“എവിടെയായിരുന്നു ഇത്രനാളും നീ? നിനക്ക് എന്താ സംഭവിച്ചത്. “
ദേവി അയാളുടെ ഷർട്ടിന്റെ കോളറിൽ പിടിച്ചു കുലുക്കി.
“പറയാൻ കുറെയുണ്ട് ദേവി. ഞാൻ ഈ നാട്ടിലെത്തിയിട്ടു കുറച്ച് നാളായി. ഞാൻ നിന്റെ പിറകിൽ തന്നെയുണ്ടായിരുന്നു. പക്ഷെ നിയമത്തിന്റെ മുന്നിൽ എനിക്ക് വരാൻ കഴിയില്ലായിരുന്നു. ഞാൻ ഒരു റെസ്റ്റോറന്റിൽ വച്ച് നിന്നെ കണ്ടപ്പോൾ, എനിക്ക് വരാതിരിക്കാൻ കഴിഞ്ഞില്ല. നീ ഇനിയും ഏതെങ്കിലും അപകടത്തിൽ ചാടുന്നതിന് മുൻപ്, നിനക്ക് മുന്നറിയിപ്പ് നൽകാൻ വന്നതാ. “
“ആരാണ് അപകടം. എനിക്ക് പലരേയും സംശയം തോന്നിയിരുന്നു, അതാണ് ഞാൻ സഞ്ജീവിനെ കൂടെ നിർത്തിയത്. “
“നിന്റെ തെറ്റായ തീരുമാനമാണ്, സഞ്ജീവ്, നിന്നെ സ്വന്തമാക്കാൻ വേണ്ടി അയാളെന്തെങ്കിലും ചെയ്താൽ, പോലീസ് ബുദ്ധിയല്ലേ അയാൾക്ക്. അയാളോടൊപ്പം നിന്നെ കണ്ടപ്പോൾ… “
“അതൊക്കെ അഭിനയമല്ലേ. “
അയാൾ ദേഷ്യത്തോടെ പല്ലുകൾ കടിച്ചു.
“നിനക്ക് മുന്നറിയിപ്പ് തരാൻ വേണ്ടിയാണു എനിക്ക് പുറത്തു വരേണ്ടി വന്നത്. “
“എത്രനാൾ നീ ഒളിച്ചു നടക്കും നിധിൻ. “
“വാ നമുക്ക് ഇവിടെ നിന്നും പുറത്തു കടക്കാം. “
ഔട്ട് ഹൗസ് വാതിൽ ചാരി, ലോക്ക് ചെയ്തു, താക്കോൽ ചവിട്ടിയുടെ താഴെ വച്ച് അവർ വീടിന്റെ പിറകിലേക്ക് നടന്നു.
“താക്കോൽ നിനക്ക് എവിടുന്നു കിട്ടി. “
“അശോകദാസ് അവിടെയാണ് സാധാരണ താക്കോൽ സൂക്ഷിച്ചിരുന്നത്. ഞാനൊന്ന് തപ്പി നോക്കി. നീ വരുമെന്ന് എൻ്റെ മനസ്സ് പറഞ്ഞു. “
“എനിക്ക് പകരം മറ്റാരെങ്കിലും വന്നിരുന്നുവെങ്കിൽ. “
“അറിയില്ല. “
അവർ രണ്ടു പേരും പിൻവശത്തെ മതിൽ വരെ ക്യാമറയിൽ പതിയാത്ത രീതിയിൽ കുനിഞ്ഞ് കുനിഞ്ഞ് നടന്നു. ആദ്യം ദേവിയും പിന്നാലെ നിധിനും മതിൽ ചാടി കടന്നു. ആരും കാണാതെ ഇരുട്ടിന്റെ മറയത്ത് നടക്കുമ്പോൾ അവർ കൈകൾ കോർത്ത് പിടിച്ചു.
“ഞാൻ ജീവനോടെയുണ്ടെന്നു നീ വിശ്വസിച്ചിരുന്നോ ദേവി. “
“എനിക്ക് വിശ്വാസം ഉണ്ടായിരുന്നു. ആകാശ നീല കളറിലുള്ള ഫ്രോക്ക് നവമിക്കു പാർസൽ വന്ന ദിവസം മുതൽ എനിക്ക് നേരിയ പ്രതീക്ഷ തുടങ്ങിയിരുന്നു. പിന്നെ ആ പ്രതീക്ഷ വളർന്നു, മണ്ണിൽ നിന്നും നിന്റെ കീ ചെയിൻ ലഭിച്ചപ്പോൾ എനിക്ക് ഉറപ്പായി. ഇപ്പോൾ എൻ്റെ മുന്നിൽ… നീ വന്നു. “
“ആ പാർസൽ എനിക്ക് വേണ്ടി അശോകദാസാണ് അയച്ചത്. ആദ്യം അദ്ദേഹത്തിനെയാണ് ഞാൻ വിളിക്കുന്നത്. നിൻ്റെ വിവരങ്ങളൊക്കെ ഞാൻ അറിയുന്നുണ്ടായിരുന്നു. “
കരയുന്ന ദേവിയെ അവൻ ചേർത്ത് പിടിച്ചു.
“പോകുന്ന വഴി പോലീസ് ചെക്കിങ്ങ് കാണാൻ സാദ്ധ്യതയുണ്ട്. ഞാൻ വഴിയിൽ വണ്ടി നിർത്തിയാൽ, പിടി കൊടുക്കാതെ ഇറങ്ങി ഓടി കൊള്ളണം. “
അവൻ പിറകിലെ സീറ്റിൽ പതുങ്ങിയിരുന്നു.
വീട്ടിലെ കാർ പോർച്ചിൽ വണ്ടി തള്ളി കയറ്റിയിടാൻ ദേവിയെ സഹായിച്ചിട്ട് മടങ്ങാൻ തുടങ്ങിയ നിധിനെ ദേവി തടഞ്ഞു.
“നീ ഇത്ര വരെ വന്നതല്ലേ, നമ്മുടെ മോളെ ഒന്ന് കണ്ടിട്ട് പോയാൽ പോരേ. “
“ഉടൻ മടങ്ങണം. രേഖകളിൽ ഞാനിപ്പോൾ വിദേശത്താണ്, മരണപ്പെട്ടെന്നോ ജീവനോടെയുണ്ടെന്നോ സ്ഥിതീകരിയ്ക്കാത്ത നിലയ്ക്ക്, പകൽ ഞാൻ എങ്ങനെ പുറത്തിറങ്ങും. “
“ഉടനെ മടങ്ങാം. അതിനു ഞാൻ വഴിയുണ്ടാക്കാം. മുറിയിൽ പോയാൽ നമുക്ക് സംസാരിക്കാൻ പറ്റില്ല. നിനക്കെന്തു പറ്റിയെന്നെങ്കിലും എന്നോട് പറയൂ. “
“പറയാൻ ഏറെയുണ്ട്. “
കാറിലിരുന്ന് നിധിൻ സംസാരിക്കാൻ തുടങ്ങി.
“നീയും നമ്മുടെ മോളും പിന്നെ ആ റെസ്റ്റോറന്റും അതായിരുന്നല്ലോ എന്റെ സ്വപ്നം. അതിനിടയിലേക്കാണ് അജ്മലിന്റെ സൗഹൃദം വന്നത്, അവൻ എന്റെ കൂടെ പഠിച്ചതാണെന്ന് ഞാൻ നിന്നോട് കള്ളം പറഞ്ഞതാണ്. “
നിധിൻ ദേവിയെ കുറ്റബോധത്തോടെ നോക്കി.
“അവനെയെനിക്ക് പരിചയപ്പെടുത്തി തന്നത് പ്രണവിന്റെ മേക്കപ്പ് ആർട്ടിസ്റ്റായ രാജയാണ്. അന്ന് അവർ എന്നെ ഒളിപ്പിച്ചു താമസിക്കാനായി തെരെഞ്ഞെടുത്ത ഇടം, അവിടെ എനിക്ക് സഹായിയായി നിർത്തിയത് അജ്മലിനെയാണ്. നല്ല ചെറുപ്പക്കാരനാണ്, അവന്റെ ഇക്കായുടെ ഹോട്ടൽ ബിസിനസ്സ് ലോകത്തേയ്ക്ക് അവനെന്നെ മനസ്സ് കൊണ്ട് കൂട്ടി കൊണ്ട് പോയി. “
“ഞങ്ങളുടെ സ്വപ്നങ്ങൾക്ക് ഒരേ നിറമായിരുന്നു. യൂറോപ്പിലും മിഡിൽ ഈസ്റ്റിലും വ്യാപിച്ച് കിടക്കുന്ന ഹോട്ടൽ ശൃംഖലയുടെ ഫ്രാഞ്ചൈസി അതായിരുന്നു സ്വപ്നം. അവനത് അവൻ്റെ ജേഷ്ഠനായ അൻവറിനോട് പറഞ്ഞു. അദ്ദേഹം ഞങ്ങളെ സഹായിക്കാമെന്ന് ഏറ്റിരുന്നു. “
“നമ്മുടെ ശത്രു, ആരോ ഒരാൾ, അയാൾ നീട്ടിയ ചൂണ്ടയിലേക്കാണ് ഞാൻ പിടിച്ചു കയറിയത്. അയാളുടെ സിനിമ മേഖലയിലെ സ്വാധീനം വലുതായിരുന്നു. സുഹൃത്തുക്കളായിട്ടു കൂടി, സ്വാർത്ഥ ലാഭത്തിനു വേണ്ടി പ്രണവ് നമ്മളെ ചതിക്കുകയായിരുന്നു. ശത്രുവിൻ്റെ സഹായിയായി ആ നിർമ്മാതാവ്, രാജ എന്ന് മേക്കപ്പ് മാൻ, വിൻസെന്റ് എന്ന ഗുണ്ട അവരൊക്കെ എന്നെ ചുറ്റി വരിഞ്ഞു. ഒടുവിൽ വിൻസെന്റിനെ ഞങ്ങൾക്ക് തീർക്കേണ്ടി വന്നല്ലോ. “
“വിൻസെന്റ് എങ്ങനെ മരണപ്പെട്ടു എന്ന് ഇന്നും അവർക്ക് മനസ്സിലായിട്ടില്ല. ഞാനും അശോകദാസും കൂടി റയിൽവേ ട്രാക്കിൽ കൊണ്ട് വച്ച അയാളുടെ ശരീരം ചതഞ്ഞരഞ്ഞത് കൊണ്ട് തെളിവുകൾ ഒന്നും അവർക്ക് ലഭിച്ചില്ല. “
“വിൻസെന്റിൻ്റെ മരണശേഷം എന്നെ നിരീക്ഷിക്കാനായി അവർ അൻവറിനെ ഏല്പിച്ചു. അൻവർ സ്വന്തം സഹോദരനായ അജ്മലിനെ ഉപയോഗിച്ചു എൻ്റെ ഓരോ ചലനവും മനസ്സിലാക്കി.. അജ്മലിന് അതിനു പിന്നിലെ ചതി അറിയില്ലായിരുന്നു. അൻവറാണ് എന്നെ ഉടനെ ദുബായിൽ വരുത്തുക എന്ന ആശയം പറഞ്ഞു കൊടുത്തത്. എന്നെ കൊല്ലാനാണെന്നു വരുത്തുന്നതെന്ന് അയാൾക്കും അറിയില്ലായിരുന്നു. സഹോദരന്റെ സുഹൃത്തിനെ അയാൾ കുടുംബത്തിലേക്ക് സ്വാഗതം ചെയ്തു. അയാളുടെ ഭാര്യയും മക്കളും എന്നെ സ്നേഹിച്ചിരുന്നു.. “
“അൻവറിനു പോലും അറിയില്ലായിരുന്നു എന്നോടുള്ള ശത്രുതയുടെ കാരണം, അൻവർ വെറും ഏജന്റ് മാത്രമായിരുന്നു. കേരളത്തിലെ ഒരു യുവനടിയുമായി അയാൾക്കുണ്ടായിരുന്ന രഹസ്യബന്ധം അറിഞ്ഞ് അവർ അയാളെ ബ്ലാക്ക് മെയിൽ ചെയ്തതാണ്. “
“ആ രാത്രിയിൽ, ദുബായിലെ റെസ്റ്റോറന്റിൽ ഞങ്ങൾ പോകാനിറങ്ങിയപ്പോൾ അയാളുടെ ഫോണിൽ നിന്നൊരു വാട്സാപ്പ് സന്ദേശം ആ നടിയുടെ ഫോണിലെത്തി. അത് കഴിഞ്ഞ്, റെസ്റ്റോറന്റിലേയ്ക്ക് രണ്ടു വാടക കൊലയാളികളെത്തി. അവരുടെ സഹായിയായി ഒരു പാക്കിസ്ഥാൻ പാചകക്കാരൻ ആ റെസ്റ്റോറന്റിൽ ഉണ്ടായിരുന്നു. എന്നെ അടിച്ചു കൊന്നു തണ്ടൂർ അടുപ്പിലിടാനായിരുന്നു അവരുടെ പ്ലാനെന്ന് തോന്നുന്നു. പക്ഷെ ഞാൻ തലനാരിഴക്ക് രക്ഷപെട്ടു. “
“റെസ്റ്റോറന്റിൽ നിന്നും ഇറങ്ങാൻ നേരത്തു തോന്നിയ മൂത്രശങ്ക, ഞാൻ കുട്ടികളെ വാഷ് റൂമിന്റെ പുറത്തു നിർത്തിയിട്ടു അകത്തു കയറി. എന്റെ പിറകെ രണ്ടു തടിമാടന്മാർ തള്ളി കയറുന്നത് ഞാൻ കണ്ടിരുന്നു. ഞാൻ ടോയ്‌ലെറ്റിൽ കയറാതെ കർട്ടന്റെ മറവിൽ ഒളിച്ചിരുന്നു. അവിടെ ലോൺട്രി തുണികൾ കൊണ്ട് പോകുന്ന ഉന്ത് വണ്ടിയിൽ കയറിയിരുന്നു. അകത്തു നിന്നും ഒരാളുടെ കരച്ചിൽ ഞാൻ കേൾക്കുന്നുണ്ടായിരുന്നു. എൻ്റെ ഏകദേശം പൊക്കമുള്ള ഒരാളെ ആ പാക്കിസ്ഥാനികൾ വലിച്ചിഴച്ച് കൊണ്ട് പോയി. ആ തടിമാടൻമാർ ഒന്നും സംഭവിയ്ക്കാത്ത പോലെ വാഷ് റൂമിൽ നിന്നും ഇറങ്ങി പോയി. ഞാൻ ഇരുന്ന, കർട്ടൻ കൊണ്ട് മറച്ച ലോൺട്രി ടേബിൾ ആരോ ഉന്തി തള്ളി കൊണ്ട് പോകുന്നുണ്ടായിരുന്നു. കുട്ടികൾ എന്നെ കാത്ത് നിൽക്കുന്നത് അതിൽ ഒളിഞ്ഞിരുന്നു ഞാൻ കാണുന്നുണ്ടായിരുന്നു. എനിക്ക് ആ സമയം ഒന്നും ചെയ്യാൻ കഴിഞ്ഞില്ല, ഞാൻ പേടി കൊണ്ട് വിറയ്ക്കുകയായിരുന്നു. “
“ആ ടേബിളിൽ നിന്നും ഇറങ്ങിയ ഞാൻ പടിക്കെട്ടുകൾ ഓരോന്നായി ഇറങ്ങി ഇറങ്ങി താഴത്തെ നിലയിലെത്തി. ആ റെസ്റ്റോറന്റ് പതിനെട്ടാം നിലയിലായിരുന്നു. അത്രേം ഇറങ്ങിയപ്പോഴേക്കും ഞാൻ തളർന്നിരുന്നു. അവിടെ സാധാരണ എല്ലാവരും ലിഫ്റ്റ് വഴിയാണ് പോകുന്നത്. അവിടെ അൻവറിക്ക ഞങ്ങളെ കാത്ത് നില്ക്കുന്നത് കണ്ടു. ഞാൻ ഓടി ചെല്ലാൻ നോക്കിയതാണ്. അപ്പോഴേക്കും ചുറ്റും പോലീസ് വണ്ടികൾ നിരന്നു. എന്തൊക്കെയോ പ്രശ്നമുണ്ടെന്നു മനസിലായി. പക്ഷെ എന്നെ അന്വേഷിച്ചാണ് അവർ വന്നതെന്ന് എനിക്ക് മനസിലായില്ല. ഞാൻ അവിടുന്ന് ഓടി രക്ഷപെടുകയായിരുന്നു. “
“ഞാൻ അന്വേഷിച്ചു പോയത് എന്റെ ഒരു നാട്ടുകാരനെ കാണാനാണ്. അവിടെ ഞാൻ ഒളിവിൽ താമസിച്ചു. നൈജീരിയക്കാരന്റെ മുഖം ഞാൻ പിറ്റേന്ന് ന്യൂസിൽ കണ്ടു. എന്നെ കൊല്ലാനുള്ള കൊട്ടേഷൻ ഇന്ത്യയിൽ നിന്നായിരുന്നു വന്നത് എന്ന് ന്യൂസിൽ പറഞ്ഞു.. പുറത്തിറങ്ങാൻ പറ്റാതെ അവിടെ താമസിച്ചു. പിന്നെ വ്യാജ പാസ്സ്പോർട്ടിൽ നേപ്പാളിൽ പറന്ന് ഇറങ്ങി, അവിടുന്ന് ബസിൽ ബിഹാറിലെത്തി. അവിടുന്ന് കേരളത്തിലെത്തി. ഞാൻ നേരെ അജ്മലിനെ കാണാനെത്തി, അവനെ കൊല്ലാൻ തന്നെയാണ് ഞാൻ വന്നത്, പക്ഷെ അവനെന്നോട് സത്യം പറഞ്ഞു. അവൻ നിരപരാധിയാണെന്ന്, ഞാൻ അവനൊപ്പമാണ് ഇപ്പോൾ താമസിക്കുന്നത്. “
“ആരാണ് നിന്നെ കൊല്ലാൻ കൊട്ടേഷൻ കൊടുത്തത്?”
“അത് കണ്ടു പിടിയ്ക്കാനാണ് ഞാൻ ശ്രമിക്കുന്നത്. ഞാൻ നിന്റെ ആങ്ങളമാരായ ആരോണിനേയും ആൽഡ്രിനെയും, നേരിട്ട് പോയി കണ്ടു, ഭീഷണി പെടുത്തി, ചോദ്യം ചെയ്തു. കൈലാസന്റെ കൊലപാതകത്തിൽ അവർക്കൊരു പങ്കുമില്ല എന്നാണ് പറഞ്ഞത്. ഞാൻ അതും കണ്ടു പിടിയ്ക്കും. “
“അപ്പോൾ അത് അവര് വഴി മാത്യൂ അറിഞ്ഞ് കാണില്ലേ. എന്തായാലും നിനക്കൊന്നും സംഭവിച്ചില്ലല്ലോ. എന്റെ പ്രാർത്ഥന ദൈവം കേട്ടു. “
“ഇല്ല, ഞങ്ങൾ മൂന്ന് പേരും ഒരു രഹസ്യ ഡീലിലെത്തി. വിശദമായി പിന്നീട് പറയാം. “
ദേവി തന്റെ രണ്ടു കൈകൾ കൊണ്ടും നിധിന്റെ മുഖത്ത് തലോടി. ദേവിയോടൊപ്പം നിധിനും റോപ്പ് വഴി മുകളിലെ മുറിയിലേയ്ക്കു കയറി. മുറി തുറന്നു അകത്തു കയറുമ്പോൾ നിധിൻ വീടാകെ കണ്ണോടിച്ചു.
“നിന്നെ ഓർത്തു എനിക്ക് അഭിമാനം തോന്നുന്നു ദേവീ. ജീവിതതിൽ വേറെ ഒരു പെൺകുട്ടിയും ചെയ്യാത്ത റിസ്‌കാണ് നീ എടുക്കുന്നത്. എവിടെ എന്റെ മകൾ. “
“അമ്മയുടെ ഒപ്പമാണ് അവളുടെ ഉറക്കം. ആരും കാണാതെ ഞാൻ എടുത്തു കൊണ്ട് വരാം. “
നിധിൻ ബലമായി ദേവിയെ കിടക്കയിൽ പിടിച്ചു കിടത്തി. അവളോടൊപ്പം കിടക്കുമ്പോൾ നിധിന് പഴയതൊക്കെ ഓർമ്മ വന്നു. ദേവിയെ വാരിപുണരുമ്പോൾ അവൾ കരയുകയായിരുന്നു. നിധിന്റെ ചൂട് പറ്റി മയങ്ങാൻ തുടങ്ങിയ ദേവിയെ നിധിൻ വിളിച്ചുണർത്തി.
“ദേവീ, നേരം വെളുക്കാറായി, എനിക്കിനി മടങ്ങി പോയേ മതിയാകൂ. എന്റെ മോളെ ഒരു നോക്ക് കാണണം. “
അഴിഞ്ഞുലഞ്ഞ മുടി വാരി കെട്ടി അവൾ അമ്മയുടെ മുറിയിലേയ്ക്കു ശബ്ദമുണ്ടാക്കാതെ നടന്നു. അമ്മയെ ശല്യപ്പെടുത്താതെ ഉറങ്ങി കിടന്ന കുഞ്ഞിനെ വാരിയെടുത്ത് നിധിന്റെ അടുത്ത് കൊണ്ട് വന്ന് കിടത്തി. നിധിൻ കുഞ്ഞിനെ ഉമ്മകൾ കൊണ്ട് പൊതിഞ്ഞു.
“വേണ്ട, അവളെ ഉണർത്തണ്ട, പരിചയമില്ലാത്ത നിന്നെ കണ്ടാൽ അവൾ കരയാൻ തുടങ്ങും. അവരൊക്കെ ഉണർന്നു എഴുന്നേറ്റു വരും. “
“അത് ശരിയാ അച്ഛനായ എന്നെ അവൾക്കു പരിചയമില്ലല്ലോ. “
നിധിൻ സങ്കടപ്പെട്ടു.
“എനിക്ക് നിന്നെ വിളിക്കാൻ നമ്പറൊന്നുമില്ലേ. “
“ഇല്ല, നീ വിളിക്കണ്ട, നിന്റെ നമ്പരൊക്കെ അവരുടെ നിരീക്ഷണത്തിലായിരിക്കും. അത് കൊണ്ട് വേണ്ട. പറ്റുമെങ്കിൽ ഞാൻ നാളെയും വരും. “
റോപ്പ് വഴി നിധിൻ പുറത്തിറങ്ങി. ഇരുട്ടത്ത് അവൻ നടന്നു മറയുന്നത് നോക്കി ദേവി നിന്നു. അവൾ റോപ്പും ഹുക്കും ചുരുട്ടി കാർട്ടണിൽ വച്ച്, വാതിൽ പൂട്ടി കുഞ്ഞിനടുത്തു വന്നു കിടന്നു. അച്ഛന്റെ സ്നേഹം ഇതുവരെ ലഭിക്കാത്ത തൻ്റെ കുഞ്ഞിനെയോർത്തു അവൾക്കു സങ്കടം വന്നു.
തന്റെ നിധിൻ തിരികെ വന്നിരിക്കുന്നു. ആ വിവരം രഹസ്യമാക്കി വയ്ക്കണം. ഇനിയും ഒരു പ്രശ്നം നിധിന് വരാൻ പാടില്ല.
ഉണർന്നപ്പോൾ കുഞ്ഞിനെ അടുത്ത് കാണാഞ്ഞു മാലതി ദേവിയുടെ മുറിയിലെത്തി. ദേവിയുടെ അലസമായ വേഷവും അഴിഞ്ഞുലഞ്ഞ മുടിയും അവരെ അമ്പരപ്പിച്ചു.
“നീ ഉറങ്ങിയില്ലേ ദേവി, കുഞ്ഞിനെ എപ്പോൾ എടുത്തു കൊണ്ട് വന്നു. ഞാനവളെ അടുത്ത് കാണാതെ വിഷമിച്ചു. നിൻ്റെ പേടി മാറിയില്ലേ, അമ്മ നിന്റെ കൂടെ കിടക്കണോ മോളെ. “
“വേണ്ടമ്മ, നവമി മോളുടെ കൂടെ കിടക്കാൻ കൊതി തോന്നി. അമ്മയെ ഉണർത്തണ്ട എന്ന് കരുതി അവളെ ഇങ്ങോട്ടു കൊണ്ട് വന്നതാ, ഒന്ന് കെട്ടിപ്പിടിച്ചു കിടക്കാൻ. “
“ശരി, എന്നാൽ മോളുറങ്ങിക്കോ. “
രാവിലെ അമ്മ വന്ന് തട്ടിയുണർത്തുന്നത് വരെ ദേവി കിടന്നുറങ്ങി.
“ദേ സഞ്ജീവ് നിന്നെ കാണാൻ വന്നിട്ടുണ്ട്. “
“ഈ വെളുപ്പാൻ കാലത്തോ?. “
“സമയം എട്ടരയായി. “
“അമ്മ വിളിക്കാഞ്ഞതെന്താ. ഇന്നൊരു കേസുണ്ട്, പത്തിന് ഓഫീസിൽ എത്തണം. “
ഉറക്കച്ചടവോടെ അവൻ സഞ്ജീവിൻ്റെ മുന്നിലെ സെറ്റിയിൽ ഇരുന്നു. അയാളവടെ അടിമുടി നോക്കി, അയാളുടെ മുഖത്തെ പ്രണയഭാവം കണ്ട് ദേവിക്ക് ചിരി വന്നു. ഇനി ഇയാളെ എങ്ങനെ തൻ്റെ ജീവിതത്തിൽ നിന്നും ഒഴിവാക്കും എന്നവൾ ചിന്തിച്ചു.
“എന്തൊക്കെയാടോ ഇവിടെ നടന്നത്. ഒരു ഫോൺ ചെയ്യാൻ വയ്യായിരുന്നോ തനിക്ക്. “
“ട്രെയിനിങ്ങിന് പോയ ആളെ ബുദ്ധിമുട്ടിക്കണോ, ഇതൊക്കെ ചീള് കേസല്ലേ. “
“അതേ ആ രാത്രിയിൽ ദേവി പേടിച്ച് വിറയ്ക്കുകയായിരുന്നു. “
മാത്യൂ ആണ് അത് പറഞ്ഞത്. അവരുടെ കൂട്ടച്ചിരിയിൽ പങ്ക് ചേർന്ന് മാലതി ദേവിയുടെ അടുത്തിരുന്നു. അവർക്ക് തമ്മിൽ നല്ല പൊരുത്തമുണ്ടെന്ന് മാത്യൂ മാലതിയെ കണ്ണുകൾ കൊണ്ട് അറിയിച്ചു.
(തുടരും….. )
✍️✍️നിഷ പിള്ള

