ക്ലാസ്സ് കഴിഞ്ഞിറങ്ങിയപ്പോൾ നല്ല മഴ, പത്ത് മിനിറ്റ് നടക്കാനുണ്ട്, ഹോസ്റ്റലിലേക്ക്. കുടയെടുക്കാൻ മറന്നു. കോളേജിൽ ജോയിൻ ചെയ്തിട്ട് അധികമായിട്ടില്ല, ക്ലാസിൽ പഠിക്കുന്ന ആരും ഹോസ്റ്റലിൽ ഇല്ല. ആരുടെയെങ്കിലും കുടയിൽ കയറാമെന്നു വെച്ചാൽ അത്ര അടുപ്പമുള്ള ആരെയും കാണുന്നില്ല. പകുതി വഴിയിൽ വെച്ചാണ് മഴ തുടങ്ങിയത്, മഴയ്ക് മുൻപ് എത്താമെന്നു കരുതി ഇറങ്ങി ഓടിയതാ… അവിടെത്തന്നെ ഇരുന്നാൽ മതിയായിരുന്നു.
ഈ മരത്തിന്റെ ചുവട്ടിൽ നിന്നിട്ട് പകുതി നനയുകയാണ്. എന്തു ചെയ്യും..? ചുറ്റും നോക്കി അതാ നിൽക്കുന്നു കോളേജ് ലെ എന്റെ ശത്രുകളിൽ ഒരാൾ. സീനിയർ ചേച്ചിയാണ്. ആരോടോ സംസാരിക്കുകയാണ്. കുടയുടെ മറവിൽ ഞാൻ കണ്ടിരുന്നില്ല. എന്നെയും കണ്ടിട്ടില്ല. അല്ലെങ്കിലും ഞങ്ങൾ പരസ്പരം നോക്കുകയും മിണ്ടുകയും ഇല്ല. ഈ രണ്ടുപേരും പിന്നേ ഞാനും മാത്രമാണ് ഞങ്ങളുടെ ഡിപ്പാർട്മെന്റിലെ ഹോസ്റ്റലേഴ്‌സ്. വേറെ ആരെങ്കിലും ഉണ്ടോ എന്നറിയില്ല.
പിന്നെ ശത്രുത എന്താണെന്നു ചോദിച്ചാൽ, കോളേജ് first day, സീനിയർസ്ന്റെ welcome party യിൽ ഉണ്ടായ ചെറിയൊരു പ്രശ്നം. കുറച്ചു സീനിയർസ് (അതിൽ ഈ രണ്ടു ചേച്ചിമാരും ഉണ്ട് ) ഞങ്ങളെ ഒരുപാട് വഴക്കു പറഞ്ഞു, ഞങ്ങളും തിരിച്ചു പറഞ്ഞു… So, അതിനു ശേഷം ഇങ്ങനെയാണ്. ചില സമയത്ത്എന്നെ കാണുമ്പോൾ രണ്ടുപേരുടെയും മുഖത്ത് ഒരു പരിഹാസച്ചിരി കാണാം, എന്താ ഇത്ര ചിരിക്കാൻ, ഞാൻ നോക്കാതെ പോരും.
ആ ചേച്ചിയാണ് കുടയും പിടിച്ചു നില്കുന്നത്. ഞാൻ ആണെങ്കിൽ നനഞ്ഞു കുതിർന്നു നിൽക്കുന്നു. അതിന്റെയൊരു ചമ്മൽ. തണുപ്പും വിശപ്പും കൂടെ ആയപ്പോൾ വിഷമം കൂടി. തിരിഞ്ഞു നോക്കിയാൽ അവരെന്നെ കാണും, ഉറപ്പായും കളിയാക്കി ചിരിക്കും, മറ്റേ ചേച്ചിയോടും പറയും… അതിനിപ്പോ എന്താ, മഴയല്ലേ… എന്നാലും ഈ വേഷത്തിൽ ആരു കണ്ടാലും നാണക്കേടാണ്, എങ്ങനെയെങ്കിലും പോകാമെന്നു വിചാരിച്ചപ്പോളാണ് ശത്രുവിന്റെ മുൻപിൽ പെട്ടത്.
ചേച്ചി പെട്ടെന്ന് തിരിഞ്ഞു, എന്നെ കണ്ടോ എന്നു പോലും നോക്കിയില്ല. ഞാൻ ഒറ്റയോട്ടം. പക്ഷെ മഴ ഞാൻ വിചാരിച്ച പോലെയല്ല, വളരെ കൂടി. ഞാൻ ഓട്ടം നിർത്തി, തിരിഞ്ഞു നോക്കിയപ്പോൾ ആ ചേച്ചി ഓടിവരുന്നു. എന്റെ അടുത്ത് വന്നു ‘ നീ എന്താ ഓടിയത്? ഞാൻ വിളിച്ചത് കേട്ടില്ലേ.’ ചേച്ചി ചോദിച്ചു.
‘എന്തിനാ വിളിച്ചത്?’
നിന്റേ ഓട്ടം നിർത്താൻ, ഞാൻ നിന്റെ പുറകെ ഓടുകയായിരുന്നു. നീ മഴയത്ത് പോകുന്നത് കണ്ടിട്ട്, എന്റെ കുടയിൽ പോകാല്ലോ ‘
ഞാൻ ചേച്ചിയുടെ മുഖത്തേക് നോക്കി. പതിവു പരിഹാസച്ചിരി അവിടെത്തന്നെ ഉണ്ട്. ‘ഇങ്ങനെയാണോ ഇതിന്റെ നോർമൽ ചിരി’ ഞാൻ ഓർത്തു. ഞങ്ങൾ ഒരുമിച്ചു ഒരു കുടക്കിഴിൽ നടന്നു. ഒന്നും സംസാരിച്ചില്ല. രണ്ടുപേരും റൂമിലേക്കു പോയി.
ആ ചേച്ചിക്ക് എന്റെ പിറകെ അത്രയും ദൂരം ഓടേണ്ട കാര്യം ഉണ്ടായിരുന്നില്ലല്ലോ. ശരിക്കും സഹായിക്കാൻ തന്നെയാ വന്നത്. അന്നത്തെ വഴക്കും പിണക്കവും എല്ലാം അവർ മറന്നെന്നു തോനുന്നു, ഞാൻ ഇത്രയും കാലം ഇല്ലാത്തൊരു ശത്രുത മനസ്സിൽ വച്ച് വെറുതെ അവരെ തെറ്റിദ്ധരിച്ചു, അവർ ചിരിക്കുന്നത് പോലും സംശയിച്ചു. ആകെയൊരു വിഷമം.
എന്തായാലും മഴ കൊണ്ടത് വെറുതെയായില്ല പനി പിടിച്ചു. പിറ്റേന്ന് holiday കൂടെയാണ്. ഒരുപാടു ലേറ്റ് ആയി എണീറ്റു ചെന്നപ്പോൾ, ചായ തീർന്നു. സമയത്ത് വരണ്ടേ എന്നൊക്കെ ചോദിച്ചു മെസ്സിലെ ചേച്ചിമാരുടെ ബഹളം. ഒന്നും മിണ്ടാതെ ദോശ മാത്രം എടുത്തു, തിരിഞ്ഞപ്പോൾ മറ്റേ ശത്രു, അല്ല ചേച്ചി,.. ഇതിവിടെ ഇരിക്കുന്നുണ്ടായിരുന്നോ?
ആൾ ചോദിച്ചു
‘മഴ കൊണ്ട് പനി പിടിച്ചല്ലേ? അതാണോ എണീക്കാൻ വൈകിയത്.’
എന്നിട്ട് മെസ്സിലെ ചേച്ചിയോട് ‘ വയ്യാഞ്ഞിട്ടല്ലേ ചേച്ചി കുറച്ചു ചായ ഉണ്ടാക്കി കൊടുക്കന്നെ ‘ എന്ന് പറഞ്ഞു.
‘ചായ തീർന്നു… കട്ടൻ ചായയിട്ടു തരാം ‘മെസ്സിലെ ചേച്ചി….
‘മതി’ എനിക്ക് ആശ്വാസമായി.
മഴയത്തു പുറത്തു പോയി ചായ കുടിക്കാൻ പറ്റില്ലലോ..
സീനിയർ ചേച്ചിയെ നോക്കിയപ്പോൾ അവർ കൂട്ടുകാരുമായി സംസാരിക്കുന്നു. ഇത്രയും നാൾ അവരെ വെറുത്തതിൽ എനിക്ക് കുറ്റബോധം തോന്നി.
എന്റെ രണ്ടു ശത്രുക്കളും അവരുടെ എനിക്കെതിരെയുള്ള നീക്കങ്ങളും മറ്റു പ്രശ്നങ്ങളും എല്ലാം, എന്റെ വെറും സങ്കൽപ സൃഷ്ടികളാണെന്നു തിരിച്ചറിയുമ്പോൾ വേറെ എന്തു തോന്നാൻ..
എന്തായാലും എന്റെ മനസിലെ രണ്ടു ശത്രുകളും അന്നത്തെ മഴയിൽ ഒഴുകിപ്പോയി.


2 Comments
മനോഹരം
Thank you