ഒടുവിലത്തെ ശ്വാസത്തിനായി
ഞാനീ കടൽക്കരയെ തന്നെ
തിരഞ്ഞെടുത്തത് എന്തിനെന്നോ..
എനിക്കൊരു തിരമാലയാകണമായിരുന്നു..
കടലും തിരയും
നിനക്കത്ര ഇഷ്ടമായിരുന്നല്ലോ
കരയിലേക്ക് എത്തി നോക്കി
ഒരു കുഞ്ഞു ഓളമായി തീരമണയാതെ
കാത്തിരിക്കുകയാണ് ഞാൻ
നീ വരുന്നതും കാത്തു കാത്ത്
നിന്റെ പാദങ്ങളിലൊന്നു തൊട്ടു തലോടണം ഒരു മാപ്പ് പറയണം
അറിയാതെങ്കിലും ഒരപരാധം
ഉണ്ടെങ്കിലത് പൊറുക്കണം
നേർത്തു നേർത്തു വരുന്നൊരു
കുഞ്ഞു തിരയായി
ഒരു കുഞ്ഞു ഓളമായി നിന്നരികിലെത്തണം
പറയാൻ ബാക്കി വെച്ചതെല്ലാം
പറയണം പിന്നെ ഒന്നറിയണം
എന്തിനായിരുന്നു ആ വെറുപ്പിന്റെ
കുട നീ ചൂടിയതെന്ന്
ഞാനെന്ന മഴ ചുടു നീരായിരുന്നില്ലല്ലോ
എന്നിട്ടും..
ഒടുവിലത്തെ ശ്വാസത്തിനായി
ഞാനീ കടൽക്കരയെ തന്നെ
തിരഞ്ഞെടുത്തത് എന്തിനെന്നോ..
എനിക്കൊരു കടൽ തെന്നലാകണം
കുളിർ കാറ്റും തണുപ്പും
നിനക്കിഷ്ടമായിരുന്നല്ലോ
ഒരിക്കൽ കൂടി നിന്റെ
കവിളിൽ ഒരുമ്മ വെക്കണം.
നിന്നെയൊന്നു കെട്ടി പുണരണം
എന്റെ ശ്വാസം നിന്നിലലിയണം
ഒന്ന് പറയണം നീ വെറുത്തിട്ടും
ഞാൻ മരിച്ചിട്ടും നിന്നെ ഞാൻ
സ്നേഹിക്കുകയായിരുന്നുവെന്ന്
*ഫൈസൽ മന്ദലാംകുന്ന്*

