ജീവിതത്തിൽ എനിക്ക് ഒത്തിരി സന്തോഷം തരുന്ന ചില കാര്യങ്ങളിലൊന്ന് – കാലിയായ ഒരു പ്ലേറ്റ് !!
ഞാൻ ഉണ്ടാക്കിയ ആഹാരം അറഞ്ചം പുറഞ്ചം കഴിച്ചിട്ട്, പ്ലേറ്റും വിരലും നക്കിത്തുടച്ച്, നല്ലൊരു ഏമ്പക്കവും വിട്ടു, എന്നെ നോക്കി സമ്മാനിക്കുന്ന ആ ചിരി ഉണ്ടല്ലോ – ദതാണ് ശരിക്കുള്ള സന്തോഷം.
ഒരു അമ്മ ഉണ്ടാക്കുന്ന ഓരോ ഭക്ഷണത്തിലും അവർ ചേർക്കുന്ന രഹസ്യചേരുവ ഒന്നുണ്ട് – സ്നേഹം. അത് കൊണ്ടാവും പലർക്കും 5 സ്റ്റാർ ഹോട്ടൽ ഭക്ഷണത്തേക്കാൾ പ്രിയപ്പെട്ടത് “അമ്മയുടെ കൈ കൊണ്ടുണ്ടാക്കിയ എന്തും” ആകുന്നത്. എനിക്കും അങ്ങനെ തന്നെയാണ് – അമ്മ ഉണ്ടാക്കുന്നത് കഴിയ്ക്കുമ്പോൾ എന്തോ ഒരു ആശ്വാസമാണ്; ഒരു മനഃശാന്തി. കുട്ടിക്കാലത്തേക്ക് തിരിച്ചു പോയ പോലെ ഒരു നൊസ്റ്റു ഫീൽ (ചിലപ്പോ ഞാൻ ഒരു പണിയും ചെയ്യാതെ, ഇരുന്നു കഴിച്ചത് കൊണ്ടുള്ള സമാധാനവും ആയിരിക്കാം ഹിഹിഹി) അമ്മയുടെ റെസിപ്പീസ് അതേപടി പകർത്തി ഞാനും ഉണ്ടാക്കാറുണ്ട് – പക്ഷെ ഒരിക്കലും ആ ഒരു രുചി കിട്ടാറില്ല – ഇതിനെ ആയിരിക്കും അല്ലെ ഈ “കൈപ്പുണ്യം” എന്ന് പറയുന്നത് ! 



നല്ല വട്ടത്തിൽ ചപ്പാത്തി പരത്താൻ എന്നെ പഠിപ്പിച്ചതും പല അടുക്കള പൊടിക്കൈകൾ പറഞ്ഞു തന്നതും എന്റെ അച്ഛനാണ് – ഒരു പുരുഷൻ അടുക്കളയിൽ കയറി സഹായിക്കുന്നത് മോശമല്ല; മറിച്ച് അതാണ് ഒരു നല്ല കുടുംബനാഥൻ എന്ന് ചെറുപ്പത്തിലേ എന്റെ മനസ്സിൽ അളവ് കോൽ സെറ്റ് ചെയ്ത ആൾ. വീട്ടിലെ ശാസ്ത്രജ്ഞൻ ഭർത്താവിന് അടുക്കളയിലും ഗവേഷണം ആണ് – അതുല്യവും അനുകരിക്കാനാവാത്തതുമായ ഐറ്റംസ് ഉണ്ടാക്കാൻ മിടു മിടുക്കനാ (റെസിപ്പി ഒന്നും നോക്കാണ്ട്, കയ്യിൽ കിട്ടുന്ന മസാല ഒക്കെ, തോന്നുന്ന അനുപാതത്തിൽ എടുത്തിട്ടാ പിന്നെ എങ്ങനെ അനുകരിക്കാൻ പറ്റും, ല്ലേ – കേൾക്കണ്ട, പിന്നെ ഇപ്പൊ കിട്ടുന്ന സഹായവും കൂടി നിർത്തലാവും 

)


)പാചകം ഒരു കലയാണ്. ഫ്രഷ് ആയിട്ടുണ്ടാക്കിയ ഭക്ഷണത്തിന്റെ മണം, നിറങ്ങളുടെ ഭംഗി, വാസനദ്രവ്യങ്ങൾ ചട്ടിയിൽ വഴറ്റുന്ന ശബ്‌ദം, രുചിമുകുളങ്ങളിൽ പൊട്ടിത്തെറി സൃഷ്‌ടിക്കുന്ന സ്വാദുരസങ്ങൾ – എല്ലാ ഇന്ദ്രിയങ്ങൾക്കും ഒരു വിരുന്നാണ് പാചകം.
ഞാൻ പ്രൊഫഷണൽ ഷെഫ് ഒന്നുമല്ല, പക്ഷേ പാചകം ഇഷ്ടമാണ് – പ്രത്യേകിച്ചും വെറൈറ്റി ഐറ്റംസ്. ഇഷ്ടം ഉള്ളവർക്ക് വേണ്ടിയാവുമ്പോൾ ഉത്‍സാഹം കൂടും. വീട്ടിൽ ഗസ്റ്റ് വരുന്നുണ്ടെങ്കിൽ അടിപൊളി ! മോളുടെ ലഞ്ച് ബോക്സിൽ 5 -6 പേർക്കുള്ള ആഹാരമാണ് കൊടുത്തയച്ചിരുന്നത് – അവൾ മമ്മിയുടെ പാചകമികവ് ‘ഷോ ഓഫ്’ ചെയ്യാൻ കിട്ടുന്ന ഒരുഅവസരവും പാഴാക്കാറില്ല. കഷ്ടപ്പെട്ടു വെറൈറ്റി റെസിപ്പീസ് തപ്പിയെടുത്ത്, സാധങ്ങൾ വാങ്ങി, സമയമെടുത്ത് ഉണ്ടാക്കാൻ സന്തോഷമേ ഉള്ളു – എത്ര തന്നെ ക്ഷീണിപ്പിക്കുന്നത് ആയിരുന്നാലും.
മിക്കവാറും എല്ലാരും കഴിച്ചു കഴിയുമ്പോഴേക്കും, ഉണ്ടാക്കിയ ആൾക്ക് ബാക്കി ഒന്നും ഉണ്ടാവില്ല…
എങ്കിലും സങ്കടമില്ല. മനസ്സ് നിറഞ്ഞല്ലോ അത് മതി !
* ഒക്ടോബർ 20 : രാജ്യാന്തര ഷെഫ് ഡേ പ്രമാണിച്ച്, മനസ്സിൽ തോന്നിയ കുറച്ചു ചിന്തകൾ…..


1 Comment
നമ്മളുണ്ടാക്കുന്ന ഭക്ഷണം ഒരാൾ രുചിയോടെ കഴിക്കുന്നതാണ് നമുക്കേറ്റവും സംതൃപ്തി തരുന്നത്.❤️🌷