പഴമയുടെയാഴിയിൽ പുതപ്പിച്ച കുഞ്ഞോർമ്മകളിലൂടെ ഒരു സഞ്ചാരം അനിവാര്യമെന്ന് ചിന്തകൾ മുറവിളി കൂട്ടുന്നു. വിവാഹജീവിതത്തിൽ തഴയപ്പെടാത്ത സുന്ദര നിമിഷങ്ങളിൽ ഒന്നാണ് ഹണിമൂൺ യാത്ര. ആസ്വദിക്കാനേറെയുണ്ടെന്നാലും തൃപ്തിയാർന്ന മനമും സാഹചര്യവും ഏറെ പ്രധാനവുമാണ്. അങ്ങനൊരു യാത്രയിലൂടെ…
” ഇക്കാ.. ഇങ്ങളെന്താ ഒരു ഉഷാർ ഇല്ലാതെ ഇരിക്കണേ നാളെയല്ലേ നമ്മള് പറഞ്ഞ ഊട്ടി, മൈസൂർ ടൂർ? ഓഹോ ഇനി ഇതും വെള്ളത്തിൽ വരച്ച വര പോലെയായോ? അല്ലേലും എനിക്കറിയാം ഇങ്ങളെ വീട്ടുകാർ പറയുന്ന സ്ഥിരം ഡയലോഗിൽ വീണുപോയിക്കാണും, വെറുതെ കാശ് കളഞ്ഞു രോഗം വിളിച്ചു വരുത്തണോ എന്ന് ല്ലേ? ”
എന്റെ താണ്ഡവം കണ്ടിട്ടാവണം ചിരിച്ചു കൊണ്ട് എന്നെ പിടിച്ചുവലിച്ചു ദേഹത്തേക്കിട്ടു കൊണ്ട് മൃദുവായി ചുണ്ടിൽ ചുംബിച്ചു.
” ഡീ എന്റെ ഏറ്റവും വലിയ സ്വപ്നമാണ് നിന്നെയും കൂട്ടി ആ മനോഹരമായ സ്ഥലങ്ങളിലൂടെ യാത്ര പോകണമെന്നത്. പിന്നേ ആ തണുപ്പിൽ ചേർത്ത് പിടിച്ചു അങ്ങനെ അങ്ങനെ, താൻ റെഡിയായിക്കോ ”
അത് പറയുമ്പോൾ ഇക്കയുടെ മുഖം ചുവന്നു തുടുത്തു. സ്വല്പം ഞാനും നാണിച്ചു പോയി. പ്രണയത്തിന്റെ സുന്ദരമായ നിമിഷങ്ങളിലെ ഉടമ്പടികളിൽ ഒന്നായിരുന്നു ഈ യാത്ര. യാത്രയിൽ ഞാൻ എത്രത്തോളം റൊമാൻസ് നൽകണമെന്നത് പ്രത്യേകം പറഞ്ഞിട്ടുമുണ്ട്. അല്ലേലും എന്നും പറയുന്ന ഒരു ഡയലോഗുണ്ട്. എഴുത്തുകാരിക്കാണോ റൊമാൻസിന് പഞ്ഞം എന്ന്. ചിലരുടെ ചിന്താഗതിയിൽ നന്നായി എഴുതുന്നവർക്ക് പ്രണയത്തിന് മധുരമേറും എന്ന് പറയുന്നത് കേട്ടിട്ടുണ്ട്. ആ എന്തായാലും നമുക്ക് ആ യാത്രയ്ക്കങ്ങു ഒരുങ്ങിയാലോ?
അങ്ങനെ അതിരാവിലെ ഞങ്ങൾ എഴുന്നേറ്റു. അന്നത്തെ ദിനം ഉറങ്ങിയില്ലെന്നത് വാസ്തവം. എല്ലാം റെഡിയാക്കി കാറിൽ എടുത്തു വെച്ച് യാത്ര പറഞ്ഞു ഇറങ്ങാൻ നേരം ഞങ്ങൾ പ്രാർത്ഥിച്ചു. കാരണം ദൂരയാത്രയെന്നത് ബോധ്യമുണ്ട്, അപകടം കൂടാതെ തിരിച്ചു എത്തണമെന്ന ലക്ഷ്യവും. ഞങ്ങൾ യാത്ര തുടർന്നു. ഞങ്ങൾ മാത്രമായി ഒരു ലോകത്തിലേക്ക്. വഴിയിൽ കാണുന്നതെല്ലാം മനോഹരമായി തോന്നിത്തുടങ്ങിയത് പ്രണയവല്ലരിയിൽ പൂക്കുന്ന പൂക്കളായത് കൊണ്ടാവാം. യാത്രയിലുടനീളം ഇക്കയുടെ മനോഹരമായ ശബ്ദത്തിൽ പാടിത്തുടങ്ങി. യാത്രയെ മനോഹരമാക്കുന്ന ദൃശ്യങ്ങളും ഇക്കയുടെ കുറുമ്പും കൂടിയായപ്പോൾ വല്ലാത്തൊരു ലോകത്തിലായിരുന്നു. ഡ്രൈവിങ്ങിനിടയിൽ സ്നേഹപ്രകടനങ്ങളുടെ ആരവമായിരുന്നു. ദൂര യാത്രയും പ്രണയവും അതിനേക്കാൾ മറ്റൊന്ന് വേണോ.
അങ്ങനെ ഞങ്ങൾ ഊട്ടിയെന്ന മഹാ നഗരത്തിലെത്തി. ദീർഘദൂരം ഡ്രൈവ് ചെയ്തത് കൊണ്ടാവും ഇക്ക വല്ലാതെ ക്ഷീണിച്ചു. ഉറങ്ങാതെ ഇക്കയ്ക്ക് കൂട്ടുകൊടുത്ത എന്റെ നാവും കുഴഞ്ഞു എന്നത് വാസ്തവം. വിശ്രമം അനിവാര്യമെന്ന് തോന്നിയപ്പോൾ വിശ്വസിക്കാൻ പറ്റുന്ന വൃത്തിയുള്ള മുറികൾ തേടി അലഞ്ഞു. ഒടുവിൽ എല്ലാം ഒത്തിണങ്ങി ഒരു മുറിയൊപ്പിച്ചു. അങ്ങനെ ഞങ്ങൾ മുറിയിലേക്ക് കടന്നു. കുളിക്കാനായി ടാപ് തുറന്നപ്പോഴാണറിഞ്ഞത് വെള്ളത്തിനിത്രയും തണുപ്പുണ്ടെന്ന്. ഫ്രീസറിൽ നിന്നെടുത്ത ഐസ് കട്ട പോലെ കൈകൾ വിറയ്ക്കാൻ തുടങ്ങി. ചുണ്ടുകൾ തമ്മിൽ കൂട്ടിയിരുമ്മി ദേഹമാസകലം വിറയൽ കൊണ്ടു. എങ്ങനെ കുളിക്കും എന്നാലോചിച്ചു നിൽക്കുമ്പോഴതാ ഇക്ക ബക്കറ്റ് നിറയെ ചൂടുവെള്ളവുമായി വരുന്നു. മറ്റ് സൗകര്യങ്ങളൊന്നും നോക്കാതെയായിരുന്നു മുറി കിട്ടിയത്. അങ്ങനെ കുളിയൊക്കെ കഴിഞ്ഞ് പുറത്തേക്ക് നടന്നു. നല്ല നിലാവുള്ള രാത്രിയിൽ നക്ഷത്രങ്ങളെ നോക്കി മുറിയുടെ വരാന്തയിൽ ഞാനും ഇക്കയും ചേർന്നിരുന്നു. തണുപ്പ് കാരണം ജാക്കറ്റും ധരിച്ച് ഇക്കയുടെ മാറിൽ കിടന്ന് മായാലോകത്തിലേക്ക് സഞ്ചരിച്ചു. ഇക്കയുടെ കൈകൾ പല കുറുമ്പുകളിലൂടെ ഒഴുകി നടന്നു.
” എന്താ എന്റെ ഉടമ്പടി മറന്നില്ലല്ലോ? ”
ആ ചോദ്യത്തിൽ എല്ലാമിരിപ്പുണ്ടെന്ന് പൂർണ്ണ ബോധ്യമുണ്ട്. എന്നാൽ ഈ തണുപ്പെന്നത് സഹിക്കാൻ എനിക്കൊട്ടും പറ്റുന്നില്ലെന്നത് എത്ര പറഞ്ഞിട്ടും ഇക്കാക്ക് മനസിലാകുന്നില്ല. പുതപ്പിനുള്ളിൽ മൂടിപുതച്ചു കിടന്നുറങ്ങാൻ വെമ്പുന്ന മനസുമായി നിസ്സഹായതയോടെ ഞാൻ ഇക്കയെ നോക്കി. മനസിലായെന്നോണം ഇക്ക എന്റെ കവിളിൽ തലോടി വാരിപ്പുണർന്നു. ഈ ചുംബനത്തിന്റെ തുടക്കമവസാനിക്കുന്നത് പിണക്കത്തിലേക്കാണെന്ന് മനസ് വല്ലാതെ പറഞ്ഞു കൊണ്ടിരുന്നു.
അങ്ങനെ പാതിരാവായപ്പോൾ ഞങ്ങൾ മുറിയിലേക്ക് നടന്നു. രണ്ട് പേരും ഹൃദയമില്ലാത്ത ചിലക്കുന്ന മൊബൈൽ കയ്യിലെടുത്ത് പ്രണയനിമിഷങ്ങൾ പകർത്തിയ ചിത്രങ്ങളിലെ ഭംഗി ആസ്വദിച്ചു കൊണ്ടിരുന്നു. ഇടയിൽ എന്നെ കെട്ടിപ്പിടിച്ചു ദേഹത്തോട് ചേർത്ത് വെച്ചു. ശരീരമാസകലം കുളിരുകൊണ്ട് പുതപ്പിനുള്ളിൽ പൂച്ചക്കുഞ്ഞിനെ പോലെ ചുരുണ്ടുകൂടി.എന്നിട്ടും തണുപ്പ് മാറാത്ത ഞാൻ വിറയൽ കൊണ്ടു. എല്ലുകൾ ഞെരിഞ്ഞമവരും വരെ ഇറുക്കിപ്പിടിച്ചു. എന്നിട്ടും ഫോൺ വില്ലനായി നമുക്കിടയിൽ നിന്ന് വിലസിക്കൊണ്ടിരുന്നു. അല്ലെങ്കിലും നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ ഈ ഫോൺ പലപ്പോഴും ജീവിതത്തിൽ വില്ലന്റെ വേഷം അണിഞ്ഞിട്ടുണ്ട്. എന്നാലോ വിട്ട് കളയാനും പറ്റില്ലെന്ന സ്ഥിതിയായി.
അങ്ങനെ നിമിഷങ്ങൾ കടന്നുപോയ്ക്കൊണ്ടിരുന്നു. ഞാനാണെങ്കിൽ പതിയെ നിദ്രയിലാണ്ടു. അൽപനേരം കഴിഞ്ഞ് ഇക്ക എന്നിലേക്ക് ചേർന്നുകിടന്ന് കെട്ടിപ്പുണർന്നു. ഉറക്കിന്റെ തലോടലിൽ ഇക്കയുടെ കൈകൾ ശത്രുവായി മാറിയതെങ്ങനെയെന്ന് ബോധ്യമില്ല. ആ തണുപ്പും പുതപ്പും ഉറക്കും അതിനേക്കാൾ വലുതായി മറ്റൊന്നിനെയും എനിക്കിഷ്ടപ്പെടാൻ തോന്നിയില്ലെന്നത് സത്യം. ആ ഉറക്കിൽ വല്ലാതങ്ങു ലയിച്ചുപോയി . ഇക്കയുടെ ആഗ്രഹം വികാരം വിചാരം സ്വപ്നം എല്ലാം മറന്ന് ഉറക്കിൽനിന്നും ഉണരാതെ അങ്ങനെ കിടന്നു. നിരാശയോടെ ഇക്കയും ഉറങ്ങി.
അധരങ്ങളിൽ സൂര്യരശ്മിയുടെ ചുംബനമേറ്റപ്പോൾ ഞാൻ പതിയെ കണ്ണുതുറന്നു ഇക്കയെ തേടി. ദേ പുറത്തേക്ക് നോക്കി വില്ലന്റെ വേഷത്തിൽ മുന്നിൽ നിൽക്കുന്നു. അതല്ലേ തമാശ ഇക്കയുടെ മുഖം വീർത്തിരിക്കുന്നു. മിണ്ടണ സാധനം കളഞ്ഞുപോയെന്ന മട്ടിൽ ഗൗരവത്തിൽ തന്നെ. ഞാൻ ഓടി പിറകിലൂടെ വന്നു കെട്ടിപ്പിടിച്ചു. ദേഷ്യത്തിൽ കൈ തട്ടിമാറ്റിക്കൊണ്ട് പറഞ്ഞു
” ഹൊ എന്തായിപ്പോൾ ഇത്രയും സ്നേഹം, ഇന്നലെ രാത്രിയിൽ ഇതൊന്നും കണ്ടില്ലല്ലോ, എന്റെ എല്ലാ സന്തോഷവും നീ കളഞ്ഞു. തണുപ്പ് കൊണ്ടു കിടന്നുറങ്ങാൻ നാട്ടിൽ നിന്നും ആകാമായിരുന്നു, ഇനിയെനിക്ക് നിന്നോട് മിണ്ടാൻ മനസില്ല, നിന്റെയൊരു ഊട്ടി യാത്രയും ഹണിമൂണും ”
ഇക്കയുടെ മാനസികാവസ്ഥ മനസിലാക്കാൻ നിമിഷനേരം മതിയായിരുന്നു.അപ്പോഴാണ് കാര്യം പിടികിട്ടിയത്. ഊട്ടിയിൽ പോയി കഴിഞ്ഞുപോയ ആദ്യരാത്രി വീണ്ടും കൊണ്ടുവരണമെന്ന ഉടമ്പടിയിൽ വന്നതായിരുന്നു. ഞാൻ… ഞാൻ കാരണം ഒന്നും നടന്നില്ല. എല്ലാം എന്റെ ഉറക്കിൽ തീർന്നു. ഹണിമൂൺ യാത്ര ഇത്രയധികം വെറുത്തദിനം പിന്നീടുണ്ടായിട്ടല്ല. ആ സന്തോഷം പ്രണയലഹരി, ഇഷ്ടം ഒന്നും ഒരിക്കലും കിട്ടിയതുമില്ല. എല്ലാം ചതിച്ചത് എന്റെ ഉറക്കാണോ തണുപ്പാണോ? ഉത്തരമില്ലാത്ത ചില ചോദ്യങ്ങളായി അങ്ങനെ അങ്ങനെ…
വീണ്ടും തളിർക്കില്ലിനിയുമെൻ മോഹങ്ങൾ..
#ഹണിമൂൺ
സലീന സർഫ്രാസ്
ഇരട്ടക്കുട്ടികളുടെ അമ്മ


2 Comments
നന്നായിട്ടുണ്ട്….. ഇഷ്ടം👍🌹
❤️