ഇടവപ്പാതി തകർത്തു പെയ്തു.. ഇടി വെട്ടി പെയ്തു..
അപ്പുറത്ത് ചെറൂക്കും ഇപ്പുറത്തു കരിം കുളവും നിറഞ്ഞു കവിഞ്ഞു….
കനോലി കനാൽ കര കവിഞ്ഞു…
പേമാരിയേക്കാൾ ഉച്ചത്തിൽ ഇമ്പായിക്ക വിളിച്ചു പറഞ്ഞു…
കരിംകുളം പൊട്ടി ട്ടാ….
ആ മുന്നറിയിപ്പ് ഭീതിയോ അത്ഭുതമോ ഉണ്ടാക്കിയില്ല….
കരിം കുളം എല്ലാ വർഷവും പൊട്ടാറുണ്ട്..
എന്നിട്ട് അതിങ്ങനെ ചാക്കോലി കാട്ടിലൂടെ ഒഴുകി ആലി കുട്ടിക്കയുടെ കണ്ടവും നിറച്ചു ഇടവഴിയിലൂടെ കാഞ്ഞിരത്തിനോടും കരിം കൊട്ടയോടും കുശലം പറഞ്ഞു മുള്ളു വേലിക്കുള്ളിലൂടെ കൗജ ടീച്ചറുടെ പറമ്പും നിറച്ചു കുടമ്പുളി ചുവട്ടിലൂടെ ബീരാൻക്കയുടെ കണ്ടവും കടന്ന് തോട്ടിൽ ലയിച്ചു…
കരിം കുളത്തിനു ആരും വഴിയൊന്നും വെട്ടി കൊടുക്കേണ്ട അതിങ്ങനെ കാലങ്ങളായി അനുസ്യൂതം ഓരോ മഴ കാലത്തും അതിന്റെ വഴിയിലൂടെ യാത്ര തുടരുന്നു…
ഇടവഴിയിലൂടെ കരിം കുളത്തിന്റെ സമ്മാനം ചെറുതും വലുതുമായ മീനുകൾ ഒറ്റയ്ക്കും കൂട്ടായും വന്നു കൊണ്ടിരുന്നു…
ബ്ലു സ്റ്റാർ ക്ലബ്ബിന്റെ വാർഷികത്തിനു വേണ്ടി അയമുവിനെയും നഫീറിനെയും മുക്കാല മുക്കാബുല മാപ്പിള പാട്ടിന്റെ ഈണത്തിൽ മിനക്കെട്ട് പഠിപ്പിക്കുന്ന അബുവിനെയും വിളിച്ചു ഇടവഴിയിലേക്കിറങ്ങി…
തോർത്ത് വിരിച്ചും കാലു കൊണ്ട് തെറ്റിയും മീൻ പിടിത്തം സജീവം..
കണ്ണനും പിലാപ്പിയും ചെമ്പല്ലിയും എല്ലാമുണ്ട്…
വിരിച്ചു പിടിച്ച തോർത്തിൽ നീർക്കോലി കുടുങ്ങിയപ്പോൾ തോർത്ത് വലിച്ചെറിഞ്ഞു അബു ഓടി പിന്നാലെ ഞാനും തോട്ടു വക്കിൽ ചെന്ന് ഇളനീർ കുടിച്ചു ക്ഷീണമകറ്റി….
പാലത്തിന്റെ ചുവട്ടിൽ മജീദ്ക്കാ വല വീശുന്നുണ്ട്… വെറുതെ വീശുകയല്ല തഞ്ചവും തക്കവും നോക്കി തോടിനെയും മീനിനെയും അറിഞ്ഞുള്ള ഒരു വീശൽ..
നോക്കി നിന്നാൽ സമയം പോകുന്നതറിയില്ല..
ഇനി വിസ്തരിച്ചുള്ള ഒരു കുളിയാണ് വിശാലമായ പള്ളി കുളമല്ലാതെ അതിനു മറ്റൊരു ചോയ്സ് ഇല്ല ആ പള്ളി കുളവും പിലാപ്പി മീനുകളും പിന്നെ പള്ളി ക്കാട്ടിലെ പൊട്ടക്ക മരങ്ങളും…
ഒരു നിലവിളി കേട്ടു… ലക്കും ലഗാനും നോക്കാതെ ശബ്ദം കേട്ടിടത്തേക്ക് ഓടി
തലക്ക് കൈ കൊടുത്തു ആയിസുമുത്ത ഇരുന്നു നിലവിളിക്കുന്നു..
സങ്കട കാഴ്ച്ചയാണ്..
ആകെയുള്ള ഒരാടിനെ അജ്ഞാത ജീവി കൊന്നിട്ടിരിക്കുന്നു…
അവിടുന്നാണ് തുടക്കം
പിന്നെ അങ്ങോട്ട് അജ്ഞാത ജീവിയുടെ ഒരു വിളയാട്ടം തന്നെ ആയിരുന്നു…
ബീവിത്തയുടെ നാല് ആടുകൾ സുമേച്ചിയുടെ മൂന്നെണ്ണം…
ആടുകൾ ഉള്ളവർക്കെല്ലാം ഭീതി പരത്തി അജ്ഞാത ജീവിയുടെ കഥകൾ ദേശങ്ങളായ ദേശങ്ങളൊക്കെ പ്രചരിച്ചു…
കുറു നരിയാണെന്ന് ചിലർ അതല്ല ചെന്നായ ആണെന്ന് മറ്റു ചിലർ പുലിയാണെന്ന് വരെ പറഞ്ഞവർ ഉണ്ട്..
പലരും മിന്നായം പോലെ കണ്ടിട്ടുണ്ട്..
എന്നാൽ മൂപ്പർ അജ്ഞാതനായി തന്നെ തുടർന്നു.. ആകെ കിട്ടിയ ഒരു ക്ലൂ ഒരു കൂട്ടം നായ്ക്കളുടെ കൂടെയാണ് മൂപ്പരുടെ നടപ്പ് എന്നതാണ്…..
രാത്രികളിൽ കുറു വടികളുമായി പതിയിരിപ്പ് തുടർന്നു…നായകളെയല്ലാതെ വേറെ ഒന്നിനെയും കണ്ടതുമില്ല….
കുറച്ചു കാലത്തിനു ശേഷം അജ്ഞാത ജീവി ഒന്നടങ്ങി.. ആട്ടിൻ കൂടുകളിൽ നിന്ന് സമാദാനത്തിന്റെ സ്നേഹ കരച്ചിൽ കേട്ട് തുടങ്ങി….
പറങ്കി മാവുകൾ പൂത്തു.. മാങ്ങയും അണ്ടിയും.. സമ്പന്ന കാലം മൺകുടുക്കകളിൽ ചില്ലറകൾ കുലുങ്ങി..
ട്രൗസറിന്റെ ഇരു പോക്കറ്റുകളിലും കശുവണ്ടിയുമായി കിണറ്റിങ്ങലെ മൊയ്‌ദുക്കയുടെ പീടികയിലേക്ക്…
ഉണക്ക മാന്തളും മുള്ളനും വെറ്റിലയും റാന്തൽ തിരിയും അങ്ങനെ ഒരുപാട്..
ഇളന്ത അച്ചാറും തേൻ മിട്ടായിയും കമറു കട്ടയും അങ്ങനെ ഒരു ബാല്യത്തിന്റെ മുഴുവൻ സ്വപ്നങ്ങളും തൂങ്ങി കിടക്കുന്ന ഒരു കട അതായിരുന്നു മൊയ്‌ദുക്കയുടെ കട….
സെന്ററിൽ പിന്നെയും ഏറെ കടകൾ ഉണ്ടായിരുന്നു മമ്മാലിക്കയുടെയും ആലി കുട്ടിക്കയുടെയും പലചരക്കു കട ഹാജിയാരുടെ പാത്രക്കട…. ഔതുക്കയുടെ ടൈലറിങ് ഷോപ്പ്..എം സി സ്റ്റോർ….
താഹിറ ഹോട്ടലിലെ തമ്പിടിക്കയുടെ ഉണ്ടയും ഷീബ യിലെ ഇബ്രാഹിംക്കയുടെ ചായയും പിന്നെ ഗ്രാമീണതയുടെ മുഴുവൻ ഭാവവും ആവാഹിച്ചു കൊണ്ട് സുലൈമാൻക്കാടെ ചായക്കട…. ഇങ്ങനെ വിഭിന്നങ്ങളായ പീടികകൾ കൊണ്ട് സമ്പന്നമായ മന്ദലാംകുന്ന്…..
അംബാസിഡർ കാറുകളുടെ നീണ്ട നിരകൾ പൂച്ച പോലീസിന്റെ നേതൃത്തിൽ ഡ്രൈവർമാർ ഓട്ടോ സ്റ്റാന്റിലെ കളിയും ചിരിയും സന്തോഷവും സമാദാനവും നിറഞ്ഞ തങ്കം പോലൊരു നാട്…
പിന്നെ ബാവക്ക എം എൽ എ ആയി ചെമ്മൺ പാത ടാറിട്ടു…..മന്ദലംകുന്ന് തറവാട്ടിൽ പാലം പിറന്നു.. പാത്തുമ്മതയുടെ കടത്തു വഞ്ചി അപ്രത്യക്ഷമായി…. ആൽത്തറയിലേക്ക് ബസ് സർവീസ് തുടങ്ങി..
കാലങ്ങൾ ഏറെ കഴിഞ്ഞു.. മരണം പലരെയും കവർന്നെടുത്തു…പള്ളി കുളവും പിലാപ്പി മീനുകളും എവിടൊയോ പോയി മറഞ്ഞു… ഗ്രാമീണതയുടെ അടയാളങ്ങൾ പലതും മാഞ്ഞു…
കണ്ടങ്ങളിൽ വീടുകൾ പൊന്തി….
കരിം കുളത്തിന് വഴി തെറ്റി…
ഒടുവിൽ ഗ്രാമത്തെ രണ്ടായി പിളർന്നു ദേശീയ പാതയും…
അയൽ വാസികൾ കിലോമീറ്ററുകൾക്കപ്പുറത്തേക്ക് അവർ പോലും അറിയാതെ നീങ്ങി പോയി….
സായന്തനങ്ങൾ മനോഹരമാക്കിയിരുന്ന കടലോരത്തേക്ക് പോകാൻ ഇനി കിലോമീറ്ററുകൾ ചുറ്റണം….
ഇനി ബന്ധങ്ങളൊന്നും പഴയ പോലെ ആകില്ല..
ഔപചാരികതയുടെ മൂടു പടങ്ങൾ കൊണ്ട് സൗഹൃദങ്ങൾ മറക്കപ്പെട്ടു…
ഒരു അങ്കലാപ്പിലാണ്.. ഇനിയും കൃത്യത വരാത്ത വികസനത്തിലേക്ക്…കണ്ണും തള്ളി നോക്കിയിരിക്കുകയാണ് ഇനി എന്ത് എന്ന ചോദ്യത്തോടെ….
അടിപ്പാത സ്വപ്നമായി അവശേഷിച്ചു..
രാഷ്ട്രീയ പ്രമുഖർ നിസ്സഹായതയോടെ കൈ മലർത്തി…
ഇലക്ഷൻ ഇനിയും വരും…
അന്നും നമ്മൾ മുഷ്ടി ചുരുട്ടി ഇങ്കിലാബ് വിളിക്കും.. വികസന നായകർക്ക് സ്വീകരണമൊരുക്കും…
നശിപ്പിച്ചു കളഞ്ഞത് ഒരു നാടിനെയാണ്…
ദുരിതത്തിൽ ആഴ്ത്തിയത് ഒരു തലമുറയെ ആണ്…
നാട്ടിൽ ആണുങ്ങളില്ലാത്ത നേരം നോക്കി ശ്വാസം വിടാനുള്ള ഒരു പഴുതു പോലും തരാതെ ശിഖണ്ടികൾ നാടിനെ രണ്ടായി പിളർത്തു…
ഈ പതം പറച്ചിലുകൾക്ക്…….
മനോഹരമായ ചില മന്ദലംകുന്നൻ ഓർമ്മകൾക്ക് ഇവിടെ നങ്കൂരമിടുകയാണ്…
ഇനി വരുന്നു തലമുറകൾക്ക് ഇവിടം പണ്ട് അങ്ങനെ ആയിരുന്നു എന്ന കഥകൾ മാത്രം ബാക്കി വെച്ച്….. ഒരു ദേശത്തെ കുഴിച്ചു മൂടപെടുമ്പോൾ ഒരു പിടി നല്ല ഓർമ്മകൾ മാത്രം ബാക്കി……
ഫൈസൽ മന്ദലംകുന്ന്
#എന്റെനാട്

