Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ആൺപിറന്നോൾ
കഥ ജീവിതം ജോലി പ്രചോദനം സാമൂഹ്യപ്രശ്നങ്ങൾ

ആൺപിറന്നോൾ

By Amal FermisJanuary 12, 2024Updated:May 8, 202433 Comments12 Mins Read843 Views
Bookmark Now
Please login to bookmark Close

No account yet? Register

അടുപ്പുതിണ്ണയിൽ കൂട്ടിയിട്ട വിറകുകളൊക്കെ തണുത്തു വിറങ്ങലിച്ചിരിക്കുന്നു. മാനത്ത് നിന്നും മഴ കിടതക തരികിട തകതരി കിടതക പെയ്തു കൊണ്ടേയിരിക്കുന്നു. ഒരാഴ്ചയായി കുഞ്ഞാലി തോല് വേണ്ടേന്ന് ചോദിക്കാൻ തുടങ്ങിയിട്ട്. ഈ നശിച്ച മഴയുടെ കൊട്ടൊന്ന് ശമിച്ചാലേ കുഞ്ഞാലിയോടിന്ന് മൂരിടെ തോല് കൊണ്ടുവരാൻ പറയാൻ പറ്റൂ. അകത്തൊക്കെ മൂരിത്തോലിന്റെ നനഞ്ഞു പുഴുകിയ മണം  നിറഞ്ഞു നിൽക്കുന്നതുപോലെ. മൂക്കിൽ പറ്റി പിടിച്ച് നിൽക്കുന്ന നാറ്റം മുഷിഞ്ഞ ചേലത്തുമ്പിൽ അമർത്തി തുടച്ചു. നനഞ്ഞ അടുപ്പിലേക്ക് വിറകിൻ ചീളുകൾ എടുത്തു വെച്ച് പുകയുന്ന അടുപ്പിലേക്ക് ഊതിയൂതി മടുത്ത് ഞാൻ ഉമ്മറക്കോലായുടെ നീൾച്ചയിലേക്ക് നടന്നു.

അറവുശാലയിൽ നിന്നും കൊണ്ടുവരുന്ന മൂരിയുടെ തോല് വലിച്ചുകെട്ടി ആണിയടിച്ച് വെക്കുന്ന നിലം മഴയത്ത് ചെളിയിൽ പുതഞ്ഞു പോയിരിക്കുന്നു.  തൊലിപ്പുറമേയുള്ള ചോരയും ഇറച്ചിയുടെ അവശിഷ്ടങ്ങളും വടിച്ചു കളഞ്ഞ് വൃത്തിയാക്കി മൂന്നു ദിവസമെങ്കിലും നല്ല വെയില് കൊള്ളിച്ചാലേ തോലിൻ്റെ വാട മാറി അതുണങ്ങി കിട്ടൂ.

ശക്തിയായ മഴയത്ത് ശീതലടിക്കുന്ന പൂമുഖത്തിണ്ണയിലിരുന്ന് ഞാൻ മുറ്റത്തേക്ക് നോക്കി. പറമ്പ് നിറഞ്ഞു കവിഞ്ഞ് മുറ്റം നിറയെ വെള്ളമാണ്. ഇങ്ങനെ മഴ പെയ്താൽ ചവിട്ടുപടി കയറി വെള്ളം അകത്തെത്തും. ചായ്പിൽ അയയിൽ ഇട്ടിരിക്കുന്ന തോലിൽ നിന്നും വല്ലാത്തൊരു മണം വരുന്നുണ്ട്. അതെടുത്തൊന്ന് മറിച്ചിട്ടു. ഉണങ്ങാത്തതുകൊണ്ടാവും തോലിന് നല്ല ഭാരമുണ്ട്. നന്നായുണക്കി ഒന്നുകൂടി വെള്ളത്തിലിട്ട് കുതിർത്ത് തൊലിപ്പുറമേയുള്ള ബാക്കി രോമവും വടിച്ച് കളഞ്ഞ് അളവനുസരിച്ച് വെട്ടി വീണ്ടും ഉണക്കിയാലേ പ്രമോദേട്ടൻ വരുമ്പോൾ കൊടത്തയക്കാനുള്ള കോലത്തിലാവൂ.

ശ്രീക്കുട്ടിക്കിന്ന് ഫീസടക്കേണ്ട ദിവസമാണ്. സനു പ്രമോദേട്ടനെ കാണാൻ പോയിട്ടുണ്ട്. പതിനായിരം രൂപ അഡ്വാൻസായി തരാൻ പറഞ്ഞിട്ടുണ്ട്. അമ്മൂമ്മേടെ പ്രഷറിനുള്ള മരുന്നും വാങ്ങിക്കാനുണ്ട്. അതൊന്നുമിനി വാങ്ങിക്കണ്ടാന്നൊക്കെ അമ്മൂമ്മ പറയുന്നുണ്ടെങ്കിലും അവരില്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് ചിന്തിക്കാനേ പേടിയാണ്. എന്തൊക്കെ നേരിട്ട ജീവിതമാണിത്. ഓർമ്മകൾ ആരും ക്ഷണിക്കാത്ത അതിഥികളായി ഓടി വരുന്നു. നോവ് തീണ്ടിയ നേരങ്ങളിലൂടെ കടന്നുപോകുമ്പോൾ ഇന്നൊരു നിർവികാരതയാണ്. മറ്റാരുടെയോ ജീവിതത്തിലേക്ക് എത്തി നോക്കും പോലെ.

ജനൽ വിളുമ്പിലൂടെ ആരോ ചില്ലെടുത്ത് കാണിക്കും പോലെ പ്രകാശം അകത്തേക്ക് ചിതറി വീഴുന്നു. പെട്ടെന്ന് തെളിഞ്ഞ ആകാശം. കുറുക്കന്റെ കല്യാണമാണോ ഇന്ന്. ഓർമ്മകൾ തട്ടി തടഞ്ഞ് മുന്നോട്ടും പിന്നോട്ടും വഴുതിമാറി.

അങ്ങേരന്ന് കുടിച്ചു കൂത്താടി വീട്ടിൽ കയറി വരുന്നതു കണ്ടപ്പോഴേ മക്കൾ രണ്ടും ഓടി വന്നെൻ്റെ സാരിത്തുമ്പിന് പിറകിൽ ഒളിച്ചു. മോൻ്റെ മുഖത്ത് തുള്ളി ചോരയില്ല തൊട്ടെടുക്കാൻ. പാവം മക്കളെന്തു പിഴച്ചു? എവിടേക്കെങ്കിലും ഓടി പോയാലോന്ന് തോന്നും ഓരോ രാത്രിയിലും, കാര്യമായി പഠിപ്പോ ലോകവിവരമോ ഇല്ലാത്ത ഞാനെന്താക്കാനാണ്. ഒരു ജോലി ഉണ്ടായിരുന്നെങ്കിൽ! പഠിക്കുന്ന കാലത്ത് അച്ഛനുണ്ടാക്കുന്ന ചെണ്ടയുടെ പുറകെ ആയിരുന്നു. വലയമുണ്ടാക്കാനും ചെണ്ടക്കുറ്റിയും ചെണ്ടവട്ടവും ഉണ്ടാക്കുന്നത് നോക്കി നിൽക്കാനും എന്തിഷ്ടമായിരുന്നു. ഏഴു തൊലി വെച്ച് ചെണ്ടയുടെ വലന്തല ഉണ്ടാക്കാനുള്ള അച്ഛൻ്റെ കഷ്ടപ്പാടു കൗതുകത്തോടെ നോക്കിയിരിക്കുമ്പോഴും അമ്മൂമ്മയോടൊപ്പമിരുന്ന് ചുറ്റുപിള്ള ഉണ്ടാക്കിയുമിരുന്നപ്പോഴൊക്കെ അമ്മ ഓർമ്മിപ്പിക്കാറുണ്ട്, നാളെ ആരാൻ്റെ ചെണ്ടയാവാൻ നിൽക്കാതെ പഠിക്കാൻ പോയ്ക്കൂടെ നിനക്ക് ഉഷേന്ന്. അന്നതൊക്കെ ഒരു ചെവിയിൽ കൂടെ കേട്ട് മറ്റേ ചെവിയിലൂടെ വിട്ടു.

ഇരുട്ടിൽ നിന്നയാൾ തപ്പി തടഞ്ഞ് പൂമുഖത്തെ വാതിൽ തള്ളി തുറന്ന് അകത്തേക്ക് ആടിയാടി കടന്നു വന്നതും ശ്രീക്കുട്ടി സനൂൻ്റെ കൈയ്യിൽ പിടിച്ച് അകത്തേക്ക് വലിച്ചു. മക്കൾ രണ്ടും കട്ടിലിന്നടിയിൽ ഒളിച്ചു. അയാളുടെ ആടിയാടിയ പാദപതനങ്ങൾക്കിടയിലും അശാന്തി മുറ്റി നിന്നു.
“അമ്മാ അകത്തേക്ക് പോരമ്മാ.. ” പിള്ളേര് തികട്ടി വന്ന കരച്ചിൽ ഉള്ളിൽ ഒതുക്കിപ്പിടിച്ച് മുരളുന്നുണ്ട്. ഒച്ചയെടുത്ത് സംസാരിക്കാൻ പോലും പേടിച്ച് സ്വയം ചുരുങ്ങുന്നവർ. അയാളുടെ അസുരവാദ്യത്തിന്റെ ശബ്ദം മാത്രം കൊട്ടിക്കയറി.

ഓടിയിട്ടും കാര്യമൊന്നുമില്ല. കൈയ്യിൽ കിട്ടിയതെടുത്ത് വാതിൽ ചവിട്ടിപൊളിക്കും. അല്ലെങ്കിലേ വീട്ടിലെ വാതിലുകളൊക്കെ ഒരു വിധമായിരിക്കുന്നു. കട്ടിലിന്നടിയിലാണെന്ന് കണ്ടാൽ അതും ചവിട്ടിയൊടിക്കും. ചളുങ്ങാത്ത ഒരു പാത്രം പോലുമില്ല അടുക്കളയിൽ. കുട്ടികളുടെ ദീർഘ മൗനത്തിനിടയിലും ഭയത്താൽ ഉച്ചത്തിൽ ശ്വാസമെടുക്കുന്നത് കേട്ടെന്റെ ഉള്ളം പിഞ്ഞി.

”ഉഷേ.. നായിൻ്റെ മോളേ, എവിടെ പോയി കെടക്യേടീ ഇയ്യ്?” അയാൾ അലറി. നേർത്ത ശബ്ദത്തിൽ ഘടികാരം മിടിക്കുന്നത് മാത്രം കേൾക്കാം. എനിക്കിതൊക്കെ കേട്ടുകേട്ട് നല്ല പരിചയമായിരിക്കുന്നു. ഇയാളുടെ ഇന്നത്തെ കൂത്ത് കഴിഞ്ഞാൽ കിടന്നുറങ്ങാമായിരുന്നു എന്നാണെൻ്റെ മനസ്സിൽ. പക്ഷേ കുട്ടികൾ.. പിറകിലെ നീലപ്പടുത വലിച്ച് കെട്ടിയതിന്റെ താഴെ മൂരിത്തോലിന്റെ അവശിഷ്ടങ്ങളിൽ മണം പിടിച്ച് വന്ന ചെത്തല പട്ടികൾ പരസ്പരം കടിച്ചു കീറുന്നുണ്ട്. അയാളുടെ അസുരവാദ്യത്തിന്റെ മേളം അതിൽ ലയിച്ചു ചേർന്നു.

”ഞാനിന്നലെ തന്ന കാശിങ്ങെഴുത്തേടീ. ഒരത്യാവശ്യമുണ്ട്.” ലഹരിയുടെ തുന്നാം തുഞ്ചത്ത് നിന്നയാൾ ആടിക്കളിച്ചു.
“നിങ്ങളെ അത്യാവശ്യമെന്തെന്ന് എനിക്ക് നന്നായറിയാം മനുഷ്യാ. മക്കൾക്ക് പുസ്തകം വാങ്ങാൻ വെച്ച കാശാ അതു ഞാൻ തരില്ല. നിങ്ങളെന്തു കാണിച്ചാലും തരില്ല.”എൻ്റെ സ്വരത്തിന് ഞാനറിയാതെ തന്നെ മൂർച്ച കൈവന്നിരിക്കുന്നു. ഉള്ളാഴങ്ങളിലെ സങ്കടത്തിരകളെ പാടുപെട്ടമർത്തി ഞാൻ സ്വരം കടുപ്പിച്ചു.

”എന്തു പറഞ്ഞെഴീ.. ചവിട്ടി നടുവൊടിക്കൂടീ” അയാളുടെ ചോരക്കണ്ണുകളിൽ വെള്ളം നിറഞ്ഞു. വില കുറഞ്ഞ മദ്യത്തിൻ്റെ വാട മുറി മുഴുവൻ ഒഴുകി പരന്നു. അയാളെൻ്റെ നേരെ അടുക്കുമ്പോഴും ഞാൻ കൂസാതെ അയാളെ തന്നെ നോക്കി നിന്നു. എൻ്റെ മുഖത്തെ ഭീതിയില്ലായ്മയാവാം അയാളെ കൂടുതൽ ചൊടിപ്പിച്ചത്. ഒറ്റക്കുതിപ്പിനെൻ്റെ കർണഞരമ്പിൽ പിടിമുറുക്കിയയാൾ. അമ്മയുടെ ശബ്ദം എൻ്റെയുള്ളിൽ തുടികൊട്ടി കയറി. ‘ആരാൻ്റെ ചെണ്ട’ .. അതേ ഞാൻ ആരാൻ്റെ ചെണ്ടയായി അയാളുടെ കൊട്ടുകിട്ടി  ആർക്കുമല്ലാതെ അവസാനിക്കാൻ പോവുകയാണ്.

എൻ്റെ കണ്ണുകൾ തുറിച്ചു വരുന്നത് കണ്ടയാൾ അത്രക്ക് ആഹ്ളാദിക്കേണ്ടാ. കണ്ണുമുറുക്കെ അടക്കാൻ ശ്രമിക്കുംതോറും അത് കൂടുതൽ പുറത്തേക്കുന്തി. ഒരു കുടന്ന ശ്വാസം കിട്ടിയിരുന്നെങ്കിൽ! അല്ലെങ്കിൽ തന്നെ എന്തിനാ ശ്വാസം. ഇനിയുമീ ദുരിത ജീവിതം തുടരുന്നതിലെന്തർത്ഥം. ഇതിവിടെ അവസാനിക്കട്ടെ. മൂത്രജല നനവിനാൽ തുടകൾ തണുത്തു.
“അച്ഛാ, അമ്മേ കൊല്ലല്ലേ അച്ഛൻ്റെ കാശ് ഞാൻ തരാം.. അമ്മേ വിടച്ഛാ.” സനൂട്ടൻ അയാളുടെ കാലിൽ പിടിച്ചു കെഞ്ചി.
“എടുത്തോണ്ട് വാടാ നായേ” അയാൾ ഒറ്റ ചവിട്ടിനവനെ തെറിപ്പിച്ചു.

പിഞ്ഞി തുടങ്ങിയ കീറാപ്പറച്ചി ബാഗിൻ്റെ കള്ളറയിൽ വെച്ചിരുന്ന കാശെടുത്തവൻ അച്ഛന് കൊടുത്തു. അയാൾ ഇറങ്ങി പോയതും കഴുത്തിൽ കൈയ്യും വെച്ച് ചുമരിൽ നിന്ന് ഊർന്നിറങ്ങിയ എൻ്റെ മടിയിലേക്ക് മക്കൾ രണ്ടും വീണു കിടന്നു. മൂത്രം നനഞ്ഞ തുണിയോടെ ഞാനതേ ഇരിപ്പിരുന്നു.. ഇയാളുടെ നരകപ്രാന്തിൽ നിന്നും ഇറങ്ങി പോകാൻ ഒരു സ്ഥലമില്ലാതെ വീക്കൻ ചെണ്ടയുടെ ജന്മമായി ഞാൻ.

ആ ഇരുത്തത്തിൽ ഉറങ്ങി പോയ ഞങ്ങൾ ആരോ കോളിങ്ങ് ബെല്ലടിക്കുന്നത് കേട്ടാണ് എഴുന്നേറ്റത്. കട്ടപിടിച്ച ഇരുട്ടിലേക്ക് നേരിയ തുരങ്കപ്പഴുതിലൂടെ കയറി വരുന്ന വെളിച്ചത്തിന്റെ ചെറു ചതുരങ്ങൾ. സ്ഥലകാല ബോധം വരാൻ കുറച്ച് സമയമെടുത്തു. വാതിൽ അടച്ചിട്ടില്ലല്ലാേ ഇയാൾക്ക് കേറി പോന്നൂടെ, വീണ്ടും ബെല്ലടിക്കാൻ നിൽക്കുന്നതെന്തിനാ. ആദ്യം എഴുന്നേൽക്കാനൊന്ന് മടിച്ചു. വീണ്ടും ബെല്ലടിച്ചപ്പോൾ സനൂട്ടൻ എഴുന്നേറ്റ് എൻ്റെ മുഖത്തേക്ക് നോക്കി. ശ്രീക്കുട്ടി നല്ല ഉറക്കത്തിലാണ്. അവളെ മടിയിൽ നിന്നും ഇറക്കി കിടത്തി ഞാനുമവനും മുൻവശത്തേക്ക് നടന്നു.
പുറത്ത് അയാളല്ലായിരുന്നു. ജംഗ്ഷനിൽ ഓട്ടോ ഓടിക്കുന്ന മണിയും വിജയനുമാണ്.
“ഉഷേച്ചീ.. സുരേഷേട്ടനെ വണ്ടി ഇടിച്ചു. പാണ്ടി ലോറിയാണ്. മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയിട്ടുണ്ട്. വേഗം വരാമോ.”

മക്കളേയും കൂട്ടി അവരോടൊപ്പം ആശുപത്രിയിലേക്ക് പോകുമ്പോൾ എൻ്റെ ഉള്ളിലെന്തോ നിർവികാരതയായിരുന്നു. മക്കളുടെ അച്ഛനാണ്, ഒരു കാലത്ത് പ്രാണനായി സ്നേഹിച്ചവനാണ്. അങ്ങനെ ഒരാളെ ഞാൻ ഇത്രമാത്രം വെറുത്തു പോയല്ലോ എന്ന ചിന്തയെന്നെ വല്ലാതെ അലട്ടി. മക്കളുടെ മുഖത്തും അതീവ ദു:ഖമൊന്നുമില്ല. മലഞ്ചെരിവുകളുടെ ദൂരവരമ്പുകളിൽ പ്രകാശത്തിന്റെ നേരിയ കണങ്ങൾ കാണാം.

ആശുപത്രിയിലെ ദിനരാത്രങ്ങൾ. മെഡിക്കൽ കോളേജിൽ ആരോ വിതരണം ചെയ്യുന്ന പൊതിച്ചോറു കഴിച്ച് കൂട്ടിരിപ്പുകാരുടെ മുറിയിലെ മൂലയിൽ പത്രത്താള് വിരിച്ച് മക്കളെ രണ്ടു പേരെയും നെഞ്ചോടടുക്കി പിടിച്ച് കിടന്നു. രോഗക്കിടക്കക്കും മോർച്ചറിക്കുമിടയിൽ ഇത്തിരി ദൂരം മാത്രം ബാക്കിവെച്ച് കൊണ്ട് അയാൾ ജീവിതത്തിലേക്ക് ഏന്തി കൊട്ടി കയറി. നട്ടെല്ലിലെ ഞരമ്പുകളുടെ പിടുത്തം വിട്ടു പോയതിനാൽ മരിക്കുവോളം കട്ടിലിൽ തന്നെയാവുമെന്ന് ഡോക്ടർമാർ തീർപ്പെഴുതി. ചവിട്ടി എൻ്റെ നടുവൊടിക്കാൻ നടന്നയാളെ ഞാൻ തന്നെ നോക്കേണ്ടി വരുന്നതിലെ വിധി വൈപരീത്യം എന്നെ നോക്കി പല്ലിളിച്ചു.

വീട്ടിൽ വന്ന് അയാളെ കട്ടിലിൽ കിടത്തിയപ്പോൾ മുന്നോട്ട് ജീവിക്കാൻ ഇനിയെന്ത് ചെയ്യുമെന്ന ചിന്തയെന്നെ അലട്ടി. എന്തെങ്കിലും മാർഗ്ഗം കണ്ടുപിടിക്കണം ഞാൻ  എന്നെ തന്നെ സമാധാനിപ്പിച്ചു. മക്കൾ രണ്ടു പേരും പുറത്തെ ആലയിലിരുന്ന് പൊടി പിടിച്ച മുളന്തണ്ടുകൾ കഴുകിയെടുത്ത് ചുറ്റുപിള്ളയും മാട്ടപിള്ളയും ഉണ്ടാക്കാൻ തുടങ്ങി. ഇതുവരെ എനിക്കും പിള്ളേര്ക്കും ജീവന്റെ തീരാപ്പടർപ്പുകളിൽ തല്ലി നോക്കാനുള്ള ഇത്തിരി പോന്ന ഇടുങ്ങിയ വഴിയായിരുന്നുവത്. പാരമ്പര്യമായി ചെണ്ട ഉണ്ടാക്കുന്നവരാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. അതൊക്കെ ആണുങ്ങള് മാത്രം ചെയ്യുന്ന പണിയാ. ചുറ്റുപ്പിള്ള ഉണ്ടാക്കുന്ന പോലത്തെ അല്ലറ ചില്ലറ ജോലിയെടുത്താലൊന്നും അയാൾക്ക് മരുന്നിനും മക്കൾടെ പഠിപ്പിനും പണം തികയില്ല. അയാളുടെ മേലൊക്കെ തുടച്ച് വൃത്തിയാക്കി റേഷനരി കൊണ്ട് കഞ്ഞി വെച്ചതെടുത്ത് കുടിപ്പിച്ച് ഞാൻ വേഗം ഒരുങ്ങിയിറങ്ങി. മേലുള്ള അവസാനത്തെ പൊന്നിൻ തരിയും വിറ്റാണ് ആശുപത്രിയിൽ നിന്നും പോരുമ്പോൾ അയാൾക്കുള്ള മരുന്ന് വാങ്ങിയത്.

നഗരത്തിലെ തുണിക്കടകളിലും ഫാൻസിസ്റ്റോറുകളിലും വീടുകളിലും ഒരു ജോലി തേടി കയറിയിറങ്ങി. കുടിച്ച് വന്ന് അയാൾ അടിച്ചു തെറിപ്പിച്ച മുൻ വരിയിലെ പല്ലിൻ്റെ ശൂന്യത എന്നെ നോക്കി ഇളിച്ചു കാട്ടി. ജോലിക്കെടുക്കാൻ ഇഷ്ടമായവർ പറഞ്ഞ സമയദൈർഘ്യം എന്നെ കുഴക്കി. അയാളുടെ മൂത്രമണം വമിക്കുന്ന ശരീരവും നിസ്സഹായരായ കുഞ്ഞുമക്കളും കൺമുന്നിൽ തെളിഞ്ഞു. കൊതിയോടെ നോക്കുന്ന ആണുങ്ങൾ, തെരുവിൽ കറങ്ങി നടക്കുന്ന തെണ്ടി പട്ടിയോടെന്നവണ്ണം പെരുമാറുന്ന പെണ്ണുങ്ങൾ. മുഷിഞ്ഞ സാരിയും ബ്ലൗസും കണ്ടിട്ടാവാം കൗതുകത്തോടെ കയ്യിലെ ചില്ലറത്തുട്ടുകൾ വലിച്ചെറിഞ്ഞ് തരുന്ന കുഞ്ഞുങ്ങൾ.
“വീട്ടുവേലക്ക് ആളെയൊക്കെ വേണം പക്ഷേ ഇടക്ക് ലീവെടുക്കാനൊന്നും പറ്റില്ലാട്ടോ ബളേ അൻ്റെ മാപ്ല കൊയഞ്ഞു കിടക്കല്ലേ എപ്പളാ ഇജ്ജ് വരാണ്ടിരിക്ക്യാന്ന് അറിയില്ലല്ലാ അതാ നേരത്തെ പറഞ്ഞത്.. ” സൈനബാത്താടെ കയ്യിൽ കിടന്ന സ്വർണ്ണവളകൾ കലപില കൂട്ടി.
ഓരെ കയ്യും കാലും പിടിച്ചാണ് ആ വീട്ടിലൊരു പണി ഒപ്പിച്ചത്.
പിറ്റേന്ന് അയൽ വീട്ടിൽ നിന്നും തെണ്ടി കൊണ്ടുവന്ന അരിയെടുത്ത് കഞ്ഞി വെച്ച്, തിരക്കിട്ട് അയാളെ വൃത്തിയാക്കി കിടത്തി മക്കളോട് കഞ്ഞി എടുത്ത് കൊടുക്കാൻ ഏൽപ്പിച്ച് ആ വീട്ടിലേക്ക് ഓടുമ്പോൾ ജോലിയില്ലാതെ മുന്നോട്ട് പോവാനാവില്ലെന്ന തിരിച്ചറിവായിരുന്നു ഉള്ളു നിറയെ. അവിടെ എത്തി രണ്ടു മണിക്കൂർ കഴിയുമ്പോഴേക്കും മോൻ ഓടി വന്നു.

”അച്ഛൻ ബഹളം വെയ്ക്കുന്നമ്മാ, ഓടി വായോ.. അമ്മ വന്നൊന്ന് നോക്കിയേച്ചും പൊയ്ക്കോ.” മോൻ വിമ്മിട്ടത്തോടെ പറയുന്നത് കേട്ട് എന്തു ചെയ്യണമെന്നറിയാതെ കയ്യിലിരുന്ന ചൂല് താഴെയിട്ട് ഞാൻ നിലത്തിരുന്നു.
“ഇയാളെന്നെ പണിയെടുക്കാനും അയക്കൂലേ ദൈവേ.. “കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു.
“ദാ ഞങ്ങള് പറഞ്ഞത്. ഇതൊന്നും ശരിയാവില്ല ഉഷേ.. “സൈനബാത്ത ഞാൻ പൊടിയടിച്ച് വാരിയ പരവതാനിയിലൂടെ ചവിട്ടിക്കുലുക്കി നടന്നു. അന്നത്തെ കൂലിയും തന്നവര് പറഞ്ഞു വിട്ടപ്പോൾ ഞാൻ ഇനിയും കരയില്ലെന്നുറപ്പിച്ചു.
കലാശകൊട്ടിനുള്ള സമയമടുത്തൂന്ന് മനസ്സിലുറപ്പിച്ചു.

വെയിലലകളെ ഭേദിച്ചു കൊണ്ട് വീട്ടിലേക്ക് നടക്കുമ്പോൾ ചുട്ടുപൊള്ളുന്ന ആ വെയിലിനേക്കാൾ ചൂടെൻ്റെ ഉള്ളിലുണ്ടായിരുന്നു. ഒതളങ്ങ കിട്ടുന്ന ഇടമേതെന്നാണ് ഞാൻ ചിന്തിച്ചോണ്ടിരുന്നത്.
“അമ്മാ ഇനിയെന്ത് ചെയ്യും നമ്മൾ?” സനൂട്ടൻ്റെ മുഖത്ത് ജീവിതത്തിൻ്റെ പകപ്പ് മുഴുവൻ കാണാമായിരുന്നു. ഇനി ഒരു ജോലി എങ്ങനെ ഒപ്പിക്കും? അവൻ പിറുപിറുത്തു.
വീട്ടിലെത്തി അയാളുടെ കട്ടിലിനടുത്തേക്ക് നടക്കുമ്പോൾ എൻ്റെ മനസ്സ് മഞ്ഞു പോലെയുറച്ചു.
“നീ എവിടെ പോയി കിടക്യായിരുന്നെടീ, ഞാനീ കട്ടിലിൽ കിടക്കുവാണെന്ന് വെച്ച് അഴിഞ്ഞാടാന്ന് വിചാരിക്കണ്ട നീ..” ഉള്ളിലെ വേവൽ മറന്ന ഞാൻ അയാളുടെ മുഖത്തേക്ക്  ആഞ്ഞ് തുപ്പി. ഓർക്കാപ്പുറത്തുള്ള എന്റെ പ്രവൃത്തിയിൽ അയാൾ പതറിപ്പോയി. സനൂട്ടൻ ഇതുവരെ കാണാത്ത പോലെ എന്നെ തുറിച്ചു നോക്കി.

”എന്തു നോക്കി നിൽക്കാ രണ്ടും. പോയിരുന്ന് പഠിക്ക്. ഇല്ലെങ്കിൽ അമ്മേടെ ഗതിയാവും നിങ്ങൾക്കും..” മക്കൾ പോയെന്നു മനസ്സിലായപ്പോൾ ഞാൻ ചുവരിൽ കിടന്ന തോർത്തെടുത്ത് അയാളുടെ കല്ലിച്ച മുഖം നനച്ചു തുടച്ചു.

കുഴഞ്ഞു കിടക്കുന്ന ആ ശരീരത്തിലെ ചെവിയിലേക്ക് ചുണ്ടു ചേർത്തുവെച്ചു കൊണ്ട് ഞാൻ പറഞ്ഞു.
“അഴിഞ്ഞാടാൻ പോയിട്ടില്ല ഇന്നു വരെ. നിങ്ങളതും ചെയ്യിപ്പിക്കരുത് എന്നെ കൊണ്ട്.. ”
അയാളുടെ ചെവിയിലേക്ക് ഒഴുകിയിറങ്ങിയ കണ്ണുനീർ തുടക്കുമ്പോൾ എൻ്റെ കണ്ണുകൾ വറ്റി പോയിരുന്നു.
“അമ്മേ, കുഞ്ഞാലിക്ക വന്നിട്ടുണ്ട് പൊറത്ത്. ” സനുട്ടൻ ഓടി വന്നു പറഞ്ഞു. അവൻ്റെ പിറകെ തന്നെ സമ്മതമൊന്നും ചോദിക്കാതെ കുഞ്ഞാലി കേറി വന്നു.
“അയ്യോ സുരേഷേട്ടാ, വല്ലാത്ത കൊലച്ചതിയായി പോയല്ലോ. ആൾക്കാര് പറഞ്ഞപ്പോ ഞാനിത്രേം വിചാരിച്ചില്ലാട്ടാ. ഇനിയിപ്പോ മൂരിടെ തോലൊക്കെ എന്താ ചെയ്യ?”
”കുയ്യുത്തി കുയിച്ചിട്ടാളീ.. അല്ലാണ്ടെന്ത് ചെയ്യാനാ.” സുരേഷേട്ടൻ എന്നോടുള്ള ദേഷ്യം അവനോട് തീർത്തു. അവരു സംസാരിച്ചോണ്ടിരിക്കുമ്പോൾ ഞാൻ പുറത്തേക്ക് നടന്നു.

പുറത്തെ തിണ്ണയിൽ വന്നിരുന്നു. നീലപ്പടുത വലിച്ച് കെട്ടിയ ചായ്പ് ശൂന്യമാണ്. കുഞ്ഞാലി കൊണ്ടുവരുന്ന ഓരോ മൂരിത്തോലും വലിച്ചുകെട്ടി ആണിയടിച്ചു വെച്ച് കള്ളും കുപ്പി തുറക്കും സുരേഷേട്ടൻ. ഇത്തിരി അകത്താക്കിയിട്ടാണ് തോല് വൃത്തിയാക്കി വെക്കുക. തോല് പിന്നെയും ഉണക്കി കഴുകി, വീണ്ടും വൃത്തിയാക്കി  ചെണ്ടയാക്കാൻ പരുവത്തിനാക്കിയാൽ അകന്ന ബന്ധത്തിലുള്ള പ്രമോദേട്ടൻ വന്ന് വാങ്ങിക്കൊണ്ടു പോവും. ഒരു തോലിനെത്ര കിട്ടുമെന്ന് ഇന്നു വരെ ചോദിച്ചിട്ടില്ല. ചോദിച്ചിട്ടും കാര്യമൊന്നുമില്ല. അതൊന്നും വീട്ടിലിരിക്ക്ണ പെണ്ണുങ്ങള് അറിയണ്ട കാര്യമല്ലല്ലോ. ഈ വീട്ടിൽ നിന്നെന്തായാലും പുറത്തൊരു പണിക്ക് പോവാൻ പറ്റുമെന്ന് തോന്നുന്നില്ല. ഇതൊന്ന് ശ്രമിച്ച് നോക്കിയാലെന്താ. മനസ്സിൽ നൂറു കണക്കുകൂട്ടലുകൾ വെട്ടിയും തിരുത്തിയും നടത്തുമ്പോഴാണ് കുഞ്ഞാലി ഇറങ്ങി വന്നത്.
” ഉഷേച്യേ, സുരേഷേട്ടൻ പാഠം പഠിച്ചിട്ടൊന്നുമില്ലാട്ടാ. ഇന്നോട് ചോദിച്ച് ഒരു പൈൻ്റ് വാങ്ങി കൊണ്ടന്ന് തരോന്ന്. ഇച്ചങ്ങായി നന്നാവൂല്ലാന്ന്.. “സൈക്കിൾ സ്റ്റാൻഡ് തട്ടി പോകാൻ നിൽക്കുമ്പോൾ ചിരിച്ചു കൊണ്ടവൻ പറഞ്ഞു. അവൻ പറയുന്നതിലൊന്നുമല്ലായിരുന്നു എൻ്റെ ശ്രദ്ധ.

”കുഞ്ഞാലേയ്, ഇയ്യിഞ്ഞി മൂരിടെ തൊലി ഒക്കെ എന്താ ചെയ്യാൻ പോണ്?”

”അത് കുയ്യി വെട്ടി കുയിച്ചിടണ്ടരേന്നെ വേണ്ടി വരും ഉഷേച്യേ, സുരേഷേട്ടൻ എടുക്കുമ്പോ എന്തെങ്കിലും ചില്ലറ മൂപ്പര് തരുള്ളൂ. ഇന്നാലും ഞാനത് കുയിച്ചിടാനും ഒന്നും മെനക്കെടേണ്ടിരുന്നില്ലല്ലോ.. “

”കുഞ്ഞാലേയ്, ഇൻ്റെ കാര്യം ആകെ കഷ്ടത്തിലാണ് ഈ കുഞ്ഞി മക്കളും സുരേഷേട്ടനും. മരുന്നും തീറ്റേം ഒക്കെ കൊടുക്കണ്ടെ. ഞാനങ്ങേര് ചെയ്തേര്ന്ന പണി ചെയ്ത് നോക്കിയാലോന്ന് ആലോയിക്യാ നെനക്കെന്നെ സഹായിക്കാൻ പറ്റോ.. ”
കുഞ്ഞാലി അമ്പരപ്പോടെ സൈക്കിൾ സ്റ്റാൻഡിൽ തന്നെയിട്ട് അടുത്തേക്കു വന്നു.
“അതെന്ത് ചോദ്യേ ഉഷേച്യേ.. ഇങ്ങള് ഞമ്മളെ കൂടപ്പിറപ്പ് പോലെയല്ലീന്നും.. ഞാൻ ഇന്ന് രാത്രി വെട്ടിയ മൂരിൻ്റെ തൊലി പൊലച്ചക്കന്നെ ഇബടെ എത്തിക്കാം. ഇങ്ങള് ഐശ്വര്യായിട്ട് തൊടങ്ങിക്കാളീം, ഇങ്ങളെ കൊണ്ട് പറ്റുംന്ന്. ഒടേ തമ്പുരാൻ നമുക്കൊരു കഷ്ടപ്പാട് തരുമ്പോ ഓൻ തന്നെ പോംവയീ മുന്നീ കാട്ടിത്തരും. മൂരിൻ്റെ തൊലിക്കാ ക്വാളിറ്റി കൂടുതലെന്നാ സുരേഷേട്ടൻ എപ്പളും പറയാറ്. നാളെ വെട്ടാനുള്ളത് മൂരിയാ. ഇങ്ങളെ ഭാഗ്യം. തൊടക്കം നല്ല ക്വാളിറ്റിയായിക്കോട്ടേന്നൂം.” അവൻ ഷർട്ടിന്റെ കോളറിനുള്ളിൽ തിരുകി വെച്ച കർചീഫെടുത്ത് തലയിട്ട് കെട്ടുമ്പോൾ ചൂളം വിളിക്കുന്നുണ്ടായിരുന്നു.

”അമ്മാ, അമ്മേനെ കൊണ്ട് പറ്റോ? എനിക്ക് പേടിയാവുന്നമ്മാ.” കുഞ്ഞാലി പോയ വഴിയേ നോക്കിയിരുന്ന എന്നെ പതിയെ തല്ലി കൊണ്ട് ശ്രീക്കുട്ടി ചിണുങ്ങി. എൻ്റെയുള്ളിലും ഭയം പത്തി വിരുത്തിയാടി.

”പേടിക്കാനൊന്നൂല്ല. നന്നായുള്ളൂ അമ്മാ. ഞാനും സഹായിക്കാം. ഞാൻ കണ്ടിട്ട്ണ്ട് അച്ഛൻ എന്തൊക്കെയാ ചെയ്യാറുള്ളത് ന്ന്. അമ്മക്കറിയാേ എങ്ങനെയാന്ന്?”
സനൂട്ടൻ്റെ ശബ്ദത്തിൽ ഉത്സാഹം സ്ഫുരിച്ചു.

”പണ്ട് ൻ്റെ അച്ഛൻ ചെയ്യുന്നത് കണ്ടിട്ടുണ്ട്. ചെയ്ത് നോക്കിയിട്ടൊന്നുല്ല. നിങ്ങളെ അച്ഛൻ ചെയ്യുന്നതും കണ്ടിട്ടുണ്ടല്ലോ. നോക്കാം.” ഞാനും പതിയെ പുഞ്ചിരിച്ചു. ജീവിതത്തിലെ ഈ പാതാളക്കുഴിയിൽ നിന്നും കൊട്ടിക്കയറാൻ വേറെ വഴിയൊന്നും മുന്നിലില്ലല്ലോ. രാത്രിയിലെല്ലാം ഒരു തിരശ്ശീലയിലെന്നോണം എന്തൊക്കെ ചെയ്യണമെന്ന് മനസാ കണക്കുകൂട്ടികൊണ്ടിരുന്നു. എത്ര പ്രാവശ്യം മനസ്സിൽ മൂരിത്തോല് വൃത്തിയാക്കി കഴുകി ഉണക്കിയെന്ന് പറയാനാവില്ല!

രാവിലെ നാലു മണിക്കേ എഴുന്നേറ്റ് അടുക്കളയിലെ പണികൾ ഒതുക്കി. കുളിച്ചു വന്ന് പ്രാർത്ഥിച്ചു പുറത്തെ ഇരുട്ടിലേക്ക് നോക്കിയിരുന്നു. സനൂട്ടനും നേരത്തെ എഴുന്നേറ്റ് വന്നു കൂടെയിരുന്നു. അഞ്ചു മണിയാവുമ്പോഴേ ഇനിയും ചൂടു മാറിയിട്ടില്ലാത്ത മൂരിടെ തോലുമായി കുഞ്ഞാലിടെ പെട്ടി ഓട്ടോറിക്ഷ വീടിനു മുന്നിൽ വന്നു. ചോര ഇറ്റിറ്റു വീഴുന്ന നീണ്ട തോല് കുറ്റി തറച്ച് അതിലേക്ക് വലിച്ച് കെട്ടാൻ സനൂട്ടനും കുഞ്ഞാലിയും സഹായിച്ചു.

ആദ്യമായി തോലിൽ കൈവെയ്ക്കുമ്പോൾ ഉള്ളിൽ ഭീതിയുടെ ഒരു മിന്നൽ പിണർ പാഞ്ഞു. തോലിനു മുന്നിൽ കുന്തിച്ചിരുന്ന് ഞാൻ മൂർച്ചയുള്ള കത്തി കൊണ്ട് കട്ടപിടിച്ച രക്തവും ഇറച്ചിയും വടിച്ചു മാറ്റി. അരുമയോടെ കൊണ്ടു നടന്ന ഒരു മൂരിക്കിടാവിന്റെ പുറത്ത് സ്നേഹത്തോടെ തലോടുന്ന പോലെ എളുപ്പമല്ലത്. ഞാൻ കത്തിയെടുത്ത് അമർത്തി വലിക്കുമ്പോൾ സനൂട്ടൻ അരികിലിരുന്ന് വെള്ളം ഒഴിച്ചു കൊണ്ടിരുന്നു. ഒരു വരയോ കുറിയോ ഇല്ലാതെ തുകല് വൃത്തിയാക്കി കഴിയുമ്പോഴേക്കും ഉച്ചയായി. അതു വരെ വിശപ്പും ദാഹവുമൊന്നും അലട്ടിയില്ല. ശ്രീക്കുട്ടി ഇടക്കിടെ വന്നു നോക്കി മൂക്കുപൊത്തി പിടിച്ച് അകത്തേക്കോടി. വേസ്റ്റെല്ലാം കോരിയെടുത്ത് വലിയൊരു കുഴികുത്തി അടക്കം ചെയ്യുന്നതു വരെ അയൽപക്കക്കാരൊന്നും ആ വഴിക്ക് വരരുതെന്നായിരുന്നു ഉള്ളിലെ പ്രാർത്ഥന മുഴുവൻ. വേസ്റ്റെല്ലാം കുഴിച്ച് മൂടാൻ സനൂട്ടനും കൂടെ നിന്നു. കുളിമുറിയിലെ മൂലക്ക് വെച്ചിരുന്ന  കല്ലിൽ ഞാൻ ധരിച്ചിരുന്ന  മുണ്ടും അയാളുടെ ഷർട്ടും അഴിച്ചെടുത്ത് കഴുകുമ്പോൾ ചോരയുടെ പച്ചമണമെന്നെ വല്ലാതെ അലട്ടി. എത്ര വട്ടം സോപ്പ് തേച്ചിട്ടും മേത്ത്ന്ന് ചോരമണം പോവാത്ത പോലെ. ഏറെ നേരം കുന്തിച്ചിരുന്നത് കൊണ്ടാവാം കാലുകൾ കഴക്കുന്നുണ്ട്. മേലൊക്കെ ചകിരി നാരു കൊണ്ട് അമർത്തി ഉരച്ചിട്ടും വൃത്തിയാവാത്ത പോലെ.

റേഷനരിചോറും ചക്കപ്പുഴുക്കും വാരി തിന്ന് സുരേഷേട്ടന്റെ കൂടെക്കൂടെയുള്ള വിളി അവഗണിച്ച് നടുവകത്ത് വെറും നിലത്ത് ഞാൻ വെട്ടിയിട്ടതുപോലെ ക്ഷീണത്തിൽ കിടന്നു. പിറ്റേന്നും അതിനു പിറ്റേന്നും കുഞ്ഞാലി മുടങ്ങാതെ തോലെത്തിച്ചു. ആദ്യ ദിവസത്തേക്കാൾ വേഗത്തിൽ പണിയാൻ സാധിക്കുന്നുണ്ടെനിക്ക്. പണികൾക്കൊക്കെ ഒരു താളം വന്നതു പോലെ. ഇപ്പോൾ ആദ്യ ദിവസത്തെ പോലെ സനൂട്ടെന്റെ സഹായം ആവശ്യമില്ല.

നേരം സന്ധ്യയാവുമ്പോഴാണ് സനൂട്ടൻ കുളിച്ച് കയറി വന്നത്. അവനുണ്ടാക്കിയ മാട്ടുപ്പിള്ളയും ചുറ്റുപ്പിള്ളയും ചായ്പിൽ നിന്നെടുത്ത് കയ്യിൽ കൂട്ടിപ്പിടിച്ചിട്ടുണ്ട്.
” സനൂട്ടാ, മോൻ പ്രദീപേട്ടന്റെ വീട്ടിൽ പോയി നാളെ ഇത്രടം വരെയൊന്ന് വരാൻ പറയോ, ”
അവൻ ചുവപ്പ് പടർന്ന ആകാശം നോക്കി ഇറങ്ങി പോയപ്പോൾ ഞാനും ശ്രീക്കുട്ടിയും ചായ്പിലെ അയയിൽ കിടക്കുന്ന തോല് മറിച്ചിട്ടു.
“അമ്മാ, അച്ഛന് ചോറ് കൊടുത്തു. പണ്യോളൊക്കെ കഴിഞ്ഞു. ഞാൻ നേരത്തെ കിടക്കട്ടെ. ” നാലു നാളുകൊണ്ട് മുതിർന്നു പോയ ശ്രീക്കുട്ടിയെ ഞാൻ കണ്ണിമക്കാതെ നോക്കി. കുട്ടിത്തം കളഞ്ഞു പോയ മക്കളെ കുറിച്ചോർക്കുമ്പോൾ ഉള്ളാഴങ്ങളിൽ നോവിന്റെ ഇടന്തല മേളം.
സനൂട്ടൻ വരുന്നതും നോക്കി പൂമുഖത്തെ തിണ്ണയിൽ ഇരുന്നു. മുറ്റത്ത് നിഴലനക്കം കണ്ടപ്പോൾ സനൂട്ടനാവുമെന്ന് കരുതി ആശ്വാസത്തോടെ മുറ്റത്തേക്കിറങ്ങി. ഇരുളിൽ നിന്നും പുറത്തുവന്നത് അടുത്ത വീട്ടിലെ രവിയാണ്. അവൻ്റെ മുഖത്തെ അശ്ലീലച്ചിരി കണ്ടപ്പോൾ എന്തോ അകത്തിരുന്നാരോ അപായ സൂചന മുഴക്കി. വീടിന്നകത്തേക്ക് ക്ഷണിക്കാൻ തോന്നിയില്ല. പറങ്കിമാങ്ങാ വാറ്റിന്റെ രൂക്ഷഗന്ധം അവൻ നിന്നിടത്ത് പടർന്നു. എന്റെ ചെവിയിൽ ഇടന്തലയിൽ ആരോ അസുരവാദ്യം മുഴക്കി. കണ്ണെത്താ ദൂരത്തോളം അന്ധകാരത്തിന്റെ നിശ്ശബ്ദത.

“എന്താ എന്നും രാവിലെ കുഞ്ഞാലിക്കിവിടെ ഒരു പോക്കുവരവ്‌. എന്തെങ്കിലും സഹായം വേണേൽ എന്നോട് ചോദിച്ചൂടേ ഉഷേ, ഞാൻ സഹായിക്കില്യേ.. ” അവന്റെ നോട്ടം എൻ്റെ മാറത്തായിരുന്നു. വാക്കിൽ പറ്റി പിടിച്ച്‌ നിൽക്കുന്ന അശ്ലീല ധ്വനി എന്നെ ചൊടിപ്പിച്ചു.
“എനിക്കൊരു സഹായോം ആവശ്യമില്ല. അസമയത്ത് ഇവിടെ നിൽക്കാണ്ട് ഇറങ്ങി പൊയ്ക്കോളൂ രവീ..” എന്റെ സ്വരത്തിൽ പുച്ഛവും ഈർഷ്യയും നുരഞ്ഞു. അതു കേട്ടതും അവന്റെ മട്ടുമാറി.
“ഇവിടെ ആകെ നാറ്റമടിക്കുന്നുണ്ടല്ലോ. അയൽപക്കകാർക്കിവിടെ സ്വസ്ഥായിട്ട് ജീവിക്കണ്ടെ.. നാളെ തന്നെ പഞ്ചായത്തിൽ ഒരു പരാതി കൊടുക്കണം.” ഇഴഞ്ഞ നാവോടെ അവൻ മുറുമുറുത്തു. ദേഷ്യം കൊണ്ടെനിക്ക് ചെവി കേൾക്കാതായി. അവൻ പറഞ്ഞതിൽ പകുതിയും ഞാൻ കേട്ടില്ല. സുരേഷേട്ടന്റെ വാലായി കൂടെ നടന്നിരുന്നവനാ. നല്ല അയൽക്കാരൻ. ഓർക്കുംതോറും വെകിളിപിടിച്ച തലയോടെ ഞാൻ അണച്ചു.

”ആ രവീ.. നാളെ ഗ്രാമസഭേല് ഞാനും പോണന്ന് തന്നേ കരുതണത്. സ്ത്രീ പീഡനത്തിന് ഈ നാട്ടില് നല്ല മാർക്കറ്റാണെന്ന് രവിക്ക് ഞാൻ പറയാതെ ന്നെ അറിയാലോലേ..രവി ചെല്ല്.. ” അവൻ്റെ മുഖത്തേക്ക് തെല്ലും കൂസാതെ ഞാൻ മിഴിനട്ടു. മുറ്റത്തു നിന്നൊരു ചുമ കേട്ടപ്പോഴാണ് രവി പെട്ടെന്നിറങ്ങി പോയത്.

ഇനിയിതേതു പുകിലാവോ.. ഞാൻ തല ചെരിച്ചു നോക്കി.  അമ്മൂമ്മയാണ്. നാട്ടിൽ നിന്നും വരുന്ന വരവാണ്. മുടി പാറിപ്പറന്ന്, ഉടുത്തിരിക്കുന്ന പഴകി തുടങ്ങിയ നേര്യത് ചുളിഞ്ഞിരിക്കുന്നു. ദീർഘയാത്ര ചെയ്ത ക്ഷീണത്താലാവും അമ്മൂമ്മടെ പിറകിലെ കൂന് ഒന്നുകൂടി വളഞ്ഞിരിക്കുന്നു.
” ദാക്ഷായണീടെ വീട്ടിലായിരുന്നെടീ. അപ്പോഴാ സുരക്ക് അപകടം പറ്റിയതറിഞ്ഞത്. എൻ്റെ കുഞ്ഞേ, നീയും കുട്ട്യോളും തനിച്ചിവിടെ. ഈ തള്ളക്കിപ്പോൾ പഴയതുപോലെ വിചാരിക്കുന്നേടത്തേക്കൊന്നും ഓടിയെത്താൻ പറ്റുന്നില്ലെടീ.” പഴയ വസ്ത്രങ്ങൾ കുത്തി നിറച്ച തുണിസഞ്ചിയും നെഞ്ചോടടുക്കി പിടിച്ച് അമ്മൂമ്മ കൊട്ടും കുഴൽ വിളിയുമില്ലാത്ത എഴുന്നള്ളത്ത് പോലെ നിശബ്ദമായി അകത്തേക്ക് കയറി.

അകത്തെ കട്ടിളപ്പടിയിൽ ഇരുന്ന അമ്മൂമ്മയുടെ തോളിൽ ഒരു തേങ്ങലോടെ ഞാൻ അമർന്നു കിടന്നു. അപ്പോൾ ഞാൻ അമ്മൂമ്മയോടൊപ്പം മുളക്കമ്പുകൾ വെട്ടിയൊതുക്കി ചുറ്റുപ്പിള്ളയും മാട്ടപ്പിള്ളയും ഉണ്ടാക്കുന്ന ആ കൊച്ചു ഉഷപെണ്ണായി. വാക്കിൻപറ്റങ്ങൾ എങ്ങോട്ടോ ഇറങ്ങി പോയി. അമ്മൂമ്മ ദീർഘമൗനത്താൽ എന്റെ ഉള്ളിലെ നോവാഴങ്ങളിലെ മേഘമാലകൾ തണുപ്പിച്ചു കൊണ്ടിരുന്നു. സനൂട്ടൻ കൂടി വന്നതോടെ അമ്മൂമ്മ എഴുന്നേറ്റ് അകത്തോട്ട് പോയി. പറയാതെ തന്നെ എല്ലാം മനസ്സിലാക്കാനുള്ള ജീവിതാനുഭവം അവർക്കുണ്ടല്ലോ. പിന്നെയവര് ഈ വീടു വിട്ടു എവിടേയും പോയിട്ടില്ല.

പിറ്റേന്നു രാവിലെ തോല് വൃത്തിയാക്കി കൊണ്ടിരിക്കുമ്പോഴാ പ്രമോദേട്ടൻ വന്നത്.
“ഉഷേ നീ.”
പ്രമോദേട്ടൻ സംശയത്തിൻ്റെ കരിനിഴലോടെ എന്നെ തുറിച്ചു നോക്കി, രക്തത്തിൽ പൂന്തിയ കൈകൾ കഴുകി ഞാനെഴുന്നേറ്റു .
“ഇതൊന്നും പെണ്ണുങ്ങൾക്ക് പറഞ്ഞ പണിയല്ല ഉഷേ, നിനക്ക് ഞാൻ വേറെന്തെങ്കിലും പണി സംഘടിപ്പിച്ച് തരാം. ഒരു വാക്ക് നേരത്തെ എന്നോട് ചോദിച്ചിരുന്നെങ്കിൽ ഞാനിത് സമ്മതിക്കില്ലായിരുന്നു.”
പ്രമോദേട്ടൻ്റെ പരിഭവം എന്നെയും സങ്കടത്തിലാഴ്ത്തി. മൂന്നു ദിവസമായുള്ള എൻ്റെ അധ്വാനം! എല്ലാം പാഴ് വേലയായി പോയല്ലോ. എന്റെ തലക്കകത്ത് നൂറായിരം ചെണ്ടക്കോലുകൾ പെരുമ്പറ മുഴക്കി.

”അങ്ങനെയൊന്നും പറയല്ലേ പ്രമോദേ, ഞാനെൻ്റെ ചെറുപ്പംതൊട്ടേ കാണുന്നതല്ലേ ചെണ്ടത്തോല്. ൻ്റെ മോളത് കൃത്യായിട്ട് ചെയ്തിട്ടുണ്ട്. നീയൊന്ന് നോക്ക്.” അമ്മൂമ്മ ആത്മവിശ്വാസത്തോടെ പറഞ്ഞു. ഞാൻ ഉണക്കിയെടുത്ത തുകലെടുത്ത് കാണിച്ചു. പ്രമോദേട്ടൻ  തുകലിൽ തൊട്ടു നോക്കി. നായെ പോലെ മണം പിടിച്ചു.  തോലിൽ തലോടിയും തിരിച്ചും മറിച്ചുമിട്ട് പരിശോധിച്ചും കഴിഞ്ഞപ്പോൾ പ്രമോദേട്ടൻ്റെ മുഖം വിടർന്നിരുന്നു. അത്ഭുതത്തോടെ അതിലേറെ പകപ്പോടെ എന്നെ നോക്കി. ധൃതിയിൽ മടിക്കുത്തിൽ നിന്നും പണമെടുത്തു തന്നു. അത് കൈകളിൽ വാങ്ങുമ്പോൾ വിരലുകൾ വിറച്ചു. എൻ്റെ ആദ്യത്തെ ശമ്പളം. അത്രമേൽ അധ്വാനിച്ച് ഞാൻ നേടിയെടുത്ത ശമ്പളം. നേർത്ത കുളിരുള്ള കാറ്റെന്നെ വന്നു പൊതിഞ്ഞു. ആഹ്ലാദത്തിന്റെ പഞ്ചവാദ്യം മുഴങ്ങി.

പിന്നീടങ്ങോട്ട് മേളപ്പെരുക്കത്തിൽ കാലങ്ങൾ കൊട്ടിക്കയറുമ്പോഴും കാലിടറാതെ അപസ്വരം കേൾപ്പിക്കാതെ പണിയെടുത്ത് മറ്റുള്ളവരുടെ വായടപ്പിച്ചു ഞാൻ. കുട്ടികളുടെയുള്ളിലും പഞ്ചാരിമേളം ഉയർന്നു.

”അമ്മാ, ഇവിടിരിപ്പാണോ.. മഴ മാറി. നല്ല വെയിലുണ്ട്. തുണികൾ പുറത്തേക്കിടട്ടെ.” ശ്രീക്കുട്ടി സൂര്യപ്രകാശമേറ്റ് തിളങ്ങുന്നു. ഞാൻ അവളോടൊപ്പം അകത്തോട്ട് നടന്നു.
“അമ്മാ.” സനൂട്ടനാണ്
” അമ്മക്കിപ്പോ ഓരോ തോലും വൃത്തിയാക്കാൻ എത്ര സമയം വേണംന്നും എങ്ങനെ ഒണക്കണമെന്നും ഒക്കെ ആരേക്കാളും അറിയാം. അമ്മാ.. ഇന്ന് കാശു തരുമ്പോൾ പ്രമോദമാമൻ പറയാ, നിന്റെ അമ്മ തരുന്ന തോലിന് നല്ല മാർക്കറ്റാടാ. ചുളിവ് വീഴാത്ത മഞ്ഞും മഴേം കൊള്ളാതെ സൂക്ഷിച്ച നല്ല വെടുപ്പാക്കിയ തോലായോണ്ടാ അങ്ങനേന്ന്. ”
സനൂട്ടന്റെ വർത്തമാനത്തിൽ അഭിമാനം തുളുമ്പി.

”സനൂട്ടാ, കുഞ്ഞാലിക്കാക്ക് ഒരു വാട്ട്സ് ആപ് മെസേജയച്ചോ, മഴ തോർന്നല്ലോ. നാളെ തന്നെ തോല് കൊണ്ടരാൻ പറഞ്ഞോ. ”
” അമ്മക്കിപ്പോൾ നല്ല ധൈര്യായിലേ!” ശ്രീക്കുട്ടി നിറഞ്ഞു ചിരിച്ചു.
എനിക്കും ചിരിവന്നു.
“അമ്മൂമ്മ എവിടെ?” സനൂട്ടൻ വാങ്ങിക്കൊണ്ടുവന്ന പ്രഷറിന്റെ ഗുളികകൾ എടുത്തു ഞാൻ അകത്തേക്ക് നടന്നു.
” അമ്മൂമ്മ അച്ഛന് കഞ്ഞി കൊടുക്കുന്നുണ്ട്.”
അകത്തു നിന്ന് അമ്മൂമ്മയുടേയും സുരേഷേട്ടന്റെയും സംസാരം പതിഞ്ഞ സ്വരത്തിൽ കേൾക്കാനുണ്ട്.
” അമ്മൂമ്മേ അവളിപ്പോൾ എന്നോട് വെറുതെ വർത്തമാനം പറഞ്ഞിരിക്കുന്നു പോലുമില്ല. ” അകത്തേക്ക് എത്തി നോക്കിയപ്പോൾ അയാളുടെ അടച്ചു പിടിച്ച കൺകോണിലൂടെ കണ്ണുനീർ ഊർന്നിറങ്ങു കണ്ടു.
“ഇത്ര ചെറുപ്പത്തിൽ ആൺപിറന്നോൻ ചെയ്യുന്ന ജോലി എടുത്തവള് ജീവിതം സുന്ദരമായി മുന്നോട്ട് കൊണ്ട് പോകുന്നില്ലെടാ. മക്കളെ പഠിപ്പ്, നിന്റെ ചികിത്സാചിലവ് ഒക്കെ ഓളെ ഒറ്റൊരാള്ടെ അധ്വാനാ, നീയിപ്പളും ഓളെ കുറ്റം പറയാ. രണ്ടുകാല്മ്മ നടക്ക്ണ നേരത്ത് നീയവളെ നേരാംവണ്ണം സ്നേഹിച്ചിട്ട്ണ്ടാ? ഓള് ആൺപിറന്നോളാടാ. ” അമ്മൂമ്മ കഞ്ഞി കോരി കൊടുത്ത് കഴുത്തിലിട്ട  നനഞ്ഞ തോർത്തുമുണ്ട് കൊണ്ട് അയാളുടെ കണ്ണീരൊപ്പി.
“ശരിയാ അമ്മൂമ്മാ. മക്കളേം അവളേം എന്നേം കണ്ടില്ല ഞാൻ. ” കുറ്റബോധത്താൽ നീറുന്ന ശബ്ദം.
അത് കേട്ടു കൊണ്ടിരുന്നപ്പോൾ പഞ്ചാരിയുടെ താളത്തിൽ എന്റെ മനസ്സിലും പുഞ്ചിരി വിടർന്നു. ഒറ്റച്ചെണ്ടയുടെ വലം തലയിൽ കോൽ അതിദ്രുതം കൊട്ടൽ തുടർന്നു.

ചിത്രത്തിന് കടപ്പാട്: ഗൂഗിൾ
അമൽ ഫെർമിസ്

#ആൺപിറന്നോൾ

Post Views: 32
14
Amal Fermis

പ്രിയപ്പെട്ടവനും ഇഷ്ട പുസ്തകങ്ങളും ഇത്തിരി പച്ചപ്പും ഉണ്ടെങ്കിൽ ഈ ലോകത്തെവിടെയാണെങ്കിലും സന്തോഷമായിരിക്കുന്നവൾ

33 Comments

  1. Priya murali on January 23, 2024 10:58 AM

    സൂപ്പർ 👌👌👌

    Reply
    • Amal Fermis on February 2, 2024 11:12 PM

      സ്നേഹം പ്രിയാ

      Reply
  2. Sruthi on January 20, 2024 9:24 PM

    ❤️😍

    Reply
    • Amal Fermis on February 2, 2024 11:12 PM

      Thanks

      Reply
  3. anwar Abdurahiman cm on January 20, 2024 7:37 PM

    നല്ല എഴുത്ത്‌ . തോൽക്കാൻ മനസ്സില്ലാത്ത ആൺ പിറന്നവളുടെ അതി ജീവനത്തിന്റെ കയ്യൊപ്പ്ചാർത്തിയ കഥ .👍👍👍

    Reply
    • Amal Fermis on February 2, 2024 11:12 PM

      നന്ദി വായനക്കും അഭിപ്രായത്തിനും

      Reply
  4. Shiju KP on January 19, 2024 9:05 PM

    മനോഹരം. 👍

    Reply
  5. Ramla on January 18, 2024 11:25 PM

    കഥ വളരെ ഇഷ്ടായി

    Reply
  6. Manasi on January 15, 2024 5:22 PM

    Valare nannayittunduu ❤️🥰🥰

    Reply
    • Sajna on January 15, 2024 8:26 PM

      സൂപ്പർ 👌

      Reply
    • Amal on January 16, 2024 2:42 PM

      ഒത്തിരി സ്നേഹം മാനസീ

      Reply
  7. Manju on January 15, 2024 3:53 PM

    Super 👌

    Reply
    • Amal on January 16, 2024 9:51 PM

      മഞ്ജൂനന്ദി വായനക്കും അഭിപ്രായത്തിനും നന്ദി

      Reply
  8. Neethi Balagopal on January 14, 2024 9:05 PM

    ആൺപിറന്നോൾ. കരുത്തുള്ള പെണ്ണ്’ . ഒരുപാടിഷ്ടായി.

    Reply
    • Amal on January 16, 2024 9:50 PM

      Thanks നീതി

      Reply
  9. Neethu VR on January 14, 2024 4:25 PM

    ഒത്തിരി ഇഷ്ട്ടായി 🥰👏🏻

    Reply
    • Amal on January 16, 2024 9:52 PM

      നിങ്ങളുടെയൊക്കെ അഭിപ്രായങ്ങളാണ് കൂടുതൽ എഴുതാൻ എന്നും പ്രചോദനം സ്നേഹം നീതു

      Reply
  10. Shreeja R on January 14, 2024 2:12 PM

    ശരിക്കും ആൺപിറന്നവൾ തന്നെ. സുന്ദരം.

    Reply
    • amalfermis on January 17, 2024 9:08 AM

      സ്നേഹം ശ്രീ

      Reply
  11. Dr.Anto Florance.P on January 14, 2024 12:13 PM

    Super narration& story.

    Reply
  12. Seenanavaz on January 12, 2024 12:17 PM

    നന്നായിട്ടുണ്ട് ഇത്താ ഹൃദയസ്പർശി…. ആശംസകൾ👏👏👏

    Reply
    • Amal Fermis on January 12, 2024 1:27 PM

      സ്നേഹം സീനാ

      Reply
  13. Sabira latheefi on January 12, 2024 11:49 AM

    അമലിന്റെ എഴുത്തുകൾ എന്തിഷ്ടാണ്ന്നറിയോ… 🥰🥰

    Reply
    • Amal Fermis on January 12, 2024 1:27 PM

      തിരിച്ചുമതേ ഇഷ്ടം

      Reply
  14. Silvy on January 12, 2024 10:05 AM

    അമൽ, കാമ്പുള്ള കഥകൾ ഇനിയുമിനിയുംഎഴുതാൻ സാധിക്കട്ടെ. ഒത്തിരി സ്നേഹം 😘😘

    Reply
    • Nafs nafs on January 12, 2024 12:03 PM

      മുമ്പ് വായിച്ചതാണ്. ഇപ്പോൾ പുതിയൊരു കഥയെന്നപോലെ വായനസുഖം നൽകുന്നു. സാഹചര്യങ്ങൾകൊണ്ട് പോരാളിയായവളുടെ ജീവിതയാത്ര നന്നായി വരച്ചുകാട്ടി. അഭിനന്ദനങ്ങൾ ഇത്താ👌👌👏👏

      Reply
      • Amal Fermis on January 12, 2024 1:29 PM

        ഹഫ്സു.. ജ്ജ് ഇല്ലായിരുന്നെങ്കിൽ ഈ കഥ പൊടി പിടിച്ചങ്ങനെ കെടന്നേനെ

        Reply
      • Rema Damodaran on January 14, 2024 5:36 PM

        അമലിന്റെ കഥകളെല്ലാം ജീവിതത്തിന്റെ ആഴങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലുന്നവയാണ്.
        ഇതും അതുപോലെ തന്നെ

        Reply
    • Amal Fermis on January 12, 2024 1:28 PM

      കുറെയായിട്ട് എഴുത്തൊന്നുമില്ല. ഇതു തന്നെ മുൻപെഴുതിയ ഒരെണ്ണം പൊടി തട്ടി എടുത്തതാ. എഴുതും.. വരണം

      Reply
    • Shameera mohsin on January 13, 2024 2:00 PM

      വളരെ ഇഷ്ടമായി. ആണിനെ പോലെയുള്ള ഒരു പെണ്ണിന്റെ കഥ. 👍👍👍

      Reply
    • Shameema Rafi on January 15, 2024 3:13 AM

      മനോഹരം!
      പക്വതയാർന്ന എഴുത്ത്. പുതുമയുള്ള മേഖല.
      അഭിനന്ദനങ്ങൾ അമൽ🌹
      .

      Reply
  15. Jasna Basheer on January 12, 2024 9:57 AM

    പൂരങ്ങളുടെ നാട്ടുകാരീ… ചെണ്ടയുടെയും മേളങ്ങളുടെയും അകമ്പടിയോടെ ആൺപിറന്നോളേ വരച്ചിട്ടപ്പോൾ മാരാരുടെ കൊട്ടുകൊള്ളുന്ന ചെണ്ടയുടെയും ജീവചക്രം തുറന്നു കാട്ടി ❤️ആശംസകൾ 🌹

    Reply
  16. Divya Sreekumar on January 12, 2024 8:49 AM

    സാഹചര്യങ്ങള്‍ അവളെ ആൺപിറന്നോളാക്കി. സൂപ്പർ കഥ അമൽ👍👍🥰🥰,അവതരണം ഗംഭീരം

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.