”മനുഷ്യഹൃദയം അതിശയിപ്പിക്കുന്നത്ര വലുതാണ്. അസാധാരണമായ അളവിൽ ദയയും ക്ഷമയും നിറയ്ക്കാൻ കഴിയുന്ന പോലെ; അതിൽ ദുഃഖവും ക്രൂരതയും നിറയ്ക്കാനും കഴിയും.”
മനുഷ്യരിൽ നന്മയ്ക്കും തിന്മയ്ക്കുമുള്ള ശേഷിയുണ്ടെന്നത്, ജീവിതത്തിന്റെ ഏറ്റവും ശ്രദ്ധേയമായ യാഥാർഥ്യങ്ങളിൽ ഒന്നാണ്. ഇതിനെ മനോഹരമായി തന്റെ കൃതികളിലൂടെ വരച്ചു കാട്ടുന്ന ഖാലിദ് ഹുസൈനിയാണ് എന്റെ പ്രിയപ്പെട്ട എഴുത്താൾ.
#എന്റെരചന #എന്റെപ്രിയപ്പെട്ടഎഴുത്താൾ
അഫ്ഘാൻ – അമേരിക്കൻ പൗരനായ ഈ ഇംഗ്ലീഷ് എഴുത്തുകാരന് എന്റെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനമുള്ളതിന്റെ കാരണം, അദ്ദേഹത്തിന്റെ കഥകൾ വാക്കുകളുടെ അതിരുകൾ കടന്ന് ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നു എന്നതാണ്. ഒരു മിനിറ്റിലധികം എന്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രയാസമുള്ള ഈ കാലത്ത്, അദ്ദേഹത്തിന്റെ കൃതികൾ ആദ്യ വാചകം മുതൽ അവസാനം വരെ വായനക്കാരനെ പിടിച്ചിരുത്തും. മാനുഷികവികാരങ്ങളും, സന്ദർഭങ്ങളും വളരെ വ്യക്തമായി വരച്ചു കാണിക്കുന്ന ആ കൃതികൾ വായിക്കുമ്പോൾ, നാം കേവലം വായനക്കാരല്ല; മറിച്ച് അവയെല്ലാം അനുഭവിക്കുന്ന കഥാപാത്രങ്ങളായി തന്നെ മാറുന്നു.
ഒരു പുസ്‌തകം വായിക്കുമ്പോൾ, ഓരോ രംഗവും സൂക്ഷ്‌മമായി വിഭാവനം ചെയ്തു കണ്ട് ആസ്വദിക്കുന്ന വായനക്കാരിയെന്ന നിലയിൽ, അദ്ദേഹത്തിന്റെ ദൃശ്യഭംഗിയുള്ള കഥാപാത്രങ്ങൾ എനിക്ക് അവിസ്മരണീയമായ ഒരു അനുഭവം നൽകാറുണ്ട്.
നല്ല ഭക്ഷണം കഴിച്ചുകഴിയുമ്പോൾ, നാവിൽ അവശേഷിക്കുന്ന ഒരു രുചിയുണ്ടല്ലോ – അനുരസം ! വികാരാധീനമായ ഒരു അനുരസമാണ് അദ്ദേഹത്തിന്റെ നോവലുകൾ വായിച്ചു തീരുമ്പോൾ, പുസ്തകം അടച്ചുവെച്ചതിനുശേഷവും നമ്മുടെ മനസ്സിൽ നിലനിൽക്കുന്നത്.
ഹുസൈനിയുടെ സവിശേഷത, ഹൃദയഭേദകമായ കഥകൾ ലളിതവും എന്നാൽ മനോഹരവുമായ ഭാഷയിൽ എഴുതുന്ന രീതിയാണ്. ഓരോ വാക്കും ശ്രദ്ധയോടെ തിരഞ്ഞെടുക്കപ്പെട്ടതാണ്, ഓരോ രംഗവും ഏറ്റവും ആഴത്തിലുള്ള വികാരങ്ങൾ ഉണർത്തുന്ന വിധത്തിൽ കൃത്യമായി വരച്ചിടാറുമുണ്ട്. കണ്ണീരും നിസ്സഹായതയും സഹാനുഭൂതിയും എല്ലാം നിറഞ്ഞുതുളുമ്പും, മനസ്സിൽ. ആ കാലഘട്ടത്തിന്റെ സാമൂഹിക സാഹചര്യങ്ങളും പാരമ്പര്യങ്ങളും ചരിത്ര സംഭവങ്ങളും തന്റെ കഥകളിൽ സംയോജിപ്പിക്കാറുളളതിനാൽ കഥാപാത്രങ്ങൾക്ക് ആഴവും യഥാർത്ഥതയും ഏറെയാണ്.
ഒരായിരം ഉജ്ജ്വല സൂര്യന്മാർ, പട്ടംപിടുത്തക്കാരൻ എന്നീ രണ്ടു നോവലുകളിൽ, മാതൃത്വത്തിന്റെയും പിതൃത്വത്തിന്റെയും വിവിധ വശങ്ങൾ കാണാം. വെറുമൊരു കഥ പറച്ചിലിനപ്പുറം, കൃതജ്ഞത, ജീവിതയാഥാർത്ഥ്യങ്ങൾ, മനുഷ്യ മനസ്സിന്റെ ഈടുറ്റ സ്വഭാവം എന്നിവയെക്കുറിച്ചുള്ള ആഴത്തിലുള്ള പാഠങ്ങൾ നൽകുന്നതാണ് ഹുസൈനിയുടെ എഴുത്ത്. കഥാപാത്രങ്ങളുടെ വ്യക്തിപരമായ പോരാട്ടങ്ങളെ, യഥാർത്ഥ ജീവിത സംഭവങ്ങളുടെയും കാലഗണനയുടെയും ക്യാൻവാസിൽ നെയ്തുചേർക്കുന്നതിലൂടെ, ചിന്തോദ്ദീപകമായ കഥകളാണ് ഹുസൈനി സൃഷ്ടിക്കുന്നത്.
’ഒരായിരം ഉജ്ജ്വലസൂര്യന്മാർ’
അഫ്ഗാനിസ്ഥാനിലെ സാംസ്കാരികവും രാഷ്ട്രീയവുമായ അസ്വസ്ഥതകളുടെ പശ്ചാത്തലത്തിൽ അരങ്ങേറുന്ന ഈ കഥ, ഏതാണ്ട് അഞ്ച് ദശാബ്ദങ്ങളിലൂടെയാണ് അരങ്ങേറുന്നത്. തന്റെ പിതാവിന്റെ അവഗണനയും, ഭർത്താവിന്റെ ക്രൂരമായ പെരുമാറ്റവും കൊണ്ട് പ്രയാസപ്പെടുന്ന മറിയം, കുടുംബത്തെ നഷ്ടപ്പെട്ട് ക്രൂരമായ ഒരു ജീവിതത്തിലേക്ക് തള്ളപ്പെടുന്ന ലൈല. പങ്കിട്ട ദുരിതത്തിലൂടെയും ‘അസീസ’ (‘ഏറ്റവും പ്രിയപ്പെട്ടവൾ’) യുടെ സാന്നിധ്യത്തിലൂടെ രൂപപ്പെടുന്ന അവരുടെ ബന്ധമാണ് കഥയുടെ ഇതിവൃത്തം. താലിബാൻ ഭരണത്തിനു കീഴിൽ സ്ത്രീകൾ അനുഭവിക്കുന്ന ദുരിതത്തിന്റെ ഭയാനകമായ ചിത്രം എന്നെ ഞെട്ടിച്ചു. അസഹനീയമായ പ്രതിസന്ധികളുടെ നടുവിൽ സ്നേഹത്തിന്റെയും മാനവികതയുടെയും ഈടുറ്റ തെളിവാണ്, മറിയം ജോ നടത്തുന്ന അന്തിമ ത്യാഗം – മനോഹരവും ഞെട്ടിക്കുന്നതും. ആയിരം സൂര്യന്മാരുടെ തേജസ്സ് പോലെ തന്നെ ആ കഥ എന്നെ ഇപ്പോഴും ഭ്രമിപ്പിക്കുന്നു.
പട്ടംപിടുത്തക്കാരൻ (കൈറ്റ് റണ്ണർ)
സൗഹൃദം, വഞ്ചന, പ്രായശ്ചിത്തം എന്നിവ കാതലായ ഈ കഥയിൽ അമീർ എന്ന സമ്പന്നകുടുംബത്തിലെ കുട്ടിയും ഹസൻ എന്ന വേലക്കാരൻറെ മകനുമുള്ള സങ്കീർണ്ണമായ ബന്ധമാണ് വരച്ചുകാട്ടുന്നത്. ഹസന്റെ നിഷ്‌കളങ്കതയും വിശ്വാസവും അമീറിനോടുള്ള സ്നേഹവും ഒരു വശത്ത്; അമീറിന്റെ സ്വാർത്ഥതയും ഭീരുത്വവും പിന്നീടുള്ള പശ്ചാത്താപവും മറുവശത്ത്. കുറ്റബോധവും പ്രായശ്ചിത്തവും എന്നീ വിഷയങ്ങളെ അസാധാരണമായ ആഴത്തിൽ പര്യവേക്ഷണം ചെയ്യുന്ന കഥയാണിത്. അമീറിന്റെ മാനസികവേദനയും പശ്ചാത്താപവും അദ്ദേഹത്തെ വർഷങ്ങൾക്ക് ശേഷം പ്രായശ്ചിത്തം തേടാൻ പ്രേരിപ്പിക്കുന്നു. ‘നിനക്കായി, ഒരായിരം തവണ’ എന്ന അർത്ഥഗർഭമായ വരിയോടെ കഥ അവസാനിക്കുമ്പോൾ, കണ്ണീരിലൂടെയും ഞാൻ പുഞ്ചിരിച്ചു. ചില മുറിവുകൾ പൂർണ്ണമായും ഉണങ്ങില്ലെങ്കിലും, രണ്ടാം അവസരങ്ങൾ പ്രത്യാശയുടെ ഒരു കിരണം നൽകുമെന്ന് ഈ പുസ്തകം ഓർമ്മിപ്പിക്കുന്നു.
ഉപസംഹാരം
ഖാലിദ് ഹുസൈനിയുടെ കൃതികൾ കേവലം കഥകളല്ല – അവ മനുഷ്യാത്മാവിലേക്ക് ആഴ്ന്നിറങ്ങുന്ന യാത്രകളാണ്. കഥാപാത്രങ്ങളുടെ സന്തോഷങ്ങളും ദുഃഖങ്ങളും അനുഭവിക്കാൻ വായനക്കാരെ പ്രേരിപ്പിക്കാനും, നമ്മെ തിളക്കമാർന്ന ഒരു ലോകത്തേക്ക് കൊണ്ടുപോകാനും, ആഴത്തിലുള്ള ഒരു വൈകാരിക അനുഭവം നമ്മുടെ മനസ്സിൽ ഉണ്ടാക്കാനുമുള്ള അദ്ദേഹത്തിന്റെ കഴിവ് – ഇവയാണ് അദ്ദേഹത്തെ എന്റെ പ്രിയപ്പെട്ട എഴുത്തുകാരനാക്കുന്നത്.
അദ്ദേഹത്തിന്റെ കൃതികൾ ഇതുവരെ വായിച്ചിട്ടില്ലെങ്കിൽ, തീർച്ചയായും വായിക്കുക.
മറക്കാനാവാത്ത ഒരു വൈകാരിക യാത്രയ്ക്ക് തയ്യാറെടുത്തുകൊൾക !!
– ദീപ പെരുമാൾ


13 Comments
Pingback: ബ്ലോഗ് മത്സര വിജയികൾ-2025 - By Editorial Team - കൂട്ടക്ഷരങ്ങൾ
Great write up
thank youuu !!
Thousand splendid sun and kite runner, രണ്ടു പുസ്തകങ്ങളും വായിച്ചിട്ടുണ്ട്. Fiction നു അപ്പുറം ദുരിതപ്പെടുന്നവരുടെ ചിത്രം വരച്ചിട്ട രചനകൾ ആണ് ഹുസൈനിയുടേത്.
കാനഡയിൽ 12 th grade ഇൽ kite runner, english നോവൽ കാറ്റഗറിയിൽ പഠിപ്പിച്ചിരുന്നു. മികച്ച രചനയാണ് എന്നിതു വ്യക്തമാകുന്നു. Writerറുടെ work quality , തിരിച്ചറിയുന്ന എഴുത്ത് 👏
Thank you so much Joyce <3 സ്നേഹം !
എന്തുകൊണ്ട് ഹുസൈനി എന്ന് കൃത്യമായി വായനക്കാരനെ ബോധിപ്പിക്കുന്ന എഴുത്ത് 👌👌👌
Thank you so much, dear <3 🙂 Selecting just one fav author is so difficult !!
നല്ല അവതരണം ❤️
നന്ദി സാബിറ, സ്നേഹം
❤️👌🌹
സ്നേഹം Suma !
ഖാലിദ് ഹുസൈനിയുടെ കൃതികൾ തേടിപ്പിടിച്ചു വായിക്കാറുണ്ട്. എല്ലാം ഗംഭീരമാണ്.
ദീപ നന്നായി എഴുതി 👍
സ്നേഹം !! നന്ദി Shreeja