കാർ ഡ്രൈവ് ചെയ്ത് വന്നയാൾ ഡോർ തുറന്നു പുറത്തിറങ്ങി. വെളുത്ത ലിനൻ ഷർട്ടും കാക്കി പാന്റും കറുത്ത കണ്ണടയുമാണ് അയാളിൽ അവർ ആകെ കണ്ടെത്തിയ ആഡംബര ചിഹ്നങ്ങൾ. സ്വീകരണമുറിയിൽ നിന്നും പുറത്തേക്കുള്ള വാതിലിൽ തന്നെ നോക്കിയിരിക്കുന്ന അഞ്ച് ജോഡി കണ്ണുകൾ കണ്ടു അയാളൊന്നു അമ്പരന്നു. അയാൾ ഷൂ ഊരി മാറ്റി വീടിന്റെ പടിക്കെട്ടിൽ കാലെടുത്തു വച്ചു. വാതിലിനു എതിർവശത്തായിട്ടാണ്, വലിയൊരു ആഡംബര കസേരയിലായിരുന്നു പ്രണവ് ഇരുന്നിരുന്നത്. പ്രണവിനടുത്തേയ്ക്ക് അയാൾ നടന്നടുത്തു.
ക്ഷീണിച്ചു അവശനായി കാണപ്പെട്ട പ്രണവിന്റെ മുന്നിലേയ്ക്ക് തൊഴു കൈയ്യോടെ അതിഥിയായ മനുഷ്യൻ നിന്നു. ആ കാലിൽ പിടിച്ചയാൾ മാപ്പിന് അപേക്ഷിച്ചു. പ്രണവ് അയാളുടെ കൈ പിടിച്ചു തൻ്റെ തൊട്ടടുത്തിരുത്തി. അയാൾ തന്റെ കറുത്ത കണ്ണടയൂരി പോക്കറ്റിൽ വച്ചു, പ്രണവിനെ കനിവോടെ നോക്കി.
“എല്ലാത്തിനും മാപ്പു തരൂ, ഇതെന്തു കോലമാണ് സാറെ, കണ്ടിട്ട് എന്റെ ഹൃദയം പൊടിഞ്ഞു പോകുന്നു. “
അയാൾ നിറഞ്ഞ കണ്ണുകൾ കൈ കൊണ്ട് തുടച്ചു.
“സാറേ ഞാൻ നിങ്ങളെ ചതിയ്ക്കാൻ കൂട്ട് നിന്നു. അതിനുള്ള ശിക്ഷ ഞാൻ അനുഭവിക്കുന്നു. അല്ല ഞങ്ങളിൽ പലരും അനുഭവിയ്ക്കുന്നു. എനിക്കെല്ലാം നഷ്ടപ്പെട്ടു. എന്റെ ജീവിതം പോലും ഇല്ലാതായി, എല്ലാം ഇവിടെ വന്നു തുറന്നു പറയണമെന്ന് ആഗ്രഹിച്ചതാണ്, പക്ഷെ അയാളോടുള്ള പേടി കൊണ്ട് ഞാൻ എല്ലാം എന്റെ മനസ്സിൽ ഒളിപ്പിച്ചു, കഴിഞ്ഞ രണ്ടു ദിവസമായി എനിക്കുറക്കം വരുന്നില്ല. മനസ്സിൽ നിങ്ങളാണ്. ഒടുവിൽ ഭാര്യയാണ് എന്നോട് പറഞ്ഞത് എല്ലാം പ്രണവ് സാറിനോട് തുറന്നു പറയണമെന്ന്. അതാ ധൈര്യമായി ഞാൻ ഇങ്ങു വന്നത്. “
മാനേജർ പ്രണവിനെ വിശ്രമിക്കാനായി മുറിയിൽ കൊണ്ട് പോയി, കിടക്കാൻ സഹായിച്ചു. അതിഥി കരഞ്ഞു. അത് കാണാൻ വയ്യാതെ മാനേജരും അനുപമയും ആര്യനും മുറി വിട്ടു പോയി. ദേവി അബ്ബാസ് ഖാന്റെ കുറ്റസമ്മതം കേൾക്കാൻ അവിടെ, പ്രണവിന്റെ അരികിൽ തന്നെ ഇരുന്നു.
“അബ്ബാസ്സിക്കാ, ഒരു നിർമാതാവെന്ന നിലയിൽ നിങ്ങളെപ്പോഴും എനിക്ക് പിന്തുണ തന്നിരുന്നു. ഞാൻ നിങ്ങളോടു എന്തെങ്കിലും തെറ്റ് ചെയ്തിരുന്നോ?ഒന്നും ഓർമ്മയില്ല. നിങ്ങൾ എന്നെ വിശ്വസിച്ചു മുടക്കിയ പൈസയ്ക്ക് ആത്മാർഥമായി ഞാൻ അഭിനയിച്ചു. ആ സിനിമ വൻവിജമായിരുന്നില്ലേ. മുടക്കു മുതലിനേക്കാൾ മൂന്നിരട്ടി ലാഭം കിട്ടിയില്ലേ, പിന്നെ എന്തായിരുന്നു എന്നോടിത്ര വൈരാഗ്യം. “
“പ്രണവ് സാറിനോട് എനിക്കെന്തിന് വൈരാഗ്യം, നമ്മൾ തമ്മിൽ ആദ്യമായി കാണുമ്പോൾ ഞാൻ തിരക്കുള്ള ഒരു ബിസിനസ്കാരനും നിർമ്മാതാവുമൊക്കെയാണ്. അതിനു മുൻപ് എനിക്കൊരു ഭൂതകാലമുണ്ട്. എന്റെ കല്യാണ കഴിഞ്ഞ സമയം, അന്നെനിക്ക് വെറും ഇരുപത്തിരണ്ടു വയസ്സ്. മീൻകച്ചവടമായിരുന്നു അന്നെന്റെ തൊഴിൽ. ഒരു വെളുപ്പാൻ കാലത്ത് സൈക്കിളിൽ മീനെടുക്കാനായി കടപ്പുറത്തേക്ക് പോയതാണ്. അന്ന് നല്ല മഴയായിരുന്നു. ഹൈവേയിലൂടെ വലിയ വേഗതയിൽ വന്ന ഒരു ജീപ്പ് എന്നെ ഇടിച്ചു വീഴ്ത്തിയിട്ടു നിർത്താതെ ഓടിച്ചു പോയി. ചോര വാർന്ന് കിടന്ന എന്നെ അന്ന് സൈക്കിളിൽ വന്ന ഒരു പയ്യനാണ് രക്ഷിച്ചത്. പത്തു പതിമൂന്നു വയസുള്ള ആ പയ്യൻ ഒരു ഓട്ടോ കൈ കാണിച്ചു നിർത്തി എന്നെ ആശുപത്രിയിൽ കൊണ്ടാക്കി, അവനാണ് എന്നെ ശുശ്രൂഷിച്ചത്. “
“പിന്നെ ഞാനവനുമായി നല്ല സൗഹൃദത്തിലായി. വെളുപ്പാൻ കാലത്തു ലോറിയിൽ കയറ്റി കൊണ്ട് വരുന്ന കഞ്ചാവ് സൈക്കിളിൽ കടത്തലായിരുന്നു അവൻ്റെ പണി. പോലീസ് പട്രോളിംഗ് സമയത്തു അവൻ അതെന്റെ മീൻ കുട്ടയിൽ ഒളിപ്പിച്ചു വയ്ക്കും. പിന്നെ ഞാനും മീൻ കച്ചവടത്തിനൊപ്പം കഞ്ചാവ് കടത്താൻ തുടങ്ങി. എളുപ്പത്തിൽ പണം ഉണ്ടാകാൻ തുടങ്ങിയപ്പോൾ ഞാൻ ഈ കച്ചവടത്തിൽ കൂടുതൽ ശ്രദ്ധിച്ചു. പിന്നെ വിദേശത്തേയ്ക്ക് പോയി, അവിടെയും മയക്കു മരുന്ന് കച്ചവടം തുടങ്ങി. ഞാൻ പെട്ടെന്ന് പണക്കാരനായി. പിന്നീട് ഞാനവനെ കണ്ടിട്ടേയില്ല. അവനെ ഞാൻ മറന്നു തുടങ്ങി, വർഷങ്ങൾ കഴിഞ്ഞു ഞാനവനെ കാണുമ്പോൾ അവൻ ആ സ്ഥലത്തെ സബ് ഇൻസ്‌പെക്ടർ ആയിരുന്നു. “
“എന്റെ മൂന്നാമത്തെ കുട്ടി ജനിച്ച സമയം ഞാൻ കേരളത്തിലെ അറിയപ്പെടുന്ന ഒരു ജൂവലറി ഉടമയായി മാറി. പിന്നെ ഞാൻ പ്രശസ്തിക്കു വേണ്ടി സിനിമകൾ നിർമിക്കാൻ തുടങ്ങി. ആദ്യ അഞ്ചു സിനിമകൾ പൊട്ടി പോയി, ആറാമത്തെ സിനിമയാണ് പ്രണവുമായി ചെയ്തത്, അത് വൻവിജമായിരുന്നു. “
“എന്റെ ഏഴാമത്തെ ചിത്രം ഒരു സ്ത്രീപക്ഷ സിനിമയായിരുന്നു. കഥ റെഡിയായപ്പോൾ തന്നെ ഒരു തമിഴ് നടിയെ കാസ്റ്റ് ചെയ്തതാണ്. പ്രണവ് എന്റെ ഭാഗ്യ താരം ആയിട്ടു പോലും, ആ സിനിമയിൽ പ്രണവിന് പറ്റിയ റോൾ ഇല്ലാത്തതുകൊണ്ട് ഞാൻ പ്രണവിനെ ഒഴിവാക്കിയതാണ്. അപ്പോഴാണ് വീണ്ടും അയാളുടെ വരവ്, അയാളപ്പോൾ സ്ഥലത്തെ സർക്കിൾ ഇൻസ്‌പെക്ടർ ആയിരുന്നു. പുതിയ പ്രോജക്ടിനെക്കുറിച്ച് എന്നോടന്വേഷിച്ചു, പ്രണവിനെ വച്ച് അടുത്ത പടം ചെയ്യണമെന്ന് അയാൾ വാശി പിടിച്ചു. ചെയ്യാനിരുന്ന ആ കഥ മാറ്റി വച്ച്. ഞാൻ പുതിയ കഥ തേടി, നല്ലൊരു കഥ കിട്ടി, പുതിയ സംവിധായകൻ, പുതിയ മേക്ക് അപ്പ് മാൻ, പുതിയ ഹെയർ സ്റ്റൈലിസ്റ്റ്, നടിയായി പുതുമുഖമായ സ്പന്ദനയെ കൊണ്ട് വന്നു, അതും ഒരു ഡ്രാമയിലൂടെ….., നേരത്തെ കാസ്റ്റ് ചെയ്ത് വച്ചിട്ടാണ്, സ്പന്ദന പഠിക്കുന്ന കോളേജിൽ പരിപാടിക്കായി ഞങ്ങൾ പ്രണവിനെ കൊണ്ട് പോയത്. പ്രണവിൻ്റെ മുന്നിൽ നടന്നതൊക്കെ വെറും ഗിമിക്കുകൾ. “
“അപ്പോൾ സ്പന്ദനയും… “
“ഒരു റോൾ കിട്ടാൻ വേണ്ടി അവൾ ഞങ്ങളോട് സഹകരിച്ചു. അവൾ പ്രണയാഭ്യർത്ഥനയുമായി പ്രണവിനടുത്തെത്തി, നിങ്ങൾ ഒന്നിച്ചു ഫ്ലാറ്റിൽ താമസം തുടങ്ങി. പ്രണവിന്റെ വിവാഹ ജീവിതത്തെ ബാധിക്കുമെന്ന നിലയിലായപ്പോൾ ആ പെൺകുട്ടി എന്നോട് കരഞ്ഞു പറഞ്ഞു. എനിക്കിനി ഈ അഭിനയം വയ്യാ എന്ന്, എനിക്ക് മറ്റൊരു പെൺകുട്ടിയുടെ ജീവിതം നശിപ്പിക്കാനാകില്ലെന്ന്. ഒടുവിൽ അവൾ തന്നെ പ്രണവുമായി പിരിഞ്ഞു, അകന്നു, ഇതറിഞ്ഞ അയാൾ സ്പന്ദനയോടു അവസാനമായി ഒരു സഹായം ചെയ്യാനാവശ്യപ്പെട്ടു. അതായിരുന്നു ആ നൈറ്റ് പാർട്ടി, എന്തോ മാരണം ചെയ്ത പൊടി കൂൺ കറിയിൽ ചേർത്ത് പ്രണവിന് കൊടുത്തു….. വേറെ ആരും അത് കഴിക്കരുതെന്നും പ്രണവിന് വേണ്ടി സ്പെഷ്യൽ ആയി ഉണ്ടാക്കിയതാണെന്നും പറഞ്ഞിരുന്നു. അന്ന് പ്രണവ് നല്ല പോലെ മദ്യപിച്ചിരുന്നു. ആ സമയത്ത് പ്രണവിന്റെ അവസ്ഥ കണ്ടു സ്പന്ദന മുറിയിലിരുന്ന് കരയുന്നുണ്ടായിരുന്നു. “
“എന്തൊരു ലോകം, ആർക്ക് ആരെ വിശ്വസിക്കാൻ കഴിയും, നിങ്ങൾ ഒരു പാൻ ഇന്ത്യൻ താരമാക്കാനിരുന്ന പ്രണവിന്റെ അവസ്ഥ കണ്ടോ അബ്ബാസ് ഖാൻ. “
ദേവി ദേഷ്യപ്പെട്ടു ചോദിച്ചു.
“മാഡം, ഞങ്ങൾ നിസ്സഹായരായിരുന്നു. പക്ഷെ അതിന്റെ ഫലം ഞങ്ങളും അനുഭവിക്കാൻ തുടങ്ങി. എന്റെ മൂത്ത മകൻ ഉസ്ബെക്കിസ്ഥാനിൽ മെഡിസിന് ചേർന്നു. തലേന്നു രാത്രിയിൽ വളരെ സന്തോഷവാനായിട്ടാണ് അവൻ ഫോണിൽ എന്നോട് സംസാരിച്ചത്. രാവിലെ കേൾക്കുന്നത്, അവൻ കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു എന്നാണ്. രണ്ടാമത്തെ മകൾക്കുണ്ടായ തീവ്രമായ പൊള്ളൽ, ഭാര്യയുടെ കാൻസർ രോഗം. വളരെ പെട്ടെന്ന് എന്റെ കുടുംബത്തിൽ നിരവധി പ്രശ്നങ്ങളുണ്ടായി. എന്റെ സ്വപ്നങ്ങളിൽ പ്രണവ് വരാൻ തുടങ്ങി. ഒരിക്കൽ പ്രണവിനെക്കുറിച്ചൊരു ലേഖനം വനിതാ മാഗസിനിൽ വന്നു. അതിൽ പ്രണവിന്റെ ദിനങ്ങൾ എണ്ണപ്പെട്ടു എന്നൊരു തലക്കെട്ട് കണ്ടു, അപ്പോൾ എന്റെ ഭാര്യ എന്നോട് പറഞ്ഞു അവളുടെ ദിവസങ്ങളും ഇത് പോലെ എണ്ണപ്പെട്ട് കഴിഞ്ഞെന്ന്. ഞാൻ കരഞ്ഞു കൊണ്ട് അവളോട് സംഭവിച്ചതെല്ലാം തുറന്നു പറഞ്ഞു. “
“അവളെന്നോട് ചോദിച്ചു ഇതിൻ്റെയൊക്കെ ഫലം അനുഭവിക്കാതെ നമുക്ക് ഈ ഭൂമിയിൽ നിന്നും മടങ്ങാൻ പറ്റുമോയെന്ന്. അത് സത്യമായി എനിക്ക് തോന്നി. ഞങ്ങളുടെ കുടുംബത്തിന് മാത്രമല്ല. സ്പന്ദനയുടെയും, മേക്ക് അപ്പ് രാജയുടെയും ജീവിതത്തിലെല്ലാം പ്രശ്നങ്ങൾ. ഞങ്ങളെ കൊണ്ട് ഇതൊക്കെ ചെയ്യിച്ചവൻ മാന്യമായി ജീവിക്കുന്നു. “
അബ്ബാസ് കണ്ണ് തുടച്ചു, കറുത്ത കണ്ണട ധരിച്ചു. അപ്പോഴേക്കും ചായയുമായി അനുപമ അടുത്തെത്തി.
“ക്ഷമ ചോദിയ്ക്കാൻ പോലും പറ്റില്ലല്ലോ മാഡം, എനിക്ക് ബാക്കിയുള്ള രണ്ടു കുഞ്ഞുങ്ങൾക്ക് വേണ്ടി, എന്റെ ഭാര്യയുടെ നല്ല ആരോഗ്യത്തിന് വേണ്ടി. ക്ഷമിക്കണേ മാഡം. അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണ്. എന്ത് പ്രായശ്ചിത്തം വേണമെങ്കിലും ചെയ്യാം. “
“ഞാൻ ക്ഷമിക്കണമെങ്കിൽ നിങ്ങൾ ഞങ്ങളോട് സത്യം പറയൂ, ഇതെന്റെ സുഹൃത്തായ ദേവി, ഒരു അഡ്വക്കേറ്റാണ്, അവളുടെ ജീവിതത്തിൽ സംഭവിച്ചതിനൊക്കെ ഇതുമായി ബന്ധമുണ്ടല്ലോ. പോലീസിനും കോടതിക്കുമൊന്നും തെളിവുകളില്ലാതെ ഞങ്ങളെ സഹായിക്കാൻ കഴിയില്ലല്ലോ. “
അബ്ബാസ് ഒരു നിമിഷം കണ്ണടച്ച് ആലോചിച്ചിരുന്നു. പിന്നീട് അയാൾ പറഞ്ഞു തുടങ്ങി.
“ദേവി മാഡത്തെ എനിക്ക് വളരെ നേരത്തെ തന്നെ അറിയാം, അയാൾ എപ്പോഴും നിങ്ങളെക്കുറിച്ചു പറയാറുണ്ടായിരുന്നു. മദ്യം കഴിഞ്ഞു കഴിഞ്ഞാൽ അയാൾ നിങ്ങളുടെ പേര് പറഞ്ഞു കരയുമായിരുന്നു. അയാൾക്ക് നിങ്ങളോടു അഗാധമായ പ്രണയമാണ് മാഡം, അയാൾ ഈ നാല്പതാം വയസിലും അവിവാഹിതനായി കഴിയുന്നത് നിങ്ങൾക്ക് വേണ്ടിയാണു, നിങ്ങളെ വിവാഹം കഴിക്കാനായിട്ടാണ്. “
അബ്ബാസ് ദേവിയെ നോക്കി പറഞ്ഞു.
“എന്നോട് പ്രണയമോ, അയാൾക്കോ?”
ദേവി പൊട്ടിച്ചിരിച്ചു.
“അതെ മാഡം, അയാളെപ്പോഴും മാഡത്തിന്റെ തൊട്ടു പിറകെയുണ്ടായിരുന്നു. അയാളൊരു സൈക്കോ ആണ്. അയാൾ ബോധി കോളേജിൽ പാരലൽ ആയി പഠിച്ചാണ് ഡിഗ്രി നേടിയത്. പഠിക്കാൻ മിടുക്കനായത് കൊണ്ടും, സ്വയം ജോലി ചെയ്തു പഠിക്കുന്നത് കൊണ്ടും, അച്ഛനില്ലാത്ത കുട്ടി ആയതു കൊണ്ടും ടീച്ചറമ്മ അയാളെ സ്വന്തം മകനെ പോലെ കരുതിയിരുന്നു. കൈലാസനെ പോലെ ടീച്ചറമ്മയുടെ വീട്ടിൽ അയാൾക്കും ഒരു നല്ല സ്ഥാനം ലഭിച്ചിരുന്നു. പ്രീഡിഗ്രിയ്ക്ക് പഠിക്കുന്ന കൈലാസനെ പഠനത്തിൽ സഹായിക്കാൻ വന്നപ്പോഴാണ്, കൈലാസൻ്റെ നോട്ട്ബുക്കിൽ വരച്ച ദേവി മാഡത്തിന്റെ ചിത്രം അയാളാദ്യമായി കാണുന്നത്. ആദ്യ കാഴ്ചയിൽ തന്നെ മാഡത്തിനോട് അതി തീവ്രമായ പ്രണയം തോന്നി. അന്വേഷിച്ചപ്പോൾ നിങ്ങളും കൈലാസനും തമ്മിൽ പ്രണയത്തിലാണെന്ന് മനസിലാക്കി. ടീച്ചറമ്മയോടു പറഞ്ഞു അയാൾ ആ പ്രണയം അന്ന് തകർത്തു കളഞ്ഞു. “
“അയാളാണോ അതിനു പിന്നിൽ. “
“നിങ്ങൾ പൂർണ്ണമായും അകന്നപ്പോൾ അയാൾക്ക് സന്തോഷമായി. അയാൾ പിന്നീട് ജോലി കിട്ടി കാസർഗോഡ് പോയി, ആ സമയത്താണ് നിങ്ങളുടെ വിവാഹം. മടങ്ങി വന്നത് വിവാഹത്തിൽ പങ്കെടുക്കാനാണ്, കൈലാസന്റെ വധുവിനെ കണ്ടു താൻ ഞെട്ടി പോയെന്നു പിന്നീടൊരിക്കൽ എന്നോട് പറഞ്ഞിരുന്നു. അയാളാദ്യം മാഡത്തിന്റെ ആദ്യ ഭർത്താവിനെ ഇല്ലാതാക്കി. അതിനു വേണ്ടി മാത്യുവിനെ കൊണ്ട് മൂന്നാറിലൊരു ഹണിമൂൺ സ്റ്റേ ബുക്ക് ചെയ്യിച്ചു. മാത്യുവിനോ ടീച്ചറമ്മയ്‌ക്കോ അയാളെ തെല്ലും സംശയമുണ്ടായിരുന്നില്ല. “
“ആരാണ് കൈലാസനെ കൊന്നത്. ചില ക്യാമറ ദൃശ്യങ്ങളിൽ മാത്യുവിന്റെ മക്കളായ ആരോണും ആൻഡ്രുവും കൈലാസനോട് സംസാരിക്കുന്നത് കണ്ടിരുന്നു. “
“അതൊക്കെ അയാൾ അവര് പോലുമറിയാതെ അവരെ ഉപയോഗിക്കുകയായിരുന്നു. അന്ന് രാത്രിയിൽ കൈലാസനെ അവർ പൂളിനടുത്തു വച്ച് കണ്ടിരുന്നു, പരസ്പരം സംസാരിച്ചു, അത് കഴിഞ്ഞു കൈലാസന്റെ രണ്ടു സുഹൃത്തുക്കളുമായി തമാശയ്ക്കു ഉന്തും തള്ളുമുണ്ടായി. ഹോട്ടലിനടുത്തുള്ള കുന്നിൻ ചരുവിലെ തടയണ, അവിടെ ഒരു നിലവിളി കേട്ടാണ് കൈലാസൻ അങ്ങോട്ട് നീങ്ങിയത്. അവിടെ ക്യാമറയില്ല, വെട്ടവുമില്ല. രാത്രി സമയത്തു ആരും അവിടെ പോകാറില്ല. അയാളും വിക്ടറും കൂടെ കൈലസനെ വെള്ളത്തിൽ മുക്കി കൊല്ലുകയായിരുന്നു. തെളിവൊന്നും അവശേഷിപ്പിക്കാതെ, സമർത്ഥമായി അവർ കൈലാസനെ ഇല്ലാതാക്കി, ദേവി മാഡത്തിനെ മറ്റൊരു പുരുഷന്റെ കൂടെ കാണാൻ അയാൾക്ക് കഴിയില്ലത്രേ. “
ദേവി പൊട്ടിക്കരഞ്ഞു.
“പാവം എന്റെ കൈലാസൻ എത്ര മാത്രം വേദന അനുഭവിച്ചിട്ടുണ്ടാകും. ജീവിക്കാനുള്ള കൈലാസന്റെ അവകാശത്തെയാണ് അയാൾ. “
“അവിടെ അവർക്കൊരു അബദ്ധം സംഭവിച്ചു. തടയണയിൽ നിന്നും കയറി വന്ന വിക്ടറിനെ നിധിൻ എന്ന ഹോട്ടൽ ഷെഫ് കണ്ടിരുന്നു. ആ സമയത്ത് ആരും അങ്ങോട്ട് പോകാത്തത് കൊണ്ട് നിധിൻ അയാളെ ചോദ്യം ചെയ്തിരുന്നു. പിറ്റേന്ന് കുന്നിൻ ചെരുവിൽ രാത്രി കണ്ട ആളെക്കുറിച്ചു നിധിൻ പോലീസിനോട് പറഞ്ഞെങ്കിലും പോലീസ് അത് ഗൗനിച്ചില്ല. മാത്രമല്ല ഹോട്ടലിനു ചീത്തപ്പേര് ഉണ്ടാകുമെന്നു ഭയന്ന് മാനേജ്‌മെന്റ് നിധിനെ പിരിച്ച് വിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ആ ഹോട്ടലിൽ വച്ച് സംഭവിച്ച നിധിൻ്റെ ചേച്ചിയുടെ മരണം ഇപ്പോഴും നിഗൂഡമാണ്. അതോടെ നിധിൻ ഒറ്റയാൾ പോരാട്ടം തുടങ്ങി. “
“ഇതറിഞ്ഞ് അയാളും വിക്ടറും നിധിന്റെ പിറകെ കൂടി. ആ സമയത്താണ് ദേവി മാഡം നിധിനെ കാണാനായി മൂന്നാറിലെ ഹോട്ടലിൽ എത്തിയത്. നിധിനെ കൊല്ലാനായി അവർ ഒന്ന് ശ്രമിച്ചതാണ്. നിധിനെ സ്റ്റാഫ് റൂമിൽ പൂട്ടിയിട്ടതാണ്. അവനെങ്ങനെയോ അവിടെ നിന്നും രക്ഷപ്പെട്ടു. കാറിടിച്ചും ടീച്ചറമ്മയുടെ വീട്ടിൽ വച്ചുമൊക്കെ വിക്ടർ നിധിനെ കൊല്ലാൻ പലതവണ ശ്രമിച്ചു. സമർത്ഥനായ നിധിൻ എല്ലായിടത്തു നിന്നും രക്ഷപ്പെട്ടു. പ്രണവും മേക്ക് അപ്പ് രാജയും, നിധിന്റെ ലൊക്കേഷനൊക്കെ ഷെയർ ചെയ്തു നൽകിയെങ്കിലും, അവർക്ക് നിധിനെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. നിധിന് നല്ല ആയുസുണ്ടായിരുന്നു. നിങ്ങളുടെ വിവാഹം കഴിഞ്ഞുള്ള പത്രസമ്മേളന സമയത്ത്, എ സി പി യായ രാജേഷ് സർ, നിങ്ങളെ സംരക്ഷിക്കാനുള്ള ചുമതലയേല്പിച്ചതു് അയാളെ തന്നെയാണ്. അത് കൊണ്ട് അയാൾ കുറച്ചു നാൾ തക്കം പാർത്തു അടങ്ങിയിരുന്നു. “
“അയാളെ ഏറ്റവും കൂടുതൽ ഞെട്ടിച്ചത് വിക്ടറുടെ മരണമാണ്. മൊബൈൽ ട്രാക്ക് ചെയ്തപ്പോൾ വിക്ടർ അവസാനമായി വന്നത് ദേവി മാഡത്തിന്റെ വീട്ടിലാണ്, പിന്നെ കാണുന്നത് റയിൽവേ ട്രാക്കിലെ ഛിന്നഭിന്നമായ വിക്ടറുടെ മൃതദേഹമാണ്. വിക്ടറെന്ന വലം കൈ നഷ്ടപെട്ട ശേഷവും അയാൾ വെറുതെയിരുന്നില്ല, അടുത്ത പ്ലാൻ നടപ്പിലാക്കി. അജ്മലെന്ന, നിധിൻ്റെ സുഹൃത്തിന്റെ ചേട്ടനെ വശത്താക്കാൻ അയാൾ സ്പന്ദനയെ ഉപയോഗിച്ചു.
സ്പന്ദനയുടെ ചൂണ്ടു വിരലിൽ കിടന്നു വട്ടം തിരിഞ്ഞ അൻവർ നിധിനെ ദുബായിലേക്ക് കൊണ്ട് പോയി. കൊല്ലാനാണ് നിധിനെ ദുബായിൽ കൊണ്ട് വന്നതെന്ന് അൻവറിനും അറിയില്ലായിരുന്നു. ദുബായിൽ വച്ച് നിധിനെ കൊല്ലാനായി ഒരു ഗോവക്കാരന് കൊട്ടേഷൻ കൊടുത്തു, അയാൾ നിധിനെ കൊല്ലിച്ചു. “
“രണ്ടു ഭർത്താക്കൻമാരെ നഷ്ടപ്പെട്ടിട്ടും മാഡത്തിനെ തളർത്താൻ അയാൾക്കായില്ല. അയാൾ മാഡത്തിന്റെ പിറകെ ചുറ്റി കൊണ്ടിരുന്നു. മാഡത്തിന് പ്രണവുമായി ബന്ധമുണ്ടെന്നായിരുന്നു അയാളുടെ പുതിയ കണ്ടെത്തൽ. പ്രണവിനെ തളർത്തി കിടത്താനുള്ള ആഭിചാരം ചെയ്യാൻ അയാൾ മൈസൂർ വരെ യാത്ര ചെയ്തു. ഒരു ദുർമന്ത്രവാദിയിൽ നിന്നും പൂജിച്ചു വാങ്ങിയ പൊടിയാണ് പ്രണവിൽ പ്രയോഗിച്ചത്. “
“എനിക്ക് പ്രണവുമായി എന്ത് ബന്ധമാണ് അയാൾ കണ്ട് പിടിച്ചത്. “
അബ്ബാസ് ചുറ്റും നോക്കി. അനുപമയുടെ മുഖത്ത് നോക്കി ഇങ്ങനെ പറഞ്ഞു.
“പ്രണവിന്റെ ആദ്യ പ്രണയം ദേവി മാഡത്തോടായിരുന്നു എന്നയാൾ വിശ്വസിച്ചു. ദേവി മാഡത്തോടൊപ്പം കൂടുതൽ ഇടപഴകിയപ്പോൾ അതൊക്കെ തോന്നൽ മാത്രമായിരുന്നു എന്നയാൾ മനസ്സിലാക്കി. പിന്നീട് പ്രണവിൻ്റെ ഈ അവസ്ഥയോർത്ത് തനിക്ക് കുറ്റബോധം തോന്നുന്നുവെന്ന് എന്നോട് പറയുകയും ചെയ്തു. “
“അയാളുടെ ഒരു മോഹമാണ് ദേവി മാഡം. ഒരു പുരുഷന് ഒരു സ്ത്രീയോട് ഇത്രയും ആത്മാർത്ഥമായ സ്നേഹമുണ്ടാകുമോ എന്ന് സംശയമാണ്. “
“ഒരു പെണ്ണിനെ സ്വന്തമാക്കാൻ ഒരു പുരുഷൻ ഇത്രയും തരം താഴുമോ. അവളെ നേടാൻ അവളുടെ മുൻഭർത്താക്കൻമാരെ കൊല്ലുക. അയാളൊരു സാധാരണ മനുഷ്യനല്ല. പ്രത്യേകതരം മാനസിക അവസ്ഥയാണ് അയാൾക്ക്. ഇങ്ങനെ ഒരാൾ നിയമപാലകനായാലുള്ള നാടിന്റെ അവസ്ഥ. പൊതുജനങ്ങൾക്ക് നീതിയും ന്യായവും നൽകാൻ അയാൾക്ക് കഴിയുമോ. ?ശ്ശേ…. “
അനുപമ തൻ്റെ അമർഷം പ്രകടമാക്കി.
“അത് തന്നെയാണ് അയാളുടെ വിജയം. എല്ലായിടത്തും അയാളുടെ ആളുകളുണ്ട്. അയാൾക്കെതിരെ നിൽക്കുന്നവരെ അയാൾ തകർക്കും. അജ്മലും സ്പന്ദനയും ആത്മഹത്യക്കു ശ്രമിച്ചതിന് കാരണം അയാളാണ്. “
“ഇതൊക്കെ ദേവിയെങ്ങനെ അറിഞ്ഞു. “
അനുപമ അതിശയം പ്രകടിപ്പിച്ചു.
“അവർ രണ്ടു പേരും എല്ലാം എല്ലാവരോടും തുറന്നു പറയുമെന്നയാളോട് പറഞ്ഞതേയുള്ളു. അജ്മലിന്റെ ഇളയ കുട്ടിയെ സ്കൂളിൽ നിന്നും കാണാതായി, സ്പന്ദനയുടെ അശ്‌ളീല വീഡിയോസ് നെറ്റിൽ ലഭ്യമായി. അയാളെ പേടിക്കുന്നവർക്കു അയാളെ എതിർക്കാനുള്ള ധൈര്യമുണ്ടാകില്ല. ജീവിതകാലം മുഴുവൻ അയാളുടെ അടിമയായി കാലം കഴിക്കാം. ഇപ്പോൾ തന്നെ അബ്ബാസിന്റെ ഭാര്യയുടെ ധൈര്യവും പിന്തുണയും കൊണ്ടാണ് അദ്ദേഹം ഇവിടെ ഇപ്പോൾ എത്തിയത്, എല്ലാം നമ്മളോട് തുറന്നു പറഞ്ഞത്. ഞാനും ഇതിന്റെ സത്യാവസ്ഥ പുറത്തു കൊണ്ട് വരാനുള്ള ശ്രമത്തിലാണ്. നീതി ദേവത ദയവു കാട്ടിയാൽ…. “
“എന്റെ ജീവിതത്തിൽ ഇനി എന്ത് സംഭവിക്കുമെന്ന് അറിയില്ല. എന്നാലും ഇപ്പോൾ മനസ്സിനൊരു ആശ്വാസമുണ്ട്. ഇനിയെങ്കിലും നല്ലൊരു മനുഷ്യനായി എനിക്ക് ജീവിക്കണം. “
അയാളുടെ കറുത്ത കാർ ഗേറ്റു കടന്നു മറയുന്നതു വരെ ദേവി വാതിൽക്കൽ നോക്കി കൊണ്ട് നിന്നു.
(തുടരും…. )
✍️✍️നിഷ പിള്ള

