Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Wednesday, May 13
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അതിരെഴാ മുകിലേ
കഥ ജീവിതം പ്രണയം

അതിരെഴാ മുകിലേ

By remya bharathyMay 26, 2024Updated:June 8, 20247 Comments12 Mins Read290 Views
Bookmark Now
Please login to bookmark Close

No account yet? Register

സന്ധ്യയാവാറായിരിക്കുന്നു, ആകാശത്തിന്റെ നിറം മാറി തുടങ്ങുന്നു. കിളികള്‍ കലപില കൂട്ടി കൂടും തേടി പറന്നു തുടങ്ങുന്നു. തിരക്കുള്ള തെരുവിലേക്ക് തിരിയുന്ന വഴിയുടെ കവാടമാണ് മുന്നില്‍. മണ്പാത്രങ്ങളുടെ തെരുവ്. മണ്പാത്രങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമല്ല, പ്രതിമകളുണ്ടാക്കുന്നവരുടെ കടകളും ഉണ്ട് ആ തെരുവില്‍. മുന്നില്‍ തിരക്ക് കൂട്ടി നടക്കുന്നവരും വിലപേശുന്നവരും ഉണ്ട്. കുറച്ചു മുന്നിലായി അവന്‍ നടന്നു പോകുന്നു.

“അമൽ…”  കഴിയുന്നത്ര ഉറക്കെ വിളിച്ചു. ഇല്ല കേള്‍ക്കുന്നില്ല. തെരുവിലെ ബഹളത്തില്‍ ആ ശബ്ദം മുങ്ങി പോവുകയാണ്. വേഗത്തില്‍ മുന്നോട്ട് നടന്നു വീണ്ടും വീണ്ടും വിളിച്ചു. അവൻ വിളി കേട്ടിട്ടും കേൾക്കാത്തവനെ പോലെ നടക്കുന്നതായി തോന്നി. കാലുകള്‍ വലിച്ചു വെച്ചു നടന്നു. ഇത്ര അടുത്തെത്തിയിട്ടും അവന്‍ വിളി കേള്‍ക്കുന്നില്ല. കൈ നീട്ടി അവനെ തൊടാന്‍ ആഞ്ഞു കൊണ്ട് ഒരു തവണ കൂടെ വിളിച്ചപ്പോൾ അറിയാതെ ഞെട്ടിയുണർന്നു പോയി. സ്വപ്നമാണ്.

പതിനാറു വർഷം മുന്നേ ഇതേ മുറിയിൽ കിടന്നുറങ്ങിയ ഒരു രാത്രിയിൽ,  ഏറെക്കുറെ ഇതേ സ്വപ്നം കണ്ടത് ഓർമയിലേക്ക് വന്നു. അതോ അത് തോന്നലാണോ? അല്ല. അത്തവണയായിരുന്നു അവസാനമായി തറവാട്ടിലേക്ക് വന്നത്. അതെ ഓർമ വരാന്‍ തുടങ്ങി. അന്ന് ‘അമൽ’ എന്ന് വിളിച്ചു കൊണ്ട് ഞെട്ടി ഉണർന്നപ്പോള്‍ മുന്നില്‍ അച്ഛനുണ്ടായിരുന്നു. ഒരു പക്ഷെ ഞാന്‍ ഒത്തിരി തവണ ആ പേരു വിളിച്ചിരുന്നിരിക്കാം. ഇന്ന് പക്ഷെ ശബ്ദം വെളിയിലേക്ക് വന്നതുമില്ല, അടുത്ത് ശാന്തനായി കിടന്നുറങ്ങുന്ന ഭർത്താവ് അറിഞ്ഞതുമില്ല.

എഴുന്നേറ്റിരുന്നു. കുറച്ചു വെള്ളം കുടിക്കണം. എന്നാലും എന്താവും വീണ്ടും കണ്ട ഈ സ്വപ്നത്തിന്റെ അര്‍ത്ഥം? ആ വിളിയുടെ പുറകിലെ കാരണം എനിക്ക് മനസ്സിലാവാന്‍ ഒരു സാധ്യതയുമില്ല. കാരണം അത് എന്റെ ശബ്ദമായിരുന്നില്ല.

അച്ഛൻ പോയിട്ട് വർഷമൊന്നു കഴിഞ്ഞിരിക്കുന്നു. ഇന്നലെ അച്ഛന് ശ്രാദ്ധമൂട്ടി വന്നപ്പോൾ ആലോചിച്ചു, അച്ഛന് ഇഷ്ടപ്പെട്ടിട്ടുണ്ടാവുമോ? നാട്ടിലേക്ക് തിരിച്ചു വന്നതും, ശ്രാദ്ധമൂട്ടിയതും?  അച്ഛന് ഇതിലൊന്നും വിശ്വാസവുമുണ്ടായിരുന്നില്ല. നാട്ടിൽ വരാനും ഇഷ്ടമുണ്ടായിരുന്നില്ല. അച്ഛന് താൽപ്പര്യം ഇല്ലായിരുന്നു എന്നറിഞ്ഞിട്ടും വല്യമ്മയുടെ നിർബന്ധപ്രകാരം ചടങ്ങുകൾ വന്ന് ചെയ്തു. തെറ്റാണോ ചെയ്തത്?

അല്ല. ദീപ്തൻ പറഞ്ഞതാണ് ശരി, മരിച്ചു പോയവർക്ക് വേണ്ടിയല്ല, ജീവിച്ചിരിക്കുന്ന, ശേഷിക്കുന്നവർക്ക് വേണ്ടിയാണ് ശേഷക്രിയ. വല്യമ്മക്ക് പേടി, കുടുംബത്തിലെ മോക്ഷം കിട്ടാതെ പോയ പൂർവികർ നാളെ അവരുടെ ആണ്മക്കൾക്കും തലമുറകൾക്കും ബാധ്യതയാവുമോ എന്ന്. ഞാനാണെങ്കിൽ ഒരു പെണ്ണ്. പോരാത്തതിന് ഞങ്ങൾക്ക് കുട്ടികളുമില്ല. അപ്പോള്‍ തറവാടിന്റെ അടുത്ത തലമുറകളുടെ ബാധ്യത മുഴുവന്‍ സ്വന്തം ആൺ മക്കളുടെ ഉത്തരവാദിത്തമാണല്ലോ. പ്രത്യേകിച്ചും അച്ഛനും വല്യച്ഛനും ശേഷം കുടുംബത്തിലെ മുതിര്‍ന്ന ആളെന്ന നിലയില്‍ ഇനി വല്യമ്മയാണല്ലോ എല്ലാത്തിനും.

നേരം പുലരാൻ ഇനിയും സമയമുണ്ട്. എഴുന്നേറ്റ് ജനാല പതിയെ തുറന്നു. നല്ല തണുത്ത കാറ്റ് അരിച്ചു കയറുന്നു. ഇന്നലെ വല്യമ്മയുടെ നിർബന്ധം കാരണം, കൊതുകും പ്രാണികളും കയറേണ്ട എന്ന് പറഞ്ഞു ജനലുകൾ അടച്ചിട്ടതായിരുന്നു. ആ തണുത്ത കാറ്റ് ഒരു നിമിഷം കൊണ്ട് എന്നെ പഴയകാലത്തേക്ക് കൂട്ടിക്കൊണ്ടുപോയി.

തറവാട്ടിൽ പാർക്കാൻ വരുന്ന ശീലം തീരെ ഇല്ലായിരുന്നു. അച്ഛനെന്തോ അത് ഇഷ്ടമുണ്ടായിരുന്നില്ല. എന്തെങ്കിലും ആവശ്യങ്ങള്‍ക്ക് വേണ്ടി വന്നൊന്നു പോവുക എന്നതേ പതിവുള്ളു. എന്നാല്‍ അത്തവണ മുത്തശ്ശിയുടെ മരണം ഒരു കാരണമായി. രണ്ടാഴ്ച, അതും വേനലവധിക്കിടെ ഇവിടെ താമസിച്ചു. അമ്മയുടെ ഓർമ്മകൾ ബാംഗ്ലൂരിലെ വീട്ടിലെ ആൽബങ്ങളില്‍ മാത്രമാണ്. അച്ഛനുമൊത്തുള്ള കുറച്ചു ചിത്രങ്ങൾ. എന്റെ കൂടെ അതും കൂടിയില്ല. അതിനുള്ള സമയം കിട്ടാതെ വിധി അമ്മയെ തട്ടിയെടുത്തിരുന്നല്ലോ. ജനിച്ചതും ജീവിച്ചതും, അച്ഛന്റെയും അമ്മയുടെയും മരണവും, എല്ലാം ചേര്‍ന്ന്‍ അച്ഛനെയും എന്നെയും ആ നഗരത്തില്‍.

അതിൽ നിന്നുമുണ്ടായ ഒരേയൊരു വ്യത്യാസം ആയിരുന്നു ആ പതിനാറു ദിവസങ്ങൾ. കുടുംബവീടുകള്‍ അടുത്തടുത്ത്‌ ഉണ്ടായിരുന്നത് കൊണ്ട്, പകലെല്ലാം ഒത്തിരി കൂട്ടുകാര് ചുറ്റും ഉണ്ടായിരുന്നു. വൈകിട്ടാവുമ്പോള്‍ അവര്‍ വീടുകളിലേക്ക് മടങ്ങും. സന്ധ്യ കഴിഞ്ഞാല്‍ ആളൊഴിഞ്ഞ വീട്ടിലെ മുറികളില്‍ കറങ്ങി നടക്കും. അങ്ങനെ ഒരിക്കല്‍ ആണ് ഈ മുറിയില്‍ അമ്മയുടെ പഴയ പെട്ടികള്‍ കണ്ടത്. പിന്നീട് വല്യമ്മയോട് പറഞ്ഞു കിടത്തം ഈ മുറിയില്‍ ആക്കി. അന്ന് ഇവിടെ നിന്ന് കിട്ടിയ അമ്മയുടെ പഴയ ഡയറികുറിപ്പുകൾ, അമൽ എന്നു കയ്യൊപ്പിട്ട ചില ചിത്രങ്ങൾ. അമ്മയുടെ പഴയ ചില ഫോട്ടോകൾ. അമ്മയുടെ അത്രയും ഭംഗിയുള്ള ഫോട്ടോകൾ ബാംഗ്ലൂരിലെ വീട്ടിലെ ആൽബങ്ങളിൽ ഒന്നുമില്ല. വീതിയുള്ള ബോര്‍ഡറുള്ള കോട്ടന്‍ സാരി വാരി ചുറ്റി കറുത്ത വട്ട പൊട്ടും തൊട്ട അമ്മ.

ആ ഡയറി ഒരു പക്ഷെ അമലിന്റെ ആയിരുന്നിരിക്കണം. പക്ഷെ അതിലെ ഒഴിഞ്ഞ താളുകളിൽ കവിതപോലുള്ള കുറിപ്പുകൾ എഴുതിയത് അമ്മയായിരുന്നു എന്നെനിക്ക് ഉറപ്പുണ്ട്. അമലിനെ അമ്മ പ്രണയിച്ചിരുന്നു എന്നു വേണം കരുതാൻ. ഒരുപക്ഷെ ഞാനതറിയരുത് എന്ന നിർബന്ധം ഉള്ളത്കൊണ്ടാവാം അച്ഛൻ എല്ലാത്തിൽ നിന്നും എന്നെ അകറ്റി നിർത്തിയത്. അന്നതൊന്നും മുഴുവന്‍ വായിക്കാൻ സാധിച്ചില്ല. വായിച്ചാലും മനസ്സിലാവുമായിരുന്നില്ല എന്ന് ഇന്ന് തോന്നുന്നു. എന്തുകൊണ്ടോ ആ ഡയറിയും അതിനകത്തുള്ള അമ്മയുടെ ഫോട്ടോകളും അച്ഛനെ കാണിക്കാൻ തോന്നിയില്ല. ആരും കാണാതെ പിന്നെ വായിക്കാം എന്ന തോന്നലിൽ അന്നത് ഇവിടെ എവിടെയോ പുസ്തകങ്ങൾക്കിടയി കയറ്റി വെച്ചിരുന്നു. നേരം വെളുക്കട്ടെ ഒന്ന് തപ്പി നോക്കണം.

തിരികെ പോയി ദീപ്തന്റെ അരികില്‍ കിടന്നു. ഇനിയും ഒന്നൂടെ ഉറങ്ങാൻ സമയമുണ്ട്. ജനലിലൂടെ വന്ന തണുപ്പിന്റെ സുഖത്തിൽ കണ്ണുകള്‍ അടഞ്ഞു പോയി.

രാവിലെ കുളി കഴിഞ്ഞു അടുക്കളയിലേയ്ക്ക് കടന്നു ചെന്നപ്പോഴെക്കും വല്യമ്മ ഭക്ഷണമൊക്കെ ഉണ്ടാക്കി വെച്ചിരിക്കുന്നു. പുഞ്ചിരിച്ചുകൊണ്ട് വല്യമ്മ ഒരു ചായക്കോപ്പ നീട്ടി.
” ദീപ്തൻ എണീറ്റില്ലേ മോളെ? ചായ തരട്ടെ?”
” വേണ്ട വല്യമ്മേ ഇത്തിരീം കൂടെ കഴിയും.”
” ആഹാ ഇതാണോ ചാരു മോള്? ഞാനൊന്ന് കാണട്ടെ” അടുക്കളവാതിലിൽ നിന്നൊരു ശബ്ദം. വല്യമ്മയോളം പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ.
” ഇത് കിഴക്കേലെ അമ്മിണിയമ്മായി. മോള് കണ്ടിട്ടില്ലേ. മോളുടെ അമ്മയുടെ വലിയ കൂട്ടുകാരിയായിരുന്നു.” അമ്മായിയുടെ മുഖം മങ്ങുന്നത് കണ്ടു.
” കുട്ടി, അവളുടെ മുറിച്ചമുറി ല്ലേ? നീ പറഞ്ഞപ്പോ ഞാൻ ഇത്രേം കരുതീല ട്ടോ.” അമ്മിണിയമ്മായി എന്റെ കയ്യില്‍ പിടിച്ചു പറയുന്നത് കേട്ട് വല്യമ്മ കറിക്ക് ഉപ്പു നോക്കുന്നതിനിടെ പതിയെ ചിരിച്ചു.

എന്നെക്കാണാൻ അമ്മയെ പോലെയാണെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷെ അല്ല. അമ്മയെന്തു സുന്ദരിയായിരുന്നു. അതൊന്നും എനിക്ക് കിട്ടീട്ടില്ല. ആ ഫോട്ടോയിലെ ഭംഗിയൊന്നും ഈ ജന്മം കിട്ടാനും പോണില്ല. അപ്പോഴാണ് ഓർത്തത്. അതൊന്നു തിരയണ്ടേ?  ഉടനെ തിരികെ മുറിയിലേക്ക് പോകുന്നതെങ്ങനെ, കുറച്ചു നേരം വല്യമ്മക്കും അമ്മിണിയമ്മക്കും കൂട്ടുകൊടുത്തു നാട്ടുവർത്തമാനം പറഞ്ഞിരുന്നു. അതിനിടെ ദീപ്തൻ എണീറ്റു വന്നു. വല്യമ്മ വിളമ്പിയ ഭക്ഷണവും കഴിച്ചു ഞങ്ങൾ തിരികെ മുറിയിലേക്ക് പോയി.

ഇന്നലെ വന്നപ്പോൾ ക്ഷീണം കാരണം മുറി വേണ്ടത്ര ശ്രദ്ധിക്കാൻ പറ്റിയില്ല. മുറിയുടെ മൂലക്ക് പഴയ ആ പുസ്തക അലമാരി കിടക്കുന്നുണ്ട്. ഈ മുറി ഒരിക്കൽ അമ്മ ഉപയോഗിച്ചതായിരുന്നു. അമ്മ വായിച്ച പുസ്തകങ്ങൾ അടുക്കി വെച്ചിട്ടുണ്ട്. ആരോ ഇടക്കിവിടെയൊക്കെ പൊടി തട്ടി വൃത്തിയാക്കി ഇടുന്നുണ്ട് എന്ന വ്യക്തമാണ്. അല്ലായിരുന്നേൽ ഈ പുസ്തകമൊക്കെ ഇതിനോടകം കേടു വന്നിരുന്നേനെ. ആരും ആ ഡയറി കണ്ടിട്ടുണ്ടാവല്ലേ. ഞാൻ മനസ്സിൽ പ്രാർത്ഥിച്ചു.

പുസ്തകങ്ങൾ ഓരോന്നോരോന്നായി നീക്കിവെച്ചു തിരയാൻ തുടങ്ങി. കുറെ പുസ്തകങ്ങൾ അടുക്കും തെറ്റി താഴേക്ക് വീണ്ടു.

ലാപ്ടോപ്പിൽ ജോലി ചെയ്തുകൊണ്ടിരുന്ന ദീപ്തൻ തലയൊന്നുയർത്തി ചോദിച്ചു, ” ചാരു, ഓക്കേയല്ലേ?”

പുസ്തകങ്ങൾ അടുക്കുന്നതിനിടെ ഞാന്‍ മറുപടി കൊടുത്തു,
“ഓക്കേയാ”

മറിഞ്ഞു വീണ പഴയ മാസികകളുടെ കൂടെ തുകൽ ചട്ടയുള്ള ഡയറി. അതെ അത് ഇത് തന്നെ. തുറന്ന് നോക്കിയപ്പോൾ ചിത്രങ്ങൾ, കവിതകൾ, എഴുത്തുകൾ, ഫോട്ടോകൾ. താനിന്നു വരെ കണ്ടിട്ടില്ലാത്ത അമ്മയുടെ മനസ്സ് തുറന്ന് ചിരിക്കുന്ന ചിത്രങ്ങൾ. മറ്റു പുസ്തകങ്ങൾ യാന്ത്രികമായി അലമാരയിലേക്ക് കയറ്റി വെച്ച് ഡയറിയുമായി പുറത്തേക്കിറങ്ങി.

നടുമുറ്റത്തെ തൂണിൽ ചാരിയിരുന്നു ആ ഡയറിയുടെ താളുകൾ മറിച്ചു തുടങ്ങി. അമൽ വരച്ച ചിത്രങ്ങൾ. കൽക്കട്ടയുടെ പല മുഖങ്ങൾ, അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളുടെ കാരിക്കേച്ചറുകൾ. ഓരോ താളുകളും മറിക്കുമ്പോൾ അമ്മയുടെ സാന്നിധ്യം അറിയുന്നത് പോലെ. അമ്മയുടെ ഹൃദയം എന്റെ വിരൽ തുമ്പിൽ വന്നിരുന്നു സ്പന്ദിക്കും പോലെ. എത്രവട്ടം അമ്മയിതുപോലെ ഈ താളുകൾ തഴുകി കാണും. സന്തോഷം കൊണ്ടും വിരഹം കൊണ്ടും വേദനകൊണ്ടും വിങ്ങുന്ന ഹൃദയവുമായി…


അടുത്ത പേജിലേക്ക് മറിച്ചപ്പോൾ അമ്മയുടെ വരികൾ. കാവ്യമെന്ന് തന്നെ പറയാം. ആ വരികൾക്കിടയിലുണ്ട് അമലിന്റെ ചിത്രം, അമ്മയുടെ ഹൃദയത്തെ നിമിഷാർദ്ധങ്ങളിൽ നിശ്ചലമാക്കിയിരുന്ന അവന്റെ കണ്ണുകൾ,  വെള്ളി നര വന്നു തുടങ്ങിയ അവന്റെ താടി, അവന്റെ അയഞ്ഞ കുർത്തയും തുണി സഞ്ചിയും, അമ്മയെ കുടുകുടാ ചിരിപ്പിച്ചിരുന്ന അവന്റെ തമാശകൾ.

ഡയറിയിലെ വരികളിലൂടെ, അവര്‍ നടന്ന വീഥികള്‍, യാത്ര ചെയ്ത പാതകള്‍, കണ്ട കാഴ്ചകള്‍, ഫോട്ടോകൾ എടുത്ത സ്ഥലങ്ങൾ. അവർക്കൊപ്പം പതിയെ ഞാനും നടക്കുകയായിരുന്നു, അറുപത്തിയെട്ടുകളിലെ കൽക്കട്ടയുടെ ഹൃദയത്തിലൂടെ.

എന്നാലും ആരായിരുന്നു അമൽ? അച്ഛന് അറിയാമായിരുന്നോ അമലിനെ? ഇവരെ പറ്റി? ഈ ഡയറി തീർച്ചയായും അച്ഛൻ കണ്ടു കാണില്ല. അല്ലായിരുന്നേൽ നശിപ്പിച്ചിരുന്നേനെ. കവിത തുളുമ്പുന്ന വരികളായി അമ്മ കുറിച്ചിട്ട അവരുടെ ജീവിതത്തിലൂടെ ഞാൻ അവസാനത്തെ പേജിൽ എത്തി. നെഞ്ചില്‍ നിന്നും പിടപ്പ് ചങ്കില്‍ കനപ്പെട്ടു നിന്നു. പതിയെ അത് മൂക്കിലേക്ക് ഇഴഞ്ഞു കയറി. അവിടെയും പിടിച്ചു നില്ക്കാന്‍ സാധിക്കാതെ കണ്ണുകളിലേക്ക് ചേക്കേറാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ പതിയെ കണ്ണുകള്‍ അടച്ചു.

മൂർദ്ധാവിൽ ഒരു ചുംബനവും കയ്യിൽ ഈ ഡയറിയും ക്യാമറയും ഏൽപ്പിച്ചു അമൽ നടന്നു പോയ കാലടി ശബ്ദം എനിക്കിപ്പോള്‍  കേൾക്കാനാവുന്നുണ്ട്. അമ്മയുടെ വിങ്ങലും കാത്തിരിപ്പും.

അലറി കരയും പോലെ, തേങ്ങും പോലെ അമ്മ ഒരു പേജ് മുഴുവൻ അമൽ എന്ന് എഴുതി വെച്ചിരിക്കുന്നു…

അമ്മയെപ്പോഴാവും അമലിനെ കണ്ടു മുട്ടിയിട്ടുണ്ടാവുക? വിവാഹത്തിന് മുന്നെയോ? അതോ അതിനു ശേഷമോ? എന്നിട്ട് അമലിന് എന്തു സംഭവിച്ചു? അയാളിപ്പോഴും കൽക്കട്ടയിൽ ജീവിച്ചിരിപ്പുണ്ടാവുമോ? എന്നെങ്കിലും എനിക്ക് അമലിനെ കാണാൻ സാധിക്കുമോ? ചിന്തകൾ പതിയെ എന്നെയൊരു സ്വപ്നലോകത്തേക്ക് കൊണ്ട് പോയി. അവിടെ അമ്മ നടന്ന വഴികളിലൂടെ ഞാനും നടക്കുകയായിരുന്നു. എനിക്കൊപ്പം അമലുണ്ട്. പക്ഷെ അമലിന്റെ മുഖം എനിക്ക് കാണാൻ വയ്യ. അമലിന്റെ കയ്യിൽ ഈ ഡയറിയുണ്ട്. പിന്നെയൊരു ക്യാമറയും. അത് എവിടെയോ കണ്ടിട്ടുണ്ടല്ലോ. അമൽ ആ ക്യാമറയിൽ ചിത്രങ്ങൾ പകർത്തുന്നതും നോക്കി ഞാൻ നിന്നു.

എപ്പഴാണ് മയങ്ങി പോയതെന്നോർമ്മയില്ല. ഉറക്കത്തിൽ ആരോ ഒരാൾ എന്റെ അടുത്ത് വന്നു നിന്നതും എന്നേ തഴുകി പോയതും ഞാനറിഞ്ഞു. ആരായിരുന്നു അത്? അമൽ?

“ചാരൂ….” ദീപ്തന്റെ വിളി കേട്ടാണ് ഞാൻ ഉറക്കത്തിൽ നിന്ന് ഞെട്ടി എഴുന്നേറ്റത്. ഇത് കൽക്കട്ടയല്ല എന്ന് തിരിച്ചറിയാൻ ഇത്തിരി സമയം എടുത്തു. ഉണരുമ്പോൾ ഞാൻ നടുമുറ്റത്തെ തൂണിൽ ചാരി ഇരിക്കുകയായിരുന്നു. വെയിലിന്റെ വെളിച്ചം മുഖത്തേക്കടിച്ചു തുടങ്ങിയിരുന്നു. വെയിലിലേക്ക് നോക്കിയതും കണ്ണെല്ലാം പുളിച്ചു. ഉമ്മറത്ത് നിന്നാണ് ദീപ്തൻ വിളിക്കുന്നത്. വേഗം എഴുന്നേറ്റ് അങ്ങോട്ട് നടന്നു. പുറത്ത് ആരുടെയോ സംസാരം കേൾക്കുന്നുണ്ട്. ദീപ്തന് ആരോ വിരുന്നുകാരുണ്ട് എന്ന് തോന്നുന്നു.

“നമ്മടെ നിക്കോണിന്റെ അപ്പനായിട്ട് വരും ഇത്.”  ആ ശബ്ദം… അത് മുന്നേ കേട്ടിട്ടുണ്ടോ? മനസ്സിലാവുന്നില്ല.

“നല്ല വെയിറ്റ് ഉണ്ട് ഇതിനു” ദീപ്തന്റെ മറുപടി.

“68 മോഡലാ.” അയാളുടെ ശബ്ദം.

ഞാൻ ഉമ്മറപ്പടി താണ്ടി പുറത്തേക്ക് വന്നു. ഉമ്മറത്ത് ദീപ്തനോട് സംസാരിച്ചുകൊണ്ട് ആരോ ഇരിക്കുന്നുണ്ട്. പെട്ടെന്ന്  വെളിച്ചത്തിൽ നിന്ന് വന്നത് കൊണ്ട്  മുഖം വ്യക്തമായി തെളിയുന്നില്ല.

“ചാരൂ. ഇത് അമൽ. എന്റെ സുഹൃത്താണ്. ഒരുപാട് യാത്രകൾ ചെയ്തിട്ടുണ്ട്. ആളിപ്പോ ഒരു കൽക്കട്ട യാത്രയൊക്കെ കഴിഞ്ഞു വന്നിരിക്കയാണ്.”

ഇരുട്ട് മാഞ്ഞു തെളിഞ്ഞു വന്ന കണ്ണിൽ ആദ്യമായി ആ മുഖം പതിഞ്ഞപ്പോൾ ഉള്ളിലൂടെ ഒരു മിന്നൽ പാഞ്ഞു. ആ മുഖം… അമ്മയുടെ വരികളില്‍ വരച്ചു വെച്ചതുപോലെ. ആ പേര്… ഞാനാ കണ്ണുകളിലേക്ക് നോക്കി. അതേ. അമ്മ എഴുതിയത് പോലെയുള്ള കണ്ണുകൾ. ഞാൻ സ്വപ്നം കാണുകയാണോ? അയാളുടെ കയ്യിലൊരു ക്യാമറ. തൊട്ടുമുന്നേ സ്വപ്നത്തിൽ കണ്ടത് പോലെ ഒരു ക്യാമറ. അയാൾ അത് ദീപ്തനു കാണിച്ചു കൊടുക്കുകയാണ്. എന്റെ തൊണ്ട വരണ്ടു. ദീപ്തൻ പിന്നെയും എന്നോട് എന്തൊക്കെയോ ചോദിക്കുന്നുണ്ട്. പകുതിയും ഞാൻ കേൾക്കുന്നില്ല.

“നമ്മൾ ആദ്യായിട്ടല്ലേ… ” അമൽ എന്നേ നോക്കി ചോദിച്ചു. വെള്ളം വറ്റിയ തൊണ്ടയിൽ നിന്നെവിടെയോ ഒരു “ഹാ” മുറിഞ്ഞു വീണു. അത് കേട്ടിട്ടോ എന്തോ അമൽ എന്നേ ഒന്നൂടെ നോക്കി. ആ കണ്ണുകളിൽ എന്റെ പ്രതിബിംബം പതിയുന്ന നിമിഷം എനിക്കെന്താണ് തോന്നിക്കൊണ്ടിരിക്കുന്നത് എന്ന് മനസ്സിലാവുന്നില്ലല്ലോ.

“ചാരൂ. തന്റെ അച്ഛന്‍റെലും ഇതുപോലെ ഒരു ക്യാമറ ഉണ്ടായിരുന്നില്ലേ?”

അതേ. അച്ഛന്റെ കയ്യിൽ ഉണ്ടായിരുന്ന ക്യാമറ. അത് ഇതുപോലെ ഒരെണ്ണമാണ്. പിന്നെ അത് എപ്പോഴോ കാണാതെയായി. കേടു വന്ന് കളഞ്ഞതാവാം. അല്ലേൽ ആർക്കേലും കൊടുത്തുകാണും. എന്താണ് എനിക്ക് ചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്നത്?

“ഇതിനെത്രയായി?” ദീപ്തൻ വീണ്ടും ചോദ്യം തുടരുകയാണ്.

“ഇതെന്റെ ഒരു ഫ്രണ്ടിന്റെയാ. ഇതവൻ തന്നതാ. ഇതൊക്കെ പൈസ കൊടുത്തു നമുക്ക് വേടിക്കാൻ പറ്റോ? അവനങ്ങനെ പഴയ സാധനങ്ങൾ ഒക്കെ കളക്ട് ചെയ്യുന്ന പരിപാടി ണ്ട്.”

അമലിന്റെ ശബ്ദം ചെവിയിൽ അലയടിക്കുന്നു. ആ മുഖം.. കണ്ണുകളുടെ ചലനം… കണ്ണിലെയും ചെവിയിലെയും കുളിരു തലക്കുള്ളിൽ കയറി കൂടി കറങ്ങി തിരിഞ്ഞു കഴുത്തിലൂടെ കൈകളിലേക്ക് ഇറങ്ങുന്നു. രോമകൂപങ്ങൾ എണീറ്റ് നിൽക്കുന്നു. എനിക്ക് അമലിനോട് സംസാരിക്കണം എന്നുണ്ട്. പക്ഷെ ദീപ്തനും അമലും സംസാരിച്ചുകൊണ്ട് ഇരിക്കുന്നു. എന്നെ ശ്രദ്ധിക്കുന്നതേയില്ല. ഞാൻ പതിയെ ‘ചായ എടുക്കാം’ എന്ന് പറഞ്ഞു അകത്തേക്ക് വലിയാൻ തുടങ്ങി.

“ഉച്ചയായില്ലേ ചാരൂ. അമൽ ഇനി കഴിച്ചിട്ടേ പോകുന്നുള്ളൂ. അമലിനു ഈ പരിസരമൊക്കെ ഒന്ന് കറങ്ങി കാണണം എന്നുണ്ട്. ചിത്രങ്ങൾ എടുക്കാനും. ഒന്ന് കൂടെ പോകുമോ? എനിക്കൊരു ഓൺലൈൻ മീറ്റിംഗ് ഉണ്ട്. നേരത്തെ തീർന്നാൽ ഞാനും ഇറങ്ങാം.”ദീപ്തൻ പറഞ്ഞു.

“ഈ മിണ്ടാതെ നിൽക്കുന്നത് കണക്കാക്കണ്ട കേട്ടോ. തന്നെ പോലെ കവിതയും വരയും ഒക്കെ ഇഷ്ടമുള്ള ആളാണ്.” ദീപ്തൻ അമലിനോട് എന്നെ പറ്റി പറയുന്നത് കേട്ടപ്പോൾ, ദീപ്തന്റെ വാക്കുകളിൽ എനിക്കന്ന് ആദ്യമായി അഭിമാനം തോന്നിയത് പോലെ.

” വരൂ” ഞാൻ മുന്നേ നടന്നു. രണ്ടടി പുറകിൽ അമൽ നടക്കുന്നു. അമലിന്റെ കയ്യിൽ ആ ക്യാമറയുണ്ട്. എന്റെ കയ്യിൽ ആ ഡയറിയും. കാലങ്ങൾക്ക് അപ്പുറത്തു നിന്ന് ഒരു രംഗം പുനരാവിഷ്‌ക്കരിക്കുന്നത് പോലെ. സത്യത്തിൽ ഈയൊരു നിമിഷം എന്നിലേക്ക് അമ്മയുടെ ആത്മാവ് പരകായപ്രവേശം നടത്തിയോ എന്ന് ഒരു സംശയം. അമൽ ചുറ്റും ഓരോന്നായി നോക്കി നടക്കുന്നു. ഇടക്ക് ചില ചിത്രങ്ങൾ എടുക്കുന്നു.

“ചാരു ല്ലേ. ചാരുലതയോ അതോ ചാരുകേശിയോ? ” അമൽ തന്നെ സംഭാഷണം തുടങ്ങി വെച്ച്. എന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.

“ചാരുലത. അമ്മയുടെ പേരാണ്. ഞാൻ എനിക്ക് സ്വയം ഇട്ട പേര്. ഞാൻ തീരെ കുഞ്ഞായിരുന്നപ്പോൾ അമ്മ മരിച്ചു. ആ സമയത്തു എന്നോട് ആരേലും പേര് ചോദിച്ചാൽ അമ്മയുടെ പേരു പറയുമായിരുന്നു. സ്കൂളില്‍ ചേര്‍ത്തപ്പോള്‍ അച്ഛൻ പിന്നെ ഇത് എന്റെ ഒഫീഷ്യല്‍ പേരാക്കി.”

“ചാരു എന്ന് തന്നെ വിളിക്കാലോല്ലേ?”

“ഹും” ഞാന്‍ പതിയെ മൂളി.

“കവിത ഇഷ്ടമെന്ന് പറഞ്ഞു. എഴുതുമോ?”

“ഏയ് അതൊക്കെ ദീപ്തൻ വെറുതെ പറയുന്നതാണ്. ഇഷ്ടമാണ്. പണ്ട് ചെറുപ്പത്തിൽ എന്തൊക്കെയോ കുത്തി കുറിച്ചിരുന്നു. ബോധം വെച്ചപ്പോ അത് നിര്‍ത്തി. ഇപ്പൊ വായിക്കും.”

തിരിഞ്ഞു നോക്കിയപ്പോള്‍ എന്റെ ഭാഗത്തേക്ക് പോലും നോക്കാതെ ചുറ്റുമുള്ള കാവും മരവുമെല്ലാം ചിത്രമെടുപ്പാണ് കക്ഷി. ഇതിനിടെ ഒന്ന് മൂളി. അത്ര തന്നെ. എനിക്ക് ദേഷ്യം വരുന്നു. പക്ഷെ ഒരു ബന്ധവുമില്ലാത്ത ഒരാളോട് അത് എന്തിനാണെന്ന് മനസ്സിലാവുന്നില്ലല്ലോ. വെറുമൊരു പേരിന്റെ പേരില്‍ ഞാനെങ്ങനെ ഒരാളെ ഇത്രയും മുന്‍വിധിയോടെ സമീപിക്കുന്നു!

“എന്ത് തരം ചിത്രങ്ങളാണ് വരക്കാറ്?”  ഞാൻ തന്നെ സംഭാഷണം മുന്നോട്ട് കൊണ്ട് പോകാം എന്ന് തീരുമാനിച്ചു.

“വര എന്നൊന്നും പറയാനില്ല. കുത്തിവര എന്ന് പറയാം. കാർട്ടൂൺ പോലെ കാരിക്കേച്ചറു പോലെ എന്തേലും വരക്കും ഓരോ സമയത്തെ മൂഡിന്.

എനിക്കൊരു അമ്മാവൻ ഉണ്ടായിരുന്നു. അമ്മയുടെ ഏറ്റവും ഇളയ അനിയൻ. പുള്ളി തരക്കേടില്ലാതെ വരക്കുമായിരുന്നു എന്നു കേട്ടിട്ടുണ്ട്.

അമ്മച്ഛന് കൽക്കട്ടയിൽ ആയിരുന്നു ജോലി. അമ്മയുടെ കുട്ടിക്കാലമൊക്കെ അവിടെയായിരുന്നു. വിവാഹശേഷം അമ്മ നാട്ടിലേക്ക് വന്നു. അവരൊക്കെ പിന്നീടും കുറെ കാലം അവിടെ ആയിരുന്നു. ഈ അമ്മാവൻ ഒരു ജേര്ണലിസ്റ്റും വിപ്ലവകാരിയുമൊക്കെയായിരുന്നു. അടിയന്തരാവസ്ഥകാലത്തു അവിടെ നടന്ന ഒരു വെടിവെപ്പിൽ ആണ് മൂപ്പര് മരിച്ചത്. അതിന്റെ അടുത്ത ആഴ്ചയാണ് ഞാൻ ജനിക്കുന്നത്. അങ്ങനെയാണ് അമ്മാവന്റെ പേര് എനിക്ക് കിട്ടിയത്. അമൽ എന്ന പേര് അക്കാലത്തേ അവിടെ പ്രചാരത്തിൽ ആയിരുന്നല്ലോ. പലരുടേം വിചാരം എന്റെ വീട്ടുകാര് മോഡേൺ പേര് ഇട്ടതാണെന്നാ.”

എന്റെ കൈ ആ ഡയറിക്കു മുകളിൽ മുറുകി. ആ അമൽ തന്നെയാവുമോ  ഈ പറഞ്ഞ അമ്മാവൻ? എന്റെ ഹൃദയത്തിന്റെ വേഗം കൂടി. അത് പുറത്തേക്ക് കാണിക്കാതെ ഞാൻ ചോദിച്ചു.

“കാണാനും അമലിനെ പോലെ ആയിരുന്നോ അമ്മാവൻ?” എനിക്ക് കൗതുകം സഹിക്കുന്നുണ്ടായിരുന്നില്ല.

“അതേയെന്നേ. അമ്മയ്ക്കും അമ്മമ്മക്കും ഒക്കെ ആ ഒരു പറച്ചിൽ ഉണ്ട്. ഇപ്പഴും ഞാൻ എന്ത് കുരുത്തക്കേട് കാണിച്ചാലും മൂപ്പരാണ് രക്ഷക്ക്. അവനും ഇങ്ങനെ ആയിരുന്നു എന്ന്‍ ആരേലും ഒരാൾ പറയും.”

“അമലിന്റെ കുടുംബം?”

“ഭാര്യ, മക്കൾ, ല്ലേ? ഇല്ല. അങ്ങനെ ആരും ഇല്ല. വേണ്ടാന്നു വെച്ചതൊന്നും അല്ല. വേണമെന്ന് വെക്കാൻ തോന്നാൻ പാകത്തിന് ആരെയെങ്കിലും കിട്ടുമ്പോ മതി എന്ന് കരുതി. കിട്ടിയില്ല. പരാതിയും സങ്കടങ്ങളും ഇല്ലാതെ സമാധാനമായി പോകുന്നു.”

അമൽ വീണ്ടും നടക്കുകയാണ്. ഇനി എന്ത് ചോദിക്കും? ഈ ഡയറിയെ പറ്റി പറയണോ? ചിലപ്പോൾ വിശ്വസിക്കുക കൂടെയില്ല. നേരെ പോയി ദീപ്തനോട് പറഞ്ഞു കൊടുത്താലും ബുദ്ധിമുട്ടാണ്. നേരവും തഞ്ചവും നോക്കി പറയണം.

“അമ്മാവന്റെ വരകൾ കണ്ടിട്ടുണ്ടോ?”

“ഇല്ലാന്നേ, അതും കൂടെ തിരയാനായിരുന്നു കഴിഞ്ഞ കൽക്കട്ട യാത്ര. പക്ഷെ ഒന്നും തടഞ്ഞില്ല.”

“അമ്മാവനെ പറ്റി പിന്നെ എന്തൊക്കെ അറിയാം?”

“ഇതെന്താടോ താൻ എന്റെ അമ്മാവനെ പറ്റിയാണല്ലോ മുഴുവൻ സംസാരവും? തനിക്ക് മൂപ്പരെ പരിചയം ഉണ്ടോ?”

ഇനിയും പിടിച്ചു വെക്കേണ്ട എന്ന തീരുമാനിച്ചു. പതിയെ കയ്യിലെ ഡയറി തുറന്നു ഞാൻ മുന്നിലേക്ക് നീട്ടി.

അമൽ എന്നെഴുതി ഒപ്പിട്ട ചിത്രങ്ങൾ. അടുത്ത താളുകളിലെ അമ്മയുടെ കുറിപ്പുകൾ. ഞങ്ങൾ കുളത്തിന്റെ പടവുകളിൽ ഇരുന്നു ഒരുമിച്ചു വായിക്കാൻ തുടങ്ങി. ഞാൻ അമ്മയെ പറ്റിയും അമലിനെ പറ്റിയും  പറയാൻ തുടങ്ങി. ഞാന്‍ കണ്ട സ്വപ്നങ്ങളെ പറ്റി… ഞങ്ങൾ ഒരുമിച്ചിരുന്ന് ആ വരികൾ വീണ്ടും വീണ്ടും വായിച്ചു. അമലിന്‍റെ വേര്‍പാടും, അമ്മയും വിവാഹവും, മരണവും, എന്ന് വേണ്ട, ഞങ്ങള്‍ക്ക് അറിയാത്ത കഥകള്‍ മുഴുവന്‍ ഞങ്ങള്‍ ഊഹിച്ചു പറയാന്‍ തുടങ്ങി. അമൽ ഇത്തവണ കണ്ട കൽക്കട്ടയും, കുറിപ്പുകളില്‍ പറഞ്ഞിരിക്കുന്ന കൽക്കട്ടയും തമ്മിലുള്ള സാമ്യങ്ങളും വ്യത്യാസങ്ങളും പറയാൻ തുടങ്ങി. പതിയെ പതിയെ ഞങ്ങൾക്കിടയില്‍ വരികൾ വറ്റി വരളാൻ തുടങ്ങി. അവിടെ മൗനം സംസാരിക്കാൻ തുടങ്ങി. പറയേണ്ടതും പറയേണ്ടാത്തതും ആ മൗനങ്ങൾക്കിടയില്‍ അങ്ങോട്ടും ഇങ്ങോട്ടും പായുന്നത് ഞാനറിഞ്ഞു.

“ഞാനൊരു ഫോട്ടോ എടുത്തോട്ടെ?” അമലിന്റെ വാക്കുകളിൽ കനം കൂടിയത് പോലെ. ഞാൻ മറുപടി ഒന്നും പറഞ്ഞില്ല. അതിന്റെ ആവശ്യമുണ്ടായിരുന്നില്ല. ഞാന്‍ അമലിന്റെ മുഖത്തേക്ക് നോക്കി. നരച്ചു തുടങ്ങുന്ന താടി, ആഴമുള്ള കണ്ണുകള്‍, മറച്ചുവെക്കാന്‍ പറ്റാത്ത പുഞ്ചിരി. അതെ, അമ്മയുടെ അമലിനെ പോലെ തന്നെ.

“നമ്മൾ കുറച്ചു കാലം മുന്നേ കണ്ടുമുട്ടിയിരുന്നെങ്കിൽ?”  ക്യാമറ ക്ലിക്ക് ചെയ്തു കൊണ്ട് തമാശ പോലെ പറഞ്ഞു അമൽ ചിരിച്ചു. എനിക്കും എന്തോ ആ ഒരു നിമിഷം അതൊരു ആശ്വാസമായി തോന്നി.

“കണ്ടിരുന്നെങ്കിൽ എന്താ? അമ്മയുടെയും അമളിന്റെയും തുടര്ച്ചയാവുമോ എന്നാണോ? അറിയില്ല. അല്ല, അവരാവാന്‍ നമുക്കൊരിക്കലും പറ്റില്ല.  ചിലപ്പോ ഇതൊക്കെ കണ്ടും കേട്ടും വായിച്ചും നമ്മൾ പരസ്പ്പരം അടുത്തേനേ. സുഹൃത്തുക്കൾ ആയേനെ, അല്ലെങ്കില്‍ ചിലപ്പോൾ ഇതിനോടകം വഴക്കിട്ടു പിരിഞ്ഞേനെ. എനിക്കീ ജിപ്സി ജീവിതമൊന്നും ദഹിക്കില്ലെന്നെ”  ഞാനത് പറഞ്ഞു ചിരിച്ചു.

“തല്ക്കാലം നമുക്ക് സത്യജിത്റേയുടെ അമലും ചാരുവും ഭൂപതിയും ആവണ്ട. പകരം നമുക്ക് കർണ്ണനും ഭാനുമതിയും സുയോധനനുമാവാം.” അമൽ പറയുന്നത് കേട്ട് ഞാനും ചിരിച്ചു.

ഞങ്ങൾ അവിടെ നിന്ന് എഴുന്നേറ്റപ്പോഴേക്ക് ദീപ്തൻ അങ്ങോട്ട് വന്നു. “വല്യമ്മ ഭക്ഷണം കാലായി എന്ന് പറയുന്നു. കഴിക്കാം. രണ്ടാളും പെട്ടന്ന് കൂട്ടായി എന്ന് തോന്നുന്നല്ലോ.” ആ നിമിഷം ഞാൻ യാഥാർഥ്യത്തിലേക്ക് ഇറങ്ങി വന്നു. എന്റെ ഒപ്പം അമലും. ഞങ്ങൾ എഴുന്നേറ്റ് വീട്ടിലേക്ക് നടന്നു. ഇടക്കെപ്പോഴോ എന്റെയും അമലിന്റെയും കണ്ണുകൾ ഉടക്കി. പിന്നെ പരസ്പ്പരം നോക്കി മനോഹരമായി ചിരിച്ചു.

ഇറങ്ങാൻ നേരം അമൽ എന്റെ നേരെ നോക്കി കണ്ണുകൾ കൊണ്ട് ചിരിച്ചു യാത്ര പറഞ്ഞു. ആ കണ്ണുകൾക്ക് പുറകിലെ മനസ്സിൽ എന്തെല്ലാം ആയിരുന്നിരിക്കും? ആ ചിന്തകളെല്ലാം പടികടന്നു പോകുന്നത് കണ്ടു ഞാൻ തിരികെ എന്റെ ലോകത്തേക്ക് നടന്നു.

ചിത്രങ്ങൾക്ക് കടപ്പാട്: യൂട്യൂബ്

[ https://open.spotify.com/track/6l8KbH7YVex336A5Vv4VPl?si=HxNnhNduTSC4-Zw3JrJyAw&utm_source=copy-link

ഈ പാട്ടിൽ നിന്നാണ് ഈ കഥയുടെ തുടക്കം. ഒരിക്കൽ യൂട്യൂബിൽ നിന്ന് കിട്ടിയതാണ് ഈ പാട്ട്. അന്ന് തൊട്ട് ഇങ്ങോട്ട് എന്റെ മൂഡ്സ്വിങ്ങുകളുടെ കൂട്ടുകാരിയാണ് ഈ പാട്ട്. ഈ പാട്ട് ലൂപ്പിൽ ഇട്ടു കേട്ടതിനു കണക്കുകൾ ഇല്ല. ഇന്നും പ്രിയപ്പെട്ട പാട്ടായി ഇത് തുടരുന്നു. ഇറങ്ങിയിട്ട് ഇത്ര കാലം കഴിഞ്ഞിട്ടും പലരുടെയും സ്റ്റാറ്റസുകളിലൂടെയും സ്റ്റോറികളിലൂടെയും ഈ പാട്ട് വീണ്ടും കേൾക്കുകയോ ഇതിലെ ദൃശ്യങ്ങൾ ചെയ്യുമ്പോൾ ഉണ്ടാവുന്ന സുഖം പറഞ്ഞറിയിക്കാതെ വയ്യ.

ആദ്യമായി ഈ പാട്ട് കേൾക്കുന്ന സമയത്തു, പാട്ട് പാടിയതും സംഗീതം കൊടുത്തതും സുദീപ് പാലനാട് ആണെന്നും വരികളും സംവിധാനവും ശ്രുതി ശരണ്യം ആണെന്നും ഒന്നും അറിയില്ല. ആരെയും അറിയില്ലായിരുന്നു. അതിലെ അഭിനേതാക്കളിൽ ബിജിപാലിനെ മാത്രേ അന്നറിയൂ. ഹരിനാരായണൻ എന്ന പാട്ടെഴുത്തുക്കാരനെ കേട്ടുകേൾവിയെ ഉള്ളൂ. ആദ്യമായി കാണുന്നതും ഇതിലാണ്. ഇതിങ്ങനെ പലവട്ടം കണ്ടുകണ്ടു ഹരിനാരായണനോട് അല്ല അമലിനോട് ഒരു ക്രഷ് തോന്നി എന്നത് വേറെ കഥ. ഒരു ടീനേജ് കാലഘട്ടത്തിന് ശേഷം ഇങ്ങനെ ഒരു ക്രഷ് ആദ്യമെന്ന് വേണം കരുതാൻ. അത് പോലെ തന്നെ അതിലെ നായിക, നർത്തകി കൂടെയായ പാർവതിമേനോനെ കാണാൻ എന്ത് ഭംഗിയാണെന്ന് എപ്പഴും ഓർക്കും.

ചാരുലത എന്ന തലക്കെട്ടും, ചാരു, അമൽ എന്നീ പേരുകളും സത്യജിത്റേയുടെ, ഇതേ പേരിലെ സിനിമയിൽ നിന്ന് എടുത്തതാവണം. പക്ഷെ കഥ അതുപോലെ എടുക്കാതെ, കഥയിൽ കാര്യമായ മാറ്റങ്ങൾ കൊണ്ട് വന്ന് ഒരു മിസ്റ്ററി തോന്നിപ്പിക്കുന്നുണ്ട് പാട്ടിലെ കഥപറച്ചിലിൽ. എന്ത് തന്നെയാണെങ്കിലും, ഒരു സിനിമയുടെ ഭാഗമല്ലാത്ത ഒരു മലയാളം പാട്ടിനു ഇത്രയും സ്വീകാര്യത അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല എന്ന് വേണം കണക്കാക്കാൻ.

സത്യജിത്റെയുടെ സിനിമയുടെ മൂലകഥ രവീന്ദ്രനാഥ ടാഗോറിന്റെ ‘നഷ്ടനിർ’ (The broken nest’) എന്ന നോവൽ ആയിരുന്നു. 1879 ലെ ബംഗാളിന്റെ വിപ്ലവവും സ്വാതന്ത്ര്യ സമരവും പശ്ചാത്തലമാവുന്ന നോവലിലെ കേന്ദ്ര കഥാപാത്രം ചാരുവായിരുന്നു. രാഷ്ട്രീയ ദിനപത്രത്തിന്റെ എഡിറ്ററും പുരോഗമന ചിന്തകനും ആയ ഭൂപതി എന്ന ഉന്നതകുല പ്രമാണിയുടെ ഭാര്യയായിരുന്നു ചാരു. എല്ലാ സൗകര്യങ്ങളും സൗഭാഗ്യങ്ങളും ഉണ്ടായിട്ടും ഒറ്റപ്പെട്ടുപോയ ചാരുവിന്റെ ജീവിതത്തിലേക്ക് ഭൂപതിയുടെ ബന്ധുകൂടിയായ അമൽ കടന്നു വരുന്നതും അവർക്കിടയിൽ പ്രണയം ഉണ്ടാവുന്നതും എല്ലാം ആണ് കഥ. തന്നെക്കാൾ12 വയസ്സിനു മൂത്ത, തനിക്കുവേണ്ടി ചിലവാക്കാൻ സമയമില്ലാത്ത ഭർത്താവും, ഏകാന്തതയും . ഒരേ പ്രായക്കാർ ആയ, ഒരേ പോലെ ചിന്തിക്കുന്ന അമലിലേക്ക് അടുക്കാൻ കാരണങ്ങൾ ഏറെ വേണ്ടിയിരുന്നില്ല. പ്രണയത്തിന്റെ പാരമ്യത്തിൽ എത്തി നിൽക്കുമ്പോൾ തന്നെ ഇത് വേണ്ടെന്ന് വെക്കാൻ അമൽ തീരുമാനിക്കുകയും, അവിടം വിട്ട് പോവുകയും ചെയ്യുന്നു. അതിലെ ആകെ തകർന്ന ചാരുവും, പത്രവും ഭാര്യയെയും ഒരേ പോലെ നഷ്ടപ്പെട്ട ഭൂപതിയും. അവർ വീണ്ടും ഒന്നിൽ നിന്ന് തുടങ്ങാൻ തീരുമാനിക്കുന്നിടത്തു സിനിമ അവസാനിക്കുന്നു.

വിക്കിപീഡിയ പറയുന്നത് ശരിയാണെങ്കിൽ, രവീന്ദ്രനാഥ ടാഗോറും അദ്ദേഹത്തിന്റെ ജ്യേഷ്ഠഭാര്യ കാദാംബരിയും തമ്മിലുള്ള അടുപ്പത്തിന്റെ കഥയായിരുന്നു നഷ്ടനിർ. യഥാർത്ഥ ജീവിതത്തിൽ, ടാഗോറിന്റെ വിവാഹത്തിന് ശേഷം കാദംബരി ആത്മഹത്യ ചെയ്യുകയായിരുന്നു.

1964 ൽ ആണ് സത്യജിത്റേ ഇതു സിനിമയാക്കുന്നത്. പിന്നെയും ഇതേ പശ്ചാത്തലത്തിൽ സിനിമകൾ വന്നിട്ടുണ്ട്. ഈ പാട്ടിലെ വീഡിയോയിൽ കാണിക്കുന്ന കാലഘട്ടം അടിയന്തരാവസ്ഥ കാലം ആണെന്ന് തോന്നുന്നു.

കഥക്കിടയിലെ സംഭാഷണങ്ങളും ദൃശ്യങ്ങളും ഞാൻ കടമെടുത്തിട്ടുണ്ട്. പാട്ടിലൂടെ കാണുന്നതും അതിനു ശേഷവും, എന്റെ ഭാവനയുടെ കണ്ടതാണ് ഈ കഥ. ഇറങ്ങിയിട്ട് ഇത്രയും കാലമായിട്ടും, ഇക്കഴിഞ്ഞ ദിവസം കൂടെ ആരുടെയോ സ്റ്റാറ്റസ് ആയി ഈ പാട്ട് കണ്ടു. ശ്രുതി നമ്പൂതിരിയുടെ വരികൾ, സുദീപ് പാലനാടിൻറെ സംഗീതവും ശബ്ദവും, മനീഷ് മാധവൻ ഒരുക്കിയ ദൃശ്യങ്ങളും, ബിജിപാൽ , പാർവതി, ഹരിനാരായണൻ ഇവരുടെ സാന്നിധ്യവും, നമ്മളെ വിസ്മയിപ്പിക്കുന്ന അവസാന രംഗങ്ങളും എല്ലാം കൂടെ കേട്ട് കഴിഞ്ഞാലും കണ്ടു കഴിഞ്ഞാലും നമ്മുടെ ഉള്ളിൽ വരികൾ ഇങ്ങനെ ചുറ്റിക്കറങ്ങി നടക്കും…

” അറിയില്ല ഞാനെത്ര നീയായി മാറി എന്നരികെ ഏകാകിയാം ഗ്രീഷ്മം…

പറയില്ല രാവെത്ര നിന്നെയോർത്തോർത്തു ഞാൻ പുലരുവോളം മിഴി വാർത്തു…”

 ഒത്തിരി ഇഷ്ടമുള്ള ഈ കഥയെയും പാട്ടിനെയും ഞാൻ ഉപദ്രവിച്ചു എന്ന് തോന്നിയവർ സദയം ക്ഷമിക്കൂ. ഇഷ്ടപ്പെട്ടവരേ, മുകളിലെ ലിങ്കിൽ കയറി പാട്ടു കൂടെ കേട്ടു കൊണ്ട് ഒന്നൂടെ വായിക്കൂ, അഭിപ്രായങ്ങൾ പറയൂ]

Post Views: 75
3
remya bharathy

ഇടയ്ക്കിടെ മഷി നിന്ന് പോകുന്ന പഴയ പേനയില്ലേ. കോറി വരച്ചു വരച്ചു തെളിയിക്കുന്ന പേന. അതാണ്‌ ഞാന്‍. ഉള്ളില്‍ മഷിയുണ്ട്. ഇടക്കൊന്നു ചൂടാക്കിയാല്‍ തെളിയും.

7 Comments

  1. Manasi on May 31, 2024 11:42 AM

    ❤️❤️❤️👌👌

    Reply
    • remya bharathy on June 1, 2024 2:16 AM

      Thank you 😍

      Reply
  2. Pavithra Unni on May 28, 2024 1:18 PM

    എനിക്ക് ഒരുപാട് ഇഷ്ടമാണ് ഈ ബ്ലോഗും ഈ പാട്ടും picturisation ഉം

    Reply
    • RBK on May 28, 2024 9:54 PM

      Thank you ❤️❤️❤️

      Reply
      • Sayara Fathima KARU KUNNATH on May 18, 2025 6:41 AM

        മനോഹരം 👌🥰💗

        Reply
  3. RBK on May 28, 2024 11:06 AM

    Thank you dear. അതാ കഥയുടെയും പാട്ടിന്റെയും അതിന്റെ ചിത്രീകരണത്തിന്റെയും പ്രത്യേകത കൊണ്ടാണ്. ഞാനതിൽ ചെറുതായി ഭാവന കലർത്തി എന്നേ ഉള്ളു.

    Reply
  4. sabira latheefi on May 28, 2024 10:29 AM

    ഇഷ്ട്ടായി.. നല്ല ഒഴുക്കിൽ വായിക്കാൻ പറ്റുന്നുണ്ട്. കൂടെ ഈ കുറിപ്പുകൾ ബ്ലോഗ് ഒരു കവിത പോലെ മനസിലാക്കാൻ ഉപകരിക്കും..

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.