ഇടക്കിടെ മിന്നിമറയുന്ന കൊള്ളിയാനുകളുടെ വെളിച്ചത്തിൽ റോഡ് ഒരു കറുത്തു നീണ്ട പാമ്പിനെപ്പോലെ ചുരുണ്ടുകിടന്നു. കൊടിയ വളവുകൾ നിറഞ്ഞ അതിലൂടെ രാഹുലിന്റെ കാർ അതിവേഗം സഞ്ചരിച്ചുകൊണ്ടിരുന്നു.. അയാൾ വാച്ചിലേക്ക് നോക്കി. സമയം രാത്രി 2 :30 കഴിഞ്ഞിരിക്കുന്നു. ഇനിയും ഏറെ ദൂരം താണ്ടാൻ ബാക്കിയുണ്ട്.. ഇടതും വലതും മാറിമാറി ചൂണ്ടിക്കാണിച്ചുകൊണ്ടിരുന്ന സൈൻ ബോർഡുകൾക്കിടയിൽ ഒരു നിമിഷം രാഹുലിന്റെ കണ്ണും മനസ്സും മറ്റൊരു ബോർഡ് തട്ടിയെടുത്തു. “ഫ്രണ്ട്സ് മൊബൈൽ മോർച്ചറി.. ” വെളുത്ത പശ്ചാത്തലത്തിൽ ചുവന്ന വലിയ അക്ഷരങ്ങളിൽ എഴുതപ്പെട്ടിരുന്ന അത്, തിരിഞ്ഞു വരുന്ന ആ വളവിൽ ആരുടെയും ശ്രദ്ധ ആകർഷിക്കാൻ പോന്നതായിരുന്നു.. ഒരു പക്ഷെ ആ ബോർഡ് മരിച്ചവരെ ഉദ്ദേശിച്ചായതിനാൽ സാധാരണ അതുവഴി പോകുന്നവർ അത് കാര്യമായെടുക്കാറില്ലെങ്കിലും രാഹുലിന്റെ ചിന്ത സഞ്ചരിച്ചത് മറ്റൊരു വഴിക്കാണ്. ഏതൊരു ബിസിനസ് നടത്തുന്നയാളും ആഗ്രഹിക്കുന്നത് അതിന്റെ ലാഭം വർദ്ധിപ്പിക്കുവാനാണ്, അതായത് ഉപഭോക്താക്കളുടെ എണ്ണം വർദ്ധിപ്പിക്കുവാനാണ്. ആ അർത്ഥത്തിൽ തന്റെയും മറ്റുള്ളവരുടെയും മരണം അല്ലേ അയാൾ ആഗ്രഹിക്കുന്നത്? പിന്നെങ്ങനെ…
