നീ ഇപ്പോൾ എവിടെയാണ്? തീരങ്ങളെ വെള്ളിപാദസരങ്ങൾ അണിയിക്കാൻ ഉത്സാഹത്തോടെ ഓടിയെത്തുന്നതിരമാലകൾ. കടലിന്റെ നീലിമയാർന്ന അഗാധതയിൽ ലയിച്ചിരിക്കുമ്പോൾ ഉള്ളിൽ എവിടെയോ നഷ്ടപ്രണയത്തിന്റെ ഓർമ്മകൾ നിറയുന്നു.
നിന്റെകാലൊച്ചകൾക്കായി ഞാൻ കാതോർത്തു നിൽക്കാൻ തുടങ്ങിയത് എപ്പോഴായിരുന്നു എന്നു കൃത്യമായി ഓർക്കുന്നില്ല. എന്നാലും കണ്ണനും രാധയും പോലെ ഉമയും മഹേശ്വരനും പോലെ ശ്രീരാമനും സിതയും പോലെ എന്റെ പേരിന്റെ കൂടെ നിന്റെ പേരും ചേർത്തു കാണാനായിരുന്നു ഞാൻ കൊതിച്ചത്.
നിലാവ് തെളിയുന്ന രാവുകളിൽ എന്റെ ജാലകവാതിലിലൂടെ ഞാൻ നിന്നെ കാത്തു നിൽക്കാറുണ്ടായിരുന്നു എനിക്കു നീ അജ്ഞാതനായിരുന്നു. അതു കൊണ്ട് തന്നെ എന്റെ സങ്കല്പത്തിൽ ഞാൻ നിനക്കെകിയ രൂപവും ഭാവവും എന്റെ ഭാവനയിൽ മെനഞ്ഞു എടുത്തതാണ്. അമ്പാടിയിൽ നിന്നു അകന്നുപോവുന്ന അക്രൂരന്റെ തേരിൽ നീ പുഞ്ചിരിയോടെ ഇരിക്കുമ്പോൾ നിന്നെ പിന്തുടരുന്ന അനേകം ഗോപിമാരിൽ ഒരുവൾ മാത്രമായിരിക്കും ഞാൻ നിനക്ക്. പക്ഷേ എന്റെ ഹൃദയം മിടിക്കുന്നതും ഇമകൾ ഇളക്കുന്നതും നിന്നെ കാണാൻ വേണ്ടി മാത്രമാണ്. ഞാൻ സ്വയം രാധയായി മാറുമ്പോൾ നീ കൃഷ്ണനായി എന്റെ അരികിലേക്ക് എത്തുന്നു.
നിന്റമൗനം എന്നിൽ വാക്കുകളായ് നിറയുന്നു. വിരഹത്താൽ അതു ചില നേരങ്ങളിൽ ആർത്തലച്ചു എത്തുന്ന തിരകളാവുന്നു. നിന്റെ ഒരു ആലിംഗനത്തിന് കൊതിച്ചു എന്റെ പ്രണയം ചന്ദന ഗന്ധം പരത്തുന്ന ഒരു പൂവായി മാറുന്നു. നീ പക്ഷേ ഇതൊന്നും അറിയില്ലല്ലോ.
നീന്നെ കാണാൻ കൊതിക്കാത്ത ഒരു നിമിഷം പോലും എന്റെ ജീവിതത്തിൽ ഇല്ല. നിന്റെ പദനിസ്വനത്തിനായി കാത്തിരിക്കുന്ന വേളകളിൽ മിഴികളിൽ പ്രണയം നിറയുന്നു.
എന്റെ മോഹങ്ങൾ മഴനുല് കൊണ്ടു കോർത്തു അതു ഒരു മാല്യമാക്കി നിനക്കേകാൻ മനസ്സ് സ്പന്ദിക്കുന്നത് നീ എന്തേ അറിയാതെ പോയി?
രാധയുടെ പ്രണയത്തിൽ കൃഷ്ണൻ അലിഞ്ഞു ചേർന്നത് പോലെ പാർവതിയുടെ പ്രേമത്തിൽ ശിവൻ ലയിച്ചതു പോലെ ഒരു മധുമൊഴിയായ് ഒരു കുളിർ കാറ്റായി രാവിൽ പരക്കുന്ന ചന്ദ്രികയായി എന്റെ സ്വപ്നങ്ങളിൽ ഒരു പ്രണയമായി നീ ഉണ്ടെന്നു എന്തേ നീ അറിയുന്നില്ല പ്രിയനേ.
#എന്റെരചന
പ്രണയലേഖനം
Koottaksharangal

