“തൽക്കാലം വിട”
കഥാകൃത്ത് ചിന്താ നിമഗ്നനായിരുന്നു. നേരത്തേയെണീറ്റ് എഫ് ബി തുറന്നെങ്കിലും കാര്യമായ പ്രതികരണം കിട്ടാതെ അനാഥമായിക്കിടക്കുന്ന തന്റെ സൃഷ്ടികൾ, തന്നെ നിരാശയുടെ കയത്തിലേക്കാണ് തള്ളിയിടുന്നത്.
എന്തുകൊണ്ട് ഈ ലൈക്കില്ലാ പ്രതിഭാസം തനിക്കു മാത്രം സംഭവിക്കുന്നത് എന്നത് എത്ര ചിന്തിച്ചിട്ടും കഥാകൃത്തിന് മനസ്സിലാകുന്നില്ല.
തൻ്റെ രചനകൾക്കൊപ്പമെത്താത്ത പല സൃഷ്ടികൾക്കും വിജയത്തിന് മേൽ വിജയം ലഭിക്കുമ്പോൾ താൻ മാത്രം ആകാശത്ത് നിലാവ് നോക്കി നടക്കുന്നു.
‘ഹൊ! ചിന്തിച്ചിരിക്കാൻ സമയമില്ല. ലൈക്ക് കിട്ടാത്തത് ഒരു കുറവായി ഗ്രൂപ്പംഗങ്ങൾ അറിയാതിരിക്കാൻ അടുത്തത് ഉടൻ പോസ്റ്റുക തന്നെ.
പക്ഷേ, എന്തെഴുതും?.
തൻ്റെ അവസാനത്തെ പോസ്റ്റ് തന്നെ ചെറിയൊരു മോഷണമാണല്ലൊ?.
ആശയ ദാരിദ്ര്യം തന്നെ വല്ലാതെ പിടികൂടിയിരിക്കുന്നു.
അംഗീകരിക്കാൻ കഴിയില്ല, തന്നിൽ ഒന്നും ഇല്ലാ എന്നത് തനിക്കംഗീകരിക്കാൻ കഴിയില്ല.
കഥാകൃത്ത് ചാടിയെണീറ്റു. വീട്ടിൽ നിന്നും പുറത്തിറങ്ങി നേരെ അങ്ങാടി ലക്ഷ്യമാക്കി നടന്നു. എന്തെങ്കിലും തുമ്പ് കിട്ടാതിരിക്കില്ല.
കുറച്ച് ദൂരം ചെന്നപ്പോഴാണ് മാസ്ക്ക് എടുത്തിട്ടില്ലാ എന്ന ഓർമ്മ വന്നത്. കൊറോണക്കാലമാണെല്ലൊ
പോലീസിൻ്റെ അടിയും പിന്നെ ഫൈനും ആകെ നാണക്കേടാകും.
കഥാകൃത്ത് വീട്ടിലേക്ക് തന്നെ തിരിച്ചു. കഥാകൃത്തിൻ്റെ പെട്ടെന്നുള്ള തിരിച്ചിൽ കണ്ടപ്പൊ അയൽവാസി രമേശൻ്റെ ഉള്ളിലൊരു ചിരി പൊട്ടി. കഥാകൃത്തിന് ചില നേരത്തൊരു മന്ദപ്പാണ്.
എന്ന് ചിന്തിച്ചിട്ടേയുള്ളു, കഥാകൃത്ത് അതാ ഇങ്ങോട്ട് വരുന്നു.
“ഈശ്വരാ കുടുങ്ങിയോ”
രമേശൻ ഗൾഫിൽ നിന്ന് വന്നിട്ട് ഒരാഴ്ചയായിട്ടേയുള്ളു.
ക്വാറണ്ടൈൻ കഴിഞ്ഞ് ഭാര്യയുമൊന്നിച്ച് ഒന്ന് പുറത്തിറങ്ങണമെന്ന് വിചാരിച്ച്, അതിനു വേണ്ടി ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.
കഥാകൃത്ത് വന്നു കഴിഞ്ഞാൽ പിന്നെ എണീറ്റു പോകാൻ വലിയ പ്രയാസമാണ്.
അയൽവാസിയും അച്ഛൻ്റെ സ്നേഹിതനും ഒക്കെ ആയതിനാൽ അൽപം ആദരിക്കേണ്ടതായുണ്ട്.
“വരൂ ഇരിക്കൂ. ഞാനങ്ങോട്ട് വരാനിരിക്കുകയായിരുന്നു”.
ഹൊ! സമാധാനമായി. അവൻ ഇരിക്കാൻ പറഞ്ഞിരിക്കുന്നു. ഗൾഫിലെ കഥകൾ എന്തെങ്കിലും അവൻ പറയാതിരിക്കില്ല.
കഥാകൃത്ത് ചിന്തിച്ചു കൊണ്ടിരിക്കെ അകത്തേക്ക് പോയ രമേശൻ ഒരു കെട്ട് പുസ്തകവുമായി വന്നു.
“ഇതിവിടെയിരുന്നു ജീർണ്ണിച്ചു പോവുകയാണ്. നിങ്ങളാണെങ്കി ഇതിൻ്റെയൊരാളുമാണ്”.
പുസ്തകക്കെട്ട് കഥാകൃത്തിൻ്റെ മുന്നിൽ വച്ചു കൊണ്ട് രമേശൻ പറഞ്ഞു.
പുസ്തകക്കെട്ട് കണ്ട കഥാകൃത്തിൻ്റെ കണ്ണു തള്ളി.
ആർത്തിയോട് കൂടി അതിൻ്റെ പുറംചട്ടകളിൽ കഥാകൃത്ത് പരതി. ഇല്ല, വായിച്ചിട്ടില്ല.
പിന്നെ ഒരു നിമിഷം പോലും കഥാകൃത്ത് അവിടെ നിന്നില്ല.
പുസ്തകക്കെട്ടുമെടുത്ത് വീട്ടിലേക്കോടി.
ഫോണെടുത്തു. പുസ്തകങ്ങളുടെ ഫോട്ടോ എടുത്തു.
എഫ് ബി തുറന്നു, പോസ്റ്റിട്ടു.
” തൽക്കാലം വിട, വായിച്ചു തീരും വരെ”
അന്നാദ്യമായി കഥാകൃത്തിൻ്റെ പോസ്റ്റിൽ ലൈക്കും കമൻ്റും ആശംസകളും കൊണ്ട് നിറഞ്ഞു.
ഹുസൈൻ എം കെ
Koottaksharangal


1 Comment
മനോഹരം. രസകരം..