കാലം എല്ലാ കണക്കുകളും തീർക്കും എന്നത് എത്ര സത്യമാണ്. ആ കണക്ക് തീർക്കലിൽ നിന്ന് നിനക്കും മോചനമില്ല കുട്ടി എന്നിവളോട് എനിക്ക് പറയണമെന്നുണ്ട്. എന്റെ വായ്ക്ക് ചുറ്റുംവെച്ചിരിയ്ക്കുന്ന ഈ അടപ്പ് ഊരിയാലല്ലേ പറയാൻ പറ്റൂ. അത് ഊരിയാൽ എനിയ്ക്ക് ശ്വാസതടസ്സം ഉണ്ടാകുമെന്നാണ് നേഴ്സ് പറഞ്ഞത്. പറഞ്ഞത് എന്റെ മകനോടും പിന്നെ ഇവളോടും: ഇവൾ സന്ധ്യ ; എന്റെ മകന്റെ രണ്ടാം വധുവായി കാലം എന്നിലേക്കെത്തിച്ചവൾ.
എനിക്ക് ഓർമ്മ ഇല്ലെന്നാണ് എല്ലാവരും പറയുന്നത്. പക്ഷെ എനിയ്ക്കിപ്പോൾ എല്ലാം നല്ല ഓർമയുണ്ട്. എന്റെ ജീവിതം എന്റെ നല്ലകാലം ഒക്കെ. പെൺ മക്കളൊക്കെ നല്ല വീടുകളിലേക്ക് കല്യാണം കഴിച്ചു പോയി. ഒറ്റമകൻ അപ്പു ജോലിയും സമ്പത്തും കണ്ട് കണ്ണ് മഞ്ഞളിച്ചാണ് എ ന്ന്തോന്നുന്നു ഹേമയുടെ ആലോചന വന്നപ്പോൾ വേഗം തന്നെ കല്യാണത്തിന് സമ്മതിച്ചത്. അവനെക്കാൾ ശമ്പളമുള്ള ജോലി, എന്നാൽ അവന്റെ പകുതിയേ നിറമുള്ളു പെണ്ണിന് എന്നത് ബന്ധുക്കൾക്കിടയിലൊക്കെ ഒരു ചർച്ച ആയിരുന്നൂ അന്ന്. അതിന്റെ വക്കും അരികും കൊണ്ട് ചിലർ എന്റെയടുത്തും വന്നു. സൗന്ദര്യം കലത്തിലിട്ട് വേവിച്ചാൽ ചോറാകുമോ എന്ന മറുചോദ്യം ചോദിച്ച് അവരുടെ ഒക്കെ മുനയൊടിച്ചു ഞാൻ.
സാമ്പത്തികമായി ഹേമ ഒരു തട്ട് മുകളിലാണെന്നുള്ളത് എന്റെയും അപ്പുവിന്റെയും മനസ്സിൽ നന്നായി പതിഞ്ഞിരുന്നത് കൊണ്ടായിരിക്കും തരം കിട്ടുമ്പോളൊക്കെ ഞാനും അവനും അവളുടെ നിറത്തെ പറ്റി പറഞ്ഞ് അവഹേളിച്ചിരുന്നത്. അവളൊന്ന് കുറഞ്ഞു കാണാൻ എന്റെ പോലെ അവനും ഇഷ്ടമായിരുന്നുവോ? ജോലിയും വീട്ടിലെ പണികളും കുട്ടികളുടെ പഠിത്തവും ഒക്കെയായി അവൾ നന്നായി കഷ്ടപ്പെട്ടിരുന്നു. ഒരൊഴിവ് കൊടുക്കാതിരിക്കാൻ ഞാനും ശ്രദ്ധിച്ചിരുന്നു എന്ന് പറയാം. ഒന്ന് സ്വസ്ഥമായി വീട്ടിൽ പോകാനോ ഒരുങ്ങി ഒരു കല്യാണത്തിന് പോകാനോ ഒന്നിനും അവൾക്ക് നേരമുണ്ടായിരുന്നില്ല.
പതിനഞ്ച് വർഷത്തെ ദാമ്പത്യം, അവളുടെ പൈസ കൊണ്ടുണ്ടാക്കിയ ഇരുനില വീട്, രണ്ട് പെണ്മക്കൾ. ജീവിയ്ക്കാൻ കഴിഞ്ഞില്ല ആ പെണ്ണിന്; അതോ ഞാൻ അനുവദിച്ചില്ലേ. ദൈവം അവളെ പെട്ടെന്ന് തിരിച്ചു വിളിക്കുമ്പോളും അപ്പു അത്രക്കൊന്നും തളർന്നില്ല. തളർന്നത് ഞാനായിരുന്നു. അവളുടെ പിന്നാലെ അപ്പുവിന്റെ അച്ഛനും പോയപ്പോൾ ഞാൻ ആശ്രയമറ്റവളായി. അവളെ ജയിയ്ക്കലായിരുന്നു എന്റെ സന്തോഷം. എനിയ്ക്ക് ജയിക്കാൻ അവൾ തോറ്റ് തരികയായിരുന്നു എന്ന് ഒരു വേള സംശയിച്ചു പോയി. അവൾ പോയതോടെ എനിയ്ക്ക് പരാജയങ്ങൾ മാത്രമായി.
അമ്മയില്ലാത്ത രണ്ട് പെൺമക്കളും ഞാനും ആ വീട്ടിൽ ഒറ്റയ്ക്ക്. അപ്പു സ്ഥലം മാറ്റം കിട്ടി ദൂരേയ്ക്ക് പോയി. അവളുടെ അമ്മയും അച്ഛനും എത്ര സ്നേഹമുള്ളവരാണെന്ന് തിരിച്ചറിഞ്ഞ നാളുകൾ. എന്നെ തനിച്ചാക്കാതെ കുട്ടികൾക്കും എനിക്കും കൂട്ടായി ഇടയ്ക്കിടെ വന്നും അന്വേഷിച്ചും സ്നേഹിച്ച ഏക വ്യക്തികൾ. എന്റെ പെൺമക്കൾക്ക് കുടുംബവും കുട്ടികളും അവരുടെ പഠനവും ഒക്കെയായി ജീവിതപ്രാരാബ്ധങ്ങൾ ഒട്ടനവധി ആയിരുന്നൂ അന്നാളുകളിൽ.
അടുത്തുള്ള ബ്രാഞ്ചിലേക്ക് മാറ്റം കിട്ടി വന്ന അപ്പുവിന് കൂട്ട് വേണമായിരുന്നു. ഹേമ പോയിട്ട് ഒരു വർഷം കഴിഞ്ഞു എന്നത് അവൻ കണക്ക് കൂട്ടി വെച്ചിരുന്നു. അടുത്ത ആളെ കണ്ടെത്തിയതും അവൻ തന്നെ. ജോലിക്കും സാമ്പത്തികത്തിനുമൊപ്പം ഹേമയ്ക്കില്ലാത്ത ഗുണങ്ങളും; സൗന്ദര്യവും തന്റേടവും. മക്കളെ ഹോസ്റ്റലിലേക്ക് മാറ്റി. എന്നെ മറവി രോഗത്തിന്റെ സൗകര്യത്തിലേയ്ക്കും.
പരാതികളില്ല എനിയ്ക്ക്. ഷുഗറിന്റെയും തൈറോയിഡിന്റെയും മരുന്നുകൾ അവൾ മാറ്റി നാട്ടുവൈദ്യം ആക്കിയതും ചെറിയ ഓർമ തെറ്റുകളെ പർവ്വതീകരിച്ച് രോഗിയാക്കി മുറിയിലടച്ചതും ഒക്കെ എന്റെ കര്മഫലങ്ങൾ തന്നെ. ഇത് കാലം എനിയ്ക്ക് തരുന്ന മറുപടികൾ ആണ്. ഹേമയുടെ കണ്ണീരിനുള്ള ഉത്തരങ്ങൾ. ഞാൻ അനുഭവിച്ചു തീരാറായി. പക്ഷെ ഈ ചക്രം ഇനിയും തിരിയുമല്ലോ. അതൊന്നിവരെ പറഞ്ഞു മനസ്സിലാക്കാൻ സാധിച്ചിരുന്നെങ്കിൽ..!


5 Comments
ഒരിക്കലും ഒന്നും തിരിച്ചറിയാതേ ആവർത്തനങ്ങളിലൂടെ നമ്മൾ കടന്നുപോവും. ചില നേർക്കാഴ്ചകൾ
👌🏻👏🏻💞
👌🏻👌🏻
👌❤️💐
👌👌