ഡി വൈ എസ് പി യാണ് ഫോണിൽ.
“എന്താടോ അവിടെ നടക്കുന്നത്. തനിക്ക് ബോധം ഒന്നുമില്ലേ, സോഷ്യൽ മീഡിയയിലൂടെ തൻ്റെ പ്രവൃത്തി ലോകം മുഴുവൻ കണ്ട് കൊണ്ടിരിക്കുകയാണ്. “
“സർ ഇവനല്ല യഥാർത്ഥ പ്രതി. ഇവനെ നല്ല പോലെ ചോദ്യം ചെയ്താൽ യഥാർത്ഥ പ്രതിയെക്കുറിച്ചുള്ള വിവരം ലഭിക്കും. “
“താനൊക്കെ എങ്ങനെയാണോ പോലീസിൽ കയറിയത്?. അടുപ്പിച്ചുള്ള കൊലകളിൽ ആളുകളാകെ പാനിക്കാണ്. ഒരുത്തൻ താനാണ് കൊലപാതകി എന്നും പറഞ്ഞ് വന്ന് കയറിയപ്പോൾ അത് പത്രസമ്മേളനം നടത്തി പൊലിപ്പിച്ചെടുക്കാതെ. “
“സാറെ എനിക്കൊരു പത്ത് മിനിറ്റ് അവനെ ചോദ്യം ചെയ്യാൻ തന്നാൽ… “
“താനിനി ആറുമാസം വീട്ടിൽ പോയിരുന്നു ചോദ്യം ചെയ്യൽ നടത്തൂ. ഒരു മാനസിക രോഗിയായ ചെറുപ്പക്കാരനെ ഒരു മയവുമില്ലാതെ പെരുമാറുന്നത് ഈ ലോകം മുഴുവൻ കണ്ടു. ഇപ്പോൾ ഫാക്സ് വരും. വാങ്ങി നേരെ എൻ്റെ ഓഫീസിലേക്ക് വരൂ. “
രാഹുൽ മേശപ്പുറത്ത് ഇരുന്ന തൊപ്പി കയ്യിലെടുത്തു പുറത്തേക്ക് നടന്നു. പോകുന്ന പോക്കിൽ സഹപ്രവർത്തകരെ ഓരോരുത്തരെയും മാറി മാറി നോക്കി.
“ആരും സന്തോഷിക്കണ്ട
എനിക്ക് സംഭവിച്ചത് നിങ്ങൾക്കും സംഭവിക്കാം. “
ഒടുവിൽ അയാളുടെ ദൃഷ്ടി സലീമിൻ്റെ മുഖത്ത് പതിച്ചു.
“ഇവന്മാരുടെ എച്ചിൽ കിട്ടുന്നുണ്ടെങ്കിൽ ആ നന്ദി നല്ല പോലെ വാലാട്ടി താൻ കാണിച്ചാൽ മതി. ഞാൻ തിരികെ വരുമെടോ. “
രാഹുൽ രഘുവരൻ ജീപ്പിനടുത്തേയ്ക്ക് നടന്നപ്പോൾ പിന്നിൽ നിന്നും കൂവൽ കേട്ടു. സലിം അവരെ വഴക്ക് പറയുന്നത് കേട്ടു രാഹുൽ തിരിഞ്ഞ് നോക്കി.
“ഇതിനേക്കാൾ ജഗജില്ലി ആയൊരു സാർ ആണ് മുമ്പിവിടെ ഇരുന്നത്
പാവങ്ങളെ കാണുമ്പോൾ അയാളുടെ കൈ വല്ലാതെ തരിക്കും. പെണ്ണുങ്ങളെ കാണുമ്പോൾ അയാൾക്ക് ചില അവയവങ്ങളിൽ തരിപ്പ് വരും. അവനും പ്രശ്നം നീലിനോടായിരുന്നു. നിങ്ങൾ പ്രശ്നക്കാരനല്ലെന്ന് ഞങ്ങൾക്കറിയാം
പക്ഷേ നിങ്ങൾക്കും നീലിനെ പ്രതിയാക്കണമെന്ന് എന്താണ് ഇത്ര വാശി. “
പിന്നിൽ നീണ്ട കൂവലായിരുന്നു. സലിം ഒരു ഓട്ടോ കൈ കാണിച്ചു നിർത്തി രാഹുലിനെ കയറ്റി. പെട്ടെന്ന് ക്യാമറയുമായി നിന്ന ആ യുവാവ് മുന്നോട്ട് വന്നു.
“സാറിനി ആറു മാസം വീട്ടിലിരുന്ന് അന്വേഷിക്കൂ. ഇത്രയും റിസ്ക് എടുത്തു നീൽ മടങ്ങി വന്നിട്ടുണ്ടെങ്കിൽ അതിനൊരു കാരണമുണ്ട്. അത് കഴിഞ്ഞ് അവൻ ഇരു ചെവിയറിയാതെ മടങ്ങി പൊയ്ക്കോളും. “
സസ്പെൻഷൻ വിവരം അറിഞ്ഞപ്പോൾ തന്നെ രാഹുലിൻ്റെ ഭാര്യ പിണങ്ങി തറവാട്ടിലേക്ക് പോയിരുന്നു. നാണക്കേട് കാരണം പുറത്ത് ഇറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. ഫോണിലെ നെറ്റ് ഓഫാക്കി വച്ചിരിക്കുകയാണ്. മദ്യപിക്കുന്ന ശീലമില്ല, വല്ലപ്പോഴും സുഹൃത്തുക്കൾക്കൊപ്പം കൂടുന്ന പതിവുണ്ട്.
ഇന്ന് എല്ലാം മറക്കാനായി കുറച്ച് കഴിക്കണം. മുമ്പ് എപ്പോഴോ ആരോ സമ്മാനമായി തന്ന ഒരു സ്കോച്ച് വിസ്കി കയ്യിലെടുത്തു.
“എല്ലാം മറന്ന് ഒന്ന് ഉറങ്ങണം. “
രാഹുൽ സ്കോച്ച് കയ്യിലെടുത്തു ഉമ്മ വച്ചു. ഒരു പെഗിൽ തുടങ്ങി. ഓർക്കും തോറും പൊട്ടിക്കരയണം എന്ന് തോന്നി. ഇനി അച്ഛൻ്റെ മുഖത്ത് എങ്ങനെ നോക്കും. അച്ഛൻ്റെ സ്വപ്നമായിരുന്നു മകനെ സത്യസന്ധനായ ഒരു പോലീസ് ഓഫീസർ ആക്കി മാറ്റണമെന്നത്….
ഡോർ ബെൽ മുഴങ്ങി. സമയം 9. 14, ഈ സമയത്ത് ആര് വരാനാണ്. അതും സസ്പെൻഷനിലായ ഒരു ഓഫീസറെ കാണാൻ.
അഴിഞ്ഞ് തുടങ്ങിയ ലുങ്കി മുറുകെ ഉടുത്തും കൊണ്ട്, ആടിയാടി രാഹുൽ വാതിലിനടുത്തേക്ക് നടന്നു. കർട്ടനിടിയിലൂടെ പുറത്തേക്ക് നോക്കി. സലീം ആണ്. വാതിൽ തുറക്കണോ വേണ്ടയോ.?
ആള് നല്ലവനാണ്, സഹായിയാണ്. പക്ഷേ താൻ കൂടുതൽ സൗഹൃദത്തോടെ പെരുമാറുന്നത് കൊണ്ടാകും. ചിലപ്പോൾ ഒരു ഉപദേശിയുടെ രൂപത്തിൽ വരും. എല്ലാം അയാൾക്കറിയാമെന്ന ഭാവം. അതൊക്കെ സഹിക്കാം പ്രായമുള്ള മനുഷ്യനല്ലേ. നീലിനെ സപ്പോർട്ട് ചെയ്തുള്ള സംസാരമാണ് സഹിക്കാൻ കഴിയാത്തത്. ഇന്ന് രാവിലെ അയാളെ കൂടാതെ ജീപ്പെടുത്ത് പോയത് അത് കൊണ്ടാണ്.
ഇന്ന് പുറത്തു പോയപ്പോൾ അയാൾ കൂടെ ഉണ്ടായിരുന്നെങ്കിൽ ഇന്നുണ്ടായത് പോലെ മണ്ടത്തരം ഉണ്ടാകില്ലായിരുന്നു. അയാൾക്ക് തന്നെക്കാൾ സ്റ്റേഷൻ പരിചയമുണ്ട്. ആളുകളെ കൈകാര്യം ചെയ്യാനറിയാം.
വാതിൽ തുറന്നു ഗൗരവത്തോടെ ചോദിച്ചു.
“താനെന്താ ഈ നേരത്ത്, ഞാനിപ്പോൾ തൻ്റെ മേലാപ്പീസർ അല്ലെന്ന് മറന്ന് പോയോ. “
സലിം മറുപടി പറയാതെ ചെരുപ്പ് ഊരി പടിക്കെട്ടിൽ വച്ചു. കയ്യിലൊരു കവറും പിടിച്ചു അകത്തേക്ക് കയറി.
രാഹുൽ ദേഷ്യത്തോടെ സംസാരിച്ചിട്ടും ഒരു തരത്തിലും പ്രതിഷേധിക്കാതെ ആയിരുന്നു സലീമിൻ്റെ പെരുമാറ്റം.
“എന്താടോ മൗനം. ഇതെന്താ മരണവീടാണോ. “
രാഹുൽ തൻ്റെ മുന്നിലുള്ള കസേര സലീമിന് നീക്കിയിട്ട് കൊടുത്തു.
“താനിരിക്ക്. വന്ന കാര്യം പറ. ചത്തോന്ന് നോക്കാൻ വന്നതാണോ. അങ്ങനെയൊന്നും ചാവത്തില്ല ഞാൻ. “
“സാറേ ഞാൻ ഒരു കാര്യം പറയട്ടെ. ഇത്തിരി സങ്കീർണ്ണമാണ്. പക്ഷേ ഇനി ഒരു മരണം കൂടി ഇവിടെ നടക്കാതിരിക്കാൻ… “
രാഹുൽ ഒന്നും മിണ്ടിയില്ല.
“സാറെ, സാറെന്നെ തെറ്റിദ്ധരിച്ചിരിക്കുകയാണ്. ഞാൻ ആരുടേയും പക്ഷം പിടിച്ചതല്ല. “
“പിന്നെ?”
“നമ്മുടെ സ്റ്റേഷൻ പരിധിയിൽ ഈ പ്രശ്നങ്ങളൊക്കെ ആരംഭിച്ചത് സഞ്ജീവ് സാർ ചാർജ്ജെടുത്തതിന് ശേഷമാണ്. ക്രിമിനലുകളുടേയും ഗുണ്ടകളുടേയും വിളയാട്ടമായിരുന്നു ആ സമയങ്ങളിൽ. ഞങ്ങൾ പോലീസ് ഉദ്യോഗസ്ഥർക്ക് പോലും രക്ഷയില്ലാത്ത സമയം. അങ്ങനെയാണ് നാട്ടുകാർ ഇടവകയിലെ പൗര സമിതി രൂപീകരിച്ചത്. “
“അതൊക്കെ എനിക്കറിയാം. പൗര സമിതിയിലെ പ്രമുഖനല്ലായിരുന്നോ മുൻ ഇടവക വികാരി, ആ വികാരിയച്ചൻ്റെ അടുത്ത് ആളല്ലായിരുന്നോ ഈ നീൽ. “
“നീലിനെ സാറിനറിയാം. പക്ഷെ ആ ന്യൂസ് പേപ്പർ ബോയുടെ പിന്നിൽ പ്രവർത്തിച്ച മാഡം ആരാണെന്ന് ആരും തെരഞ്ഞില്ല. കണ്ട് പിടിച്ചതുമില്ല. വിമലിൻ്റെ മരണം നടന്നപ്പോഴും ആൻഡ്രുവിൻ്റെ മരണം നടന്നപ്പോഴും ഞാൻ സഞ്ജീവ് സാറിനോട് സൂക്ഷിക്കണേ, ഇതിന് പിന്നിലൊരു സ്ത്രീയുടെ കരങ്ങൾ ഉണ്ടെന്ന് പറഞ്ഞിരുന്നു. അങ്ങേരത് അവഗണിച്ചു. മാത്രമല്ല താൻ തൻ്റെ പണി നോക്കാൻ പറഞ്ഞു. “
“ആ മാഡം ആ വക്കീൽ പെണ്ണായി രിക്കും. അവളുടെ ആദ്യ ഭർത്താവിനെ കൊന്നത് അവള് തന്നെയാകാനാണ് സാധ്യത. “
“അതെനിക്ക് ഉറപ്പില്ല സാർ, സാറിപ്പോൾ പുറത്താണ്. ഇപ്പോൾ സാറിന് യൂണിഫോമിൻ്റെ ഭാരമില്ല. സത്യം കണ്ട് പിടിക്കാൻ കഴിഞ്ഞാൽ. “
“താനെന്താ പറഞ്ഞ് വരുന്നത്. “
“കുരിശടിയിലെ പരാതിപ്പെട്ടിയുടെ താക്കോൽ, അത് ആ മാഡത്തിൻ്റെ കയ്യിലാണ്. അത് കണ്ട് പിടിച്ചാൽ.. “
“അതെങ്ങനെ കണ്ട് പിടിക്കും. “
“സാറിന് ധൈര്യമുണ്ടേൽ എന്നെ വിശ്വാസം ഉണ്ടേൽ വേഷം മാറി എൻ്റെ കൂടെ വരണം. “
“ഞാൻ മദ്യപിച്ചിരിക്കുന്ന ഈ അവസരത്തിൽ. “
“സാറെ എന്നായാലും നമ്മൾ മരിക്കും. ഞാൻ കുറെ ആലോചിച്ചു എടുത്ത തീരുമാനമാണ്. എനിക്ക് വളരെ അടുത്ത ബന്ധമുണ്ടായിരുന്ന രണ്ട് പേരാണ് ജോസഫ് സാറും മഹേഷും. “
“അവരുടെ മരണം കൊലപാതകമല്ലല്ലോ. “
“ജോസഫ് സാറിൻ്റെ മരണത്തിൽ നിഗൂഡതയുണ്ട്. അഞ്ജാതമായ കാരണം. മഹേഷ് കുറ്റബോധം മൂലം ആത്മഹത്യ ചെയ്തതാണ്. രണ്ടും ഒരർത്ഥത്തിൽ അപകടം തന്നെ. “
രാഹുലിൻ്റെ കണ്ണുകൾ തിളങ്ങി.
“എനിക്ക് മരണത്തെ പേടിയില്ല. വാ നമുക്ക് പോകാം. “
രാഹുൽ വീട് പൂട്ടി ബൈക്ക് സ്റ്റാർട്ട് ആക്കാൻ തുടങ്ങി. സലിം തടഞ്ഞു.
“വേണ്ട സാർ നമുക്ക് ആ പെട്ടി ഓട്ടോയിൽ പോകാം. “
“ഇതെവിടുന്ന് കിട്ടി. “
“അളിയൻ്റേതാണ്. അവർ സൈക്കിളിൽ കറങ്ങുമ്പോൾ നമുക്ക് സുരക്ഷിതമായി ഇതിൽ പോകാം. ‘
സലിം ഓട്ടോയിൽ പള്ളി സെമിത്തേരി വഴി തിരിച്ചു വിട്ടു. സംശയാസ്പദമായി ആരേയും കാണാഞ്ഞ് പള്ളിയുടെ മുന്നിലൂടെ തുറമുഖ റോഡിലേക്ക് പോയി.
പാതിരാത്രിയിലും റോഡിൽ ആളുകളുണ്ട്. തട്ടുകടകൾ ലൈവായി തുടങ്ങുന്നു. വെളുപ്പിന് ബോട്ടിൽ പോകുന്നവരുടെയും മീൻ പിടുത്തം കഴിഞ്ഞ് മടങ്ങി വരുന്നവരുടെയും തിരക്കാണ്.
“ഇവിടെ നിർത്തി നമുക്കോരോ ചായ കുടിച്ചാലോ. “
“വേണ്ട സർ അവർ നമ്മെ തിരിച്ചറിയും. “
ആളുകൾ അടുത്തെത്താറയപ്പോൾ സലീം ഓട്ടോ സ്റ്റാർട്ടാക്കി വേഗത്തിൽ പായിച്ചു.
“ആരാടാ. “
അവരിൽ ചിലർ ദേഷ്യത്തോടെ ഓട്ടോയിൽ കൈ കൊണ്ട് അടിച്ചു. ദേഷ്യത്തിലും നിരാശയിലും രാഹുൽ കൈവിരലുകൾ ഞൊട്ടയൊടിച്ചു.
കുരിശടി റോഡിന് മുന്നിൽ തല മറച്ച ഒരു രൂപം കൈയിലൊരു പൊതിയുമായി നടന്നു പോകുന്നു.
അയാൾ കൂടെ കൂടെ തിരിഞ്ഞ് നോക്കുന്നു. ഓട്ടോ കടന്ന് പോകാനായി അയാൾ വേഗം കുറച്ചതോടെ സലിം അയാളെ മറി കടന്നു.
“സാർ ആ വളവിൽ ചാടിക്കോ, ഇരുട്ടിലൂടെ അയാളെ പിന്തുടരൂ. ഞാൻ ഏതെങ്കിലും ഒഴിഞ്ഞ പുരയിടത്തിൽ ഓട്ടോ പാർക്ക് ചെയ്യാം. വരുന്ന വഴികൾ വാട്സാപ്പ് ചെയ്യണേ. “
വളവിലെത്തിയപോൾ ഓട്ടോയുടെ വേഗത കുറച്ചു രാഹുൽ ഇരുട്ടിലേക്ക് ചാടി, രക്ഷപ്പെട്ടു. വഴിയരുകിലെ ഇരുട്ടിൽ പതുങ്ങി കിടന്നു.
മുന്നിലൂടെ പോകുന്ന കൂനിക്കൂടിയ ആൾ രൂപത്തിന് തൊട്ട് പിന്നാലെ, ഇരുട്ടിൽ പതുങ്ങി രാഹുലും നടന്നു.
അയാളുടെ പോക്ക് സംശയാസ്പദമാണ്. രാഹുലിന് പരിചയമുള്ള വഴികളിലൂടെയാണ് അയാളുടെ നടത്തം.
സലീമിന് മെസേജ് അയയ്ക്കാൻ പറ്റില്ല. ഇരുട്ടിൽ തെളിയുന്ന ചെറിയ വെളിച്ചം മതി അയാൾക്ക് സംശയം തോന്നാൻ. അയാൾ പദ്ധതി മാറ്റാൻ സാധ്യതയുണ്ട്. ഒരു നൂറ് മീറ്റർ പിന്നിലായി രാഹുൽ നടത്തം തുടർന്നു.
അയാൾ നടത്തം നിർത്തി ഒരു വീടിന് മുന്നിൽ നിന്നു. ചാരിയ ഗേറ്റ് അയാൾ തള്ളി തുറന്നു. രാഹുൽ വീടിനടുത്തേക്ക് നടന്നടുത്തു. ഇരുട്ടിൽ അയാൾ പരിസരമാകെ വീക്ഷിച്ചു.
പലപ്രാവശ്യം വന്നിട്ടുള്ള വീട്, പല മരണങ്ങൾ നടന്ന മാത്യുവിൻ്റെ കുടുംബ വീട്. ഇരുട്ടിൽ പതുങ്ങി നിന്നു സലീമിനെ വിളിച്ചു. അയാൾ രാഹുലിനെ കാണാതെ കുരിശടിയുടെ വഴിയേ നടക്കുകയായിരുന്നു.
രാഹുൽ വീടിനടുത്തേക്ക് നടന്നു, മുന്നിലെ രൂപത്തെ കാണാനില്ല. ചുറ്റും നല്ല ഇരുട്ടാണ്. രാഹുൽ ചെവി കൂർപ്പിച്ചു. ഏതോ വാതിൽ തുറന്ന ശബ്ദം കേട്ടു. രാഹുൽ നടന്ന് പിന്നിലെ വാതിൽക്കൽ എത്തി. വാതിൽ തുറന്ന് കിടന്നിരുന്നു. ഉള്ളിൽ ചെറിയ വെളിച്ചം കാണാം.
ചാരി കിടന്ന വാതിൽ തള്ളി തുറന്നു. അകത്തെ മുറിയിൽ ആരുടെയോ സംഭാഷണം കേൾക്കാം. അവിടെ മാത്രമേ വെളിച്ചം ഉണ്ടായിരുന്നുള്ളൂ. ഒരു സ്ത്രീയുടെ ശബ്ദം കേട്ടു.
“താൻ ആ വാതിലടച്ചായിരുന്നോ. “
“കൂനി കൂടി വന്ന രൂപം, ഇരുട്ടിൽ ഒളിച്ച് നിന്ന രാഹുലിൻ്റെ മുന്നിലൂടെ വാതിലടയ്ക്കാൻ ഓടി. അയാളിരുന്ന കസേരയ്ക്ക് എതിർ വശത്തിരുന്ന ചെറുപ്പക്കാരൻ നീലായിരുന്നു, പരിചയമുള്ള മറ്റൊരു ചെറുപ്പക്കാരനും ആ സ്ത്രീയും.
“ഇന്ന് പരാതികളൊന്നുമില്ലേ കപ്യാരേ. “
കപ്യാർ വാറുണ്ണി കുറച്ച് തുണ്ട് കടലാസുകൾ കട്ടിലിൽ നീലിന് മുന്നിൽ വച്ചു.
“കുറവാണ്. നേർച്ചപ്പെട്ടി പോലീസ് നിരീക്ഷണത്തിലാണ്. “
“ഈ കേസുകൾ നമ്മൾ ഉടൻ പരിഹരിക്കുന്നില്ല. ഇതൊരു ട്രാപ്പാണെങ്കിലോ. പോലീസ് തന്നെ തയാറാക്കിയ പരാതികൾ ആണെങ്കിലോ. സൂക്ഷിക്കണം. “
“ഞാൻ അങ്ങ് പോകുന്നു. “
കപ്യാർ എഴുന്നേറ്റു, സ്ത്രീ കുറച്ച് പണം അയാൾക്ക് കൈ
മാറുന്നു.
“ഞാനും മടങ്ങുന്നു. “
ആ സ്ത്രീയും എഴുന്നേറ്റു. തനിക്ക് നേരെ തിരിഞ്ഞ നിന്ന സ്ത്രീയുടെ മുഖം കണ്ട് രാഹുൽ ഞെട്ടി പോയി.
(തുടരും….. )
✍️✍️നിഷ പിള്ള

