Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കാട്ടുകള്ളന്റെ കട്ടുതീനി
ഓർമ്മകൾ ജീവിതം നര്‍മം പാചകം

കാട്ടുകള്ളന്റെ കട്ടുതീനി

By Sujatha SurendranOctober 14, 2024Updated:October 23, 20241 Comment10 Mins Read124 Views
Bookmark Now
Please login to bookmark Close

No account yet? Register

എഴുതുന്നത് ഇഷ്ടഭക്ഷണത്തെക്കുറിച്ച് ആവുമ്പോൾ സ്വഭവനത്തിലെ അതുണ്ടാക്കുന്ന പാചകശാല എന്ന ഇടത്തെക്കുറിച്ചും, എന്റെ സഹജമായ ഭക്ഷണപ്രിയം മൂലം ഉണ്ടാകുന്ന നല്ലതും അല്ലാത്തതുമായ അതിന്റെ അനന്തരഫലങ്ങളെക്കുറിച്ചും പ്രതിപാദിക്കേണ്ടിവരും. പ്രത്യേകിച്ച്, നമ്മുടെ കഥ ഭക്ഷണപ്രിയത്തിന്റെ കുഞ്ഞമ്മയുടെ കുഞ്ഞായ പ്രിയഭക്ഷണത്തെപ്പറ്റി ആയതുകൊണ്ട്..

സ്വന്തം ഇഷ്ടഭക്ഷണം സാമ്പാർ ആയതിന്റെ പേരിൽ, പേരിനൊപ്പം സാമ്പാർ ചേർന്നവരും, പുട്ട് ആയതിനാൽ പുട്ട് ചെല്ലപ്പേര് ആയവരും, ഇഡ്ഡലിയോടുള്ള ആരാധന മൂത്ത് ‘ഇഡ്ഡലിപൊത്തൻ’ എന്ന വിളിപ്പേരാൽ കേളി കേട്ടവരുമുള്ള ഒരു കൊച്ച് ഗ്രാമമാണ് എന്റേത്.
‘ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്’ പോലെ
കയ്യിലിരിപ്പിന്റെ പേരിലും, അഹങ്കാരത്തിന്റെ പേരിലും ആഹാരത്തിന്റെ പേരിലും ആകാരത്തിന്റെ പേരിലും ഒക്കെ നാട്ടുകാരാൽ നാമകരണം ചെയ്യപ്പെട്ടവരുള്ള എന്റെ നാട്ടിൽ, വീട്ടുകാരാൽ ഇരട്ടപ്പേരുകൾ സംഭാവന ചെയ്യപ്പെട്ട് കിട്ടിയ വ്യക്തി എന്ന നിലയിൽ ഞാൻ വേറിട്ട് നിൽക്കുന്നു.

നമ്മുടെ ദൈവങ്ങൾക്ക് പോലും ലോകം മുഴുവൻ അറിയുന്ന ഉരുവിടുന്ന സഹസ്രനാമങ്ങൾ ഉണ്ടല്ലോ, അപ്പോൾ പിന്നെ വീട്ടുകാരുടെ ഇടയിൽ മാത്രം തങ്ങിനിൽക്കുന്ന സ്വന്തം വീട്ടിലെ വിവിധ തുറകളുമായി ബന്ധപ്പെട്ട കുറച്ച് ചെല്ലപ്പേരുകൾ അല്ലേ എനിക്കുള്ളൂ എന്ന സമാധാനത്തിൽ ആണ് ഞാൻ.

സദ്യക്ക്‌ നാക്കിലയിൽ വിളമ്പുന്ന വിഭവങ്ങൾ പോലെ, എന്റെ ആ നാമങ്ങൾ, ഇഷ്ടഭക്ഷണം എന്ന ഈ ബ്ലോഗിലയിൽ കൂട്ടുകാരുടെ മുന്നിൽ നിരത്തി വിളമ്പിയാൽ ഭാവിയിൽ അത് ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത മുൻകൂട്ടി കാണുന്നത് കൊണ്ട്, അടുക്കളയുടെയും ഇഷ്ടഭക്ഷണത്തിന്റെയും തോളോട് തോൾ ചേർന്ന് നിൽക്കുന്ന എന്റെ  ഒന്നോ രണ്ടോ ഇരട്ടപ്പേരുകൾ മാത്രം ഞാൻ ഇവിടെ വിളമ്പാം.

വീടിന്റെ ചില മുറികളിലേക്ക് നാം എന്നും കടന്ന് ചെന്നില്ലെന്ന് വരാം. പക്ഷേ, പാചകപരീക്ഷണശാല ആയ അടുക്കളയിലേക്ക് കാലൊന്നെടുത്ത് വയ്ക്കാത്ത ഒരു ദിവസം പോലും ആ വീട്ടിലെ പെണ്ണിനോ ആണിനോ ഉണ്ടാവില്ല എന്നതാണ് വസ്തുത. അത്രക്ക് പ്രാധാന്യമാണ് അടുക്കളക്ക് എക്കാലവും; അത് നാടേതായാലും, ഭാഷ ഏതായാലും. വിശപ്പിന്റെ വിളിയും, ഇഷ്ടഭക്ഷണത്തിനോടുള്ള ആർത്തിയുടെ ആർപ്പ് വിളിയും ലോകം മുഴുവൻ ഒരേ ഭാഷയിലാണ്. ആ വിളികൾ കേൾക്കുന്ന, അതിനൊരു പ്രതിവിധി കണ്ടെത്തുന്ന ഒരു ഇടമാണ് അടുക്കള. വീടിന്റെ ആമാശയമെന്നോ ഹൃദയമെന്നോ മസ്തിഷ്ക്കമെന്നോ ഒക്കെ വിശേഷിപ്പിക്കാവുന്ന അടുക്കള.

വീടിന്റെ ആ സുപ്രധാന ഇടവുമായി ചേർന്ന് പോകുന്ന പല പല പരീക്ഷണ ഘട്ടങ്ങളിലേക്കും, ഭർത്താവിന്റെ രണ്ട് ഉണ്ടക്കണ്ണുകളാലുള്ള നിരീക്ഷണ ഘട്ടങ്ങളിലേക്കും എന്നെ തള്ളി വിട്ട ആ പേരാണ്…..

‘ഭക്ഷണപ്രിയ’

ഏത് നേരത്താണോ ആവോ എന്റെ അമ്മക്ക് മകളുടെ പുതുമണവാളനോട്‌ ഈ രഹസ്യനാമം പരസ്യമാക്കാൻ തോന്നിയത്! ചില സമയത്ത് പറയുന്ന നേരമ്പോക്കുകൾ പോലും ഗൗരവമായ കാര്യം ആക്കി കൺവർട്ട് ചെയ്ത്, പുരുഷഗണങ്ങളിൽ ചിലർ തങ്ങളുടെ ചെവിക്കല്ലിന് താഴെ എവിടെയോ ആയി, പടച്ചതമ്പുരാൻ ഫിറ്റ്‌ ചെയ്തിട്ടുള്ള മെമ്മറി ചിപ്പിൽ സൂക്ഷിച്ച് വയ്ക്കും എന്നത് ഏറെ താമസിയാതെ ഞാൻ ഞെട്ടലോടെ മനസ്സിലാക്കി.

അല്ല…, വിഷ്ണുപ്രിയ പത്മപ്രിയ ഭക്തപ്രിയ തുടങ്ങി ധാരാളം പ്രിയമാരുള്ള ഈ നാട്ടിൽ എന്റെ ഈ ഇരട്ടപ്പേര് കേട്ടാൽ ആർക്കും എന്നെ നിരീക്ഷണത്തിൽ വയ്ക്കാൻ ചെറുകൗതുകമൊക്കെ തോന്നും എന്നത് വേറെ വിഷയം. അല്ലെങ്കിൽ ഇങ്ങനെയുമുണ്ടോ ഒരു പേര്!

അത്തരം ഒരു കൗതുകത്തിന്റെ പുറത്ത് ഈ ഭക്ഷണപ്രിയയെ നിരീക്ഷിക്കാൻ ‘ഇൻ ഹരിഹർ നഗർ’ വാസിയായ അപ്പുക്കുട്ടനേപ്പോലെ അദ്ദേഹം അദ്ദേഹത്തിന്റെ ഒരു കണ്ണല്ല, രണ്ട് കണ്ണുകളും ഡെഡിക്കേറ്റ് ചെയ്തതിൽ കുറ്റം പറയാനൊക്കില്ല. അതിനുശേഷം നേത്രദാനമെന്ന പുണ്യകർമ്മത്തിനായി കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കുന്ന സുകൃതിയെ പോലെ അദ്ദേഹം ‘അവസരങ്ങൾ’ക്കായി കാത്തിരിക്കുന്നത് ഈ പാവം ഞാൻ അറിഞ്ഞത് സ്വല്പം വൈകിയാണ്.

ഭാവി കാര്യങ്ങൾ മുൻകൂട്ടി ഗണിച്ചെടുത്തും, പറഞ്ഞും, പ്രതിവിധി നിർദ്ദേശിച്ചും കട്ടക്ക് കൂടെ നിൽക്കാൻ ബാധ്യസ്ഥനായ തൊട്ടടുത്ത ഗ്രാമത്തിലെ ജ്യോത്സൻ പോലും എനിക്ക് കട്ടപ്പാരയായി, ഭക്ഷണപ്രിയ എന്ന ഒരു വിശേഷണം എന്റെ പത്താം വയസ്സിൽ അദ്ദേഹം എഴുതി തന്ന ജാതകത്തിൽ കുറിച്ച് ചേർത്തിരുന്നു. അന്നത്തെ എന്റെ ഉണക്കമാന്തൾ രൂപവുമായി  അതൊട്ടും ചേർന്ന് പോകുന്നില്ലെങ്കിൽ കൂടി! ജ്യോത്സന്റെ ആ പ്രവൃത്തി, പിൽക്കാലങ്ങളിൽ ശരീരപുഷ്ടി പ്രാപിച്ച എനിക്ക് ഭക്ഷണം കഴിക്കുന്ന വേളകളിൽ ഒരുപാട് സ്വസ്ഥതക്കുറവുകൾ സൃഷ്ടിച്ചിട്ടുണ്ട്.

എന്റെ ജാതകത്തിൽ പോലും ഈ വിശേഷണം പ്രയോഗത്തിൽ വന്നിട്ടുണ്ടെന്ന് കൂടി മരുമകനോട് എഴുന്നള്ളിച്ച്  മാതാശ്രീ എന്നെ കൊല്ലാകൊല ചെയ്തു. ‘അവളെ ഒന്ന് ശ്രദ്ധിച്ചോളൂ’ എന്ന് കൂടി മരുമകനോട് തട്ടി വിട്ടിട്ടുണ്ടോ എന്നത് ഇന്നും ഒരു സംശയമായി എന്റെ മനസ്സിൽ അവശേഷിക്കുന്നു.എന്റെ ജാതകവൈശിഷ്ട്യങ്ങൾ അഭിമാനപുരസ്സരം വർണ്ണിക്കുന്നതിനിടക്ക് അബദ്ധത്തിൽ വായ് വിട്ട് പോയതാണ്, ഒരു അമ്മ സ്വന്തം മകളെപ്പറ്റി പുതിയ മരുമകനോട് ഒരിക്കലും പറയാൻ പാടില്ലാത്ത ആ ഒരു ‘ക്രൂഷ്യൽ സീക്രെട്ട്പോയിന്റ്’ എന്ന് പറഞ്ഞ്, കുമ്പസാരിച്ച്  സ്വതസിദ്ധമായ വഴുതിമാറ്റം മാതാശ്രീ പതിവിലും ഭംഗിയായി നിർവഹിച്ച് തന്റെ കൊടിയ അപരാധത്തെ നിരപരാധിത്വം ആക്കി വെളുപ്പിച്ചെടുത്തു.

“കൈവിട്ട ആയുധവും വായ്‌ വിട്ട വാക്കും തിരിച്ചെടുക്കാൻ പറ്റില്ല” പോലും! ആ ചെല്ലപ്പേര് എന്ന കൈവിട്ട അസ്ത്രം എന്റെ ‘രാമേട്ടൻ’ അദ്ദേഹത്തിന്റെ ആവനാഴിയിൽ സൂക്ഷിച്ച് സമയാസമയങ്ങളിൽ ഒന്നിന് പത്ത് എന്ന കണക്കിൽ ഈ സീതാദേവിക്ക് നേർക്കാണ് പായിച്ചത് എന്നുമാത്രം!

മേൽപ്പറഞ്ഞ രണ്ട് ഉണ്ടക്കണ്ണുകളുടെ റഡാറുകൾ പല ഡൈനിങ് ഏരിയകളിലും പല പല ഭക്ഷണശാലകളിലും സ്വന്തം അടുക്കളയിലും എന്നെ പിന്തുടർന്ന് കൊണ്ടേയിരുന്നു. പ്രത്യേകിച്ച്, എന്റെ ഇഷ്ടഭക്ഷണങ്ങൾ ആണ് അപ്പോഴത്തെ മെനു എങ്കിൽ!

ഞാൻ എത്ര ചപ്പാത്തി അകത്താക്കി, എത്ര ഇറക്ക് വെള്ളം കുടിച്ചു, ഭക്ഷണത്തിന് ഇടക്ക് എത്ര തവണ ചുമച്ചു എന്നുവരേക്കുള്ള കണക്കുകൾ ആ രണ്ട് ഉണ്ടക്കണ്ണുകൾ ഒപ്പിയെടുക്കാൻ തുടങ്ങി. അമ്മയുടെയും മകന്റെയും ഐക്യദാർഢ്യം!
അയ്യയ്യോ… എന്തൊരു കരുതൽ! വെറും പച്ചവെള്ളം പോലും ടെമ്പറർലി ഫാറ്റനിംഗ് ഏജന്റ് ആയിട്ടെന്ന പോലെ എന്നെ ഏറെ പരീക്ഷണങ്ങൾക്ക് വിധേയയാക്കി.

ജാതകവും അമ്മയും എന്നെ സംബോധന ചെയ്യുന്ന ആ പേരുകൾ അന്വർത്ഥമാക്കും വിധം ഞാൻ ഭക്ഷണം ആസ്വദിച്ച് കഴിക്കുകയും, മുതിർന്നപ്പോൾ തരക്കേടില്ലാതെ പാചകം ചെയ്യുകയും, വീട്ടിലെ പ്രിയപ്പെട്ടവരുടെ ഇഷ്ടഭക്ഷണങ്ങൾ ഓർത്ത് വച്ച് തയ്യാറാക്കി കൊടുക്കുകയുമൊക്കെ ചെയ്യാറുണ്ട്. ഭക്ഷണത്തോട് പ്രിയം ഉണ്ടെങ്കിൽ അത് നേരെചൊവ്വേ ഉണ്ടാക്കാനുള്ള ഉത്സാഹവും കൂടും എന്നതിൽ നിങ്ങൾക്ക് ആർക്കെങ്കിലും തർക്കമുണ്ടോ? അടുക്കളയിൽ പാചകത്തിനായി ഒന്ന് കയറാൻ തോന്നണമെങ്കിൽ ഇതിനോടൊക്കെ ഒരു പ്രതിപത്തി വേണമല്ലോ?

സ്നേഹത്തോടെയും ആത്മാർത്ഥതയോടെയും പാചകം ചെയ്യുകയും, വാത്സല്യത്തോടെ വിളമ്പുകയും ചെയ്യുന്ന വിഭവം സ്വാദിഷ്ഠവും അമൃതതുല്യവും ആണെന്ന് ഞാൻ വിശ്വസിക്കുന്നു.

പോരെങ്കിൽ ഭർത്താവിന്റെ ഹൃദയത്തിലേക്കുള്ള കുറുക്ക് വഴി , അദ്ദേഹത്തിന്റെ ഇഷ്ട ഭക്ഷണങ്ങൾ സ്വാദിഷ്ഠമായി ‘വെച്ചുവിളമ്പലിൽ’ കൂടേയും, സ്നേഹമസൃണമായ ‘ഊട്ടലിൽ’ കൂടെയുമാണെന്ന് എന്റെ അമ്മൂമ്മ ഇടയ്ക്കിടെ പറയാറുമുണ്ട്.

അത് അക്ഷരംപ്രതി അനുസരിക്കാറുള്ള എന്റെ, പാചകത്തെ പ്രശംസിച്ച് കൊണ്ട് തന്നെ, എന്റെ ഭക്ഷണപ്രിയത്തെ അപലപിക്കുന്നത് കേട്ടാൽ തോന്നും ഇവരൊക്കെ ഭക്ഷണം എടുത്ത് മണത്ത്, തൊടിയിലേക്കെറിഞ്ഞ്  കാക്കയ്ക്കും പൂച്ചയ്ക്കും ‘അന്നദാനം’ ചെയ്യുകയാണ് സ്ഥിരം ഏർപ്പാട് എന്ന്. ഇഷ്ടഭക്ഷണം മുന്നിൽ വന്നാൽ മിക്കവരും നല്ല തോതിൽ ആക്രാന്തം കാണിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. നല്ല വിശപ്പ് കൂടി ഉണ്ടെങ്കിൽ പിന്നെ,

“ചുറ്റും ഉള്ളതൊന്നും അപ്പോൾ കാണാൻ പറ്റൂല്ല സാറേ…”എന്ന കെട്ട് പൊട്ടിയ മട്ട് തന്നെയാണ് എല്ലാവർക്കും.

കിട്ടുന്ന ഭക്ഷണം ഏതായാലും എവിടെയായാലും അത് മുന്നിലെത്തിച്ച സർവ്വേശ്വരനെ ഒരു മാത്ര ഓർത്ത് നന്ദി പറഞ്ഞ് അത് ആസ്വദിച്ച് കഴിക്കുകയും ഒരുവിധം തെറ്റില്ലാതെ പാചകം ചെയ്യുകയും പുതിയ വിഭവങ്ങളും, കൂടെയുള്ളവരുടെ ഇഷ്ട വിഭവങ്ങളും ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന എനിക്ക് എന്റെയാ ഓമനപ്പേരിനോട് തെല്ലും വിരോധമില്ല.

ജീവിതപങ്കാളിയായി വന്ന ആ മറുനാടൻ മലയാളിയോട് ഇത്ര വേഗം എന്റെ ആ അപരനാമം ഡിസ്ക്ലോസ് ചെയ്യേണ്ടിയിരുന്നില്ല എന്ന് മാത്രം ഇടക്ക് തോന്നാറുമുണ്ട്. ആളുമായി നല്ലവണ്ണം ഒന്ന് ക്ലോസ് ആയിട്ട് മതിയായിരുന്നു ഡിസ്ക്ലോസ് ചെയ്യണമോ വേണ്ടയോ എന്ന് തീരുമാനിക്കാൻ. ചെവിക്കല്ലിന് താഴെയുള്ള മേൽപ്പറഞ്ഞ ആ ചിപ്പ് എത്രമാത്രം കാര്യക്ഷമമാണെന്ന് ഒന്ന് അറിഞ്ഞുവയ്ക്കാൻ ഉള്ള സമയം എങ്കിലും കിട്ടിയേനെ!

ഭക്ഷണപ്രിയ എന്നതിന്റെ ആന്തരാർത്ഥം ഭക്ഷണം ഉണ്ടാക്കാനും വിളമ്പാനും ഊട്ടാനും കഴിക്കാനും ഇഷ്ടമുള്ളവൾ എന്നാണെന്ന്, കിലുക്കത്തിലെ ഫോട്ടോഗ്രാഫർ നിശ്ചലിന്റെ നിസ്സഹായവസ്ഥ പോലെ, ഈ മറുനാടനോട്‌ പരാവർത്തനം ചെയ്ത് പറഞ്ഞ് മനസ്സിലാക്കാൻ ഇവിടെ ആരുമില്ലേ എന്ന് ഞാൻ ചിന്തിക്കായ്ക ഉണ്ടായില്ല. മുംബൈവാസി ആയിരുന്ന അദ്ദേഹത്തോട്, നിശ്ചൽഭായിയേപ്പോലെ ഭാഷയുടെ കാര്യത്തിൽ കേരളവാസി മാത്രമായിരുന്ന ഞാൻ എന്റെ രാഷ്ട്രഭാഷയിലെ ക്രാക്കുകൾ മാതൃഭാഷ എന്ന വൈറ്റ് സിമന്റ്‌ നന്നായി തേച്ച് പിടിപ്പിച്ച് ഭംഗിയാക്കാൻ ശ്രമിച്ച് ഇങ്ങനെയൊക്കെ പറഞ്ഞ് നോക്കി.

“അത്….
അതാ… യത് രമണാ.. അറിഞ്ഞൂടാത്തത് കൊണ്ടാണ്.. ആപ്കൊ മാലൂം നഹി…”

ഹിന്ദി വേണ്ട.

മൂന്ന് നേരവും ലഘുഭക്ഷണം കഴിക്കുന്ന ഈ മറുനാടൻ മലയാളിയോട് ഇംഗ്ലീഷിൽ തന്നെ പറയാൻ തീരുമാനിച്ചു.

“ദേ.. നോക്കൂ, ഭക്ഷണപ്രിയ means the person who would like to cook tasty food and love to try new different reciepees and of course who would like to enjoy good food. you know… അല്ലാതെ ഛേ… ഛേ! ഫുഡ്‌ അടി മാത്രമല്ല..”

ഉത്തരം പക്ഷേ പച്ച മലയാളത്തിൽ ആയിരുന്നു. കേരളത്തിന്റെ ഹരിതാഭയെ കടത്തി വെട്ടുന്ന പച്ച.

“ജീവിക്കാൻ ഭക്ഷണം കഴിക്കണം, ഭക്ഷണം കഴിക്കാനായി ജീവിക്കരുത്.”

”ഓ….. ശരി.”

നല്ലവണ്ണം കുലുക്കി തുറന്ന സോഡാക്കുപ്പി കണക്കെ മനസ്സിൽ നുരഞ്ഞുപൊന്തിയ നീരസം ഞാൻ ആ രണ്ട് വാക്കുകളിൽ ഒതുക്കി.

ഭക്ഷണക്രമീകരണം, വ്യായാമം എന്നിവയ്ക്ക് ജീവിതത്തിൽ മുൻ‌തൂക്കം കൊടുക്കുന്ന ഈ ആളോട് ഇനി എന്ത് പറഞ്ഞിട്ടും കിം ഫലം? ആ കാര്യത്തിൽ ഞാൻ നോർത്ത് പോളും അദ്ദേഹം സൗത്ത് പോളും. എന്റെ ദിനചര്യകളിൽ മേൽപ്പറഞ്ഞതിനൊക്കെ മുൻ‌തൂക്കം കുറവാണെങ്കിലും, എന്റെ തൂക്കം കൂടുന്ന അവസ്ഥക്ക് ഈ ഭക്ഷണപ്രിയം ഹേതു ആയേക്കുമോ എന്ന ഭയം ആണ് ആ കരുതലിന് പിന്നിൽ എന്ന് എനിക്ക് നന്നായി അറിയാം.

പോരെങ്കിൽ ’കപ്പലിലെ കള്ളി’യുടെ സപ്പോർട്ടും!

എണ്ണത്തിൽ കൂടുതലുള്ള കുറേ എല്ലുകളും, അതിന്മേൽ കുറച്ച് തൊലിയും മാത്രം ഉണ്ടായിരുന്ന എന്റെ സ്കെൽട്ടൻ ബോഡി. അതിൽ തൂക്കിയിട്ടിരുന്ന കൊട്ടക്കോൽ കൈക്കാലുകൾ. ബാല ടി.ബി ഒന്നും ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം ആ പേക്കോലാവസ്ഥ മൊത്തത്തിൽ ഒന്ന് മാറ്റിയെടുക്കാൻ അന്നത്തെ പെടിയാട്രീഷ്യന്റെ നിർദ്ദേശം ശിരസ്സാവഹിച്ച്, മുട്ടോളം തലമുടി ഉണ്ടാവാൻ ആണെന്ന് പറഞ്ഞെന്നെ പറ്റിച്ച്  എന്നും നാടൻ പച്ച കോഴിമുട്ട പച്ചപ്പാലിൽ അടിച്ചതും, ചങ്ങാലിക്കോടൻ നേന്ത്രപ്പഴം പുഴുങ്ങിയതും, പിന്നെ നെയ്യും പരിപ്പും ചേർത്ത് കുഴച്ച ചോറും കണ്ടാൽ സ്കൂട്ടാവുന്ന എന്റെ ഉള്ളിലേക്ക് ആ പോഷകങ്ങൾ വല്ല വിധേനയും എത്തിക്കാൻ വീടിന് നാല് പുറവും പലതവണ ഇട്ടോടിച്ചതാണ് എന്നെ പണ്ട് ഈ അമ്മ!

അതൊക്കെ പഴങ്കഥ..

പക്ഷേ…

പുതിയ കഥയിൽ,

തന്റെ പ്രിയ, ഒരു ഭക്ഷണപ്രിയ ആവുന്നത് കക്ഷിക്ക് ഒട്ടും പ്രിയം അല്ലെന്ന് മനസ്സിലായി. പക്ഷെ ജന്മനാൽ സിദ്ധിച്ച ആർത്തി അമർത്തി തുടച്ചാൽ പോകുമോ? പെട്ടെന്ന് ഒരു അശരീരി,

“ നിന്റെ ആമാശയം നിന്റെ ശരീരത്തിൽ ആണെങ്കിലും അതിൽ എന്ത് നിറയ്ക്കണം, എത്ര നിറയ്ക്കണം, എന്ത് നിറക്കരുത് എന്നീ സുപ്രധാന തീരുമാനങ്ങൾ ഇനിമുതൽ ഒരുപക്ഷേ നിന്റെ പ്രിയൻ കൈക്കൊള്ളുവാനുള്ള സാധ്യത ഇല്ലാതില്ല എന്ന് സന്ദേഹപ്പെടേണ്ടിയിരിക്കുന്നു..” അതൊരു എമർജൻസി സന്ദേശമായി എന്റെ മസ്‌തിഷ്ക്കം ബീപ്പ് സൗണ്ടിന്റെ അകമ്പടിയോടെ റെഡ് സിഗ്നൽ തന്നു. അങ്ങനെ ഒരിക്കലും സംഭവിച്ച് കൂടാ എന്ന ഒരു താക്കീതും!

ഈശ്വരാ… അങ്ങനെയെന്നാൽ തീർന്നു!

ഈ വിഷയത്തിലെ എന്റെ ആംഗലേയഭാഷയും രാഷ്ട്രഭാഷയും ഒക്കെ ഫുൾ സ്റ്റോപ്പിൽ ആയി. ഫുൾ സ്റ്റോപ്പ്‌ ഒട്ടുമിക്ക ഭാഷകളിലും ഒരുപോലെ ആണല്ലോ. ഫുൾ സ്റ്റോപ്പിനെ ഒരു സെമിക്കോളൻ അഥവാ അല്പവിരാമമെങ്കിലും ആക്കാൻ ഞാൻ കുറച്ച് വളഞ്ഞ വഴി തന്നെ സ്വീകരിച്ചു. ഓരോ സമയത്തും കഴിക്കുന്ന ആകെ ഭക്ഷണത്തെ രണ്ട് തുല്യഭാഗമായി വിഭജിച്ചു. പകുതി ഡൈനിംഗ് ടേബിളിൽ ഇരുന്നു കൊണ്ടും, മറുപാതി ആരും കാണാതെ അടുക്കളയിൽ നിന്നുകൊണ്ടും അകത്താക്കി. പുത്തരിയിൽ കല്ല് കടിക്കാതിരിക്കാൻ ഒരു എളിയ ശ്രമം.

അഡ്ജസ്റ്റ്മെന്റ്!

ഇത്രയുമൊക്കെ ആയ സ്ഥിതിക്ക്, ഫ്രീ ഓഫ് കോസ്റ്റ് ഒരു പ്രധാന ടിപ്പ് അഥവാ ജി.കെ :

വിഷയത്തിൽ നിന്ന് ഒരു കുഞ്ഞ് ഡീവിയേഷൻ, ഇത് പറയാൻ ഇനി വേറെ അവസരം ഒത്ത് വന്നില്ലെങ്കിലോ?

ഈ വക ‘പുതുമോടി അഡ്ജസ്റ്റ്മെന്റുകൾ’ ആണ് പിൽക്കാലത്ത് നമുക്ക് തന്നെ പാരയായി ഭവിക്കുന്നത് എന്ന് ഈ അവസരത്തിൽ എടുത്ത് പറഞ്ഞ് കൊള്ളട്ടെ. അനുഭവം ഗുരു. തുടക്കത്തിൽ തന്നെ ഞാൻ ഇതാണ്, ഇങ്ങനെയാണ് എന്ന് മറയില്ലാതെ കാണിച്ചാൽ അതായിരിക്കും അഭികാമ്യം.

ഒരു ദിവസം അടുക്കളയിലെ ആരോരുമറിയാത്ത മറുപാതി അകത്താക്കവേ, ഞാൻ സ്വയം മറന്നു. കാരണം,

അന്ന് മീൻ കറിയും ചോറും ആയിരുന്നു. എന്റെ ഏറ്റവും ഇഷ്ടവിഭവം! ഓൾ ടൈം ഫേവറേറ്റ്

മീൻകറി ഉണ്ടാക്കിയ ചട്ടിയിൽ ചൂടുള്ള ചോറിട്ട് തുടക്കുന്നതും ഉരുള ഉരുട്ടി കഴിക്കുന്നതും സ്വപ്നം കണ്ട്, ഭക്ഷണത്തിന്റെ ആദ്യപാതി ഊണ് മേശയിൽ കഴിക്കാനിരുന്ന ഞാൻ, ‘എന്റെ നല്ല പാതി’ക്ക് മുന്നിൽ പതിവിൽ കവിഞ്ഞ മര്യാദക്കാരിയായിരുന്നു.

ഭക്ഷണശേഷം പാത്രങ്ങൾ കഴുകുവാൻ എന്ന വ്യാജേന അടുക്കളയിൽ ചുറ്റിപ്പറ്റി നിന്ന ഞാൻ ഊണ് കഴിഞ്ഞ് എല്ലാവരും വീടിന്റെ തളത്തിലേക്ക് പോയി എന്ന ആശ്വാസത്തിലും വിശ്വാസത്തിലും മീൻ ചട്ടിയിൽ ചോറിട്ട് തുടച്ച് അതിൽ നിന്നും ചുവന്ന് തുടുത്ത് ഇരിക്കുന്ന ചോറ് കൈവെള്ളയിൽ എടുത്ത് തട്ടിയുരുട്ടി ഉഗ്രന്മാരും സുന്ദരന്മാരും ആയ ഉരുളകളാക്കി കഴിക്കാൻ തുടങ്ങി.സാമാന്യം വലിയ ഉരുളകൾ!

സൈക്കിൾ റാലിയിലെ നല്ല കണ്ടീഷൻ സൈക്കിളുകൾ സ്പീഡിൽ ഇറക്കം ഇറങ്ങുന്ന ലാഘവത്തോടെ മീൻ ചാറിൽ പുരണ്ട കൊഴുത്തുരുണ്ട ചോറുരുളകൾ എന്റെ തൊണ്ടയിലൂടെ തുരുതുരെ വരിവരിയായി ഇറങ്ങിപ്പോയി.

ആ സ്വാദിന്റെ ആധിക്യത്തിൽ എന്റെ കണ്ണുകൾ താനേ അടഞ്ഞ് പോയി. എല്ലാം കഴിഞ്ഞ് തൃപ്‌തിയോടെ കണ്ണ് തുറന്ന്, പരിസരബോധം വന്നപ്പോൾ ഞാൻ കണ്ടത് മുന്നിൽ അടുക്കളച്ചുവരും ചാരി തികഞ്ഞ അസംതൃപ്‌തിയോടെ എന്നെത്തന്നെ തുറിച്ച് നോക്കി നിൽക്കുന്ന പ്രിയതമനെയാണ്.

തൊണ്ടി മുതലും ദൃക്സാക്ഷിയും!

തൊണ്ടി മുതലോടെ കള്ളനെ പിടിച്ച ചില പോലീസുകാരുടെ ഗമയും അഭിമാനവും മുഖത്ത്. ഞെട്ടലിനൊപ്പം സാധാരണ ഇത്തരം ആക്രാന്തകേസുകളിൽ ക്ഷണിക്കാതെ വലിഞ്ഞു കയറി വരാറുള്ള രംഗബോധമില്ലാത്ത കോമാളിയാണ് ഹിക്കപ്പ്സ്‌. സ്വിച്ച്ഓഫ്‌ ബട്ടൺ ഇല്ലാത്ത ആ ‘ഹൈ വോള്യം എക്കിട്ടം’ എത്ര ശ്രമിച്ചിട്ടും നിയന്ത്രണ
വിധേയമായില്ല!  ആൾക്ക് വെള്ളം കുടിക്കാൻ അങ്ങോട്ട് വരാൻ കണ്ട നേരം! അവിടെ ഇരുന്ന് ചോദിച്ചാൽ ഞാൻ അങ്ങോട്ട് കൊണ്ട് കൊടുക്കുമായിരുന്നല്ലോ?

ഒരു ഗ്ലാസ്സ് വെള്ളം എടുത്ത് എനിക്ക് നേരെ നീട്ടിയിട്ട് പറഞ്ഞു..

“വെള്ളം കുടിക്കൂ. കട്ട് തീറ്റയുടെ എക്കിട്ടം നിൽക്കട്ടെ.”

ശ്ശോ…. ചമ്മി പാളീസായി. ഒന്ന് പാളി നോക്കിയപ്പോൾ രണ്ട് ചോദ്യങ്ങൾ കമ്പയിൻ ചെയ്ത് ഒരു ചോദ്യമാക്കി എന്നോട്:

“ചട്ടിയിൽ നിന്ന് തന്നെ കഴിക്കണോ, ഒരു പ്ലേറ്റിൽ ഇട്ട് കഴിച്ചൂടെ?”

“ഹേയ്.. ഇത് ഇങ്ങനെ തന്നെ കഴിക്കണം. എന്നാലേ രുചി അറിയൂ. എല്ലാത്തിനും അതിന്റേതായ ഓരോ രീതിയുണ്ട് ദാസാ.”

ഞാനും വിട്ടുകൊടുത്തില്ല. അന്ന് വൈകീട്ട് ആളുടെ ഇഷ്ടഭക്ഷണം ആയ കുഞ്ഞുള്ളിച്ചോറും മീനും ഉണ്ടാക്കി കൈക്കൂലി കൊടുത്ത് ഞാൻ ആ ചമ്മൽ ഏറെക്കുറേ ദൂരീകരിച്ചു. പിശുക്കില്ലാതെ സാമാന്യം നല്ല അളവിൽ ചെറുള്ളി ചെറുതായരിഞ്ഞ് നെയ്യിൽ ചുവക്കെ മൂപ്പിച്ച് ചുവന്ന മുളകും കറിവേപ്പിലയും ചേർത്ത് വഴറ്റി ചോറിട്ട് പുരട്ടിയതും, ഉണക്ക മാന്തൾ കരുമൊരാ വറുത്തതും.. ഹാ..ഹാ… എന്താ സ്വാദ്!!

അടുത്തതവണ മീൻ ചട്ടി തുടച്ച ഒരുരുള വായിൽ കൊടുത്തപ്പോൾ സംഗതി ആൾക്കങ്ങോട്ട് ബോധിച്ചു. അടുത്ത ഉരുളക്കായി ആളെന്നെ പ്രതീക്ഷയോടെ നോക്കി. അമ്പടാ… ചില ആളുകളെ ഇങ്ങനെ ചെറിയ തോതിൽ വഴിതെറ്റിക്കാൻ കുറച്ച് സമയം എടുത്താലും ‘നമ്മളെക്കൊണ്ട് പറ്റും, നമ്മളെക്കൊണ്ടേ പറ്റൂ’ എന്നെനിക്ക് മനസ്സിലായി.

ചട്ടിയിൽ നിന്നും കുഴച്ചടിക്കുന്നത് രുചി തന്നെയെന്ന് ആൾ സമ്മതിച്ചു.

“അങ്ങനെ പാട്ടിലായ് നമ്മുടെ കാട്ടുകള്ളൻ!”എന്ന് ഞാൻ ആത്മഗതമായി പാടി.സ്നേഹം മൂത്ത് പഴുത്ത് കഴമ്പുള്ള മധുരക്കനികൾ വിളയുമ്പോൾ വായിൽത്തോന്നിയ പോലെ വരുന്ന വിളിപ്പേരുകളിൽ കഴമ്പില്ലാത്ത ഒന്ന്, ‘കാട്ടുകള്ളൻ’

എങ്കിലും പാട്ടിലായ ആ കാട്ടുകള്ളൻ, തന്റെ സഹധർമ്മിണിക്ക് ‘കട്ടുതീനി’ എന്ന ഓമനപ്പേര് കൂടി ചാർത്തി തന്നു.

‘കാട്ടുകള്ളന്റെ കട്ടുതീനി’

രുചി എന്നത് അങ്ങനെ ഒരു കാര്യമാണ്. അതുപോലെ ആണ് ചില വിഭവങ്ങളുടെ കോമ്പിനേഷൻസ്,അത്ഭുതാവഹം!
എനിക്ക് എന്റെ അച്ഛമ്മയുടെ കൈപ്പുണ്യം കുറച്ചൊക്കെ കിട്ടിയിട്ടുണ്ടെന്ന് എന്റെ അച്ഛൻ പറയുമ്പോൾ അടുക്കളയിൽ പയറ്റാൻ ഉള്ള ആവേശം കൂടുന്നതായി തോന്നാറുണ്ട്. അച്ഛമ്മക്ക് പാചകവേളയിൽ ഒരു താളമുണ്ടെന്ന് എനിക്കെപ്പോഴും തോന്നാറുണ്ട്. കുഞ്ഞാണെങ്കിലും അടുക്കളയിൽ അച്ഛമ്മയുടെ പാചക കല പൊടിപൊടിക്കുമ്പോൾ വാചക കസർത്തുമായി കൂടെ കൂടാറുണ്ട് ഞാൻ.

അങ്ങിനെ കണ്ടുപഠിച്ച കുറേ പൊടിക്കൈകൾ എന്റെയും മറ്റുള്ളവരുടെയും ഇഷ്ടഭക്ഷണങ്ങൾ പാചകം ചെയ്യുമ്പോൾ എനിക്ക് ഗുണം ചെയ്തിട്ടുണ്ട്. വീട്ടിൽ ലഭ്യമായ ചേരുവകൾ മാത്രം ചേർത്ത് രുചി അത്ഭുതങ്ങൾ സൃഷ്ടിക്കാൻ മിടുക്കിയായിരുന്നു അച്ഛമ്മ. പരീക്ഷണങ്ങളും, അബദ്ധങ്ങളും, അമ്മയിൽ നിന്നും അമ്മൂമ്മയിൽ നിന്നും അച്ഛമ്മയിൽ നിന്നും മറ്റിടങ്ങളിൽ നിന്നുമൊക്കെ കണ്ടും കേട്ടും അറിഞ്ഞ കാര്യങ്ങളും എല്ലാം ചേർത്ത് അടുക്കള ഒരു പരീക്ഷണശാല ആക്കി ഞാനും കാലക്രമേണ എന്നിലെ പാചകത്തെ മെച്ചപ്പെടുത്തികൊണ്ടിരിക്കുന്നു. എങ്കിലും നളപാചകം എന്ന പരിപൂർണ്ണത ഇനിയും വിദൂരം!

കംപ്ലെയ്ന്റ്സ് അല്ല, കോംപ്ലിമെന്റ്സ് ആണ് പുതിയ പുതിയ കോമ്പിനേഷൻ വിഭവങ്ങൾ കിച്ചണിൽ പിറവിയെടുക്കുന്നതിന്റെ ആധാരം. ഒരു വിഭവം നന്നായാൽ, ‘നന്നായിട്ടുണ്ട് കേട്ടോ’ എന്ന് പിശുക്കാതെ പറഞ്ഞ് ഒരു അഭിനന്ദനം, ഒരു കെട്ടിപ്പിടുത്തം, ഒരു പുറത്ത് തട്ടൽ അതെല്ലാം അത് തയ്യാറാക്കിയവർ പ്രിയപ്പെട്ടവരിൽ നിന്നും പ്രതീക്ഷിക്കുന്നതിൽ തെറ്റുണ്ടോ? ഇങ്ങോട്ട് പറയാത്തവരോട് അങ്ങോട്ട് ചോദിച്ചാൽ നമ്മെ വിറളി പിടിപ്പിക്കുന്ന ചിലരുടെ ഉത്തരങ്ങളുണ്ട്. മറുചോദ്യമാണ് മറുപടിയായി കിട്ടുക.

“അത് കഴിക്കുന്നത് കണ്ടാൽ മനസ്സിലാവില്ലേ?” എന്ന്.
അത്രയും പറയാനുള്ള ഊർജ്ജം വേണോ നന്നായിരിക്കുന്നു എന്ന ഒരു പോസിറ്റീവ് പറയാൻ. നന്നായില്ലെങ്കിൽ നെഗറ്റീവ് പറയാൻ പൊങ്ങുന്ന നാവിന് നന്നായത് പറയാൻ വലിയ പാടാണ്.

പ്രിയപ്പെട്ടവരിൽ നിന്ന് വളരെ നന്നായിട്ടുണ്ട് എന്ന ഒരു നല്ല വാക്ക് മതി, അത്രനേരം അനുഭവിച്ച അടുക്കളച്ചൂടിന്റെ കാഠിന്യം കുറക്കാൻ, മനസ്സും ശരീരവും ഒന്ന് തണുക്കാൻ,എല്ലാവരുടെയും ഇഷ്ടഭക്ഷണങ്ങൾ ഊണ് മേശയിൽ നിരക്കാൻ.

അടുക്കളപ്പണിയേയും പാചകത്തെയും വില കുറച്ച് കാണുന്നവരോടാണ്…

ഒരാൾ മിനക്കെടാതെ ഉണ്ടാവുന്ന ഒന്നല്ലല്ലോ ഭക്ഷണം. ‘ക്ഷണം’ എന്നൊരു വാക്ക് അതിൽ ഉണ്ടെങ്കിലും, ക്ഷണം ഭക്ഷിച്ച് കഴിയുമെങ്കിലും അതിന്റെ നിർമ്മാണ ജോലി ക്ഷണനേരം കൊണ്ട് കഴിയുന്നതല്ല.

പണ്ട് കാൽനടയായി കാതങ്ങൾ പിന്നിട്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു.ഇന്ന് കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ ദൂരം താണ്ടാനുള്ള സൗകര്യങ്ങൾ ആയി.ഇന്ന് സൗകര്യങ്ങൾ കൂടിയതിന്റെ പേരിൽ പാചകത്തെ കുറച്ച് കാണുന്നവർ, ഇന്നത്തെ മറ്റ് ആധുനികസൗകര്യങ്ങൾ ഒന്നും ഉപയോഗിക്കുന്നില്ല എങ്കിൽ പറയുന്നതിൽ അർത്ഥമുണ്ട്.
എന്തൊക്കെ പറഞ്ഞാലും വിശപ്പകറ്റാൻ അടുക്കളയിൽ ഉള്ളവർ കനിയണം എങ്കിലും അവരോട് കനിവിന്റെ കണിക പോലും കാണിക്കാൻ മടിക്കുന്ന സംഭവങ്ങളും ഉണ്ട്. വില കുറഞ്ഞ ഒരു പണിയെന്ന മട്ടിൽ!

ഭക്ഷണം കഴിക്കുമ്പോൾ നമ്മൾ ദൈവത്തോടൊപ്പം നന്ദിയോടെ ഓർക്കേണ്ട ഒരുപാട് മനുഷ്യരുണ്ട്. തുമ്പപ്പൂ നിറവും മയവുമുള്ള ചോറിന് മുകളിൽ ഇഷ്ടവിഭവമായ എരിവും പുളിയും ഉപ്പും ഞാൻ ഞാനെന്ന് മത്സരിച്ച് നിൽക്കുന്ന ചൂടൻ രസികൻ മീൻ കറിയും വിളമ്പി വീട്ടിലെ  ഊണ് മേശയിൽ ഇരുന്ന് വാരികഴിക്കുന്ന ആ ഓരോ വറ്റും വെന്ത് കഴിക്കാൻ പാകമാകും വരെ എത്രയെത്ര കൈകളിലൂടേയാണ്‌  കടന്നുപോരുന്നതെന്ന് ആലോചിക്കാറുണ്ട് ഞാൻ.

വിത്ത് വിതക്കാൻ പാടം ഉഴുതു മറിച്ച് ഇടുന്നവർ തൊട്ട്, അത് വിതച്ചും മാറ്റി നട്ടും വിളഞ്ഞ് കൊയ്യും വരെ പരിപാലിച്ചും കൊണ്ട് നടക്കുന്നവർ. കൊയ്ത ശേഷം വേവിച്ച് ഉണക്കി കുത്തി ചേറി പാകം ചെയ്യാൻ പരുവത്തിൽ ആക്കി മാറ്റുന്നവർ. അങ്ങാടിയിൽ എത്തിക്കുന്നവർ, അവിടെ നിന്നും തൊട്ടടുത്ത കടയിൽ പോയി വാങ്ങും വരെ നമ്മുടെ ഓരോരുത്തരുടേയും പേരെഴുതിയ അതാത് ധാന്യമണികൾ, വിശന്നിരിക്കുന്ന നമ്മളെ തിരഞ്ഞ് പിടിച്ചെത്തും വരെ പിന്നിട്ട വഴികളിലുള്ള, പേരറിയാത്ത നാടറിയാത്ത നേരിട്ടറിയാത്ത ഓരോരുത്തരും.

വിചിത്രമല്ലേ ആലോചിച്ചാൽ!അവരെയെല്ലാം ഒരു നിമിഷം നന്ദിയോടെ സ്മരിക്കാതിരിക്കുന്നത് പാപമല്ലേ?

വീട്ടിലെ അടുക്കള വലുതായാൽ വീടിന് ഐശ്വര്യമാണ് എന്നൊരു വിശ്വാസമുണ്ട്. അടുക്കളയില്ലാത്ത വീട് ആത്‍മാവില്ലാത്ത ശരീരം പോലെ ആണ്. ദുഷ്ചിന്തകളോടെ പാചകം ചെയ്യുന്ന ആഹാരം എത്ര ‘ഇഷ്ടഭോജനം’ ആണെന്നാലും വിഷതുല്യമാണ്.

അടുക്കളയിൽ പാചകം ചെയ്തത് എത്ര ലളിതമായ വിഭവം ആയാലും വീട്ടിൽ ഉള്ളവർ എല്ലാവരും ഒരുമയോടെ ഒന്നിച്ചിരുന്ന് പരസ്പരം വിളമ്പി കൊടുത്ത്  കഴിക്കുമ്പോൾ അത് ഒരു വിരുന്നിന് തുല്യമാകുന്നു.
സ്നേഹവും വാത്സല്യവും ചേരുവ ചേർത്ത രുചിയേറിയ വിഭവങ്ങൾ ഇനിയും ഇനിയും നമ്മുടെ അടുക്കളകളിൽ കൊതിപ്പിക്കുന്ന സുഗന്ധത്തോടെ പാകപ്പെടട്ടെ. എല്ലാവർക്കും നല്ല ആഹാരങ്ങൾ ആയുരാരോഗ്യസൗഖ്യങ്ങളും,നല്ല ചിന്തകളും, ബുദ്ധിശക്തിയും, ശാന്തിയും പ്രദാനം ചെയ്യട്ടെ. നവമുകുളങ്ങൾ ആയ കുഞ്ഞുങ്ങളുടെ രസമുകുളങ്ങൾക്ക് വിഷം തീണ്ടാത്ത ഭക്ഷണപദാർത്ഥങ്ങൾ വിളമ്പാൻ ആകും വിധം നാടും,നഗരവും,നമ്മുടെ ഓരോ അടുക്കളകളും സജ്ജമാകട്ടെ!

എല്ലാവർക്കും നല്ലത് മാത്രം സംഭവിക്കട്ടെ..

ലോകാ: സമസ്ത: സുഖിനോ ഭവന്തു

#ഇഷ്ടപ്പെട്ട ഭക്ഷണം

#എന്റെരചന

✍🏻(>സുജാത നായർ<)✍🏻

Post Views: 42
2
Sujatha Surendran

ഞാൻ സുജാത നായർ, തൃശ്ശൂർ സ്വദേശിനി.സുജാത എന്നാൽ ഇതാണ്👉🏽 മലയാളത്തെ ജീവന് തുല്യം സ്നേഹിക്കുന്ന, ഇനിയൊരു ജന്മമുണ്ടെങ്കിൽ എന്റെയീ പ്രിയ ഭൂമി മലയാളത്തിൽ തന്നെ പിറവി കൊള്ളാൻ അദമ്യമായി ആഗ്രഹിക്കുന്ന, കൈയിൽ ഉള്ളത് കൊണ്ട് ഓണം എന്നപോലെ എന്നിൽ ഉള്ളതുകൊണ്ട് എന്നാൽ കഴിയും വിധം എന്തെങ്കിലും ഒക്കെ എഴുതി ഫലിപ്പിക്കണം എന്ന ആഗ്രഹത്തോടെ, കടമകൾക്കും കർത്തവ്യങ്ങൾക്കും മൊത്തം സമയത്തിന്റെ നല്ല ഒരു ഓഹരി പകുത്ത് കൊടുത്ത് ബാക്കി കൈയിൽ കിട്ടുന്ന വിലപ്പെട്ട സമയത്ത് എന്തെങ്കിലും കുത്തിക്കുറിക്കാൻ, മറ്റുള്ളവരുടെ മനോഹരസൃഷ്ടികൾ വായിക്കാൻ കൊതിയുള്ള കർമ്മനിരതയായ വീട്ടമ്മ🥰

1 Comment

  1. Suma Jayamohan on October 17, 2024 2:59 AM

    👌🌷❤️

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.