Author: Rosh

ഒരിക്കൽ, ഒരിക്കല്‍ കൂടി ഓർമകൾ ഒളിമങ്ങാത്ത നമ്മിലെ നമ്മളിലേക്ക് തിരികെ പോകണം. വെള്ളിക്കൊലുസുകൾ കലപില കൂട്ടുന്ന കുഞ്ഞിക്കാലുകളാൽ വെള്ളാരം മണലിൽ പിച്ചവെക്കാൻ….. സന്ധ്യക്ക് ഒരു ചെറുതിരിയുമായി ഭൂമിയിലേക്ക് ഇറങ്ങിവരുന്ന ഗന്ധർവനെ കാത്ത കൗമാരം കടക്കാന്‍… ജീവിതവ്യഥകളുടെ മേടച്ചൂടിൽ തളർന്ന്, ആശ്രയം തേടി തിരികെ ഈ ഉമ്മറപ്പടിയിൽ ചായുമ്പോൾ, നെറുകയിൽ തഴുകി തണുപ്പിക്കുന്ന ഞരമ്പ് തെളിഞ്ഞ് മെലിഞ്ഞ മുത്തശ്ശിക്കൈകളുടെ സാന്ത്വനം ഏൽക്കാൻ…. നമ്മെ വഴി നടത്തിയ ആ കൈകൾ, ഒരിക്കൽ കൂടി ചേർത്തുപിടിക്കാൻ…. മണ്ണടിയും മുമ്പേ, നന്മയുടെ അവസാന ഉറവയും തായ്വേരിലൂടെ പകർന്നു നൽകി, മണ്ണോട് ചേർത്തു നിർത്തിയ പൊക്കിൾക്കൊടി ബന്ധങ്ങൾ ഓർക്കാൻ….. നമുക്ക് മുന്നേ പോയവരെ ഓർക്കാൻ, നമുക്ക് പിന്നിൽ ഉള്ളവരെ ചേർത്തുപിടിക്കാൻ, അവരുടെ നന്മകളുടെ തായ്‌വേരുകൾ ആകാൻ. ഒരിക്കല്‍.. ഒരിക്കല്‍ കൂടി…..

Read More