*സരോജയുഗളം കാൺക ശരങ്ങൾ ചൊരിയുന്നിതാ* എന്ന് കവി പാടിയത് ഈ രണ്ട് കണ്ണുകളെ മാത്രം ഉദ്ദേശിച്ചാണെന്ന് തോന്നിയ ആദ്യപ്രണയം.
പ്രണയം എന്താണെന്ന് തിരിച്ചറിയുന്നതിന് മുന്നേ തോന്നിയ പ്രണയത്തിന്റെ മായാത്ത അടയാളങ്ങൾ സാക്ഷിയായി, വീണ്ടും… സത്യം മാത്രേ ബോധിപ്പിക്കൂ.
കോളേജിലെത്തുമ്പോഴാണ് പ്രണയം എന്താണെന്ന് തിരിച്ചറിവുണ്ടാവുന്നത്. പലരിലും പ്രണയം മൊട്ടിട്ടുന്നത്… പലരോടും നമുക്ക് ഇഷ്ടം തോന്നാം. ഇഷ്ടങ്ങൾ, ഇഷ്ടങ്ങൾ മാത്രമാണെങ്കിലും അതിലൊന്ന് മെല്ലെ, നമ്മളറിയാതെ പ്രണയമായി തീരാം.
പ്രണയം ഒരാളോട് മാത്രം തോന്നുന്ന പ്രത്യേക വികാരമാണെന്ന് എവിടെയോ വായിച്ചിട്ടുണ്ട്. പക്ഷേ, ഞാൻ സമ്മതിക്കൂല. എനിക്ക് ഇതുവരെ അഞ്ച് പേരോട് കലശലായ പ്രണയം തോന്നിയിട്ടുണ്ട്. എനിക്കിയാളോട് തീവ്ര പ്രണയമാണെന്ന് പക്ഷേ, ഭാര്യോട് മാത്രേ പറഞ്ഞിട്ടുള്ളൂ. അത്രേ ധൈര്യം ഇണ്ടായുള്ളൂ.
ഡിഗ്രി സെക്കന്റ് ഇയർ പഠിക്കുമ്പോഴാണ്, പ്രണയത്തിന്റെ Definition എന്താന്ന് മനസ്സിലാക്കുന്നതും ഒരാളോട് ശരിക്കും പ്രണയം തോന്നുന്നതും.
അതിന് മുന്നേ രണ്ട് ഇഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രീഡിഗ്രി ഫസ്റ്റ് ഇയർ പഠിക്കുമ്പോ ക്ലാസ്സിലെ ഒരു കുട്ടിയോട് ഒരു തരം infatuation. സുജയ എന്നായിരുന്നു പേര്ന്നാണ് ഓർമ്മ. രാവിലെ ബസ്സ് സ്റ്റാന്റിൽ പെൺകുട്ടികളുടെ കൂട്ടത്തിൽ ആ മുഖം എന്നും തിരയും, കണ്ണുകൾ കൂട്ടിമുട്ടിയാൽ പുഞ്ചിരിക്കാൻ ശ്രമിക്കും. ഇതറിഞ്ഞിട്ടും എന്റെ നാട്ടുകാരനും സഹപാഠിയും ആയ ഒരു തടിയൻ ചെക്കൻ ഇതേ കുട്ടിയുടെ പിന്നാലെ കൂടി. ( തടിയനിപ്പം നല്ലോണം മെലിഞ്ഞു, സ്കൂൾ മാഷാണ് ).
ഇത് കാരണം എനിക്ക് വല്ല്യ ദേഷ്യവും സങ്കടവുമായിരുന്നു.
കോളേജിന്ന് വന്നാ ഞാൻ ആനന്ദനോട് ഈ കാര്യം പറയും.
” ടാ… ആനന്ദാ… ആ അനില് വെറും പാരയാടാ. “
“അടിക്കണാ… നിനിക്കോന അടിക്കണാ?” പണ്ടെപ്പോ ശാഖേല് അഭ്യാസം പഠിച്ച അഹങ്കാരത്തിൽ ആനന്ദൻ
ഇത് കേൾക്കുമ്പോ അനിലിന്റെ മുഖവും പൊണ്ണത്തടിയും ഓർമ്മ വരും… ഓന്റെ കയ്യിന്ന് ഒന്ന് കിട്ടിയാ ഞാൻ തീരും.
“വേണ്ട്റ, ഞാൻ സഹിച്ചോളാം”.
എനിക്ക് അധികം സഹിക്കേണ്ടി വന്നില്ല. ഞാൻ പ്രിഡിഗ്രി സെക്കന്റ് ഇയറിന് കോളേജ് മാറി. ആ കുട്ടിയേയും അനിലോടുള്ള ദ്യേഷ്യവും ഞാൻ മറന്നു.
📚📖📚📖
Maths നും English നും വിശ്വഭാരതീല് ട്യൂഷൻ. അവിടെയാണ് വീണ്ടും ഒരാളോട് ഇഷ്ടം തോന്നുന്നത്.
കറുപ്പിന് ഏഴഴകാണെന്ന് ആദ്യമായി മനസ്സിലായത് അപ്പോഴാണ്. കെമിസ്ട്രി ലാബിൽ ടൈട്രേറ്റ് ചെയ്യുമ്പോ ലായനിയുടെ നിറം മാറും പോലെ, കറുപ്പിനെ ഏഴുനിറങ്ങളാക്കി മനസ്സിൽ വേർതിരിച്ചെടുത്ത വർഷം. ഇഷ്ടം കൂടുതൽ ഇഷ്ടമാവുമ്പോഴേക്കും പരീക്ഷാ ചൂടിൽ അതങ്ങട്ട് ഉരുകാൻ തുടങ്ങി.
പരീക്ഷക്ക് ശേഷം ആളെ പിന്നെ കണ്ടിട്ടേയില്ല.
(ഈ അടുത്ത കാലത്ത് വീണ്ടും പഴയ കാലം ഓർത്തപ്പോ ഇയാള് എവിടെയാണ്, സുഖായിരിക്ക്ന്നോ. എന്നൊക്കെ അറിയാനൊരു ആഗ്രഹം. നമ്പർ സംഘടിപ്പിച്ച് തരാമോന്ന് പഴയ ഇഷ്ടം അറിയുന്ന ഇഷ്ടസുഹൃത്തിനോട് ചോദിച്ചു.
ദുഷ്ടൻ, കേട്ട ഭാവം നടിച്ചില്ല.
ദൈവം പൊറുക്കൂലട മോനേ)
📕📗🖊️📘📕🖋️📓✒️📙📘
ഡിഗ്രിക്ക് വീണ്ടും ആദ്യത്തെ കോളേജിൽ.
Second Year Degree യുടെ ഏകദേശം അവസാനം ആവുമ്പോഴാണ് ട്യൂഷന് പോകാൻ തുടങ്ങുന്നത്. എനിക്ക് പോണംന്ന് ഇല്ലായിരുന്നു. രണ്ട് പ്രിയ ചങ്ങായിമാർ നിർബന്ധിച്ചു.
കോളേജിലെ ക്ലാസ്സ് കഴിഞ്ഞ് ഉച്ചക്ക് പയ്യന്നൂരിലെ ഒരു പാരലൽ കോളജിൽ ട്യൂഷൻ. മാഷ് പല കോളേജുകളിലും അന്ന് പഠിപ്പിക്കുമായിരുന്നു. തളിപ്പറമ്പിൽ ഒരു കോളേജ് മാഷും സുഹൃത്തുക്കളും ചേർന്ന് നടത്തുന്നുമുണ്ട്. പാരലൽ കോളേജ് അദ്ധ്യാപകർ ഡോക്ടർമാരെ പോലെ പറന്ന് നടന്ന് കാശ്ണ്ടാക്കുന്ന കാലം. പക്ഷേ നമ്മടെ മാഷ് ആള് സാധുവാണ്. പൈസയല്ല, Passion ആണ് മാഷിന്റെ പ്രശ്നം. എല്ലാം Manage ചെയ്യാൻ സമയമില്ല. അത് കാരണം ട്യൂഷൻ ആഴ്ചയിൽ ഒരു ദിവസം മാത്രം. ഞങ്ങളോട് ഞായറാഴ്ച തളിപ്പറമ്പിലേക്ക് വരാൻ പറഞ്ഞു. വേറെ Option ഇല്ല. മനസ്സില്ലാ മനസ്സോടെ ഞങ്ങൾ പോകാനേറ്റു.
🚍🚍🚍🚍🚍🚍🚍🚍🚍
പയ്യന്നൂർ Bus Stand ൽ ഞങ്ങൾ നാല് പേരും രാവിലെ കണ്ടുമുട്ടും. ഒരേ ബസ്സിൽ തളിപറമ്പിലേക്ക്. ആദ്യ ദിവസം ഞങ്ങൾ നേരത്തേ ക്ലാസ്സിലെത്തി. ഓരോരാളും ബഡായിയുടെ കെട്ടഴിക്കാൻ തുടങ്ങി. ഒരാൾ മാഷെ നന്നായി imitate ചെയ്യും. ആകെ ഒച്ചേം ബഹളൂം. ഇത് കേട്ട് അടുത്ത ക്ലാസ്സിൽ ക്ലാസ്സെടുത്തോണ്ടിരുന്ന മാഷ് വന്നു. പുള്ളിയാണ് Principal.
നിങ്ങളേതാന്നായി ചോദ്യം.
“സർ, Accountancy Tuitionന് വന്നതാണ്. “
“ഒരു ട്യൂഷനക്കൊണ്ടും നീയൊന്നും നന്നാവൂലാ”ന്ന് നോട്ടത്തിലൂടെ പറഞ്ഞ് Principal അങ്ങ് പോയി.
ക്ലാസ്സ്റൂമാണോ ദേവലോകാണോന്ന് സംശയിപ്പിച്ചോണ്ട് നാല് അതിസുന്ദരിമാരുടെ വരവ്. ഞങ്ങൾ നാല് പേരും അന്യോന്യം നോക്കി. ട്യൂഷൻ കഴിഞ്ഞേ ഇനി ജീവിതുള്ളൂന്ന് ഞങ്ങളന്ന് പ്രതിജ്ഞയെടുത്തു.
നാല് പെൺകുട്ടികളുമായുള്ള സൗഹൃദം വളരെ പെട്ടെന്നായിരുന്നു. നോട്ടുബുക്കുകളും ചോദ്യപ്പേപ്പറുകളും സംഘടിപ്പിച്ച് സഹായിക്കാൻ ഓരോരുത്തരും മത്സരിച്ചു. കോളേജ് കഴിഞ്ഞതിന് ശേഷവും ചിലരുടെ വിവാഹം വരെ ആ സൗഹൃദം നീണ്ടു… അന്നത്തെ സുഹൃത്ബന്ധങ്ങളിലുണ്ടായ ഒരു തരം ആത്മാർത്ഥത, ഇന്ന് കാണുമോ എന്ന് സംശയമാണ്.
(ഇടയിൽ മുറിഞ്ഞ് പോയ ആ സൗഹൃദങ്ങൾക്ക് Communication ൽ വന്ന വിപ്ലവം സഹായമായി. മുഖപുസ്തകം പലരേയും വീണ്ടും ഒന്നിപ്പിക്കാൻ സഹായിച്ചു. )
രണ്ടാംവർഷ പരീക്ഷ കഴിഞ്ഞ് എങ്ങനെയെങ്കിലും ഒന്ന് ക്ലാസ്സ് തുടങ്ങി കിട്ടാൻ കാത്തിരിക്കുകയായിരുന്നു ഞങ്ങൾ; വീണ്ടും ട്യൂഷൻ തുടങ്ങാൻ.
ഇതിനിടയിൽ നാല് പേരിൽ ഏറ്റവും സുന്ദരീന്ന് എനിക്ക് തോന്നിയ ആളോട് പ്രണയമാണെന്ന് ഞാൻ തിരിച്ചറിയുന്നു. ശരിക്കും love@firstsight തന്നെയായിരുന്നു. പക്ഷേ ആളോട് പറയാൻ ധൈര്യമില്ല. സൗഹൃദം നഷ്ടപ്പെടുമോ എന്ന പേടിക്ക് മുകളിലായിരുന്നു അപകർഷതാബോധം. തീരെ മെലിഞ്ഞ, ആവശ്യത്തിലധികം നെറ്റിയുള്ള എന്നെ പെൺകുട്ടികൾക്ക് ഇഷ്ടമാവൂലാന്ന് സ്വയം തീരുമാനിച്ചു.
Sunday അവാൻ ഞങ്ങൾ കാത്തിരിക്കുമായിരുന്നു. കോളേജിനടുത്ത് ഒരു Cool Bar ഇണ്ട്. പേരോർമ്മയില്ല. ക്ലാസ്സ് കഴിഞ്ഞാ പലപ്പോഴും ice cream കഴിക്കാൻ പോവും. അവിടെ കഷ്ടിച്ച് 4 പേർക്ക് ഇരിക്കാൻ പറ്റിയ ഒന്നോ രണ്ടോ Cabin ഉണ്ടായിരുന്നു. മിക്കവാറും കോളേജ് പിള്ളേരായിരിക്കും അതിനുള്ളിൽ. 4 പേർ ഇരിക്കേണ്ട Cabin ൽ ഞങ്ങൾ 6 പേർ ice-cream കഴിക്കാനിരിക്കും. Boys ലും Girlsലും ഓരോ ആൾ വീതം ഞങ്ങളോടൊപ്പം വരാറില്ല. പെൺകുട്ടികളിൽ ഒരാൾക്ക് ഏട്ടമ്മാരെ പേടി. പണ്ട് ലക്ഷ്മണൻ വരച്ച വരയൊന്നും വരയേ അല്ല. മറ്റൊരാൾക്ക് പഠിക്കുമ്പോഴേ Business ആയിരുന്നു, ഇതിനൊന്നും സമയം കളയൂല. പണേ കൊണ.
അവിടുന്ന് കഴിക്കുന്ന ice-cream ന് ഇരട്ടിയാണ് മധുരം. ഇഷ്ടപ്പെട്ട പെണ്ണിനെ മുട്ടിയുരുമി ഐസ്ക്രീം കഴിക്കുമ്പോ എന്റെ സാറേ, ചുറ്റുള്ളതൊന്നും കാണാൻ പറ്റൂല.
ഡിഗ്രി മുതലാണ് എനിക്കൊരു മനസ്സാക്ഷി സൂക്ഷിപ്പുകാരനുണ്ടാവുന്നത്, രഘു. രണ്ടാളും മറ്റേ ആളിന്റെ വീട്ടിലെ ഒരംഗത്തെപ്പോലെ. എന്റെ ഈ പ്രണയം ഏറ്റവും അടുത്തറിഞ്ഞത് അവനാണ്.
മനസ്സിലെ പ്രണയത്തെ താലോലിച്ച് വരുമ്പോഴാണ് എന്റെ കഥയില്, ചിലമ്പ് സിനിമയിലെ ബാബു ആന്റണിയെപ്പോലൊരു വില്ലൻ വരുന്നത്. പഴയ അനിലിനെ പോലെ വേറൊരു അനിൽ. ഞങ്ങൾ 4 സുഹൃത്തുക്കളിൽ അന്ന് ഏറ്റവും സുന്ദരൻന്ന് ആരും സമ്മതിച്ചു പോവും. ആറടിയിലധികം പൊക്കം. അത്യാവശ്യം കാശ്, ബാഗ്ഗി ജീൻസ്, കഴുത്തിൽ സ്വർണ്ണമാല, കയ്യില് സ്റ്റീൽ വള.
എനിക്ക് ഇങ്ങനെ ഒരാഗ്രഹം ഇണ്ടെന്നറിഞ്ഞിട്ടും കള്ളൻ ലൈൻ ഇട്ടു.
PreDegree ക്ക് പഠിച്ച Newton’s Third Law സ്വന്തം കണ്ണുകൾക്ക് മുന്നിൽ work ചെയ്യുന്നത് കണ്ടപ്പോ എന്റെ രണ്ടു കണ്ണുകളിലും ഇരുട്ട് കയറി
ടാ. രഘൂ. ആ അനില് വെറും പാരയാടാ. “
“അടിക്കണാ… നിനിക്കോന അടിക്കണാ?”
പണ്ട് ആനന്ദൻ ചോദിച്ച പോലെ പക്ഷേ രഘു ചോദിച്ചില്ല. ഈ ചെങ്ങായി അത്യാവശ്യം കരാട്ട പഠിച്ചതാണെന്ന് അവനറിഞ്ഞിട്ടുണ്ടാവണം.
എനിക്കന്ന് അവനോട് ചെറിയ ദ്യേഷ്യവും നമ്മുടെ കക്ഷിയുടെ അവനോടുള്ള പെരുമാറ്റം കണ്ടപ്പോ ഇച്ചിരി അസൂയയും തോന്നി. അവനോടുള്ള സൗഹൃദത്തിന് ഒരു മാറ്റവും വന്നില്ല. ആരെയും വെറുക്കാൻ എനിക്കാവില്ലാന്ന് ഒരു self realization. മനസ്സിലെ പ്രണയം പക്ഷേ മറക്കാനായില്ല.
Final Year examന് മുന്നേ നമുക്കൊരു Get Together വേണംന്നായി. എന്റെ വീട്ടിലാക്കാമെന്ന് ഞാൻ. അതിഥികളെ സൽക്കരിക്കാൻ എന്റെ വീട്ടിൽ എല്ലാർക്കും, പ്രത്യേകിച്ച് ജാനമ്മക്ക് വല്ല്യ താൽപര്യമാണ്. ആ ജീൻ എനിക്കും കിട്ടിയിട്ടുണ്ടെന്ന് തോന്നാറുണ്ട്.
അങ്ങനെ ഞങ്ങൾ 8 പേരുടെ Get Together പ്ലാൻ ആവുന്നു. ആങ്ങളമാർ വരച്ച വര കടക്കാൻ പാവം പെങ്ങളൂട്ടിക്കായില്ല… മൂന്ന് സുന്ദരിമാരും നാല് സുന്ദരന്മാരും മാത്രമുള്ള Get Together അങ്ങനെ എന്റെ വീട്ടിൽ സംഭവിച്ചു.
ലോകത്ത് ഏറ്റവും സുന്ദരിയായിരുന്ന സ്ത്രീ എന്റെ അമ്മാമ്മയായിരുന്നുന്ന് ഞാൻ വിശ്വസിച്ചിരുന്നു. പിൽക്കാലത്ത് Meryl Streep ന്റെ സിനിമ കാണുമ്പോ അവർക്ക് എന്റെ അമ്മമ്മയുടെ മുഖച്ഛായയാണെന്ന് തോന്നിയിട്ടുണ്ട്. സുന്ദരിയായ അമ്മമ്മക്ക് സുന്ദരിമാരെ നല്ലോണം ബോധിച്ചു. അവർക്ക് തിരിച്ചും. ഭക്ഷണം കഴിഞ്ഞ് പത്തേബൈപത്തിന്റെ റൂമിൽ ഞങ്ങൾ ഏഴുപേർ, അന്നത്തെ NewGen
🕺🏽 കമലഹാസൻ പാടിയ സുന്ദരി നീയും സുന്ദരൻ ഞാനും ചേർന്നിരുന്നാൽ തിരുവോണംന്ന പാട്ട് വെച്ച് അർമാദിക്കുമ്പോ, “ദൈവേ. കലികാലം”ന്ന് എന്റെ അമ്മയ്ക്ക് തോന്നിയിട്ടുണ്ടാവണം
“ഇവള് പാടും” നമ്മളെ ഖൽബിനെ ഉദ്ദേശിച്ച് നെറ്റിയിൽ ചുവന്ന കലയുള്ള സുന്ദരി. അധികം അഹംഭാവൊന്നും കാണിച്ചില്ല, കക്ഷി പാടി. “ഏതോ വാർമുകിലിൻ മുത്തായ് നീ വന്നൂ”. എന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ്ന്ന് വിശ്വസിക്കാൻ ശ്രമിക്കുമ്പോ, പാടുന്ന ആളുടെ കണ്ണുകൾ വേറെ ആരിലേക്കോ നീങ്ങുന്നത് കണ്ടാ, പെറ്റ തള്ള സഹിക്കൂല
“നിനിക്ക് വിധിച്ചിട്ടില്ലടാ, ചെക്കാ” ന്ന് മനസ്സ് പറയുമ്പോ “മ്ണ്ടാണ്ട് കുത്തിര്ന്നോ, ചവിട്ടിക്കൂട്ടും”ന്ന് ഞാൻ തിരിച്ച് പറയും.
🎯
പരീക്ഷ കഴിഞ്ഞു, റിസൾട്ടിനായി കാത്തിരിപ്പായി. റിസൾട്ടിനെക്കാളും സുഹൃത്തുക്കളുടെ കത്തിനായുള്ള കാത്തിരിപ്പ് ദിവസവും. പെൺസുഹൃത്തുക്കളിൽ മൂന്ന് പേരും ആൺ സുഹൃത്തുക്കളിൽ രണ്ട് പേരും കത്തെഴുതുമായിരുന്നു. ഒന്നോ രണ്ടോ രണ്ട് കത്തുകൾ ഓരോ രണ്ടു ദിവസത്തിലും തീർച്ചയാണ്. Postman വീട്ടിലെത്താൻ ഉച്ച രണ്ട് മണി കഴിയണം. അതു കാരണം രാവിലെ ദോസ്ത് നക്സൽ വിനുവിന്റെ കൂടെ സൈക്കിളിൽ ദിവസവും Post Office ലേക്ക്. കാണുമ്പോഴേ Postman സ്കന്ദേട്ടൻ ചിരിക്കും.
ഒരു ഇൻലന്റിലൊതുങ്ങാത്ത വിശേഷങ്ങൾ ഓരോന്നിലും.
(അന്ന് വിസ്തരിച്ച് മറുപടി എഴുതിയ ഞാൻ ഇന്ന് ഒരാൾക്ക് പോലും എഴുതാറില്ല. പറയേണ്ട കാര്യങ്ങൾ emojiല് പറയുന്നു. എല്ലാം ലാഭിക്കണം നമുക്കിന്ന്. ലുബ്ധിച്ചേ എന്തും ചിലവാക്കൂ. സമയം, കാശ്, വാക്കുകൾ, സ്നേഹവും സ്നേഹപ്രകടനങ്ങളും വരെ. ഇതെല്ലാം മനസ്സിലാക്കിയ കാലം വേറൊരു 👎🏻emojiല് നമുക്ക് മറുപടി തന്നോണ്ടിരിക്കുന്നു)
💌
എന്റെ പ്രണയത്തെ പറ്റി കമാന്നൊരക്ഷരം കേട്ടിട്ടില്ലാത്ത പുള്ളിക്കാരിയുടെ കത്തിൽ നിറയെ വിശേഷങ്ങൾ, ഭാവി പരിപാടികൾ, അമ്മാമ്മയോടും എല്ലാരോടുള്ള സ്നേഹം🥰 എനിക്കാ കത്തുകളെല്ലാം പ്രേമലേഖനങ്ങളായിരുന്നു💕
🚆🚃🚋🚃🚋🚃🚋
റിസൾട്ടിന് ശേഷം Bombay ലേക്ക് പറിച്ചുനടൽ. ഇതിന് മുമ്പ് മൂന്ന് പ്രാവശ്യം Bombayയിൽ പോയിട്ടുണ്ട്. ന്നാലും ഈ തവണത്തെ വരവ് തിരിച്ചുപോവാനല്ലാന്ന് മനസ്സിലാക്കിയ ട്രെയിൻ VT സ്റ്റേഷനിൽ ഇറക്കി വിട്ടേന് ശേഷം വിളിച്ച് കൂവി, *यह है बॉम्बे मेरी जान*
എല്ലാം മറന്ന് Bombayയെ പ്രണയിക്കാൻ തുടങ്ങി. Bombay അങ്ങനെയാണ്. ആർക്കും പ്രണയിക്കാം. ബയ്യാ, ഘാട്ടി, മദ്രാസി, മാർവാഡി അങ്ങനെ ആർക്ക് വേണംങ്കിലും. Bombay പ്രണയിച്ചാലേ Bombayല് നിക്കാനാവൂ. പ്രണയിച്ച് തുടങ്ങിയാ, അസ്ഥിക്ക് പിടിക്കും. ഒരിക്കലും വേർപെടുത്താനാവില്ല.
💌✉️💌✉️💌✉️💌✉️💌
വൈന്നേരം നാല് മണി കഴിഞ്ഞാ താഴെ letter boxൽ വല്ല Postഉം ഉണ്ടാേന്ന് നോക്കുന്നത് പെങ്ങൾ ജ്യോതിയാണ്. ( ഇളയമ്മയുടെ മകൾ, പെങ്ങളുടെ സ്നേഹം വാരിക്കോരി തന്ന് ഇന്നും എന്നെ തോൽപ്പിക്കുന്നവൾ. പകരം നൽകാൻ ഈ ഊരുതെണ്ടിയുടെ ഓട്ടക്കീശേല് ഒന്നും ഇണ്ടാവാറില്ല)
ഒരു ദിവസം കയ്യില് കുറേ കത്തുമായി വന്ന പെങ്ങള് ഒരെണ്ണം എടുത്ത് വീശി, ചിരിച്ചോണ്ട് :
മാട്ടാ. छिट्टि आयी है.
( മനോജേട്ടാന്ന് മുഴുവൻ നാവിന് വഴങ്ങൂല പാവത്തിന്)
छिट्टि? किसकी?
उसकी, और किसकी 😆
From Address കണ്ടതോടെ എന്റെ ചിരിയും കണ്ണിലെ തിളക്കവും കണ്ടിട്ടാവണം, എന്റെ കവിളിൽ നുള്ളിക്കൊണ്ട് പെങ്ങൾ :
” I love to see my darling brother blushing”
കൂടെ ചെറിയൊരു പാരയും “माँ. लगता है മാട്ടൻ बिगड़ गया”
വല്ല്യ സന്തോഷായിരുന്നു, കത്ത് കിട്ടിയപ്പോ എനിക്ക്. കുറേ കാലം ഞങ്ങൾ പരസ്പരം എഴുതുമായിരുന്നു. 93ലോ 94ലോ അങ്ങനെ ഒരു ദിവസം ഒരു Post വരുന്നു, Wedding Invitation. അന്നേരം സന്തോഷാണോ സങ്കടാണോ തോന്നിയതെന്നോർമ്മയില്ല. മറുപടിയായി Greeting Card അയച്ചൂന്ന് ചെറിയരോർമ്മയുണ്ട്.
പെൺകുട്ടികൾക്ക് പലർക്കും കല്യാണത്തിന് ശേഷം എല്ലാ സുഹൃത്ബന്ധങ്ങളും മുന്നോട്ട് കൊണ്ട് പോകാൻ കഴിഞ്ഞൂന്ന് വരില്ല. പോരാഞ്ഞ് Communicationന് ഒരു പാട് പരിമിതികളുള്ള കാലം. കല്യാണത്തിന് ശേഷം ഇയാളെ കണ്ടിട്ടേ ഇല്ല, ഇയാളെ കുറിച്ച് കേട്ടിട്ടും ഇല്ല. രഘു മാത്രം Contactൽ എപ്പോഴും.
✈️
98ലാണ് അറബിപൊന്ന് തേടി ദുബായിലെത്തുന്നത്. കയ്യിലുള്ളത് വായിലേക്കെറിഞ്ഞാ തീരുന്ന സമ്പാദ്യം. 2002ൽ കല്യാണം കഴിക്കുന്നു. (വേറെ വഴിയില്ലായിരുന്നു- അത് വേറൊരു കഥ).
Arranged Marriageൽ പെട്ടെന്നൊരു ദിവസം കൂടെ കൂടിയ പെണ്ണിനോട് പ്രണയം തോന്ന്വോ? പലർക്കും സംശ്യാണ്.
ഒരു സുപ്രഭാതത്തിൽ ജീവിത സഖിയായ പെണ്ണിനെ ഇഷ്ടപ്പെടാനേ പറ്റൂ. പെട്ടെന്ന് ഒരു ദിവസം പ്രണയിക്കാനാവില്ല. love has to evolve. കാമുകിയെ കണ്ടപ്പോ if you fell in love, ഭാര്യയോടൊപ്പം you should raise in loveന്ന് ഞാൻ പറയും.
ഇപ്പോ, 18 വർഷം കഴിമ്പോ, I am madly in love with the gal I married
⏳⏱️⏳⏱️⏳⏱️⏳⏱️⏳⏱️
സിന്ധു, നാല് സുന്ദരിക്കുട്ടികളിൽ ഏഴഴകുള്ള സുന്ദരി. 2018ന്റെ ആദ്യം എനിക്കൊരു FB request അയച്ചു. Accept ചെയ്തതിന് ശേഷം ആദ്യം നോക്കിയത് അവളുടെ Friends list ൽ പഴയ പ്രണയത്തെ. ആളവിടെയുണ്ട്. Request അയച്ചു, Accept ചെയ്യുന്നില്ല
സിന്ധുവിന്റെ നമ്പർ വാങ്ങി, ഫോൺ ചെയ്തു. ആൾക്ക് വല്ല്യ സന്തോഷം.
“FBല് കേറിയ അന്ന് മുതൽ നിന്നെ തിരയുകയാണ്, കിട്ടിയത് അവസാനൂം” സിന്ധു പറഞ്ഞു.
സിന്ധു പഴയ സിന്ധു അല്ല. മൂത്തമോൻ ഡോക്ടർ, ഇളയ മകൾ ഡോക്ടറാവാൻ പഠിക്കുന്നു.
” ഡീ… എന്റെ മോൻ play schoolല് പോകാനാവുന്നേ ഉള്ളൂ”. അവൾക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല.
പിന്നെ കഥാനായികയെ പറ്റി സംസാരിച്ചു. ഇപ്പോ എവിടെയാണെന്നും എന്ത് ചെയ്യുന്നുന്നുമെല്ലാം സിന്ധു പറഞ്ഞറിഞ്ഞു. FBല് Active അല്ലാത്തോണ്ടായിരിക്കും Request Accept ചെയ്യാത്തേന്ന് പറഞ്ഞു. (അഹങ്കാരം കൊണ്ടായിരിക്കുംന്ന് എനിക്ക് തോന്നണ്ടായിരുന്നുന്ന് ഞാൻ എന്നോട് തന്നെ പറഞ്ഞു)
പഠിക്കുന്ന കാലത്ത് കക്ഷിയോട് എനിക്ക് തീവ്രമായ പ്രണയമായിരുന്നുന്ന് ആ flowയില് ഞാനങ്ങ് പറഞ്ഞു പോയി. ആളുടെ നമ്പർ ചോദിച്ചപ്പോ, ചോദിച്ചിട്ട് തരാമെന്ന് പറഞ്ഞു.
” ഡാ, അടുത്ത വർഷം മോന്റെ കല്യാണം ഇണ്ടാവും വരണം”
” Pampers വാങ്ങീറ്റ് ബാക്കിയിണ്ടെങ്കി വരാം”ന്ന് ഞാനും
🌧️🌧️☔🌧️🌧️
മാസങ്ങൾ കഴിഞ്ഞിട്ടുണ്ടാവും സിന്ധു നമ്പർ തരുമ്പോൾ.
*തൂവാനതുമ്പി* യിൽ *ക്ലാര* വരുമ്പോ പെയ്ത പോലത്തെ മഴ ദുബായീലന്ന്, ഞാൻ ഇയാളെ വിളിക്കാൻ വിചാരിച്ച ദിവസം.
📞വിളിച്ചപ്പോ ആൾക്ക് വല്യ സന്തോഷം. 27-28 വർഷങ്ങൾക്ക് ശേഷം പഴയ സുഹൃത്ത് വിളിച്ചപ്പോ പറയാൻ ആൾക്ക് ഒരു പാട് വിശേഷങ്ങൾ. ചോദിക്കാനും. ഭാര്യേടേം മക്കൾടേം പേരറിയണം. വീട്ടിലെ ഓരോരുത്തരുടെ വിശേഷങ്ങൾ അറിയണം. പെങ്ങന്മാരുടെ പേരടക്കം ഓർമ്മ ആൾക്ക്.
ഫോൺ വെക്കാൻ പോവുമ്പം ആ ചോദ്യം.
” ഞാൻ കേട്ടത് ശരിയാണോ ?”
“എന്ത്?”
” പഠിക്കുന്ന കാലത്ത് ഇയാൾക്കെന്നോട് ഇഷ്ടായിരുന്നുന്ന്?”
” അതോ, അത് ആ സമയത്തെ ഓരോ… “
” എന്നിട്ടെന്തേ പറയാഞ്ഞേ?”
” Sacrifice ആണോ ധൈര്യം ഇല്ലാഞ്ഞിട്ടാണോന്നറിയില്ല”
” എന്തിന് Sacrifice ?”
“അനിലിനെ ഇയാൾക്ക് ഇഷ്ടാണ്ന്ന് അറിയായിരുന്നു “
” ഇഷ്ടൊക്കെ ആയിരുന്നു. സ്നേഹം അറിയാതെ വളർന്ന ആളാണെന്ന് മനസ്സിലായി He needed help, I was helping, അതെല്ലാം കഴിഞ്ഞ കഥ. ഞാൻ തന്നെ മറന്ന. & hey, thank you for your call, be in touch. “
✈️🛫✈️🛫
2019ന്റെ ആദ്യം സിന്ധുവിന്റെ Call
“ഡാ. മോന്റെ കല്യാണം Aprilല് ഇണ്ടാവും. നീ വരണം. ഞാൻ Friendsനെ എല്ലാരേം വിളിക്കും. പിന്നേയ്, നിന്റെ പഴയ ഫ്രണ്ടും വരും😉”
“നിന്റെ മോന്റെ കല്യാണല്ലേ എന്തായാലും വരും” ചെലവില്ലാത്ത ഒര് തള്ള് (ഏപ്രിലിൽ വരാൻ already ടിക്കറ്റ് Book ചെയ്തിരിക്ക്യാണ് ഞാൻ. )
“സ്മിതേനേം മക്കളേം കൂട്ടണം”
“Done👍🏽”
💅🏼💃🏻💅🏼💃🏻💅🏼💃🏻💅🏼💃🏻💅🏼
നാട്ടിൽ ആശുപത്രികളേക്കാളും ആളുകൾ കാശിടുന്നത് കല്യാണമണ്ഡപം പണിയാനാണെന്ന് തോന്നിപ്പോവും. കൂറ്റൻ രണ്ടുനില കെട്ടിടം, മുഴുവൻ Air Conditioned.
സതീഷേട്ടൻ drop ചെയ്തതോണ്ട് Parking പ്രശ്നം അറിഞ്ഞേ ഇല്ല.
” നീ പഴയ പോലല്ല, കൊർച്ച് ബുദ്ധിയ്ണ്ട്, ഞാൻ അരമണിക്കൂറിലധികം തപ്പി പാർക്കിംഗിന് ” രഘുവിന്റെ വക.
ഞങ്ങൾ എത്തുമ്പോഴേക്കും ചടങ്ങ് തുടങ്ങാറായി. പുറത്ത് lobby യിൽ പലരും എനിക്കറിയാവുന്നവർ, ബന്ധുക്കൾ. ചിലർ വരന്റെ ഭാഗത്തീന്ന്, മറ്റുള്ളവർ വധുവിന്റേം. എനിക്കും സിന്ധുവിനും ഇത്രേം Common ബന്ധുക്കളുണ്ടെന്ന് അപ്പോഴാ അറിയുന്നത്.
നമ്മൾ മനുഷ്യരെല്ലാം ഇങ്ങനെയാണ്, ചെറിയൊരു നൂലിനാൽ Connected ആയിരിക്കും. പല നിറങ്ങളാണ് ആ നൂലുകൾക്ക്. ചിലത് വളരെ ദൃഢം, പ്രിയപ്പെട്ടത്, ഒരിക്കലും പൊട്ടാത്തത്.
“മനോജേ, അന്നേ വന്നിറ്റ് ഇപ്പാ കാണ്ന്ന്?” ഒരു ബന്ധൂന്റെ പരിഭവം.
“മോളിപ്പം എത്രേലാ പഠിക്ക്ന്ന് ?” പൊന്നൂനോട് പ്രീതേച്ചി.
” നീ നല്ലോണം മെലിഞ്ഞിനി. ” സ്മിതയോട് വേറൊരാൾ.
“ഓ. താങ്ക് യൂ. ” വേറൊന്ന് കേട്ടാലും ഇതിൽ കൂടുതൽ സന്തോഷം വരില്ല, അവൾക്ക്.
കല്യാണം, ഒരു ReUnion പോലെ തോന്നി ഞങ്ങൾ സുഹൃത്തുക്കൾക്ക്. 27 വർഷത്തിന് ശേഷം ആദ്യായിട്ട് കാണുന്നതാണ്.
” നിന്റെ ആള് ലേറ്റാവൂടാ. ” ചെക്കന്റെ അമ്മയായി ഓടി നടക്കുന്നതിനിടയൽ, സിന്ധു.
നായികേം ഫാമിലിയും വരാൻ പിന്നേം വൈകി. വന്നപ്പോ ദൂരത്ത്ന്നേ ചിരിച്ചോണ്ട് കൈവീശി. പ്രായം വരുത്തിയ മാറ്റം രൂപത്തില്. പഴയ പ്രസരിപ്പും ചിരിയും അതേപോലെ.
ഓടി വന്ന് Shake Hand ചെയ്തു. നമ്മൾ, മലയാളികൾ ഇങ്ങനെയാ. വലിയ സ്നേഹപ്രകടനൂം Shake Handല് ഒതുക്കും, ബാക്കി ചിരിയിലും തലയാട്ടലിലും. കെട്ടിപ്പിടിക്കാൻ അറിയാത്ത വർഗ്ഗം…
ഫാമിലിയിലെ എല്ലാരേം പരിചയപ്പെടുത്തി.
“രവിയേട്ടാ, ഇത് മനോജ്, Wife സ്മിത”
“ഇതെന്റെ മോൻ. ഉണ്ണി. BTech കഴിഞ്ഞ് സിങ്കപ്പൂരിൽ. മോള് മദ്രാസിൽ പഠിക്കുന്നു”
” ആ കസേര തല്ലിപ്പൊളിക്കുന്ന ജുബ്ബയിട്ട സാധനം ഇല്ലേ. അത് എന്റെ രണ്ടാമത്തെ മോൻ, ശ്രീമയ്. പേരിന്റെ ഒര് ഗൊണോം ചെക്കൻ കാണിക്ക്ന്ന് ല്ല” 🤣. ഞാൻ പറഞ്ഞപ്പോ കൂട്ടച്ചിരി.
“ഇത് പൊന്നു, daddy’s lil gal. Teen ആയേന്റെ ചെറിയൊരഹങ്കാരം ഇണ്ട്😘 “
ചെക്കനേം പെണ്ണിനേം Greet ചെയ്യാൻ തിരക്കോട് തിരക്ക്. ഞങ്ങടെ Little Gangster ബഹളം വെക്കുന്നു. സദ്യ കഴിച്ച് കഴിഞ്ഞപ്പോ പലരും പല വഴിക്ക്. യാത്ര പറയാൻ പറ്റീല. വീണ്ടും രണ്ടു വഴിയേ.
“Guys, Wait… I will drop you. ” രഘുവിന്റെ ഹൃദയം വിശാലം❣️
🤳🏼🤳🏼🤳🏼🤳🏼🤳🏼🤳🏼
May ആദ്യം ഞാൻ ദുബായീല് തിരിച്ചെത്തി.
ഒരു ദിവസം ഒരു WhatsApp മെസേജ് 📱
She : 🙋🏻♀️
Me : Hi
She : How you been ?
Me : All good, n you all?
She : Okey. really happy that we met.
Me : Me too
She : സ്മിത നല്ല കുട്ട്യാ. എനിക്ക് ഒത്തിരി ഇഷ്ടായി. I am happy for you.
Me : Hm. see, we both think alike. എനിക്കും ഇഷ്ടാണ് അവളെ.
She : ഞാൻ കൊർച്ച് ദിവസം മുമ്പ് ഒര് കാര്യം മനസ്സിലാക്കി
Me : എന്ത്
She : ഞാൻ ഇപ്പോ ഏറ്റവും വെറുക്കുന്ന ആള് നീയാണെന്ന്
Me : ഞാനോ, ഒര് നോക്ക് കൊണ്ടു പോലും ഞാൻ…
She : അന്നെന്തേ എന്റെ മുന്നിൽ വന്ന് ഇഷ്ടാണ്ന്ന് പറഞ്ഞില്ല. എന്നോടൊന്ന് നിന്റെ കണ്ണിലേക്ക് നോക്കാൻ പറഞ്ഞില്ല?
Me : 🤭
She : ഇപ്പോ കണ്ടപ്പഴാ ഒരു കാര്യം മനസ്സിലായത്. നിന്റെ കണ്ണിൽ നിറയെ പ്രണയമാണ്. നോക്കിയിരുന്നെങ്കിൽ ആരും പ്രണയിച്ചു പോവും. ഞാനും…
Me : 😱
🧍🏻♂️🧍🏻♂️🧍🏻♂️
“ബേബി ഉറങ്ങിയോ? “
“ഇല്ലച്ഛാ “
” ഹൗ വാസ് ദ സ്റ്റോറി ബേബി ? “
” നൈസച്ഛാ”
” ശ്രീമയ് കുട്ടന് ആരോടെങ്കിലും ഇഷ്ടം തോന്നിയാ എന്താ ചെയ്യാ?”
” ഐ ലവ്യൂന്നല്ലേ പറയാ? “
” ഗുഡ് ബോയ്, അപ്പോ തന്നെ പോയി പറേണം. പിന്നീടാവരുത്”
” ഓക്കേ അച്ഛാ, ഗുഡ്നൈറ്റച്ഛാ”
” ഗുഡ്നൈറ്റ് സൺ😘”
🥱🥱😴😴😴😴💤💤💤💤💤


11 Comments
കഥ ഒരുപാടിഷ്ടമായി. ഒരു സിനമ കണ്ടതുപോലെ തോന്നി- Thanks
Nice 👍
സുന്ദരമായ എഴുത്ത്❤️👍
രസായിട്ട് എഴുതി ❤️
Nice👌👌
ഒരു ഡയറി വായിക്കുന്നപോലെ ആസ്വദിച്ചു. പ്രണയവും വിരഹവും വീണ്ടും connected ആകുന്നതും എല്ലാം രസകരമായി എഴുതി.
👍
Wow… ബ്യൂട്ടിഫുൾ. ഓട്ടോഗ്രാഫ് പോലെയോ പ്രേമം പോലെയോ ഒക്കെ ഒരു സിനിമാറ്റിക് ഫീൽ. 👌👌👌👌
നല്ലെഴുത്ത് 👌
നന്നായി രസിച്ചു വായിച്ചു നല്ലെഴുത്ത്👌🌹
ഒരു വിഷമം മാത്രം……. പഠിക്കുന്ന കാലത്ത് ആരെയെങ്കിലുമൊക്കെ പ്രണയിക്കേണ്ടതായിരുന്നു ഇനിയിപ്പോ …… നൊ രക്ഷ😔
നല്ല കഥ/അനുഭവം. ഏതായാലും accidental writer ന് എഴുത്തിനു ശേഷം accident ഒന്നും പറ്റിയില്ലെന്ന് പ്രത്യാശിക്കുന്നു..
ഈ വിഷയത്തിൽ ആദ്യം കിട്ടിയ പോസ്റ്റ് എന്ന നിലയിൽ താങ്കൾ അഭിനന്ദനങ്ങൾ അർഹിക്കുന്നു സുഹൃത്തേ 😄
പിന്നെ പറയാതെ പോയത് അഞ്ചിൽ നിർത്തിയത് മോശമായി പോയി,.
ഒരു ന്യൂ ജൻ എഴുത്ത് അതാണ് മനോജിന്റെ എഴുത്തിന്റെ പ്രത്യേകത.
വ്യത്സ്തമായ ത്രെഡ്സ് അധികം സാഹിത്യം കലർത്താതെ എഴുതുന്ന ശൈലി.
വായനക്കാരെ പിടിച്ചു ഇരുത്താൻ കഴിയുന്നു.
ഈ എഴുത്തിലും അത് കാണാം, കൂട്ടുകാരുമായുള്ള നോർമൽ സംഭാഷണം അത് അപ്പാടെ പകർത്തി, എന്നാൽ ആ അക്ഷങ്ങൾക്ക് നല്ലൊരു ഉണർവ്… ജീവൻ.
Love your writings 😍