ആശുപത്രിയിലെ പത്തു ദിനങ്ങൾ – [ ആദ്യ ഭാഗം ]
ഭാഗം -VII
പോസ്റ്റ് ഓപ്പറേഷൻ വാർഡിൽ കൊണ്ടു വന്നു ബെഡിൽ കിടത്തി നല്ല വേദന. അപ്പോഴേ മോനെ വീഡിയോ കാൾ വിളിച്ചു, കണ്ടു, മനസ്സിന് ആശ്വാസമായി. മിണ്ടാൻ പറ്റില്ല എങ്കിലും അവന്റെ മുഖം കണ്ടു. എനിക്ക് മുന്നേ ഓപ്പറേഷൻ കഴിഞ്ഞ കുട്ടി ഐസ്‌ക്രീം കഴിക്കുന്നു, അവനു വേദന ഇല്ലെന്ന്… അധികം അനസ്തീഷ്യ മെഡിസിന്റെ ഒപ്പം ഇൻജെക്ഷൻ ഒക്കെ എടുത്തു അതിന്റെയാണ്. എന്നോട് ഡോക്ടർ ഐസ്‌ക്രീം കഴിക്കാൻ പറഞ്ഞു. എനിക്ക് ടോൺസിലിൽ തണുപ്പ് തട്ടിയാൽ തൊണ്ട ആകെ പ്രശ്നം ആകുമായിരുന്നു. ഈ സിസ്റ്റ് ഓപ്പറേഷൻ ചെയ്യാൻ തീരുമാനിച്ചപ്പോൾ തന്നെ രണ്ടു ടോൺസിൽ എടുക്കാമോന്നു ഞാൻ ഡോക്ടരോട് ചോദിച്ചു. പക്ഷെ പ്രശ്നമുള്ളത് എടുത്താൽ മതി എന്നു ഡോക്ടർ.. അതുകൊണ്ട് വലതു ടോൺസിൽ മാത്രം എടുത്തു.
ഐസ്ക്രീം കഴിച്ചില്ലെങ്കിൽ ബ്ലീഡിങ് നിൽക്കില്ല എന്നു പറഞ്ഞു, അങ്ങനെ ഐസ്‌ക്രീം എത്തി. എത്രയോ വർഷങ്ങൾക്കു ശേഷമാണ് അത്രയും തണുത്ത ഒരു ആഹാരം കഴിക്കുന്നത്. ഒരു സ്പൂൺ ഇറക്കിയതും വേദന കഴിച്ചേ പറ്റുമായിരുന്നുള്ളു. കണ്ണടച്ച് കുടിച്ചു നാവു മരവിച്ചത് കൊണ്ടു ടേസ്റ്റ് അറിയില്ല. പക്ഷെ തൊണ്ടയിൽ നിന്നും രക്തം കൂടി അതിന്റെ കൂടെ കലർന്നു ഉള്ളിലേയ്ക്ക് പോകുന്നത് അറിയാമായിരുന്നു. ഡ്രിപ് ഇട്ടാണ് തിയേറ്ററിൽ നിന്നും മാറ്റിയത് അതു തുടരുന്നുണ്ടായിരുന്നു.
ഒരു ഡ്രിപ് കഴിഞ്ഞതും എനിക്ക് ബാത്‌റൂമിൽ പോകാൻ തോന്നി. ഓപ്പറേഷന് ഇട്ട ഡ്രെസ്സും മാറാമല്ലോ എന്നു കരുതി. ബാത്‌റൂമിൽ ചെന്നതും ആകെ പ്രശ്നം. വെള്ളം ഇല്ല. രണ്ടു വാർഡ് അപ്പുറം പോയി എടുത്തു വരണം. ടോയ്ലറ്റ് ഒന്നും കയറാൻ പറ്റാത്ത വൃത്തികേട്. ആൾക്കാരെ പറഞ്ഞിട്ടും കാര്യമില്ല. അത്യാവശ്യം ഉള്ളവർ പോകും, വെള്ളം ആവശ്യത്തിന് ഒഴിച്ച് വൃത്തി ആക്കിയിട്ടില്ല. കുഞ്ഞമ്മ പോയി വെള്ളം കൊണ്ടുവന്നു. അതുവരെ മാസ്ക് ഇട്ടു ഞാൻ ആ ബാത്‌റൂമിൽ നിന്നു. ഓപ്പറേഷൻ കഴിഞ്ഞു കൊണ്ട് വരുന്നവരെ ഇൻഫെക്ഷൻ ആകാതെ സൂക്ഷിക്കണം. അവിടുത്തെ ബാത്‌റൂമിൽ വെള്ളമില്ല, കഴുകിയിട്ടില്ല, വേസ്റ്റ് എടുത്തിട്ടില്ല. രണ്ടു ദിവസമായി വെള്ളമില്ല. വാർഡിൽ നിറയെ രോഗികൾ, കൂട്ടിരുപ്പുകാർ ഉണ്ട്. സ്റ്റിച് ഇട്ടവർ, മേജർ ഓപ്പറേഷൻ കഴിഞ്ഞവർ, മൈനർ ഓപ്പറേഷൻ കഴിഞ്ഞവർ അങ്ങനെ നിരവധി ആൾക്കാർ.
വെള്ളം ദാഹിക്കുന്നു.. ഒരുപാടു വെള്ളം കുടിക്കാനും പറഞ്ഞു. ബാത്റൂം കണ്ടപ്പോൾ വെള്ളം കുടിക്കണോ വേണ്ടയോ എന്നായി.വേദന കൂടി കൂടി വന്നു ഡോക്ടറോട് പറഞ്ഞു പാരസെറ്റമോൾ ഇൻജെക്ഷൻ എടുത്തു, കുറഞ്ഞില്ല. പിന്നെ ഒരു സപ്പോസിറ്ററി വച്ചു. അതിനു മറയ്ക്കാൻ സ്ക്രീൻ, രോഗിയുടെ കൂടെയുള്ള ആൾ പോയി എടുത്തു കൊണ്ടു വന്നു മറച്ചിട്ടു വിളിക്കണം. അറ്റെൻഡർ വന്നു മരുന്ന് വച്ചു തരും.
വായയുടെ രണ്ടു സൈഡിൽ ചുണ്ടിൽ അകം പുറം മുറിവ്. നാവിന്റെ ഇടത്തു സൈഡിൽ വലിയ വീക്കം, ഒപ്പം നാക്കിന്റെ ആ ഭാഗം മരവിച്ചു ഇരിക്കുന്നു. ചുറ്റുമുള്ളവർ ആഹാരം കഴിക്കുന്നു, ഉറക്കെ സംസാരിക്കുന്നു. എനിക്ക് വേദന കാരണം വായ തുറക്കാൻ വയ്യ, അതിന്റെ ദേഷ്യം. ഇതിനിടയിൽ കുഞ്ഞമ്മ റൂമിൽ നിന്നും അത്യാവശ്യം സാധനം എടുത്തുകൊണ്ടു വന്നു. സ്പൂൺ, ഫ്ലാസ്ക്, ഗ്ലാസ് ഒക്കെ. ഡോക്ടർ വന്നു വായ നോക്കി ഓപ്പറേഷൻ ചെയ്തു വന്നിട്ട് മണിക്കൂറുകളായ മുറിവ് കാണാൻ സ്പൂൺ വയ്ച്ചു നാവു താഴ്ത്തി ആണു നോക്കിയത്. സ്പൂൺ വച്ചു നാവു താഴ്ത്തുമ്പോൾ ഉള്ള വേദന… അയ്യോ! പറയാൻ പറ്റില്ല. സർജറി കഴിഞ്ഞ രോഗിയുടെ തൊണ്ട നോക്കാൻ സ്പൂൺ… സ്റ്റെറിലൈസ് ചെയ്ത ഉപകരണങ്ങൾ വേണ്ടയിടത്തു സ്പൂൺ. വേദന മാറാൻ രണ്ടു മൂന്നു മെഡിസിൻ എഴുതി. ഞാൻ ആശ്വസിച്ചു എനിക്കും വേദന കുറയുമെന്നു. എവിടെ….
സിസ്റ്റർ കൈയിൽ അവിടെ അവിടെയായി ടെസ്റ്റ് ചെയ്യാൻ ഇൻജെക്ട് ചെയ്തു വൃത്തം വരച്ചു മെഡിസിന്റെ പേരെഴുതി പോയി. അതെല്ലാം തടിച്ചു വീർത്തു. വീണ്ടും മൂന്നെണ്ണം, അതും ഇതുപോലെ. ഒടുവിൽ ഡോക്ടർ പറഞ്ഞു ഇങ്ങനെ അങ്ങ് പോകട്ടെ എന്ന്. രാത്രി മുഴുവനും വേദന ആയിരുന്നു.
പാതിരാത്രി ആരോ പറഞ്ഞു വെള്ളം വന്നെന്നു. അപ്പോൾ ബാത്‌റൂമിൽ പോയി. വൃത്തി ഒന്നുമി.ല്ല കണ്ണുമടച്ചു മാസ്കുമിട്ടു പോയി. അത്യാവശ്യം ആയിപ്പോയില്ലേ! ഡ്രിപ് ഇടുന്നതുകൊണ്ട് പോകാതെ പറ്റില്ല. കൂടെ ഓപ്പറേഷൻ ചെയ്തവർ കഞ്ഞിയൊക്കെ കുടിക്കുന്നത്, വായിൽ തുപ്പാനും ഇറക്കാനും പറ്റാതെ ഒരു സ്പൂൺ വെള്ളവുമായി ഇരുന്നു ഞാൻ കണ്ടു. വായിൽ ബ്ലഡ് നിറയുന്നത് തുപ്പി തുപ്പി വയ്യാതായി.
ഓപ്പറേഷനു മുൻപ് ഡോക്ടർ ചോദിച്ചു എം ആർ ഐ എടുത്തില്ലേന്നു, ഞാൻ ഇല്ലെന്നു പറഞ്ഞു. ഡോക്ടർ ദേഷ്യപ്പെട്ടു കൂടെയുള്ളവരോട്. അദ്ദേഹം എന്നെയും എന്റെ കേസ് ഷീറ്റും അഡ്മിറ്റ് ആകുന്നതിന്റെ അന്നാണല്ലോ കണ്ടത്. ഞാൻ കണ്ട ഡോക്ടർ പിന്നെ എന്നെ കാണാനോ സർജറി ചെയ്യാനോ വന്നില്ല. ഞാൻ പറഞ്ഞു ഡോക്ടർ മൂന്നു മാസം മുൻപ് സി ടി എടുത്തിരുന്നു എന്ന്. പക്ഷെ പെട്ടെന്ന് വളരുന്ന സിസ്റ്റ്, അതു എത്രത്തോളം ഉണ്ടെന്നു ഇപ്പോൾ അറിയില്ലല്ലോ. എം ആർ ഐ ഇപ്പോൾ എടുത്തെങ്കിൽ ശരിയായ വിവരം കിട്ടിയേനെയെന്ന്. ഓപ്പറേഷൻ തിയേറ്ററിൽ വച്ചുള്ള ചോദ്യം. എന്ത് ചെയ്യാൻ! സർജറി ചെയ്തു എടുത്തപ്പോൾ സിടിയിൽ കണ്ടതിന്റെ ഇരട്ടിയിലധികം വളർന്നു. ചെവിയും തൊണ്ടയും ബന്ധിപ്പിക്കുന്ന ഞരമ്പിന്റെ കുറെ ഭാഗം, വോക്കൽ കോഡിന്റെ കുറച്ചു ഭാഗം, നാവിന്റെ സൈഡ്, ചെവിയുടെ സൈഡിൽ പല്ലിന്റെ ഭാഗത്തു ഒരു ചെറിയ ഗ്യാപ്പു വരുന്ന ഭാഗം (മെഡിക്കൽ വാക്കുകളിൽ ഏതൊക്കെയോ വെയിൻ, അസ്ഥി എന്നൊക്കെ )ഇവിടെയൊക്കെ പടർന്നു പോയി, അതാണ് ഓപ്പറേഷൻ നീണ്ടു പോയത്. സിസ്റ്റ് പരിശോധിക്കാനും കൊടുത്തു… അഞ്ചു മാസം കയറി ഇറങ്ങി ഓപ്പറേഷൻ ഡേറ്റിനു മൂന്ന് ദിവസം മുൻപ് അഡ്മിറ്റ് ആയിട്ടും സമയമില്ലാത്ത പോലെ, ഒരു രോഗിയെ ഓപ്പറേഷൻ തിയേറ്ററിൽ അനസ്തീഷ്യ കൊടുക്കാൻ കിടത്തിയപ്പോൾ ആണു ആ സ്കാൻ ചെയ്തില്ല, ഈ ടെസ്റ്റ് ചെയ്തില്ല, എന്നൊക്കെ ഡോക്ടർക്കു ഓർമ വരുന്നത്. ഒരു ഡോക്ടർ അല്ല, ഒരു കൂട്ടം ഡോക്ടർമാർ ആണു വന്നു കേസ് ഷീറ്റ് നോക്കുന്നത്, എന്നിട്ടും… മികച്ച ഡോക്ടർമാർ ആണ്, പക്ഷെ നമ്മൾ കണ്ടുകൊണ്ടിരുന്ന ഡോക്ടർ ആകുമ്പോൾ ആദ്യം മുതൽ ഉള്ള നമ്മുടെ കാര്യം, അവസ്ഥ അറിയാൻ പറ്റും .പക്ഷെ പുതിയ ഒരാൾ ആകുമ്പോൾ അതിന്റെ ബുദ്ധിമുട്ട് ഉണ്ടാകും. എങ്കിലും ആ ഡോക്ടർ എനിക്ക് സർജറി ചെയ്തു തന്നു.
(ചിത്രം ഗൂഗിൾ )
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.


1 Comment
വായിച്ചിട്ടു തന്നെ വേദന സഹിക്കാൻ പറ്റുന്നില്ലല്ലോ കുട്ടീ
അപ്പോൾ അനുഭവിച്ചത് എത്ര വലുതായിരിക്കും
ഇപ്പോൾ സുഖമായോ?
പ്രാർത്ഥനയോടെ സ്നേഹത്തോടെ❤️❤️❤️🙏