#പാട്ടുവന്നവഴി
കേരനിരകളാടും ഒരു ഹരിത ചാരു തീരം
പുഴയോരം കളമേളം കവിത പാടും തീരം
കായലലകൾ പുൽകും തണുവലിയുമീറൻ കാറ്റിൽ
ഇളഞാറിൻ ഇലയാടും കുളിരുലാവും നാട്….
കേരളപ്പിറവി ദിനത്തിൽ ഓർത്തും കേട്ടും പാടിയും ആടിയും മലയാളത്തെ ആഘോഷിക്കാൻ മറ്റൊരു പാട്ടും ഇപ്പറഞ്ഞ ഗാനത്തോളം മലയാളിക്ക് കൂട്ടു വരില്ല. 2004ൽ പുറത്തിറങ്ങിയ ജലോത്സവം എന്ന സിബി മലയിൽ ചിത്രം മലയാളത്തിന് സമ്മാനിച്ച ഗൃഹാതുരതയുടെ മണിച്ചെപ്പാണ് ഈ പാട്ട്. സിനിമയുടെ ഡിസ്കഷൻ തുടങ്ങുമ്പോൾ തന്നെ ഗാനരചന ബീയാർ പ്രസാദിന്റേതാവണമെന്ന് അനിയറക്കാർ തീരുമാനിച്ചു. അദ്ദേഹത്തോട് അത് പറയും മുമ്പേ പത്രക്കാർ അത് മണത്തറിയുകയും ചെയ്തു. പത്രത്തിൽ നിന്ന് ഈ വിവരമറിയുമ്പോൾ ബിയാറിന് കൗതുകമാണ് തോന്നിയത്. മണ്ടത്തരം എന്ന് മനസ്സിൽ കുറിക്കുകയും ചെയ്തു. എന്നാൽ സിബി മലയിൽ നേരിട്ട് വിളിക്കുമ്പോൾ ആണ് സംഗതി സത്യമാണെന്ന് അദ്ദേഹം മനസ്സിലാക്കുന്നത്. രണ്ടു കാര്യങ്ങളാണ് സംവിധായകനെ ബീയാറിലേയ്ക്ക് നയിച്ചത്.
1. കിളിച്ചുണ്ടൻ മാമ്പഴത്തിലെ അതിമനോഹരമായ ഗാനങ്ങൾ.
2. കുട്ടനാടിന്റെ മണ്ണ് അറിഞ്ഞു വളർന്ന തരളഹൃദയനായ എഴുത്തുകാരൻ.
സിബി മലയിൽ ബീയാറിനോട് പറഞ്ഞത് ഇത്രമാത്രം–കേരളത്തെ, പ്രത്യേകിച്ച് കുട്ടനാടിനെ പുറമേ നിന്നുള്ളവർക്ക് പരിചയപ്പെടുത്തുന്ന ഒരു ഗാനം..സിനിമയുടെ ടൈറ്റിൽ സോങ് ആണ്. നന്നായാലും ചീത്തയായാലും അത് ബീയാറിന്റെ ഉത്തരവാദിത്തം ആയിരിക്കും.
ആയിക്കോട്ടെ…. ബീയാർ പറഞ്ഞു. തന്റെ സിരകളിലെ ചൂടും ചൂരും കുട്ടനാടിന്റെതാണ്. ഭാഷയും സംഗീതവും കുട്ടനാട് പകർന്നതാണ്. തന്റെ ശ്വാസവായു പോലും കുട്ടനാടിന്റെ നറുമണം പേറുന്നതാണ്. വരികൾ താനേ ഒഴുകിവരും. അദ്ദേഹം എഴുതാൻ ഇരുന്നു. കുട്ടനാട് കളമൊഴിയായി അടുത്ത് കൂട്ടിരുന്നു. പിന്നെ സാഹിത്യം ഒഴുകി ഇറങ്ങുകയായിരുന്നു…. ‘കേരനിരകളാടും ഒരു ഹരിത ചാരു തീരം….’
വരികൾ എഴുതുമ്പോൾ പാരലൽ കോളേജിലെ തന്റെ അധ്യാപന കാലത്ത് എന്നും ഒരുങ്ങി സുന്ദരിയായി വന്നുകൊണ്ടിരുന്ന തന്റെ വിദ്യാർത്ഥിനിയെ അദ്ദേഹം ഓർത്തു. പക്ഷേ, പിന്നീട് അവളെ കാണുന്നത് പാടത്ത് കൊയ്ത്തിനു പോകുന്നവളായിട്ടാണ്! വളയില്ല,തളയില്ല… അങ്ങനെ അവൾക്ക് കൽപ്പിച്ചു കൊടുത്ത വളയും കൊലുസും ആണ് പാട്ടിൽ വന്ന ഞാറ്റോല പച്ച വളയും പൊന്നും ചെളി കൊലുസും! തെങ്ങിൻതോപ്പും പൊന്നാര്യൻ പാടവും വള്ളംകളി മേളവും എല്ലാം ചേർന്ന് എഴുതിത്തീരുമ്പോൾ ആ പാട്ട് കേരളത്തിന്റെ തന്നെ ഒരു ക്ലാസിക് ടൈറ്റിൽ സോങ്ങിന് കളമൊരുക്കുകയായിരുന്നു.
അൽഫോൻസ് ജോസഫ് ആണ് വരികൾക്ക് ഈണം ഒരുക്കിയത്. വെസ്റ്റേൺ മ്യൂസിക്കൽ കൊലകൊമ്പൻ ആയിരുന്ന അദ്ദേഹം പക്ഷേ, ഈ പാട്ടിന് ഈണം നൽകിയത് കർണാട്ടിക് സംഗീതത്തിലെ ‘സരസ്വതി’ രാഗത്തിലാണ്. കർണാടക സംഗീതത്തിൽ ഹൃദയഹാരിയായ ഒരു നാടൻപാട്ട്! സാക്ഷാൽ രവീന്ദ്രൻ മാഷ് അൽഫോൻസിനെ നേരിട്ട് വിളിച്ച് അപാരമായ ആ കോമ്പോസിഷനെക്കുറിച്ച് അവിശ്വസനീയതയോടെ അഭിനന്ദനങ്ങൾ അറിയിച്ചത്രേ. സ്വർണ്ണം രത്നത്തോട് ചേരുന്ന മാജിക്കാണ് വരികൾ ഈണവുമായി ഇഴുകിച്ചേർന്നപ്പോൾ ഉണ്ടായത്. ഭാവഗായകൻ പി ജയചന്ദ്രന്റെ ആലാപനവും കൂടിയായപ്പോൾ പറയണ്ട….ഒരു അലൗകിക സൗന്ദര്യം ജീവൻ കൊണ്ടു.
ഈ പാട്ടിനെപ്പറ്റി പറയാനുള്ള മറ്റൊരു കൗതുകകരമായ വസ്തുത, ഇതിന്റെ മുന്നണിയിലും പിന്നണിയിലും പ്രവർത്തിച്ച ഭൂരിഭാഗം പേരും ആലപ്പുഴക്കാരായിരുന്നു എന്നതാണ്. സിബി മലയിൽ, ബീയാർ പ്രസാദ്, കുഞ്ചാക്കോ ബോബൻ, നെടുമുടി, നവ്യ നായർ…. പിന്നെ കുട്ടനാടിന്റെ ഈണത്തെ നെഞ്ചേറ്റിയ ആലപ്പുഴക്കാരൻ അല്ലാത്ത അൽഫോൻസും.
ഏതായാലും കേരളത്തനിമയുടെ ഒരു സിഗ്നേച്ചർ സോങ് ആയി കേരനിരകളാടും എന്ന അതിമനോഹരമായ ഈ ഗാനം എന്നും നിലനിൽക്കും എന്നതിൽ തെല്ലും സംശയം വേണ്ട.


1 Comment
👌👌