പ്രിയ കൂട്ടുകാരാ,
” പ്രിയതമാ… പ്രിയതമാ… പ്രണയലേഖനമെങ്ങനെയെഴുതണം” ഇങ്ങനെ തുടങ്ങിയാലോ എന്നു ചിന്തിച്ചതാണ്. പക്ഷേ ഞാനിപ്പോഴും ആ പഴഞ്ചൻ സ്വഭാവത്തിൽത്തന്നെ ഉറച്ചുനിൽക്കുകയാണെന്ന് നീ കരുതിയാലോ… അതെനിക്കു ക്ഷീണമാവില്ലേ?
എഴുതാനൊരുങ്ങിത്തുടങ്ങിയിട്ട് കുറെ ദിവസങ്ങളായി. ഇന്ന് എല്ലാത്തിരക്കുകളും മാറ്റി വെച്ച് നിനക്കേറ്റവുമിഷ്ടപ്പെട്ട ആ നീല ലെറ്റർ പാഡുമായി ഇരിക്കാൻ തുടങ്ങിയിട്ട് സമയമേറെ കഴിഞ്ഞിരിക്കുന്നു.
കഴിഞ്ഞ മാസം ഞാൻ നാട്ടിൽ പോയിരുന്നു. പോകുന്ന കാര്യം പറയുമ്പോഴൊക്കെ “അവിടെയാരെ കാണാനാണ്?” എന്ന ചോദ്യത്തിൽ എല്ലാ ആഗ്രഹങ്ങളും ചുരുട്ടിക്കൂട്ടിക്കളയുകയാണു പതിവ്. എന്നാൽ ഓർമ്മകൾ തിക്കിത്തിരക്കി മനസ്സിൻ്റെ വിങ്ങൽ സഹിക്കാൻ പറ്റാതായപ്പോൾ മോനേയും കൂട്ടി ഞാനങ്ങു പോയി.
“നിനക്കു തനിയെ പോയാലെന്താ ” എന്നാവും നീ ചിന്തിക്കുന്നത്. ഡ്രൈവിംഗ് പോയിട്ട് സൈക്കിൾ പഠിക്കാൻ പോലും എന്നേക്കൊണ്ടാവില്ലെന്ന് നിനക്കറിയില്ലേ? ഞാനിപ്പോഴും ആ പഴയ പേടിത്തൊണ്ടി തന്നെ. പണ്ട് നീ സൈക്കിളുമായി പുറകെ വന്നപ്പോൾ ഞാൻ വീണ് മുട്ടുപൊട്ടിയതും നീ കമ്യൂണിസ്റ്റ് പച്ച പിഴിഞ്ഞ് മുറിവിലിറ്റിച്ചു തന്നതും ഓർമ്മയില്ലേ?
നമ്മൾ പണ്ടു നടന്ന ഇടവഴികളൊന്നും ഇന്നവിടെയില്ല. അതെല്ലാം ഇൻ്റർലോക്കിട്ട റോഡുകളായി. തേവരുടെ നടയിൽ നിന്നു കണ്ണടച്ചു കൈകൂപ്പിയപ്പോൾ പെട്ടെന്ന് മണിയടിച്ചു. ഞെട്ടി കണ്ണു തുറന്നു. പണ്ട് നീ ഇതുപോലെ ഓടി വന്നു മണിയടിച്ചു ഞെട്ടിക്കുന്നതെല്ലാം മനസ്സിലേക്ക് ഓടി വന്നു. പാടവരമ്പിലൂടെ ഒന്നു നടക്കണമെന്നുണ്ടായിരുന്നു.
“വീതികുറഞ്ഞ വരമ്പിലൂടെ സർക്കസ് കളിച്ചു നടക്കാൻ അമ്മ കൊച്ചുകുട്ടിയൊന്നുമല്ല” എന്ന് മോൻ പറഞ്ഞപ്പോൾ ഞാനതു വേണ്ടെന്നു വെച്ചു. എന്നാലും പാടത്തിൻ്റെ കരയിൽപ്പോയി താമരപ്പൂക്കളെ നോക്കി കുറെ നേരം നിന്നു. പണ്ട് താമരപ്പൂ പിച്ചാനിറങ്ങിയപ്പോഴല്ലേ നീർക്കോലിയെക്കണ്ടു പേടിച്ച് ഞാൻ വെള്ളത്തിൽ വീണത്. നീയതു കണ്ടു കൈ കൊട്ടിച്ചിരിച്ചതിന് രണ്ടു ദിവസം ഞാൻ പിണങ്ങി നടന്നതും പിന്നെ നാരങ്ങാ മുട്ടായി തന്ന് നീയെൻ്റെ പിണക്കം മാറ്റിയതും ഇന്നലെയെന്നപോലെ മനസ്സിൽ തെളിയുന്നു.
സ്ക്കൂൾ വിട്ടതോടെ നിന്നെ കാണുന്നതു തന്നെ വല്ലപ്പോഴുമായി. ഇടയ്ക്കൊക്കെ കാണുമ്പോൾ ഒരു ചിരിയിൽ “എന്തുണ്ടു വിശേഷം” എന്നു ചോദിച്ച് നീ നടന്നു പോയി. ഒന്നും പറയാതെ ഞാനും. ഒരിക്കലും നമ്മൾ മനസ്സു തുറന്നില്ല. പ്രണയത്തിൻ്റെ ഒറ്റപ്പെട്ട തുരുത്തുകളിൽ പെട്ടുപോയവരായിരുന്നു നീയും ഞാനും. ഡിഗ്രി കഴിഞ്ഞ് ജോലി തേടി നീ പോയി. ഒരു യാത്ര പോലും പറയാതെ എവിടേക്കാണു നീ പോയത് ? നിൻ്റെ കത്തോ ഫോണോ പ്രതീക്ഷിച്ച് ഞാൻ കാത്തിരുന്നത് നീയൊരിക്കലും അറിയാഞ്ഞതാണോ?
മറ്റൊരു ജീവിതത്തിലേക്കു പറിച്ചു നടപ്പെട്ട ഞാൻ തിരക്കുകളിൽ മുങ്ങിപ്പൊങ്ങിയപ്പോഴും നിൻ്റെ മുഖം സ്വപ്നങ്ങളിലെങ്കിലും എന്നെത്തേടിയെത്തിയിരുന്നു. നീ അമ്മയെകൂട്ടിക്കൊണ്ടുപോയെന്നും ഡൽഹിയിലാണെന്നും, ഞാൻ ഒരിക്കൽ നാട്ടിൽ വന്നപ്പോൾ സുധയാണു പറഞ്ഞത്. സുധയെ നീ മറന്നുപോയോ? പ്രേമം ജ്വലിക്കുന്ന കണ്ണുകളുമായി എപ്പോഴും നിന്നെ നോക്കിയിരുന്ന സുധ. അതു കൊണ്ടുതന്നെ അന്നെനിക്കവളോടു ദേഷ്യമായിരുന്നു. നിന്നെ സ്നേഹിക്കാനുള്ള അവകാശം ഞാനാർക്കും വിട്ടു കൊടുത്തിരുന്നില്ലല്ലോ.
നിന്നെ ഞാനെവിടെയാണു തിരയേണ്ടത്? ഫേസ്ബുക്കിലോ ഇൻസ്റ്റാഗ്രാമിലോ ഒന്നും നീ വരില്ലെന്നെനിക്കറിയാം. എവിടെപ്പോയൊളിച്ചാലും എനിക്കു നിന്നെ ഓർമ്മിക്കാതിരിക്കാനാവുമോ?
നാട്ടിൽ പോയപ്പോൾ ഞാൻ നിൻ്റെ വീടിനടുത്തു പോയി. ഭിത്തിയിലൊക്കെ പൂപ്പൽ പിടിച്ച് തകർന്നു വീഴാറായ വീട് നിൻ്റെ ജീവിതത്തെത്തന്നെയാണോ കാട്ടിത്തരുന്നത് എന്നോർത്ത് എൻ്റെ കണ്ണുകൾ നിറഞ്ഞു. തൊടിയാകെ കാടുപിടിച്ചു കിടക്കുന്നു. നീയെനിക്കു പൂവ് കൊണ്ടുത്തന്നിരുന്ന പനിനീർ റോസ് അവിടെത്തന്നെയുണ്ട്, പിന്നെയാ നാട്ടുമാവും. മാങ്ങാക്കാലമായിരുന്നെങ്കിൽ ഞാനാ കാട്ടിൽക്കയറി മാങ്ങ പെറുക്കിയേനേ.
“തൊട്ടാൽ വാടുന്ന നിൻ്റെ മുഖം മറക്കാനാവില്ല” എന്ന് മനോഹരമായ കൈപ്പടയിൽ നീയെഴുതിയ ആ കാർഡ് ഞാനിന്നും നിധിപോലെ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ഇനിയൊരു ജന്മമുണ്ടെങ്കിൽ… വേണ്ട അതൊക്കെ കവിഭാവനകളാണ്. നമുക്കീയൊരു ജന്മം മതി. പറയാൻ മറന്നുപോയൊരീ പ്രണയം പാൽ നിലാവു പോലെന്നെ കുളിരുകോരിക്കുന്നു. എന്നെങ്കിലും നിനക്കയച്ചു തരാൻ പറ്റുന്നതുവരെ ഈ പ്രണയലേഖനവും ഞാനെൻ്റെ ഹൃദയത്തിൻ്റെ കോണിൽ ഒളിപ്പിച്ചു വെയ്ക്കും.
എന്ന്,
നിൻ്റെ തൊട്ടാവാടി
#എൻ്റെരചന
#കൂട്ടക്ഷരങ്ങൾ
Koottaksharangal


4 Comments
മനോഹരം
Thanks dear ❤️
നന്നായെഴുതി👍🌹
നന്ദി, സ്നേഹം❤️