ഇന്ന് കേരളപ്പിറവി ദിനം. 1956 നവംബർ ഒന്നിനാണ് കേരളം എന്ന കൊച്ചു സംസ്ഥാനം ഇന്ത്യയുടെ തെക്കേയറ്റത്ത് ഔദ്യോഗികമായി രൂപീകൃതമായത്. മലയെ ആളുന്നവരുടെ മൊഴി ആയ മലയാളം സംസാരിക്കുന്ന എല്ലാ കേരളീയർക്കും കേരളപിറവി ദിനാശംസകൾ !
ദൈവത്തിന്റെ സ്വന്തം നാടിന്റെ എല്ലാ മക്കൾക്കുമായി ഈ നാടിന്റെ ഉത്ഭവവും ചരിത്രവും പങ്കുവയ്ക്കുന്നു…

ഐതിഹ്യം
മഹാവിഷ്‌ണു തന്റെ ആറാമത്തെ അവതാരത്തിൽ ജമദഗ്നി മഹര്‍ഷിയുടെ പുത്രന്‍ രാമനായി ജനിച്ചു. ശിവ ഭക്തനും വീരശൂരപരാക്രമിയുമായ അദ്ദേഹത്തിന്റെ ആയുധം പരശു (മഴു) ആയതിനാൽ പരശുരാമന്‍ എന്ന പേരിൽ അദ്ദേഹം അറിയപ്പെട്ടു. സ്വാര്‍ത്ഥ തല്‍പരരായ ക്ഷത്രിയരെ വധിച്ച്, നാട്ടില്‍ സമാധാനവും, സന്തോഷവും പ്രദാനം ചെയ്തശേഷം തനിക്ക് തപസ്സിരിക്കാന്‍ ഒരു സ്ഥലം തേടി പശ്ചിമഘട്ടത്തിലെത്തി. വരുണ ദേവന്‍ പരശുരാമന് പ്രത്യക്ഷനായി, കടലില്‍ മഴു എറിഞ്ഞു ഭൂമി എടുത്തു കൊളളാന്‍ പറഞ്ഞു. അങ്ങനെ അറബികടലില്‍ പരശുരാമന്‍ മഴു എറിഞ്ഞുണ്ടായ നാടാണ് കേരളം എന്നാണ് ഐതീഹ്യം. പുരാണങ്ങളിലും കേരളദേശധര്‍മം, കേരളനാടകം, കേരളപ്പഴമ, കേരളമാഹാത്മ്യം, കേരളോത്പത്തികള്‍ തുടങ്ങിയ പ്രാചീനഗദ്യ-പദ്യകൃതികളിലും ഈ ഐതിഹ്യം പ്രതിപാദിച്ചു കാണുന്നുണ്ട്.
ഭൂമിശാസ്ത്രപരമായും, കേരളം ഉണ്ടായത് സമുദ്രത്തിന്റെ ഒരു ഭാഗം ഉയര്‍ന്നു വന്നിട്ടാണ് എന്നതും രസകരമായ വസ്‌തുതയാണ്. സമൃദ്ധമായ ഹരിതസസ്യങ്ങളും കേരവൃക്ഷങ്ങളും നിറഞ്ഞ കേരളത്തിന്റെ സവിശേഷതകൾ ഈ ഐതിഹ്യത്തെ ശരി വയ്ക്കുന്ന പോലെയാണ് – ദൈവത്തിന്റെ സ്വന്തം നാട്.
ഉത്ഭവം
ഏറ്റവും പുരാതന കാലത്ത് പശ്ചിമ ഘട്ടത്തിന് പടിഞ്ഞാറ്, ഇന്നുള്ള കടലിന്റെ സ്ഥാനത്ത് ഒരു വൻകരയായിരുന്നു. #ലെമുറിയ അഥവാ #ഗോണ്ട്വാന എന്ന് ഭൂഗർഭശാസ്ത്രജ്ഞൻമാർ ഇതിനെ ഇന്ന് വിളിച്ചു വരുന്നു. ഭൂഗര്ഭത്തിലുണ്ടായ ചില ക്ഷോഭങ്ങൾ നിമിത്തം ഈ വൻകര ഏകദേശം 6000 അടി താണുപോയി ആ പ്രദേശമെല്ലാം സമുദ്രമായി. വർഷം തോറും കാറ്റും മഴയും കൊണ്ട് ഓശ്ചിമ ഘട്ടത്തിലെ മണ്ണിടിഞ്ഞു പുഴകളിൽ കൂടി ഒഴുകിവന്ന് സമുദ്രം നികന്നു പൊന്തിയതാണ് കേരളം. ചിലപ്പോഴെല്ലാം കടൽക്ഷോഭം കാരണം ചില പ്രദേശങ്ങൾ കടലെടുത്ത് നശിച്ചു പോയിട്ടുണ്ടെങ്കിലും പൊതുവെ സമുദ്രം തൂർന്ന് കര വെച്ച് വരികയാണെന്ന് പറയാം. മണപ്പുറം, ബേപ്പൂർ, കടമക്കുടി, കരപ്പുറം, നീണ്ടകര, ഏഴിക്കര, കടക്കര, വെച്ചൂർ, വൈക്കം, വൈപ്പ് (ദ്വീപ്) എന്നിവയെല്ലാം പണ്ട് കടലിൽ കടൽക്കരയിലോ ആയിരുന്നു. ഇപ്പോഴും കടൽ തൂർന്ന് കായൽ ആവുകയും, തുരുത്തുകൾ നിറഞ്ഞു കായൽ കരയാകുകയും ചെയ്‌തുകൊണ്ടിരിക്കുന്നു. കടൽക്കരയിൽ നിന്ന് സാമാന്യം 66 കിലോമീറ്റർ ദൂരത്ത് രണ്ടായിരം മീറ്ററോളം ആഴം ഉണ്ടായിരുന്ന ആഴിയുടെ അടിത്തട്ട് 1800 മീറ്ററോളം ഉയർന്നു കഴിഞ്ഞിട്ടുണ്ട്. AD 1341 ലെ വെള്ളപ്പൊക്കത്തിൽ പെരിയാറും മറ്റു നദികളും കൊണ്ടുവന്ന മണ്ണ് ഇടിഞ്ഞുണ്ടായതാണ് ഇപ്പോഴത്തെ വൈപ്പ് (Vypeen Island) കേരളത്തിലെ ഏറ്റവും വലിയ പുഴയായ ഭാരതപ്പുഴ വഴി സമുദ്രത്തിൽ മണ്ണുവന്നടിഞ്ഞു വെള്ളത്തിൽനിന്ന് പൊങ്ങിയ പാലക്കാട്ട് ജില്ലയാണ് കിഴക്കു-പടിഞ്ഞാറ് ഏറ്റവും വിസ്തൃതമായ ദേശം.

ചരിത്രം
ക്രിസ്തു അബ്‌ദം ഒന്നാം നൂറ്റാണ്ടിന്റെ അന്ത്യത്തോടുകൂടി ചേര രാജാക്കന്മാർ വടക്ക് കാസർഗോഡ് മുതൽ തെക്ക് കന്യാകുമാരി വരെ ഉള്ള നാടുകൾ എല്ലാം പിടിച്ചടക്കി. ദീർഘകാലം ഈ കേരളരാജാക്കന്മാരുടെ അധീനതയിൽ ഇരുന്നതിനാല് കാസർഗോഡ് (മഞ്ചേശ്വരം) മുതൽ കന്യാകുമാരി വരെ കേരളം എന്നുപറയാം.
വേണാട് എന്ന ചെറുരാജ്യത്തിന്റെ ഭരണത്തലവനായിരുന്ന അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ അക്കാലത്ത് കൊച്ചി വരെയുള്ള ചെറുരാജ്യങ്ങളെയെല്ലാം ചേര്‍ത്ത് തിരുവിതാംകൂറിനെ ശക്തമായ വലിയ രാജ്യമാക്കിത്തീര്‍ത്തിരുന്നു. മാര്‍ത്താണ്ഡവര്‍മ്മയുടെ ശക്തിക്കുമുന്നില്‍ കീഴ്‌പ്പെട്ട് കൊച്ചിരാജാവ് സന്ധിക്കൊരുങ്ങുകയും അങ്ങനെ കൊച്ചിയെ തിരുവിതാംകൂറിനോടു ചേര്‍ക്കാതെ നിലനിര്‍ത്തുകയും ചെയ്തു. തിരുവിതാംകൂറും കൊച്ചിയും പണ്ടുകാലം മുതല്‍ക്കേ നാട്ടുരാജാക്കന്മാരുടെ അധീനതയിലായിരുന്നു. എന്നാല്‍ മലബാര്‍, സാമൂതിരിയുടെ ഭരണകാലത്തിനുശേഷം ബ്രിട്ടീഷുകാര്‍ കൈയ്യടക്കി. മലബാര്‍ പിടിച്ചടക്കിയതിനു ശേഷം കൊച്ചിയും തിരുവിതാംകൂറും അധീനതയിലാക്കാന്‍ ശ്രമിച്ച ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി സന്ധിചെയ്തും കപ്പം കൊടുത്തുമാണ് കൊച്ചിയും തിരുവിതാംകൂറും അന്ന് നിലനിന്നത്.
ഐക്യകേരളം എന്ന സ്വപ്‌നം
മലയാള സംസാരിക്കുന്ന എല്ലാ പ്രദേശങ്ങളും ഉൾക്കൊള്ളുന്ന ഒരു ഏകീകൃത കേരളം അഥവാ ഐക്യ കേരളം ഈ പ്രദേശത്തെ ജനങ്ങളുടെ ദീർഘകാല ആഗ്രഹമായിരുന്നു. ഭരണപരമായ കാരണങ്ങളാൽ ഈ നാടിനെ ബ്രിട്ടീഷുകാർ മലബാർ, തിരുവിതാംകൂർ, കൊച്ചി എന്നിങ്ങനെ വിഭജിച്ചു. ഐക്യകേരള സ്വപ്നം സാക്ഷാത്കരിക്കുന്നതിനുള്ള പ്രധാന തടസ്സമായിരുന്നു ഇത്. ഏകീകൃത കേരളം ആവശ്യപ്പെടുന്ന ആദ്യ പ്രമേയം 1928 ഏപ്രിലിൽ എറണാകുളത്ത് നടന്ന സംസ്ഥാന പീപ്പിൾസ് കോൺഫറൻസിൽ പാസാക്കി. 1940 കളിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ സാധ്യത അടുത്തുവെന്ന് തോന്നിയപ്പോൾ ഈ പോരാട്ടത്തിന് ആക്കം കൂടി.

സംസ്ഥാനരൂപീകരണം
സ്വാതന്ത്ര്യം നേടിയ ശേഷമുള്ള സര്‍ക്കാരിന്റെ ആദ്യ വെല്ലുവിളി നാട്ടുരാജ്യങ്ങളെ ഒന്നിപ്പിക്കുക എന്നതായിരുന്നു. നിരവധി മഹാരഥന്‍മാരായ ഭരണകര്‍ത്താക്കളുടെ അന്നത്തെ പരിശ്രമങ്ങളാണ് പിന്നീട് നാട്ടുരാജ്യങ്ങളെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിച്ച് ഇന്ത്യ എന്ന മഹാരാഷ്ട്രത്തിന് ലോകത്തിന്റെ മുന്നില്‍ വ്യക്തമായ സ്ഥാനം നല്‍കിയത്. ഇതിൽ പ്രധാന പങ്ക് വഹിച്ചത് ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ എന്ന് വിഖ്യാതി ആർജിച്ച സർദാർ വല്ലഭായ് പട്ടേൽ ആയിരുന്നു. (ഇന്നലെ ഒക്ടോബർ 31 അദ്ദേഹത്തിന്റെ ജന്മവാർഷികം ആയിരുന്നു…)

സ്വാതന്ത്ര്യലബ്ദിക്കുശേഷവും മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ എന്നിവ അപ്പോഴും മൂന്നു പ്രദേശങ്ങളായിത്തന്നെ തുടര്‍ന്നിരുന്നു. ഈ മൂന്നു ദേശങ്ങളും ചേര്‍ത്ത് കേരളസംസ്ഥാനം രൂപീകരിക്കണമെന്ന രാജ്യസ്‌നേഹികളുടെ ആവശ്യങ്ങളുടെ ഫലമായി തിരുവിതാംകൂര്‍, കൊച്ചി രാജ്യങ്ങളാണ് ആദ്യം ലയിപ്പിക്കപ്പെട്ടത്. ഇന്ത്യന്‍ സര്‍ക്കാരിന്റെ നാട്ടുരാജ്യ സംയോജന നിയമമനുസരിച്ച് തിരുവിതാംകൂര്‍-കൊച്ചി രാജ്യങ്ങള്‍ കൂട്ടിച്ചേര്‍ത്ത് 1949 ജൂലായ് 1ന് തിരുകൊച്ചി സംസ്ഥാനം രൂപീകരിച്ചു. മലബാര്‍ മദ്രാസ്പ്രവിശ്യയ്ക്കു കീഴിൽ ആയിരുന്നു ഈ സംസ്ഥാനം. ഐക്യ കേരളത്തിന്റെ സാക്ഷാത്ക്കാരത്തിനായി സ്വീകരിച്ച ആദ്യ നടപടികളിലൊന്നാണിത്. രണ്ട് മഹാരാജാക്കന്മാരും തങ്ങളുടെ വ്യക്തിഗത സ്വയംഭരണാധികാരങ്ങൾ ഉപേക്ഷിക്കാൻ സന്തോഷപൂർവ്വം സമ്മതിക്കുകയും ഏകീകരണ ഉടമ്പടിയിൽ ഒപ്പുവെക്കുകയും ചെയ്തു.
തിരുവിതാംകൂറിലെ ശ്രീചിത്തിര തിരുനാൾ ബാലരാമാവർമ്മ മഹാരാജാവ് രാജപ്രമുഖായിത്തീർന്നപ്പോൾ കൊച്ചിയിലെ പരീക്ഷിത്ത് തമ്പുരാൻ രാമവർമ്മൻ മഹാരാജാവ് “തന്റെ ജനങ്ങൾക്ക് നല്ലൊരു ജീവിതം ആസ്വദിക്കാനായി” പദവികൾ ത്യജിക്കുന്നതിൽ സന്തുഷ്ടനായിരുന്നു.

1956 മാർച്ചിൽ കോൺഗ്രസ് പാർട്ടിക്കുള്ളിലെ ആഭ്യന്തര ഭിന്നത തിരുവിതാംകൂർ-കൊച്ചിയിലെ മന്ത്രിസഭയുടെ പതനത്തിലേക്ക് നയിക്കുകയും രാഷ്ട്രപതിയുടെ ഭരണം നടപ്പാക്കുകയും ചെയ്തു. രാഷ്ട്രപതിയുടെ ഭരണകാലത്ത് ഇന്ത്യയുടെ സംസ്ഥാന പ്രദേശങ്ങൾ ഭാഷാ അടിസ്ഥാനത്തില്‍ പുനഃസംഘടിപ്പിക്കാനുള്ള തീരുമാനം ഉണ്ടായി. ഇന്ത്യന്‍ പാര്‍ലമെന്റ് അംഗീകരിച്ച ഈ നിയമപ്രകാരം മലയാളം പ്രധാന ഭാഷയായ പ്രദേശങ്ങൾ – തിരുവിതാംകൂര്‍, കൊച്ചി എന്നീ രാജ്യങ്ങള്‍, മദ്രാസ് പ്രസിഡന്‍സിയുടെ മലബാര്‍ പ്രദേശങ്ങള്‍ – ഇവയെല്ലാം കൂട്ടിച്ചേര്‍ത്തുകൊണ്ട് 1956 നവംബര്‍ ഒന്നിന് കേരളം എന്ന സംസ്ഥാനം രൂപീകരിച്ചു. കേരളത്തിന്റെ വടക്കുഭാഗത്തുനിന്ന് കന്നട ഭാഷ സംസാരിക്കുന്ന പ്രദേശമായ കുടക്, തിരുവിതാംകൂറിന്റെ ഹൃദയഭാഗമായിരുന്ന കന്യാകുമാരി ജില്ല എന്നിവ കേരളത്തിനു നഷ്ടപ്പെട്ടു.
ദീപ പെരുമാൾ
കവർ ചിത്രത്തിന് കടപ്പാട് : tripxl

