17 വർഷങ്ങൾക് മുൻപ് ഒരു വണ്ടിത്താവളം ‘യാത്ര’യിലെ എന്റെ കുഞ്ഞു അനുഭവം.
വിവാഹ കഴിഞ്ഞു ഏകദേശം 2 ആഴ്ചക്കുള്ളിൽ ആണ് ആ യാത്ര. ഇക്കയുടെ ബന്ധു വീട്ടിലേക്ക് ആണ് ഞങ്ങൾ പോകുന്നത് ഞങ്ങളുടെ താമസ സ്ഥലത്തുനിന്നും ഒരു മണിക്കൂറിലധികം ksrtc ബസിൽ യാത്ര ചെയ്ത് പാലക്കാട് സ്റ്റേഡിയം സ്റ്റാൻഡിൽ ഇറങ്ങി മറ്റൊരു ബസിൽ കയറി. ബസിൽ കയറി ഒരു സീറ്റിലായി ഞാനും ഇക്കയും ഇരുന്നു. വിൻഡോ സീറ്റ് ഹരമായിരുന്നതിനാൽ ഞാൻ ഹാപ്പി. ബസ് എടുക്കാൻ
സമയമാവുന്നത് കാത്തിരിക്കുന്നു. സംസാരിക്കുന്നെങ്കിലും ഞാൻ ഇക്ക വാങ്ങി തന്ന ബൂമറുകൾ കയ്യിലെടുത്തു ചവച്ചു പരിസരം വീക്ഷിക്കുന്നു.
ബസ് സ്റ്റാൻഡിൽ കച്ചവടക്കാരുടെയും യാത്രക്കാരുടെയും തിരക്ക്. അപ്പോഴാണ് തൊട്ടടുത്തു നിർത്തിയിട്ടു ബസിൽ ഒരു കുഞ്ഞു കുട്ടി കരയുന്ന ശബ്ദം കേട്ടത്. ഞാൻ അങ്ങോട്ട് നോക്കി.മൂന്നോ നാലോ വയസ്സ് പ്രായം തോന്നിക്കുന്ന ഒരു കുഞ്ഞു സുന്ദരിക്കുട്ടി. ഒരു സ്ത്രീയുടെ (അമ്മ ആവാം) കയ്യിൽ നിന്ന് കുതറി മറ്റൊരു സ്ത്രീയുടെ(അമ്മൂമ്മയാവാം)അടുക്കലേക്കോടാൻ തുനിയുന്നു. കയ്യും കാലും വീശി ഉച്ചത്തിൽ കരയുന്നു. അതിൽ പ്രായമായ സ്ത്രീ അവരോടൊപ്പം പോവാൻ ആണ് അവൾ കരയുന്നത് എന്നാണ് എനിക്ക് മനസ്സിലായത്. അമ്മു എന്നാണവർ ആ മോളെ വിളിക്കുന്നത്.
ഇക്കയോട് പറഞ്ഞു ഞാനെന്റെ കയ്യിലുള്ള മിട്ടായികൾ അവൾക്ക് എറിഞ്ഞു കൊടുത്തു. കരച്ചിൽ നിർത്തി എന്നെ നോക്കി. ഇത് വരെ ഹിജാബ് ധരിച്ചു കുട്ടി മറ്റാരെയും കാണാത്തതിന്നാലൊ മറ്റോ ആവാം ഹിജാബിനുള്ളിലെ എന്റെ കണ്ണുകൾ മാത്രം കണ്ട് അവൾ ഏതോ അന്യഗ്രഹ ജീവിയെ കണ്ടപോലെ നോക്കുന്നതായി എനിക്ക് തോന്നി.
അക്കാര്യം ഞാനിക്കായോട് പറഞ്ഞു ഞങ്ങൾ ചിരിച്ചു. എന്നെ നോക്കി ഇരിക്കുന്ന അമ്മുകുട്ടിയെ നോക്കി ഞാൻ കയ്യും കണ്ണും കൊണ്ട് ചേഷ്ട്ടകൾ കാണിച്ചു. കുട്ടി എന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി ഇരിക്കുകയാണ്. ബസ് സ്റ്റാർട്ട് ആക്കാൻ തുടങ്ങി. ഇക്ക പറഞ്ഞപ്പോൾ ഹിജാബ് പൊക്കി ഞാനവളെ ചിരിച്ചു കാണിച്ചു. ഞാനെന്ടെ കൈകൾ അവൾക്ക് നേരെ വീശി. അപ്പോൾ അമ്മയുടെ മടിയിലിരുന്ന് അമ്മയും മോളും എന്നെ നോക്കി ചിരിച്ച് എനിക്ക് അവളുടെ കുഞ്ഞു കൈകൾ വീശി കാണിക്കാൻ തുടങ്ങി. ഞാൻ ഹിജാബ് താഴ്ത്തി അപ്പോഴേക്കും ബസ് നീങ്ങി തുടങ്ങിയിരുന്നു.
ഇപ്പോൾ ആ കുഞ്ഞുഅമ്മുക്കുട്ടി ഒരു വലിയ അമ്മുക്കുട്ടി ആയിക്കാണും.
ഇന്നും മുടി മുന്നിൽ വട്ടത്തിൽ വെട്ടിയ ആ കുഞ്ഞു മുഖവും ആകാംക്ഷ നിറഞ്ഞ നോട്ടവും എന്റെ മനസ്സിന്റെ ഓർമ കൂടാരത്തിൽ ഒരു കോണിൽ ഒളിച്ചിരിക്കുന്നു.
ജീവിതമെന്ന യാത്രയിൽ ഇങ്ങനെ ഒത്തിരി പേർ നമ്മുടെ മനസ്സിൽ ഇടം നേടും. നല്ലതും ചീത്തയും ആയ ഒരുപാട് ഓർമ്മകൾ നൽകി അവർ ഓർമകളിൽ മായാതെ നിൽക്കും. ചിലതാണെങ്കിൽ നല്ല മുറിവുകളായും നീറി നിൽക്കും.എങ്കിലും നല്ല ഓർമകൾ ഒരു നിമിഷമെങ്കിലും വീണ്ടും ഒരു ജീവിതത്തിന് വേണ്ടി കൊതിപ്പിക്കും. നീറിനിൽക്കുന്ന മുറിവുണക്കാൻ ഒരു നിമിഷമല്ല ഒരായുസ് അവരെ സന്തോഷത്തിന് കൊടുക്കാൻ കഴിഞ്ഞെങ്കിൽ എന്നും ചിന്തിക്കും.
നജ്മുന്നിസ ബഷീർ.
