Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഇലകളിലെ ഈർപ്പം.
കഥ ജീവിതം

ഇലകളിലെ ഈർപ്പം.

By Joyce VargheseFebruary 5, 2024Updated:March 5, 202420 Comments7 Mins Read218 Views
Bookmark Now
Please login to bookmark Close

No account yet? Register

വിടർന്ന പച്ചയിലകളും ഇളംപ്പച്ച തളിരില ചുരുളുകളുമായി, തഴച്ച വാഴകൾ തോട്ടത്തിൽ പച്ചപ്പ്‌ നിറച്ചു. നീർത്തുള്ളികളുടെ രൂപം കടമെടുത്ത്, ഇളം ചുവപ്പിൽ വാഴക്കുടപ്പൻ, തേൻ മധുരം നിറച്ച അല്ലികൾ ഉള്ളിലൊതുക്കി. മഞ്ഞകുറിയണിഞ്ഞ സുതാര്യമായ വെള്ളയല്ലികൾ പതിയെ വിരിഞ്ഞു.

“വെറുതെ കാശു വാങ്ങി പോയ്ക്കോളും, ആയിരം ഉറുപ്പിക കൂലി കൊണ്ടുപോണോനാത്രെ, ഇതിനൊന്നും നന്നായി വെള്ളമൊഴിച്ചിട്ടില്ല , ഇലയൊക്കെ വാടിത്തുടങ്ങി.”, അയാൾ വാഴയിലകളെ അരുമയോടെ നോക്കി, വെള്ളം നനയ്ക്കാനുള്ള ഹോസ് വലിച്ചെടുക്കാൻ ശ്രമിച്ചു.

വാഴക്കൈയിലിരുന്ന കുരുവികൾ തഞ്ചത്തിൽ അടിവെച്ചു നീങ്ങി, പറന്നു മാറി.

നന്ദകുമാർ, കൃഷി വകുപ്പിൽ നിന്നും വിരമിക്കുമ്പോൾ വലിയ കൃഷിയിടങ്ങളിലെ വിളഞ്ഞ ഫലങ്ങൾ സ്വപ്നം കണ്ടു. ഇനി തന്റെ മുഴവൻ സമയവും ഇതിനായി മാറ്റിവെക്കാമല്ലോ എന്നയാൾ സമാധാനിച്ചു.

ഇത്രയും ശ്രമകരമായ ജോലിയൊന്നും ഇപ്പോൾ പറ്റാതായിത്തുടങ്ങിയിരിക്കുന്നു. തനിക്ക് വയസ്സായി എന്ന് ശരീരം പറയുവാൻ തുടങ്ങി. ഈ വലിയ പറമ്പു മുഴുവൻ നനച്ചു തീർത്തിട്ടാണ് താൻ ഓഫീസിൽ പോയിരുന്നത്. ഇന്ന് പേശികളിൽ നിന്നും ശക്തി ചോർന്നു പോയിരിക്കുന്നു.

എങ്കിലും വാഴയിലയുടെ വാട്ടം അയാളെ വേദനിപ്പിച്ചു. അയാൾ വീണ്ടും ഹോസ് ആഞ്ഞുവലിച്ചു. നരച്ച രോമങ്ങൾ കൈത്തണ്ടയിൽ എഴുന്നു നിന്നു. പേശികളിലേക്കൊഴുകുന്ന രക്തം ജീവവായു ഊറ്റിയെടുത്ത് അയാളെ ശ്വാസം മുട്ടിച്ചു. അയാൾ ഉറക്കെ ചുമച്ചു.

“എന്തിനാ ഈ പറ്റാത്ത പണിയ്ക്കു പോണത്? അത്രയൊക്കെ വാഴത്തടം നനഞ്ഞാൽ മതി.”, ഭാര്യ ഉഷാദേവിയുടെ സ്വരത്തിലെ കരുതൽ അറിഞ്ഞില്ലെന്ന് ഭാവിച്ചയാൾ പറഞ്ഞു.

“മതി… മതി… നിന്റെ പണിക്കാരൻ നനച്ചുണക്കി ഈ വാഴ തൈ, നീ ഇനിയും അവന് സപ്പോർട്ട് പറഞ്ഞോ… “, അയാൾ വാഴത്തടത്തിലെ മണ്ണ് വിരൽകൊണ്ട് ഞരടി നനവു പരിശോധിച്ചു.

“ചെറിയ പയ്യനല്ലേ? അവന് ഇതിലൊക്കെയെന്തു താൽപര്യം?”, അവർ കൈ മലർത്തി ആംഗ്യം കാണിച്ചു

“അതെയതെ… ഒറ്റ കാര്യത്തിലെ അവനു താൽപര്യള്ളൂ. ഫോണിലു കുത്തിക്കളി”, അയാൾ ഭാര്യയെ നോക്കി ചിരിച്ചു.

“ദാ… ഈ സംഭാരം വേണെങ്കിൽ കുടിച്ചോ”, അവർ ഗ്ലാസ് നീട്ടി.

“നന്നായിട്ടുണ്ടോ?”, അവർ കണ്ണിറുക്കി.

“പിന്നെ ഒരു മുപ്പത്തഞ്ചു കൊല്ലായിട്ട് സംഭാരം ഉണ്ടാക്കണ നീയിതു രുചിയിൽ ഉണ്ടാക്കില്ലെ? ഹ… ഹ”, അയാൾ സംഭാരം കുടുകുടാ വായിലേക്കൊഴിച്ചു.

“എന്തെരു മനുഷ്യനാ… ന്നാലും ഒരു വാക്ക് നല്ലതു പറയില്ലാല്ലേ? “, അവർ പരിഭവം അഭിനയിച്ചു.

“വൗ… വൗ… എന്താ രുചി. ഉള്ളി, വേപ്പില, നാരകയില, ഉപ്പ് എല്ലാം ആവശ്യത്തിന്, ബഹുകേമം… ഇത്ര മതിയോ?”, അയാൾ വീണ്ടും പൊട്ടിച്ചിരിച്ചു.

“എനിക്ക് നിങ്ങളുടെ വൗ…ബൗ ഒന്നും കേൾക്കേണ്ട “, ഉഷ മുഖം ചുളിച്ചു.

“ഇപ്പോൾ പിള്ളേർ ഒക്കെ ഇങ്ങനെയാ ഉഷേ, ഇടയ്ക്കിടെ ഭാര്യേ സുഖിപ്പിച്ചു എന്തെങ്കിലും പറഞ്ഞില്ലെങ്കിൽ പണി കിട്ടും. പക്ഷെ സ്നേഹം ഇവിട്യാ ടീ വേണ്ടത് “, അയാൾ നരച്ച രോമങ്ങൾ നിറഞ്ഞ മാറിൽ വിരൽ തൊട്ടു.

“അതൊന്നും അവർക്ക് പറഞ്ഞാ മനസ്സിലാവില്ല”, കാലി ഗ്ലാസ്സ് തിരികെ ഭാര്യയുടെ കൈയിൽ കൊടുത്തു. അയാളുടെ കണ്ണുകളിൽ ഉറവ വറ്റാത്ത പ്രണയം നനവ് പടർത്തി.

“ഉം…”, അവർ മൂളി. ചിന്തകളിൽ ഉറഞ്ഞുപ്പോയ ഭാര്യയുടെ നോട്ടം, അവളെ ഭൂതക്കാലം കൊളുത്തിവലിക്കുകയാണെന്ന് അയാളെ ബോധ്യപ്പെടുത്തി.

ജോലിക്കൊപ്പം വീടും പറമ്പും ശ്രദ്ധിക്കുവാനും കൃഷി നടത്താനും എന്നും ശ്രദ്ധിച്ചിരുന്ന നന്ദേട്ടൻ. ഓരോ തളിരില വിരിയുമ്പോഴും പൂവിടുമ്പോഴും കായ് തലവെട്ടം കാണിക്കുമ്പോഴും അടുക്കളയിൽ പണിത്തിരക്കിലായിരുന്ന തന്നോടു വിശേഷം പറയുവാൻ എത്തിയിരുന്ന ആ മുഖത്തെ തെളിച്ചം ഇന്നുമോർക്കുന്നു.

കുറഞ്ഞ വിലയിൽ കിട്ടിയ ഭൂമിയിൽ മണ്ണിനെ മെരുക്കാൻ തുടങ്ങിയ ദിനങ്ങൾ. അതിരാവിലെ പറമ്പിലിറങ്ങി തഴച്ചു വളരുന്ന കളകളോടും പറമ്പിലേയ്ക്ക് ശാഖകൾ നീട്ടി നിൽക്കുന്ന പടുവൃക്ഷങ്ങളോടും അയാൾ പടവെട്ടി.

പൊത്തിൽ നിന്നും തല നീട്ടുന്ന പാമ്പുകളും മരങ്ങളുടെ വേരുകൾക്കിടയിലെ ചിതലുറുമ്പുകളും പ്രാണികളും തങ്ങളുടെ സ്വൈര്യവിഹാരം തടസ്സപ്പെടുത്തുന്ന അയാളുടെ പാദപതനം ഭയന്നു. ഉണ്ടക്കണ്ണുകളിൽ പരിഭ്രാന്തി നിറച്ച് ഓന്തുകൾ നിറം മാറി പച്ചോന്തുകളായി ഇലകൾക്കിടയിൽ നിന്നും അയാളെ നോക്കി.

അതിരുകളിലെ മരച്ചില്ലകളിൽ നിന്നും വണ്ണാത്തി പുള്ളും കാക്കകളും കരഞ്ഞു. തല ചെരിച്ചു നോക്കി, മഞ്ഞയും കറുപ്പും ചാലിച്ച ചിറകുകൾ വിടർത്തി മൈന പറന്നു പോയി. തന്റെ കൂടെയുണ്ടായിരുന്ന മകനും മകളും മൈന പറന്നു പോയ വഴിയിൽ നോക്കി നിന്നു.

ഇന്ന് താനും അവരുടെ അമ്മയും നോക്കി നിൽക്കുന്നു. ആ മക്കൾ പറന്നു പോയ വഴിയെ നോക്കി നിൽക്കുമ്പോൾ ഈറനാകുന്ന കണ്ണുകൾ.

ഏയ്… ഞാൻ ഒറ്റയ്ക്കല്ല, എനിക്ക് ഉഷയുണ്ട് കൂട്ടിന്, അവൾക്ക് ഞാനും, അതു മതി. പരസ്പരം തങ്ങൾക്ക് ഊന്നുവടിയാകുവാൻ കഴിയുമെങ്കിൽ പിന്നെ എന്തിന് മറ്റുള്ളവർ? ചോദ്യങ്ങളും ഉത്തരങ്ങളും നിറഞ്ഞൊഴിഞ്ഞ നിശ്വാസങ്ങൾ അവർക്കിടയിൽ ഉതിർന്നു വീണു.

“നന്ദേട്ടൻ എന്താ ആലോചിക്കണെ? എനിയ്ക്കറിയാം, മക്കളെക്കുറിച്ച്, റിട്ടയർ ആയിട്ട് ചെയ്യാൻ പ്ലാനിട്ട വലിയ കൃഷിത്തോട്ടത്തെ കുറിച്ചു്ച്ച്… അല്ലേ?”, ഉഷ അയാളുടെ മുഖത്തു നോക്കി ചിരിച്ചു.

“സാരല്യ… വലുതായിട്ട് ചെയ്യാൻ പറ്റിയില്ലെങ്കിലും കുറച്ചൊക്കെ നമ്മൾ ചെയ്യുന്നില്ലെ? നമ്മുടെ സന്തോഷത്തിന്, എനിയ്ക്ക് അതു മതി”, അയാൾ പറഞ്ഞു.

“വെയിൽ മൂത്തു തുടങ്ങി, നീ ആ വെയിലത്തു നിന്ന് മാറി നിൽക്ക് ” അയാൾ ഭാര്യയുടെ കോട്ടൺ സാരിയുടെ തലപ്പെടുത്തു അവരുടെ തലയിലിട്ടു കൊടുത്തു.

“സന്ധ്യയായാൽ വിയർപ്പു താഴ്ന്ന് നിനക്ക് ശ്വാസംമുട്ടി തുടങ്ങും, ഇന്ന് മരുന്ന് കഴിച്ചില്ലേ?”, അയാൾ ചോദിച്ചു.

“അയ്യോ… ഞാനത് മറന്നു”, ചുണ്ടിൽ ചൂണ്ടുവിരൽ ചേർത്ത് അവർ ഭർത്താവിനെ നോക്കി.

“ന്നാ… നടക്ക്… ഇനി അതു കഴിഞ്ഞിട്ടാകാം”, അയാൾ അവളുടെ കൈയിൽ പിടിച്ചു നടന്നു.

വാഴക്കുടപ്പനിൽ തേനുണ്ണുന്ന അണ്ണാൻ അവരെ കണ്ടു തലയുയർത്തി, വാലിളക്കി ചിലച്ചു. അതിന്റെ മുതുകിലെ വെള്ളിവരകൾ കൂടുതൽ തെളിഞ്ഞു.

“സൂക്ഷിക്ക്… ആ വരമ്പു കയറുമ്പോ സൂക്ഷിക്കണം. നിന്റെ കാൽമുട്ടുവേദന കൂടുതലാകും.”

“ഉം…”, അവളുടെ മൂളലിൽ വേദനയുടെ കയ്പ്പുരസം നീറി.

“എന്തേ, ലീല ഇത്ര വൈകുന്നേ ആവോ?”, ഉഷയുടെ വാക്കുകളിൽ ആശങ്ക പെരുകി. അവർ കൈത്തലം പുരികത്തിനു മുകളിൽ ചേർത്ത്, ദൂരെ വഴിയിലേക്ക് നോക്കി.

“ഇന്നലേം അവളുടെ മോൻ ഉപദ്രവിച്ചു കാണും, ഇങ്ങനെ കുരുത്തം കെട്ടൊരെണ്ണം”, അവർ പരിതപിച്ചു.

ലീല, കുറെ വർഷങ്ങളായി അവിടെ വീട്ടുവേല ചെയ്യുന്നു. രണ്ടു വീടുകളിൽ ജോലി ചെയ്തിട്ടും വിട്ടൊഴിയാത്ത ദാരിദ്രം അവരെ ഞെരുക്കി. കരുതലോടെ വളർത്തിയ മകൻ വാർദ്ധക്യത്തിൽ അത്താണിയാകുമെന്നവർ കരുതി. പക്ഷെ മദ്യവും പാൻ മസാലയും കഞ്ചാവും മണക്കുന്ന മകൻ കുടുംബത്തിന്റെ തീരാവേദനയായി.

കഞ്ചാവിന്റെ ലഹരിയിൽ, രാത്രിയിൽ വളരെ വൈകി മാത്രം വീട്ടിലെത്തി, ആ ഇടിഞ്ഞു വീഴാറായ വീട്ടിലെ സാധനങ്ങൾ നശിപ്പിച്ചും വൃദ്ധയായ അമ്മയെ ആക്രമിച്ചും അവൻ മയങ്ങി വീണു. ദാരിദ്രവും വേദനയും പ്രായവും പടർന്നു കയറുന്ന വാർദ്ധക്യം ലീലയെ അവശയാക്കിയിരുന്നു.

ലീല അല്പം മുടന്തിയാണ് പടിക്കെട്ടുകൾ കയറിവന്നത്. പാറിപ്പറന്ന നരച്ച മുടിയിഴകൾക്കിടയിലൂടെ തലയോട്ടി തെളിഞ്ഞു കണ്ടു. കുടുംബം പോറ്റാൻ ചുമടെടുത്ത കാലം, അവരുടെ മുടിയിഴകളെ വേഗത്തിൽ പറിച്ചെടുത്തിരുന്നു. അവരുടെ വിളറിയ കണ്ണുകളിൽ ദൈന്യം കുടിപ്പാർത്തു.

“അവൻ ഇന്നലെ രാത്രീലും നിന്നെ ഉപദ്രവിച്ചോ?”, ഉഷ കാതരയായി ചോദിച്ചു.

“ഉം…ഒരു മരമുട്ടി എടുത്തെറിഞ്ഞതാ, തലയ്ക്കാ എറിഞ്ഞത്, അതു ഈ കാലിലാ കൊണ്ടത്… അവനു ഒരു തരി ബോധല്യാർന്നൂ.“, അവർ നീരു വന്നു വീർത്ത കണങ്കാൽ കാണിച്ചു കൊടുത്തു.

“യ്യോ… നല്ല വേദനയില്ലെ? നീ ഇന്നു പണിയൊന്നും ചെയ്യണ്ട, വാ ഇവിടെ മരുന്നുണ്ട്, അത് പുരട്ടിത്തരാം”, ഉഷ അവരെ അകത്തേയ്ക്കു വിളിച്ചു.

“എന്താ ചെയ്യ്വാ… വയസ്സായി മനുഷ്യനൊരു താങ്ങുവേണ്ട കാലത്തു…”, ഉഷ മുഴുമിപ്പിച്ചില്ല.

“ന്റെ യോഗം… ഇത്ര കാലം ഞാൻ കഷ്ടപ്പെട്ടു, ഒക്കെ വെറുതെ…തലവര അങ്ങനായിപ്പോയി”, വാർദ്ധക്യം വരഞ്ഞിട്ട ലീലയുടെ മുഖത്തെ ചുളിവുകൾ കൂടുതൽ കൂടുതൽ വക്രത പ്രാപിച്ചുക്കൊണ്ടിരുന്നു.

“കാശിന് ഇത്തിരി ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും…ന്റാള് എന്നെ നുള്ളി നോവിച്ചിട്ടില്ല. ഇതൊന്നും കാണാണ്ട് എന്നെ തനിച്ചാക്കി അങ്ങട് പോയി”, തോളിലെ നരച്ച തോർത്തു കൊണ്ടു ഈറനായ കണ്ണുകളൊപ്പി ആ സ്ത്രീ വേച്ചുവേച്ചു നടന്നു.

‘പാവം…’, ഉഷ ആ വൃണിതജന്മത്തെ ഓർത്തു തേങ്ങി. അന്നത്തെ പകൽ മുഴുവനും ആ സാധുസ്ത്രീയുടെ രക്ഷക്കുള്ള വഴികൾ തിരയുകയായിരുന്നു ഉഷാദേവി.

‘ഇവനെ ഇങ്ങനെ വിട്ടാൽ ശരിയാവില്ല. ഇനി വരുമ്പോൾ ലീലയോടു പോലീസിൽ പരാതി കൊടുക്കാൻ പറയണം. അവളെക്കൊണ്ട് പെൻഷന് അപേക്ഷിപ്പിക്കണം’, അവർ ഓർത്തുവെച്ചു.
വാർദ്ധക്യത്തിന്റെ അവശത ആരും മുതലെടുക്കാൻ അനുവദിക്കരുത്. ഉഷാദേവി സ്വയം തീരുമാനിച്ചുറപ്പിച്ചു.

ആത്മവിശ്വാസം അവരിൽ വന്നു നിറഞ്ഞു. തെളിയിച്ച നിലവിളക്കിന്റെ തിരി വെട്ടത്തിൽ അവർ വിളിച്ചു പറഞ്ഞു.
‘ദീപം, ദീപം… ‘, ആ അഗ്നിനാളങ്ങളുടെ ശക്തി തന്നിലേയ്ക്കും പകരുന്നതായി ആ അവർക്ക് തോന്നി.

“ഉഷേ… ദാ മോൻ വിളിക്കാറായി. നിന്റെ ജോലി തീർന്നില്ലെ?”, നന്ദകുമാർ വിളിച്ചു ചോദിച്ചു.

“ദാ… വരണു… നിങ്ങള് അച്ഛനും മോനും പറയണതൊന്നും എനിക്ക് മനസിലാവില്ല”, ഈറൻ മുടി വിടർത്തിക്കൊണ്ട് അവർ പറഞ്ഞു.

ലാപ്ടോപ്പിന്റെ മോണിട്ടറിൽ മുഖങ്ങൾ തെളിഞ്ഞു. മകനും കുടുംബവും തങ്ങളുടെ അടുത്തു തന്നെയുണ്ടെന്നയാൾക്കു തോന്നി. പഠിക്കാൻ മിടുക്കനായിരുന്ന മകൻ അമേരിക്കയിൽ ഉപരിപഠനം നടത്താൻ ആഗഹിച്ചപ്പോൾ അവനെ തടഞ്ഞില്ല.

“അമ്മാവൻ, എന്തിനാ അവനെ വിദേശത്തു അയക്കണെ?, ഇനി ഇങ്ങട് മടക്കം ഉണ്ടാവില്ല, നിങ്ങള് രണ്ടാളും ഒറ്റയ്ക്കാവും… ഞാൻ പറഞ്ഞില്ലാന്ന് വേണ്ട”, ഹരീഷ് അയാളെ ഉപദേശിച്ചു.

ഹരീഷ് തന്റെ കുടുംബത്തിലെ ആദ്യത്തെ പേരക്കുട്ടി. അവനു അമ്മാവനേക്കാൾ ഉപരി നന്ദകുമാർ സുഹൃത്തായിരുന്നു. പല കാര്യങ്ങളും അവർ ചർച്ച ചെയ്യാറുണ്ടായിരുന്നു.

“അവന് അവിടെ ഗവേഷണം ചെയ്യണം എന്നാ പറയുന്നതു്, റിസർച്ച് സ്കോളർഷിപ്പും കിട്ടിയിട്ടുണ്ട്. അവന്റെ ആഗ്രഹം നടക്കട്ടെ. എന്തോ, അവന്റെ വളർച്ചയിൽ ഞങ്ങൾ വിലങ്ങുത്തടിയാവേണ്ട”, അയാളുടെ മുഖത്തെ മാംസപേശികൾ വലിഞ്ഞു മുറുകി.

“അച്ഛാ… എന്താ ഇത്ര ആലോചന ?”, ഭൂഗോളത്തിന്റെ മറുകരയിൽ നിന്നുമുള്ള മകന്റെ ശബ്ദം അയാളെ ചിന്തയിൽ നിന്നുണർത്തി.

“ഹേയ്… ഒന്നൂല്യ… എന്തായി നിന്റെ റിസർച്ചൊക്കെ?”

“ബയോസിമിലർ മെഡിസിൻസിന്റെ റിസർച്ചാണച്ഛാ… ഓരോ സ്റ്റേജുകൾ കടന്നു പോകുന്നു. ആ മരുന്നുകൾ എത്ര ഫലപ്രദമാകുമെന്ന് ഞങ്ങൾ പഠിച്ചു കൊണ്ടിരിക്കുന്നു. പ്രമേഹം പോലെയുള്ള ജീവിതശൈലി രോഗങ്ങളുടെ ചികിത്സാരംഗത്ത് വൻ കുതിപ്പായിരിക്കും.”

മകന്റെ വാക്കുകളിൽ വന്നു നിറയുന്ന ആവേശം അയാളെ തരളിതനാക്കി.

“അമ്മയെന്തേ അച്ഛാ?”

“ദാ… വന്നു അപ്പു” കണ്ണടയെടുത്തു വെച്ച് ഉഷ മോണിറ്ററിലെ ചിത്രങ്ങളിലേക്ക് വാത്സല്യത്തോടെ നോക്കി.

“മോളെ… വാ, ദാ…അമ്മൂമ്മ വന്നു”

ഉഷയുടെ നഖം തേഞ്ഞ വിരൽത്തുമ്പ് പേരക്കുട്ടിയുടെ ചിത്രത്തിന്റെ കവിളിൽ തൊട്ടു.

“അമ്മൂമ്മയ്ക്കൊരു ഫ്ളയിംഗ് കിസ്സ് കൊടുക്കൂ”, മകൻ പറഞ്ഞു.

സ്നേഹ ചുംബനം പറത്തി, കുരുന്ന് കൊച്ചരി പല്ലുകൾ കാണിച്ചു ചിരിച്ചു.

ചില്ലുമറ നീക്കി കൊച്ചുമകൾ ഇറങ്ങി വന്നിരുന്നുവെങ്കിൽ, അവർ ഒരു നിമിഷം ആശിച്ചുപ്പോയി. ഉഷയുടെ മനസ്സിലവൾ, തറവാടിന്റെ അകത്തും മുററത്തും തൊടിയിലും കളിച്ചു നടന്നു. അവളെ മടിയിലിരുത്തി താലോലിച്ചു, ഇറുകെ പുണർന്ന്‌, അവൾക്കായ് താരാട്ടു മൂളാൻ ഉള്ളം കൊതിച്ചു.

“അപ്പു… നീ നന്നായി ക്ഷീണിച്ചൂട്ടോ, ഭക്ഷണത്തിൽ ശ്രദ്ധ ഉണ്ടാവില്ലാല്ലെ?, ഉഷ പരിഭവിച്ചു.

“അമ്മ എന്തായി പറയണെ? ഞാൻ വെയിറ്റ് കൂടി വര്ണു. ഒന്നു കുറയ്ക്കണം എന്ന് കരുതിയിരിക്ക്വാ. ഈ അമ്മേടെ ഒരു കാര്യം”, അയാൾ പൊട്ടിച്ചിരിച്ചു.

“രണ്ടു പേരും മരുന്നൊക്കെ ശരിക്കു കഴിക്കുന്നില്ലെ? നിങ്ങൾ ദൂരെ തനിച്ചല്ലെ എന്നതാണ് എന്റെ ഉള്ളിലെ വിഷമം, എത്ര വിളിച്ചാലും അവിടം വിട്ട്, ഇവിടെ വന്ന് താമസിക്കില്ലല്ലോ”, മകന്റെ സ്വരം ചിലമ്പിച്ചിരുന്നു.

“അതെന്തിനാണ് അപ്പു… ഞങ്ങൾ രണ്ടുപ്പേരില്ലേ? തനിച്ചല്ലല്ലോ. പിന്നെ ഞങ്ങളുടെ ഇഷ്ടങ്ങളും ഹോബികളും ഒക്കെയായി സമയം തികയുന്നില്ല. എല്ലാ ഗ്രൂപ്പിലും കയറിയിറങ്ങി വന്നിട്ടെ നിന്റെ അമ്മ ഇപ്പോൾ കാലത്തെ ഭക്ഷണം പോലും കഴിക്കൂ. അപ്പു വിചാരിക്കുന്ന പോലെ ഞങ്ങൾക്ക് ഒരു ബോറടിയും ഇല്ലയിവിടെ… കുട്ടി .”

“അച്ഛന്റെ വാഴത്തോട്ടം ഉഷാറല്ലെ?”, അയാൾ ചോദിച്ചു.

“അതങ്ങനെ നന്നായി വളരുണുണ്ട്, അതൊക്കെയല്ലെ… ഞങ്ങളുടെ മനസ്സിന്റെ പച്ചപ്പു നിലനിർത്തുന്നത്.”, അച്ഛൻ പുഞ്ചിരിച്ചു.

“എന്നാൽ നല്ലത്… നിങ്ങൾ സന്തോഷമായിരുന്നാൽ മതി”, ആശ്വാസം മന്ദമാരുതനായി മകനെ തഴുകുന്നതവർ അറിഞ്ഞു.

മകൻ, താൻ ജീവിയ്ക്കുന്ന പാശ്ചാത്യരാജ്യത്തെ വൃദ്ധരെ കുറിച്ചോർത്തു. ചെറുപ്പം മുതൽ തന്നെ വാർദ്ധക്യത്തിലേയ്ക്ക് കരുതലോടെ ഒരു തുക സംഭരിച്ചു വെക്കുന്നവർ. പലരും ജോലിയിൽ നിന്നും വിരമിച്ച ശേഷം നഗരത്തിന്റെ തിരക്കുകളിൽ നിന്നും മാറി പ്രശാന്തസുന്ദരമായ സ്ഥലങ്ങളിൽ, പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നു. അല്ലെങ്കിൽ റിട്ടയർമെന്റ് ഹോമുകളിൽ കൂട്ടമായി താമസിക്കുന്നു. അവർ ജീവിതത്തിന്റെ നാലാം ഘട്ടം പരാതികളും പരിഭവങ്ങളും ഇല്ലാതെ ആഘോഷമാക്കുന്നു. നല്ലൊരു തുക പെൻഷൻ നൽകുന്ന ഭരണകൂടവും ഇവർക്കു വേണ്ടി സന്നദ്ധ സേവനം ചെയ്യുന്ന യുവജനങ്ങളും മുതിർന്ന പൗരന്മാരുടെ സംരക്ഷണം തങ്ങളുടെ കടമയെന്ന് മനസ്സിലാക്കുന്നു.

നാം ജീവിക്കുന്ന ഈ ലോകം പണിതുതന്നത് നമുക്ക് മുമ്പ് പിറന്ന ഇവരാണല്ലോ.

“വാർദ്ധക്യം ഞങ്ങളിപ്പോൾ ആസ്വദിക്കാണ്. തിരക്കുകൾ ഒഴിഞ്ഞ ഞങ്ങളുടെ ലോകം. ഇവിടെ ഞങ്ങളുടെ കൂട്ടുകാരും പരിചയിച്ച സ്ഥലങ്ങളും ഇത്തിരി ഇഷ്ടങ്ങളും വാശികളും കുറുമ്പുകളുമായി ഞങ്ങൾ രണ്ടുപ്പേരും സുഖമായിരിക്കുന്നു.ഞങ്ങൾ ജീവിതസായാഹ്നം ആഘോഷിക്കുകയാണ്‌ അപ്പൂ…”, അച്ഛൻ പറഞ്ഞു.

“സന്തോഷം അച്ഛാ…ശരിയെന്നാൽ, അടുത്തയാഴ്ച വിളിയ്ക്കാം.”

മോണിറ്ററിൽ ചിത്രങ്ങൾ മാഞ്ഞു, അവിടം കറുത്ത ചതുരം മാത്രമായി.

മൗനം നൂലുകളിട്ട് അവരെ ചേർത്തു നിർത്തി.

“വാ… പുറത്തു നല്ല കാറ്റുണ്ട്, കുറച്ചു നേരം ഉമ്മറത്തിരിയ്ക്കാം”, അയാൾ ഭാര്യയെ വിളിച്ചു.

ഉമ്മറത്തെ അരത്തിണ്ണയിൽ അവർ ഒന്നിച്ചിരുന്നു.

‘ഇന്നലെ വാനിൽ നക്ഷത്രങ്ങൾ ചിതറി മിന്നിയിരുന്നല്ലോ. നക്ഷത്രക്കുഞ്ഞുങ്ങളെ നെഞ്ചിലേറ്റി ആകാശം എന്തു സുന്ദരിയായിരുന്നു ‘.

“ഇന്ന്‌ നിന്റെ നക്ഷത്രക്കുഞ്ഞുങ്ങൾ എവിടെയാണ്?” ഉഷ വാനത്തോട് ചോദിച്ചു.

“മക്കൾ… “കാർമേഘക്കാട്ടിൽ കൂട്ടുത്തേടി പോയിരിക്കും”, വാനം ചിരിച്ചു കൊള്ളിയാൻ മിന്നിച്ചു.
“അവരെ കാലം നമ്മളെ വളർത്താൻ ഏല്പിച്ചതല്ലെ? പറക്കമുററിയാൽ പറന്നു പോകുന്നവർ, അവർ നമ്മുടെ സ്വന്തമാണെന്ന് ആരു പറഞ്ഞു?”, വാനം മറുചോദ്യം ചോദിച്ചു.

”എവിടെ ആയിരുന്നാലും അവർ സുഖമായിരിക്കട്ടെയല്ലേ, അതു പോരെ?” വാനം വീണ്ടും ചോദിച്ചു.

“ഉം…”, വാഴയിലകൾ തെരുതെരെ ഇളക്കി, അവയിലെ ഈർപ്പം നക്കിത്തുടച്ച്‌ ഇളങ്കാറ്റ് മൂളിപ്പറന്നു.

മേഘങ്ങളിൽ ഉറഞ്ഞ ഈർപ്പം മെല്ലെ തണുപ്പായി അവരുടെ മേൽ പെയ്തിറങ്ങി.

ഇളം തണുപ്പിൽ ചൂട് പകർന്നു വാർദ്ധക്യം അവർക്കിടയിൽ രമിച്ചു.

Post Views: 27
10
Joyce Varghese

I am Joyce, presently living in Toronto Canada with family. Working as analytical chemist in Canada. Hobbies : reading, gardening and more…

20 Comments

  1. Sreeja Ajith on February 9, 2024 5:23 PM

    നന്നായിട്ടുണ്ട്. വാർദ്ധക്യം ആസ്വദിച്ചു നീങ്ങുന്ന ഒരു തലമുറ വരട്ടെ

    Reply
  2. Jalajanarayanan on February 9, 2024 3:26 PM

    വളർത്താൻ വേണ്ടി നമ്മളെ ആരോ ഏല്പിച്ചവരാണ് മക്കൾ വളർന്നാൽ അവർ പറന്നുപോകും ഈ ബോധം മനസ്സിന് ഉണ്ടാക്കിയാൽ ജീവിതത്തിൽ പ്രതീക്ഷകൾ കുറയും. ഒരുപാടു ഇഷ്ടം സ്നേഹം dear ❤❤

    Reply
  3. Yesoda Sreedharan Sreedharan on February 9, 2024 12:43 PM

    അതിമനോഹരമായ എഴുത്ത്. പോറ്റാൻ വേണ്ടി കാലം നമ്മളെ ഏൽപ്പിക്കുന്നതാണ് മക്കൾ എന്ന യാഥാർത്ഥ്യം തിരിച്ചറിയുന്ന മാതാപിതാക്കൾ വാർദ്ധക്യം സമാധാനത്തോടെ ആസ്വദിച്ചു തീർക്കും. ഈ തിരിച്ചറിവ് ഏവർക്കും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

    Reply
  4. Sajna on February 9, 2024 9:15 AM

    മക്കളുടെ സന്തോഷം ആണ് എല്ലാ മാതാപിതാക്കൾക്കും ഏറ്റവും വലുത്. മനസ്സ് നിറയ്ക്കുന്ന രചന 👍👍

    Reply
  5. Divya Sreekumar on February 8, 2024 11:35 PM

    അതിമനോഹരമായ കഥയും അവതരണവും ദൃശ്യഭംഗിയോടെയുള്ള വായന നല്‍കി. ആശംസകള്‍ ❤️🥰

    Reply
  6. Rasheeda Hashim on February 8, 2024 9:29 PM

    നല്ല എഴുത്ത്❤️

    Reply
  7. Jasna Basheer on February 8, 2024 4:07 PM

    മക്കൾ സന്തോഷമായിരിക്കുന്നത് മാതാപിതാക്കളുടെ സന്തോഷം. 👍👍❤️

    Reply
    • Bindu on February 25, 2024 4:06 PM

      സുഖമായി വായിച്ചു പോകാൻ പറ്റുന്നൊരു എഴുത്ത്. ഇഷ്ടായി🥰

      Reply
  8. Jayalekshmi on February 7, 2024 8:55 AM

    അതേ!!
    മക്കളെ കാലം നമ്മളെ വളർത്താൻ ഏൽപ്പിച്ചതാണ്.
    ഒരു സമയം എത്തുമ്പോൾ നമ്മുടെ ജോലി തീരും. ആ തിരിച്ചറിവ് വന്നുകഴിഞ്ഞാൽ..സന്തോഷം സൗഖ്യം.

    Reply
    • Yesoda Sreedharan Sreedharan on February 9, 2024 12:37 PM

      👌👌👌

      Reply
  9. Silvy on February 7, 2024 7:06 AM

    ജോയ്സ് മനോഹരമായ എഴുത്ത്… രാവിലെ കണ്ണും മനസ്സും നിറഞ്ഞു.അഭിനന്ദനങ്ങൾ👌👌

    Reply
  10. Simble sebastian on February 7, 2024 6:09 AM

    നന്നായിട്ടുണ്ട് ❤️.

    Reply
  11. Suma Jayamohan on February 6, 2024 6:11 PM

    മക്കൾക്ക് അവരുടേതായ കാര്യങ്ങൾ. നമ്മൾ സ്വയം സന്തോഷങ്ങൾ കണ്ടെത്തുക

    Reply
    • Joyce Varghese on February 7, 2024 3:30 AM

      Thank you ❤

      Reply
      • Nafs nafs on February 9, 2024 1:35 PM

        അതേ, മക്കളെ കുറച്ചു കാലത്തേക്കുമാത്രം വളർത്താനായി കാലം നമുക്കു വിട്ടുതരുന്നു. അതു കഴിഞ്ഞ് അവർ ചിറകു വിടർത്തി പറക്കുന്നു. കുറച്ചുകാലം കൂടൊരുക്കി മക്കളെ പോറ്റിവളർത്തുന്നു. കാലചക്രം കറങ്ങിക്കൊണ്ടിരിക്കുന്നു. ജോയ്സിൻ്റെ വരികളലിരോരോന്നിലും
        ഹൃദ്യമായ ദൃശ്യാവിഷ്കാരം വരച്ചിട്ടിരിക്കും. പൂർണ്ണമായും ആ ലോകത്തിലെ കാറ്റും മണ്ണിൻ്റെ ഗന്ധവും ശ്വസിച്ച് നമ്മളയെവിടെ ഇരുത്തും. ആഖ്യാനമികവ്👌👌👌👌🙏🙏🙏

        Reply
        • Sobhanarayanasharma@gmail.com on February 14, 2024 4:13 PM

          അതിമനോഹരം എഴുത്ത് 👌👌👌❤️.

          Reply
  12. Sunandha Mahesh on February 5, 2024 5:07 PM

    അസ്സൽ എഴുത്ത് 👍

    Reply
    • Joyce Varghese on February 5, 2024 5:24 PM

      Thank you🙏❤

      Reply
  13. sabira latheefi on February 5, 2024 3:56 PM

    വാർദ്ധക്യം കുട്ടികളെ ബുദ്ധിമുട്ടിക്കാതെ പറ്റും പോലെ ആസ്വദിക്കുന്നവരും ഉണ്ട്, അടുത്തുണ്ടായിട്ടും പ്രായമായ മാതാപിതാക്കൾക്ക് നിത്യ ദുരിതം മാത്രം കൊടുക്കുന്നവരും ഉണ്ട്. രണ്ടും നന്നായി എഴുതി. നല്ല വായന സുഖം തരുന്നുണ്ട് കഥ. ഭാഷ ഭംഗി എടുത്തു പറയേണ്ട കാര്യമാണ്. ജോ ❤️❤️

    Reply
    • Joyce Varghese on February 5, 2024 5:20 PM

      Thank you.

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.