ഈ കടൽത്തീരം എനിക്ക് പുതിയതല്ല.
എൻറെ ബാല്യം ഈ കടൽത്തീരത്താണ്. ആഞ്ഞുവീശിയ സുനാമി ഈ കടൽതീരത്തെ വിഴുങ്ങിയപ്പോൾ അനാഥമായി എൻറെ ബാല്യം. ഈ കടലമ്മയോട് എൻറെ അമ്മയെ കണ്ടുവോ എന്ന് എനിക്ക് ചോദിക്കണം. ഈ കടൽ തീരത്ത് ഇരുന്ന്, ഇന്ന് എൻറെ അമ്മയുടെ ഛായാചിത്രം എനിക്ക് വരയ്ക്കണം.
തീരെ വിജനമായ ഒരു കടൽത്തീരമാണ് ഞാൻ പ്രതീക്ഷിച്ചു വന്നത്.
ഞാൻ ആദ്യകുർബാന കൈകൊണ്ട പള്ളിയുടെ പടിഞ്ഞാറെ കവാടം ഈ കടപ്പുറത്തേക്ക് തുറന്നിരിക്കുന്നു.
സഞ്ചാരികൾ അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്.
ഒരു സുനാമിയിൽ നഷ്ടപ്പെട്ട തീരം ആണെന്ന് ഇപ്പോൾ കണ്ടാൽ തിരിച്ചറിയില്ല.
നന്ദി !!ഈ കാഴ്ച എനിക്ക് തന്നവർക്ക് നന്ദി!!
ഒന്നോ രണ്ടോ കുടിലുകൾ അവിടെ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. അത് ഒരുപക്ഷേ ഈയടുത്തകാലത്ത് പണിഞ്ഞത് ആവാം.
പള്ളി കണ്ടു, കുർബാന കൂടി..
ഒത്തിരി പേർ ഈ കടൽതീരത്ത് വന്നിരിക്കുന്നുണ്ട്.
ഇപ്പോൾ ഈ കടൽത്തീരം വരയ്ക്കാൻ പറ്റിയ ചിത്രമാണ്.
ഞാൻ നിൽക്കുന്ന സ്ഥലത്ത് നിന്ന് പത്തിരുപത് വാര മാറി ഒന്ന് രണ്ട് കൂരകൾ കാണാം.. ഇതിന് ഏകദേശം അടുത്തെവിടെയോ ആയിരുന്നു എൻറെ കുടിൽ. ഞാനും എൻറെ അമ്മയും ചേച്ചിയും ഉണ്ടായിരുന്നു ആ കൊച്ചു കുടിലിൽ. ചേച്ചിയും എന്നെപ്പോലെ എവിടെയെങ്കിലും ജീവിചിരിപ്പുണ്ടായിരിക്കാം. എന്നാൽ അമ്മ ഈ കടപ്പുറം വിട്ട് എങ്ങും പോയിട്ടുണ്ടാവില്ല.
ആ കാണുന്ന കൂരയിൽ എൻറെ അമ്മ ഉണ്ടോ?
ഞാൻ ഒന്ന് പോയി നോക്കട്ടെ…
എടാ മോനേ, അവളെ ഇങ്ങനെ തല്ലല്ലേ.. ഇനിയും തല്ലിയാൽ അവൾ ചത്തുപോകും..
തള്ളേ, നിങ്ങൾ എൻറെ കാലിൽ നിന്ന് കൈ എടുത്തു മാറ്റ്… അവൻ ആക്രോശിച്ചു.
ഇല്ല. എന്തുവന്നാലും അവളെ ഇനി തല്ലാൻ ഞാൻ സമ്മതിക്കില്ല. ഡാ നിന്നെ മാത്രം വിശ്വസിച്ചു നിൻറെ കൂടെ ഇറങ്ങി വന്നവൾ അല്ലേ അവൾ.. അവൾ ഒരു കുഞ്ഞിൻറെ അമ്മയാകാൻ പോകുന്നു. അത് അറിഞ്ഞശേഷമാണോ, നീ അവളെ തല്ലുന്നത്?
ആ കൂരയുടെ ഒരു കോണിൽ തൻറെ ഗർഭസ്ഥശിശുവിന് ഒരു പോറലുമേൽക്കാതെ ഇരിക്കാൻ തൻറെ രണ്ടു കാൽമുട്ടുകൾക്കിടയിൽ തൻറെ ഉദരം അവൾ ഒളിപ്പിച്ചുവച്ചിരിക്കുന്നത് പുറത്തു നിന്ന് എനിക്ക് കാണാൻ കഴിയുന്നുണ്ട്.
എടാ മഹാപാപി, അവൾ മീൻ വിറ്റു കൊണ്ടുവരുന്ന കാശ് കൊണ്ടാണ് നമ്മൾ മൂന്നുപേരുടെ വയറു കഴിയുന്നത്. നിന്നോട് വലയിടാൻ പോകരുതോ എന്നല്ലേ പറഞ്ഞുള്ളൂ വേറൊന്നും പറഞ്ഞില്ലല്ലോ.. അതിൽ എന്താണ് ഇത്ര വലിയ തെറ്റ്??
അവൻ നിലത്ത് ആഞ്ഞുചവിട്ടി പുറത്തേക്കിറങ്ങി പോയി..
ഞാൻ അകത്തോട്ട് സൂക്ഷിച്ചുനോക്കി ആ അമ്മയ്ക്ക് എൻറെ അമ്മയുടെ മുഖം ആണോ?
പൂർണഗർഭിണിയായ ആ അമ്മയ്ക്ക് എൻറെ അമ്മയുടെ മുഖമാണോ ?
അവൻറെ പിന്നാലെ എൻറെ നോട്ടവും പോയി..
അവിടെ കൂടിയിരിക്കുന്ന ആളുകളിലും, ചായക്കട നടത്തുന്ന തലയിൽ തട്ടമിട്ടിരിക്കുന്ന ഉമ്മയിലും, കാറിലും ബൈക്കിലും ഒക്കെ കടൽത്തീരത്ത് വന്നിരിക്കുന്നു ആളുകളിലുമായി എൻറെ കാഴ്ച മാറി മാറി സഞ്ചരിച്ചുകൊണ്ടിരുന്നു…
നിരപ്പായ ഒരു സ്ഥലം കണ്ടെത്തി, ഞാനെൻറെ ചിത്രരചനക്കുള്ള സജ്ജീകരണങ്ങൾ ക്രമീകരിക്കുന്ന തിരക്കിലായിരുന്നു…
അമ്മ ഇവിടെനിന്നും എങ്ങും എണീറ്റ് പോകരുത്…
ഒരു പത്തുവയസ്സുകാരിയുടെ സ്നേഹമുള്ള ശാസന.
ദിവസങ്ങളോളം ആയി ചീകാത്ത തലമുടിയും, വിണ്ടുകീറിയ ചുണ്ടുകളും, കുഴിഞ്ഞ കണ്ണുകളും അവളൊരു മാനസികനില തെറ്റിയ അമ്മയാണെന്ന് വിളിച്ചോതുന്നുണ്ട്.. എവിടെ നിന്നോ കിട്ടിയ ഒരു വലിയ ഷർട്ടിനകത്ത് അമ്മയുടെ ശരീരം പൊതിഞ്ഞു വയ്ക്കാൻ ആ പത്തുവയസ്സുകാരി മറന്നില്ല.. അമ്മയെ ഇരുത്തിയ ശേഷം.. അമ്മയുടെ വസ്ത്രമെല്ലാം ആ പത്തുവയസ്സുകാരി നന്നായി ഒതുക്കിവയ്ക്കുന്നത് എൻറെ കണ്ണ് നനയിച്ചു.
അവൾ വീണ്ടും പറഞ്ഞു
അമ്മ ഇവിടെനിന്നും എങ്ങും എണീറ്റ് പോകരുത്…
അത് കേട്ട ഭാവം പോലും ആ മുഖത്ത് ഉണ്ടായില്ല… കടലിൻറെ തിരമാലകളെ ആ അമ്മ ഉറ്റുനോക്കി കൊണ്ട് ഇരിക്കുന്നു. ആ കണ്ണുകൾ മാത്രം വെറുതെ ചലിച്ചുകൊണ്ടിരുന്നു. തൻറെ കൈവിരലുകളെ വീണ്ടും വീണ്ടും എണ്ണി നോക്കി, ദൂരെ ആകാശ ചക്രവാളത്തിൽ അനന്തമായ എന്തോ കാഴ്ച കണ്ടു കൊണ്ടിരുന്നു ആ അമ്മയുടെ കണ്ണുകൾ.. ഞാനാ കണ്ണിൽ സൂക്ഷിച്ചുനോക്കി കണ്ണുനീർ തളം കെട്ടി നിൽക്കുന്നു. എന്തൊക്കെയോ ദുഃഖം ആ മനസ്സിൽ ഒളിച്ചിരിപ്പുണ്ട്.. ആ പത്തുവയസ്സുകാരിയുടെ മുഖത്തോട്ട് നോക്കുന്നു പോലുമില്ല.
ആ അമ്മയുടെ മുന്നിൽ സാമാന്യം ചെറുതല്ലാത്ത ഒരു തൂവാല വിരിച്ച് അത് കാറ്റത്തു പറന്നു പോകാതിരിക്കാൻ അതിൽ കല്ലുകൾ പെറുക്കി വെച്ച് ആ പത്തുവയസ്സുകാരി ഇന്നത്തെ അത്താഴത്തിന് എന്തെങ്കിലും ഈ തൂവാലയിൽ വീഴുമോ എന്ന പ്രതീക്ഷയോടെ അമ്മയുടെ മുഖത്തു നോക്കുമ്പോഴും.. ആ കുഞ്ഞിൻറെ മുഖത്തേയ്ക്കു ആ അമ്മയുടെ ദൃഷ്ട്ടി പതിയുന്നേയില്ല.
അവൾ വീണ്ടും പറഞ്ഞു
അമ്മ ഇവിടെനിന്നും എങ്ങും എണീറ്റ് പോകരുത്…
ആ പത്തുവയസ്സുകാരി മാറി മാറി ഓരോ സഞ്ചാരികളുടെ മുന്നിൽ മാനസികനില തെറ്റിയ അമ്മയ്ക്കും അവൾക്കും എന്തെങ്കിലും കഴിക്കാൻ തരുമോ എന്ന് യാചിച്ചു കേഴുന്നത് കണ്ട് നിൽക്കാൻ എനിക്ക് കഴിഞ്ഞില്ല..
ആ അമ്മയ്ക്ക് എൻറെ അമ്മയുടെ മുഖം ആണോ?
ഞാനെൻറെ ദൃഷ്ടി മാറ്റി… അല്പം ദൂരെയായി ആയി ഒരു ആഡംബര കാർ നിൽക്കുന്നത് എൻറെ ശ്രദ്ധയിൽപ്പെട്ടു.. ഈ കടൽ തീരത്ത് ഇത്രയും വലിയൊരു കാർ ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.. വിദേശീയരല്ലാത്തഒരു കുടുംബമാണ് ആ കാറിൽ അവിടെ വന്നിറങ്ങിയത്.. സമ്പന്നത ആ കാറിൽ നിന്നിറങ്ങിയ മധ്യവയസ്‌ക്കനിൽ കണ്ടു.. അയാളുടെ കൈ പിടിച്ച് നടക്കുന്ന കൊച്ചു മിടുക്കിയിലും. തിരമാലയിൽ തൻറെ കൊച്ചു കാലുകൾ നനയ്ക്കാൻ അവൾക്ക് തിടുക്കമായി…
വാ അച്ഛാ… വാ അച്ഛാ അവൾ അച്ഛൻറെ കൈപിടിച്ചു വലിക്കുന്നുണ്ടായിരുന്നു..
നിൽക്കു മോളേ… അമ്മയും കുഞ്ഞുവാവയും വണ്ടിക്കകത്ത് അല്ലേ ?
ഇപ്പ പോകാം..
എൻറെ കണ്ണുകൾ ആ കാറിനകത്ത് നുഴഞ്ഞുകയറി… അതീവ സുന്ദരിയായ ഒരു അമ്മയും പാൽമണം മാറാത്ത ഒരു കുഞ്ഞു വാവയും ആ കാറിനകത്ത് ഇരിപ്പുണ്ട്..
ഏറെ പ്രതീക്ഷയോടെ അവിടെ എന്തെങ്കിലും കിട്ടും എന്ന സന്തോഷത്തോടെ, വിശ്വാസത്തോടെ, ധൈര്യത്തോടെ ആ പത്തുവയസ്സുകാരി ആ കാറിനടുത്തേക്ക് ഓടി വരുന്നതു ഞാൻ കണ്ടു.. കാറിൻറെ ചില്ലയുടെ അടുത്ത് എത്തി അവൾ കൈ നീട്ടി…
ആൻറി, എന്തെങ്കിലും തരണേ… അവൾ രണ്ടു കൈയും നീട്ടി…
ശല്യം…
എന്ന് പറഞ്ഞ് കാറിൻറെ ചില്ല് വലിച്ചു പൊക്കി ഇട്ടശേഷം പോക്കോ എന്ന് കൈ കൊണ്ട് ആംഗ്യം കാണിക്കുകയും തൻറെ മുഖം തിരിച്ചുപിടിക്കുകയും ചെയ്തശേഷം… തൻറെ വിദേശനിർമ്മിത ബാഗിൽ നിന്നും അതും വിലകൂടിയ എന്തോ ഒരു പദാർത്ഥം ആ കുഞ്ഞിൻറെ ചുണ്ടിൽ വെച്ച് കൊടുക്കുന്നത് അവൾ നിറകണ്ണുകളോടെ നോക്കി നിന്നു…
പ്രതീക്ഷ വിടാതെ അവൾ വീണ്ടും കൈയേന്തി തന്നെ നിന്നിരുന്നു കുറച്ചുനേരം …
ആ അമ്മ കാറിൻറെ ചില്ല് തുറക്കുന്നത് കണ്ടതും അവൾ ഏറെ പ്രതീക്ഷയോടെ വീണ്ടും കാറിൻറെ അടുത്തെത്തി…
നിന്നോടല്ലേ കൊച്ചേ പോകാൻ പറഞ്ഞത്…?
ആ ശാസന അവളെ വല്ലാതെ ഭയപ്പെടുത്തി..അവൾ കലങ്ങിയ കണ്ണുകളോടെ പുറകിലോട്ടു നടന്നു…
ആ കാറിൽ ഇരിക്കുന്ന അമ്മയ്ക്ക് എൻറെ അമ്മയുടെ മുഖമാണോ?
എനിക്കറിയില്ല… ഞാൻ ചിത്രം വരയ്ക്കണോ? കഥ എഴുതണോ? …
ഞാൻ ചിത്രകാരിയും കഥാകാരിയും അല്ല.
ഒരമ്മയുടെ മകൾ
✍🏻ജെകെ
കാര്യവട്ടം ശ്രീകണ്ഠൻ സാർ ന് സമർപ്പിക്കുന്നു 🙏🏻


1 Comment
ഇനിയും യാത്ര തുടരുക.ഇനിയുമെത്രയോ അമ്മമാർ. തെരഞ്ഞു കൊണ്ടിരിക്കേ കാണാം. എല്ലാം എൻ്റെ അമ്മയായിരുന്നു എന്ന് . പിന്നെ ആരെ വരയ്ക്കണം, ആരെ എഴുതി പകർത്തണം എന്ന ശങ്ക കൂടാതെ പകർത്താം വരയ്ക്കാം – എല്ലാം എൻ്റെ അമ്മ തന്നെ.