ഒരുമിച്ചു മുന്നോട്ടു പോകാൻ പ്രത്യേകിച്ച് കാരണമൊന്നും ഇല്ലാത്തതുകൊണ്ട് തമ്മിൽ പിരിയാം എന്ന തീരുമാനത്തിലേക്ക് അവർ രണ്ടുപേരും എത്തിയ ആ രാത്രിയിലാണ് അവരുടെ എട്ടു വയസ്സുള്ള മകനെ അവർക്ക് നഷ്ടപ്പെട്ടത്. അച്ഛന്റെയും അമ്മയുടെയും ഒപ്പം മാറി മാറി താമസിക്കാം എന്നുള്ള അവരുടെ വാഗ്ദാനങ്ങൾ തള്ളിക്കളഞ്ഞുകൊണ്ട് അവൻ ഒറ്റയ്ക് മറ്റൊരു ലോകത്തേക്ക് യാത്രയായി.
മകന്റെ മരണത്തെ തുടർന്ന് മനോനില വീണ്ടെടുക്കാൻ ആകാതെ ജീവിക്കുന്ന ഭാര്യയെ പറഞ്ഞു മനസ്സിലാക്കാനോ, ആശ്വസിപ്പിക്കാനോ സാധിക്കാതെ അയാൾ കുഴഞ്ഞു. പ്രണയ വിവാഹത്തോടെ അകൽച്ചയിലായ രണ്ടു വീട്ടുകാരുടെയും ആശ്വാസ വാക്കുകളോ സഹായങ്ങളോ അയാൾക്ക് ലഭിച്ചില്ല. കുറച്ചു സുഹൃത്തുക്കൾ മാത്രം അയാൾക്ക് സഹായ ഹസ്തങ്ങളേകി.
ഒടുവിൽ തന്റെ ഭാര്യയെ തിരിച്ചു വേണമെന്ന് അയാൾക്ക് തോന്നി. നല്ല ചികിത്സയും അയാളുടെ പ്രാർത്ഥനയും അവരെ പതുക്കെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടു വന്നു. ഒരേറ്റു പറച്ചിലോ, ക്ഷമാപണമോ ഇല്ലാതെ തന്നെ അവർ ഒരുമിച്ചു ജീവിക്കാൻ തുടങ്ങി. ആ ജീവിതത്തിൽ അവർക്ക് പരാതികളോ പരിഭവമോ ഇല്ലായിരുന്നു എന്തെന്നാൽ അവർക്ക് രണ്ടുപേർക്കും മുൻപോട്ടു ജീവിക്കാൻ ഒരു കാരണം വേണമായിരുന്നു..

