കുഞ്ഞിമോൾ ഉറങ്ങിയപ്പോൾ ഊണ് കഴിച്ചു അടുക്കള ഒക്കെ ഒതുക്കി കുറച്ചു നേരം ടിവി കണ്ടുകളയാം എന്നു കരുതി ഹാളിൽ എത്തിയപ്പോഴായിരുന്നു മൊബൈൽ റിംഗ് ചെയ്യുന്നതു ശ്രദ്ധയിൽ പെട്ടത്. മോളെ ഉറക്കാൻ കൊണ്ടുപോവുമ്പോൾ ഫോൺ സൈലന്റിൽ ആക്കിയതായിരുന്നു.
ഫോണിൽ പത്മേടത്തിയുടെ നമ്പർ കണ്ടപ്പോൾ മനസ്സിൽ വല്ലാത്തോരു സന്തോഷം തോന്നി. നാട് വിട്ടു ഇവിടെ വന്നു താമസിക്കുന്നതിൽ ഇത്തിരി കുറ്റപ്പെടുത്തുമെങ്കിലും നാട്ടിൽ നടന്ന ഓരോ കാര്യങ്ങളും വള്ളിപുള്ളി തെറ്റാതെ പറഞ്ഞു തരും.
“എന്റെ ഉഷേ നിനക്കു ഇങ്ങോട്ട് വരണ്ട വിചാരമൊന്നും ഇല്ലേ. എത്രകാലയായി പോയിട്ട് ”
ഫോൺ എടുത്ത ഉടനെ ഉളള പരാതി കേട്ടപ്പോൾ മറുപടി പറഞ്ഞതു ചിരിച്ചു കൊണ്ടാണ്.
“ഇവിടെ ഇവർ രണ്ടു പേരും ഓഫീസിൽ പോവുന്നവരല്ലേ പത്മേടത്തി. ഒരു വയസ്സായ കുഞ്ഞി മോളെ ആരെയെങ്കിലും ഏൽപ്പിച്ചു വരാൻ പറ്റുമോ? ഡേകേറിൽ ആക്കാൻ ആണെങ്കിൽ രണ്ടാൾക്കും ഇഷ്ടക്കേടും. മൂന്നു വയസ്സ് വരെ എങ്കിലും അമ്മ നിൽക്കണം എന്നാ നന്ദു പറയുന്നത്. പിന്നെ പ്രനിതയുടെ വിട്ടിൽ നിന്നു വന്നു നിൽക്കാൻ അവൾക്കു അമ്മയും ഇല്ലല്ലോ.”
“അതല്ല ഉഷേ. നാട്ടിൽ നടക്കുന്ന കല്യാണങ്ങൾക്കും നമ്മുടെ തറവാട് അമ്പലത്തിലെ
തെയ്യത്തിനും ഒന്നും നീ ഉണ്ടാവുന്നില്ലല്ലോ? അതാ എനിക്കുള്ള സങ്കടം. നമ്മുടെ കിഴക്കെയിൽ ഉള്ള ബിന്ദുവിന്റെ മോളുടെ കല്യാണമായിരുന്നു കഴിഞ്ഞ ആഴ്ച. കല്യാണമെന്നു പറഞ്ഞാൽ നാട് മുഴുവൻ വിളിച്ചായിരുന്നു കല്യാണം. സ്വർണ്ണത്തിനു ഇത്ര വിലകുടിയിട്ടും ഇട്ടുമൂടാൻ സ്വർണ്ണം ഉണ്ടായിരുന്നു. പിന്നെ പുത്തൻ വീട്ടിലെ സാവിത്രിയുടെ മോൾ ലതയുടെ ഗൃഹപ്രവേശനം ആയിരുന്നു. നല്ല വീട് കേട്ടോ. സദ്യ ഒക്കെ കഴിഞ്ഞു മുത്തപ്പന്റെ കോലം കെട്ടി ആടി. അതിന്റെ ഐശ്വര്യം അവൾക്കു കാണാനും ഉണ്ട്. മോൾക്ക് പിറ്റേന്നു തന്നെ ബാംഗ്ലൂരിൽ ജോലി ശരിയായി. പിന്നെ കുന്നോത്തെ പത്മനാഭ കുറുപ്പ് മരിച്ചു ട്ടോ. കുറെ കാലായില്ലേ കിടക്കാൻ തുടങ്ങിട്ടു. നമ്മുടെ പാൽക്കാരി ചിന്നുമ്മു തളർവാതം വന്നു കിടപ്പിലായി പോയി.”
ചേച്ചി വിശേഷങ്ങൾ പറഞ്ഞു പറഞ്ഞു നേരം പോയത് അറിഞ്ഞില്ല.
പിന്നെ ഫോൺ വച്ചിട്ടും ഞാൻ ഓർത്തിരുന്നത് എന്റെ നാടിനെ കുറിച്ചു തന്നെയായിരുന്നു. മോനും ഭാര്യയും കുഞ്ഞിനേയുംകൊണ്ടു ജർമ്മനിയിലേക്ക് വരുമ്പോൾ കൂടെ വരാതെ വേറെ വഴി ഇല്ലായിരുന്നു. സത്യം പറഞ്ഞാൽ കുഞ്ഞിനെ ലാളിക്കാനും കൊഞ്ചിക്കാനും ഉള്ള കൊതി കൊണ്ടു ഒന്നിനെ കുറിച്ചും വേവലാതിപ്പെട്ടതും ഇല്ല.
പിന്നെ ക്രമേണ ഓണവും വിഷുവും നാട്ടിലെ ഉത്സവങ്ങളും മനസിലെ മധുരമുള്ള ഓർമ്മകളായി. തറവാട് മുറ്റത്തു എല്ലാവരും ചേർന്നു ഒരുക്കുന്ന പൂക്കളവും ഓണസദ്യയുടെ ബഹള ങ്ങളിൽ അലിഞ്ഞു പോവുന്ന അടുക്കളയും മനസ്സിൽ
മാത്രം തെളിഞ്ഞു. മാർച്ച് മാസം കത്തിനിൽക്കുന്ന ചുടിനെ വക വെക്കാതെ നീണ്ടു ഭാരമുള്ള തിരുമുടിയുമായി കാവ് ചുറ്റുന്ന ഭഗവതി ക്കോലം. ആ അരുളപ്പാടിന് കാതോർത്തു സങ്കടങ്ങൾ ഇറക്കിവയ്ക്കാൻ കാത്തുനിൽക്കുന്ന ഭക്തജനങ്ങളിൽ ഒരാളായിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. നാട്ടിലുള്ള ചന്തകളിലും സൂപ്പർ മാർക്കറ്റുകളിലും കയറിയിറങ്ങുന്ന സുഖമൊന്നും ഇവിടുത്തെ മാളുകളിൽ കിട്ടുന്നില്ലല്ലോ എന്നു ഇടക്ക് തോന്നും.
മാങ്ങക്കാലത്തു പഴുത്തു വീഴുന്ന മാങ്ങക്കായി കാത്തു നിൽക്കും. കൂടാതെ പറിച്ചു എടുത്ത മാങ്ങ വൈക്കോലിൽ വച്ചു പഴുപ്പിച്ചെടുത്തു കഴിക്കും. മാമ്പഴപുളിശ്ശേരിയും കടുമാങ്ങയും ഇന്ന് ഓർമ്മയിൽ മാത്രം. ചക്കപുഴുക്കും നല്ല മഞ്ഞനി റത്തിൽ തേൻവരിക്കയായിട്ടുള്ള ചക്കചുളകളും ഇന്ന് മനസ്സിലെ മോഹങ്ങൾ മാത്രമായിപ്പോയി.
കണ്ണന്റെ അമ്പലത്തിൽ ദീപാരാധന തൊഴാൻ കാത്തുനിൽക്കുന്ന നേരം. നട തുറന്നു ദീപപ്രഭയിൽ ചമയങ്ങൾ ചാർത്തിയ ആ വിഗ്രഹം തൊഴുതിട്ടും കാലങ്ങൾ ഏറെ ആയിരിക്കുന്നു. തൊഴുതു മടങ്ങുന്നവർ ക്ഷേത്രകുളത്തിന്റെ കൽപടവുകളിൽ ഇരുന്നുവീശിഎത്തുന്ന ഇളം കാറ്റേറ്റു വെറുതെ സംസാരിച്ചിരിക്കുന്ന സന്ധ്യാനേരങ്ങൾ. തിരുമേനി അപ്പോൾ തിടപ്പള്ളിയിൽ തയ്യാറാക്കുന്ന നെയ്പായസത്തിന്റെ മണമാവും ചുറ്റും.
പണ്ടു കുട്ടിയാവുമ്പോൾ ഈ നാട് വിട്ടു പുറത്തു പോയി താമസിക്കാൻ ഒക്കെ ആയിരുന്നു ആഗ്രഹം. ഒരു അധ്യാപകനായ കൃഷ്ണേട്ടൻ ഒപ്പം ജീവിതം തുടങ്ങിയപ്പോൾ നാടിനെ സ്നേഹിച്ചു തുടങ്ങി. പ്രകൃതിയെ ഇഷ്ടപെടുന്ന അദ്ദേഹത്തിന്റെ കൂടെ ആയപ്പോൾ നാട്ടിൻപുറം നന്മകളാൽ സമൃദ്ധം
എന്നും തോ ന്നിത്തുടങ്ങി.
നന്ദു എന്നും പറയും. ഇപ്പോൾ അച്ഛൻ ഇല്ലാത്ത സ്ഥിതിക്ക് അമ്മ ഒറ്റയ്ക്ക് നാട്ടിൽ കഴിയണ്ടേ ആവിശ്യമില്ല. ഇവിടെ ഞങ്ങളുടെ കൂടെ കഴിയാലോ. അമ്മ കൂടെ ഉള്ളതു ഞങ്ങൾക്ക് ഒരു ആശ്വാസവും ആണ്.
ഈ നഷ്ടങ്ങൾ എന്റേത് മാത്രമാണ്. ഇല്ലാതാവുന്നത് എന്റെ മാത്രം ഇഷ്ടങ്ങൾ ആണ്.
ഇനി ഒരു തിരിച്ചു പോക്ക് ഉണ്ടാവില്ല. എന്നാലും വെറുതെ ആഗ്രഹിക്കലോ. നാട്ടിലെ ഇളം കാറ്റു ഏറ്റു പുഴവക്കത്തു കൂടെ നടക്കാൻ, കൃഷ്ണന്റെ അമ്പലത്തിൽ ദീപാരാധക്കായി കാത്തു നിൽക്കാൻ മാമ്പഴപുളിശ്ശേരിയും കടുമാങ്ങയും കൂട്ടി ഊണ് കഴിക്കാൻ. ഭഗവതിയുടെ അരുളപ്പാടിനായി തൊഴുകയ്യോടെ നിൽക്കാൻ. ഒക്കെ വെറുതെ ആണെങ്കിലും വെറുതെ മോഹിക്കാൻ ഒരു മോഹം.
#എന്റെരചന
എന്റെ നാട്
Koottaksharangal


4 Comments
ഓർമ്മകൾ മനോഹരം 👌
മനോഹരം. ഹൃദ്യമായ ഓർമ്മകൾ.
മനോഹരമായി എഴുതി 👌
സ്വന്തം നാട് എന്നും നമുക്കൊരു കുളിരാണ്. പക്ഷേ പലപ്പോഴും നാടു പേക്ഷിക്കേണ്ടി വരുന്നു. വല്ലാത്ത ദുഃഖം തന്നെ