മാനവീകതയുടെ മണിമുഴങ്ങുന്ന ആരാധനാലയങ്ങൾ / മതമൈത്രിയും വര്‍ണവൈവിധ്യങ്ങളും പൂത്ത് നില്‍ക്കുന്ന കടലോരങ്ങൾ / സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും സംഗമഗേഹങ്ങള്‍ / കലകളുടെയും സംസ്കാരങ്ങളുടെയും ചിലമ്പൊലികള്‍ / ചരിത്രങ്ങളും വിഭവസമൃതിയും വേണ്ടുവോളം ഉള്ള പവിത്രമായ ഭൂപ്രദേശമാണ് ചാവക്കാട്.
അറബിക്കടലും കനോലികനാലും കേരത്തോപ്പുകളും കമനീയമാക്കുന്ന ഈ ദേശത്താണ് ഹൈന്ദവ വിശ്വാസികളുടെ പ്രധാന തീർത്ഥാടന കേന്ദ്രമായ ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രവും ഇന്ത്യയിലെ ആദ്യ ക്രൈസ്തവ ദേവാലയങ്ങളിലൊന്നായ പാലയൂർ പള്ളിയും എട്ടാം നൂറ്റാണ്ടിൽ സ്ഥാപിക്കപ്പെട്ട് പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ പ്രസിദ്ധിയാർജിച്ച മണത്തല ജുമഅ മസ്ജിദ് എന്നിവയെല്ലാം സ്ഥിതി ചെയ്യുന്നത്.
പ്രാചീന കാലം തൊട്ട് പ്രസിദ്ധമായ ഒരു വാണിജ്യ വ്യാപാര കേന്ദ്രമായിരുന്ന ഈ ദേശത്തിന്റെ ജീവവായു ജലഗതാഗതമായിരുന്നു. അന്ന് ചാവക്കാടിന്റെ പ്രതാപമായിരുന്നു വഞ്ചിക്കടവും അരിയങ്ങാടിയും. 45 വർഷം മുമ്പ് വരെ മധ്യകേരളത്തിന്റെ പ്രധാന വാണിജ്ജ്യകേന്ദ്രമായിരുന്നു വഞ്ചിക്കടവ്. ഇവിടെ കൊച്ചി, മട്ടാഞ്ചേരി, മാഞ്ഞാലി, കണക്കൻകടവ്, പൊന്നാനി ഭാഗങ്ങളിൽ നിന്നെല്ലാം കമ്പനി വഞ്ചികൾ എന്നറിയപ്പെട്ടിരുന്ന കെട്ടുവള്ളങ്ങളിൽ നിറയെ ചരക്കുകൾ എത്തിയിരുന്നു. മുള, കവുങ്ങ്, കെട്ടിടനിർമ്മാണ വസ്തുക്കൾ, ഭക്ഷ്യവസ്തുക്കൾ, ചട്ടി, കലം തുടങ്ങി എല്ലാമെല്ലാം വഞ്ചിക്കടവ് വഴിയായിരുന്നു ഇറക്കുമതി. കയർ നിർമ്മാണ യൂണിറ്റുകൾ സജീവമായിരുന്ന ആ കാലഘട്ടത്തിൽ ഇത്തരം വഞ്ചികളിലാണ് ഇവ കയറ്റി വിടുന്നത്. കാളവണ്ടികളിൽ ചരക്ക് കയറ്റികൊണ്ടുപോകുന്നതും കമ്പനി വഞ്ചികളിൽ ചരക്ക് അയക്കുന്നതുമെല്ലാം ഇന്നും പഴമക്കാരുടെ മനസ്സിൽ നിറം മങ്ങാത്ത ഓർമ്മകളാണ്.
നൂറ്റാണ്ടുകൾക്കു മുമ്പ് പുന്നത്തൂർ സ്വരൂപത്തിന്റെ അധീനതയിലായിരുന്ന ചാവക്കാട് ദേശം 1717 ൽ ഡച്ചുകാർ കീഴ്‌പ്പെടുത്തി. പിന്നീട് 1776 ൽ മൈസൂരിനു കീഴിലായി. ബ്രിട്ടീഷ് അധിനിവേശത്തോടെ 1789 ൽ മദ്രാസ് പ്രവിശ്യയായ മലബാറിന്റെ ഭാഗമായി. ഐക്യകേരളം രൂപപ്പെടുന്നതിനു മുമ്പ് മദ്രാസ് സംസ്ഥാനത്തിലെ മലബാർ ജില്ലയിൽപ്പെട്ട പൊന്നാനി താലൂക്കിലായിരുന്നു ചാവക്കാട്. എന്നാൽ അന്ന് തൃശൂർ ജില്ലയിലെ ഇതര താലൂക്കുകളെല്ലാം കൊച്ചിയുടെ ഭാഗമായിരുന്നു.
നിരവധി ചരിത്ര ശേഷിപ്പുകളുടെ സൂക്ഷിപ്പു കേന്ദ്രമാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള ചാവക്കാട് താലൂക്ക് ഓഫീസ്. രാജ്യത്ത് ആദ്യമായി നികുതി നിഷേധിച്ച് ബ്രിട്ടീഷധിനിവേശത്തിനെതിരെ പ്രതിഷേധ ജ്വാലയുയർത്തിയ വെളിയങ്കോട് ഉമർ ഖാളിയെ തുറങ്കിലടച്ചതും അദ്ദേഹം അത്ഭുതകരമായി അപ്രത്യക്ഷനായതും ഈ കെട്ടിടത്തിൽ വെച്ചായിരുന്നു. ആദ്യത്തെ കുടിയേറ്റക്കാരായ ജൂതന്മാർ, ചേറ്റുവ ഉൾപ്പെടെയുള്ള കൊച്ചി രാജ്യത്ത് ആധിപത്യം സ്ഥാപിച്ച ഡച്ചുകാർ, ഒന്നാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത തദ്ദേശീയരെയും അക്കാലത്തെ ബ്രിട്ടീഷ് രാജാവ് ജോർജ് അഞ്ചാമനെയും അനുസ്മരിപ്പിക്കുന്ന ചിത്രങ്ങളും ശിലാഫലകങ്ങളും ഈ കെട്ടിടത്തിൽ മുദ്രണം ചെയ്യപ്പെട്ടിട്ടുണ്ട്.
കൂടാതെ ഗൾഫ് സമ്പത്ത് മുഖ്യവരുമാനമായ ചാവക്കാട്, അന്നൊക്കെ മിനി ഗൾഫ് എന്നും അറിയപ്പെട്ടിരുന്നു. ഗൾഫിലേക്ക് ചേക്കേറുന്നതിനു മുമ്പ് മത്സ്യബന്ധനവും ബീഡി തെറുപ്പുമായിരുന്നു ചാവക്കാട്ടുകാരുടെ പ്രധാന വരുമാനമാർഗം.
-ശുഭം-

