്ച സാമ്പത്തിക വിദഗ്ധർ തന്നെയായിരുന്നു എന്റെ മാതാപിതാക്കൾ. ഷോപ്പിംഗ് കഴിഞ്ഞാൽ ഏതെങ്കിലും നല്ല ഹോട്ടലിൽ കയറി മസാലദോശയും ചായയും.അപൂർവ്വമായി ഹോട്ടൽ ഭക്ഷണം കഴിക്കാൻ കിട്ടുന്ന അവസരവും ഏറെ പ്രിയതരമായിരുന്നു.
മുതിർന്നപ്പോൾ ഹോസ്റ്റലിൽ നിന്നും വീട്ടിൽ വരാനുള്ള കാത്തിരിപ്പായിരുന്നു ഓരോ അവധിയും. വിവാഹം കഴിഞ്ഞതോടെ ഭർത്താവിന്റെ വീട്ടിൽ നിന്നും വീട്ടിലെത്താനുള്ള അവസരമായി. ഇടയ്ക്ക് കുറച്ചു കാലം മുംബൈയിലേയ്ക്കു ജീവിതം പറിച്ചു നട്ടപ്പോൾ ഓണം ഗൃഹതുരസ്മരണയും മലയാളി കൂട്ടായ്മകൾ നടത്തുന്ന ഒത്തുചേരലുകളുമായി രൂപാന്തരം പ്രാപിച്ചു.
നാല്പതുകളുടെ പടിവാതിൽ കടന്നു കയറിയ ഈ കാലത്തിലും ഓണക്കാലത്തെ ഒരു കൊച്ചുകുട്ടിയുടെ ഉത്സാഹത്തോടെ കാത്തിരിക്കാറുണ്ട്. അധ്യാപകർക്ക് ഓണം യുവത്വത്തിന്റെ ആഘോഷങ്ങളുടെ നേർക്കാഴ്ചകളും സ്ഥാപനത്തിലെ ഓണാഘോഷവും ഓണസദ്യയുമെല്ലാം ചേർന്ന് നിൽക്കുന്ന ഒത്തൊരുമയും തന്നെയാണ്. പിന്നെ മകളും അവളുടെ കൂട്ടുകാരും ചേർന്നുള്ള ആഘോഷത്തിന്റെ ആവേശത്തിമിർപ്പുകളും വീണ്ടും ചെറുപ്പകാലത്തിലേയ്ക്ക് തിരിച്ചു കൊണ്ടുപോകാറുണ്ട്. ഓണത്തിന് ഉടുത്തൊരുങ്ങി സ്കൂളിൽ പോകാനുള്ള കേരളാ സാരിയും ചമയങ്ങളുമെല്ലാം കുട്ടികളുടെ മാത്രമല്ല അധ്യാപികമാരുടെയും ചർച്ചകളിൽ ദിവസങ്ങൾക്ക് മുൻപേ നിറഞ്ഞുനിൽക്കാറുണ്ട്.
കാണം വിറ്റ് ഓണം ഉണ്ടിരുന്ന ഗതകാലത്തു നിന്ന് ആഘോഷങ്ങളുടെ വർത്തമാനത്തിൽ എത്തിനിൽക്കുമ്പോൾ, ജാതിമതഭേദമന്യേ എല്ലാവരും ഓണം കൊണ്ടാടുന്ന സുന്ദരമായ കാഴ്ചയാണ് ചുറ്റിലും നടമാടുന്നത്.തിന്മകൾക്കിടയിലും പ്രത്യാശയുടെ കിരണങ്ങൾ തെളിയിക്കുന്ന ആ കാഴ്ചകൾ കാണുമ്പോൾ, കള്ളവും ചതിയുമില്ലാത്ത, മാനുഷരെല്ലാരും ഒന്നുപോലെയായിരുന്ന ആ മനോജ്ഞമായ കാലം തിരികെ വരുമെന്ന് വെറുതെ വ്യാമോഹിച്ചു പോകുന്നു.
- Home
- Curated Blogs
- Recent Blogs
- Tiny Affairs
- Young World
- Categories
- അനുഭവം
- ഓർമ്മകൾ
- സാമൂഹ്യപ്രശ്നങ്ങൾ
- സമത്വം
- ജോലി
- അറിവുകൾ
- പ്രചോദനം
- സൗഹൃദം
- ജീവിതം
- കവിത
- കഥ
- തുടർക്കഥ / സീരീസ്
- പ്രണയം
- ത്രില്ലർ
- നര്മം
- സ്ത്രീ
- വിവാഹം
- ബന്ധങ്ങൾ
- ലൈംഗീകത
- LGBTQ
- ഗർഭം
- പ്രസവം
- പാരന്റിങ്
- കുട്ടികൾ
- സ്കൂൾ / കോളേജ്
- വീട്
- ആരോഗ്യം
- മാനസികാരോഗ്യം
- ഗൃഹവൈദ്യം
- ഭിന്നശേഷി
- യാത്ര
- ചരിത്രം / പൗരാണികശാസ്ത്രം
- പുസ്തകം
- സിനിമ
- സംഗീതം
- പാചകം
- ഫാഷൻ
- സൗന്ദര്യസംരക്ഷണം
- Bookshelf
- Our Authors
- Contests
- My Bookmarks
- Login / Register
- My Account
2 Comments
Nice 👍👍👍👍
Thanks 😍😍😍