മാലതി മടങ്ങി വന്നപ്പോൾ ഇടതും വലതുമായി രണ്ട് പേർ കൂടെയുണ്ടായിരുന്നു, വളരെ പിറകിലായി മാത്യുവും നടന്നു വന്നു. മാലതി അവിടെ ഉണ്ടായിരുന്ന എല്ലാവർക്കും അവരെ പരിചയപ്പെടുത്തി കൊടുത്തു.
“ഞങ്ങളുടെ രണ്ട് ആൺമക്കൾ. മുമ്പ് ഞാനിവരെ കൂടെ കൂട്ടിയത് ആയിരുന്നു. അന്നവർക്ക് എന്നെ വെറുപ്പായിരുന്നു. ദേവിയും എന്നെ വെറുത്തിരുന്നു. ഇപ്പോളെൻ്റെ മനസ്സ് സ്നേഹത്താൽ നിറഞ്ഞു. “
മാലതി കണ്ണ് തുടച്ചു. ആരോൺ ദേവിയുടെ കുഞ്ഞിനെ അനുപമയിൽ നിന്നും ഏറ്റു വാങ്ങി. ആൻഡ്രൂ ദേവിയെ ഒന്ന് കാണാനായി അവൾ കിടന്നിരുന്ന മുറിയിലേയ്ക്ക് എത്തി നോക്കി.
ആൻഡ്രു ദേവിയുടെ അടുത്തേയ്ക്ക് നടന്നു. ദേവി അയാളെ കണ്ട് അത്ഭുതപ്പെട്ടു. വർഷങ്ങളായി പരിചയമുണ്ടെങ്കിലും ഒരിക്കൽ പോലും പരസ്പരം മിണ്ടിയിട്ടില്ല. ആൻഡ്രുവിന് ഒരു അഹങ്കാരിയുടെ രൂപമാണ്. വെറുപ്പ് നിറഞ്ഞ നോട്ടം, ഒരു വില്ലനെ പോലെ മുഴുവൻ ഷേവ് ചെയ്ത് മാത്രം കണ്ടിട്ടുള്ള മൊട്ടത്തല. ആകെ ടെറർ ആണ് കാഴ്ചയിൽ.
ആൻഡ്രൂ ദേവിയുടെ അടുത്ത് ഒരു കസേരയിൽ ഇരുന്നു. ദേവിയുടെ ഇടത് കൈ തൻ്റെ കൈപ്പത്തികളിൽ അയാൾ ഒതുക്കി പിടിച്ചു കുറച്ചു നേരം അയാൾ കണ്ണടച്ചിരുന്നു. കണ്ണ് തുറന്നപ്പോൾ ആ കൺപോളകളിൽ നനവ് പടർന്നിരുന്നു. ദേവി അയാളെ കൗതുകത്തോടെ നോക്കി. രണ്ട് പേരും പരസ്പരം ഒന്നും പറയാതെ കുറെ നിമിഷങ്ങൾ…..
“ദേവീ, പെട്ടെന്ന് സുഖം പ്രാപിക്കട്ടെ. “
ദേവി അപ്പോഴും ഒന്നുമുരിയാടാതെ ആൻഡ്രുവിനെ തന്നെ നോക്കിയിരുന്നു.
“അമ്മച്ചി മരിച്ചതോടെ അപ്പനെ ഞാൻ വെറുത്തു, ചേട്ടൻ മാത്രമായിരുന്നു ഏക ആശ്വാസം. അവൻ എന്നേക്കാൾ മാന്യനായിരുന്നു. അവനു കുടുംബവും കുഞ്ഞുങ്ങളുമുണ്ടായി. ഞാൻ യൗവനത്തിൽ, പണത്തിൻ്റെ അഹങ്കാരത്തിൽ അഴിഞ്ഞാടുകയായിരുന്നു, എപ്പോഴും സ്ത്രീജിതനാകണമെന്ന് ആഗ്രഹിച്ചു. രണ്ടു വിവാഹങ്ങളും പരാജയപെട്ടു, പിന്നീട് അനേകം കാമുകിമാരൊത്തുള്ള ലഹരി നിറഞ്ഞ ജീവിതമായിരുന്നു. അവൾ വന്നതോടെ എന്റെ ജീവിതത്തിനു ഒരു അടുക്കും ചിട്ടയും വന്നു. ശരിക്കും ഞാൻ അവളെ സ്നേഹിച്ചിരുന്നു. അവൾക്കു ഞാൻ ഭാവിയിലേക്കുള്ള ചവിട്ടുപടി മാത്രമാണെന്നറിഞ്ഞപ്പോൾ ഞാനവളെ കൈവിട്ടു. തെറ്റായിരുന്നു, ഒരിക്കലും തിരുത്താൻ പറ്റാത്ത തെറ്റ്. “
ദേവി വീണ്ടും മൗനം പാലിച്ചു.
“ഞാൻ പറഞ്ഞത് നിത്യയുടെ കാര്യമാണ്, എനിക്കവളെ ജീവനായിരുന്നു. എന്നെക്കാൾ ഇരുപതു വയസു ചെറുപ്പമുള്ള ഒരു പെൺകുട്ടി എന്റെ ജീവിതത്തിലേയ്ക്ക് കടന്നു വന്നു. അവളെന്നെ സ്നേഹിച്ചു കൊതിച്ചിപ്പിച്ചു. അവൾ ഗർഭിണിയായിരുന്നു, വിവാഹക്കാര്യം പറഞ്ഞപ്പോളൊക്കെ അവളെന്നെ പറ്റിച്ചു കൊണ്ടിരുന്നു. ഒടുവിൽ ഞാനവളെ കൈവിട്ടു. അവളെ ഞാൻ അവർക്കു എറിഞ്ഞു കൊടുത്തു. നിധിനോട് ഞാൻ എല്ലാം ഏറ്റു പറഞ്ഞു. തെളിവുകളുണ്ട്. കൈലാസനെ ഞങ്ങൾ അല്ല കൊന്നത്. “
“സമ്മതിച്ചു, കൈലാസനെ നിങ്ങൾ കൊന്നില്ല, കൈലാസനെ കൊല്ലാനുള്ള സഹായം അവർക്ക് ചെയ്തു കൊടുത്തു, അതല്ലേ സത്യം. “
ദേവി ആൻഡ്രുവിനോട് ദേഷ്യപ്പെട്ടു.
“നിങ്ങളുടെ വിവാഹ സമയം അപ്പൻ മൂന്നാറിൽ വന്നിരുന്നു. ഏറ്റവും നല്ലൊരു ഹണിമൂൺ കോട്ടേജ് നിങ്ങൾക്കായി ബുക്ക് ചെയ്യണമെന്ന് പറഞ്ഞു. അങ്ങനെ ചെയ്തു കൊടുത്തു, ആ സമയത്ത് അവിടെ സഞ്ജീവ് കുറച്ചു കൂട്ടുകാരുമായി വീക്കെൻഡ് ആഘോഷങ്ങൾക്ക് ഉണ്ടായിരുന്നു. നിത്യയുടെ കേസ് ഒതുക്കാൻ സഹായിച്ചത് കൊണ്ട് അയാൾക്ക് അവിടെ എന്നും റൂം ഫ്രീ ആയി നൽകിയിരുന്നു. ഇങ്ങനെയൊന്നും സംഭവിക്കുമെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. ഞങ്ങൾ അയാളെ കൊണ്ട് സഹികെട്ടു, അവനെ അന്നെന്തെങ്കിലും ചെയ്തിരുന്നുവെങ്കിൽ, ഇപ്പോൾ ദേവിയ്ക്ക് ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു. “
“ഇനി വിഷമിച്ചിട്ടെന്താ കാര്യം. മുൻപ് എപ്പോഴെങ്കിലും എന്നോടിത് തുറന്ന് പറഞ്ഞിരുന്നുവെങ്കിൽ… “
“ഒരു തെറ്റ് മറച്ചു വയ്ക്കാൻ കുറെ അനേകം തെറ്റുകൾ ചെയ്യേണ്ടി വന്നു. ഞാൻ അവളെ ജീവന് തുല്യം സ്നേഹിച്ചിരുന്നു. അവളുടെ നന്മയെ കരുതി ഞാൻ എല്ലാവരിൽ നിന്നും മറച്ചു വച്ചു. കാരണം എന്നെ ജീവിക്കാൻ പഠിപ്പിച്ചത്, എന്നിലെ നന്മയെ പുറത്തു കൊണ്ട് വന്നത്, എല്ലാം അവളാണ്. “
ആൻഡ്രു ഫോണിൽ കുറെ ഫോട്ടോസ് ദേവിയെ കാണിച്ചു. ആൻഡ്രുവും നിത്യയുമായുള്ള സ്വകാര്യനിമിഷങ്ങളുടെ അവശേഷിപ്പുകൾ.
“സംഭവിക്കാനുള്ളത് സംഭവിച്ചു. പ്രായവ്യത്യാസം ഉണ്ടായിരുന്നുവെങ്കിലും നിങ്ങൾ തമ്മിൽ നല്ല ചർച്ചയായിരുന്നു. ഒന്ന് ചോദിച്ചോട്ടെ. നിത്യയെ നശിപ്പിച്ചവരുടെ കൂട്ടത്തിൽ സഞ്ജീവ് ഉണ്ടായിരുന്നോ?”
“ഇല്ല, പക്ഷെ അയാളുടെ സുഹൃത്തുക്കൾ ഉണ്ടായിരുന്നു, വിൻസെന്റ്, വിമൽ എന്നിവർ. അതിൽ വിമലാണ് അവളെ വെള്ളത്തിൽ മുക്കി…. കൊന്നത്. “
ആൻഡ്രു കൈകൾ കൊണ്ട് തൻ്റെ മുഖം പൊത്തിയിരുന്നു.
“ചേട്ടൻ വിഷമിക്കണ്ട. ചേട്ടന്, നിത്യയ്ക്ക് വേണ്ടിയിനി എന്ത് ചെയ്യാൻ കഴിയും. പ്രതികാരം ചെയ്യണ്ടേ. എന്റെ കൂടെ നില്ക്കാൻ കഴിയുമോ? അമ്മയും പപ്പയും അറിയണ്ട. കൊല്ലണ്ടേ അവന്മാരെ. “
ആൻഡ്രു അത്ഭുതത്തോടെ ദേവിയെ നോക്കി. ആരെങ്കിലും അവരെ ശ്രദ്ധിക്കുന്നുണ്ടോയെന്നു അയാൾ ചുറ്റും നോക്കി. മുറിയിലിരുന്ന നേഴ്സിൻ്റെ ശ്രദ്ധ ഫോണിലാണ്.
“അവരെവിടെയുണ്ട്. നമുക്കെന്തു ചെയ്യാൻ കഴിയും. “
“നമുക്കല്ല, ചേട്ടന് ചെയ്യാൻ കഴിയണം. “
“ചെയ്യാം, ചെയ്യും. “
ആൻഡ്രു പോയപ്പോൾ ദേവി കണ്ണടച്ച് കിടന്നു. പെട്ടെന്ന് ആശുപത്രി വിടണം. സഞ്ജീവിനെ വെറുതെ വിടാൻ പറ്റില്ല.
പ്രണവ് ഫോണിൽ അയച്ചു കൊടുത്ത വോയിസ് മെസേജ് നിധിൻ കേട്ടു. ദേവിയുടെ വീട്ടിലെ വീഡിയോ ദൃശ്യങ്ങൾ നിധിൻ തിരികെ പ്രണവിന് അയച്ചു കൊടുത്തു.
ഏജൻ്റ് പി ബി ജീപ്പ് നല്ല വേഗതയിൽ ഓടിക്കുകയാണ്.
ഫോണെടുത്തു പോക്കറ്റിൽ ഇടാൻ തുടങ്ങിയപ്പോൾ പ്രണവ് കുറെ ഇമേജുകൾ അയച്ചിരിക്കുന്നു, തുറന്നു നോക്കി. ദേവിയുടെ മുറിയിലെ ദൃശ്യങ്ങൾ. ദേവി ആൻഡ്രുവിനോട് സംസാരിക്കുന്നു. വരാന്തയിൽ ആരോണിന്റെ മടിയിൽ നവമി മോൾ ഇരുന്നു കളിക്കുന്നു. തൊട്ടടുത്ത് മാലതിയും അനുപമയുമുണ്ട്. നിധിന്റെ മുഖത്തൊരു ചിരി പടർന്നു.
“എന്താ ബ്രോ ? ഒരു പുഞ്ചിരി. “
“എല്ലാവരും ദേവിക്ക് ചുറ്റുമുണ്ട്. അവൾ നോർമൽ ആയതു പോലെയുണ്ട്. എല്ലാമൊന്ന് കരയ്ക്കടിഞ്ഞ പോലെ. ഇനി അവസാന ഘട്ടം. “
പി ബി ജീപ്പ് നിർത്തിയിറങ്ങി. നിധിൻ കയ്യിലിരുന്ന മയക്കു മരുന്ന് സഞ്ജീവിന്റെയും വിമലിന്റെയും മൂക്കിൽ മണപ്പിച്ചു. ഒരു പക്ഷെ അവർ ഉറക്കമുണർന്നാൽ കൂടുതൽ പ്രശ്നമാകും. ഏജൻ്റ് പി ബി നിധിനെ അവിടെ നിർത്തിയിട്ടു മുന്നോട്ടു നടന്നു. ഒരു പഴയ വീടിന്റെ വാതിലിൽ മുട്ടി. ഒരു ഹിന്ദിക്കാരൻ വന്നു വാതിൽ തുറന്നു. വിശാലമായ ഹാളിൽ കാലുകൾ കെട്ടിയിട്ടിരിക്കുന്ന മിസ് ഒലീവിയ, ബഹളം വയ്ക്കാതിരിക്കാൻ അവരുടെ വായിൽ തുണി കുത്തി തിരുകിയിരിക്കുന്നു.. അവരുടെ അടുത്ത്, കസേരയിൽ ഇരിക്കുന്നത് സഫാരി സ്യൂട്ടണിഞ്ഞ രണ്ടു ഹിന്ദിക്കാർ.
നിധിൻ ജീപ്പിനടുത്തേയ്ക്കു നടന്നു. കൂടെ രണ്ടു ഹിന്ദിക്കാരും. ഹിന്ദിക്കാർ ജീപ്പിനുള്ളിൽ മയങ്ങി കിടന്ന സഞ്ജീവിനെയും വിമലിനെയും എടുത്തുയർത്തി തോളിൽ കിടത്തി മുന്നോട്ട് നടന്നു. മിസ് ഒലീവിയയുടെ ഇടതും വലതുമായി സഞ്ജീവിനെയും വിമലിനെയും കിടത്തി.
അവരുടെ പിറകെയായി നിധിനും ഏജൻറ് പി ബി യും നടന്നു.
“ഈ വീട് നല്ല സൗകര്യമായി. ഇവിടെയാകുമ്പോൾ ആരും സംശയിക്കില്ല. ആര്യന്റെ ബ്ലാക്ക് ക്യാറ്റ്‌സ് നല്ല മിടുക്കന്മാരാണ്. “
“പി ബി പെട്ടെന്ന് വിട്ടോ, ജീപ്പ് എവിടെയെങ്കിലും പോർച്ചിൽ കയറ്റിയിട്ടു മടങ്ങി വരൂ. ഇപ്പോൾ തന്നെ പോലീസ് ഇവരെ അന്വേഷിച്ചു ഇറങ്ങി കാണും. സൂക്ഷിക്കണം. “
ഈ സമയത്ത് നഗരത്തിലെ എല്ലാ മാധ്യമ സ്ഥാപനത്തിലും ചില വീഡിയോ ദൃശ്യങ്ങൾ ഇമെയിൽ ആയി ലഭിച്ചിരുന്നു. പോലീസ് ഓഫീസർ സഞ്ജീവ് ദേവിയുടെ കഴുത്തു മുറിക്കുന്ന ദൃശ്യങ്ങൾ, വിമൽ ദേവിയുടെ മുന്നിൽ വിവസ്ത്രനാക്കി നില്ക്കുന്നത്. അർദ്ധനഗ്നയായ ദേവിയുടെ അവ്യക്തമായ രൂപം. ദേവിയെ ബെൽറ്റ് കൊണ്ട് തലങ്ങും വിലങ്ങും അടിക്കുന്ന വിമൽ. അങനെയുള്ള ദൃശ്യങ്ങൾ.
പോലീസ് ഇൻസ്‌പെക്ടർ രമേഷ്, സ്റ്റേഷനിലെ ടി വി ഓൺ ചെയ്തു. അതിൽ ഫ്ലാഷ് ന്യൂസ് ആയി ഇങ്ങനെ എഴുതി കാണിച്ചിരുന്നു.
“നഗരത്തിൽ ക്രൂരമായ കൊലപാതക ശ്രമം. പ്രശസ്ത അഭിഭാഷികയായ ദേവി ബ്രഹ്മദത്തൻ എന്ന യുവതിയെ സുഹൃത്തായ പോലീസ് ഓഫീസറും കൂട്ടുകാരനും കൂടി പീഡിപ്പിക്കാനും വധിക്കാനും ശ്രമിച്ചു. സംഭവ ശേഷം അവർ സ്ഥലത്തു നിന്നും അപ്രത്യക്ഷമായി.
ഏറെ ദുരൂഹതകളുള്ള ഒരു പോലീസ് ഓഫീസർ ആണ് സർക്കിൾ ഇൻസ്‌പെക്ടർ സഞ്ജീവ്. അവരെ രക്ഷപെടുത്താനായിരുന്നു പോലീസിൻ്റെ ശ്രമം, അതിനായി പോലീസ് അന്വേഷണം തുടങ്ങാൻ വൈകിപ്പിച്ചു. ഇൻസ്‌പെക്ടർ രമേഷിന്റെ ഫോണിലേക്കാണ് സഞ്ജീവിന്റെ അവസാന ഫോൺ കാൾ പോയിരിക്കുന്നത്. അതിനു ശേഷം സഞ്ജീവിന്റെ ഫോൺ സ്വിച്ച്ഡ് ഓഫ് ആണ്. റയിൽവേ സ്റ്റേഷനിലെ ഡസ്റ്റ് പിന്നിൽ നിന്നും സഞ്ജീവിന്റെ ഫോൺ ഇപ്പോൾ വീണ്ടെടുത്തിട്ടുണ്ട്. “
രമേഷ് ദേഷ്യത്തിൽ മേശ മേൽ ആഞ്ഞടിച്ചു.
“ഇനിയിപ്പോൾ എന്ത് ചെയ്യും. സാർ എന്തൊക്കെയാ ഒപ്പിച്ചു വച്ചിരിക്കുന്നത്. ആ വീട്ടിലെ എല്ലാ ക്യാമറകളും ഓഫ് ചെയ്തു, മിടുക്കൻ. പക്ഷേ തലയ്ക്കു മുകളിൽ അവർ സെറ്റ് ചെയ്തു വച്ചിരുന്ന ക്യാമറ അങ്ങേര് കണ്ടില്ല. “
“ഇനി നമ്മളെന്തു ചെയ്യാനാണ്. അന്വേഷണം ശരിയായി മുന്നോട്ട് കൊണ്ട് പോകണം, മുകളിൽ നിന്നും വിളി വന്നു തുടങ്ങി. ഇന്നലെ വരെ സല്യൂട്ടടിച്ച ആളെ അറസ്റ്റ് ചെയ്യേണ്ടി വരുമല്ലോ. “
ഹെഡ് കോൺസ്റ്റബിൾ നാസർ അഭിപ്രായപ്പെട്ടു.
“നമുക്ക് നമ്മുടെ ഭാവി നോക്കണ്ടേ സാറേ. “
അഡിഷണൽ എസ് ഐ ആയ വിശ്വൻ പിള്ള പറഞ്ഞു.
“വാ, പോയി വണ്ടിയെടുക്കൂ, ആശുപത്രിയിൽ പോയി. ആ പെണ്ണിനെ ഒന്നും കൂടെ കാണാം. അവളൊരു വക്കീൽ ആണ്, ചില്ലറക്കാരിയല്ല. “
ഇൻസ്‌പെക്ടർ രമേഷ് പുറത്തേയ്ക്കിറങ്ങി. ജീപ്പ് അതി വേഗത്തിൽ ചരകാ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് കുതിച്ചു.
ഇൻസ്പെക്ടർ രമേഷ് ദേവിയുടെ മുറിയിലേയ്ക്ക് നടന്നു. ആൻഡ്രൂ പെട്ടെന്ന് സർക്കിൾ ഇൻസ്പെക്ടറെ കൈ കൊണ്ട് തടഞ്ഞു.
“സർ, ഈ അവസ്ഥയിൽ ദേവിയെ… “
“നിങ്ങളാരാണ് ഇതിൽ ഇടപെടാൻ ?”
“ദേവിയുടെ സഹോദരനാണ്. “
“നിങ്ങളുടെ സഹോദരിയും സഞ്ജീവ് സാറും തമ്മിൽ ഇഷ്ടത്തിലായിരുന്നു. അതറിയില്ലേ. “
“അവർ അടുത്ത സുഹൃത്തുക്കൾ മാത്രം ആയിരുന്നില്ലേ. “
പെട്ടെന്ന് അനുപമ ഇടപെട്ടു.
“പോലീസിൻ്റെ അനാസ്ഥ മറയ്ക്കാൻ പുതിയ കഥകൾ ഒന്നും കൊണ്ടു വരേണ്ട സർ. അവർ നല്ല സുഹൃത്തുക്കളായിരുന്നു. സഞ്ജീവിന് അവളോട് മാത്രമായിരുന്നു ഇഷ്ടം. വൺവേ ലവ്. “
അവൾ ബാഗിൽ നിന്നും ദേവിയുടെ കല്യാണക്കത്ത് എടുത്ത് പോലീസിനെ കാണിച്ചു.
“കണ്ടില്ലേ, ദേവി വെഡ്സ് ആര്യൻ. “
“ഈ ആര്യൻ ആരാണ്. “
“പ്രശസ്തനായ ഇന്ത്യൻ ആസ്ട്രോ ഹീലർ. “
“അയാളിപ്പോൾ എവിടെയാണ്. “
“ഒരു റഷ്യൻ പര്യടനത്തിലാണ്. “
രമേഷ് ദേവിയുടെ അടുത്തിരുന്നു.
“മാഡം ഇപ്പോൾ എങ്ങനെയുണ്ട്. “
ദേവി കുഴപ്പമില്ല എന്ന് തലയാട്ടി.
” മാഡം എന്താണ് സംഭവിച്ചത്. “
“എൻ്റെ മൊഴി നിങ്ങൾ ഇപ്പോൾ രേഖപ്പെടുത്തുന്നുണ്ടോ. സംസാരിക്കാൻ ബുദ്ധിമുട്ടുണ്ട് എന്നാലും ഞാൻ പറയാം. സഞ്ജീവ് എൻ്റെ അടുത്ത സുഹൃത്തായിരുന്നു. ഒരു പ്രത്യേകതരം മനോ വൈകല്യം അയാൾക്കുണ്ടായിരുന്നു. ഞാൻ മറ്റ് പുരുഷന്മാരുമായി മിണ്ടുന്നത് അയാൾ വിലക്കിയിരുന്നു. “
ദേവി തെല്ല് നേരം സംസാരമൊന്ന് നിർത്തി.
“അടുപ്പിച്ചടുപ്പിച്ച് രണ്ട് ട്രാജഡികൾ എൻ്റെ ജീവിതത്തിൽ ഉണ്ടായി. രണ്ട് മരണങ്ങൾ, നഷ്ടങ്ങൾ ഉണ്ടായി. ആ സമയത്താണ് ഞാൻ ആര്യനെ ഓൺലൈനിലൂടെ ആര്യനെ പരിചയപ്പെടുന്നത്. ഞങ്ങൾ പിന്നീട് വീട്ടുകാരുടെ എതിർപ്പുകൾ മറികടന്ന് വിവാഹം കഴിക്കാൻ തീരുമാനിച്ചു. “
“അപ്പോൾ സഞ്ജീവ് സാറുമായുള്ള വിവാഹമോ., ?”
“അത് പുള്ളിയുടെ മാത്രം ആഗ്രഹമാണ്. എനിക്ക് ആ വിവാഹത്തിന് സമ്മതമല്ലായിരുന്നു. ആര്യൻ്റെ കാര്യം അറിഞ്ഞാണ് ഇന്നലെ രാത്രിയിൽ എന്നെ കൊല്ലാൻ ശ്രമിച്ചത്. കൂടെ ഒരു ബാങ്ക് മാനേജറും ഉണ്ടായിരുന്നു, വിമലെന്നാണ് അയാളുടെ പേര്. “
“അയാൾക്കും മാഡത്തിനോട് വിരോധമുണ്ടായിരുന്നോ?”
“അറിയില്ല, നിങ്ങൾ കണ്ട് പിടിക്കൂ. ഇനി എനിക്ക് സംസാരിക്കാൻ വയ്യ. “
ദേവി കണ്ണുകൾ അടച്ച് കിടന്നു.
പോലീസുകാർ മടങ്ങി പോയി.
നേരം വെളുക്കാറായി പ്രണവും അനുപമയും വീട്ടിൽ പോയി. മാത്യൂ സുമതിയേയും ആൻഡ്രുവിനേയും സ്വന്തം വീട്ടിലേക്ക് കൊണ്ട് പോയി. മാലതിയും ആരോണും കുഞ്ഞുമായി വരാന്തയിലിരുന്നു.
“രാവിലെ, ദേവിയെ മുറിയിലേയ്ക്ക് മാറ്റും, പേടിക്കാനൊന്നുമില്ല. “
ആരോൺ മാലതിയെ ആശ്വസിപ്പിച്ചു.
നഗരത്തിൻ്റെ കിഴക്ക് വശത്തുള്ള കാരുണ്യ നഗറിൽ പത്രമിടാൻ ഒരു പത്രക്കാരൻ പയ്യൻ പതിവിലും നേരത്തെ വന്നു. പക്ഷേ എല്ലാം വീടുകളിലും ഒരേ പത്രമാണ് അവൻ വിതരണം ചെയ്തത്.
“പയ്യൻസ്, ഇന്ന് നേരത്തെയാണല്ലോ. ഇവിടെ മലയാളം പത്രമല്ല പതിവായി ഇടുന്നത്. “
ഒരു റിട്ടയേർഡ് കേണൽ ഗേറ്റ് തുറന്ന് പുറത്ത് വന്നു.
“ഇംഗ്ലീഷ് പത്രം കൊണ്ട് വരാം. ഇത് ഫ്രീയാണ് സർ, നഗരത്തിൽ പോലീസ് ഉദ്യോഗസ്ഥൻ്റെ അഴിഞ്ഞാട്ടം, വാർത്ത കണ്ടില്ലേ സർ. “
പത്രക്കാരൻ പയ്യൻ ചോദിച്ചു.
“ആര് ആ സർക്കിൾ ഇൻസ്പെക്ടർ ആണോ. പന്ന…. മോൻ, ട്രാഫിക്ക് സിഗ്നലിൽ വച്ച് വെള്ള വര മറികടന്നതിന് എൻ്റെ കാറിൻ്റെ ബോണറ്റ് അവനൊരിക്കൽ തല്ലി പൊളിച്ചതാണ്. ഇംഗ്ലീഷ് പേപ്പർ വരട്ടെ. അത് വരെ ഇതൊന്ന് ആസ്വദിച്ചു വായിക്കട്ടെ. “
അയാൾ പേപ്പറുമായി അകത്ത് കയറി.
ആ സ്ട്രീറ്റ് മുഴുവൻ പത്രമിട്ടിട്ട് പി ബി തൻ്റെ സൈക്കിളുമായി വലിയ ഗേറ്റിലൂടെ മതിൽക്കെട്ടിനകത്ത് കയറി. വാഴത്തോപ്പിൽ സൈക്കിൾ ഒളിപ്പിച്ചു വച്ച്, അവൻ വാതിൽ മുട്ടി. നിധിൻ വാതിൽ തുറന്നു കൊടുത്തു.
” അവന് ബോധം വീണോ. “
“ഇല്ല. “
അരണ്ട വെളിച്ചം മാത്രമുള്ള മുറിയിൽ നിലത്ത് കിടക്കുകയാണ് മൂന്നു പേരും. മിസ് ഒലീവിയയ്ക്ക് ബോധമുണ്ട്, പക്ഷേ വായിൽ കുത്തിതിരുകിയിരിക്കുന്ന തുണി കഷണങ്ങൾ കാരണം അവർക്ക് ഒന്നും മിണ്ടാൻ പറ്റുന്നില്ല. അവർ കാലു കൊണ്ട് സഞ്ജീവിനെ ചവിട്ടി ഉണർത്താൻ ശ്രമിക്കുകയാണ്.
സഞ്ജീവിന് ബോധം വീണപ്പോൾ അയാൾ ബഹളം വച്ചു. എഴുന്നേൽക്കാൻ സാധിക്കുന്നില്ല, കൈകാലുകൾ കൂട്ടി കെട്ടിയിരിക്കുന്നു. അയാൾ വലത് വശത്തിരിക്കുന്ന ഒലീവിയയെ കണ്ടു. തറയിൽ കിടക്കുന്ന വിമലിനെ കണ്ടു. അയാൾ ശബ്ദം ഉണ്ടാക്കി വിമലിനെ ഉണർത്തി.
“ഇത് ആൻ്റിയുടെ വീടല്ലേ. ഞങ്ങളിവിടെ എങ്ങനെയെത്തി ആരാണ് ഞങ്ങളെ ഇവിടെ എത്തിച്ചത്. “
സഞ്ജീവ് ശബ്ദം കുറച്ച് ചോദിച്ചു. അവർക്ക് മറുപടി പറയാനായില്ല. സഞ്ജീവ് നിരങ്ങി നിരങ്ങി ടീച്ചറുടെ അടുത്തെത്തി, വളരെ ബുദ്ധിമുട്ടി വാ കൊണ്ട് കടിച്ചു അവരുടെ വായിൽ നിന്നും തുണി കഷണം എടുത്ത് മാറ്റി.
“ഇന്നലെ സന്ധ്യാ സമയത്ത് കുറച്ച് ഹിന്ദിക്കാർ ഇവിടെ വന്ന് എന്നെ ബന്ദിയാക്കി. രാത്രി വളരെ വൈകിയാണ് നിങ്ങളെ ഇവിടെ കൊണ്ട് വന്നത്.
“ആരായിരിക്കും അത്, എന്നെ ഒരു നമ്പറിൽ നിന്നും വിളിച്ചു ഭീഷണിപ്പെടുത്തിയല്ലോ, അവൻ ആരാണെന്ന് കണ്ടെത്തണം “
“അവനെ അന്വേഷിച്ചു ആരും എങ്ങോട്ടും പോകണ്ട. ഞാനിവിടെയുണ്ട്. “
ഇരുട്ടിൽ നിന്ന് ഒരു രൂപം അവരുടെ മുന്നിലെത്തി.
“നീയെങ്ങനെ, നീ ചത്തില്ലേ. നീയെങ്ങനെ നാട്ടിലെത്തി. “
“എനിക്കങ്ങനെയങ്ങ് ചാകാൻ പറ്റുമോടാ, ഞാൻ ഒറ്റത്തടി അല്ലല്ലോ, എനിക്ക് ഭാര്യയും മകളുമുണ്ട്. അവരെ എനിക്ക് സംരക്ഷിക്കണ്ടേ. “
“നിൻ്റെ ഭാര്യയോ ? അവൾ ചാകാറായല്ലോ. ഞങ്ങൾ അവളെ കൊന്നേനെ. അവളെ നിനക്കിനി കിട്ടാൻ പോകുന്നില്ല. നീ ചത്തെന്ന് കരുതി അവള് വേറെ കെട്ടാൻ പോകുന്നു. അവൾക്ക് കല്യാണം എന്നൊക്കെ പറഞ്ഞാൽ ഡ്രസ്സ് മാറുന്നത് പോലെയാണ്. അവളുടെ അച്ഛൻ്റേയും അമ്മയുടേയും ചരിത്രമൊന്ന് അന്വേഷിച്ച് നോക്കൂ. “
“അതൊക്കെ അന്വേഷിക്കാം. എന്നാലും നിൻ്റെ കാര്യം ഓർക്കുമ്പോഴാണ് കഷ്ടം. പോലീസുകാരനാണത്രേ പോലീസുകാരൻ. അച്ഛൻ്റെ കൊലപാതകിയെ തേടി നടന്നു. പക്ഷേ യഥാർത്ഥ കുറ്റവാളി നിന്നെ അവരുടെ വരുതിയിലാക്കി, അടിമയാക്കി വച്ചു ഇത്രയും കാലം. നിന്നെ കൊണ്ട് അവർ തെറ്റുകൾ ചെയ്യിച്ചു. “
നിധിൻ സഞ്ജീവിനെ കളിയാക്കി ചിരിച്ചു.
“നിൻ്റെ ഭാര്യയാണ് എൻ്റെ അച്ഛനെ കൊന്നത്. അവളെ ഞാൻ കൊല്ലും. ധൈര്യമുണ്ടെങ്കിൽ നീ കെട്ട് അഴിച്ചു നോക്കൂ. “
“നീ അവളെ കൊന്ന് പ്രതികാരം വീട്ടുമ്പോൾ നിൻ്റെ അച്ഛൻ്റെ ആത്മാവ് സങ്കടം കൊണ്ട് നീറുകയായിരിക്കും. യഥാർത്ഥ കുറ്റവാളി സന്തോഷത്തോടെ ഇത്രയും നാൾ നിൻ്റെ കൂടെ സുഖമായി ജീവിച്ചു. നീ ഇപ്പോഴും അച്ഛൻ്റെ പേരിൽ കൊലപാതകങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നു. “
സഞ്ജീവ് ദേഷ്യത്തോടെ മുഖം തിരിച്ചു.
“നിനക്ക് വിശ്വാസം വരുന്നില്ലെങ്കിൽ ഈ വീഡിയോ ഒന്ന് കണ്ട് നോക്കൂ. “
അന്ന് രാത്രിയിൽ ദേവിയും ഒലീവിയയും തമ്മിലുള്ള തർക്കവും ഒടുവിൽ ഒലീവിയ താൻ കാരണമാണ് വാച്ചർ സുരേഷ് ആത്മഹത്യ ചെയ്തതെന്ന് സമ്മതിക്കുന്ന വീഡിയോ ദൃശ്യങ്ങൾ.
“നിനക്കറിയില്ലായിരുന്നോ ?ഇവര് ഒരു പീഡോഫൈൽ ആണെന്ന്. പിന്നെ നീയെന്തു പൊലീസുകാരനാണ്, ദേവിയുടെ പിറകെ അവളുടെ സന്തോഷങ്ങൾ ഇല്ലാതാക്കാൻ നടക്കുമ്പോൾ നീയൊന്ന് ചിന്തിക്കണമായിരുന്നു. ഒരു പത്തു പന്ത്രണ്ടു വയസുള്ള പെൺകുട്ടിക്ക് ഒരാളെ ആത്മഹത്യക്കു പ്രേരിപ്പിക്കാൻ കഴിയുമോയെന്ന്. സുരേഷിന്റെ മരണ ശേഷം നിന്റെ കുടുംബത്തെ സഹായിക്കാൻ വന്ന വക്കീൽ ബ്രഹ്മദത്തനെ ഓടിച്ചു വിട്ടതാരാണ്?മിസ് ഒലീവിയ അല്ലേ. അവർ നിന്റെ മനസ്സിൽ വിഷം കുത്തി വച്ച് വച്ച്, നിന്നെ ബ്രെയിൻ വാഷ് ചെയ്തു. ഒടുവിൽ നിന്റെ ജീവിതവും ദേവിയുടെ ജീവിതവും തകർത്തു. നീ അവളെ കൊല്ലാൻ നടന്നു, മഠയൻ”
“നീ പറഞ്ഞത് കുറെയൊക്കെ ശരി തന്നെയാണ്. ഞാൻ ദേവിയെ സ്നേഹിക്കുന്ന എല്ലാവരെയും തകർക്കാൻ ശ്രമിച്ചു. പക്ഷെ ദേവിയെ…. എപ്പോഴോ ഞാൻ അവളെ സ്നേഹിക്കാൻ തുടങ്ങിയിരുന്നു. ഞാൻ അവളുടെ തെറ്റുകൾ ക്ഷമിക്കാൻ തയാറായിരുന്നു. എല്ലാം മറന്നു അവളുമായി ഒരു ജീവിതം തുടങ്ങാൻ ആഗ്രഹിച്ചു. അവളുടെ മകളെ എന്റെ മോളായി ഞാൻ കരുതി. പക്ഷെ നീ അത് തകർത്തു, വിൻസെന്റിന്റെ മരണം നിന്റെ അറിവോടു കൂടിയാണെന്ന് എനിക്കറിയാം. എന്തിനു നീ മടങ്ങി വന്നു. ഇല്ലെങ്കിൽ ദേവി എനിക്കിപ്പോൾ സ്വന്തമായേനെ…. “
“ദേവിയുടെ കാര്യം അവിടെ നിൽക്കട്ടെ, നിന്റെ ജീവിതം തകർത്ത ഈ സ്ത്രീയെ നീ എന്ത് ചെയ്യും, അവരുടെ വാക്കുകൾ കേട്ടാണ് നീ സ്വന്തം ജീവിതം തകർത്തത്. നീ ശരിക്കുമൊന്നു ആലോചിക്കൂ.
നിധിൻ മുറിയിൽ നിന്നും പുറത്തിറങ്ങി പോയി. അല്പസമയം കഴിഞ്ഞു മുറിയിലൊരു പിടച്ചിൽ കേട്ടു. ഹിന്ദിക്കാരനോട് ചെന്ന് നോക്കാനും ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യാനും നിധിൻ പറഞ്ഞു. അവർ ചെന്ന് നോക്കുമ്പോൾ സഞ്ജീവിന്റെ കൈപ്പത്തികളുടെ ഇടയിലിരുന്ന് ഞെരുങ്ങുന്ന ഒലീവിയയുടെ കഴുത്ത്, കാലുകൾ നിലത്തുരയുന്ന ശബ്ദം കേട്ടു, കഴുത്തിലെ അസ്ഥികളൊടിയുന്ന ഒച്ച കേട്ടു. പിന്നെ അത് പൂർണ്ണമായും നിലച്ചു.
ഭിത്തിയിൽ ചാരി, വിയർപ്പിൽ കുളിച്ചിരിക്കുന്ന സഞ്ജീവ്, അയാളെ ഭയത്തോടെ നോക്കുന്ന വിമൽ.
“ഇത് നീ കുറച്ചു മുൻപേ ചെയ്യേണ്ടതായിരുന്നു. ഇനിയെങ്കിലും നിന്റെ അച്ഛന് മോക്ഷം കിട്ടട്ടെ. “
ശബ്ദം കേട്ട് സഞ്ജീവ് തിരിഞ്ഞു നോക്കി, പിന്നിൽ നിധിൻ നില്ക്കുന്നു.
(തുടരും… )
✍️✍️നിഷ പിള്ള

