ആൻഡ്രുവിന്റെ ഗതി തന്നെ തനിക്കും ഉണ്ടാകുമെന്നു ദേവിക്ക് മനസ്സിലായി. മരണം ഏകദേശം ഉറപ്പായി. കാലടി ശബ്ദം അടുത്തടുത്തേയ്ക്കു വരുന്നു. ദേവി പേടിച്ചു വിറച്ചു. അവളുടെ കഴുത്തിലെ മുറിവുകൾ തുടിച്ചു, അവൾ വേദന കടിച്ചമർത്തി. ദേവി ഭയം കൊണ്ട് കണ്ണുകൾ അമർത്തിയടച്ചു.
ആരുടെയോ നിശ്വാസ വായു മുഖത്തടിച്ചപ്പോൾ അവൾ കണ്ണ് തുറന്നു. അവളെ നോക്കി ഒരു വൃത്തികെട്ട ചിരിയുമായി അവളുടെ അടുത്തിരിക്കുന്ന കറുത്ത രൂപം, സഞ്ജീവ്. മുറിയിലേയ്ക്കു കടന്നു വന്ന നിലാവിന്റെ വെളിച്ചത്തിൽ അയാളുടെ മുഖത്തിന്റെ പകുതി മാത്രം കാണാനായി.
“നീ എന്താ വിചാരിച്ചത്, നിന്നെ ഞാൻ കണ്ടു പിടിക്കില്ലെന്നോ, ഈ വീടിന്റെ മുക്കും മൂലയും എനിക്കറിയാം. ഇവിടെ എനിക്കധികം സമയമില്ല. “
ദേവിയുടെ നീണ്ട മുടിയിൽ വലിച്ചിഴച്ചും കൊണ്ട് സഞ്ജീവ് നീങ്ങി. ദേവി വേദന കൊണ്ട് നിലവിളിച്ചു. അവളുടെ വായിലേയ്ക്ക് അയാളൊരു ടേബിൾ ക്ലോത്ത് ചുരുട്ടി തിരുകി വച്ചു. ദേവിയുടെ ശബ്ദം നേർത്തതായി മാറി.
“ഞാൻ എന്തായാലും മരിക്കും ഉറപ്പാണ്, അവർ എന്നെ കൊല്ലും, അവൻ!! നിന്റെ നിധിൻ എന്നെ കൊല്ലും, അതിനു മുൻപ് നിന്നെ ഞാൻ കൊല്ലും, നിന്നെയും കൊണ്ടേ ഞാൻ പോകൂ. എന്നെ മോഹിപ്പിച്ചു കടന്നു പോയ ഒരേയൊരു പെണ്ണ് നീ മാത്രമാണ്, ഞാൻ തോൽക്കില്ല. എനിക്കില്ലാത്തത് ഈ ലോകത്ത് ആർക്കും ലഭിക്കില്ല. “
ദേവി കാലുകൾ കൊണ്ട് മേശയുടെ കാലുകളിൽ ചുറ്റി പിടിച്ചു, അതിനാൽ സഞ്ജീവിനു അവളെ വലിച്ചിഴച്ചു മുന്നോട്ടു കൊണ്ട് പോകാൻ കഴിഞ്ഞില്ല. അയാളവളുടെ മുടിയിൽ ആഞ്ഞ് വലിച്ചു. ദേവി കൈയ്യും കാലും കൊണ്ട് ചുറ്റുമുള്ള വസ്തുക്കളിൽ തട്ടി ശബ്ദം ഉണ്ടാക്കാൻ ശ്രമിച്ചു. അവളുടെ കാലിൽ തട്ടി മേശപ്പുറത്തിരുന്ന സ്ഫടിക നിർമ്മിത പൂപ്പാത്രം ഉടഞ്ഞു വീണു. ദേഷ്യം വന്ന സഞ്ജീവ് കുനിഞ്ഞു നിന്ന് ദേവിയെ അടിക്കാൻ ശ്രമിച്ചു.
അയാളുടെ ശരീരത്തിലൂടെ വിറയൽ കടന്നു പോയി. അയാൾ തന്നെ അടിക്കാൻ പോലും അശക്തനാണെന്നു ദേവിക്ക് മനസ്സിലായി. അയാൾ അടിക്കാൻ കുനിഞ്ഞതും ദേവി വലതു വശത്തേയ്ക്ക് ഉരുണ്ട് മാറി. ബാലൻസ് തെറ്റി സഞ്ജീവ് നിലത്തേക്ക് വീണു.
ശബ്ദം കേട്ട് അടുക്കളയുടെ അടുത്തുള്ള മുറിയിൽ കിടന്നുറങ്ങിയിരുന്ന സുമതി ഉണർന്നു. അവർ ലൈറ്റ് ഓണാക്കി. ബൾബ് കത്തിയില്ല. അവർ ഇരുട്ടിലൂടെ സ്റ്റെയർ കേസിന്റെ അടിയിൽ വച്ചിരുന്ന ഇൻവെർട്ടറിന്റെ അടുത്തേയ്ക്കു നടന്നു. മുറിയുടെ മധ്യത്തിൽ ആരോ ഉള്ളതായും ആരുടെയോ ഞെരക്കം കേൾക്കുന്നതായും സുമതിക്കു തോന്നി.
അവർ ഇരുട്ടിൽ ഒളിച്ചു നിന്ന് എന്താണ് അവിടെയെന്ന് ശ്രദ്ധിച്ചു. ആരോ ഇരുട്ടിൽ എഴുന്നേൽക്കുന്നത് സുമതി ശ്രദ്ധിച്ചു. ഒരു പുരുഷനാണത്, അയാൾ കയ്യിൽ പിടിച്ചു ഒരു സ്ത്രീയെ ഉയർത്തുകയാണ്. അയാൾ ആകെ ക്ഷീണിതനാണ്, അയാളുടെ കാലുകൾ ഒരു മദ്യപനെ പോലെ ആടുന്നു.
“മരിക്കുന്നതിന് മുൻപ് ഒരിക്കലെങ്കിലും…, നിന്നെ ഞാൻ… വിടില്ലെടീ. “
അയാൾ ഒരു കൈ കൊണ്ട് ഡൈനിങ് മേശമേലിരുന്ന ജഗ്ഗിലിരുന്ന വെള്ളം എടുത്തു കുടിച്ചു, മറു കൈ കൊണ്ട് ദേവിയെ തന്നോട് ചേർത്ത് പിടിച്ചു. ഇട്ടിരുന്ന വേഷവും നീണ്ട മുടിയും കണ്ടപ്പോൾ അത് ദേവി തന്നെയാണെന്ന് സുമതി ഉറപ്പിച്ചു. ദേവി എങ്ങനെ താഴത്തെ ഹാളിലെത്തി എന്ന് സുമതി ചിന്തിച്ചു. സഞ്ജീവ് മുൻവശത്തെ വാതിൽ തുറന്നു, ദേവി കുതറി മാറാൻ ശ്രമിച്ചെങ്കിലും സഞ്ജീവ് അവളെ ബലമായി ചുറ്റി പിടിച്ചു. സുമതി ഇരുട്ടിലൂടെ നടന്ന് ചെന്ന് മെയിൻ സ്വിച്ച് ഓണാക്കി, അവരെ പിന്തുടർന്നു.
മുറ്റത്ത് ഇരുട്ടായിരുന്നു, സഞ്ജീവ് ദേവിയെ ഉന്തി തള്ളി വീടിനു പുറത്തിറക്കി. ദേവിയെ മുറ്റത്തെ ഒരു മരച്ചുവട്ടിലേയ്ക്ക് കൊണ്ട് പോയി തള്ളിയിട്ടു. അവളുടെ വസ്ത്രങ്ങൾ അയാൾ കീറിയെടുക്കാൻ ശ്രമിച്ചു. ആദ്യത്തെ ക്ഷീണമൊക്കെ സഞ്ജീവിൽ നിന്നും മാറി തുടങ്ങി, അയാളാകെ ഉർജ്ജസ്വലനായി. അയാളിലെ ചെകുത്താൻ ഉണർന്നത് ദേവി മനസിലാക്കി.
കിടന്നു കൊണ്ട് ദേവി അയാളെ പരമാവധി പ്രതിരോധിച്ചു കൊണ്ടിരുന്നു. അവളുടെ വായിൽ നിന്നും ശബ്ദം പുറത്തേക്കു വരുന്നില്ല. ദേവിയുടെ പ്രതിരോധങ്ങളൊക്കെ ദുർബലമായപ്പോഴേക്കും സഞ്ജീവ് കൂടുതൽ ശക്തനായത് പോലെ. സഞ്ജീവ് ദേവിയെ പ്രാപിക്കാനുള്ള ശ്രമത്തിലായി. അയാളുടെ ശരീര ഭാരം ദേവിയുടെ ശരീരത്തിലേക്ക് അമരാൻ തുടങ്ങി. എല്ലാം അവസാനിച്ചെന്ന് കരുതി ദേവി കണ്ണുകളിറുക്കി അടച്ചു. അവളുടെ മനസ്സ് സങ്കടത്തിൽ വിലപിച്ചു. കണ്ണുകൾ നിറഞ്ഞൊഴുകി.
“ഠപ്പേ… “
വലിയൊരു ശബ്ദം കേട്ടു. കൂടെയൊരു വെടിയൊച്ചയും കേട്ടു.
ദേവി കണ്ണ് തുറന്നു. തന്റെ പുറത്തു കിടക്കുന്ന സഞ്ജീവിനെ അവൾ തള്ളി മാറ്റി. മുന്നിൽ വലിയൊരു കരിങ്കല്ലുമായി സുമതി നിൽക്കുന്നു. ഒരു തോക്കുമായി മാത്യു പിന്നിലുണ്ട്. ശബ്ദം കേട്ട് ആരോൺ അവിടേക്ക് ഓടി എത്തി. മാത്യുവും ദേവിയും ആരോണും സ്തബ്ധരായി നിൽക്കുകയാണ്.
“എന്താണ് സംഭവിച്ചത്. “
ആരോൺ കമഴ്ന്നു കിടന്ന സഞ്ജീവിന്റെ ശരീരം മലർത്തിയിട്ടു. തലയിലെ മുറിവിൽ നിന്നും രക്തം മണ്ണിലേക്ക് ഒഴുകുന്നു. മൂക്കിന് താഴെ കൈ വച്ച് പരിശോധിച്ചു. ശ്വാസമില്ല, പൾസില്ല, സഞ്ജീവ് മരിച്ചിരിക്കുന്നു.
“അവൻ മരിച്ചിരിക്കുന്നു. “
സുമതി കല്ല് താഴെയിട്ടു. സുമതി തന്റെ കയ്യിലെ ചോര തുടച്ചു. അവർ വീട്ടിലേയ്ക്കു ഓടി പോയി പൊലീസിന് ഫോൺ ചെയ്തു. മാലതിയെ കൂട്ടി കൊണ്ട് വന്നു. ഒരു പുതപ്പ് എടുത്തു കൊണ്ട് വന്നു ദേവിയെ പുതപ്പിച്ചു. അവളുടെ വായിൽ നിന്നും തുണി കഷണം എടുത്ത് മാറ്റി.
പോലീസെത്തി മൃതദേഹം പരിശോധിച്ചു. തലയുടെ പിൻഭാഗം കരിങ്കല്ല് കൊണ്ട് ചതഞ്ഞിരിക്കുന്നു. തലയുടെ പിന്നിൽ വെടിയേറ്റ് ഒരു തുള വീണിരിക്കുന്നു, മാത്യുവിന്റെ തോക്കിൽ നിന്നും പോയ വെടിയുണ്ട സൃഷ്ടിച്ചതാണ് ആ മുറിവ്. ഇതിൽ ഏതാണ് മരണത്തിന് കാരണമായത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാലെ അറിയാൻ കഴിയൂ.
സഞ്ജീവ് മരണപ്പെട്ട കാര്യം പോലീസ് പലപ്രാവശ്യം പരിശോധിച്ച് ഉറപ്പു വരുത്തി. ദേവിയെയും മറ്റു കുടുംബാംഗങ്ങളെയും തിരിച്ചും മറിച്ചും പല പ്രാവശ്യം ചോദ്യം ചെയ്തു. എല്ലാവരും പറഞ്ഞ കാര്യങ്ങളിൽ തന്നെ ഉറച്ചു നിന്നു. പോലീസ് ആ പ്രദേശം മുഴുവൻ പരിശോധിച്ചു, മതിലിനടുത്തു പാർക്ക് ചെയ്തിരുന്ന സ്‌കൂട്ടറിലായിരുന്നു സഞ്ജീവ് വന്നതെന്ന് സി സി ടി വി ദൃശ്യങ്ങളിൽ നിന്നും അവർ ഉറപ്പാക്കി.
സഞ്ജീവിന്റെ ശരീരം ആംബുലൻസിൽ മോർച്ചറിയിലേക്ക് കൊണ്ട് പോയി. മാത്യുവും സുമതിയും പോലീസ് കസ്റ്റഡിയിലായി.
തനിക്കു സംഭവിച്ചതൊക്കെ മറന്നു ദേവി ആ നിമിഷം സന്തോഷിച്ചു. അവൾ വളരെ കാലമായി കാത്തിരുന്ന ആ മരണം സംഭവിച്ചിരിക്കുന്നു. സംഭവം അറിഞ്ഞ് വീടിനു ചുറ്റും നാട്ടുകാർ നിരന്നു, ദേവിക്ക് സംരക്ഷണം വാഗ്ദാനം ചെയ്തു. സംഭവം അറിഞ്ഞു ടി വി യിൽ ഫ്ലാഷ് ന്യൂസ് എഴുതി കാണിച്ചു.
“ക്രിമിനലായ സർക്കിൾ ഇൻസ്പെക്ടർ സഞ്ജീവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. “
റോഡിൻ്റെ ഇരുവശത്തും വാഹനങ്ങൾ കൊണ്ട് നിറഞ്ഞു. ആ വാഹനങ്ങളുടെ കൂട്ടത്തിൽ ഒരു ചുവന്ന മഹിന്ദ്ര താർ ജീപ്പും ഉണ്ടായിരുന്നു.
മാധ്യമ പ്രവർത്തകർ ദേവിയുടെ ചുറ്റും നിരന്നു. അവരുടെ ഇടയിൽ തല ഉയർത്തി നിന്ന മെലിഞ്ഞ, താടിയുള്ള ഒരു മുഖം ദേവി ശ്രദ്ധിച്ചു. ഏത് ആൾക്കൂട്ടത്തിൽ നിന്നാലും ദേവിക്ക് നിധിനെ തിരിച്ചറിയാൻ കഴിയുമായിരുന്നു. അവന്റെ നീണ്ട് സുന്ദരമായ കണ്ണുകൾ മാലതിയുടെ മടിയിലിരുന്ന് കളിക്കുന്ന കുഞ്ഞിലേയ്ക്കു നീളുന്നത് അവൾ ശ്രദ്ധിച്ചു.
“ഞാൻ പേടിയോടെയാണ് ഇത് വരെ ജീവിച്ചത്, അയാളെന്റെ ജീവിതം നശിപ്പിക്കാൻ, എന്നെ കൊല്ലാൻ പലതവണ ശ്രമിച്ചതാണ്. അന്നൊന്നും എന്നെ സഹായിക്കാൻ ഈ നാട്ടുകാരെയൊന്നും ഞാൻ കണ്ടില്ല. അയാൾ മരിക്കേണ്ടവനായിരുന്നു. അയാളെ അവർ കൊന്നു. അത്ര മാത്രം ക്രൂരനായിരുന്നു അയാൾ. ഇനി ഈ ലോകത്ത് ഒരു പെണ്ണിനും അയാളെ പോലൊരു പെണ്ണ് പിടിയനെ ഓർത്തു വിഷമിക്കേണ്ടതില്ല. “
ദേവി മാധ്യമങ്ങളോട് വികാരാധീനയായി സംസാരിച്ചു. അവളുടെ കണ്ണുനീര് കണ്ട് മനസ് വിഷമിച്ച നിധിനാകട്ടെ താൻ കൂടെയുണ്ടെന്ന് ആംഗ്യ വിക്ഷേപങ്ങളിലൂടെ അവളെ കാണിച്ചു.
മാലതിയും ആരോണും മാധ്യമങ്ങൾക്കു മുന്നിൽ അവരുടെ അഭിപ്രായങ്ങൾ തുറന്നു പറഞ്ഞു. ഈ സമയത്ത് ദേവിയെ വിശ്രമിക്കാനായി മുറിയിലേയ്ക്കു പറഞ്ഞു വിട്ടു. ദേവി മുറിയിൽ കയറിയതും ആരുടെയും കണ്ണിൽ പെടാതെ നിധിനും അവളുടെ ഒപ്പം മുറിയിൽ കയറി. ദേവി ദേഷ്യത്തോടെ അവനെ തള്ളി മാറ്റി.
“എനിക്ക് നിന്നെ കാണണ്ട, എന്നെ സംരക്ഷിക്കാൻ നിനക്ക് കഴിഞ്ഞില്ലല്ലോ. “
“മോളെ ക്ഷമിക്കൂ അവസാന നിമിഷം ഞങ്ങളുടെ പ്ലാനൊന്നു തെറ്റി. “
നടന്ന സംഭവങ്ങളൊക്കെ നിധിൻ അവളെ പറഞ്ഞു മനസ്സിലാക്കി. നിധിൻ അവളെ ആശ്വസിപ്പിച്ചു.
“ഇനി നമുക്കൊന്നും പേടിക്കാനില്ലല്ലോ, എല്ലാം അവസാനിച്ചില്ലേ. “
അപ്പോഴേക്കും ദേവിയുടെ പരിചാരികയായ നേഴ്സ് മുറിയുടെ വാതിലിൽ മുട്ടി. അപ്പോഴേക്കും നിധിൻ കട്ടിലിനടിയിൽ ഒളിച്ചു.
“എനിക്ക് അമ്മയുടെ മുറിയിലേയ്ക്കു മാറണം, കൂടെ കൂടെ ഈ പടികെട്ടുകളിറങ്ങി താഴെ പോകാൻ വയ്യ. ഇനിയും ചോദ്യം ചെയ്യാൻ പോലീസും വക്കീലന്മാരും വരും. “
ദേവി നഴ്സിനൊപ്പം താഴേക്ക് പോയി നിധിന് മുറിയിൽ നിന്നും പുറത്തു കടക്കാനുള്ള സാഹചര്യം ഉണ്ടാക്കി നൽകി.
വെളുപ്പാൻ കാലമായപ്പോൾ പ്രണവിന്റെ അയൽ വീട്ടിൽ ഒരു കാർ വന്നു നിന്നു. കാറിൽ നിന്നും ഇറങ്ങിയ യുവാവ് പി ബി ആയിരുന്നു. വീട്ടിനകത്തേയ്ക്കു കയറി പോയ വേഗതയിൽ അയാൾ ഇറങ്ങി വന്നു. അവനോടൊപ്പം കാറിൽ ഒരു പർദ്ദ ധരിച്ച സ്ത്രീയും ഉണ്ടായിരുന്നു. അയാൾ കാർ റോഡിലേയ്ക്ക് വളരെ വേഗതയിൽ റിവേഴ്‌സ് എടുത്തു വളച്ചെടുത്തു.
ഏജൻറ് പി ബി തന്റെ കാർ നേരെ ദേവിയുടെ വീട്ടിലേയ്ക്കു പായിച്ചു. വീടെത്തുന്നതിനു വളരെ അകലെ വച്ച് തന്നെ ചുവന്ന ജീപ്പ് പി ബി യുടെ ശ്രദ്ധയിൽ പെട്ടു. അയാൾ മൊബൈലിൽ സഞ്ജീവിന്റെ മരണത്തിന്റെ ന്യൂസ് കണ്ടിരുന്നു.
ദേവിയുടെ വീട് ആക്രമിച്ചു കയറിയ സഞ്ജീവിന്റെ ആക്രമണത്തിൽ നിന്ന് രക്ഷപെടാൻ ദേവിയ്ക്ക് കഴിഞ്ഞില്ല. ദേവിയെ ആക്രമിക്കുന്നത് ജോലിക്കാരി കണ്ടു, ദേവിയെ മുറ്റത്തു വച്ച് പീഡിപ്പിക്കാനായിരുന്നു സഞ്ജീവിന്റെ ശ്രമം. ദേവിയെ രക്ഷിക്കാനായി സുമതി കൂടെ പുറത്തിറങ്ങി ചെന്നെങ്കിലും കരുത്തനായ സഞ്ജീവിനെ അവർക്കു ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. മുറ്റത്ത് കിടന്ന ഒരു കരിങ്കല്ലുയർത്തി പിന്നിൽ നിന്നും അയാളുടെ തലയ്ക്കടിക്കുകയായിരുന്നു. അടിയുടെ ആഘാതത്തിൽ അയാൾ മറിഞ്ഞു വീണു, അയാളുടെ തലയുടെ പിൻഭാഗം ചതഞ്ഞു. അയാൾ മരണപ്പെട്ടു.
ഉറക്കത്തിൽ ഫ്‌ളവർ വേസുടയുന്ന ശബ്ദം കേട്ടുണർന്ന മാത്യു തന്റെ തോക്കുമായി പുറത്തിറങ്ങി. നിലാ വെളിച്ചത്തിൽ ദേവിയെ ഉപദ്രവിക്കാൻ ശ്രമിക്കുന്ന സഞ്ജീവിനെ അയാൾ കണ്ടു. ആൻഡ്രുവിന്റെ മരണത്തിനു കാരണം സഞ്ജീവാണെന്നു മാത്യു വിശ്വസിക്കുന്നു, ആ പ്രതികാരം അയാളുടെ മനസ്സിലുണ്ടായിരുന്നു. കണ്മുൻപിലിട്ടു ദേവിയെ ഉപദ്രവിക്കുന്നതു മാത്യുവിന് കണ്ടു നിൽക്കാനായില്ല. പിന്നെ ഒന്നും ആലോചിച്ചില്ല, അവനെ കൊല്ലാൻ വേണ്ടി തന്നെയാണ് വെടി വച്ചത്.
ന്യൂസ് കേട്ട് ഏജൻ്റ് പി ബി യ്ക്ക് ദേഷ്യം വന്നു, എങ്ങനെയാണു സഞ്ജീവ് രക്ഷപെട്ടത്, പ്രത്യേകം ശ്രദ്ധിക്കണമെന്ന് പറഞ്ഞേല്പിച്ചിട്ടല്ലേ താൻ വിമാനത്താവളത്തിലേക്ക് പോയത്, നിർണായകമായ ആറു മണിക്കൂർ, വെറും ആറ് മണിക്കൂർ സമയം കൊണ്ട് എല്ലാ പ്ലാനും തകർന്നു.
പി ബി കാർ കുറച്ചു ദൂരെയായി പാർക്ക് ചെയ്തിട്ട് ജീപ്പിനടുത്തേയ്ക്കു വന്നു. പി ബി യെ കണ്ടപ്പോൾ ജീപ്പിലുണ്ടായിരുന്ന നാലു പേരുടെയും തല കുനിഞ്ഞു.
“പി ബി ക്ഷമിക്കണം, ഞാൻ ഉറങ്ങി പോയി. അയാൾ രക്ഷപ്പെട്ടു. “
നിധിൻ പി ബി യുടെ കയ്യിൽ അമർത്തി കൊണ്ട് മാപ്പിനപേക്ഷിച്ചു. പി ബി നിധിന്റെ മുഖത്തേയ്ക്കു സൂക്ഷിച്ചു നോക്കി. സുന്ദരനായ അയാളുടെ കണ്ണുകൾ കുഴിഞ്ഞു കൺതടങ്ങൾ കറുത്ത്, കൺപോളകൾ തടിച്ച് വീർത്തിരുന്നു.
പി ബി യ്ക്ക് സങ്കടം തോന്നി, മൂന്നു നാലു ദിവസമായി നിധിൻ തന്റെ കൂടെയുണ്ടായിരുന്നു. അയാളും ഒരു മനുഷ്യനല്ലേ, ഇങ്ങനൊക്കെ സംഭവിക്കാം. ഇങ്ങനെയൊക്കെ ആയിരിക്കാം ദൈവ നിശ്ചയം. അവൻ്റെ ജീവിതം സുമതിയും മാത്യുവും കൂടി അവസാനിപ്പിക്കണമെന്നായിരിക്കും.
സംഭവിച്ചതൊക്കെ നല്ലതിന് തന്നെയാണ്.
“ഞാൻ അവളോട് എന്ത് പറയും നിധിൻ. സഞ്ജീവിന്റെ മരണം സ്വന്തം കണ്ണുകൾ കൊണ്ട് കാണണമെന്ന് പറഞ്ഞവളാണ്, അയാളുടെ മരണ പിടച്ചിൽ ലൈവ് ആയി പകർത്തണമെന്നു ആശിച്ച ഒരുവൾ ആ കാറിൽ ഇരിപ്പുണ്ട്. അവളോട് ഞാനെന്തു പറയുമെന്നാണ്. “
അപ്പോഴേക്കും നേരം വെളുത്തു തുടങ്ങിയിരുന്നു. പത്രക്കാരും പാൽക്കാരും സൈക്കിളിലിൽ അങ്ങോട്ടും ഇങ്ങോട്ടും പായാൻ തുടങ്ങി.
നിധിൻ പി ബി യോടൊപ്പം കാറിനടുത്തേയ്ക്കു നടന്നു. കാറിൽ പർദ്ദയണിഞ്ഞ ഒരു പെൺകുട്ടി ഡ്രൈവിംഗ് സീറ്റിൽ ചാരി കിടന്നിരുന്നു. നിധിനൊപ്പം പി ബി യും പിൻ സീറ്റിൽ കയറി ഇരുന്നു, പെൺകുട്ടി ഞെട്ടി ഉണർന്നു തിരിഞ്ഞു നോക്കി.
“നാദിയ, ഇത് നിധിൻ, ദേവിയുടെ ഭർത്താവ് “
നാദിയ തല കുലുക്കി. അവളുടെ മുഖം കാണാൻ നിധിന് കഴിഞ്ഞില്ല, അവൾ ഒരു മുഖാവരണം അണിഞ്ഞിട്ടുണ്ടായിരുന്നു.
“നമുക്ക് വീട്ടിലേയ്ക്കു പോകാം. “
നാദിയയുടെ കാറിന്റെ പിൻസീറ്റിൽ നിധിൻ പി ബി യോടൊപ്പം ചേർന്നിരുന്നു. അവരുടെ കാറിന്റെ പിറകെ ചുവന്ന ജീപ്പ് വന്നിരുന്നു. അവർ പട്ടണത്തിനു പുറത്തെത്തിയപ്പോൾ നേരം നല്ല പോലെ വെളുത്തിരുന്നു.
പി ബി കാറിൽ നിന്നും പുറത്തിറങ്ങി ജീപ്പിലിരുന്ന ഹിന്ദിക്കാരോട് എന്തോ പറഞ്ഞു. അവർ നിധിനെ നോക്കി കൈ വീശി കാണിച്ചു യാത്ര പറഞ്ഞു, തിരികെ കാറിൽ കയറി പി ബി പറഞ്ഞു.
“ഇനി അവരെ നമ്മുടെ ഒപ്പം കൂട്ടുന്നത് റിസ്കാണ്. എല്ലാം അവസാനിച്ചില്ലേ. നമുക്ക് എന്റെ വീട്ടിലേയ്ക്കു പോകാം. സഞ്ജീവിന്റെ മരണ വാർത്തയുടെ ചൂടൊന്നു അടങ്ങുമ്പോൾ നിധിൻ മടങ്ങി വന്ന വിവരം പോലീസിൽ അറിയിക്കണം. സഞ്ജീവിനെ പേടിച്ചു അജ്മലിന്റെ റെസ്റ്റോറന്റിൽ ഒളിവിൽ കഴിഞ്ഞ വിവരം അറിയിക്കണം. “
നാദിയ ഓടിച്ച പഴയ മാരുതി 800 കാർ നാട്ടു വഴികളിലൂടെ കുലുങ്ങി കുലുങ്ങി ഒരു വീട്ടു മുറ്റത്തു എത്തി ചേർന്നു.
പി ബി യും നാദിയയും അവിടെ ഇറങ്ങുന്നത് കണ്ടു നിധിനും പുറത്തിറങ്ങി.
“ഇറങ്ങൂ ഇതാണെന്റെ കൊട്ടാരം. “
കാറിന്റെ ഡിക്കിയിൽ നിന്നും രണ്ടു ബാഗുകൾ വലിച്ചെടുത്തു പി ബി മുൻപിൽ നടന്നു, വാതിൽ തുറന്നു. തൊട്ടടുത്ത വീടിന്റെ ഇറയത്ത് വെയിൽ കാഞ്ഞിരുന്ന, പല്ലില്ലാത്ത മുത്തശ്ശി പി ബി യെ നോക്കി ചിരിച്ചു.
“ആ നിന്റെ കെട്ടിയോള് എത്തിയോ? അവൾക്ക് എത്ര നാളുണ്ട് ലീവ്. “
“വന്നു കയറിയില്ല. അപ്പോൾ എന്നാണ് തിരികെ പോകുന്നത് എന്ന് അന്വേഷിക്കുകയാണോ മുത്തശ്ശി?”
പി ബി വേഷം മാറി മുറ്റത്തു നിന്ന ഒരു മൂട് കപ്പ പറിച്ചെടുത്തു. മൂന്ന് പേർക്കും വേണ്ടി കട്ടൻ കാപ്പി തയാറാക്കി. കാന്താരി ചമ്മന്തിയും കൂട്ടി പുഴുങ്ങിയ കപ്പ കഴിക്കാനായി മൂന്ന് പേരും നിലത്ത് വട്ടത്തിലിരുന്നു. അപ്പോഴാണ് മൂടുപടം ഉയർത്തിയ നാദിയയുടെ മുഖം നിധിൻ കണ്ടത്.
സുന്ദരമായ വട്ട മുഖം, നീണ്ട കണ്ണുകൾ, ചുരുണ്ട മുടിയിഴകൾ, മുഖത്തിന്റെ ഇടതു വശത്തു പൊള്ളലേറ്റ പാടുകൾ. ഒന്നേ നോക്കിയുള്ളൂ, നിധിൻ ദൃഷ്ടി പിൻവലിച്ചു.
“മുഖത്ത് ആസിഡ് കൊണ്ട് പൊള്ളലേറ്റതാണ്. അവളുടെ പതിനാറാമത്തെ വയസ്സിൽ. “
പി ബി മെല്ലെ പറഞ്ഞു. ആ കാഴ്ച കണ്ടതോടെ നിധിൻ ആഹാരം കഴിക്കുന്നത് നിർത്തി.
“നിധിൻ കഴിക്കൂ, പേടിയ്‌ക്കേണ്ട, സഹതപിക്കുകയും വേണ്ട. “
നാദിയ നിധിനോട് ചിരിച്ചു കൊണ്ട് പറഞ്ഞു.
“എടോ നിധിൻ, ഇതൊക്കെ ചെയ്തു ഇവളുടെ ജീവിതം നശിപ്പിച്ചതാരാണെന്നു തനിക്ക് അറിയുമോ. ഏജൻ്റ് പി ബി എന്ന ഈ ഞാൻ, സാക്ഷാൽ നീൽ, അതാണെന്റെ യഥാർത്ഥ പേര്. “
നിധിൻ അതിശയത്തോടെ രണ്ടു പേരെയും മാറി മാറി നോക്കി.
“ഞാൻ അതോർത്തു കരയാത്ത ഒറ്റ രാത്രികളില്ലടോ. ഇപ്പോൾ ഞാൻ ജീവിക്കുന്നത് ഇവൾക്ക് വേണ്ടിയാണ്. ഇവൾക്ക് വേണ്ടി മാത്രം. അതിനു ശേഷമാണു ഞാൻ ഈ വേഷമെടുത്തു അണിഞ്ഞത്. ഒരു പ്രൈവറ്റ് ഡിറ്റക്ടീവ് ആയത്. “
പി ബി നാദിയയുടെ അടുത്തേക്ക് നീങ്ങിയിരുന്നു അവളുടെ നെറ്റിയിൽ സ്നേഹത്തോടെ അമർത്തി ചുംബിച്ചു. “
“ഞാനിപ്പോൾ ജീവിച്ചിരിക്കുന്നത് നീൽ കാരണമാണ്, ഞങ്ങളുടെ സ്നേഹം നിങ്ങളുടേത് പോലെയാണ്. ഞാനില്ലാതെ അവനില്ല, അവനില്ലാതെ ഞാനും… “
“നിധിൻ പറയാനാണെങ്കിൽ ഒരു വലിയ കഥയുണ്ട്. ആ കഥയിൽ അറിയാതെ ആണെങ്കിലും ദേവിയുണ്ട്, സഞ്ജീവുണ്ട്, അതാണ് രാഹുൽ വിളിച്ചപ്പോൾ ഞാൻ ഈ കേസ്സ് ഏറ്റെടുത്തത്. “
നിധിൻ കൈ കഴുകി ആ കഥ കേൾക്കാൻ തയാറായി. നാദിയ അവരുടെ മുന്നിലിരുന്ന പാത്രങ്ങളുമായി അടുക്കളയിലേയ്ക്ക് മടങ്ങി. നിധിൻ അവളെ തന്നെ നോക്കിയിരുന്നു. അവളുടെ മുഖത്തിന്റെ ഒരു വശം പൂർണ ചന്ദ്രനെ പോലെ തിളങ്ങിയിരുന്നു, മറുവശത്തു അവളുടെ തൊലി ഉപ്പുമാങ്ങ പോലെ ചുരുണ്ടു വികൃതമായിരുന്നു.
(തുടരും…. )
✍️✍️നിഷ പിള്ള

