Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അപ്പൂപ്പൻതാടികൾ
അനുഭവം ഓർമ്മകൾ കഥ ജീവിതം ജോലി നര്‍മം ബന്ധങ്ങൾ യാത്ര സാമൂഹ്യപ്രശ്നങ്ങൾ സ്ത്രീ സൗഹൃദം

അപ്പൂപ്പൻതാടികൾ

By Silvy MichaelJanuary 25, 2024Updated:January 30, 202416 Comments8 Mins Read143 Views
Bookmark Now
Please login to bookmark Close

No account yet? Register

ജനിച്ചുവളർന്ന, അത്രയും നാൾ സ്വന്തം എന്നു പറയാൻ ആകെ ഉണ്ടായിരുന്ന, നാടിനോടും അതിന്റെ എല്ലാ സൗഭാഗ്യ സങ്കേതങ്ങളോടും വിട പറഞ്ഞ്,
പണക്കുലുക്കത്തിന്റെ വീർത്ത മാറാപ്പുകൾ സ്വപ്നം കണ്ട്,
ഉയിരിനെ ജീവത്താക്കുന്ന സ്വത്വം എന്ന തേജസിനെ നാട്ടിൽ എവിടെയോ പാകത്തു വച്ച്,ഉടലും ഉയിരും മാത്രം കയ്യിൽ തെരുപ്പിടിച്ച് വിമാനം കേറുന്ന പ്രവാസികൾ!
ആണും പെണ്ണും ഒരുപോലെ…
ഏകദേശം ഒന്നൊന്നര പതിറ്റാണ്ടുമുമ്പ് വരെ അവർ കേരളീയ സമൃദ്ധിയുടെ അച്ചുതണ്ടായി വർത്തിച്ചിരുന്നു. അറിവായും അന്നമായും ആർഭാടമായും അത് മലയാളനാട്ടിൽ നിറഞ്ഞു.ഏതാണ്ട് 1960 കളിൽ തുടങ്ങുന്ന ഗൾഫ് കുടിയേറ്റം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഉദയത്തോടെ യൂറോപ്പ് തുറന്നിട്ട വാതായനങ്ങളിലേക്ക് ചാലു കീറുന്നതുവരെ അതായിരുന്നു കേരളത്തിന്റെ സ്ഥിതി.

60കൾക്ക് മുൻപും ഉണ്ടായിരുന്നു പ്രവാസങ്ങൾ! സിലോണും സിംഗപ്പൂരും മലേഷ്യയും ബർമ്മയും ഒക്കെയായിരുന്നു അന്ന് പ്രവാസികളുടെ പറുദീസകൾ. അത്തരം പ്രവാസികളിൽ ക്രിസ്ത്യൻ മിഷനറിമാരുടെ സഹായത്തോടെ ലോകത്തിന്റെ വിദൂര കോണുകളിൽ വരെ ഒറ്റയ്ക്ക് പറന്നെത്തിയ മലയാളി നേഴ്സുമാരും ഉണ്ടായിരുന്നു. ബെന്യാമിന്റെ ‘നിശബ്ദസഞ്ചാരങ്ങൾ’ നമ്മോട് പറയുന്നത് തിരുവിതാംകൂറിനെകേരളത്തിലെ മറ്റ് ഇടങ്ങളെക്കാൾ പണത്തിലും പത്രാസിലും ഒരു പണത്തൂക്കം മുൻപിൽ എത്തിക്കുന്നതിൽ പങ്കുവഹിച്ച് സ്വയം ജീവിക്കാൻ മറന്ന് കുടുംബത്തിനുവേണ്ടി എരിഞ്ഞു തീരുന്ന ആദ്യകാല നേഴ്സുമാരിൽ ഒരാളുടെ കഥയാണ്! എന്നിട്ടും അടുത്തകാലം വരെ ഇച്ചീച്ചിപ്പണി എന്ന സ്റ്റാറ്റസിൽ നിന്ന് നേഴ്സിങ് മുക്തമായില്ല! മലയാളിയുടെ ഇരട്ടനീതിക്ക് ദൃഷ്ടാന്തമായി ഇതിലും മികച്ച ഒന്നിനായി നാം തിരയേണ്ടതില്ല. ഈ വീക്ഷണകോണിനെ സാരമായിത്തന്നെ ഒരു പുനർവിചിന്തനത്തിന് വിധേയമാക്കിയത് യൂറോപ്പിലേക്കുള്ള മലയാളി നേഴ്സുമാരുടെ പുറപ്പാട് ആണ്.
പഠനകാലത്ത് ക്ലാസ് മുറികളിൽ പ്രതിധ്വനിച്ച് കേട്ട ഹോളിസ്റ്റിക് നഴ്സിംഗ് അതിന്റെ പൂർണ്ണതയിൽ, പ്രായോഗിക തലത്തിൽ അവർ ജീവിച്ചു തുടങ്ങിയത് അവിടെച്ചെന്നിട്ടാണ്. നഴ്സിങ്ങിന്റെ സൗന്ദര്യത്തെയും അനന്തമായ സാധ്യതകളെയും അക്ഷരാർത്ഥത്തിൽ അവർ അവിടെ അനുഭവിക്കുകയായിരുന്നു. തൽഫലമായി അത്യന്തം വെല്ലുവിളികൾ നിറഞ്ഞ, നേഴ്സിങിന്റെ, പ്രസാദാത്മകമെങ്കിലും മറഞ്ഞിരുന്ന ഒരു മുഖം, കേരളത്തിലെ സാമാന്യ ജനത്തിന് മുൻപിൽ മറ നീക്കി പുറത്തുവന്നു. കൂടാതെ, പഠിച്ചാൽ ഉടൻ പണി കിട്ടുന്ന ഏക പ്രൊഫഷൻ എന്ന സ്റ്റാറ്റസും നഴ്സിങ്ങിന് ഗുണം ചെയ്തു. കേരളത്തിൽ നിന്നുള്ള പ്രവാസികളിൽ 30%വും നേഴ്സുമാരാണെന്ന് ഇത്തരുണത്തിൽ ഞാൻ കുറിച്ചു കൊള്ളട്ടെ..അതായത് മൂന്നിലൊരാൾ!

നഴ്സിംഗ് എന്ന പ്രൊഫഷൻ എന്റെ ചോയ്സ് ആയിരുന്നില്ല: മറിച്ച് എന്റെ ജീവിതാവസ്ഥയുടെ ചോയ്സ് ആയിരുന്നു! മറ്റൊരുതരത്തിൽ പറഞ്ഞാൽ മോഹിപ്പിക്കുന്ന ഒരു അനിവാര്യത! ‘നേഴ്സുമാർക്ക് കമ്പോളത്തിൽ വിലയില്ലെടീ ‘എന്നു പറഞ്ഞ് എന്നെ നിരുൻമേഷയാക്കാൻ നോക്കിയ എന്റെ കസിനെ ഞാനിപ്പോൾ ഇവിടെ സ്മരിക്കുകയാണ്. രോഗം ദാരിദ്ര്യം ആണെങ്കിൽ ചികിത്സ നേഴ്സിങ് തന്നെ എന്ന് ഞാൻ ഉള്ളാലെ അറിഞ്ഞത് പുള്ളി അറിഞ്ഞിരുന്നില്ലല്ലോ! ഏതായാലും, ഞാൻ പോലും അറിയാതെ എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ വർഷങ്ങളിലേക്കാണ് അന്ന് ഞാൻ പദമൂന്നിയത്. പ്രവാസമടക്കം പിന്നീട് എന്നെ കാത്തുനിന്ന ജീവിതാവസ്ഥകൾ എല്ലാം ആത്യന്തികമായി എന്റെ ഹൃദയത്തെ സന്തോഷം കൊണ്ട് മൂടുന്നതായിരുന്നു. അതിരുകളില്ലാത്ത സ്വാതന്ത്ര്യം അലുക്കുതീർത്ത മരണമില്ലാത്ത സൗഹൃദങ്ങൾ…. അതായിരുന്നു ഏറ്റവും വലിയ ബോണസ് ആയി നഴ്സിംഗ് എനിക്കായി കരുതിയിരുന്നത്.

പ്രവാസം എനിക്ക് എന്താണ് തന്നത്? എന്റെ ആദ്യ പ്രവാസം ബാംഗ്ലൂരിലായിരുന്നു. കൂപമണ്ഡൂകമായിരുന്ന ഞാൻ ഇന്ത്യയുടെ ഏകത്വത്തിലെ നാനാത്വം ആദ്യം ദർശിക്കുന്നത് അവിടെ വച്ചാണ്. ഇല്ലായ്കയും വയ്യായ്കയും ചേർന്ന് തീർക്കുന്ന പച്ച മനുഷ്യന്റെ അസ്ഥിത്വ ദുഃഖം ആ ബഹുസ്വരതയിലും ഒരു അടിയൊഴുക്കായി വർത്തിച്ച് ഏകഭാവം നൽകുന്നതും ഞാൻ കണ്ടു. എസി സ്യൂട്ട് റൂമിലും ജനറൽ വാർഡിന്റെ ഇരുണ്ട മൂലയിലെ ഒറ്റക്കട്ടിലിലും കിടന്നു ഞരങ്ങുന്ന ദൈന്യതയ്ക്ക് ഒറ്റ മുഖമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു.

1997 ആഗസ്റ്റ് രണ്ടാം തീയതി ഞാൻ സൗദിയിലേക്ക് വണ്ടി കയറുമ്പോൾ എന്റെ ഒരു കൂട്ടുകാരിയും ഒപ്പം ഉണ്ടായിരുന്നു. ദഹറാനിൽ വണ്ടി ഇറങ്ങുമ്പോഴോ? കാത്തുനിൽക്കാൻ മൂന്ന് ക്ലാസ്സ്മേറ്റ്സ് ആണ് ഉണ്ടായിരുന്നത്. ചുരുക്കിപ്പറഞ്ഞാൽ സ്റ്റുഡന്റ് ലൈഫിന്റെ എക്സ്റ്റൻഷൻ പോലെ ആയിരുന്നു ഞങ്ങൾക്ക് ആ പ്രവാസവും. ചുണ്ടിൽ ഒരു ചെറു ചിരിയോടെ അല്ലെങ്കിൽ ആത്മഹർഷത്തിന്റെ ഒരു നനുത്ത നിർവൃതിയോടെ മാത്രമേ ഞാനെന്റെ പ്രവാസത്തെ ഓർത്തെടുക്കാറുള്ളൂ.

സൗദി ആരാംകോ ഒരു സ്വപ്ന നഗരം പോലെയായിരുന്നു ഞങ്ങൾക്ക്. ചോര തിളപ്പിച്ച് മാംസം വേവിക്കുന്ന മരുച്ചൂടു മാത്രമാണ് ഞങ്ങളുടെ ഉത്സാഹത്തെ,ഉല്ലാസത്തെ കുറച്ചെങ്കിലും അവിടെ കെടുത്തിയത്. ക്യാമ്പസിൽ എവിടെ വേണമെങ്കിലും എപ്പോഴും പാറി നടക്കാം. എല്ലാവിധ ജീവിതസൗകര്യങ്ങളും ക്യാമ്പസിനുള്ളിൽ തന്നെയുണ്ട്. സിറ്റിയിലേക്ക് പോകണമെങ്കിൽ സൗജന്യ യാത്രാസൗകര്യവും. മാറാപ്പ് നിറയുന്ന ശമ്പളം. അന്യനാടാണ്, അന്യഭാഷയാണ്, അന്യമതക്കാരാണ്… ഒന്നും ഞങ്ങളുടെ പ്രവാസത്തിന്റെ നിറം കെടുത്തിയില്ല. തരം കിട്ടുമ്പോഴൊക്കെ ഒന്നിച്ചുകൂടി ഉല്ലസിച്ച് ഞങ്ങളുടെ പ്രവാസദിനങ്ങളെ ഞങ്ങൾ അടയാളപ്പെടുത്തി. ഒരിക്കലും പർദ്ദയിട്ടു മൂടിയ ഒരു വ്രണിതാനുഭവമായിരുന്നില്ല ഞങ്ങൾക്ക് പ്രവാസം! കുടുകുടെ ചിരിപ്പിക്കുന്ന കുറേ ഓർമ്മകൾ ആ നാളുകൾ ഞങ്ങളിൽ എഴുതിച്ചേർത്തു. അവയിൽ ചിലത്…

ആരാംകോയിൽ ഓരോരുത്തർക്കും സ്വന്തം അക്കോമഡേഷൻ ആണ്. അത് നൽകുന്ന സ്വാതന്ത്ര്യം ചില്ലറയല്ലല്ലോ. ഒരിക്കൽ എന്റെ ഒരു കൂട്ടുകാരി പാചകത്തിന് കയറി. ഉടുപ്പ് എന്തൊക്കെയോ ഇട്ടിട്ടുണ്ട്. ( ഉണ്ടായിരിക്കണം). ആര് കാണാൻ.ആള് പുതുതായി വാങ്ങിയ സിഡി ചെയ്ഞ്ചറിൽ അടിപൊളിപ്പാട്ടൊക്കെ ഇട്ട് പാൻ അടുപ്പത്തു വെച്ച് എണ്ണയൊഴിച്ചു. പാട്ടിനൊപ്പം ചുവടുകളൊക്കെ വെച്ചാണ് പാചകം. എണ്ണ ഏകദേശം നന്നായി ചൂടായപ്പോഴാണ് കടുകിട്ടില്ലല്ലോ എന്നോർക്കുന്നത്. ഗൾഫ് അല്ലേ?ലാവിഷ് ആണ്.വേഗം പാത്രം എടുത്ത് അല്പം ആർഭാടത്തിൽ തന്നെ കടുകെടുത്ത് പാനിലേക്കിട്ടു. എണ്ണ കാണേണ്ട താമസം കടുകെല്ലാം കൂടെ ചൈനീസ് പടക്കം പൊട്ടുന്നതുപോലെ പടപടേ പടപടേന്ന് പൊട്ടാൻ തുടങ്ങി. മാനേഴ്സ് കെട്ട കൺട്രി ഫെലോസ്! ആ കടുക് എല്ലാം കൂടി പൊട്ടിത്തെറിച്ച് ചെന്നഭയം പ്രാപിച്ചത് എന്റെ കൂട്ടുകാരിയുടെ നഗ്നമായ പാവം വയറിലാണ് ! പിന്നെ അവിടെ ഉണ്ടായ പുകില് പറയേണ്ടല്ലോ.ഇന്നും ഞങ്ങളുടെ ഒരുമയുടെ നേരങ്ങളിലെ ഒരിക്കലും പൊട്ടിത്തീരാത്ത പൊട്ടിച്ചിരിയുടെ പൂത്തിരിയാണത്!!

പിന്നൊരിക്കൽ ഞങ്ങൾ അഞ്ചു പേരും കൂടി ഒരു ദിവസം ഷോപ്പിങ്ങിന് പോയി- അൽ ഷൂല മാളിൽ. ആലീസ് ഇൻ വണ്ടർലാൻഡ് പരുവത്തിൽ ഇങ്ങനെ കാഴ്ചകളൊക്കെക്കണ്ട് വിൻഡോ ഷോപ്പിംഗ് ഒക്കെ നടത്തി ഉല്ലസിച്ച് നടക്കുമ്പോഴാണ് എസ്കലേറ്റർ കാണുന്നത്. പിന്നെ അമാന്തിച്ചില്ല. അടുത്ത നിലയിലേക്ക് കയറിക്കളയാം എന്ന് ഞങ്ങൾ ഏകകണ്ഠമായി അങ്ങ് തീരുമാനിച്ചു. നോക്കുമ്പോ കൈവിരിക്കപ്പുറവും ഇപ്പുറവും ഉണ്ട് എസ്കലേറ്റർ. ഞങ്ങൾ മൂന്നുപേർ ഒരു സൈഡിൽ കയറി. നമ്മുടെ കടുകുകാരിക്ക് പക്ഷേ ആൾക്കൂട്ടം ഇഷ്ടമല്ല. അതുകൊണ്ട് അവൾ അപ്പുറത്തെ സൈഡിൽ കയറി. ഞങ്ങള് മണ്ടേലത്തിയിട്ടും കടുകിന്റെ ലക്ഷണം ഒന്നും കാണാനും കേൾക്കാനും ഇല്ല. തിരിഞ്ഞുനോക്കുമ്പോൾ ഉണ്ട്, എസ്കലേറ്ററിന്റെ താഴത്തെ പടിയിൽ കിടന്ന് അക്കുകളിക്കുകയാണ് കക്ഷി! അല്ല! അത് പിന്നെ താഴോട്ട് പോകുന്ന എസ്കലേറ്ററിൽത്തന്നെ മേളിലോട്ട് പോകണമെന്ന് വാശിപിടിച്ചാൽ അക്കല്ല, ഹർഡിൽസും കളിക്കേണ്ടിവന്നെന്നിരിക്കും എന്ന് ആര് അവളോട് പറയാൻ”

സൗദിയിൽ എത്തിയ ആദ്യ നാളുകളിൽ ഒരിക്കൽ ജിദ്ദയിലുള്ള എന്റെ ഒരു സുഹൃത്തും കുടുംബവും എന്നെ കാണാൻ ദഹ്റാനിൽ എത്തുന്നു എന്ന് അറിയിപ്പുകിട്ടി. എത്തുന്നു എന്ന് കേട്ടപ്പോൾത്തന്നെ എനിക്ക് ആകെ ഒരു ഉരുണ്ട് കേറ്റവും മനം മറിച്ചിലും ഒക്കെപ്പോലെ! എങ്ങനെ ഉരുണ്ടു കയറാതിരിക്കും?പാചകത്തിന്റെ എ ബി സി ഡി അറിയത്തില്ല! ഒടുവിൽ അപ്പം ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് ദൂരവാണിയിൽക്കൂടി ഒരു കൂട്ടാരി എനിക്ക് പറഞ്ഞു തന്നു. ചോറ് അരയ്ക്കണമത്രേ. പിന്നെ കുറച്ച് ഈസ്റ്റും തേങ്ങയും പഞ്ചസാരയും… സിമ്പിൾ!! നമ്മളോടാ കളി! ഇമ്മിണിയേറെ ചോറ് ഞാൻ അങ്ങ് വെച്ചു. വൈകിട്ട് 7 മണിക്ക് മുന്നേ എല്ലാം കൂടി നന്നായി അരച്ച് യോജിപ്പിച്ചുവെച്ചു. ഇനി രാവിലെ അവര് വരുമ്പോ ചുട്ടാ മതി. സെറ്റപ്പ്.കറി ബീഫോ മറ്റോ വെച്ചു. കുഴപ്പമില്ല. പൂ പോലെയുള്ള അപ്പം ചുട്ടു ചുട്ടെടുക്കുന്ന സ്വപ്നം കണ്ട് ഞാൻ ഉറങ്ങി. സുഖദസ്വപ്നങ്ങളുടെ താരാട്ടുമായി രാത്രി എനിക്ക് കൂട്ടിരുന്നു. നേരം വെളുത്തു. സിൽവിക്കുട്ടി അടുക്കളയിൽക്കയറി. ചട്ടി അടുപ്പത്ത് വച്ച് റെഡിയാക്കി. അപ്പം ചുടാൻ നോക്കുമ്പോഴതേ, ശീ ശാ ന്നുള്ള ഒച്ചയും ബഹളവും ഒക്കെ മാത്രമേ ഉള്ളൂ. സ്വപ്നത്തിലെ അപ്പം എന്തുചെയ്താൽ ചട്ടിയിലോട്ട് ഇറങ്ങി വരുന്നില്ല! ഒടുവിൽ ചമ്മിച്ചൂളി, വന്നവരുടെ കരുണാകടാക്ഷത്താൽ സിറ്റിയിലുള്ള ഏതോ റസ്റ്റോറന്റിൽ കയറി വയറു കാത്തു..( അപ്പത്തിന്, കുതിർത്തു വച്ച അരിയാട്ടണമെന്നും മാർദ്ദവത്തിനായി മാത്രമാണ് കുറച്ചു ചോറ് അരച്ചതുചേർക്കുന്നത് എന്നും അവൾ എന്നോട് പറയാതിരുന്നത് എന്റെ കുഴപ്പമാണോ???)

ഇനി മറ്റൊന്ന്.
ക്യാമ്പസിൽ പുറം പണിക്കാരുണ്ട്.ഗാർഡൻ എൻജിനീയർസ് എന്നാണ് അവർ അറിയപ്പെടുക. പരിസരം വൃത്തിയാക്കലും ചെടി പരിപാലനവും ഒക്കെയാണ് പണി. വെയിലത്തുനിന്ന് അവർ പണിയുന്നത് കാണുമ്പോൾ ഒരു സോഫ്റ്റ് കോർണർ തോന്നുക സ്വാഭാവികം. അങ്ങനെ ഒരു മലയാളി ചെക്കന് ഒരിക്കൽ ഞാൻ പൈസയായോ ഭക്ഷണം ആയോ എന്തോ കൊടുത്തു. അടുത്ത ദിവസങ്ങളിൽ ഞങ്ങളുടെ വാർഡിനോട് ചേർന്ന് ഒരിടത്തായിരുന്നു അയാൾക്ക് പണി. ഒരു ദിവസം വൈകിട്ട് ഡ്യൂട്ടി കഴിഞ്ഞ് എന്റെ ലോക്കർ തുറന്ന് ബാഗ് എടുക്കാൻ നോക്കുമ്പോൾ ഉണ്ട്,ഒരു തുണ്ടുകടലാസ് എന്നെ നോക്കിച്ചിരിക്കുന്നു! തുറന്നുനോക്കുമ്പോൾ ഒരു ചെറിയ കുറിപ്പ്– നിങ്ങളുടെ മനസ്സും ശരീരവും എനിക്ക് ഒരുപോലെ ഇഷ്ടമാണ് കേട്ടോ –എന്ന്! അന്നയാളെന്റെ വായിൽ നിന്നു കേട്ടതിന് തെറി എന്നയാൾ വിളിക്കുമോ എന്ന് എനിക്കറിയില്ല :പക്ഷേ എനിക്കത് പൂരത്തെറി ആയിരുന്നു!!

അൽ കല്യാണി ആണെങ്കിലും ‘അ’ക്കല്യാണി ആണെങ്കിലും ഗൾഫിലെ പ്രവാസത്തിന് പറയാൻ ഇത്തരത്തിലുള്ള ഒത്തിരിയേറെ ചമ്മൽക്കഥകളും ചിരിക്കഥകളും ഉല്ലാസത്തിൽ മുക്കിക്കോരുന്ന സൗഹൃദക്കഥകളും കാണും.കൂടെ ഒത്തിരി ഒത്തിരി നേഴ്സിങ് കഥകളും.

സൗദിയിൽ എത്തിയപ്പോഴാണ് ഇരുപതാം പ്രസവത്തിനു ശേഷവും അടുത്ത ഊഴത്തെക്കുറിച്ച് കൊതിയോടെ സംസാരിക്കുന്ന അമ്മമാർ അമ്പരപ്പ് കലർന്ന എന്റെ കൗതുകത്തെ വാനോളം ഉയർത്തിയത്. എന്നാൽ മറുവശത്ത് 20 വർഷത്തെ കാത്തിരിപ്പ് സമ്മാനിച്ച ചോരക്കുഞ്ഞിനെ നിതാന്തമായ തണുപ്പിന്റെ അറയിലേക്ക് ദാക്ഷിണ്യലേശം ഇല്ലാതെ മരണം മെല്ലെ കൂട്ടിക്കൊണ്ടു പോകുന്നതറിഞ്ഞ് വിതുമ്പാതെ വിതുമ്പുന്ന ഒരു അമ്മയെയും ഞാൻ കണ്ടു. NICU വിന്റെ ഔപചാരികമായ തണുപ്പിൽ മെഷീനുകളുടെ ഹൃദയമറ്റ ജല്പനങ്ങൾക്ക് നടുവിൽ അട്ടഹസിക്കുന്ന പ്രകാശധോരണികൾക്ക് താഴെ ആ കുഞ്ഞ് ഏകയായി പതിയെ പതിയെ മൃതിയുടെ നീണ്ട തുരങ്കത്തിലേക്ക് ഒഴുകിയടുത്തുകൊണ്ടിരുന്നു. വാർഡിലെ ഫോണിൽ നിന്ന് രാത്രിയുടെ ഏതോ ഇരുണ്ടയാമത്തിൽ സമീപസ്ഥമായ ആ വേർപാടിനെ കുറിച്ച് എന്റെ മുറിഞ്ഞ അറബിക്കിൽ ഞാൻ അവരോട് പറയുമ്പോൾ ശൂന്യതയുടെ അഗാധമായ കറുത്ത ചുഴിയിൽ നിന്നെന്ന പോലെ അവരുടെ സ്വരം ഞാൻ കേട്ടു..’ ഫി മൗജൂദ്?’ ( is she alive or gone ആൾറെഡി?)
മരണ വിലാപം ഇസ്ലാമിൽ അനുവദനീയമല്ല. നിർവികാരതയുടെ മൂടുപടമിട്ട് എന്റെ കാതിലലച്ചആ ആത്മരോദനം എന്നിൽ അടങ്ങിക്കിടന്നിരുന്ന എല്ലാ കണ്ണീർച്ചിറകളെയും പൊട്ടിച്ചു കളഞ്ഞു. എന്തിനൊക്കെ വേണ്ടിയാണ് ആർക്കൊക്കെ വേണ്ടിയാണ് ഞാൻ കരഞ്ഞതെന്ന് എനിക്കറിയില്ല. പക്ഷേ ആ അമ്മ ഒരു തുള്ളി കണ്ണുനീർ പൊഴിച്ചില്ല. ‘ഫി മൗജൂദ്?’ഇന്നും എന്റെ ഓർമ്മകളെ പലപ്പോഴും ആ ചോദ്യം വന്ന് വേട്ടയാടാറുണ്ട്!
സൗദിയിൽ എല്ലാ പൗരന്മാർക്കും ചികിത്സ സൗജന്യമാണ്. ഭിന്നശേഷിക്കാരുടെ സപ്പോർട്ട് സിസ്റ്റവും മികച്ചത് തന്നെ. കാണം വിറ്റും ചികിത്സയ്ക്ക് പണം കണ്ടെത്തി ഒടുവിൽ വഴിമുട്ടിയ ജീവിതത്തോട് ഒരു കയർത്തുമ്പു കൊണ്ടോ വിഷക്കുപ്പി കൊണ്ടോ പകരം വീട്ടുന്ന നിസ്സഹായതയുടെ ഭാരതീയ മുഖങ്ങൾ മറ്റേതോ ലോകത്തുനിന്ന് എന്നപോലെ എന്നെ ഇടയ്ക്കിടെ എത്തിനോക്കി പരിഹസിക്കുന്നത് പോലെ തോന്നി. ദാരിദ്ര്യത്തിന്റെ കട്ടിക്കമ്പളത്തിന് ഉള്ളിൽ കിടന്നു ശ്വാസം മുട്ടുന്ന എന്റെ മാതൃരാജ്യം എന്നെ ദുഃഖവും ലജ്ജയും ഭീതിയും കൊണ്ട് പുതച്ചു.
കണക്കറ്റു കുമിഞ്ഞു കൂടുന്ന എണ്ണപ്പണം എല്ലാ ഭൗതിക ആർഭാടങ്ങൾക്കുമായി വിനിയോഗിക്കപ്പെടുമ്പോഴും സാർവത്രിക വിദ്യാഭ്യാസത്തിന്റെ, മാനവ ശേഷി വികസനത്തിന്റെ തലത്തിൽ ഒരു നല്ല ഇൻഫ്രാസ്ട്രക്ചർ വികസിപ്പിച്ചെടുക്കുന്നതിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഉദയത്തിലും അത്ര കണ്ടു വിജയിക്കാത്ത ഒരു ഗവൺമെന്റിനെയാണ് ഞാൻ സൗദിയിൽ ദർശിച്ചത് എന്നും ഇവിടെ പരാമർശിക്കേണ്ടിയിരിക്കുന്നു. ( ഇന്ന് സ്ഥിതി മാറുന്നു എന്നത് ആശാവഹം തന്നെ).

അയർലണ്ട് എനിക്ക് വേറിട്ട ഒരു അനുഭവമായിരുന്നു. ഭീകരമായ ബ്രിട്ടീഷ് ആധിപത്യത്തെയും തുടർച്ചയായ ക്ഷാമങ്ങളെയും അതിജീവിച്ച് ഉയർന്നുവന്നതാണ് ഐറിഷ് ജനത. അതു പകർന്ന ലാളിത്യവും അതിജീവനത്വരയും അവരെ അടയാളപ്പെടുത്തുന്നു. മറ്റു പല രാജ്യക്കാരെയും പൊങ്ങച്ചസഞ്ചികൾ എന്ന് വിളിക്കാനാണ് സൗദിയിലെ അന്താരാഷ്ട്ര സ്വഭാവമുള്ള ജോലിസ്ഥലം എന്നെ പ്രേരിപ്പിച്ചത്. ഞങ്ങൾ ഭരിക്കാനായി ജനിച്ചവരാണ് എന്നൊരു മേധാവിത്വ മനോഭാവം അവരുടെ നെറ്റിയിൽ ഒട്ടിച്ചു വച്ചിട്ടുണ്ടായിരുന്നു. എന്നാൽ ഐറിഷുകാർ ജാഡയില്ലാത്ത മനുഷ്യരായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്. ജോർജ് ബർണാഡ് ഷാ,ഓസ്കർ വൈൽഡ്, ഡബ്ലിയു ബി യീറ്റ്സ്, സാമുവൽ ബെക്കറ്റ് തുടങ്ങിയ സാഹിത്യ ലോകത്തെ അതികായന്മാർ ഐറിഷുകാരുടെ വായന തൽപരതയുടെ ദൃഷ്ടാന്തങ്ങളാണ്. യാത്രയും വായനയും ഒരുപോലെ ഇഷ്ടപ്പെടുന്നവർ. കുടുംബബന്ധങ്ങളിൽ കേരളത്തോട് സാമ്യമുള്ളവർ. വലിയ കുടുംബങ്ങൾ അണു കുടുംബങ്ങൾക്ക് വഴി മാറിയെങ്കിലും ബന്ധങ്ങൾക്ക് വില കൽപ്പിക്കുന്നവർ. കുറ്റകൃത്യങ്ങൾ കുറവുള്ള നാട്…ആശുപത്രിയിൽ ആണെങ്കിൽ, ‘എത്ര മഹനീയമായ ഒന്നാണ് നഴ്സിംഗ്’ എന്ന അനുനിമിഷം വിളിച്ചോതുന്ന ശുശ്രൂഷ സംവിധാനം! ഓരോ രോഗിയോടും ഒരു തിരിച്ചു വ്യത്യാസവും ഇല്ലാതെ you are important to us എന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള ഇടപെടൽ.ആരും ആരിലും ചെറുതല്ല. മനുഷ്യനാണോ,എങ്കിൽ മഹത്വവും ബഹുമാനവും അർഹിക്കുന്നു എന്ന് പറയാതെ പറയുന്ന സംസ്കാരം. അവിടുത്തെ ജീവിതം എന്റെ ചിന്താഗതിയെ,എന്റെ മൂല്യങ്ങളെ ഒത്തിരിയേറെ പരിഷ്കൃതമാക്കി. എതിരെ നിൽക്കുന്നയാൾ എന്നെക്കാൾ പ്രാധാന്യമർഹിക്കുന്നു എന്ന മട്ടിൽ പ്രവർത്തിക്കാൻ അയർലൻഡ് എന്നെ പഠിപ്പിച്ചു.
എങ്കിലും അവരും പച്ച മനുഷ്യരാണെന്നും ആളും തരവും നോക്കി നിന്നില്ലെങ്കിൽ എപ്പോൾ വേണമെങ്കിലും ഏതു കോണിൽ നിന്നും അടി വീഴാം എന്നും ഞാൻ മനസ്സിലാക്കി. കാരണം അവർ കുറച്ചു കൂടി സോഫിസ്റ്റിക്കേറ്റഡ് ആയിട്ടുള്ള പച്ച മനുഷ്യർ ആയിരുന്നു! അതായത് ചിരിച്ചുകൊണ്ടും കഴുത്തറുക്കാൻ അറിയാവുന്നവർ! എന്റെ ഐറിഷ് പ്രവാസത്തിന്റെ ആദ്യകാലങ്ങൾ അത്തരം അനുഭവങ്ങളാൽ സമ്പന്നമായിരുന്നു.

അയർലൻഡ് പ്രവാസം മുൻപുള്ളവയെ അപേക്ഷിച്ച്അത്രതന്നെ ഹൃദ്യമായിരുന്നില്ല എനിക്ക്.

ജീവിതം തൃപ്തമായിരുന്നു.നഴ്സിംഗ് അതിന്റെ തനിമയിൽ സർവ്വ പ്രൗഢികളോടും കൂടി ഞാൻ ആസ്വദിച്ചു. ആവോളം കൂട്ടുകാരും ഉണ്ടായിരുന്നു. ലൈബ്രറി, സിനിമക്കൊട്ടക..എല്ലാം ഞാൻ എക്സ്പ്ലോർ ചെയ്തു. നാടുകൾ കണ്ടു. നന്നായി ജീവിച്ചതിനുശേഷം മിച്ചം വരുന്നത് മാത്രം സമ്പാദ്യത്തിനായി മാറ്റിവച്ചു. അവിടുത്തെ നാട്ടുകാരുമായി സൗഹൃദത്തിൽ ഏർപ്പെട്ടു( സൗദിയിൽ സാധ്യമാകാത്ത ഒന്നായിരുന്നു അത്). എങ്കിലും സൗദി -അയർലൻഡ് ഇടവേളയിൽ ഞാൻ അനുഭവിച്ച മൂന്നു വർഷത്തെ നാടൻ ജീവിതം എന്റെ പ്രയോറിറ്റീസിനെ,വീക്ഷണകോണുകളെ മാറ്റിമറിച്ചിരുന്നു. യൂറോപ്പിലെ വികസിത ലോകവും അവിടുത്തെ ജീവിതവേഗവും എത്രയും പെട്ടെന്ന് എന്റെ വേരുകളിലേക്ക് തിരിച്ചെത്താൻ എന്നെ പ്രേരിപ്പിച്ചു കൊണ്ടിരുന്നു! പണമല്ല,ജീവിതത്തോടുള്ള പ്രണയമാണ് പ്രധാനം എന്ന്ഓരോ നിമിഷവും അയർലൻഡ് എന്നെ ഓർമിപ്പിച്ചു കൊണ്ടിരുന്നു.കണവനെയും കുഞ്ഞിനെയും മാത്രമല്ല എന്റെ ഹൃദയത്തെയുംകൂടി നാട്ടിൽ വെച്ചിട്ടായിരുന്നു ഞാൻ അവിടെ പ്രവാസിച്ചത്! അങ്ങനെ അഞ്ചുവർഷങ്ങൾക്ക് ശേഷം ഞാൻ എന്റെ ഹൃദയത്തെ ഇനാക്റ്റീവ് മോഡിൽ നിന്ന് പറിച്ചുമാറ്റി പകരം നഴ്സിംഗ് പ്രൊഫഷനെ തൽസ്ഥാനത്ത് പ്രതിഷ്ഠിച്ചു. 13 വർഷങ്ങൾക്കിപ്പുറം ഇന്നും അത് അവിടെ സുഖനിദ്രയിലാണ്!

ജീവിതസാഹചര്യങ്ങളാണ് എന്നെ പ്രവാസിയാക്കിയത്. എങ്കിലും പ്രവാസത്തിന്റെ കടിഞ്ഞാൺ ഞാൻ ആർക്കും, ഒന്നിനും വിട്ടുകൊടുത്തില്ല. അതുകൊണ്ടുതന്നെ എന്റെ പെൺ പ്രവാസം എനിക്ക് സമ്മാനിച്ചത് കണ്ണീരുപ്പു കലർന്ന പണക്കുലുക്കത്തിന്റെ വീർത്ത മാറാപ്പല്ല! മറിച്ച് ഊഷ്മളമായ ഓർമ്മകളുടെ,നനുത്ത സൗഹൃദങ്ങളുടെ, വിശാലമായ ലോകക്കാഴ്ചകളുടെ,ഭാരം കുറഞ്ഞ ജീവിത വീക്ഷണങ്ങളുടെ, ഒക്കെ മനോഹരമായ ദിനങ്ങൾ ആണ്. ഒപ്പം എന്റെയും എന്റെ പ്രിയപ്പെട്ടവരുടെയും മികച്ച ജീവിത സാഹചര്യങ്ങളുടെ കനമില്ലാത്ത അപ്പൂപ്പൻതാടികളാണ്.

(നിങ്ങളുടെ പ്രവാസം എങ്ങനെയായിരുന്നു? നിങ്ങളുടെ അനുഭവങ്ങൾ കേൾക്കാനും അറിയാനും ഞാൻ ഇഷ്ടപ്പെടുന്നു. കമന്റ് ബോക്സിൽ പങ്കുവെയ്ക്കില്ലേ?)

Post Views: 30
5
Silvy Michael

A constant self explorer…. എഴുത്ത്, വായന, ശബ്ദം… സാദ്ധ്യതകൾ തിരയാൻ ഇനിയും മടിയില്ല 🥰

16 Comments

  1. Nafs nafs on January 27, 2024 12:51 PM

    ഏറെ ഇഷ്ടം ഈ എഴുത്ത്.🥰💞💞💞

    Reply
    • Silvy on February 15, 2024 7:05 PM

      കൂട്ടേ 😘😘😘

      Reply
  2. Rathi Ramesh on January 25, 2024 6:03 PM

    മനോഹരം പ്രവാസ ഓർമ്മകൾ.
    അല്പം അബദ്ധങ്ങൾ പറ്റാത്ത ജീവിതമെത്ര ബോറായിരീക്കും😀

    Reply
    • Joyce Varghese on January 27, 2024 3:39 AM

      മനോഹരമായ ഓർമകുറിപ്പുകൾ. അതിലും അതിമനോഹരമായി എഴുതി. സൗഹൃദങ്ങക്കു ആഴം കൂടുന്നത് പ്രവാസലോകത്താണ് എന്ന് തോന്നി.
      പണമുണ്ടാക്കൽ മാത്രമാകാതെ ജീവിതം ആസ്വദിച്ചത് ഹൃദ്യമായി.
      😍👍👌

      Reply
      • Silvy on January 27, 2024 7:48 AM

        താങ്ക്യൂ ജോയ്സ്യ.. വായനയ്ക്ക് മനോഹരമായ അഭിപ്രായത്തിന്

        Reply
    • Silvy on January 27, 2024 7:48 AM

      Thank you… വായനയ്ക്കും അഭിപ്രായത്തിനും😘😘

      Reply
    • Silvy on February 15, 2024 7:06 PM

      അതെയതെ.. വായനയ്ക്കും അഭിപ്രായത്തിനും നന്ദി കേട്ടോ😘

      Reply
  3. sabira latheefi on January 25, 2024 5:22 PM

    സിൽവി ചേച്ചി, പ്രവാസ സ്മരണകൾ മനോഹരമായി എഴുതി. എല്ലാഭാഗവും ഒന്നോടിച്ചു പോയി.. ഒപ്പം
    ചിരിക്കാൻ പറ്റിയ കുറച്ചമളികളും കിട്ടി. ❤️❤️

    Reply
    • Silvy on January 27, 2024 7:50 AM

      സാബി😘😘😘

      Reply
  4. Vimitha on January 25, 2024 5:14 PM

    ഇന്നും പലർക്കും നഴ്സിംഗ് ഇച്ചീച്ചി ജോലി തന്നെ ആണ്. ജീവിത പ്രാരാബ്ദം ആണ് ഒരുകാലത്തു നഴ്സിംഗ് പഠനം തെരഞ്ഞെടുക്കാൻ കാരണം. ഇന്ന് അത് ഏറെക്കുറെ മാറി വിദേശത്തു നിന്ന് കിട്ടാൻ സാധ്യത ഉള്ള ശമ്പളത്തിലേക്ക് ആയി.
    നല്ല ഓമ്മകൾ

    Reply
    • Seenanavaz on January 26, 2024 9:02 PM

      മനോഹരമായ ഒരോർമ്മക്കുറിപ്പ്. ജീവിതം അപ്പൂപ്പൻതാടി പോലെ ലഘുവാണെന്ന് തോന്നിപ്പിക്കുന്ന നർമ്മം നിറഞ്ഞ എഴുത്ത് ഒപ്പം ചിലേ വേദനിപ്പിക്കുന്ന സത്യങ്ങളും❤️

      Reply
      • Silvy on January 27, 2024 7:51 AM

        താങ്ക്യൂ സീന.വായനക്കും അഭിപ്രായത്തിനും 😘😘😘

        Reply
        • Roshna Melwin on February 2, 2024 10:49 AM

          ഇത് ഞാൻ വായിച്ചില്ലായിരുന്നെങ്കിൽ നഷ്ടം എനിക്ക് മാത്രം..🤗🤗😍

          Reply
          • Sobha on February 15, 2024 6:00 PM

            മനോഹരമായ എഴുത്ത്. സൗദിയിലെ ജീവിതം ആഹ്ലാദകരമായിരുന്നു എന്ന് വായിച്ചപ്പോൾ സന്തോഷവും അതിശയവും തോന്നി.👍🌹

          • Silvy on February 15, 2024 7:07 PM

            കൊച്ചേ 😘😘

    • Silvy on January 27, 2024 7:53 AM

      ഇച്ചീച്ചി പണിക്ക് ആളുള്ളതുകൊണ്ടാണ് ലോകം ഇത്രയും മനോഹരമായിരിക്കുന്നതെന്ന് അധികമാരും തിരിച്ചറിയുന്നില്ലല്ലോ 😄 താങ്ക്യൂ വിമീ വായനയ്ക്കും അഭിപ്രായത്തിനും

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.