അമ്മയുടേയും മകളുടേയും ജീവിതങ്ങൾക്ക് സമാനതകളേറെയാണ്. അമ്മ സ്നേഹത്തെ തേടി അലഞ്ഞത് പോലെ മകൾക്ക് അലയേണ്ടി വന്നില്ല എന്ന് മാത്രം. ദേവിയെ സ്നേഹിക്കാൻ ആൺകുട്ടികൾ ക്യൂ നിന്നിരുന്നു. പക്ഷേ തേടി വന്ന് സ്നേഹിച്ചവരൊന്നും അധികം നാൾ അവളുടെ കൂടെ നിന്നതുമില്ല.
ദേവി ചെറുപ്പം മുതൽക്കേ സ്നേഹത്തിനും പരിഗണനയ്ക്കും വേണ്ടിയാണ് ദാഹിച്ചത്. നിധിൻ പോയതിന് ശേഷമുള്ള ഒറ്റപ്പെടൽ ഭീകരമാണ്, വീണ്ടും പഴയ മാനസിക നിലയിൽ എത്തുമോയെന്ന പേടിയിലാണവൾ. മുൻപ് ചികിൽസിച്ചിരുന്ന ഡോക്ടർ അമേരിക്കയിൽ പോയപ്പോൾ മുടങ്ങി പോയ ട്രീറ്റ്മെന്റ് വീണ്ടും പുനരാരംഭിയ്ക്കണം എന്നവൾ തീരുമാനമെടുത്തു.
രാത്രിയിൽ പലതവണ സഞ്ജീവിൻ്റെ ഫോൺ കാളുകൾ വന്നെങ്കിലും അവൾ സംസാരിച്ചില്ല. കിടക്കാൻ നേരം അവൾ ഫോണിൽ നോക്കി, അയാളുടെ പതിനാല് മിസ്ഡ് കാളുകൾ.
“ഇതെന്താ കുട്ടിക്കളിയാണോ, ഫോൺ എടുക്കാതിരുന്നാൽ അയാളെന്ത് വിചാരിക്കും. അയാളുടെ വിസ്സമ്മതം അവളെ വേദനിപ്പിച്ചു എന്നയാൾ കരുതില്ലേ. അത് പാടില്ല. “
അത്രയ്ക്കേ ഉള്ളോ താൻ, അനു പറഞ്ഞതല്ലേ ശരി താനിങ്ങനെ സ്വയം വിലകുറച്ച് കാണേണ്ട കാര്യമുണ്ടോ? ആത്മാഭിമാനത്തോടെ ഈ പ്രശ്നത്തെ അഭിമുഖീകരിക്കണം.
സഞ്ജീവ് എന്തിനാകും വിളിക്കുന്നത്, ആലോചിച്ചപ്പോൾ ദേവിയുടെ ആഗ്രഹത്തിന് സമ്മതം മൂളാമെന്ന് അയാൾ കരുതിയോ? പക്ഷേ ദേവി ആർക്കും രണ്ടാമത് ഒരു അവസരം നൽകാൻ ഇഷ്ടപ്പെടുന്നില്ല.
ദേവി ധൈര്യത്തോടെ ഫോണെടുത്തു. മറുവശത്തു സഞ്ജീവിന്റെ ഗൗരവമുള്ള ശബ്ദം. സാധാരണയിൽ നിന്നും വ്യത്യസ്തമായി, മൃദുലമായി അയാൾ ദേവിയോട് സംസാരിച്ചു.
“ഞാൻ കുറെയായി ദേവിയെ വിളിക്കുന്നു. “
“ഞാൻ ഒരു മീറ്റിങ്ങിൽ ആയിരുന്നു, മടങ്ങി വന്നു മകളുമൊത്തു കുറച്ചു മണിക്കൂറുകൾ. അതിനിടയിൽ ഫോൺ നോക്കാൻ മറന്നു എന്നതാണ് സത്യം. “
“ദേവീ…, ഞാൻ ദേവിയെ നിരാശപ്പെടുത്തിയോ എന്നൊരു സംശയം. ദേവി പറഞ്ഞ കാര്യം… ഞാൻ പുനരാലോചനയിലാണ്. “
സഞ്ജീവ് പറഞ്ഞു തീരും മുൻപ് തന്നെ ദേവി ചാടി കയറി പറഞ്ഞു.
“സാർ പറഞ്ഞതാണ് ശരി, ഞാൻ നല്ലപോലെ ആലോചിച്ചു. ഒന്ന് നിധിന്റെ മടങ്ങിവരവ് ഉണ്ടാകുമെന്ന എന്റെ തോന്നലുകൾ. ഇനി ഒരു വിവാഹം കഴിച്ചാൽ തന്നെ അതിന്റെ നിയമ സാധുതകൾ, അതിനേക്കാൾ പ്രധാനം നമ്മൾ തമ്മിലുള്ള പൊരുത്തക്കേടുകൾ. ഞാൻ നല്ലൊരു വായാടിയാണ്, സാർ ആണെങ്കിൽ മിതഭാഷിയും. സാറിന് നല്ല അറിവും വായന ശീലവുമുണ്ട്, ഞാൻ ഒരു സ്വപ്‌നാടകയായ വികാരജീവിയും. അങ്ങനെ അന്തരങ്ങളാണ് നമ്മിൽ കൂടുതൽ. “
“അതൊക്കെ നല്ലതല്ലേ. കാന്തം പോലെ ഓപ്പോസിറ്റ് വശങ്ങൾ കൂടുതൽ ആകർഷിക്കപെടുമെന്നല്ലേ. ഒരു പക്ഷെ ശ്രമിച്ചാൽ ഭൂമിയിലെ ഏറ്റവും നല്ല ജോഡികൾ നമ്മളായാലോ?”
“സാറിനൊപ്പം എനിക്ക് സമാധാനത്തോടെ ഉറങ്ങാൻ പറ്റില്ല. ചെറുപ്പം മുതൽ പോലീസിനെ എനിക്ക് പേടിയാണ്. “
“അതെന്താ അങ്ങനെ? ഞാൻ ദേവിയുടെ നല്ലൊരു സുഹൃത്തല്ലേ. “
“ചെറുപ്പത്തിൽ, സ്കൂളിൽ ഒരു ആത്മഹത്യ നടന്നു. സാക്ഷി എന്ന നിലയിൽ അന്നെന്നെ പോലീസ് ചോദ്യം ചെയ്തിരുന്നു. അന്ന് മുതൽ പോലീസിനെ എനിക്ക് പേടിയാണ്. പിന്നെ വക്കീലായപ്പോൾ വാദത്തിനിടയിൽ പോലീസിനെ ചോദ്യം ചെയ്യാൻ അവസരങ്ങൾ കിട്ടിയപ്പോൾ ഞാനതിനൊക്കെ പ്രതികാരവും ചെയ്തു. പിന്നെ വിവാഹശേഷം മരണം, പോലീസുകാർ എന്നും വീട്ടിൽ സന്ദർശകരായി. ഇപ്പോൾ പഴയതൊക്കെ ഒന്ന് മറന്നു വരുന്ന സമയവും… “
“ദേവി എന്നാലും… “
“സർ നാളെ നമുക്ക് സംസാരിക്കാം, മോൾ ഉണർന്നു കരയുന്നു… ഗുഡ് നൈറ്റ്. “
ദേവി ഒരു കള്ളം പറഞ്ഞു ഫോൺ കട്ടു ചെയ്തു. ചില പുരുഷന്മാർ അങ്ങനെയാണ്, ആദ്യം കുറെ ഈഗോയൊക്കെ കാണിക്കും, പിന്നെ ഒരു നാണവുമില്ലാതെ പിറകെ വരും.
കട്ടിൽ കിടന്നിട്ടും, പതിവായി ഉറങ്ങുന്ന സമയമായിട്ടും ദേവിയ്ക്ക് ഉറക്കം വന്നതേയില്ല. അവൾ ബാഗിൽ നിന്നൊരു ഉറക്ക ഗുളികയെടുത്തു വായിലിട്ട് വെള്ളം കുടിച്ചു. ഉറങ്ങാൻ ഗുളിക കഴിക്കുന്ന ദിവസങ്ങളിൽ അവൾ കിടപ്പു മുറിയുടെ വാതിൽ തുറന്നിടാറുണ്ട്.
രാവിലെ വളരെ വൈകിയാണ് ദേവി ഉണർന്നത്. മാലതി കുറെ വിളിച്ചപ്പോളാണ് ദേവി കണ്ണ് തുറന്നത്.
“നീ ഇന്നലെ ഉറങ്ങാൻ ഗുളിക കഴിച്ചു അല്ലേ “
“വേറെ നിവൃത്തിയില്ലായിരുന്നു അമ്മേ. നിധിന്റെ ഓർമ്മകൾ.. “
ദേവി, അമ്മയുടെ കയ്യിലിരുന്ന നവമി മോളെ വാരി പുണർന്നു ഉമ്മ നൽകി. മേശയ്ക്കകത്തു പൂട്ടി വച്ച മൊബൈൽ എടുത്തു നോക്കി. അനുപമയുടെ നാല് മിസ്ഡ് കാളുകൾ, സഞ്ജീവിന്റെ ഗുഡ് മോർണിംഗ് സന്ദേശങ്ങൾ, പുതിയ കേസിനെക്കുറിച്ചുള്ള രാഹുലിന്റെ പഠനക്കുറിപ്പുകളും നിഗമനങ്ങളും. ചായ കുടിച്ചും കൊണ്ട് അവൾ എല്ലാം വായിച്ചു നോക്കി. രാഹുൽ വളരെ മിടുക്കനായ ഒരു വക്കീലാണ്. അവനാണ് ദേവിയുടെ വലം കൈ, എന്തിനും ഏതിനും അവൻ ദേവിയ്‌ക്കൊപ്പമുണ്ട്.
സഞ്ജീവിനു ഒരു റിപ്ലൈ മെസേജ് കൊടുക്കണമെന്നവൾ ആഗ്രഹിച്ചു. പിന്നെ വേണ്ടായെന്നു കരുതി. അയാളുമായി കൂടുതൽ അടുക്കുന്നത് ചിലപ്പോൾ ദോഷമായി ഭവിയ്ക്കുമെന്നവൾക്ക് തോന്നി. അയാൾക്ക് ദേവിയോട് ആരാധനയുണ്ട് എന്നവൾക്കു തോന്നിയിട്ടുണ്ട്. പക്ഷെ ഇനി ഒരു ദുരന്തം കൂടി വേണ്ട തനിക്കു എന്നവൾ തീരുമാനിച്ചു.
അവൾ അനുപമയെ ഫോണിൽ വിളിച്ചു സംസാരിച്ചു, രണ്ടു പേരും കൂടി ഉച്ചയ്‌ക്കൊന്നിച്ചൊരു ലഞ്ച് പ്ലാനിട്ടതാണ്. പ്രണവ് ഒരാഴ്ച കഴിഞ്ഞേ മടങ്ങി വരൂ. പ്രണവ് അനുവിന് കൊടുക്കുന്ന സ്നേഹം അവളെ ശ്വാസം മുട്ടിപ്പിക്കുന്ന തരത്തിലാണ്, അയാൾക്ക് അനുവിനോട് ഒരു തരം പൊസ്സസീവ്നെസ്സ് ആണ്. അവൾ ആരെയും സ്നേഹിക്കാൻ പാടില്ല, അവൾ ആരോടും മിണ്ടാൻ പാടില്ല, അയാൾ വീട്ടിലുള്ളപ്പോൾ ഇപ്പോഴും അനുപമ അയാളുടെ കൂടെ തന്നെ വേണം. ദേവിയുടെ കാര്യത്തിൽ മാത്രമാണ് അനുപമയ്‌ക്ക് ഇത്തിരി ഇളവ് കിട്ടുന്നത്.
അനുപമയ്‌ക്ക് വേറെയും ധാരാളം സുഹൃത്തുക്കളുണ്ട്. സമൂഹത്തിൽ നിലയും വിലയുമുള്ള ധാരാളം പൊങ്ങച്ച സഞ്ചികൾ. അവരോടാരോടും അനുവിന് മാനസികമായ അടുപ്പമില്ല. ദേവിയോട് മാത്രമാണവൾ മനസ് തുറക്കുന്നത്. ദേവിയുടെ എല്ലാ പോരായ്മകളുമറിഞ്ഞു തന്നെ ദേവിയുടെ കൂടെ കൂടിയതാണ്. അവളുടെ ശരികളും തെറ്റുകളും മനസിലാക്കിയതാണ്. തനിക്കു ഒരാവശ്യം വരുമ്പോൾ മുന്നും പിന്നും നോക്കാതെ സംരക്ഷിക്കാൻ വേറെ ആരുമില്ലെങ്കിലും ദേവിയുണ്ടാകുമെന്നു അനുപമയ്‌ക്ക് അറിയാം. അത്രയ്ക്ക് ദേവിയെ വിശ്വാസമാണ്. അതാണ് ദേവി, സ്നേഹിക്കുന്നവർക്ക് വേണ്ടി സ്വന്തം ജീവൻ പോലും കളയും.
“എന്താടി രാവിലെ തന്നെ ഒരു ഫോൺ വിളി. “
“നീയെന്താ ഫോൺ എടുക്കാഞ്ഞത്. ഇന്നലെ മരുന്ന് കഴിച്ചാണോ കിടന്നത്. “
“ഇന്നലത്തെ വിഷയങ്ങൾ ഓർത്തോർത്തു കിടന്നു, പിന്നൊരു ഗുളിക കഴിച്ചു. ബോധം കെട്ടുറങ്ങുമ്പോൾ ഫോൺ ആരും ഉപയോഗിക്കരുതല്ലോ, പൂട്ടി മേശയ്ക്കകത്തു വച്ചു. “
“പിന്നെ നിന്റെ ഫോൺ ആരെടുത്തു നോക്കാനാണ്?അതിലെന്തു കുന്തമാണ് ഉള്ളത്. “
ദേവി നാലു വശത്തും കണ്ണോടിച്ചു, ആരും അടുത്തില്ലായെന്നു ഉറപ്പിച്ച് കൊണ്ട് അവളിങ്ങനെ പറഞ്ഞു.
“ഇവിടെ ചില ചാരന്മാരുണ്ട്, മാത്യുവിന്റെ വലം കൈ. “
“പിന്നെ അവർക്കു ടെക്നോളജി ഒക്കെ വശമുണ്ടോ? പിന്നെ ഞാൻ വിളിച്ചത്, ഇന്നത്തെ നമ്മുടെ പ്ലാൻ നടക്കില്ല എന്ന് പറയാനാണ്, സിനിമാ നടൻ ഇന്നുച്ചയ്ക്ക് മടങ്ങി വരുമെന്ന്. ആനയും അമ്പാരിയുമായി ഞാനിവിടെ കാത്തു നിന്നില്ലെങ്കിൽ… നിനക്കറിയാലോ ദേവി.. “
അനുപമയുടെ ശബ്ദത്തിൽ ദുഃഖം കലർന്നത് ദേവി മനസിലാക്കി. ഒരു പക്ഷെ അനുപമ അമ്മയായില്ലായിരുന്നെങ്കിൽ അയാൾ അനുപമയെ ഉപേക്ഷിക്കുമായിരുന്നില്ലേ. ഇടയ്ക്കിടയ്ക്ക് സിനിമ മാഗസിനിൽ വരുന്ന നീല നിറം പിടിപ്പിച്ച കഥകൾ ദേവി വായിക്കാറുണ്ട്. ഒരിക്കലും അത് ദേവി അനുപമയോട് പറയാറില്ല. അവളെ സങ്കടപെടുത്താനാകില്ല.
പ്രണവ് ഒരു യുവനടിയുമായി അടുപ്പത്തിലാണ്. ഒരു സിനിമയുടെ ആവശ്യത്തിനായി അവരൊന്നിച്ചു ജർമ്മനിയിൽ പോയിട്ടുണ്ട്. അവരൊന്നിച്ചുള്ള ചിത്രങ്ങളും ചുംബന സീനുകളും ഇന്റർനെറ്റിൽ വൈറലാണ്. സാധാരണ വിദേശ യാത്രകളിൽ കൂടെ പോകുന്ന അനുപമ ഈ പ്രാവശ്യം പോകുന്നില്ലായെന്ന് തീരുമാനമെടുത്തിരുന്നു. ദേവി പോകാൻ നിർബന്ധിച്ചെങ്കിലും അനുപമയ്‌ക്ക് വാശിയായിരുന്നു. പ്രണവ് കൂടെ വരാൻ അനുപമയെ നിർബന്ധിച്ചതുമില്ല.
“എന്താ പെട്ടെന്നൊരു മടക്കം, രണ്ടാഴ്ച ഷൂട്ടിങ് ഉണ്ടാകുമെന്നല്ലേ അറിയിച്ചിരുന്നത്. “
“നീ ആരോടും പറയണ്ട. പ്രണവിന് എന്തോ സ്കിൻ അലർജി ആണത്രേ, പുറത്തറിഞ്ഞാൽ അറിയാമല്ലോ പാപ്പരാസികളുടെ കാര്യം, ഈ ഫീൽഡിലെ കിടമത്സരം അറിയാമല്ലോ. പുതിയ പിള്ളേരുടെയൊപ്പം പിടിച്ചു നില്ക്കാൻ പാടാണ്, പിന്നെ പ്രണവിന് ഒരു… “
അനുപമ കരയാൻ തുടങ്ങി.
“എന്താടീ, നീ കരയാതെ, ഞാൻ അങ്ങോട്ട് വരാം. നിനക്കെവിടെയാ പോകേണ്ടത്, നമുക്ക് പോയിട്ട് പെട്ടെന്ന് മടങ്ങി വരാം. നിന്റെ മൂഡ് ഒക്കെ ഒന്ന് മാറ്റിയിട്ട്. “
“എവിടെ പോയാലും വഴക്കാണ് ദേവി, അമ്പലത്തിൽ പോകാം, അതിനു മാത്രം പ്രണവിന് പ്രശ്നമില്ല. “
ദേവി പെട്ടെന്ന് തന്നെ റെഡിയായി അനുപമയുടെ വീട്ടിലെത്തി. അവളെയും കൂട്ടി ആറ്റുകാൽ അമ്പലത്തിലെത്തി. നല്ല തിരക്കുള്ള സമയം, അനുപമയുടെ പ്രാർത്ഥന കഴിയും വരെ ദേവിയും കൈ കൂപ്പി നിന്നു. അടച്ചിരുന്ന അനുപമയുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകി കവിളിലേയ്ക്ക് ഒഴുകി വീണു. എന്താണ് ഇവൾക്കിത്ര സങ്കടം, അവളുടെ ഉള്ളിൽ എന്തൊക്കെയോ മറച്ചു വച്ചിരിക്കുന്നു.
അനുപമ ദേവിയുടെ നെറ്റിയിൽ
ചുവന്ന കുറി വരച്ചു.
“നിന്റെ ശത്രു ദോഷം മാറാൻ ഞാനൊരു രക്തപുഷ്പാഞ്ജലി കഴിച്ചു. “
“ഓഹ്, എനിക്കിതിലൊന്നും വിശ്വാസമില്ല അനൂ. “
“എനിക്കറിയാം നീ എന്നെ വിശ്വസിക്കുന്നുണ്ടല്ലോ അല്ലേ. “
“അതെ നിന്നെ എനിക്ക് നല്ല വിശ്വാസമാണ്. ഒരു പക്ഷെ ഞാനൊരു ആണായിരുന്നെങ്കിൽ ഞാൻ നിന്നെ കെട്ടി കൊണ്ട് പോയേനെ അനൂ. “
അനുപമ പൊട്ടിച്ചിരിച്ചു.
“നിന്നെ ആദ്യമായി കണ്ട ദിവസം എനിക്ക് നല്ല ഓർമ്മയുണ്ട് ദേവീ. വെളുത്തു, നല്ല തടിയുള്ള നീ ഉരുണ്ടുരുണ്ട് ക്ലാസ്സിൽ വന്നു, എന്റെ ശ്രദ്ധ മുഴുവൻ രണ്ടായി പിന്നിയിട്ട നിന്റെ മുടിയിഴകളിലായിരുന്നു. എന്തൊരു ഭംഗിയായിരുന്നു അന്ന് നിന്നെ കാണാൻ.. ഞാൻ പലപ്പോഴും ചിന്തിച്ചു ഞാൻ ഒരാണായിരുന്നെങ്കിൽ ഈ പെങ്കൊച്ചിനെ ഞാനങ്ങു പ്രേമിച്ചു കൊന്നേനെ എന്ന്. “
“നീയും അങ്ങനെ കരുതിയോ.. എന്നിട്ടോ അനൂ, എന്നെ കൂടുതൽ അറിഞ്ഞപ്പോഴോ?എല്ലാം മാറിയില്ലേ”
“ഇല്ല, അപ്പോൾ എന്റെ സ്നേഹം കൂടീയിട്ടേയുള്ളൂ. ഞാൻ ആദ്യമായി പ്രണവിനെ ധിക്കരിച്ചതു എന്തിനാണെന്ന് നിനക്കറിയുമോ. ഇനി മുതൽ നീയുമായുള്ള സൗഹൃദം വേണ്ട എന്ന് പറഞ്ഞതിന്, അന്ന് രാത്രി ഞാൻ ഉറങ്ങിയില്ല, വെളുപ്പാൻ കാലത്തു പ്രണവറിയാതെ ഒരു ഓട്ടോയിൽ കയറി നിന്നെ വന്നു കാണുകയായിരുന്നു. എന്റെ മുഖം കണ്ടപ്പോൾ നീ ഒന്നും ചോദിച്ചില്ല, ഓടി വന്നു എന്നെ കെട്ടിപ്പിടിച്ചു, ആശ്വസിപ്പിച്ചു. നമ്മൾ ഒരു പത്തു മിനിട്ടു അതെ നിൽപ്പ് നിന്നു, ഞാൻ കരയുകയായിരുന്നു. ഒടുവിൽ എനിക്ക് ആശ്വാസം കിട്ടി ഞാൻ നിന്റെ കട്ടിലിൽ ഇരുന്നു. നിന്റെ ചുരിദാർ എന്റെ കണ്ണീരാൽ മുങ്ങിയിരുന്നു. നീ സ്നേഹത്തോടെ എൻ്റെ മുഖം ഉയർത്തുമ്പോൾ നീ എന്റെ ചുണ്ടുകളിൽ ഉമ്മ വയ്ക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. പക്ഷെ അത് തുറന്ന് പറയാനുള്ള ധൈര്യമെനിക്ക് ഉണ്ടായില്ല. “
“അത് പോട്ടെ, ഇപ്പോൾ എന്റെ തങ്കകുടത്തിനു എന്താ സങ്കടം. നിനക്കെന്നോട് എന്തോ പറയാനുണ്ടെന്ന് എനിക്കറിയാം. “
“അത് ദേവി… അത് ഞാൻ പറയാം. “
അനുപമ ഒരു നിമിഷം നിശബ്ദയായി.
“ദേവി നിന്നെ ആ ഇംഗ്ലീഷ് ടീച്ചർ മിസ് സൂസി കുറെ ശല്യപെടുത്തിയിട്ടുണ്ടല്ലേ. നീ അതൊന്നും എന്നോട് പറഞ്ഞിട്ടില്ല. പ്രണവിന്റെ വായിൽ നിന്ന് ഈയിടെ അത് കേട്ടപ്പോൾ.. തുറന്ന് ചോദിക്കണമെന്ന് തോന്നി. “
“ഞാൻ അതൊക്കെ മറന്നുവല്ലോ എന്റെ കുട്ട്യേ. അവരവരുടെ താല്പര്യങ്ങൾ മാത്രം നോക്കി മാതാപിതാക്കൾ വഴിവിട്ട ബന്ധങ്ങളിൽ ചാടുമ്പോൾ കുട്ടികൾ അനുഭവിക്കുന്ന ചില മാനസിക പ്രശ്നങ്ങളുണ്ട്. അതൊക്കെ പ്രശ്നങ്ങൾ ആണെന്ന് പോലും മനസിലാക്കാൻ പറ്റാത്ത പ്രായം. തെറ്റെന്താണ് ശരിയെന്താണ് എന്നൊക്കെ ആര് പറഞ്ഞു തരും. “
ദേവി ദീർഘമായി നിശ്വസിച്ചു.
“അമ്മ വീട്ടിൽ നിന്നും പോയപ്പോൾ മകളെ ഇംഗ്ലണ്ട് ആക്‌സെന്റിൽ ഇംഗ്ലീഷ് പഠിപ്പിക്കാനാണ് അച്ഛൻ വൈകുന്നേരങ്ങളിൽ മിസ് സൂസിയുടെ അടുത്തേയ്ക്കു എന്നെ ട്യൂഷന് വിട്ടത്. ട്യൂഷൻ പരിപാടി മിസ് സൂസിയുടെ സ്കൂളിലെ ഓഫീസ് റൂമിലാണല്ലോ. ആദ്യ ദിവസങ്ങളിൽ എനിക്ക് അവരെ ഇഷ്ടമായി. മുട്ടുവരെ എത്തുന്ന ഫോർമൽ സ്കേർട്ട്, നല്ല വൃത്തിയുള്ള കൈകാലുകൾ, ചുവപ്പിച്ച ചുണ്ടുകൾ, സംസാരിക്കുമ്പോൾ വാസനിക്കുന്ന വായ, കൊഞ്ചി കൊഞ്ചി മാത്രം സംസാരിക്കുന്ന മിസ് സൂസി. “
“ആദ്യ ദിവസം എന്നെയവർ മടിയിലിരുത്തി കൊഞ്ചിച്ചു. എനിക്ക് ചോക്ലേറ്റ് തന്നു, എന്നെ നന്നായി ഇംഗ്ലീഷ് പഠിപ്പിച്ചു. അച്ഛനും മാധവൻ മാമനും ആദ്യ ക്ലാസ്സോടെ അവരെ വിശ്വാസമായി. ഞാൻ നല്ല രീതിയിൽ പഠിച്ചു തുടങ്ങി. അവരുടെ ഉമ്മകളും തലോടലുകളും എനിക്ക് ഇഷ്ടമായില്ല. ആരോട് പറയും ടീച്ചറുടെ കുറ്റം. എന്റെ അന്നത്തെ ശരീര ഘടനയും, പ്രായത്തിൽ കവിഞ്ഞുള്ള വളർച്ചയും, അവരെന്നോട് ഒരു പുരുഷൻ സ്ത്രീയോട്, എന്ന രീതിയിൽ പെരുമാറി. ഒരിക്കൽ ഞാനവരെ തള്ളിയിട്ടു ഓടി രക്ഷപെട്ടു. ഓടി ഞാൻ കയറിയത് ആൺകുട്ടികളുടെ ടോയ്‌ലെറ്റിന്റെ ഭാഗത്താണ്. അവിടെ എന്റെ ക്ലാസ്സിലെ അക്ബർഷാ എന്നൊരു കുട്ടി നിന്നിരുന്നു. ഞാൻ ഓടി ചെന്ന് അവനെ കെട്ടിപിടിച്ചു. ഒന്നും ഞാൻ അവനോടു തുറന്നു പറഞ്ഞില്ല. എനിക്ക് അപ്പോൾ മിസ് സൂസിയിൽ നിന്നും രക്ഷപെടണമായിരുന്നു. അവൻ പിന്നെ എന്റെ പിറകെ നടക്കാൻ തുടങ്ങി. ഒടുവിൽ അവൻ
എന്റെ കിടപ്പു മുറിയിൽ ഒളിച്ചിരുന്നു. അന്ന് മാധവൻ മാമൻ അവനെ നല്ലപോലെ അടിച്ച് ശരിയാക്കി. പിന്നീട് എനിക്ക് അവന്റെ ശല്യം ഉണ്ടായില്ല. “
“പക്ഷെ അവൻ എന്താണ് സ്കൂളിൽ നടന്നു പറഞ്ഞത് എന്നോർമ്മയുണ്ടോ ?”
“ഞാൻ അവനെ ബെഡ് റൂമിൽ വിളിച്ചു കയറ്റിയെന്നല്ലേ, പിന്നെ കുറെ നാൾ മിസ് സൂസി എന്നോട് അകലം പാലിച്ചു. പിന്നീട് വീണ്ടും അവരിൽ നിന്ന് ഒരിക്കൽ കൂടി അനുഭവം ഉണ്ടായി. അവർ എന്റെ നെഞ്ചത്ത് തലോടി, അന്ന് ഞാൻ അവരെ തള്ളി മാറ്റി ഓടിയെത്തിയത്, ഫുട്ബോൾ പ്രാക്ടീസ് കഴിഞ്ഞു വന്ന വിവേകിന്റെ മുന്നിലാണ്. ഞാൻ വിവേകിനോട് എന്നെ രക്ഷിക്കണമെന്ന് പറഞ്ഞു, അവനെന്നെ ഒരു മരത്തിന്റെ മറവിൽ ഒളിപ്പിച്ചു. പിന്നെ അവനെന്നോട് പ്രണയമായി. അത് നിർത്താൻ അച്ഛനും മാധവൻ മാമനും ഇടപെടേണ്ടി വന്നു. എന്നെ പറ്റി കഥകൾ പറയാൻ വിവേകും മറന്നില്ല. “
“എല്ലാവരും എപ്പോഴും നിന്നെ തെറ്റിദ്ധരിച്ചിരുന്നു. മിസ് സൂസിയാണ് കന്യാസ്ത്രീ അമ്മയെ തെറ്റിദ്ധരിപ്പിച്ചത്. “
“അവസാനത്തെ ക്ലാസ് എനിക്ക് നല്ല ഓർമ്മയുണ്ട്. ന്യൂ ഇയർ കഴിഞ്ഞു സ്കൂൾ തുറന്ന ദിവസം. നീ പ്രണവിനെ കാത്തു പൂന്തോട്ടത്തിൽ ഇരിക്കുന്നത് ഞാൻ മിസ് സൂസിയുടെ മുറിയിൽ ഇരുന്നു കാണുന്നുണ്ടായിരുന്നു. കുടിച്ചു ബോധം കെട്ട് വന്ന സൂസി എന്നോട് വളരെ പരുക്കനായ പെരുമാറി. അവരെന്റെ ഷർട്ട് വലിച്ചു കീറി. ഞാൻ അവരെ തള്ളിയിട്ടു, അവരെന്റെ കാലിൽ പിടിച്ചു വലിച്ച് നിലത്തിട്ടു. “
“എന്നിട്ടു ആ ബഹളമൊന്നും ആരും കേട്ടില്ലേ. “
“മിസ് സൂസിയുടെ മുറി വരാന്തയുടെ ഒരു അങ്ങേ അറ്റത്തല്ലായിരുന്നോ? അവിടെ സ്കൂൾ ബാൻഡിന്റെ പ്രാക്റ്റീസ് നടക്കുകയായിരുന്നു. ആ ശബ്ദത്തിൽ എന്റെ കരച്ചിൽ മുങ്ങി പോയി. ഞാൻ ഓടി പോയി സെക്യൂരിറ്റി മാമനോട് മിസ് സൂസിയെ കുറിച്ച് പറഞ്ഞു. എന്റെ ചുണ്ടുകളൊക്കെ പൊട്ടി ചോര ഒലിച്ചിരുന്നു. എന്റെ കരച്ചിൽ കേട്ട് എല്ലാവരും ഓടി വന്നു. അക്കൂട്ടത്തിൽ മിസ് സൂസിയും ഉണ്ടായിരുന്നു. അവർ സെക്യൂരിറ്റി എന്നെ ഉപദ്രവിച്ചെന്നു എല്ലാവരുടെയും മുൻപിൽ വച്ച് വിളിച്ചു പറഞ്ഞു. അന്ന് രാത്രി ഞാൻ എന്റെ അച്ഛനോട് എല്ലാം തുറന്നു പറഞ്ഞു. അപ്പോഴേക്കും എല്ലാം വൈകിയിരുന്നു. രാവിലെയാണ് സെക്യൂരിറ്റിയുടെ ആത്മഹത്യയെ കുറിച്ച് ഞങ്ങൾ അറിയുന്നത്. ആ ഷോക്കിൽ നിന്നും നോർമ്മലായി തിരികെ വരാൻ ഞാൻ കുറെ സമയമെടുത്തു. അപ്പോഴേക്കും മിസ് സൂസി സ്കൂൾ മാറി പോയി. “
ദേവിയുടെ ശബ്ദം ദുഃഖത്താൽ വിറച്ചു.
“കരയല്ലേ ദേവി. “
അനുപമ അവളെ സ്നേഹത്തിൽ തലോടി.
(തുടരും… )
✍️✍️നിഷ പിള്ള

