‘ഉച്ച വരെ ക്ലാസ്സ് ഉള്ളു അത് കഴിഞ്ഞു ഒരു കൂട്ടുകാരിയുടെ വീട്ടിൽ പോകും’ എന്ന് അമ്മയോട് പറഞ്ഞിട്ട്, ഉള്ളതിൽ ഏറ്റവും പുതിയ ഡ്രെസ്സ് ഒക്കെയിട്ടാണ് ഇറങ്ങിയത് എങ്കിലും പോകുമെന്ന് ഉറപ്പില്ല… കാരണം അവൾ എന്നെ വീട്ടിലേക്ക് ക്ഷണിച്ചിട്ടില്ല…
പരിചയപ്പെട്ട സമയത്ത്, അവളുടെ വീടിനടുത്ത് ഒരു താമര പൊയ്കയും അതിൽ ഭംഗിയുള്ള മീനുകളും ഉണ്ടെന്ന് പറഞ്ഞപ്പോൾ ഞാൻ ചോദിച്ചു ‘എന്നെ വീട്ടിൽ കൊണ്ടു പോകാമോ എന്ന്’, അവൾ സമ്മതിച്ചു.അന്ന് ഞങ്ങൾ പ്ലാൻ ചെയ്തതാണ് ഈ യാത്ര.
ഞങ്ങൾ എന്ന് പറഞ്ഞാൽ ഞങ്ങൾ 7 പെൺകുട്ടികൾ, പൊതുവിൽ നല്ല കൂട്ടുകാരാണ്.. അതിൽ അവളായിരുന്നു ഏറ്റവും അടുപ്പമുള്ള കൂട്ടുകാരി. പക്ഷെ ഇടയ്ക്കെപ്പോഴോ ഒരു അകൽച്ച തോന്നി തുടങ്ങി… അതെപ്പോഴാണ്?
അച്ഛന്റെ മരണം കഴിഞ്ഞ് ആഴ്ചകൾക്ക് ശേഷം ക്ലാസ്സിൽ വന്നപ്പോൾ, ആദ്യത്തെ ഒരു അടുപ്പം ഒന്നും അവളിൽ കണ്ടില്ല, കുറെ ദിവസം കാണാതിരുന്നതിന്റെ വിഷമം.. അങ്ങനെ ഒന്നും.. ഇല്ല… അവൾ നോക്കി ചിരിച്ചു, അത്ര തന്നെ. എന്റെ തൊട്ടടുത്തു ഉള്ള സീറ്റിൽ നിന്നും അവൾ അപ്പുറത്തേക്ക് മാറിയിരുന്നു. ക്ലാസിൽ എല്ലാവർക്കും ഒരു മാറ്റം ഉള്ളതുപോലെ തോന്നി. ഈ വർഷത്തെ സെലിബ്രേഷനും ഉല്ലാസ യാത്രകളും എല്ലാം ഞാൻ ഇല്ലാത്ത ആ ദിവസങ്ങളിലായിരുന്നു. അതിലേക്കായി ഞങ്ങൾ കുറെ പ്രോഗ്രാംസ് ഒക്കെ പ്ലാൻ ചെയ്തിരുന്നു, അതെല്ലാം എനിക്ക് നഷ്ടപ്പെട്ടു. അച്ഛനേക്കാൾ വലിയ നഷ്ടമായിരുന്നില്ല അതൊന്നുമെങ്കിലും.
പെട്ടെന്ന് അച്ഛൻ ഇല്ലാതായതിന്റെ വിഷമവും വീട്ടിലെ പ്രശ്നങ്ങളും എല്ലാം കാരണം ആകാം പരീക്ഷകളിലൊന്നും ആദ്യത്തെ പോലെ പെർഫോം ചെയ്യാൻ കഴിഞ്ഞിരുന്നില്ല. പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ ശ്രമിച്ചുക്കൊണ്ടേയിരുന്നു.
പഴയ പോലെ അവർക്കൊന്നും എന്നോട് അടുപ്പമില്ല, എന്ന തോന്നൽ ശക്തമായി കൊണ്ടിരുന്നു. ഞങ്ങൾ തമ്മിൽ സംസാരിക്കുന്നുണ്ട് എങ്കിലും. ഞാൻ ആകെ ഒതുങ്ങി പോയെന്ന് ടീച്ചർമാർ പറയുന്നത് കേട്ടിരുന്നു… ഇനി അത് കൊണ്ടാണോ.. എനിക്ക് ഒന്നും തിരിച്ചറിയാൻ പറ്റിയില്ല. അമ്മയുടെ മുഖം കാണുമ്പോൾ ഇതൊന്നും പറയാൻ തോന്നില്ല. അച്ഛൻ ഉണ്ടായിരുന്നെങ്കിൽ..
അങ്ങനെ വർഷം അവസാനിക്കാറായി.
കഴിഞ്ഞ ഏതോ ദിവസങ്ങളിൽ ആയിട്ടാണ് അവൾ മറ്റുള്ള 5 പേരെയും വീട്ടിലേക്ക് ക്ഷണിച്ചിട്ടുണ്ട് എന്നറിഞ്ഞത്. ഉച്ചയ്ക്ക് ശേഷം അവധി ആയതു കൊണ്ട് ഇന്നാണ് പോകുന്നത്. പക്ഷേ എന്നോട് ഒന്നും പറഞ്ഞിട്ടില്ല
അവൾ എന്നോട് പറയാൻ വിട്ടു പോയതായിരിക്കുമോ?
ഇനി പെട്ടെന്ന് എങ്ങാനും എന്നോട് വന്നു പറഞ്ഞാലോ?
അല്ലെങ്കിൽ പോകുന്ന സമയത്ത് വന്നു വിളിച്ചാലോ?
അതുകൊണ്ട് പെട്ടെന്ന് വിളിച്ചാൽ, പോകാൻ റെഡിയായിട്ട് തന്നെയാണ് വന്നിരിക്കുന്നത്.
ക്ലാസ്സിൽ എത്തിയപ്പോൾ കൂട്ടുകാരെല്ലാവരും എത്തിയിട്ടുണ്ട് അവർ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നതിന്റെ വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരിക്കുകയാണ്. കുറച്ചു കഴിഞ്ഞപ്പോൾ അവളും വന്നു. ഞാൻ ചിരിച്ചപ്പോൾ എന്നോട് ചിരിച്ചു, ഒന്നും പറഞ്ഞില്ല. എനിക്ക് ചെറുതായി സങ്കടം വന്നു. പോകുമ്പോൾ വിളിക്കും എന്ന് സമാധാനിച്ചു. ഇല്ലെന്ന് മനസ് പറഞ്ഞു.
ടീച്ചർ ക്ലാസിലേക്ക് വന്നു ക്ലാസെടുക്കാൻ തുടങ്ങി. ഉച്ചവരെ പോലും ക്ലാസ് ഉണ്ടായിരുന്നില്ല. അത് പെട്ടെന്ന് കഴിഞ്ഞു ടീച്ചർക്ക് കുറച്ച് പോഷൻസ് കമ്പ്ലീറ്റ് ചെയ്യാനുണ്ടായിരുന്നുള്ളൂ, അത് ടീച്ചർ പെട്ടെന്ന് ചെയ്തു തീർത്തു.
“എന്നാൽ വേഗം പോകാം “എന്ന് അവൾ മറ്റുള്ളവരോട് പറയുന്നത് കേട്ടു.
“നിങ്ങൾ വേഗം പോകുവാണോ” എന്ന് ഞാൻ അവളോട് ചോദിച്ചു.
‘അവൾ ആണെന്ന് പറഞ്ഞു’ ചിരിച്ചു. ഞാനും ചിരിച്ചു.
അവർ എല്ലാവരും പുറത്തേക്കിറങ്ങി. മറ്റുള്ള കുട്ടികളിൽ ചിലർ “എങ്ങോട്ടാണ് എല്ലാവരും കൂടി” എന്ന് ചോദിക്കുന്നുണ്ട്. അപ്പോൾ ഞങ്ങൾ ഇവളുടെ വീട്ടിലേക്കാണെന്നു അവർ പറയുന്നുണ്ട്.
ഞാൻ ക്ലാസ്സിൽ നിന്നും പതുക്കെ ഇറങ്ങി ഗേറ്റിനടുത്തു വന്നു നിന്നു. അവർ ആറുപേരും എന്റെ മുൻപിലൂടെ കടന്നു പോയി. അവൾ തിരിഞ്ഞു നോക്കിയപ്പോൾ എന്നെ കണ്ടു, ഒന്നു കൂടി ചിരിച്ചു. ഞാനും ചിരിയോടെ നോക്കി നിന്നു, അവർ അകലേക്ക് മറയും വരെ.
Koottaksharangal


6 Comments
നോവുണർത്തിയ കഥ.😰 പ്രതീക്ഷിക്കാത്ത അകൽച്ചയുടെ നൊമ്പരം നന്നായിയെഴുതി.
രചന 👍👏
ചിലരങ്ങനെയാണ്. മനസ്സിനെ കീറിമുറിച്ചു കൊണ്ട് ഒന്നും മിണ്ടാതെയങ്ങു പോകും അല്ലേ?
നന്നായിരിക്കുന്നു❤️👌🌷
Thank you
😂😂
Sorry.. comment maripoyathanu.. ethinu munnathe kadhakku ettatha😬😬
Its ok