ഭാരമോ ബാധ്യതയോ ആയിക്കണ്ട് ജനിപ്പിച്ചവർ തന്നെ ചോരക്കുഞ്ഞുങ്ങളെ ഇല്ലാതാക്കുന്ന ഏതൊരു വാർത്തയും എന്റെ മനസ്സിനെ പിടിച്ചുവലിച്ചു കൊണ്ടുപോകുന്നൊരിടമുണ്ട്… എത്ര മറക്കാൻ ശ്രമിച്ചിട്ടും ആ ഇടവും, അന്ന് കണ്ട കാഴ്ചയും എന്റെ മനസ്സിൽ ഇരട്ടി ശക്തിയോടെ വന്നിങ്ങനെ തെളിഞ്ഞു നിൽക്കും. മനസ്സുലയ്ക്കുന്ന ഇതുപോലുള്ള ഓരോ സംഭവങ്ങളും, അഞ്ചുവർഷങ്ങൾക്ക് മുൻപ് ഞങ്ങൾ താമസിച്ചിരുന്ന ഉത്തർപ്രദേശിലുൾപ്പെട്ട മീററ്റിലെ “റോട്ടാ റോഡ് -Rohta road” എന്ന ചെറിയ പ്രദേശത്തെ ചൊവ്വാഴ്ച മാർക്കറ്റിന്റെ ഒരറ്റത്ത് കൂട്ടിയിട്ടിരിക്കുന്ന മാലിന്യകൂമ്പാരത്തിന് മുന്നിൽ കാണേണ്ടി വന്ന നശിച്ച ഒരു കാഴ്ചക്കു മുന്നിലേക്ക് കൊണ്ടുചെന്നെന്നെ നിർത്തും.
ജനിപ്പിച്ചവർക്ക് വേണ്ടാത്തത് കൊണ്ടുപേക്ഷിക്കപ്പെട്ട, ജനിച്ചിട്ട് മണിക്കൂറുകൾ മാത്രമായ ഒരു ചോരക്കുഞ്ഞിന്റെ മൃതശരീരം തെരുവുനായ്ക്കൾ കടിച്ചുവലിക്കുന്നത് കണ്ട് സ്ഥലകാലബോധം പോലും നഷ്ടപ്പെട്ട അവസ്ഥയിൽ നിന്ന അതേ അവസ്ഥയിലേക്ക് മനസ്സ് വീണ്ടുപോകും. പേടിയോ, സങ്കടമോ, ഉയർന്ന രക്തസമ്മർദ്ദമോ മൂലം തലവേദനിച്ചു ശർദ്ദിച്ചു ഉറങ്ങാതെ കിടന്ന അന്നത്തെ ആ രാത്രി ആവർത്തിക്കപ്പെടും…
“വീണ്ടും ഒരു കുഞ്ഞുകൂടി… വേണ്ടാത്തവർ എന്തിന് കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നു ” എന്ന് തെരുവുനായ്ക്കളെ ഓടിച്ചുകൊണ്ട് കുഞ്ഞിന്റെ മൃതശരീരം ആ മാലിന്യക്കൂമ്പാരത്തിൽ നിന്നും വാരിയെടുത്ത മനുഷ്യർ പറഞ്ഞത് ചെവിയിൽ മുഴങ്ങിക്കൊണ്ടിരിക്കും.
“മനുഷ്യർക്കിങ്ങനെ ക്രൂരരാവൻ സാധിക്കുന്നതെങ്ങനെയാണ് അശ്വതി ” എന്ന് എന്റെ കയ്യിൽ അമർത്തിപ്പിടിച്ചു കരഞ്ഞുകൊണ്ട് ചോദിച്ച രശ്മിയുടെ കയ്യുടെ മരവിപ്പിക്കുന്ന തണുപ്പ് എന്റെ മനസ്സിലേക്കും ബാധിക്കും. എത്രത്തോളം ആ സംഭവം എന്നിലേൽപ്പിച്ച ആഘാതം എഴുത്തിലൂടെ കൺവേ ചെയ്യാൻ സാധിക്കും എന്നറിയില്ല പക്ഷേ ആ സംഭവം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇതുപോലുള്ള ഓരോ വാർത്തയും മനസ്സിൽ ഉണങ്ങാതെ കിടക്കുന്ന മുറിവിൽ വീണ്ടും വീണ്ടും കുത്തിക്കൊണ്ടിരിക്കുകയാണ്.
ആ സംഭവത്തിന് ശേഷം മനസ്സിൽ കയറിക്കൂടിയൊരു ചോദ്യമാണ് കുഞ്ഞുങ്ങളെ ആവശ്യമില്ലാത്തവർ എന്തിന് ജനിപ്പിക്കുന്നു എന്ന്. പ്രായപൂർത്തിയായ രണ്ട് വ്യക്തികളോട് പരസ്പരം അടുക്കരുത് എന്ന് പറയാൻ നമുക്ക് അവകാശമില്ല പക്ഷേ ഇത്രയും പുരോഗമിച്ച ഇന്റർനെറ്റ് യുഗത്തിൽ കുഞ്ഞുങ്ങൾ വേണ്ട എന്നുള്ളവർക്ക് അത് തടയാനുള്ള മാർഗങ്ങൾ സ്വീകരിക്കാമല്ലോ. മതവും സംസ്കാരവും പറഞ്ഞു ഗർഭനിരോധനത്തെ എതിർക്കുമ്പോൾ മാതാപിതാക്കൾ ആഗ്രഹിക്കാതെ ഈ ഭൂമിയിൽ പിറന്നുവീഴുന്ന കുഞ്ഞുങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ജന്മം കൊടുത്തവർ തന്നെ ജീവനെടുക്കുന്ന കുഞ്ഞുങ്ങളും, ജനിച്ചയുടൻ തെരുവിൽ ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങളും കൂടുകയല്ലാതെ കുറയുന്നില്ല.
മൂല്യങ്ങളുടെ അധഃപധനം എന്ന് പരിഹസിച്ചു മാറിനിൽക്കാതെ പ്രോപ്പർ ആയുള്ള സെക്സ് എഡ്യൂക്കേഷൻ ഇല്ലാത്തതാണ് ഇതിന്റെ മൂലകാരണം എന്ന് പലരും മനസ്സിലാക്കുന്നില്ല. സെക്സ് എഡ്യൂക്കേഷൻ സിലബസിൽ ഉൾപ്പെടുത്തണം എന്ന് പറയുമ്പോൾ പ്രാക്ടിക്കലിന് അവസരം കൊടുക്കണം എന്ന് പറയുന്ന ബോധമില്ലാത്തവർ വിചാരിക്കുന്നതുപോലെ സെക്സ് എഡ്യൂക്കേഷൻ എന്നാൽ പോൺ ഫിലിം കാണിച്ചു കൊടുക്കൽ അല്ല എന്നും അതിനപ്പുറം സുരക്ഷിതമല്ലാത്ത ലൈംഗികത ഉണ്ടാക്കുന്ന പ്രശ്നങ്ങളെ കുറിച്ചും, അതിന്റെ ഭവിഷത്തുകളെ കുറിച്ചും കാര്യകാരണസഹിതം വളർന്നുവരുന്ന തലമുറയിലേക്ക് എത്തിക്കുക എന്ന വലിയൊരു ഉദ്ദേശം അതിനുണ്ട് എന്നും പലരും മറക്കുന്നു..
ഇതൊന്നും ആരും പറഞ്ഞിട്ടും പഠിപ്പിച്ചിട്ടും ഒന്നുമല്ല ഇക്കണ്ട മനുഷ്യരൊക്കെ ഈ ഭൂമിയിൽ ജനിച്ചു ജീവിച്ചതെന്ന് പറഞ്ഞു തർക്കിച്ചാൽ ജനിച്ചു ജീവിച്ചവർ അല്ലാതെ അതിന്റെ ദുരിതം പേറി മരിച്ചവരുടെ കണക്കുകൾ കൂടി ആലോചിച്ചാൽ നന്ന്… ഇന്റർനെറ്റ് യുഗത്തിൽ കൈ ഞൊടിച്ചാൽ കുട്ടികൾക്ക് മുന്നിൽ മസാല ചിത്രങ്ങൾ എത്തും… അതൊക്കെ കണ്ട് ആകൃഷ്ട്ടരാകുന്ന മാനസിക പക്വത എത്താതെ ശരീരം കൊണ്ട് മാത്രം വളർന്നവർ ശരീരത്തിന്റെ ആവശ്യത്തെ തൃപ്തിപ്പെടുത്തുമ്പോൾ ഭാവിയിൽ ഉണ്ടായേക്കാവുന്ന വലിയ പ്രശ്നങ്ങളെക്കുറിച്ച് ബോധവാന്മാരാകുന്നില്ല. ഇങ്ങനെയുള്ള സംഭവങ്ങൾ ആവർത്തിക്കപ്പെടുമ്പോൾ സമൂഹത്തിന്റെ മൂല്യച്യുതിയെക്കുറിച്ച് പരിഹാസത്തോടെ പ്രസംഗിച്ചു മാറി നിന്നിട്ടും, അതിലുൽപ്പെട്ടവരെയും അവരുടെ മാതാപിതാക്കളെയും കുറ്റം പറഞ്ഞു മാറിനിന്നിട്ടും കാര്യമൊന്നുമില്ല. മാതാപിതാക്കൾ എത്ര ശ്രദ്ധയോടെ വളർത്തിയാലും വളരുംതോറും അവരെന്താകണം എന്ന് തീരുമാനിക്കുന്നത് ഓരോ വ്യക്തികളുമാണ്. അതുകൊണ്ട് തന്നെ ഇങ്ങനെയുള്ള സംഭവങ്ങൾ ആവർത്തിക്കുമ്പോൾ ചിന്തിക്കേണ്ടത് പ്രോപ്പർ ആയ സെക്സ് എഡ്യൂക്കേഷന്റെ ആവശ്യത്തെക്കുറിച്ചാണ്. ഹൈസ്കൂളിലെ റിപ്രോഡക്ഷൻ പാഠഭാഗങ്ങൾ തനിയെ വായിച്ചു പഠിച്ചോ എന്ന് പറയാതെ… റിപ്രോഡക്ഷൻ എന്നതിനൊപ്പം… സുരക്ഷിതമല്ലാതെ പരസ്പരം അടുക്കുന്നതുകൊണ്ട് ശാരീരികവും, മാനസികവും, സാമൂഹികവുമായി ഉണ്ടാകാൻ പോകുന്ന ഭവിഷത്തുകളെ കുറിച്ചു പ്രായത്തിന് ചേർന്നതുപോലെ കുട്ടികളെ ബോധവാന്മാരാക്കണം. പ്രോപ്പർ ആയ അറിവ് കിട്ടിയാൽ ഒളിച്ചും പാത്തും തെറ്റായ അറിവുകളിലേക്ക് പോകുന്നതിന് കുറവ് വരും… കൃത്യമായ അറിവില്ലാത്തത്തിന്റെ ഉദാഹരണം ആണല്ലോ ഈയിടെ ഒൻപതാം ക്ലാസുകാരി വരെ പ്രസവിച്ച വാർത്ത കേൾക്കേണ്ടി വന്നത്.
ഇനി വലിയൊരു വിഭാഗത്തിന്റെ ലൈംഗികദാരിദ്രത്തെക്കുറിച്ചുള്ള കൃത്യമായ ഐഡിയ കിട്ടണം എങ്കിൽ സോഷ്യൽ മീഡിയയിലെ പല പബ്ലിക് പോസ്റ്റുകളുടെയും കമെന്റ് ബോക്സുകളിൽ പലരും വൊമിറ്റ് ചെയ്തിട്ടിരിക്കുന്ന കമെന്റുകളിലൂടെ കണ്ണോടിച്ചാൽ മാത്രം മതിയാകും.
പ്രോപ്പർ ആയ അറിവുകൾ കിട്ടിയാൽ അറ്റ്ലീസ്റ്റ് മാതാപിതാക്കൾക്ക് വേണ്ടാത്തതായി പിറന്നുവീണു കൊല്ലപ്പെടുന്നതും, ദുരിതംപേറി ജീവിക്കുന്നതുമായ കുഞ്ഞുങ്ങളുടെ എണ്ണത്തിലെങ്കിലും കുറവു വരും… മാതാപിതാക്കൾ ഇല്ലാതാക്കി വലിച്ചെറിയുന്നതും, മാലിന്യകൂമ്പാരത്തിൽ തെരുവുനായ്ക്കളാൽ കടിച്ചു കീറപ്പെടുന്നതുമായ കുഞ്ഞുങ്ങളുമൊന്നും ഇനി ഉണ്ടാകാതിരിക്കട്ടെ. ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നതിനേക്കാൾ എത്രയോ ഭേദമാണ് ഇങ്ങനെയുള്ള കുഞ്ഞുങ്ങളുടെ ജനനങ്ങൾ തടയുന്നത്. കുഞ്ഞുങ്ങൾ ജനിച്ചുവീഴേണ്ടത് സന്തോഷത്തിലേക്കായിരിക്കണം. ഒരിക്കലും മാതാപിതാക്കൾക്ക് വേണ്ടാത്തവർ ആയിട്ട് നരകിക്കാനായിട്ട് ആകരുത്. പ്രോപ്പർ ആയ അറിവുകൾ നേടിയിട്ടും ഒരു കുഞ്ഞിനെ ജനിപ്പിക്കുന്നു എങ്കിൽ ആ കുഞ്ഞിനെ നന്നായി വളർത്താൻ കുഞ്ഞിന്റെ ജനനത്തിൽ പങ്കാളികൾ ആയ രണ്ടുപേർക്കും ഉത്തരവാദിത്തം ഉണ്ട്. ഗർഭപാത്രം ഉള്ളതുകൊണ്ട് സ്ത്രീ മാത്രം അവിടെ ഉത്തരവാദി ആകുന്നില്ല… ഇനി വളർത്താൻ സാധിക്കാത്ത സാഹചര്യം ആണെങ്കിൽ കൊല്ലുകയും, വലിച്ചെറിയുകയും ചെയ്യാതെ ദയവായി “അമ്മത്തൊട്ടിൽ” പോലുള്ള സുരക്ഷിതമായ ഇടങ്ങളിൽ അവരെ ഏൽപ്പിക്കാനുള്ള മനസ്സെങ്കിലും കാണിക്കുക..
Aswathy Joy Arakkal

