ആദ്യഭാഗം മുതൽ വായിക്കാം.
വീടിൻ്റെ വരാന്തയിൽ നാരായണ ഇരിക്കുന്നു. നാരായണയുടെ നേരെ നോക്കിയിരുന്നു. മറ്റേ ചെവിയിൽ മുഴങ്ങുന്ന മന്ത്രം, മഹാമാന്ത്രികൻ്റെ ശബ്ദം.
“പതിനായിരത്തെട്ട് തവണ ഉരുക്കഴിക്കണം. ഒരു കാരണവശാലും ദുരുപയോഗം ചെയ്യരുത്. ഏത് ആപത്തിലും നിനക്ക് അത് ഉപയോഗിക്കാം. നിനക്ക് നന്മ വരും. ” രണ്ടാത്മാക്കളുടെ നടുക്കിരുന്ന് മന്ത്രം ജപിച്ച് സിദ്ധി നേടി. അപ്പോഴേക്കും നേരം വെളുക്കാറായി. തകിടിലെഴുതി നാലു മൂലയ്ക്കും കുഴിച്ചിട്ടപ്പോഴേക്കും നേരം പര പരാ വെളുത്തു.
അവനൊന്ന് മയങ്ങിയപ്പോഴേക്കും അച്ഛനെ സ്വപ്നം കണ്ടു. ശുഭ്രവസ്ത്രം ധരിച്ച അച്ഛൻ.
തലയിൽ തഴുകി “മോനെ സൂക്ഷിക്കണേ ” എന്ന് മാത്രം പറഞ്ഞ് ഒരു മിന്നായം പോലെ മറഞ്ഞ് പോയി.
അടുത്ത മുറിയിൽ നിന്നും നിലവിളി കേട്ടുണർന്നു.
“അപ്പാ അപ്പാ. “
തണുത്ത് മരവിച്ച് കിടക്കുന്ന നാരായണയുടെ ശരീരം, ശാന്തമായ മുഖഭാവം. ഈ ജന്മത്തിലെ നിയോഗം കഴിഞ്ഞിരിക്കുന്നു
നാരായണയുടെ മൃതദേഹം കുളിപ്പിക്കാനും ഒരുക്കാനുമൊക്കെ ഊര് മുഴുവൻ കൂടെ നിന്നു. കർമ്മങ്ങൾ ചെയ്യാൻ മൂപ്പന്റെ നേതൃത്വത്തിൽ ആളുകളെത്തി. ഏഴു ദിവസം നീണ്ടു നിൽക്കുന്ന ദുഃഖാചരണമാണ് ഊരിൽ. പെണ്ണുങ്ങളൊക്കെ അകത്തെ മുറിയിൽ കരച്ചിലാണ്.
ഇടക്കെപ്പോഴോ മൃണാളിനി അടുത്ത് വന്നിരുന്നു. അവളോട് എന്താണ് പറയേണ്ടത് എന്നോർത്ത് അവൻ വിഷമത്തിലായി.
“അപ്പാ കിടപ്പായിരുന്നെങ്കിലും ജീവനോടെ ഉള്ളത് ഞങ്ങൾക്ക് ഒരു ധൈര്യമായിരുന്നു. ഇനി ഞങ്ങൾക്ക് ആരുണ്ട് ? താങ്ങും തണലുമായി നിൽക്കേണ്ട ഏട്ടനെക്കുറിച്ചൊരു വിവരവുമില്ല. അച്ഛന്റെ കർമങ്ങൾ ആര് ചെയ്യും. ഞങ്ങളുടെ ഗോത്ര ആചാരത്തിൽ,
പെണ്ണിനെ കർമ്മങ്ങൾ ചെയ്യാൻ അനുവദിക്കില്ല. “
“നിന്റെ അപ്പായ്ക്ക്, ഇവൻ മകനെ പോലെയായിരുന്നു. ഇവന് സമ്മതമാണെങ്കിൽ കർമ്മങ്ങൾ ഇവൻ തന്നെ ചെയ്യട്ടെ. “
പിറകിൽ മൂപ്പനും ഊരിലെ ചില പ്രമുഖരും. ചില മുറുമുറുപ്പുകൾ പിറകിൽ നിന്നുണ്ടായി.
“സ്വന്തം ജേഷ്ഠന്റെ പുത്രൻ ഉണ്ടല്ലോ. എന്നിട്ടും ഒരു അന്യകുല ജാതൻ. “
“ആര്, കള്ളും കഞ്ചാവും അടിച്ച് നടക്കുന്നവനോ, ഗോത്രവും കുലവും നോക്കണ്ട. മരിച്ചയാളുടെ ഇഷ്ടമാണ് പ്രധാനം. “
മൂപ്പൻ അടുത്ത് വന്നു മെല്ലെ ചെവിയിൽ പറഞ്ഞു.
“ആത്മാവിനെ സ്വതന്ത്രമാക്കാൻ വേണ്ടത് ചെയ്തുവല്ലേ. അയാളുടെ പ്രശ്നം കുടുംബത്തോടുള്ള പാശമായിരുന്നു. ആയ കാലത്തു കുടുംബത്തിന് വേണ്ടി ഒന്നും ചെയ്തില്ല. ആ ചെക്കൻ താമസിയാതെ മടങ്ങി വരും. അവൻ അമ്മയ്ക്ക് തുണയാകട്ടെ. ഏഴാം നാൾ കർമ്മം മുടിച്ചു നീയും ഈ നാട് വിടുക. ഈ നാടിനോടുള്ള കർമബന്ധം നിനക്ക് കഴിഞ്ഞു, ഇനി നിനക്ക് വേറെ നിയോഗമാണ്. പാതി വഴിയിൽ പലരേയും നഷ്ടപ്പെടും ഒരു കാരണവശാലും പഠിപ്പ് മുടക്കരുത്. ജീവിക്കാനൊരു പണി വേണം. ഏകാന്ത ജീവിതമാണ് നിനക്ക് വിധിച്ചത്. താങ്ങായി വേണ്ടപ്പെട്ടവർ കൂടെയുണ്ടാകും. “
ഏഴു ദിവസമാണ് അവിടെ തങ്ങിയത്, ആ വീട്ടിലെ ഒരംഗത്തെ പോലെ. ആ വീടുമായി ഒരു അദൃശ്യ ബന്ധനം ഉള്ളത് പോലെയായിരുന്നു. ആ ദിവസങ്ങളിൽ, പകൽ സമയങ്ങളിൽ പുഴയരികിൽ പോയി ധ്യാനത്തിൽ മുഴുകി. ഇപ്പോൾ ഒന്നും പേടിപ്പെടുത്തുന്നില്ല. പഴയ പോലെ മായക്കാഴ്ചകളൊന്നും കാണുന്നില്ല. ആകെ മനസിന് ഒരു സമാധാനം. കണ്ണുകളടക്കുമ്പോൾ അച്ഛൻ അടുത്തുള്ള പോലെ. മോനെയെന്നു സ്നേഹത്തോടെ വിളിക്കുന്നത് പോലെ…..
എട്ടാം ദിവസം എല്ലാവരോടും യാത്ര പറഞ്ഞു ആ നാട് വിട്ടു. മൃണാളിനി കൂടെ വരുന്നില്ല. കൊട്ടവഞ്ചി തുഴയുന്ന ചേട്ടൻ പോലും വളരെ സ്നേഹത്തോടെ ഭയഭക്തി ബഹുമാനത്തോടെ പെരുമാറി.
വൈകുന്നേരത്തോടെയാണ് ലോഡ്ജിൽ എത്തിയത്. ചെന്ന് കയറുമ്പോൾ ലോഡ്ജ് ഉടമയായ രാഘവൻ ചേട്ടൻ വന്നു പറഞ്ഞു.
“സരസൻ മാഷ് വിളിച്ചിരുന്നു. നിന്റെ അച്ഛൻ പോയി. ഇന്നേക്ക് ഒൻപതു ദിവസം മുൻപ്. നിന്നെ അറിയിക്കാൻ ഒരു മാർഗ്ഗവും ഉണ്ടായിരുന്നില്ല. രാത്രിയിലെ ബസിൽ പോയാൽ രാവിലെ നാട്ടിലെത്താം. “
“എൻ്റെ അച്ഛൻ മരിച്ചുവോ, എന്നെ വിട്ടു പോയോ. ?”
അവൻ വാവിട്ട് കരഞ്ഞു.
അപ്പോൾ തന്നെ പുറപ്പെട്ടു നാട്ടിലേയ്ക്ക്. രാഘവേട്ടൻ പോക്കറ്റിൽ വച്ച് തന്ന നൂറിന്റെ കുറെ നോട്ടുകൾ. ദസ്സറ ആഘോഷം വേറൊരു നാട്ടിലെത്തിച്ചു. ബെല്ലാരിക്ക് പകരം നാട്ടിൽ പോയിരുന്നേൽ അവസാന നിമിഷം അച്ഛന്റെ കൂടെ ഉണ്ടായേനെ. വിധി അനുവദിച്ചില്ല. ഇനിയെന്തിനാണ് പോകുന്നത്. ആരെ കാണാനാണ്.
വീട്ടിൽ കാലുകുത്തിയതും ആദി പാഞ്ഞടുത്തു. ഓടി കൂടിയ അയൽക്കാർ പിടിച്ചു മാറ്റിയില്ലെങ്കിൽ അവൻ കൈ വയ്ക്കുമായിരുന്നു.
“ഇവനെന്തിനു ഇവിടെ വരണം. അവന്റെ സ്വന്തം തന്തയല്ലല്ലോ മരിച്ചത്. പിന്നെ അവനെങ്ങനെ നോവും. അവനെ സ്വന്തം മക്കളെക്കാൾ സ്നേഹിച്ച മനുഷ്യനെ ആണവൻ അവഗണിച്ചത്. ഇന്ന് മരണം നടന്നിട്ടു പത്താം ദിവസമായി. ഇപ്പോൾ അവൻ വന്നിരിക്കുന്നു. ഇറങ്ങി പൊയ്ക്കോണം ഇവിടെ നിന്ന്, ഈ നാട്ടിൽ നിന്നെ കണ്ടു പോകരുത്. “
“തൊട്ട് പോകരുത് നീയവനെ, ഞാൻ പോലീസിനെ വിളിക്കും. വന്നിരുന്നെങ്കിലോ നീ അവനെ സ്വീകരിക്കുമായിരുന്നോ. “
അയൽവാസിയായ ഒരാൾ ഇടപെട്ടു. അത് കൊണ്ട് ആദി പിന്തിരിഞ്ഞു. മറ്റൊരാളും അർഷാദിനെ പിന്തുണച്ചു.
“അതെന്തു വർത്തമാനമാണ് ആദി, ഈ നാട് നിന്റെ വകയല്ലല്ലോ. അർഷാദ് അറിയാത്തതിന്റെ കാരണം പറഞ്ഞല്ലോ. നമ്പൂതിരിയച്ചൻ പോയെങ്കിലും അമ്മുവമ്മയും സരസൻ മാഷും ഉള്ളിടത്തോളം അർഷാദിനും ഈ നാട്ടിൽ ഇടമുണ്ട്. “
ആളുകൾ പിരിഞ്ഞു പോയി. അമ്മുവമ്മ അവനെ തൻ്റെ വീട്ടിൽ കൂട്ടി കൊണ്ട് പോയി. അച്ഛന്റെ ഓർമ്മകൾ മാത്രമായി കൂട്ടിന്. അച്ഛന്റെ ഒരു ഷർട്ട് അമ്മുവമ്മ മാറ്റി വച്ചിരുന്നു ആ ഷർട്ട് ധരിച്ചപ്പോൾ അവനു അച്ഛന്റെ സാമീപ്യം അനുഭവപ്പെടാൻ തോന്നിയിരുന്നു. രണ്ടു ദിവസം വീട്ടിനുള്ളിൽ തന്നെ കഴിച്ചു കൂട്ടി. എല്ലാവരും ഒന്ന് തന്നെ പറയുന്നു, മടങ്ങണം, പഠിക്കണം ജോലി നേടണം. അപരിചിതനായ മൂപ്പൻ പോലും അതാണ് പറഞ്ഞത്. നാളെ മടങ്ങണം. സരസൻ മാഷിനോടും അമ്മുവമ്മയോടും യാത്ര പറഞ്ഞു.
(തുടരും…… )
✍️✍️നിഷ പിള്ള
Koottaksharangal

